Thursday, May 19, 2011

അര്‍ഥശാസ്ത്രവും രാഷ്ട്രീയവും

നല്ല ധനതത്വശാസ്ത്രവും നല്ല രാഷ്ട്രീയവും ഒത്തുപോകില്ലെന്നാണ് വയ്പ്. ഇത് എല്ലായ്പ്പോഴും ശരിയാകണമെന്നില്ല എന്നതിന്റെ ഉത്തമോദാഹരണമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കാഴ്ചവച്ച അഭിമാനകരമായ ചെറുത്തുനില്‍പ്പ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അപൂര്‍വം മാത്രം വിജയിക്കുന്ന ഒരു ഉള്‍ച്ചേര്‍ച്ചയുടെ നേര്‍സാക്ഷ്യമാണ് ഡോ. തോമസ് ഐസക് അഞ്ചുവര്‍ഷം ചുക്കാന്‍ പിടിച്ച വി എസ് സര്‍ക്കാരിന്റെ ധനനയം. സിപിഐ എമ്മിന്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും വികസന കാഴ്ചപ്പാടിനനുസരിച്ച് അവതരിപ്പിച്ച ആറ് ബജറ്റുകളെയും ആഗോള സാമ്പത്തിക പ്രതിസന്ധിക്കും ആഭ്യന്തര ഞെരുക്കത്തിനുമിടയില്‍ കരുപ്പിടിപ്പിച്ച് നടപ്പാക്കിയ ധനനയത്തെയുള്‍പ്പെടെ ഉയര്‍ത്തിപ്പിടിച്ചാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.

ഭരണമുന്നണി നടത്തിയ തെരഞ്ഞെടുപ്പ് മുന്നേറ്റത്തിന്റെ കാതല്‍ സംസ്ഥാനത്തെ വിവാദോത്സുകരായ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സൂക്ഷ്മമായ സാമ്പത്തിക നയങ്ങള്‍ അഴിമതി ആരോപണങ്ങളെപ്പോലെയോ ലൈംഗിക അപവാദങ്ങളെപ്പോലെയോ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചര്‍ച്ച ചെയ്യപ്പെടാറില്ല. എന്നാല്‍ , തെരഞ്ഞെടുപ്പ് അവലോകനങ്ങളില്‍നിന്ന് അവയെ ഒഴിവാക്കാനാവില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മെച്ചപ്പെട്ട പ്രകടനത്തിന് മുഖ്യകാരണം വി എസ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളാണെന്ന് സമ്മതിക്കുന്നവര്‍തന്നെ ഈ ഭരണനേട്ടങ്ങളുടെ അടിസ്ഥാനമായ സര്‍ക്കാരിന്റെ ധനനയത്തിനു നേരെ കണ്ണടയ്ക്കുന്നതാണ് അതിലും അതിശയകരം. ഇങ്ങനെ പറയുമ്പോള്‍ എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെയോ ഫലത്തെ ഇടതുമുന്നണിക്ക് അനുകൂലമായി സ്വാധീനിച്ചില്ല എന്ന ചോദ്യം ന്യായമായും ഉയരാം. അതിന്റെ കാരണം രണ്ടാണ്. ഒന്ന് ഐസക്കിന്റെ ആദ്യത്തെ രണ്ട് ബജറ്റുകളിലെ നിരവധി ദുരിതാശ്വാസ നിര്‍ദേശങ്ങളുടെ സദ്ഫലം ജനങ്ങളുടെ കൈയില്‍ എത്തിയത് തന്നെ ഭരണകാലാവധി തീരുന്ന സമയത്തായിരുന്നു. കാര്‍ഷികവായ്പ എഴുതിത്തള്ളിയതിന്റെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെയും ഗുണം പലേടത്തും അനുഭവയോഗ്യമായത് വളരെ വൈകിയാണ്. രണ്ട്, കിലോയ്ക്ക് രണ്ട് രൂപാ നിരക്കില്‍ റേഷന്‍ അരി വിതരണം, ജനിച്ചുവീഴുന്ന ഓരോ കുട്ടിക്കും 10,000 രൂപയുടെ സര്‍ക്കാര്‍ അടങ്കല്‍ നിക്ഷേപം തുടങ്ങിയ നിരവധി ആകര്‍ഷകമായ സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടത് ലോക്സഭാ തെരഞ്ഞെടുപ്പില്‍നിന്ന് ഇടതുപക്ഷം പഠിച്ച പാഠങ്ങളുടെ ഫലമായിരുന്നു എന്നു പറയുന്നതില്‍ നാണിക്കാനൊന്നുമില്ല. നാണിക്കാനെന്തെങ്കിലുമുണ്ടെങ്കില്‍ ഈ ജനക്ഷേമ നിര്‍ദേശങ്ങളോട് യുഡിഎഫ് നേതൃത്വം കാട്ടിയ എതിര്‍പ്പ് മാത്രമാണ്. ലോക്സഭ-പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സന്ദര്‍ഭവും നിയമസഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സാഹചര്യവും അടിമുടി വ്യത്യസ്തമായിരുന്നു. ലാവ്ലിന്റെയും മഅ്ദനിയുടെയും പേരില്‍ യുഡിഎഫ്, ബിജെപി അനുകൂല മാധ്യമങ്ങള്‍ കെട്ടഴിച്ചുവിട്ട അപവാദപ്രചാരണത്തിന്റെ കൊടുമുടിയിലാണ് ഇടതുപക്ഷം ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലോട്ടറി വിവാദത്തിന്റെ നിഴലിലായിരുന്നു തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്.

