Thursday, May 26, 2011

തദ്ദേശവകുപ്പ് വെട്ടിമുറിക്കല്‍

ഒറ്റവകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പഞ്ചായത്തുകളെയും നഗരസഭകളെയും ഒരുതരത്തിലുള്ള ചര്‍ച്ചയും നടത്താതെ വെട്ടിമുറിച്ചത് അത്ഭുതകരംതന്നെയാണ്. ഭരണമുന്നണിയിലെ ഒരു കക്ഷി കുറെ വകുപ്പുകള്‍ വിലപേശി വാങ്ങുകയും തന്നിഷ്ടംപോലെ അവ മുറിച്ച് വീതംവയ്ക്കുകയും ചെയ്യുകയാണ്. ഭരണസൗകര്യം, ഔചിത്യം, ഫണ്ട് വിനിയോഗത്തിലെ പ്രശ്നങ്ങള്‍ , ജീവനക്കാരുടെ വിന്യാസം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പരിഗണിക്കേണ്ടിടത്ത് അതെല്ലാം അവഗണിച്ച് ഗൂഢലക്ഷ്യങ്ങള്‍ മാത്രമാകുന്നു പരിഗണനാവിഷയം. എന്തിന് തദ്ദേശ സ്വയംഭരണ വകുപ്പിനെ മൂന്നാക്കി വെട്ടിമുറിച്ചു എന്നതിന് ന്യായീകരണം പറയുന്നതിനുപകരം അങ്ങനെ വെട്ടിമുറിച്ചതിന്റെ കുറവുതീര്‍ക്കാന്‍ പ്രത്യേക മന്ത്രിസഭാ സമിതിയുണ്ടാക്കും എന്ന് വിശദീകരിച്ച് ഉരുണ്ടുകളിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

മന്ത്രിസഭയെ താങ്ങിനിര്‍ത്തുന്ന പാര്‍ടിയുടെ നേതാവെന്ന നിലയില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈപ്പിടിയിലൊതുക്കിയ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ കൈയിലാണിപ്പോള്‍ മുനിസിപ്പല്‍ -കോര്‍പറേഷന്‍ ഭരണവും. ലീഗിലെതന്നെ മറ്റൊരു മന്ത്രിയായ എം കെ മുനീറിന്റെ ചിറകരിയാനാണ് വകുപ്പുകള്‍ ഇങ്ങനെ ഏറ്റെടുത്തതെന്നും അതല്ല, നഗരഭരണവുമായി ബന്ധപ്പെട്ട മറ്റുചില സാധ്യതകളും ഉയര്‍ന്നതോതിലുള്ള ഫണ്ടുമാണ് ഇതിനുപിന്നിലെന്നുമുള്ള വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. സുപ്രധാനമായ വ്യവസായം, ഐടി വകുപ്പുകള്‍ കുഞ്ഞാലിക്കുട്ടിയുടെ കൈയിലാണ്. അങ്ങനെ ഏറെ ജോലിഭാരമുള്ള ഒരാള്‍ നഗരവികസന വകുപ്പുകൂടി ഏറ്റെടുക്കുന്നത് യുഡിഎഫ് മന്ത്രിസഭയില്‍ പ്രാപ്തിയുള്ള മറ്റു മന്ത്രിമാര്‍ ഇല്ലാഞ്ഞിട്ടാണോ? മുസ്ലിം ലീഗിലെ മറ്റുമന്ത്രിമാര്‍ ഒന്നിലേറെ വകുപ്പുകള്‍ കൊണ്ടുനടക്കാന്‍ ത്രാണിയുള്ളവരല്ലേ? എം കെ മുനീറിന് പഞ്ചായത്ത് വകുപ്പിന്റെമാത്രം ചുമതലയാണുള്ളത്. തദ്ദേശവകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വന്ന ഗ്രാമവികസനം അടര്‍ത്തിമാറ്റി കോണ്‍ഗ്രസിലെ കെ സി ജോസഫിനെ ഏല്‍പ്പിച്ചു.