വി എസ് സര്‍ക്കാര്‍ അധികാരമേറ്റ ദിവസം മുതല്‍ ആ സര്‍ക്കാരിന്റെ ജനക്ഷേമകരമായ ഒരു തീരുമാനവും ജനങ്ങളില്‍ എത്തരുതെന്ന് ഇവിടുത്തെ മുഖ്യധാരാമാധ്യമങ്ങള്‍ക്കുണ്ടായിരുന്നു. സംസ്ഥാന ക്യാബിനറ്റ് കൂടുന്ന ഓരോ ബുധനാഴ്ചയും മുന്നണിയുടെ ദുഃഖബുധനാഴ്ചയായി ഇവര്‍ മാറ്റിയ കാഴ്ച നമുക്ക് മറക്കാറായിട്ടില്ല. ഇതിന് ഒട്ടൊരു ശമനം കണ്ടത് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഡോ. തോമസ് ഐസക് അവതരിപ്പിച്ച വി എസ് സര്‍ക്കാരിന്റെ ആറാമത്തെയും അവസാനത്തെയും ബജറ്റോടെയാണെന്ന് പഴയ പത്രത്താളുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും മനസിലാകും. ഏതാണ്ട് ഈ സമയത്തുതന്നെയാണ് ഐസക്കിനെതിരെയുള്ള അന്യസംസ്ഥാന ലോട്ടറി അപവാദത്തിന്റെ മുനയൊടിയുന്നതും രണ്ടാം യുപിഎ സര്‍ക്കാരിന്റെ കുംഭകോണങ്ങളുടെ ഒരു മഹാപ്രവാഹം കേരളത്തിലെ സാധാരണ ജനങ്ങളെ ഇരുത്തിച്ചിന്തിപ്പിക്കാന്‍ തുടങ്ങിയതും. തുടരെയുള്ള പെട്രോള്‍ തീരുവ വര്‍ധന തിരികൊളുത്തിയ അവശ്യസാധനങ്ങളുടെ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കുന്ന അവസരത്തിലാണ് ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള പുതിയ തെളിവുകളുമായി റൗഫ് രംഗത്തെത്തിയതും ആര്‍ ബാലകൃഷ്ണപിള്ള ഇടമലയാര്‍ കേസില്‍ അകത്തായതും. ഇവ രണ്ടും ഇടതുമുന്നണിയുടെ കേക്കിലെ പൂവുകളായി മാറിയെന്നതാണ് യഥാര്‍ഥ വസ്തുത. ഐസ്ക്രീം കേസില്‍ വീണ്ടും പ്രതിക്കൂട്ടിലായ കുഞ്ഞാലിക്കുട്ടിക്കും പൂജപ്പുര ജയിലിലായ ബാലകൃഷ്ണപിള്ളയ്ക്കും രക്തസാക്ഷി പരിവേഷം നല്‍കാനുള്ള ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും അവസാനശ്രമത്തിന്റെ ഫലമാണ് മലപ്പുറത്ത് ലീഗിന് സൃഷ്ടിക്കാന്‍ കഴിഞ്ഞ സഹതാപതരംഗം.

കൊട്ടാരക്കരയില്‍ ഇത് ഏശിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയകരമായി പ്രയോഗിച്ച ന്യൂനപക്ഷ വര്‍ഗീയ ധ്രുവീകരണത്തെ ഒരളവോളം മതനിരപേക്ഷ വോട്ടുകളുടെ ധ്രുവീകരണംകൊണ്ട് മറികടക്കാന്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ കഴിഞ്ഞതിന് പിന്നില്‍ ഇടതുപക്ഷത്തിന് അനുകൂലമായ ഹിന്ദുവോട്ടിന്റെ ധ്രുവീകരണമാണെന്ന് വാദിക്കുന്നത് വി എസ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ക്ക് വോട്ടാകാന്‍ കഴിയില്ലെന്ന "ജനപ്രിയ" യുക്തിയുടെ ബലത്തില്‍ മാത്രമാണ്. എല്ലാ ജാതിമതങ്ങളിലുംപെട്ട പാവപ്പെട്ടവരും സാധാരണക്കാരുമായ വോട്ടര്‍മാര്‍ വന്‍തോതില്‍ ഇടതുപക്ഷത്തേക്ക് തിരിച്ചുവന്നു എന്നതാണ് വസ്തുത. ഇടുക്കിയിലും പത്തനംതിട്ടയിലും തീരപ്രദേശങ്ങളിലും ഇടതുപക്ഷത്തിന് ഇത്തവണ വീണ അധിക വോട്ട് ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെയോ ജാതിയുടെയോ ആയിരുന്നില്ല. സവര്‍ണ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നിര്‍ണായക സ്വാധീനമുള്ള ചങ്ങനാശേരിപോലൊരു മണ്ഡലത്തില്‍ ഡോ. ബി ഇക്ബാല്‍ നടത്തിയ മുന്നേറ്റത്തെ കമ്യൂണിസ്റ്റ് വിരുദ്ധ വിശകലന വിശാരദന്‍മാര്‍ ഏത് പട്ടികയിലാണ് പെടുത്തുകയാവോ? അദ്ദേഹം മത്സരിച്ചത് അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ്. വോട്ടുപിടിച്ചതും ആ ചിഹ്നത്തിന്റെ രാഷ്ട്രീയത്തിനു വേണ്ടി മാത്രമായിരുന്നു. ചങ്ങനാശേരിയുടെ ജാതി-മത കണക്കുകളെ മറികടക്കാന്‍മാത്രമുള്ള ഏതെങ്കിലും വ്യക്തിപരമായ പ്രതിച്ഛായയാണ് ഇക്ബാലിനെ വിജയത്തിന് 2500 വോട്ടിനു മാത്രം പിറകിലെത്തിച്ചതെന്ന് ആരു പറഞ്ഞാലും ആറാംവട്ടം അവിടെ നിന്ന് വിജയിച്ച വന്ദ്യവയോധികനായ മാണി കോണ്‍ഗ്രസിലെ സി എഫ് തോമസ്സെന്തായാലും പറയില്ല. നല്ല സാമ്പത്തിക ശാസ്ത്രം എപ്പോഴും എവിടെയും ചീത്ത രാഷ്ട്രീയമാകണമെന്നില്ലെന്നതിന്റെ പൊരുള്‍തേടി നമുക്ക് പെരുന്നയ്ക്കും പൗവ്വത്തിലിനുമപ്പുറം പോകേണ്ട കാര്യമില്ല.


*****


എൻ മാധവൻകുട്ടി, കടപ്പാട്:ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയകരമായി പ്രയോഗിച്ച ന്യൂനപക്ഷ വര്‍ഗീയ ധ്രുവീകരണത്തെ ഒരളവോളം മതനിരപേക്ഷ വോട്ടുകളുടെ ധ്രുവീകരണംകൊണ്ട് മറികടക്കാന്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ കഴിഞ്ഞതിന് പിന്നില്‍ ഇടതുപക്ഷത്തിന് അനുകൂലമായ ഹിന്ദുവോട്ടിന്റെ ധ്രുവീകരണമാണെന്ന് വാദിക്കുന്നത് വി എസ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ക്ക് വോട്ടാകാന്‍ കഴിയില്ലെന്ന "ജനപ്രിയ" യുക്തിയുടെ ബലത്തില്‍ മാത്രമാണ്. എല്ലാ ജാതിമതങ്ങളിലുംപെട്ട പാവപ്പെട്ടവരും സാധാരണക്കാരുമായ വോട്ടര്‍മാര്‍ വന്‍തോതില്‍ ഇടതുപക്ഷത്തേക്ക് തിരിച്ചുവന്നു എന്നതാണ് വസ്തുത. ഇടുക്കിയിലും പത്തനംതിട്ടയിലും തീരപ്രദേശങ്ങളിലും ഇടതുപക്ഷത്തിന് ഇത്തവണ വീണ അധിക വോട്ട് ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെയോ ജാതിയുടെയോ ആയിരുന്നില്ല. സവര്‍ണ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നിര്‍ണായക സ്വാധീനമുള്ള ചങ്ങനാശേരിപോലൊരു മണ്ഡലത്തില്‍ ഡോ. ബി ഇക്ബാല്‍ നടത്തിയ മുന്നേറ്റത്തെ കമ്യൂണിസ്റ്റ് വിരുദ്ധ വിശകലന വിശാരദന്‍മാര്‍ ഏത് പട്ടികയിലാണ് പെടുത്തുകയാവോ? അദ്ദേഹം മത്സരിച്ചത് അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ്. വോട്ടുപിടിച്ചതും ആ ചിഹ്നത്തിന്റെ രാഷ്ട്രീയത്തിനു വേണ്ടി മാത്രമായിരുന്നു. ചങ്ങനാശേരിയുടെ ജാതി-മത കണക്കുകളെ മറികടക്കാന്‍മാത്രമുള്ള ഏതെങ്കിലും വ്യക്തിപരമായ പ്രതിച്ഛായയാണ് ഇക്ബാലിനെ വിജയത്തിന് 2500 വോട്ടിനു മാത്രം പിറകിലെത്തിച്ചതെന്ന് ആരു പറഞ്ഞാലും ആറാംവട്ടം അവിടെ നിന്ന് വിജയിച്ച വന്ദ്യവയോധികനായ മാണി കോണ്‍ഗ്രസിലെ സി എഫ് തോമസ്സെന്തായാലും പറയില്ല. നല്ല സാമ്പത്തിക ശാസ്ത്രം എപ്പോഴും എവിടെയും ചീത്ത രാഷ്ട്രീയമാകണമെന്നില്ലെന്നതിന്റെ പൊരുള്‍തേടി നമുക്ക് പെരുന്നയ്ക്കും പൗവ്വത്തിലിനുമപ്പുറം പോകേണ്ട കാര്യമില്ല.