ഇതേപോലെ മറ്റൊരു വകുപ്പുവിഭജനവും നടന്നിട്ടുണ്ട്. പട്ടികജാതി -പിന്നോക്കവിഭാഗ ക്ഷേമവകുപ്പ് എ പി അനില്‍കുമാറിനും പട്ടികവര്‍ഗ ക്ഷേമവകുപ്പ് പി കെ ജയലക്ഷ്മിക്കും നല്‍കിയിരിക്കുന്നു. സര്‍ക്കാരില്‍ ഒരേ കൂരയ്ക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഇവയെ എന്തിന് അടര്‍ത്തിമാറ്റി എന്ന ചോദ്യത്തിനും ഉത്തരമില്ല. 1957 മുതല്‍ പിന്തുടരുന്ന പാരമ്പര്യത്തെ തള്ളിയാണ് കോര്‍പറേഷനെയും നഗരസഭകളെയും പഞ്ചായത്തില്‍നിന്ന് വേര്‍തിരിക്കുന്നത്. ഇതിനുമുമ്പ് ഒരുതവണ ഇതേ കാര്യം ചെയ്തിരുന്നു. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ രണ്ടുവര്‍ഷം കുഞ്ഞാലിക്കുട്ടിയാണ് നഗരകാര്യവകുപ്പ് കൈകാര്യംചെയ്തത്.

മുനീറിനെ നിഷ്പ്രഭനാക്കുക എന്ന അജന്‍ഡയ്ക്കപ്പുറം മറ്റുപലതും വകുപ്പുവിഭജനത്തിലുണ്ടാകാം എന്നതിലേക്ക് ഈ മുന്‍അനുഭവം വിരല്‍ചൂണ്ടുന്നു. നഗരകാര്യ വകുപ്പിന്റെ ഭാഗമായ നഗരാസൂത്രണം ഏറ്റവും കൂടുതല്‍ പണം കൈമാറ്റംചെയ്യപ്പെടുന്ന മേഖലയാണ്. കെട്ടിട നിര്‍മാണ രംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഫ്ളാറ്റ് ലോബിയെ അസ്വസ്ഥരാക്കിയിരുന്നു. മതിയായ സുരക്ഷപോലും ഉറപ്പാക്കാതെ വന്‍കിടക്കാര്‍ കെട്ടിടങ്ങള്‍ പണിതുകൂട്ടുന്നത് സര്‍ക്കാര്‍ തടഞ്ഞു. മന്ത്രിക്കോ ഏതെങ്കിലും ഉദ്യോഗസ്ഥനോ ചട്ടത്തില്‍ ഇളവുകള്‍ നല്‍കാനുള്ള അവകാശവും സര്‍ക്കാര്‍ ഇല്ലാതാക്കി. ഈ നിയമം തകര്‍ക്കാനുള്ള സമ്മര്‍ദ തന്ത്രങ്ങള്‍ മെനയുകയായിരുന്നു കെട്ടിട ലോബി. മുന്‍ യുഡിഎഫ് സര്‍ക്കാരിലെ തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്ന കുട്ടി അഹമ്മദ് കുട്ടിക്ക് ഇത്തവണ സീറ്റ് നിഷേധിച്ചതുതന്നെ കെട്ടിടനിര്‍മാണ ലോബിയുടെ അപ്രിയംമൂലമാണെന്ന് സൂചനയുണ്ടായിരുന്നു.

കോടികളുടെ കേന്ദ്രഫണ്ട് ഒഴുകുന്നതാണ് നഗരകാര്യവകുപ്പ്. ജെഎന്‍എന്‍ആര്‍യുഎം അടക്കമുള്ള കേന്ദ്രപദ്ധതികളിലൂടെ എല്ലാ വര്‍ഷവും കോടികള്‍ നഗരങ്ങളിലേക്കും കോര്‍പറേഷനിലേക്കും എത്തുന്നു. ഇവയുടെ കരാര്‍ അടക്കമുള്ള കാര്യങ്ങള്‍ക്കായി വന്‍ ലോബി ലീഗ് രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം വേണ്ടിയാണ് വകുപ്പുകള്‍ വെട്ടിപ്പിളര്‍ന്ന് പലതാക്കിയത് എന്ന ആക്ഷേപത്തിന് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മറുപടി പറയേണ്ടതുണ്ട്.

അധികാര വികേന്ദ്രീകരണത്തില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ അഖിലേന്ത്യാതലത്തില്‍ അംഗീകരിക്കപ്പെട്ട വേളയിലാണ് ഇവിടെ തലതിരിഞ്ഞ വിഭജനം നടത്തുന്നത്. ഉദ്യോഗസ്ഥ സംവിധാനത്തെ ഏകോപിപ്പിക്കാന്‍ കോമണ്‍ സര്‍വീസ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. അതിന്റെ ഭാവി അനിശ്ചിതത്വത്തിലാകും. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്സ്മാന്‍ , അപ്പലേറ്റ് അതോറിറ്റി, കില തുടങ്ങിയ സ്ഥാപനങ്ങള്‍ ഏതു വകുപ്പിനു കീഴില്‍ വരുമെന്ന് വ്യക്തമല്ല. പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും പൊതുവായുള്ള പിന്തുണാ സംവിധാനങ്ങളായ കില, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ , ശുചിത്വമിഷന്‍ തുടങ്ങിയ സ്ഥാപനങ്ങളും കുടുംബശ്രീയും ഈ വിഭജനത്തിന്റെ കെടുതി അനുഭവിക്കാനിരിക്കുന്നു. കോര്‍പറേഷനും പഞ്ചായത്തുകളും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതികള്‍ നിരവധിയാണ്. കൊച്ചിയിലെ ജെഎന്‍എന്‍ആര്‍യുഎം പദ്ധതി കോര്‍പറേഷനെയും സമീപത്തെ മുനസിപ്പാലിറ്റികളെയും 11 ഗ്രാമപഞ്ചായത്തുകളെയും ചേര്‍ത്തുള്ളതാണ്. ഇനി അവ എങ്ങനെ മുന്നോട്ടു പോകുമെന്ന ചോദ്യവും ഉയരുന്നു.

വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കോ-ഓര്‍ഡിനേഷന്‍ സംവിധാനം തദ്ദേശ വകുപ്പിനു കീഴില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനകീയാസൂത്രണം തുടങ്ങിയപ്പോള്‍ ആരംഭിച്ചതാണ് ഈ സംവിധാനം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും ഇതില്‍ മാറ്റം വരുത്തിയില്ല. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് അടക്കമുള്ള നയപരമായ കാര്യങ്ങള്‍ ഈ സമിതിയാണ് എടുക്കുന്നത്. തദ്ദേശവകുപ്പ് ഇല്ലാതാകുന്നതോടെ കോ-ഓര്‍ഡിനേഷന്‍ സംവിധാനവും അവതാളത്തിലാകും.

ഇത്തരമൊരു തീരുമാനമെടുക്കാന്‍ ലീഗിന് അധികാരം കൊടുത്തത് കോണ്‍ഗ്രസല്ല എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. സ്വന്തമായി മന്ത്രിമാരെ പ്രഖ്യാപിക്കുന്ന ലീഗിന് വകുപ്പുകള്‍ എങ്ങനെ കീറിമുറിക്കണമെന്ന് തീരുമാനിക്കുന്നതിലും തടസ്സമുണ്ടാകില്ല. തലനാരിഴയുടെ ഭൂരിപക്ഷവുംകൊണ്ട് നാടിനെ കൊള്ളയടിക്കാനും ജനങ്ങളെ വിഡഢികളാക്കാനുമാണ് യുഡിഎഫ് ഒരുമ്പെടുന്നത്. അതിനായുള്ള ഇടപെടലുകളില്‍ ഒന്നുമാത്രമാണ് ഈ വകുപ്പുപിളര്‍ത്തല്‍ . വെട്ടിമുറിച്ച് മൂന്നാക്കിയ വകുപ്പുകളെ ഏകോപിപ്പിക്കാന്‍ സമിതിയുണ്ടാക്കുകയല്ല, നേരത്തെ ഉണ്ടായിരുന്ന ഏകോപനം പുനഃസ്ഥാപിക്കാനാണ് ഉമ്മന്‍ചാണ്ടി ഇടപെടേണ്ടത്. അല്ലെങ്കില്‍ കേരളചരിത്രത്തിലെ ഏറ്റവും ദുര്‍ബലനും അധികാരക്കൊതിയില്‍ പാര്‍ടിയെയും നാടിനെയും മറന്നവനുമായ മുഖ്യമന്ത്രി എന്ന വിശേഷണമാണ് ഉമ്മന്‍ചാണ്ടിയില്‍ ഉറയ്ക്കാന്‍ പോകുന്നത്.


*****


ദേശാഭിമാനി മുഖപ്രസംഗം 26052011

No comments: