Showing posts with label ആദിവാസി. Show all posts
Showing posts with label ആദിവാസി. Show all posts

Monday, December 23, 2013

കാടിന്റെ മക്കളുടെ അരക്ഷിത ജീവിതം

കേരളത്തിലെ ആദിവാസികള്‍ സമസ്ത മേഖലയിലും പിന്നോട്ടടി നേരിടുന്നു. ആദിവാസികളുടെ ജീവിതപുരോഗതിക്ക് അത്യന്താപേക്ഷിതം വിദ്യാഭ്യാസമാണ്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ മൂന്ന് കോടിയിലധികം കുടിശ്ശിക വരുത്തി. കുടിശ്ശികയായ ആനുകൂല്യങ്ങള്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ സമയബന്ധിതമായി കൊടുത്തുതീര്‍ത്തു. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 50 ശതമാനം വര്‍ധന വരുത്തി യഥാസമയം നല്‍കുന്നതിനും നടപടി സ്വീകരിച്ചു. ഇപ്പോള്‍ പ്രീമെട്രിക് തലത്തിലും പോസ്റ്റ് മെട്രിക് തലത്തിലും വിദ്യാര്‍ഥികള്‍ക്ക് അധ്യയനവര്‍ഷം അവസാനിക്കുന്ന ഘട്ടത്തിലും ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല.

2008 ലാണ് ഹോസ്റ്റലില്‍ താമസിക്കുന്ന ആദിവാസിവിദ്യാര്‍ഥികളുടെ മെസ്സ് അലവന്‍സും മറ്റും അവസാനമായി വര്‍ധിപ്പിച്ചത്. അതിനുശേഷം ഒരു വര്‍ധനയും ഉണ്ടായിട്ടില്ല. ഹോസ്റ്റലുകളാകട്ടെ ഇന്ന് അഴിമതികേന്ദ്രങ്ങളായി മാറുകയുംചെയ്തു. തൊഴില്‍ മേഖലയിലും ആദിവാസികള്‍ പിന്തള്ളപ്പെട്ടു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന നിയമന നിരോധനത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും തിക്തഫലങ്ങള്‍ അനുഭവിക്കുന്നത് അഭ്യസ്തവിദ്യരായ തൊഴില്‍ തേടുന്ന ആദിവാസി യുവതീ-യുവാക്കളാണ്. തങ്ങള്‍ക്ക് സംവരണതത്വം അനുസരിച്ചുള്ള തൊഴിലവസരങ്ങള്‍മാത്രമാണ് ലഭിക്കുന്നത്. നിയമന നിരോധനത്തിന്റെയും തസ്തിക വെട്ടിക്കുറച്ചതിന്റെയും ഫലമായി സംവരണവും അട്ടിമറിക്കപ്പെട്ടു.

അഭ്യസ്തവിദ്യരായ ആദിവാസി യുവാക്കളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. ആദിവാസികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന തൊഴിലവസരം നിലനിര്‍ത്തുന്നതിന് സമസ്ത മേഖലയിലും പുതിയ സംവരണ മാനദണ്ഡം കൊണ്ടുവരണം. അതോടൊപ്പം എയ്ഡഡ് മേഖലയിലും സ്വകാര്യവല്‍ക്കരണം നടപ്പാക്കിയ മേഖലയിലും സംവരണം ബാധകമാക്കുന്ന നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. ആരോഗ്യമേഖലയിലും ആദിവാസികള്‍ പിന്തള്ളപ്പെടുന്നതിന്റെ തെളിവാണ് അട്ടപ്പാടിയിലും സംസ്ഥാനത്തിന്റെ ഇതരഭഭാഗങ്ങളിലും നടക്കുന്ന നവജാത ശിശുക്കളുടെയും ആദിവാസികളുടെയും മരണം.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ സമ്പൂര്‍ണ ചികിത്സാ പദ്ധതി ഇന്ന് അട്ടിമറിക്കപ്പെട്ടു. ആദിവാസികളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കാന്‍ എല്ലാ ആദിവാസി മേഖലയിലെ ആശുപത്രികളിലും ഡോക്ടര്‍മാരുടെ സേവനവും ജീവന്‍ രക്ഷാമരുന്നുകളും യഥാസമയം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആദിവാസികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ അവര്‍ക്ക് മതിയായ അളവില്‍ പോഷകാഹാരങ്ങള്‍ എല്ലാ കുടുംബങ്ങള്‍ക്കും ലഭ്യമാക്കണം. അവിവാഹിതരായ ആദിവാസിഅമ്മമാരുടെ എണ്ണം വര്‍ധിക്കുന്നു. ഇതു തടയാന്‍ കര്‍ശനമായ നിയമനിര്‍മാണം കൊണ്ടുവരണം. ഇത്തരം അമ്മമാര്‍ക്ക് വീടും ഭൂമിയും പെന്‍ഷനും നല്‍കി അവരെ പുനരധിവസിപ്പിക്കാനും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായും സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കണം. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിച്ചു നല്‍കുന്നതിന് രാഷ്ട്രപതി ഒപ്പുവച്ച നിയമം 1975 ല്‍ നിലവില്‍ വന്നെങ്കിലും ആ നിയമം അനുസരിച്ച് ഇന്ത്യയില്‍ ഒരിടത്തും ഭൂമി തിരിച്ചു പിടിച്ചു നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

കേരളത്തില്‍ 1999 ല്‍ അന്യാധീനപ്പെട്ട ഭൂമിക്ക് പകരം ഭൂമി നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന നിയമവും അന്ത്യവിശ്രമം കൊള്ളുന്നു. ഈ സാഹചര്യത്തിലാണ് 2002 മാര്‍ച്ച് മുതല്‍ ആദിവാസി ക്ഷേമസമിതി ഭൂരഹിതരായ ആദിവാസികളെ അണിനിരത്തി സംസ്ഥാനത്ത് വയനാട് ജില്ലയിലും മറ്റു ജില്ലകളിലും ഭൂസമരം ആരംഭിച്ചത്. ഭൂസമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ എല്ലാ മാര്‍ഗവും നടത്തി. ജയിലിലടച്ചു. പക്ഷേ, അടിയുറച്ച ആദിവാസി പോരാളികളുടെ മുന്നില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു. അവരെ ജയിലില്‍നിന്ന് നിരുപാധികമായി വിട്ടയച്ചു. ജയിലില്‍നിന്ന് വിട്ടയച്ച ആദിവാസികള്‍ മറ്റൊന്നും ചിന്തിക്കാതെ അവര്‍ അവകാശം സ്ഥാപിച്ച മണ്ണിലേക്കുതന്നെ മടങ്ങി. ഭൂമിയില്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് സമരപാതയില്‍ ഉറച്ചു നിന്ന വയനാട് ജില്ലയിലെ അയ്യായിരത്തിലധികം ആദിവാസി കുടുംബങ്ങള്‍ക്ക് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അവര്‍ അവകാശം സ്ഥാപിച്ചിരുന്ന ഭൂമിക്ക് രേഖ നല്‍കി ഭൂമിയുടെ ഉടമകളാക്കി.

വീടും വൈദ്യുതിയും കുടിവെള്ളവും നല്‍കി. വയനാട് ജില്ലയില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണംചെയ്യാന്‍ സര്‍ക്കാര്‍ ഭൂമി ലഭ്യമല്ല എന്ന വാദം ഉയര്‍ന്നപ്പോള്‍ ഭൂമി വിലയ്ക്കു വാങ്ങി നല്‍കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ 50 കോടി രൂപ ട്രൈബല്‍ ഡിപ്പാര്‍ട്മെന്റിനു കൈമാറി. പക്ഷേ, ആ തുക ഉപയോഗിച്ച് ഭൂമി വാങ്ങി നല്‍കുന്നതിന് ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. വയനാട്ടില്‍ ആറായിരത്തോളം കുടുംബങ്ങളും തിരുവനന്തപുരം ചെറ്റച്ചലില്‍ 97 കുടുംബവും ഇടുക്കിയില്‍ 142 കുടുംബവും ഭൂമിക്കായി സമരം തുടരുന്നു. കേരളത്തില്‍ വനാവകാശനിയമം നടപ്പാക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും 24426 കുടുംബത്തിന് വനാവകാശനിയമമനുസരിച്ച് രേഖ നല്‍കുകയും ചെയ്തിരുന്നു. അവശേഷിക്കുന്ന കുടുംബങ്ങളുടെ കാര്യത്തില്‍ ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ അവരുടെ ഭൂമിക്ക് രേഖ നല്‍കുന്നതിനോ, കൈവശഭൂമി സര്‍വേ ചെയ്യുന്നതിനോ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

വനാവകാശനിയമമനുസരിച്ച് നല്‍കിയ രേഖകളിലെ തെറ്റുകള്‍ പരിഹരിക്കുന്നതിന് എഫ്ആര്‍സി കമ്മിറ്റിയോ സബ്ഡിവിഷണല്‍ കമ്മിറ്റിയോ, സ്റ്റേറ്റ് ലെവല്‍ കമ്മിറ്റിയോ വിളിച്ചു ചേര്‍ക്കുന്നില്ല. രേഖ ലഭിച്ച കുടുംബങ്ങള്‍ക്ക് തങ്ങളുടെ ഭൂമിയില്‍ ഇപ്പോഴും ഒരുവിധ സ്വാതന്ത്ര്യവും വനംവകുപ്പ് അനുവദിക്കുന്നില്ല. ഇത് ആദിവാസികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് മുതലെടുക്കാന്‍ മാവോയിസ്റ്റുകളും ഡിഎച്ച്ആര്‍എംപോലുള്ള സംഘടനകളും&ാറമവെ; ആദിവാസിമേഖലയില്‍ നടത്തുന്ന ശ്രമംഭഭരണാധികാരി വര്‍ഗം തിരിച്ചറിയണം. വനഭൂമി അന്യാധീനപ്പെട്ടതിന്റെ പാപഭാരം തലമുറകളായി വനത്തില്‍ അധിവസിക്കുന്ന ആദിവാസികളുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം അംഗീകരിക്കാന്‍ പറ്റില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 45000 ഏക്കര്‍ വനഭൂമി നഷ്ടമായതായി സര്‍ക്കാര്‍ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് ആദിവാസികളുടെ കൈകളിലില്ല. സംസ്ഥാനത്തെ 24426 ആദിവാസി കുടുംബങ്ങള്‍ക്ക് കൈവശമുള്ള ഭൂമി 32958 ഏക്കറാണ്.

ശരാശരി ഒന്നരയേക്കറിന് താഴെമാത്രമാണ് ഓരോ കുടുംബത്തിന്റെയും കൈവശമുള്ളത്. വനഭൂമിയെല്ലാം സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവരുടെ കൈകളിലാണ്. ഭൂമി തിരിച്ചുപിടിച്ച്&ാറമവെ;ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കണം. ആദിവാസി കുടുംബങ്ങളെ തങ്ങളുടെ ആവാസകേന്ദ്രങ്ങളില്‍ മനുഷ്യരായി ജീവിക്കാന്‍ അനുവദിക്കണം. ആദിവാസികള്‍ ഇന്ന് അഭിമുഖീകരിക്കുന്ന മറ്റൊരു വിപത്ത് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടാണ്. സംസ്ഥാനത്ത് നല്ലൊരു ശതമാനം ആദിവാസി കുടുംബങ്ങള്‍ പരമ്പരാഗതമായി പശ്ചിമഘട്ട വനമേഖലയില്‍ അധിവസിച്ചു വരുന്നവരാണ്. ഈ സാഹചര്യത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പായാല്‍ ആദിവാസികളുടെ ജീവിതംതന്നെ പ്രതിസന്ധിയിലാകും.

ഈ റിപ്പോര്‍ട്ട് വനംവകുപ്പുകാര്‍ക്ക് ആദിവാസികളുടെമേല്‍ കടന്നാക്രമണം ശക്തിപ്പെടുത്താനുള്ള പഴുതായി മാറും. ആദിവാസികളുടെ ക്ഷേമത്തിനു വേണ്ടി ടിഎസ്പി ഫണ്ട് വകയിരുത്തുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡം പാലിക്കുന്നില്ല. ഓരോ സാമ്പത്തിക വര്‍ഷവും കേന്ദ്ര ബജറ്റില്‍ ആദിവാസി ജനവിഭാഗത്തിന് ലഭിക്കേണ്ട പദ്ധതിവിഹിതത്തിലും ശരാശരി 22000 കോടി രൂപയുടെ കുറവുണ്ട്. വകയിരുത്തുന്ന പദ്ധതിവിഹിതം വകമാറ്റി ചെലവഴിക്കുന്നുമുണ്ട്. ആദിവാസി ക്ഷേമപ്രവര്‍ത്തനം ഇത്രയും കുത്തഴിഞ്ഞ കാലഘട്ടം വേറെയില്ല. കേരളത്തിലെ ആദിവാസി വനിതാമന്ത്രി ആദിവാസി സമൂഹത്തിന് അപമാനകരമായ നിലയിലാണ്ഭഭരണം കൈയാളുന്നത്. സംസ്ഥാനത്തെ ട്രൈബല്‍ ഡിപ്പാര്‍ട്മെന്റ് ഒരു നാഥനില്ലാക്കളരിയാണ്. ഇതിന്റെ ഫലമായി ആദിവാസി ക്ഷേമപ്രവര്‍ത്തനം അവതാളത്തിലാണ്. ഭൂരഹിതര്‍ക്കും നാമമാത്രഭഭൂമിയുള്ള ആദിവാസി കുടുംബങ്ങള്‍ക്കും ഭൂമി നല്‍കാന്‍ ഒരു നടപടിയും ഇല്ല.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമി വാങ്ങി നല്‍കാന്‍ ട്രൈബല്‍ വകുപ്പിന് കൈമാറിയ 50 കോടി രൂപ കെട്ടിക്കിടക്കുന്നു. ആരോഗ്യപരിപാലനം നടക്കുന്നില്ല. ശിശുമരണം തുടര്‍ക്കഥയായി. വിദ്യാഭ്യാസരംഗം തകര്‍ച്ചയുടെ പാതയില്‍. വനാവകാശ നിയമം നടപ്പാക്കാന്‍ തുടര്‍നടപടികളില്ല. കുടിവെള്ളം കിട്ടാക്കനിയായി. വൈദ്യുതിയും ഗതാഗത സൗകര്യവും ലഭ്യമാക്കാന്‍ നടപടിയില്ല. ഇങ്ങനെ നീളുന്നു ആദിവാസികളോടുള്ള അവഗണന. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരികതന്നെ വേണം.

*
ബി വിദ്യാധരന്‍ കാണി (എകെഎസ് സംസ്ഥാനസെക്രട്ടറിയാണ് ലേഖകന്‍) deshabhimani

Thursday, November 28, 2013

ആദിവാസികളുടെ ജീവല്‍പ്രശ്നങ്ങള്‍

ചുരുക്കം ചില പ്രദേശങ്ങളൊഴികെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വംശീയത നിലനില്‍ക്കുന്നുണ്ട്. ലോകത്ത് പലഭാഗങ്ങളിലും നടക്കുന്ന സംഘര്‍ഷങ്ങളില്‍ ഇത്തരം വംശീയസംഘട്ടനങ്ങള്‍ പ്രധാന കാരണവുമാണ്. ആഫ്രിക്കപോലുള്ള രാജ്യങ്ങളിലെയും അഫ്ഗാനിസ്ഥാനിലെയും ആഭ്യന്തരകലാപങ്ങള്‍ക്ക് മുഖ്യകാരണം ഗോത്രസംഘര്‍ഷങ്ങളാണ്. ബോഡോ കലാപവും ഛത്തീസ്ഗഢിലെയും മറ്റും നക്സലൈറ്റ് സംഘട്ടനങ്ങളും മാറ്റിനിര്‍ത്തിയാല്‍ ഭാരതത്തിലെ ഗോത്രജനത ഇത്തരം വംശീയസംഘട്ടനങ്ങളില്‍നിന്നും മോചിതരാണ് എന്നുപറയാം. ഭരണവര്‍ഗങ്ങളുടെ ചൂഷണവും പീഡനവും ദാരിദ്യവും ഇല്ലാത്തതുകൊണ്ടല്ല മറിച്ച്, നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ഉന്നതമൂല്യവും കൂടിയാണ് വംശീയകലാപങ്ങള്‍ ഇല്ലാതാകാന്‍ കാരണം.

നമ്മുടെ ഭരണഘടന സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ തുല്യനീതി ഉറപ്പുനല്‍കുന്നു. ഭരണഘടനയുടെ 42-ാം ഭേദഗതി നമ്മുടെ രാജ്യം സോഷ്യലിസ്റ്റ് സ്റ്റേറ്റാണ് എന്ന് പ്രഖ്യാപിക്കുന്നു. നൂറ്റാണ്ടുകളുടെ വികസനപാതയില്‍നിന്ന് തിരസ്കരിക്കപ്പെട്ട പാര്‍ശ്വവല്‍കൃത സമൂഹമായ ആദിവാസികള്‍ക്കും മറ്റും പ്രത്യേക പരിഗണനയും പരിരക്ഷയും വിഭാവനം ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈ വിഭാഗങ്ങളെ ഭരണഘടനയുടെ പരിരക്ഷിതമായ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതിനാല്‍ ഇവരെ പട്ടിക വര്‍ഗ, പട്ടികജാതി വിഭാഗമായി പരിഗണിക്കുന്നു. മറ്റ് വിഭാഗങ്ങളില്‍നിന്ന് വിഭിന്നമായി ഭരണഘടനയുടെ 245(1), 246 ഷെഡ്യൂള്‍ 7-ാം പട്ടിക അനുസരിച്ചും പട്ടികവര്‍ഗക്കാര്‍ക്കുവേണ്ടി പ്രത്യേക നിയമനിര്‍മാണം നടത്താനും അവകാശങ്ങള്‍ പ്രത്യേകം സംരക്ഷിക്കാനും പാര്‍ലമെന്റിന് അധികാരമുണ്ട്. ആയത് ഭരണഘടനയുടെ 15-ാം വകുപ്പുപ്രകാരമുള്ള മൗലിക അവകാശത്തിന് എതിരായി നില്‍ക്കുന്നതല്ല. എന്നാല്‍, ദുഃഖകരമെന്ന് പറയട്ടെ സ്വാതന്ത്ര്യാനന്തര ഭരണകൂടങ്ങള്‍ ഈ വിഭാഗങ്ങളെ ഉദ്ധരിക്കാനും അവരുടെ സാമൂഹ്യവും സാമ്പത്തികവുമായ വികസനത്തിനും വേണ്ട നടപടികള്‍ കൈകൊണ്ടിട്ടില്ല എന്നു പറയേണ്ടിവരും. അതിനാല്‍ ഈ വിഭാഗങ്ങള്‍ മുഖ്യധാരാ വിഭാഗങ്ങളില്‍നിന്ന് അകന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായി നിലകൊള്ളുന്നു.

കേരളത്തിലെ ആദിവാസിസമൂഹം ഇത്തരം ഒറ്റപ്പെടുത്തലുകളില്‍നിന്നും വികസനനിഷേധത്തില്‍നിന്നും വിഭിന്നരല്ല. ഏറ്റവും കൂടുതല്‍ ആദിവാസി സമൂഹമുള്ള വയനാട്ടില്‍ ഭൂമിയില്ലാത്തവരും വിദ്യാവിഹീനരും രോഗങ്ങളുമായി കഷ്ടപ്പെടുന്നവരാണ് ആദിവാസികളില്‍ ഭൂരിഭാഗവും. കൃഷിയെ പ്രധാന വരുമാനമായി കാണുന്ന ആദിവാസികള്‍ക്ക് കാര്‍ഷികരംഗത്തെ തകര്‍ച്ച ഏറ്റവും ദോഷകരമായി. ഉല്‍പ്പാദനോപകരണങ്ങളുടെ ഉടമസ്ഥാവകാശം ലഭിക്കുമ്പോള്‍ മാത്രമേ മറ്റേതൊരു വര്‍ഗത്തെയുംപോലെ ആദിവാസിയും സ്വാശ്രയനാകുകയുള്ളൂ. അപ്പോള്‍ മാത്രമേ സാമ്പത്തികഭദ്രതയും വികസനവും കൈവരിക്കാന്‍ സാധിക്കൂ. മറ്റുള്ളവര്‍ക്കുവേണ്ടി പാടത്തും പറമ്പിലും കൂലിവേലചെയ്ത് ജീവിച്ച അടിമകളാണ് പ്രാക്തന ഗോത്രവര്‍ഗത്തിലെ ആദിവാസികളിലെ മുഴുവന്‍ പേരും. ചുരുക്കത്തില്‍ അവര്‍ പട്ടിണി കിടക്കുമ്പോഴും മറ്റുള്ളവരെ തീറ്റാന്‍ നെല്ലും കാര്‍ഷിക വിളകളും ഉണ്ടാക്കുകയും ഉടമയുടെ പത്തായങ്ങള്‍ നിറയ്ക്കുകയും ചെയ്തവരാണ്. സ്വന്തമായി തൊഴിലുപകരണംപോലും ഇല്ലാത്ത, നഷ്ടപ്പെടാന്‍ യാതൊന്നും ഇല്ലാത്ത അവരുടെ ദൈന്യതയാര്‍ന്ന ജീവിതത്തിന്റെ യഥാര്‍ഥ പരിഹാരങ്ങളിലേക്ക് ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. 1940ന് മുമ്പ് വയനാട്ടിലെ ഭൂരിപക്ഷസമൂഹമായ ആദിവാസികള്‍ ഇന്ന് 18 ശതമാനത്തില്‍ താഴെയായി ചുരുങ്ങി. രോഗവും ദാരിദ്ര്യവും സാമൂഹിക നീതിനിഷേധവും ഈ ജനതയെ തിരസ്കൃതരായ ജനവിഭാഗത്തിന്റെ ശ്രേണിയിലേക്ക് തള്ളി. പട്ടിണിയും ശിശുമരണവും ഈ വിഭാഗങ്ങളെ വംശനാശത്തിലേക്ക് തള്ളിവീഴ്ത്തുമ്പോള്‍ ഭരണകൂടങ്ങള്‍ തങ്ങളുടെ തെറ്റിനെയും വീഴ്ചയെയും ന്യായീകരിച്ച് ആദിവാസി മരണങ്ങള്‍ മദ്യപാനം മൂലമാണെന്ന് പറഞ്ഞ് അവരെ പുച്ഛിക്കുന്നു. കറുത്ത നൂറ്റാണ്ടുകളില്‍ പാവപ്പെട്ട കറുത്തവര്‍ഗക്കാരെ അമേരിക്കന്‍ തോട്ടങ്ങളിലേക്ക് അടിമപ്പണിക്ക് കൊണ്ടുപോയതുപോലെ കുടകിലെ ഇഞ്ചിപ്പാടങ്ങളിലേക്ക് വയനാട്ടിലെ പാവപ്പെട്ട ആദിവാസികളെ കൊണ്ടുപോകുന്നു. ആദിവാസി ക്ഷേമസമിതിയുടെ രൂപീകരണം, എല്ലാ പീഡനങ്ങളും സഹിച്ച് മൃതപ്രായരായ ഒരു സമൂഹത്തിന് സംഘബോധവും സ്വത്വബോധവും നല്‍കിയിരിക്കുന്നു. പണവും ചാരായവും നല്‍കി ആദിവാസികളുടെ വോട്ട് തട്ടിയെടുക്കാമെന്ന് കരുതുന്ന കപടരാഷ്ട്രീയക്കാര്‍ക്ക് ഇത് ഞെട്ടലായി മാറി.

കുറിച്യകലാപം പോലുള്ള ചെറുത്തുനില്‍പ്പുകള്‍ക്ക് ശേഷം തീവ്രമായ ത്യാഗോജ്വല സമരത്തിന് ആദിവാസികള്‍ തയ്യാറായിരിക്കുന്നു. മണ്ണിനും ജീവനും വേണ്ടിയുള്ള സമരത്തില്‍ നൂറുകണക്കിന് ആദിവാസികള്‍ വര്‍ഷങ്ങളായി സമരകേന്ദ്രങ്ങളില്‍ കുടില്‍കെട്ടി താമസിച്ച് കൃഷി ചെയ്തുവരുന്നു. അവരുടെ നിലനില്‍പ്പിന്റെ ആവശ്യമാണ് ഭൂമി ലഭിക്കുക എന്നത്. സ്വയം അധ്വാനിച്ച് കൃഷിചെയ്തുകൊണ്ട് എല്ലാ ഭരണകൂടഭീകരതെയും അതിജീവിക്കാന്‍, ഈ സമരഭൂമിയില്‍ ധീരമായി നിലയുറപ്പിക്കാന്‍ അവര്‍ക്കു സാധിക്കുന്നു. അനേകംപേര്‍ ദിവസങ്ങളോളം ജയിലില്‍ കിടന്നു. ശാന്തയെപ്പോലുള്ളവര്‍ ജയിലില്‍വച്ച് സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടിട്ടും വര്‍ധിത വീര്യത്തോടെ സമരരംഗത്തുണ്ട്. ഈ സത്യം മനസ്സിലാക്കിയ ഭരണകൂടം എല്ലാ ഭൂരഹിത ആദിവാസികള്‍ക്കും മൂന്നുസെന്റ് ഭൂമി എന്ന പ്രഖ്യാപനവുമായി രംഗത്തുവന്നിരിക്കുന്നു. മൂന്ന് സെന്റിലൊരു വീടുവയ്ക്കുക എന്നതല്ല മറിച്ച് കൃഷിചെയ്ത് ജീവിക്കാന്‍ ഭൂമി എന്നതാണ് ആദിവാസിയുടെ ആവശ്യം.

*
അഡ്വ. ചാത്തുക്കുട്ടി (ആദിവാസി ഭൂസമര സഹായ സമിതി ചെയര്‍മാനാണ് ലേഖകന്‍)

ദേശാഭിമാനി

Sunday, June 26, 2011

കോണ്‍ഗ്രസിന്റെ കുശിനിക്കാരായി മാറുന്ന ദളിത് വാദികള്‍

"സ്വാഭാവികമായ ഒരു തൊഴില്‍ വിഭജനത്തിന്റെവികസിത രൂപമാണ് ജാതിവ്യവസ്ഥയെന്ന് വെറുതെ പറയാനാവില്ല. അത് പരസ്പരം ഒറ്റപ്പെടുത്തിയും ശ്രേണീബദ്ധമായി വേര്‍തിരിച്ചും അധ്വാനിക്കുന്ന ജനങ്ങളെ ഭിന്നിപ്പിച്ച് ചൂഷണം ചെയ്തിരുന്ന ഒരു സാമൂഹ്യ സംവിധാനമാണ്" എന്ന് ഇര്‍ഫാന്‍ഹബീബ് ജാതി വ്യവസ്ഥയെ നിര്‍വചിച്ചിട്ടുണ്ട്. അധികാരത്തിന്റെയ ചൂഷണത്തിന്റെയും ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഒന്നാണ് ജാതി വ്യവസ്ഥ എന്നതിനാല്‍ അതിന്റെ മേല്‍ത്തട്ടിലിരിക്കുന്ന ബ്രാഹ്മണരുടെ മേധാവിത്വത്തിനെതിരായി ജാതി വ്യവസ്ഥ രൂപപ്പെട്ടകാലംമുതല്‍ സംഘടിതവും അസംഘടിതവുമായ ഒട്ടേറെ പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ ഏറ്റവും സംഘടിതവും വിപുലവുമായത് ബുദ്ധമതംതന്നെയാണ്. എന്നാല്‍ അതൊരു രാഷ്ട്രമതമായി മാറിയതോടെ ഭരണവര്‍ഗ്ഗത്തിന്റെ ദുഷ്പ്രവണതകള്‍ മുഴുവന്‍ ബുദ്ധമതത്തിലേക്ക് കടന്നുവരികയും അതില്‍തന്നെ നിരവധി ചേരികള്‍ രൂപപ്പെടുകയും അവസാനമത് ഹിന്ദുമതത്താല്‍ കീഴ്പ്പെടുത്തപ്പെടുകയും ചെയ്തു.

ബ്രാഹ്മണ മേധാവിത്വത്തില്‍നിന്ന് രക്ഷനേടാന്‍വേണ്ടി സ്വയമേവയും അല്ലാതെയുമൊക്കെ മുസ്ലീം-ക്രിസ്ത്യന്‍ മതങ്ങളിലേക്കുമുള്ള ഒഴുക്ക് അബ്രാഹ്മണ വിഭാഗങ്ങളില്‍നിന്നുമുണ്ടായി. ഭരണാധികാരികളുടെ കീഴില്‍ സൈനികരാവുന്നതിലൂടെ ക്ഷത്രിയര്‍ക്കു മാത്രം നീക്കിവെയ്ക്കപ്പെട്ട തൊഴിലിലേക്ക് അവശ ജാതിക്കാര്‍ എത്തിപ്പെടുകയായിരുന്നു. ജാതി അടിസ്ഥാനത്തിലുള്ളതല്ലാത്ത തൊഴിലുകള്‍ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യവും മതം മാറിയവര്‍ക്ക് ലഭ്യമായിരുന്നു. ഇതെല്ലാം വരുമാനവും സാമൂഹിക അന്തസ്സും വര്‍ദ്ധിപ്പിക്കുന്നതിന് അവരെ സഹായിച്ചു. ബ്രിട്ടീഷ് അധിനിവേശകാലത്ത് ഉണ്ടായ മുതലാളിത്ത വളര്‍ച്ചയിലൂടെ ജാതിക്കതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തൊഴിലാളിവര്‍ഗ്ഗം രൂപപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്ത് ഭൂനിയമങ്ങളില്‍ വരുത്തിയ മാറ്റത്തിന്റെഭാഗമായി അബ്രാഹ്മണ വിഭാഗങ്ങളില്‍ ചിലര്‍ ഭൂവുടമസ്ഥരായി മാറി. ഇതിന്റെയൊക്കെ അനുരണനങ്ങള്‍ സാമൂഹികരംഗത്തുമുണ്ടായി. അങ്ങനെയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുന്നത്. അതില്‍ ഏറ്റവും പുരോഗനപരം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു മഹാത്മാ ജോതിബാ ഫൂലെയുടെ നേതൃത്വത്തിലുള്ള സത്യശോധക് സമാജവും അത് പ്രചരിപ്പിച്ച ചിന്താധാരകളും.

ബ്രാഹ്മണര്‍ക്കും അവരുടെ മേധാവിത്വത്തിനുമെതിരെ മറ്റിതര ജനവിഭാഗങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്നവിധത്തില്‍ "ശൂദ്രാതിശൂദ്രര്‍" എന്ന പ്രയോഗമാണ് ഫൂലെ നടത്തിയത്. മഹാബലിയുടെ ഭരണകാലത്തെ ആദര്‍ശാത്മകമായി അവതരിപ്പിക്കുകയും വാമനനെ അധിനിവേശത്തിന്റെ പ്രതീകമാക്കി ചിത്രീകരിക്കുകയും ചെയ്തു. ക്ഷത്രിയര്‍ മുതല്‍ ദളിതര്‍വരെയുള്ള എല്ലാ അബ്രാഹ്മണ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരുന്നു ഫൂലെയുടെ പ്രസ്ഥാനം. എന്നാല്‍ ശത്രുവിന്റെ ശത്രുമിത്രം എന്ന അടിസ്ഥാനത്തില്‍ സാമ്രാജ്യത്വത്തിനോട് അയവേറിയ സമീപനമാണ് ഫൂലെ സ്വീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രീയമായ കാഴ്ചപ്പാടില്ലാതെ പോവുകയും വെറുമൊരു സാമൂഹിക പ്രസ്ഥാനം മാത്രമായി ഫൂലെയുടെ കാലാനന്തരം സത്യശോധക് സമാജം മാറിപ്പോവുകയും ചെയ്തു. എന്നു മാത്രമല്ല കാലാന്തരത്തില്‍ അത് നാമാവശേഷമാവുകയും ചെയ്തു.

ഫൂലെയെ ആത്മീയ ഗുരുവായി സ്വീകരിച്ചുകൊണ്ട് രംഗത്തുവന്ന ദളിത് നേതാവാണ് ഡോ. ബി ആര്‍ അംബേദ്കര്‍ . ദളിത് അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിനും പുതിയത് നേടുന്നതിനും വേണ്ടി നിയമാനുസൃത മാര്‍ഗ്ഗങ്ങളിലൂടെ മുന്നേറുക എന്നതായിരുന്നു അംബേദ്കര്‍ പ്രസ്ഥാനത്തിന്റെരീതി. ഭരണ സ്ഥാനങ്ങളില്‍ ജനസംഖ്യാനുപാതികമായി കിട്ടുന്ന സ്ഥാനലബ്ധിയിലൂടെ ദളിതന്റെ അവശതകള്‍ ഇല്ലായ്മചെയ്യാനാവും എന്നാണദ്ദേഹം കരുതിയിരുന്നത്. ഭരണകൂട സ്വഭാവത്തെ വര്‍ഗ്ഗപരമായി വിലയിരുത്താന്‍ കഴിയാതെ പോയതുകൊണ്ടാണ് ഈ വീഴ്ച സംഭവിച്ചത്.

ബ്രാഹ്മണ മേധാവിത്വത്തിന്റെ അടിത്തറ ഭൂവുടമസ്ഥതയാണ്. ഭൂബന്ധങ്ങള്‍ പൊളിച്ചെഴുതിക്കൊണ്ടല്ലാതെ ബ്രാഹ്മണമേധാവിത്വത്തിന്റെ അടിത്തറ തകര്‍ക്കാനാവില്ല. സാമൂഹിക നീതി നേടിയെടുക്കാന്‍ സാമ്പത്തിക നീതി ആവശ്യമാണെന്ന് തത്വത്തില്‍ അംഗീകരിക്കുമ്പോള്‍തന്നെ അത് പ്രാവര്‍ത്തികമാക്കുന്നതിനായി പോരാടാന്‍ അദ്ദേഹം തയ്യാറായില്ല. ബുദ്ധമതത്തില്‍ ചേരുന്നതോടെ ദളിതന്റെ അവശതകള്‍ക്ക് അന്ത്യം കാണാനാവുമെന്ന് കരുതിയ അദ്ദേഹവും അനുയായികളും അവസാനം ബുദ്ധമതത്തില്‍ ചേര്‍ന്നു. പക്ഷേ ദളിതന്റെ സാമൂഹികനീതി ഇന്നുമൊരു സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു. കമ്യൂണിസം മഹത്തായ ആശയമാണെന്നും എന്നാല്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ കൊള്ളരുതാത്തവരാണെന്നുമുള്ള അഭിപ്രായമാണ് അദ്ദേഹം വെച്ചുപുലര്‍ത്തിയിരുന്നത്.

അംബേദ്കര്‍ അനുയായികളായി പിന്നീട് ദളിത് രാഷ്ട്രീയരംഗത്തുവന്നവരൊക്കെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തേട് അസ്പൃശ്യത വെച്ചുപുലര്‍ത്തുന്ന കാഴ്ചയാണ് കാണാനാവുക. ഉത്തര്‍പ്രദേശില്‍ ദളിത് രാഷ്ട്രീയമുന്നേറ്റത്തിന് തുടക്കംകുറിച്ച കന്‍ഷിറാമും ബിഎസ്പിയുടെ അധികാരാരോഹണത്തിനുശേഷം ദളിത് താത്വികരായി രംഗത്തുവന്ന ഗെയ്ല്‍ ഓംവേദും കാഞ്ച ഇളയ്യയുമൊക്കെ സംഘടിത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോട് എതിര്‍പ്പു പ്രകടിപ്പിക്കുന്ന കാര്യത്തില്‍ സമാന മനസ്കരായിരുന്നു. ജാതി വിഭാഗങ്ങള്‍ക്കിടയില്‍ മുതലാളിത്ത വളര്‍ച്ചമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗപരമായ വൈരുദ്ധ്യങ്ങളെ മറച്ചുവെച്ചുകൊണ്ട് അബ്രാഹ്മണ വിഭാഗങ്ങളുടെയാകെ ഐക്യം എന്ന് അര്‍ത്ഥം വരുന്ന "ബഹുജന്‍" സിദ്ധാന്തം പ്രചരിപ്പിക്കപ്പെട്ടു. ഗെയ്ല്‍ ഓംവേദ് എഴുതിയ ദളിത് സമരചരിത്രത്തില്‍ കമ്യൂണിസ്റ്റ്പാര്‍ടിയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള ദളിത് ആദിവാസി പോരാട്ടങ്ങളൊക്കെ ബഹിഷ്കൃതമാക്കപ്പെട്ടു. കിസാന്‍സഭയുടെ നേതൃത്വത്തില്‍ ഗോദാവരി പരുലേക്കര്‍ നയിച്ച മഹാരാഷ്ട്രയിലെ വര്‍ളി കലാപവും തമിഴ്നാട്ടിലെ കീഴ് വെണ്‍മണിയും കേരളത്തിലെ കുട്ടന്‍കുളം സമരവുമൊക്കെ മന:പൂര്‍വ്വം മറച്ചുവെയ്ക്കപ്പെട്ടു. അങ്ങനെ കമ്യൂണിസ്റ്റുകാര്‍ ദളിത് വിരുദ്ധരാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

കേരളത്തില്‍ ആദിവാസി ഗോത്ര മഹാസഭയും സാധൂജന വിമോചന മുന്നണിയും രൂപംകൊള്ളുന്നത് ഈ പശ്ചാത്തലത്തിലാണ്. ആദിവാസികളുടെ ആദ്യത്തെ ആദിവാസി നേതാവായി സി കെ ജാനുവും ദളിതുകളുടെ ആദ്യത്തെ ദളിത് നേതാവായി ളാഹ ഗോപാലനുമൊക്കെ വാഴ്ത്തപ്പെട്ടു. യഥാര്‍ത്ഥ ഇടതുപക്ഷം ദളിത്-ആദിവാസി നേതൃത്വത്തിലായിരിക്കണം എന്ന പേരില്‍ എത്ര ടണ്‍ കടലാസാണ് അച്ചടിക്കപ്പെട്ടത്. തത്സമയ ചര്‍ച്ചയ്ക്ക് ദൃശ്യമാധ്യമങ്ങള്‍ എത്രയേറെ സമയമാണ് ചെലവഴിച്ചത്. അവസാനം 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരുമുറ്റത്തുനിന്നുകൊണ്ട് ളാഹ ഗോപാലന്‍ പ്രഖ്യാപിച്ചു. ഞങ്ങള്‍ എല്‍ഡിഎഫിന് വോട്ടുചെയ്യില്ല; യുഡിഎഫിന് വോട്ടുചെയ്യരുതെന്ന് പറയില്ല." കാര്യം വ്യക്തം; "യഥാര്‍ത്ഥ ഇടതുപക്ഷക്കാര്‍" കോണ്‍ഗ്രസിന്റെ കുശിനിക്കാര്‍തന്നെ.

ആദിവാസികളുടെ സാര്‍വ്വദേശീയ നേതാവായി വാഴ്ത്തപ്പെട്ട ജാനുവിന് കോണ്‍ഗ്രസ് എംഎല്‍എ ആകാന്‍ മോഹം. രണ്ടുമാസം മുമ്പെ പറഞ്ഞിരുന്നെങ്കില്‍ കൊടുക്കാമായിരുന്നെന്ന് മുല്ലപ്പള്ളി. കാര്യം വ്യക്തം. സിപിഐ (എം) പരിപാടി വ്യക്തമാക്കുന്നതുപോലെ "വോട്ടുബാങ്കുകള്‍ ശക്തിപ്പെടുത്തുക എന്ന സങ്കുചിത ലക്ഷ്യത്തോടെ ജാതീയ വിഭജനങ്ങള്‍ സ്ഥായിയായി നിലനിര്‍ത്തുന്നതിനും ഈ അധ:സ്ഥിത വിഭാഗങ്ങളെ പൊതുജനാധിപത്യ പ്രസ്ഥാനത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിനും ജാതിവികാരം മാത്രം ഇളക്കിവിടുന്ന ഒരു നീക്കവും അതോടൊപ്പമുണ്ട്. സങ്കുചിതമായ തിരഞ്ഞെടുപ്പുനേട്ടങ്ങള്‍ക്കുവേണ്ടി ജാതി അടിസ്ഥാനത്തിലുള്ള ധ്രുവീകരണം ഉപയോഗപ്പെടുത്താന്‍ നിരവധി ജാതി നേതാക്കളും ബൂര്‍ഷ്വാ രാഷ്ട്രീയകക്ഷികളുടെ ചില നേതാക്കളും തുനിയുകയും എല്ലാ ജാതികളിലുംപെട്ട മര്‍ദ്ദിത വിഭാഗങ്ങളുടെ പൊതുവായ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനോട് അവര്‍ ശത്രുതാ മനോഭാവം പ്രകടമാക്കുകയും ചെയ്യുന്നു" എന്ന് തെളിയിക്കുകയാണ് ജാനുവും ളാഹ ഗോപാലനും ചെയ്തത്.

.

*****


കെ എ വേണുഗോപാലന്‍‍, കടപ്പാട്: ചിന്ത വാരിക

Friday, March 11, 2011

വെളിച്ചമായി കേരളം

രാജ്യമൊട്ടാകെ കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമ്പോഴാണ് പവര്‍ക്കട്ടും ലോഡ്ഷെഡിങ്ങുമില്ലാതെ കേരളം അഞ്ചുവര്‍ഷം കടന്നുപോയത്. ഈ കാലയളവില്‍ ഡല്‍ഹിയില്‍ അഞ്ചു മണിക്കൂര്‍വരെ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. യുപിയില്‍ ആറുമുതല്‍ എട്ടു മണിക്കൂറും മഹാരാഷ്ട്രയില്‍ എട്ടു മണിക്കൂറും കര്‍ണാടകത്തില്‍ രണ്ട് മുതല്‍ അഞ്ച് മണിക്കൂറും ആന്ധ്രയില്‍ നാലു മണിക്കൂറും ലോഡ് ഷെഡിങ്ങായിരുന്നു. തമിഴ്നാട്ടില്‍ പവര്‍ ഹോളിഡേ എന്ന പേരില്‍ ആഴ്ചയില്‍ ഒരു ദിവസം വീതം വ്യവസായത്തിന് വൈദ്യുതി പൂര്‍ണമായും നിലപ്പിച്ചു. ഇതിനുപരി രണ്ട് മുതല്‍ ആറു മണിക്കൂര്‍വരെ ലോഡ് ഷെഡിങ്ങും. ഈ സാഹചര്യത്തിലാണ് ഒരു ദിവസംപോലും പവര്‍ക്കട്ടും ലോഡ് ഷെഡിങ്ങുമില്ലാതെ കേരളം പ്രകാശംപരത്തിയത്. പ്രതിദിന ഉപഭോഗം 43 ദശലക്ഷം യൂണിറ്റില്‍നിന്ന് 56 ദശലക്ഷമായി വര്‍ധിക്കുകയും കേന്ദ്രപൂളില്‍നിന്ന് 1041 മെഗാവാട്ട് വൈദ്യുതി ലഭിക്കേണ്ട സ്ഥാനത്ത് 600-650 മെഗാവാട്ട് മാത്രമായി കുറയുകയും ചെയ്തപ്പോഴാണ് ഈ നേട്ടം.

21 ലക്ഷം കണക്ഷനുകളാണ് ഈ കാലയളവില്‍ പുതുതായി നല്‍കിയത്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി പാലക്കാട് മാറി. തുടര്‍ന്ന് തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളും ഈ നേട്ടം കൈവരിച്ചു. 84 നിയമസഭാ മണ്ഡലങ്ങളും സമ്പൂര്‍ണമായി വൈദ്യുതീകരിച്ചു. വൈദ്യുതി ഉല്‍പ്പാദന-പ്രസരണ-വിതരണ രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ ഈ കാലയളവില്‍ കഴിഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആകെ അധിക വൈദ്യുതി ഉല്‍പ്പാദനം 26.6 മെഗാവാട്ട് മാത്രമായിരുന്നു. മൂന്ന് വര്‍ഷത്തോളം ലോഡ് ഷെഡിങ്ങും ഏര്‍പ്പെടുത്തി. പദ്ധതികളെല്ലാം സ്തംഭനാവസ്ഥയില്‍. എന്നാല്‍ പദ്ധതികള്‍ ത്വരിതപ്പെടുത്തി ഉല്‍പ്പാദനം പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. കാറ്റില്‍നിന്ന് 33 മെഗാവാട്ട് അടക്കം 204 മെഗാവാട്ടിന്റെ പദ്ധതികള്‍ കമിഷന്‍ ചെയ്തു. 730 മെഗാവാട്ടിന്റെ മുപ്പതോളം പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. അടുത്ത പത്തുവര്‍ഷത്തിന്റെ ആവശ്യകത മുന്നില്‍ക്കണ്ട് ബൃഹദ്പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്.

കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ യാഥാര്‍ഥ്യമാകുന്നതോടെ കായംകുളം താപനിലയത്തില്‍ പുതുതായി 1950 മെഗാവാട്ടിന്റെ രണ്ടാം ഘട്ടം നടപ്പാകും. ബ്രഹ്മപുരത്ത് ഗ്യാസ് ഉപയോഗിച്ചുള്ള 1000 മെഗാവാട്ടിന്റെ പദ്ധതികള്‍ക്കുള്ള നടപടികളും ആരംഭിച്ചു. 10,000 കിലോമീറ്ററിലധികം 11 കെവി ലൈന്‍ ഈ കാലയളവില്‍ വലിച്ചു. ഇരുപതിനായിരത്തോളം ട്രാന്‍സ്ഫോര്‍മറുകളും സ്ഥാപിച്ചു. വൈദ്യുതി ബോര്‍ഡിനെ ഉപഭോക്തൃ സൌഹൃദ സ്ഥാപനമാക്കുന്നതിന് പൊതുമേഖലയിലൂന്നിയ പരിഷ്കരണങ്ങളാണ് സംസ്ഥാനം നടപ്പാക്കിയത്. ഒറ്റ പൊതുമേഖലാ കമ്പനിയായി വൈദ്യുതി ബോര്‍ഡിനെ പുനഃസംഘടിപ്പിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോഡല്‍ സെക്ഷന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. 150 സെക്ഷനുകളില്‍ നടപ്പാക്കിയ ഈ പരിഷ്കരണം മറ്റു സെക്ഷനുകളിലേക്കും വ്യാപിക്കുകയാണ്. പുതിയ കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടിക്രമം ലഘൂകരിച്ചതിന്റെ ഭാഗമായി 56 പേജുള്ള അപേക്ഷാ ഫോറം രണ്ട് പേജായി ചുരുക്കി.

പ്രകാശം പരത്തിയ ഭരണ നൈപുണി

പ്രസരണ-വിതരണ നഷ്ടം കുറച്ച് ഊര്‍ജസംരക്ഷണം സാധ്യമാക്കിയതാണ് വൈദ്യുതി വകുപ്പിന്റെ ശ്രദ്ധേയ നേട്ടമെന്ന് ശാസ്ത്രജ്ഞന്‍ ആര്‍ വി ജി മേനോന്‍ വിലയിരുത്തുന്നു. സിഎഫ് ബള്‍ബുകള്‍ ഉപയോഗിക്കുന്നതിലൂടെ വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള പരിശ്രമങ്ങള്‍ ഈ മേഖലയിലെ ഒരു ജനകീയ മുന്നേറ്റമായി. ഇതുവഴി വൈദ്യുതി ആവശ്യം കുറയ്ക്കാനായതിനാലാണ്് കഴിഞ്ഞ വര്‍ഷം പവര്‍കട്ടില്ലാതെ പിടിച്ചുനില്‍ക്കാന്‍ കേരളത്തിന് കഴിഞ്ഞത്.

വൈദ്യുതി ഉല്‍പ്പാദനംപോലെ പ്രധാനമാണ് ഊര്‍ജസംരക്ഷണവും. കഴിഞ്ഞകാലങ്ങളില്‍ വൈദ്യുതിബോര്‍ഡിന്റെ സമീപനം ഇതിന് അനുകൂലമായിരുന്നില്ല. ബോര്‍ഡിനെയും ഉദ്യോഗസ്ഥരെയും ഇക്കാര്യം ബോധ്യപ്പെടുത്തി ഈ പ്രവര്‍ത്തനത്തിന് അവരെ സജ്ജമാക്കുകയെന്ന ശ്രമകരമായ ദൌത്യം വിജയിച്ചതില്‍മന്ത്രി എ കെ ബാലന്റെ പങ്ക് ശ്ളാഘനീയമാണ്.

വികസന വിഷയങ്ങളില്‍ ഉദ്യോഗസ്ഥരെയും പൊതുസംഘടനകളെയും ഒന്നിച്ചുകൊണ്ടുപോകാനാണ് അദ്ദേഹം ശ്രമിച്ചത്. വൈദ്യുതി മേഖലയിലെ നേട്ടങ്ങളുടെ ചാലക ശക്തിയായത് മന്ത്രിയുടെ ഈ പോസിറ്റീവ് സമീപനമാണ്.

സമ്പൂര്‍ണ വൈദ്യുതീകരണവും പ്രധാന നേട്ടമാണ്. സമ്പൂര്‍ണ സാക്ഷരതാ പ്രവര്‍ത്തനത്തിലെന്നപോലെ ആവേശകരമായ മുന്നേറ്റമായി ഇത് മാറി. ലൈന്‍വലിച്ച് വൈദ്യുതി എത്തിക്കാന്‍ ബുദ്ധിമുട്ടുള്ള ചുരുക്കം ചില മേഖലകളുണ്ട്. ഇവിടെ ഊര്‍ജസുരക്ഷാ മിഷന്‍ പ്രകാരം സോളാര്‍ വൈദ്യുതി എത്തിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. ഇത് മുന്നോട്ടുകൊണ്ടുപോകണം. എല്ലാ വീട്ടിലും വൈദ്യുതി വെളിച്ചം എന്നതായിരിക്കണം ലക്ഷ്യം.

കൈവരിച്ച നേട്ടങ്ങള്‍ തുടര്‍ പ്രവര്‍ത്തനങ്ങളില്ലാതെ നിഷ്ഫലമാകുന്നുവെന്നതാണ് പലപ്പോഴും കേരളത്തിന്റെ ഗതികേട്. എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാലേ മറ്റ് മേഖലയിലെന്നപോലെ വൈദ്യുതി രംഗത്തും കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താനും ഭാവി ആവശ്യങ്ങള്‍ക്കനുസരിച്ച് ലക്ഷ്യമിട്ട രീതിയില്‍ വികസനം മുന്നോട്ടുകൊണ്ടുപോകാനുമാകൂ- ആര്‍ വി ജി മേനോന്‍ പറഞ്ഞു.

ഊര്‍ജസംരക്ഷണത്തില്‍ മാതൃക

പ്രസരണ-വിതരണ നഷ്ടം കുറച്ച് ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ പ്രാധാന്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 24.6 ശതമാനമായിരുന്ന പ്രസരണ വിതരണ നഷ്ടം 17 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. ഇത് 15 ആക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.
2008-09ല്‍ കേരളത്തിലെ പട്ടികജാതി -വര്‍ഗ കുടുംബങ്ങള്‍ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്കും 10 ലക്ഷം സിഎഫ്എല്‍ സൌജന്യമായി നല്‍കി. കഴിഞ്ഞ വര്‍ഷം കേരളത്തിലെ മുഴുവന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും രണ്ട് സിഎഫ്എല്‍ വീതമാണ് സൌജന്യമായി വിതരണം ചെയ്തത്. ഇപ്പോള്‍ ഒന്നരക്കോടി സിഎഫ്എല്‍ ആണ് സബ്സിഡി നിരക്കില്‍ വിതരണംചെയ്യുന്നത്. ഇതോടൊപ്പം ഊര്‍ജ സംരക്ഷണ ബോധവല്‍ക്കരണം, എനര്‍ജി ഓഡിറ്റിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു. മെച്ചപ്പെട്ട വോള്‍ട്ടേജ്, തടസ്സരഹിത വൈദ്യുത വിതരണം എന്നിവയോടൊപ്പം ആകെ വൈദ്യുതി ലഭ്യത കൂട്ടുന്നതിനും ഈ നടപടികള്‍ സഹായിച്ചു. 2008 ലും 2010ലും ദേശീയ ഊര്‍ജ സംരക്ഷണ പുരസ്കാരങ്ങള്‍ കേരളത്തിന് ലഭിച്ചത് ഇത്തരം ഇടപെടലുകളുടെ ഭാഗമായിട്ടായിരുന്നു.

പൊന്‍തൂവലായി അംഗീകാരങ്ങള്‍

* ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി പാലക്കാട്
* വൈദ്യുതി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് നടത്തിയ പഠനത്തില്‍ കേരളം മൂന്നാം സ്ഥാനത്ത്
* റവന്യൂ കാര്യക്ഷമത, സാങ്കേതിക മികവ് എന്നിവയില്‍ കേരളം ഒന്നാംസ്ഥാനത്ത്
* ഇന്ത്യയിലെ മെച്ചപ്പെട്ട രണ്ടാമത്തെ വൈെദ്യുതി യൂട്ടിലിറ്റിയായി പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ തെരഞ്ഞെടുത്തത് കെഎസ്ഇബിയെ
* 2008, 2010 വര്‍ഷങ്ങളില്‍ ദേശീയ ഊര്‍ജസംരക്ഷണ അവാര്‍ഡ്
* ഇ-ഗ്രാന്റ്സ് പദ്ധതിക്ക് 2011 ലെ ഇ- ഗവേണന്‍സ് ദേശീയ അവാര്‍ഡ്
* എസ്സി എസ്ടി കോര്‍പറേഷന് ദേശീയ തലത്തില്‍ വെള്ളിമെഡല്‍

ജനഹിതമറിഞ്ഞ് പരിഹാരം

രാഷ്ട്രീയ ഇച്ഛാക്തിയും കര്‍മശേഷിയും സമന്വയിപ്പിച്ചാല്‍ പട്ടികവിഭാഗങ്ങളുടെ വികസനം യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് കേരളം തെളിയിച്ച അഞ്ചുവര്‍ഷമാണ് കടന്നുപോയത്. ഭരണസംവിധാനം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജനഹിതമറിഞ്ഞ് പ്രശ്നത്തിന് പരിഹാരം കാണുക എന്ന നയമാണ് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. പട്ടിക വിഭാഗക്കാര്‍ക്കായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടി രാജ്യത്തിനുതന്നെ മാതൃകയായി. വികസനഫണ്ട് ചെലവഴിക്കുന്നതില്‍ ചരിത്രനേട്ടമാണ് കൈവരിച്ചത്. 93.35 ശതമാനം. പദ്ധതി ചെലവിന്റെ കാര്യത്തില്‍ മുന്‍സര്‍ക്കാരിന്റെ കാലത്തെ പരാതികളും അഴിമതിയും ഇല്ലാതാക്കാനായി എന്നതാണ് പ്രധാന നേട്ടം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പട്ടികജാതി-കവര്‍ഗ വിഭാഗങ്ങള്‍ക്ക് ലഭിച്ച അധിക കേന്ദ്രസഹായം വിനിയോഗിക്കുന്നതിലും ഗുരുതരമായ വീഴ്ചയാണുണ്ടായത്. പട്ടികജാതി വികസനവകുപ്പിന് അധിക കേന്ദ്രസഹായമായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച 21.50 കോടി രൂപയില്‍ 43 ലക്ഷം രൂപമാത്രമാണ് ചെലവഴിച്ചത്. അവശേഷിച്ച 21.07 കോടി രൂപയുടെ പദ്ധതി നിര്‍വഹണം ഈ സര്‍ക്കാര്‍ വന്നശേഷമാണ് പൂര്‍ത്തിയാക്കിയത്. ഇതിനുപുറമെ 15.30 കോടി രൂപ അധിക കേന്ദ്രസഹായമായി ലഭിച്ചത് പൂര്‍ണമായും ചെലവഴിച്ചു.
എല്ലാ പട്ടികവിഭാഗ കുടുംബത്തിനും സ്വന്തമായി ഭൂമിയും വീടും നല്‍കുന്ന പദ്ധതി നടപ്പാക്കി. 65,000 വീടാണ് ഈ സര്‍ക്കാരിന്റെ കാലയളവില്‍ നിര്‍മിച്ചു നല്‍കിയത്. വീട് വയ്ക്കാന്‍ ഭൂമി വാങ്ങാനുള്ള ധനസഹായം മൂന്നിരട്ടിയാക്കി. ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്ക് എല്ലാ ആധുനിക ചികിത്സാ സൌകര്യവും സൌജന്യമായി നല്‍കുന്ന പത്തുകോടിയുടെ സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിയും പട്ടികവിഭാഗങ്ങള്‍ക്കും പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്കുള്ള കടാശ്വാസപദ്ധതിയും ലംപ്സം ഗ്രാന്റും സ്റൈപെന്‍ഡും ബാങ്ക് എടിഎംവഴി ലഭ്യമാക്കാനുള്ള ഇ ഗ്രാന്റ് പദ്ധതിയും ശ്രദ്ധേയമായി. എപതു ശതമാനം സീറ്റും പട്ടികവിഭാഗങ്ങള്‍ക്കായി സംവരണംചെയ്ത് വയനാട്ടില്‍ പി കെ കാളന്‍ സ്മാരക അപ്ളൈഡ് സയന്‍സ് കോളേജ് പ്രവര്‍ത്തനം ആരംഭിച്ചു. മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായം 20,000ല്‍ നിന്ന് അരലക്ഷമാക്കി ഉയര്‍ത്തി.

പട്ടികവിഭാഗത്തിനുള്ള പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം നാലിരട്ടിയായാണ് ഈ കാലയളവില്‍ വര്‍ധിപ്പിച്ചത്. സംസ്ഥാന പട്ടികജാതി- പട്ടിക ഗോത്ര കമിഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വികസന കോര്‍പറേഷന്‍ 6500 പേര്‍ക്ക് 981 ലക്ഷം രൂപയുടെ വായപകളാണ് അനുവദിച്ചത്. പിന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ മുഖേന 1,20,219 പേര്‍ക്ക് 523.56 കോടിയുടെ വായ്പയും അനുവദിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കുടിശ്ശികയായിരുന്ന 40.84 കോടിരൂപയുടെ വിദ്യാഭ്യാസ ആനുകൂല്യവും ഈ സര്‍ക്കാര്‍ വിതരണംചെയ്തു. 14.64 കോടി ചെലവിട്ടാണ് എല്ലാ ഹോസ്റലുകളും നവീകരിച്ചത്. വിദ്യാര്‍ഥികളുടെ മെസ് അലവന്‍സും വര്‍ധിപ്പിച്ചു.

ആദിവാസികള്‍ക്ക് സാന്ത്വനം

എല്‍ഡിഎഫ് സര്‍ക്കാര്‍ അധഃസ്ഥിത ജനവിഭാഗങ്ങളുടെ പക്ഷത്താണെന്ന് വിളംബരംചെയ്യുന്നതായിരുന്നു മന്ത്രി എ കെ ബാലന്റെ നേതൃത്വത്തില്‍ നടന്ന ആദിവാസി ജനസമ്പര്‍ക്ക പരിപാടി. ആദിവാസികള്‍ക്കൊപ്പം ഉണ്ടും ഉറങ്ങിയും മന്ത്രി അവരിലൊരാളാവുകയായിരുന്നു.

ഭൂമിപ്രശ്നം, വീട്, ആരോഗ്യം, ചികിത്സാ സഹായം, വൈദ്യുതി, റോഡ്, കുടിവെള്ളം എന്നീ അടിസ്ഥാന പ്രശ്നങ്ങള്‍ക്കാണ് ജനസമ്പര്‍ക്ക പരിപാടിയിലൂടെ പരിഹാരം കാണാന്‍ ശ്രമിച്ചത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ഒരു കോടി രൂപയുടെ ചികിത്സാ സഹായമാണ് അനുവദിച്ചത്. വനനിയമങ്ങള്‍മൂലം തടസ്സപ്പെട്ടുകിടന്ന നിരവധി റോഡുകളുടെ നിര്‍മാണം നടത്തുന്നതിനും വൈദ്യുതീകരണപദ്ധതികള്‍ നടപ്പാക്കുന്നതിനും കഴിഞ്ഞു. കുടിശ്ശിക അടയ്ക്കാത്തതുമൂലം വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കപ്പെട്ട കുടിവെള്ളപദ്ധതികളുടെ കുടിശ്ശിക ഒഴിവാക്കി വൈദ്യുതി പുനഃസ്ഥാപിച്ചു. വ്യാജമദ്യം തുടങ്ങിയ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ക്കെതിരായ വലിയ ബോധവല്‍ക്കരണംകൂടിയായിരുന്നു സന്ദര്‍ശനം. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ഭരണസംവിധാനം അപ്രാപ്യമല്ല എന്നും ജനങ്ങളോടൊപ്പം ഈ സര്‍ക്കാര്‍ നിലകൊള്ളുന്നു എന്നതിന്റെയും വിളംബരമായി സന്ദര്‍ശനം.

സര്‍ക്കാരിന്റെ ഒരു കൈസഹായം; രേഷ്മ പഠനത്തിരക്കിലാണ്

കല്‍പ്പറ്റ: 'അടി ഉറപ്പ് കാണി, സാഹചര്യം മോശമാഞ്ചു. പഠനചെലവ് സര്‍ക്കാരു തരും, പിരകാറരെ ബുദ്ധിമുട്ടിക്കാറേ, പഠിത്തം മുന്നോട്ടു പോകിഞ്ചു' ചുണ്ടേല്‍ കുഞ്ഞങ്ങോട് പട്ടികവര്‍ഗ കോളനിയിലെ രേഷ്മയെന്ന പത്താക്ളാസുകാരിയുടെയും അമ്മ ഗീതയുടെയും ആഹ്ളാദത്തിന് അതിരില്ല. തന്റെ മകളുടെ പഠിക്കാനുള്ള ആഗ്രഹത്തിന് സര്‍ക്കാരാണ് തുണയായതെന്ന് പറയുമ്പോള്‍ ഗീതയുടെ കണ്ണുകളില്‍ തിളക്കം. പട്ടികവര്‍ഗ സ്കോളര്‍ഷിപ് കിട്ടുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് ചുണ്ടേല്‍ ആര്‍ സി ഹൈസ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥി രേഷ്മ. പരീക്ഷ അടുത്തതോടെ പാഠഭാഗങ്ങള്‍ മുഴുവന്‍പഠിച്ചുതീര്‍ക്കാനുള്ള തിരക്കിലാണ്. എല്ലാമാസവും 70 രൂപ വീതം സ്കോളര്‍ഷിപും ലംപ്സം ഗ്രാന്റായി വര്‍ഷം 330 രൂപയും സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നു. പഠനത്തിന് സാമ്പത്തികബുദ്ധിമുട്ടുള്ള സമയത്ത് സ്കോളര്‍ഷിപുകള്‍ ഏറെ സഹായകമായി.

വീട്ടില്‍ പഠിക്കാനുള്ള സൌകര്യം വേണ്ടത്ര ഇല്ലാത്തതിനാല്‍ വൈത്തിരി പഞ്ചായത്താണ് മേശയും കസേരയും നല്‍കിയത്.ബാഗ്, കുട, ഇന്‍സ്ട്രുമെന്റ് ബോക്സ്, യൂണിഫോം, നോട്ട് ബുക്ക്എന്നിവയും ലഭിച്ചു. പഠനത്തിനാവശ്യമായ എല്ലാ സൌകര്യവും സ്കൂളില്‍നിന്ന് ലഭിക്കുന്നുണ്ട്. രാവിലെ 8.45 മുതല്‍ വൈകിട്ട് 6.15 വരെയാണ് സ്കൂളിലെ പഠനം. ഒഴിവുദിനങ്ങളില്‍ അമ്മയുടെ കൂടെ പണിക്ക് പോകും. അച്ഛന്‍ ഗോപാലനും അമ്മ ഗീതയ്ക്കും ലഭിക്കുന്ന തുച്ഛമായ കൂലിയാണ് ഇവരുടെ വരുമാനമാര്‍ഗം. ആദിവാസി വിദ്യാര്‍ഥികളുടെ പഠനചെലവിന്റെ ഭൂരിഭാഗവും വഹിക്കുന്നത് സര്‍ക്കാരാണ്. കൂട്ടുകാരികളും ബന്ധുക്കളില്‍ പലരും പഠനം നിര്‍ത്തിയപ്പോഴും രേഷ്മ പഠനം തുടര്‍ന്നു. അധ്യാപികയാകണമെന്നാണ് ആഗ്രഹം. എസ്എസ്എല്‍സിക്ക് ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ക്കുള്ള സര്‍ക്കാര്‍ പാരിതോഷികമായ രണ്ടായിരം രൂപ നേടുമെന്ന ആത്മവിശ്വാസത്തിലാണ് രേഷ്മ.
(യു ബി സംഗീത)

*
കടപ്പാട്: ദേശാഭിമാനി 11 മാര്‍ച്ച് 2011

Tuesday, August 17, 2010

നവലിബറലിസം ദേശീയ ഐക്യത്തിനു ഭീഷണി

മറ്റൊരു ഇന്ത്യന്‍ സ്വാതന്ത്ര്യദിനംകൂടി കടന്നുപോവുകയാണ്. സ്വാതന്ത്ര്യസമരത്തിന്റെ ഓര്‍മ്മപുതുക്കാന്‍ മാത്രമല്ല, ആറു ദശകത്തിലേറെക്കാലമായുള്ള സ്വതന്ത്ര ഇന്ത്യയുടെ അനുഭവങ്ങളുടെ നേട്ടകോട്ട വിശേഷണം നടത്താനുള്ള അവസരംകൂടിയാണത്. നേട്ടങ്ങളുടെ പട്ടികകളെന്നനിലയില്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് പലതുമുണ്ടാകും: ഉയര്‍ന്ന വളര്‍ച്ചാനിരക്കുകള്‍, ഫോര്‍ബ്‌സ് മാസികയുടെ ധനാഢ്യരുടെ ഇടയില്‍ സ്ഥാനംപിടിച്ച വ്യക്തികള്‍, രണ്ടു ദശകക്കാലം ഇടവിടാതെ പിന്തുടരുന്ന നവലിബറല്‍ നയങ്ങള്‍, ഈ നയങ്ങളുടെ ഫലമായി ജി-20 സമ്മേളനത്തില്‍ സ്ഥാനംപിടിക്കുന്ന ഇന്ത്യ-ഇങ്ങനെ പലതും. അവയ്‌ക്കുതാഴെ, ഇതേ നയങ്ങളുടെ ഫലമായി വീണടിയുന്ന കോടിക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ കഥകള്‍ മൂടിമറയ്‌ക്കപ്പെടും. കഴിഞ്ഞ ആറുദശകങ്ങളായി കാണാത്തവിധത്തില്‍, ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം ഇത്ര ഭീമാകാരമായി എങ്ങനെ വളര്‍ന്നുവന്നു എന്ന ചോദ്യവും അവഗണിക്കപ്പെടും.

ഇവയോടൊപ്പം അവഗണിക്കപ്പെടാവുന്ന മറ്റു ചോദ്യങ്ങളുമുണ്ട്. ഭൂമിശാസ്‌ത്രപരമായ ഏകകമെന്ന നിലയില്‍ ഇന്ത്യ നേരത്തെ നിലനിന്നുവെങ്കിലും, ഒരു ദേശീയ രാഷ്‌ട്രമെന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ച്ച കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തിലാണ്. കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെ കുത്തക സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍വന്ന കോണ്‍ഗ്രസിനു മാത്രമല്ല. സ്വാതന്ത്ര്യത്തിനുവേണ്ടിയും തുല്യ അവസരങ്ങള്‍ക്കും സാമൂഹ്യനീതിക്കും ജനാധിപത്യ അവകാശങ്ങള്‍ക്കുംവേണ്ടിയും പോരാടിയ ലക്ഷോപലക്ഷം ജനങ്ങള്‍ക്കവകാശപ്പെട്ടതാണിത്. പുന്നപ്രവയലാറും തെലങ്കാനയും തേഭാഗയുമടക്കമുള്ള കര്‍ഷകസമരങ്ങള്‍, മുംബൈയിലും അഹമ്മദാബാദിലും ദുര്‍ഗ്ഗാപ്പൂരിലും കൊല്‍കൊത്തയിലും നടന്ന തൊഴിലാളിസമരങ്ങള്‍, നാവികരുടെയും ആര്‍മിയുടെയും കലാപങ്ങള്‍, ആദിവാസികലാപങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍പെടും. സ്‌ത്രീകളും ദളിതരും ആദിവാസികളുമടക്കം എല്ലാ ജനവിഭാഗങ്ങളും അണിനിരന്ന സമര പരമ്പരയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. സ്വാതന്ത്ര്യം ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ആഗ്രഹങ്ങളുടെ പ്രതിഫലനമായിരുന്നു; മേല്‍തട്ടിലുള്ള കുറേ നേതാക്കള്‍ നടത്തിയ ചര്‍ച്ചകളുടെ മാത്രം സൃഷ്‌ടിയായിരുന്നില്ല.

മേല്‍ത്തട്ടിലെ നേതാക്കന്മാര്‍ ചര്‍ച്ചകളിലൂടെ സൃഷ്‌ടിച്ച അപകടങ്ങളില്‍നിന്ന് ഇന്ത്യ ഇനിയും വിമുക്തമായിട്ടില്ല. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വിഭജനം അത്തരത്തിലുള്ള ഒന്നായിരുന്നു. 1937ലെ ലെജിസ്ളേറ്റീവ് കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇന്നത്തെ പാകിസ്ഥാന്‍ പ്രദേശം മുഴുവന്‍ കോണ്‍ഗ്രസ് തൂത്തുവാരിയിരുന്നു. പത്തുവര്‍ഷത്തിനകം മതദേശീയതയുടെ വിളയാട്ടത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ രൂപംകൊണ്ടു. 1947വരെ നിരവധി കര്‍ഷകസമരങ്ങള്‍ക്ക് ജന്മം നല്‍കിയ കിഴക്കന്‍ ബംഗാളും പാകിസ്ഥാനോടു ചേര്‍ന്നു. ഇപ്പോള്‍ കിഴക്കന്‍ ബംഗാള്‍ ബംഗ്ളാദേശായെങ്കിലും മതാധിപത്യം ഇന്നും തുടരുകയാണ്. ഈ വിഭജനം രൂപംനല്‍കിയ പ്രശ്‌നമാണ് കാശ്‌മീര്‍. 1948ല്‍ കാശ്‌മീര്‍ പ്രശ്‌നത്തില്‍ ഇടപെട്ട ഐക്യരാഷ്‌ട്രസഭ നിര്‍ദ്ദേശിച്ച ഹിതപരിശോധന ഷേഖ് അബ്‌ദുള്ളയും നെഹ്റുവും നടത്തിയ സംഭാഷണങ്ങളില്‍ ഫലത്തില്‍ ഇല്ലാതെയായി. ഇന്ന് സ്വതന്ത്രവും സമാധാനപരവുമായ ജീവിതംപോലും അസാധ്യമായവിധത്തില്‍ ഇന്ത്യന്‍ ദേശീയരാഷ്‌ട്രത്തിലെ ഒരു വ്രണമായി കാശ്‌മീര്‍ മാറിയിരിക്കുകയാണ്.

ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണം

മേല്‍തട്ടിലെ നേതാക്കള്‍ ജനഹിതം എത്രമാത്രം നിഷേധിച്ചുവെന്നതിന് വേറെയും ഉദാഹരണങ്ങള്‍ നിരത്താം. "ഉരുക്കുമനുഷ്യ''നായ സര്‍ദാര്‍ പട്ടേലിന്റെ നേതൃത്വത്തില്‍ നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനുമായി ചേര്‍ത്തപ്പോള്‍ രാജാക്കന്മാരുടെ താല്‍പര്യം പരിഗണിച്ച് അവയെ പ്രത്യേക സംസ്ഥാനങ്ങളാക്കി. അങ്ങനെ തിരുവിതാംകൂര്‍ കൊച്ചിയും ഹൈദരാബാദും പെപ്‌സുവും നിലവില്‍വന്നു. പഴയ ബ്രിട്ടീഷ് പ്രവിശ്യകളില്‍ പലതും അതേപോലെ സംസ്ഥാനങ്ങളായി. യുണൈറ്റഡ് പ്രോവിന്‍സസ് ഉത്തര്‍പ്രദേശും സെന്‍ട്രല്‍ പ്രോവിന്‍സസ് മദ്ധ്യപ്രദേശുമാകുമ്പോള്‍ പേര് ഹിന്ദിയിലാക്കിയതു മാത്രമായിരുന്നു വ്യത്യാസം. പിന്നീട് ഭാഷാ സംസ്ഥാനങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ യുക്തിസഹമായ വിഭജനത്തിനുമുള്ള നിരവധി സമരങ്ങള്‍ക്കുശേഷമാണ് 1956ല്‍ ഭാഷാ സംസ്ഥാനങ്ങളുണ്ടാകുന്നത്. ഐക്യകേരള പ്രസ്ഥാനം, തെലങ്കാനാ സമരം, വിശാലാന്ധ്രാ പ്രസ്ഥാനം, മഹാഗുജറാത്ത് പ്രസ്ഥാനം, പെപ്‌സുവില്‍ നടന്ന സമരങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍പെടുന്നു. ഔപചാരിക ചരിത്രം സംസ്ഥാന പുനര്‍നിര്‍ണയത്തിനായി ഗവണ്‍മെന്റ് നിയമിച്ച ചില കമ്മറ്റികളുടെ കഥയാണ് പറയുന്നത്. ഇതിനുവേണ്ടി നടന്ന ദേശീയവിഭാഗങ്ങളുടെ സമരത്തിന്റെ കഥ പറയുന്നില്ല. പലപ്പോഴും സമരചരിത്രം പോട്ടി ശ്രീരാമുലുവിന്റെ ജീവത്യാഗത്തിലൊതുങ്ങുന്നു.

ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണം അന്നത്തെ ബൂര്‍ഷ്വാ രാഷ്‌ട്രീയത്തിന്റെ ഗുണപരമായ വശങ്ങളില്‍നിന്ന് രൂപംകൊള്ളുന്നതാണ്. ഒരു പ്രദേശത്തിന്റെ ഭൂമിശാസ്‌ത്രം, ഭാഷ, സംസ്‌ക്കാരം, സാമ്പത്തിക-സാമൂഹ്യ സവിശേഷതകള്‍, ജീവിതരീതികള്‍ എന്നിവയെ പുരസ്‌ക്കരിച്ചുള്ള പ്രാദേശിക വികസനതന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കണമെന്നത് ഒരു പൊതു കാഴ്‌ചപ്പാടായിരുന്നു. ഗാന്ധിയന്‍-മാര്‍ക്‌സിസ്റ്റ് സമീപനങ്ങള്‍ തമ്മില്‍ നിരവധി കാര്യങ്ങളില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ സമാനമായ നിലപാട് കൈക്കൊണ്ടു. വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം, സാമൂഹ്യസുരക്ഷ, കാര്‍ഷിക പരിഷ്‌ക്കാരങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ സംസ്ഥാനങ്ങളുടെ പരിധിയിലായതും പ്രാദേശിക വികസനത്തില്‍ ഭാഷാ സംസ്ഥാനങ്ങളുടെ പ്രസക്തി വര്‍ദ്ധിപ്പിച്ചു. കേരളത്തിന് സ്വതന്ത്രമായ ഭൂപരിഷ്‌ക്കാരനിയമങ്ങളും വിദ്യാഭ്യാസ പരിഷ്‌ക്കാരവും കൊണ്ടുവരാനായത് ഈ സാഹചര്യങ്ങളിലാണ്. കേന്ദ്ര നയത്തില്‍നിന്ന് വേറിട്ട ഒരു ഭാഷാനയം അംഗീകരിച്ച തമിഴ്‌നാടിനും വികസനത്തിലും സാംസ്‌ക്കാരിക വളര്‍ച്ചയിലും സ്വന്തം സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞു.

അസന്തുലിതാവസ്ഥകളുടെ വളര്‍ച്ച

ഭാഷാ സംസ്ഥാനങ്ങളെല്ലാം സാമൂഹ്യവും സാമ്പത്തികവുമായ ഏകകങ്ങളായിരുന്നില്ല. അവയില്‍ ചില ഭാഗങ്ങള്‍ സാമ്പത്തികമായി ഉയര്‍ന്നുനിന്നപ്പോള്‍ മറ്റു ചില പ്രദേശങ്ങള്‍ പിന്നോട്ടുപോയി. മഹാരാഷ്‌ട്രയിലെ വിദര്‍ഭ, ആന്ധ്രാപ്രദേശില്‍ വടക്കന്‍ ആന്ധ്ര (നൈസാമാബാദ്, ആദിലബാദ് ജില്ലകള്‍), മരുഭൂപ്രദേശമായ പടിഞ്ഞാറന്‍ രാജസ്ഥാന്‍, ഗുജറാത്തിന്റെ തെക്കുഭാഗം തുടങ്ങിയവ ഇന്നും ഉദാഹരണങ്ങളാണ്. ഒറീസ, ബീഹാര്‍ സംസ്ഥാനങ്ങള്‍ ദാരിദ്ര്യത്തിന്റെയും ഫ്യൂഡല്‍ തേര്‍വാഴ്‌ചയുടെയും ഉദാഹരണങ്ങളായി നിലനിന്നു. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കീഴില്‍ ആവിഷ്‌ക്കരിക്കപ്പെട്ട ബൂര്‍ഷ്വാ ഭൂപ്രഭു വികസനതന്ത്രങ്ങള്‍ പ്രാദേശിക അസന്തുലിതാവസ്ഥകളെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്‌തത്.

സമഗ്രമായ ഭൂപരിഷ്‌ക്ക്കാരത്തിന്റെയും കാര്‍ഷിക പരിഷ്‌ക്കാരത്തിന്റെയും അഭാവമായിരുന്നു ഇവയില്‍ പ്രധാനപ്പെട്ടത്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭൂപ്രഭുക്കളുടെ പാര്‍ട്ടിയായി മാറിയ കോണ്‍ഗ്രസ് അവര്‍ക്കെതിരായി ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. തെലങ്കാനാ സമരത്തിന്റെ ഭൂമിയായ ആന്ധ്രയില്‍ പിന്നീട് കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ സ്വീകരിച്ച കര്‍ഷകവിരുദ്ധ നിലപാടുകള്‍ ഉദാഹരണമായിരുന്നു. വിനോബാഭാവേയുടെ ഭൂദാനപ്രസ്ഥാനമായിരുന്നു കര്‍ഷകരെ തൃപ്‌തിപ്പെടുത്താന്‍ ഈ ഗവണ്‍മെന്റുകള്‍ കണ്ടെത്തിയ മാര്‍ഗ്ഗം. അതാണെങ്കില്‍ പരാജയപ്പെടുകയും ചെയ്‌തു. പല പ്രദേശങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൈക്കൊണ്ട ഗ്രാമവികസനതന്ത്രങ്ങളും വിജയിച്ചില്ല. അന്‍പതുകളുടെ അവസാനത്തില്‍ രൂപംകൊണ്ട ആദ്യകാല പഞ്ചായത്തുകളുടെയും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. ഭൂപരിഷ്‌ക്കാരങ്ങള്‍ നടത്തി വ്യത്യസ്‌തമായ പാത പിന്തുടര്‍ന്നത് കേരളം മാത്രമായിരുന്നു. അന്നത്തെ ഗവണ്‍മെന്റിനെ 'വിമോചനസമരം' നടത്തി അട്ടിമറിക്കുന്നതില്‍ ബൂര്‍ഷ്വാ-ഭൂപ്രഭു ശക്തികള്‍ വിജയിക്കുകയും ചെയ്‌തു.

ഭൂപരിഷ്‌ക്കാരങ്ങളുടെ അഭാവത്തില്‍ ഉരുണ്ടുകൂടിയ പ്രശ്‌നങ്ങള്‍ അറുപതുകളുടെ മദ്ധ്യത്തില്‍ കാര്‍ഷിക പ്രതിസന്ധിയായി മാറി. കാര്‍ഷിക പ്രതിസന്ധി കര്‍ഷക ജനസാമാന്യത്തെ മാത്രമല്ല ദരിദ്രവല്‍ക്കരിച്ചത്. ബൂര്‍ഷ്വാ വികസനത്തിന്റെ പങ്കുപറ്റാത്ത ഗോത്ര സമൂഹങ്ങളും ദളിതരും സ്‌ത്രീകളും ഭാഷാ-മതന്യൂനപക്ഷങ്ങളുമടങ്ങുന്ന ഇന്ത്യന്‍ ജനതയിലെ ബഹുഭൂരിപക്ഷംപേരും ദരിദ്രവല്‍ക്കരിക്കപ്പെട്ടു. ഇതിന്റെ ഫലമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗോത്രവിഭാഗങ്ങളുടെ സമരങ്ങള്‍ വളര്‍ന്നുവന്നു. മത ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെതിരായി തിരിഞ്ഞു. കേരളത്തില്‍ മുസ്ളിംലീഗും കേരള കോണ്‍ഗ്രസും കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഐക്യമുന്നണിയില്‍ വന്നത് ഇക്കാലത്താണ്. വളര്‍ന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങളെ നേരിടാന്‍ കോണ്‍ഗ്രസിന് ഒരു റാഡിക്കല്‍മുഖം സ്വീകരിക്കേണ്ടിവന്നു. ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ 'പുരോഗമനാശയങ്ങള്‍' നടപ്പില്‍ വന്ന കാലഘട്ടമായിരുന്നു അത്.

അപ്പോഴും ഉല്‍പാദനബന്ധങ്ങളില്‍ അടിസ്ഥാനമാറ്റങ്ങളുണ്ടാക്കാന്‍ സഹായിക്കുന്ന പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായില്ല. ഭൂപരിഷ്‌ക്കരണം നടപ്പിലായത് കേരളത്തില്‍ മാത്രമാണ്. മറ്റു സംസ്ഥാനങ്ങളില്‍ കാര്‍ഷികോല്‍പാദനം മെച്ചപ്പെടുത്തുന്ന 'ഹരിതവിപ്ളവ' തന്ത്രങ്ങളാണ് നടപ്പിലായത്. ഇതിന്റെ ഫലമായി ഇന്ത്യ ഭക്ഷ്യ സ്വയംപര്യാപ്‌തത കൈവരിച്ചുവെന്നത് നേരാണ്. പക്ഷേ, കാര്‍ഷികോല്‍പന്നങ്ങള്‍ വിതരണംചെയ്യുന്നതിലുള്ള ഭീമമായ അസന്തുലിതാവസ്ഥകള്‍ നിലനിന്നു. ബാങ്ക് ദേശസാല്‍ക്കരണവും കാര്‍ഷികലോണുകളുടെ ഉദാരമായ വിതരണവും ലക്ഷ്യത്തിലെത്തിയില്ല. കാര്‍ഷികോല്‍പാദന ബന്ധങ്ങളില്‍ മാറ്റംവരാത്ത സാഹചര്യങ്ങളില്‍ ലോണുകള്‍ വിനിയോഗിച്ചത് ഭൂപ്രഭുക്കളും മറ്റു ജോലികള്‍ ചെയ്യുന്ന 'ഞായറാഴ്‌ച' കര്‍ഷകരുമായിരുന്നു. ഇതേ സാഹചര്യങ്ങള്‍തന്നെ ഇന്ത്യയിലെ കുത്തക വ്യവസായങ്ങളെ മുരടിപ്പിലേക്കുനയിക്കുകയും നാണയപ്പെരുപ്പവും വിലക്കയറ്റവും ജനജീവിതത്തെ താറുമാറാക്കുകയും ചയ്‌തു. ഇവ മൂലമുണ്ടായ ജനകീയ പൊട്ടിത്തെറികളെ ഭരണകൂടം നേരിട്ടത് അടിയന്തിരാവസ്ഥയുടെ പേരിലുള്ള അമിതാധികാര പ്രയോഗത്തിലൂടെയാണ്.

ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണത്തിലൂടെ ഉയര്‍ന്നുവന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ ഭരണകൂടം പരാജയപ്പെട്ടതായി ഇതില്‍നിന്നു കാണാം. ഭൂപരിഷ്‌ക്കാരത്തില്‍ മാത്രമല്ല, സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം, സാമൂഹ്യവും സാമ്പത്തികവും രാഷ്‌ട്രീയവുമായ തുല്യനീതി നടപ്പിലാക്കല്‍, നീതിയുക്തമായ വിതരണ സമ്പ്രദായം ഉറപ്പുവരുത്തല്‍, തുല്യജോലിക്ക് തുല്യവേതനം ഉറപ്പുവരുത്തല്‍, ജാതീയവും ലിംഗപരവുമായ അസമത്വങ്ങളും അയിത്തവും ഇല്ലായ്‌‌മചെയ്യല്‍, ന്യൂനപക്ഷങ്ങളുടെ ജീവിതാവകാശങ്ങള്‍ ഉറപ്പുവരുത്തല്‍ തുടങ്ങിയ ഭരണഘടനയില്‍ നിര്‍ദ്ദിഷ്‌ടമായ ബാദ്ധ്യതകള്‍പോലും നടപ്പില്‍ വരുത്തുന്നതില്‍ ഭരണകൂടം പരാജയപ്പെടുകയാണ് ചെയ്‌തത്. അതായത് ഫ്യൂഡല്‍വിരുദ്ധ ബൂര്‍ഷ്വാലിബറല്‍ ആശയങ്ങളുടെയോ കെയ്ന്‍സിയന്‍ സിദ്ധാന്തത്തിലധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയുടെയോ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മുതലാളിത്ത പരിവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ അന്നത്തെ ഭരണകൂടത്തിനു കഴിഞ്ഞില്ല. അടിയന്തിരാവസ്ഥ ഒരര്‍ത്ഥത്തില്‍ മുതലാളിത്തത്തിന്റെ കുറ്റസമ്മതമായിരുന്നു. അന്നത്തെ ലിബറല്‍ ഘടനയിലേക്ക് തിരിച്ചുപോകാന്‍ പിന്നീട് ബൂര്‍ഷ്വാ ഭരണകൂടത്തിന് കഴിഞ്ഞിട്ടുമില്ല. അതേസമയം, അന്നു സൃഷ്‌ടിക്കപ്പെട്ട അസന്തുലിതാവസ്ഥകള്‍ ഇന്ന് ഇന്ത്യന്‍ ദേശീയ രാഷ്‌ട്രത്തെ കാര്‍ന്നുതിന്നുകയാണ്.

നവലിബറലിസത്തിലേക്കുള്ള വ്യതിയാനം

നവലിബറലിസത്തിലേക്കുള്ള വ്യതിയാനത്തെക്കുറിച്ചുള്ള ചര്‍ച്ച ആവര്‍ത്തിക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. വ്യതിയാനം സൃഷ്‌ടിച്ച ഗൌരവതരവും ഏറെ പ്രസക്തവുമായ വൈരുദ്ധ്യത്തെക്കുറിച്ചു മാത്രമാണ് ഇവിടെ അന്വേഷിക്കുന്നത്. അതിനുമുമ്പുള്ള കാലഘട്ടം സൃഷ്‌ടിച്ച അസന്തുലിതാവസ്ഥകളാണ് അടിയന്തിരാവസ്ഥയ്‌ക്കുശേഷം കോണ്‍ഗ്രസ് ഭരണത്തിന്റെ പതനത്തിലേക്കും ജനതാപാര്‍ടിയുടെ വരവിലേക്കും നയിച്ചത്. ജനതാപാര്‍ടി യഥാര്‍ത്ഥത്തില്‍ ഒരു വ്യവസ്ഥാപിത ബൂര്‍ഷ്വാ പാര്‍ടിയായിരുന്നില്ല. വിവിധ സംസ്ഥാനങ്ങളില്‍ രൂപംകൊണ്ട കോണ്‍ഗ്രസ് വിരുദ്ധ പ്രാദേശിക മുന്നണികളുടെയും ഹൈന്ദവ ഭൂരിപക്ഷ വര്‍ഗീയതയുടെയും കൂട്ടുമുന്നണിയായിരുന്നു. അതിനുനേതൃത്വംകൊടുത്ത (സിന്‍ഡിക്കേറ്റ്) കോണ്‍ഗ്രസുകാര്‍ ബൂര്‍ഷ്വാ - ഭൂപ്രഭുവര്‍ഗ സ്വഭാവം നിലനിര്‍ത്തുന്നതില്‍ വിജയിക്കുകയും ചെയ്‌തു. അതുകൊണ്ടുതന്നെ ജനതാപാര്‍ടി (മുന്നണി) തകരുന്നതിന് ഏറെ കാലതാമസമുണ്ടായില്ല. ഹൈന്ദവ വര്‍ഗീയകക്ഷി ആദ്യംതന്നെ വേറിട്ടുപോരുകയും സ്വതന്ത്രമായ പാത പിന്തുടരുകയും ചെയ്‌തു. തുടര്‍ന്ന് മറ്റു പ്രാദേശിക മുന്നണികളും സ്വതന്ത്രമാകുകയും ജനതാപരീക്ഷണം അവസാനിക്കുകയും ചെയ്‌തു.

ഇവിടെയാണ് മുമ്പ് സൃഷ്‌ടിക്കപ്പെട്ട അസന്തുലിതാവസ്ഥകള്‍ പുറത്തുവരുന്നത്. പ്രാദേശിക അസന്തുലിതാവസ്ഥകളുടെ ഭാഗമായി അവഗണിക്കപ്പെട്ട ആസാം മുതലായ പ്രാന്തപ്രദേശങ്ങളിലും നിരവധി ഗോത്ര സമൂഹങ്ങളിലും സമരങ്ങള്‍ വളര്‍ന്നുവന്നു. ഗുജറാത്ത്, മഹാരാഷ്‌ട്ര, ബീഹാര്‍, പഞ്ചാബ് മുതലായ പ്രദേശങ്ങളിലും സമരങ്ങള്‍ വ്യാപിച്ചു. അവയില്‍ ആസാമിലും പഞ്ചാബിലും ഇത്തരം സമരങ്ങള്‍ പ്രത്യക്ഷമായ വിഘടന വാദമായി മാറി. കാശ്‌മീരിലും വിഘടനവാദം പ്രത്യക്ഷപ്പെട്ടു. ആന്ധ്രയില്‍ ന‌ക്‌സലൈറ്റുകള്‍ സായുധ കലാപങ്ങളിലേക്കു നീങ്ങി. ത്രിപുരയില്‍ ഗോത്രവര്‍ഗ വിഘടനവാദം പ്രത്യക്ഷപ്പെട്ടതും ഇക്കാലത്താണ്. ബംഗാളിന്റെ വടക്കുഭാഗത്ത് ഗൂര്‍ഖാലാന്‍ഡ് വാദവും ബീഹാര്‍/ഒറീസ പ്രദേശങ്ങളില്‍ ഝാര്‍ഖണ്ഡ് വാദവും ശക്തിപ്പെട്ടു.

ഇത്തരം സമരങ്ങളെയും വിഘടനവാദ രൂപങ്ങളെയും ഗവണ്‍മെന്റ് നേരിട്ടത് കേന്ദ്രീകരണത്തിലൂടെയാണ്. നവലിബറലിസത്തിന്റെ ഭാഗമായുള്ള 'ഘടനാപരമായ പരിവര്‍ത്തന''ത്തിലൂടെയും തീരുമാനങ്ങളെടുക്കുന്നതിലുള്ള കേന്ദ്രീകരണത്തിലൂടെയും അനുക്രമമായി സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്‌ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്‌തത്. കേന്ദ്ര പദ്ധതികളുടെ എണ്ണം അതിവേഗത്തില്‍ വര്‍ദ്ധിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം മുതലായ സംസ്ഥാന ഗവണ്‍മെന്റിന്റെ പരിധിയില്‍പ്പെട്ട വിഷയങ്ങളില്‍പോലും നിരവധി കേന്ദ്രപദ്ധതികള്‍ നിലവില്‍വന്നു. കേന്ദ്ര ഏജന്‍സികളെയും പട്ടാളത്തെയും പൊലീസിനെയുമുപയോഗിച്ച് പല സമരങ്ങളും അടിച്ചമര്‍ത്തപ്പെട്ടു. ജനങ്ങള്‍ക്ക് ധനസഹായവും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് നിരവധി പദ്ധതികള്‍ നടപ്പിലാക്കപ്പെടുകയും അതിനുള്ള നിര്‍വഹണ ഏജന്‍സികളായി പഞ്ചായത്തുകളെ പ്രയോജനപ്പെടുത്തുകയും ചെയ്‌തു.

ഇവിടെയാണ് രാഷ്‌ട്രീയമായ പുതിയ വൈരുദ്ധ്യം പ്രത്യക്ഷപ്പെടുന്നത്. പ്രാദേശികമായ അസന്തുലിതാവസ്ഥകളെയും അതു സൃഷ്‌ടിക്കുന്ന പ്രാദേശിക പ്രക്ഷോഭങ്ങളെയും കൈകാര്യംചെയ്യേണ്ടത് വര്‍ദ്ധിച്ച ജനാധിപത്യവല്‍ക്കരണത്തിലൂടെയും അധികാര വികേന്ദ്രീകരണത്തിലൂടെയുമാണ്. പ്രാദേശിക ജനതയുടെ പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യാന്‍ അവരെത്തന്നെ പ്രാപ്‌തരാക്കുകയും അതിനാവശ്യമായ സ്വയം നിര്‍ണായകാവകാശം അവര്‍ക്ക് നല്‍കുകയുമാണ് വേണ്ടിയിരുന്നത്. ഈ കാര്യത്തില്‍ വിജയിച്ചത് ഇടതുപക്ഷ സര്‍ക്കാരുകളാണ്. ത്രിപുരയില്‍ വളര്‍ന്നുവന്ന വിഘടനവാദത്തെ നിയന്ത്രിക്കുന്നതില്‍ അവിടത്തെ സര്‍ക്കാര്‍ വിജയിച്ചത് ഗോത്രവര്‍ഗ സ്വയംഭരണ കണ്‍സിലുകള്‍ സ്ഥാപിച്ചാണ്. പശ്ചിമബംഗാളിലെ ഡാര്‍ജിലിങ് പ്രവിശ്യയിലും ഇത്തരത്തിലുള്ള കൌണ്‍സില്‍ നിലവില്‍വന്നു. പക്ഷേ, ഈ മാതൃക അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടാക്കിയില്ല. പിന്നീട് ഝാര്‍ഖണ്ഡ്, ഛത്തീസ്‌ഗഢ്, ഉത്തരാഞ്ചല്‍ മുതലായ സംസ്ഥാനങ്ങള്‍ നിലവില്‍വന്നുവെങ്കിലും സ്ഥിതി വിശേഷം ആകെ മാറിക്കഴിഞ്ഞിരുന്നു.

ഇതേ വിധത്തിലുള്ള കേന്ദ്രീകരണനയങ്ങളിലൂടെയാണ് ഇന്ത്യയില്‍ നവലിബറല്‍ ഉദാരവല്‍ക്കരണവും അടിച്ചേല്‍പിക്കപ്പെട്ടത്. പാര്‍ലമെന്റിനെപ്പോലും മറികടന്നുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെ ഉദാരവല്‍ക്കരണം നടപ്പിലാക്കുക, അതുകൊണ്ടുണ്ടാകാവുന്ന തൊഴില്‍ കുഴപ്പങ്ങളും അസംതൃപ്‌തിയും പരിഹരിക്കാന്‍ നിരവധി കേന്ദ്ര ധനസഹായ പദ്ധതികള്‍ നിര്‍ദ്ദേശിക്കുക, അവ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകളെയും പഞ്ചായത്തുകളെയും ഏല്‍പിക്കുക എന്ന തന്ത്രമാണ് ആവിഷ്‌ക്കരിക്കപ്പെട്ടത്. ഉദാരവല്‍ക്കരണത്തിനുള്ള സാമൂഹ്യ സുരക്ഷാ കവചമായാണ് ത്രിതല പഞ്ചായത്തുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടതും പഞ്ചായത്ത്-നഗരപാലികാ നിയമം നിലവില്‍വരുന്നതു. ഉദാരവല്‍ക്കരണം സൃഷ്‌ടിക്കാവുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തില്‍ അത്തരത്തിലുള്ള സുരക്ഷാകവചം ആവശ്യമായിരുന്നു. തികച്ചും കേന്ദ്രീകൃതമായ ഉദാരവല്‍ക്കരണനയത്തിലെ ഏക ജനാധിപത്യഘടകവും പഞ്ചായത്ത്രാജ് സംവിധാനമായിരുന്നു. പക്ഷേ, അതിന്റെ ജനാധിപത്യസ്വഭാവം തിരിച്ചറിഞ്ഞ് ബഹുജന മുന്നേറ്റത്തിന്റെയും സാമൂഹ്യാനുകൂല്യങ്ങളുടെ വിതരണത്തിന്റെയും ഉപാധിയായി മാറ്റുന്നതില്‍ വിജയിച്ചത് ഇടതുപക്ഷ സര്‍ക്കാരുകള്‍ മാത്രമായിരുന്നു. കേരളത്തിലെ ജനകീയാസൂത്രണം അതിന്റെ മകുടോദാഹരണമാണ്. മറ്റുള്ള സംസ്ഥാനങ്ങളില്‍ പഞ്ചായത്ത്രാജ് സംവിധാനം പേരിന് നടപ്പില്‍ വന്നുവെന്നല്ലാതെ നിലവിലുള്ള അസന്തുലിതാവസ്ഥകള്‍ പരിഹരിക്കുന്നതില്‍ ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല.

നവലിബറല്‍ രാഷ്‌ട്രീയവും ദേശീയ വിഭാഗങ്ങളും

ഇന്ന് നവലിബറല്‍ സമ്പദ്ഘടനയെയോ രാഷ്‌ട്രീയത്തെയോ കുറിച്ച് കാര്യമായ അഭിപ്രായ വ്യത്യാസങ്ങള്‍ ബൂര്‍ഷ്വാ ഭൂപ്രഭുരാഷ്‌ട്രീയ പാര്‍ടികളിലില്ല. നവലിബറലിസത്തിന്റെ ഗുണഭോക്താക്കള്‍ ആരാകണമെന്നതിനെ സംബന്ധിച്ച ചില അഭിപ്രായ വ്യത്യാസങ്ങളാണ് നിലനില്‍ക്കുന്നത്. അത് ഭൂരിപക്ഷ ഹിന്ദുക്കളാകണമെന്നും ന്യൂനപക്ഷങ്ങളും "കപട'' സെക്കുലര്‍ വിഭാഗങ്ങളും കൂടി സ്വന്തം അവകാശം തട്ടിയെടുക്കുകയാണെന്നുമുള്ളതില്‍ ഹിന്ദുത്വവാദികള്‍ക്ക് ഒരു സംശയവുമില്ല. ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, ദളിതര്‍, സ്‌ത്രീകള്‍ തുടങ്ങിയവര്‍ സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി അതുപോലുള്ള വാദങ്ങള്‍ ഉയര്‍ത്തുന്നു. ഈ വാദങ്ങള്‍ സമര്‍ത്ഥിക്കുന്നതിനായി ജനസംഖ്യയിലെ വ്യത്യാസങ്ങള്‍, സാമൂഹ്യമര്‍ദ്ദന രൂപങ്ങളുടെ ചരിത്രപരത, ഇന്ന് നിലനില്‍ക്കുന്ന മര്‍ദ്ദന പീഡനരൂപങ്ങളും അസന്തുലിതാവസ്ഥകളും തുടങ്ങിയവയെല്ലാം ഉപയോഗിക്കപ്പെടുന്നു. ഈ വാദങ്ങള്‍ക്കെല്ലാം ബൂര്‍ഷ്വാ സാമൂഹ്യശാസ്‌ത്ര സിദ്ധാന്തങ്ങളുടെ ശക്തമായ പിന്‍ബലവുമുണ്ട്. നവലിബറല്‍ സമ്പദ്ഘടനയെയോ അത് ഇന്ത്യയില്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന അധികാര രാഷ്‌ട്രീയ ഘടനയെയോ ചോദ്യംചെയ്യുന്നതിനുപകരം, അധികാരബന്ധങ്ങളെ കേവലവും രൂപപരവുമായി കാണുകയും അവയുടെ അടിസ്ഥാനത്തില്‍ സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുകയുമാണ് നവലിബറല്‍ പ്രതിരോധ പ്രസ്ഥാനങ്ങളുടെ യുക്തി. ഇവിടെയാണ് വനവാസി/ആദിവാസി, ബ്രാഹ്മണന്‍/ദളിതന്‍, ഭൂരിപക്ഷം, ന്യൂനപക്ഷം, പുരുഷന്‍/ സ്‌ത്രീ/ ലിംഗന്യൂനപക്ഷങ്ങള്‍, മുഖ്യധാര/പാര്‍ശ്വധാര മുതലായ ദ്വന്ദ്വങ്ങള്‍ (അല്ലെങ്കില്‍ ത്രിത്വങ്ങള്‍) രാഷ്‌ട്രീയ ചര്‍ച്ചകളില്‍ സ്ഥാനം പിടിക്കുന്നത്. മുതലാളികളും തൊഴിലാളികളും, ഭരണകൂടവും ജനങ്ങളും തുടങ്ങിയ വൈരുദ്ധ്യങ്ങള്‍ അവയിലൊന്നുമാത്രമായി തീരുന്നു. ഇന്ന് ബൂര്‍ഷ്വാരാഷ്‌ട്രീയ പാര്‍ട്ടികളില്‍ നല്ലൊരു ഭാഗവും ഇവയില്‍ ഏതെങ്കിലും ദ്വന്ദ്വത്തിന്റെ അവകാശങ്ങളില്‍ കേന്ദ്രീകരിക്കുന്നവയാണ്. കേരളത്തിലെ മുസ്ളീംലീഗും കേരള കോണ്‍ഗ്രസും, ബഹുജന്‍ സമാജ്‌പാര്‍ടി, ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും രാഷ്‌ട്രീയകക്ഷികള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇവ കൂടാതെ പ്രാദേശികവാദത്തിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ഡിഎംകെ, തെലുഗുദേശം, എജിപി, അകാലിദള്‍ തുടങ്ങിയവയും നവലിബറല്‍ വ്യതിയാനത്തെ എതിര്‍ക്കുന്നില്ല. ഇടതുപക്ഷത്തിനും ചില സ്വതന്ത്രഗ്രൂപ്പുകള്‍ക്കും ബുദ്ധിജീവികള്‍ക്കും ഒഴികെ ഇന്ന് നവലിബറലിസം നമ്മുടെ രാഷ്‌ട്രീയ ബൌദ്ധിക മേഖലകളില്‍ പൊതുവെ സ്വീകാര്യമാണ്. അതിന്റെ ആനുകൂല്യങ്ങളുടെ വിതരണത്തിന്റെ കാര്യത്തിലാണ് അഭിപ്രായവ്യത്യാസങ്ങളുള്ളത്.

ഈ സാഹചര്യങ്ങളില്‍ ദേശീയ വിഭാഗങ്ങളുടെയും പ്രാദേശിക അസന്തുലിതാവസ്ഥകളുടെയും പ്രശ്‌നം ഗൌരവത്തില്‍ ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ നവലിബറലിസം നടപ്പിലാകുന്നത് രാഷ്‌ട്രീയ കേന്ദ്രീകരണത്തിലൂടെയാണ്. പലപ്പോഴും പാര്‍ലമെന്റിനെപ്പോലും മറികടന്നുകൊണ്ടുള്ള ഉത്തരവുകളിലൂടെയാണ് അത് നടപ്പിലാകുന്നത്. വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങള്‍, ആസിയാന്‍ കരാര്‍, ബൌദ്ധികസ്വത്തവകാശത്തില്‍ വന്ന മാറ്റങ്ങള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍, പശ്ചാത്തല സൌകര്യങ്ങളുടെ വികാസം, "പൊതു-സ്വകാര്യ പങ്കാളിത്ത രൂപങ്ങള്‍'' തുടങ്ങിയവയെല്ലാം നടപ്പിലാകുന്നത് കേന്ദ്രീകൃതമായാണ്. ഏറ്റവുമവസാനമായി "നവരത്ന'' കമ്പനികളും ഓഹരി വിറ്റഴിക്കല്‍ പ്രക്രിയക്ക് വിധേയമാകുന്നു. ഇവയിലെല്ലാം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് പരിമിതമായ വിലപേശല്‍ കഴിവുകള്‍ മാത്രമേയുള്ളു. ഇടതുപക്ഷ സര്‍ക്കാരുകള്‍ ഒഴികെ മറ്റുള്ള പല സംസ്ഥാന ഗവണ്‍മെന്റുകളും "കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി'' എന്നമട്ടില്‍ പ്രവര്‍ത്തിക്കുന്നവയാണ്. നവലിബറല്‍ നയങ്ങള്‍ ഒരു കൂസലുംകൂടാതെ നടപ്പിലാക്കുകയും അവയെ ജനപ്രിയ വാചക കസര്‍ത്തില്‍ മൂടിപ്പൊതിയുകയുമാണ് ഇത്തരം സര്‍ക്കാരുകള്‍ ചെയ്യുന്നത്.

ഇത്തരം രാഷ്‌ട്രീയ പ്രയോഗത്തിന്റെ ദുരന്തഫലങ്ങള്‍ ഏറ്റവും പ്രകടമാകുന്നത് പുതിയതായി രൂപംകൊണ്ട സംസ്ഥാനങ്ങളിലാണ്. എഴുപതുകളിലും എണ്‍പതുകളിലുമായി വളര്‍ന്നുവന്ന ഗോത്രവര്‍ഗ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ഛത്തീസ്‌ഗഢ്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ രൂപംകൊണ്ടത്. ഇന്ത്യയില്‍ത്തന്നെ ഏറ്റവും പിന്നോക്ക പ്രദേശങ്ങള്‍ സ്ഥിതിചെയ്യുന്നത് ഈ സംസ്ഥാനങ്ങളിലും തൊട്ടയല്‍പക്കത്തുള്ള ഒറീസയിലും മഹാരാഷ്‌ട്രയിലുമാണ്. എന്‍ഡിഎ ഭരണകാലത്ത് രൂപംകൊണ്ട ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും ഭരിച്ചുവെങ്കിലും വ്യക്തമായ പ്രാദേശിക വികസനനയം ആവിഷ്‌ക്കരിക്കാനോ അവിടത്തെ ഗോത്രവര്‍ഗ്ഗങ്ങളുടെയും സാധാരണജനങ്ങളുടെയും ജീവിതവൃത്തി ഉറപ്പുവരുത്താനോ കഴിഞ്ഞില്ല. അതേസമയം, അവിടെ സമൃദ്ധമായ ഖനിജവിഭവങ്ങളിലേക്കു കടന്നുകയറാന്‍ കുത്തകകള്‍ക്ക് സര്‍വ്വതന്ത്ര സ്വാതന്ത്ര്യം നല്‍കി. അവിടത്തെ ഭൂമി മുഴുവന്‍ ഭൂമാഫിയകളുടെയും കോണ്‍ട്രാക്‌ടര്‍മാരുടെയും കീഴില്‍വന്നു. സ്വന്തം ഭൂമികളില്‍നിന്നപോലും കുടിയിറക്കപ്പെടുകയും കോണ്‍ട്രാക്‌ടര്‍മാരുടെ സായുധ ഗുണ്ടാസംഘങ്ങളുടെ അക്രമങ്ങള്‍ക്കിരയാവുകയും ചെയ്‌ത തൊഴിലാളികള്‍ക്കും ആദിവാസികള്‍ക്കും അടിസ്ഥാന ജീവിത സുരക്ഷപോലും ലഭിച്ചില്ല. നിയമപരമായ വേതനംപോലും കോണ്‍ട്രാക്‌ടര്‍മാരും ഗുണ്ടകളും അപഹരിക്കുന്ന സ്ഥിതിയാണുണ്ടായത്. ഈ അവസ്ഥയിലാണ് മാവോയിസ്‌റ്റുകള്‍ ഇടപെടുന്നതും ആദിവാസികളെ സായുധരാക്കി അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും. ഇതേ മാവോയിസ്‌റ്റുകളെ സ്വന്തം ഇടതുപക്ഷവിരുദ്ധ അജണ്ട നടപ്പിലാക്കുന്നതിന് മമതാ ബാനര്‍ജിയും ഉപയോഗിക്കുന്നു. ഇവിടെ മാവോയിസ്‌റ്റുകളുടെ സായുധമുറകള്‍ക്ക് നീതീകരണമില്ല. ഇടതുപക്ഷ വിരുദ്ധ വാചകക്കസര്‍ത്ത് ഒഴികെ അവരുടെ ലക്ഷ്യമെന്തെന്ന് വ്യക്തമായി പറയാനോ സ്വത്വരാഷ്‌ട്രീയത്തില്‍നിന്ന് സ്വയം വേര്‍തിരിക്കാനോ അവരെക്കൊണ്ട് കഴിയുന്നില്ല. പക്ഷേ, ഈ സ്ഥിതിവിശേഷം സൃഷ്‌ടിക്കുന്നതില്‍ ബൂര്‍ഷ്വാ-ഭൂപ്രഭു പാര്‍ടികള്‍ക്കുള്ള പങ്ക് മറച്ചുവെയ്‌ക്കാനാകില്ല.

ഉദാരവല്‍ക്കരണമുറകളിലൂടെ ഭൂമിയുടെയും വിഭവങ്ങളുടെയുംമേല്‍ കടന്നുകയറാന്‍ കുത്തകകള്‍ക്കും കരാറുകാര്‍ക്കും അവസരമൊരുക്കിയതും അതിനുവേണ്ടി വളരെ ക്രൂരമായ അഴിമതികള്‍ നടത്തിയതും ഇവര്‍ തന്നെയാണ്. മധുകോഡ അഴിമതിക്കേസ് വ്യക്തമായ ഉദാഹരണവും. ഇന്നും അവിടത്തെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിനല്ല സര്‍ക്കാര്‍ ശ്രമിക്കുന്നത്, മാവോയിസ്‌റ്റുകളെയും അവരുടെകൂടെ നില്‍ക്കുന്ന ആദിവാസികളെയും അമര്‍ച്ചചെയ്‌ത് "വികസന''ത്തിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കുന്നതിലാണ്. ഭരണകക്ഷികളില്‍ ഒരു കൂട്ടര്‍ മാവോയിസ്‌റ്റുകളെ അമര്‍ച്ചചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരുകൂട്ടര്‍ സ്വന്തം രാഷ്‌ട്രീയത്തിന്റെ ഭാഗമാക്കാനും ശ്രമിക്കുന്നു.

തൊട്ടടുത്തു കിടക്കുന്ന വിദര്‍ഭയും മഹാരാഷ്‌ട്രയിലെ മറ്റു ഗ്രാമങ്ങളും ഇന്ത്യന്‍ ഗ്രാമീണ ജനതയെ ഗ്രസിച്ചിരിക്കുന്ന ഭീകരാവസ്ഥയുടെ മറ്റൊരു തെളിവാണ്. ഇന്ത്യയില്‍ ഏറ്റവുമധികം ആദായനികുതി അടയ്‌ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്‌ട്ര എന്നുകൂടി ഓര്‍ക്കുമ്പോഴാണ് നമ്മെ വിഴുങ്ങുന്ന ദുരന്തത്തിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവരിക (മറ്റൊരു സംസ്ഥാനം നരഹത്യകള്‍ക്ക് കേള്‍വികേട്ട ഗുജറാത്താണ്). ഒരേ സംസ്ഥാനത്തിന്റെ ഒരു വിഭാഗം പട്ടിണികിടക്കുമ്പോള്‍ ഒരു ചെറു ന്യൂനപക്ഷം മെട്രോപൊളിറ്റന്‍ സുഖഭോഗങ്ങളില്‍ തിമര്‍ക്കുന്നത് ഉദാരവല്‍ക്കരണത്തില്‍ വളര്‍ന്നുവരുന്ന വൈരുദ്ധ്യങ്ങളുടെ യഥാര്‍ത്ഥ ചിത്രം പുറത്തുകൊണ്ടുവരുന്നു. വിദര്‍ഭന്‍ ദേശീയവാദികളുടെയും മാവോയിസ്‌റ്റുകളുടെയും ആസ്ഥാനമായി നാഗ്‌പൂര്‍ പട്ടണം മാറുന്നത് ഈ പശ്ചാത്തലത്തിലാണ്. കര്‍ഷകരുടെ ആത്മഹത്യകളില്‍ ഒരു സര്‍വ്വകാല റെക്കോര്‍ഡിലേക്ക് വിദര്‍ഭ നീങ്ങുകയാണ്.

ഇവിടെയാണ് അന്‍പതുകളില്‍ രൂപംകൊണ്ട ഭാഷാ സംസ്ഥാന സങ്കല്‍പം പുനരാലോചനയ്‌ക്ക് വിധേയമാകുന്നത്. അറുപതുകള്‍ മുതല്‍ ഇന്ത്യയില്‍ രൂപംകൊണ്ട സംസ്ഥാനങ്ങള്‍ ഒന്നും യഥാര്‍ത്ഥത്തില്‍ ഭാഷാ ദേശീയതകളായിരുന്നില്ല. ഹരിയാനയ്‌ക്കും ഛത്തീസ്‌ഗഢിനും ഗോവയ്‌ക്കും വേണമെങ്കില്‍ പ്രാദേശിക വായ്‌‌മൊഴികളുടെ പാരമ്പര്യം പറയാമെന്നുമാത്രം, മറ്റുള്ളവയെല്ലാം ഗോത്രവര്‍ഗ്ഗ-പ്രാദേശിക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലും ബൂര്‍ഷ്വാ-ഭൂപ്രഭു രാഷ്‌ട്രീയപാര്‍ടികളുടെ പ്രാദേശിക താല്‍പര്യങ്ങള്‍ക്കനുസരിച്ചും രൂപംകൊണ്ടവയാണ്. ഇത്തരം താല്‍പര്യങ്ങളുടെ ഒരു ക്ഷുദ്രരൂപം തെലങ്കാനാ സംസ്ഥാനത്തെ സംബന്ധിച്ച വിവാദത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഇന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്രീകൃത ഉദാരവല്‍ക്കരണ നയങ്ങളെ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളോ പ്രാദേശിക വികസനത്തെ സംബന്ധിച്ച വ്യക്തമായ കാഴ്‌ചപ്പാടുകളോ അല്ല പുതിയ സംസ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള വാദങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. നവലിബറല്‍ രൂപങ്ങളില്‍ ഒരു പങ്ക് സ്വതന്ത്രമായി അനുഭവിക്കാന്‍ സാധിക്കണമെന്നും ആനുകൂല്യങ്ങളില്‍ ഒരു ഭാഗം കയ്യടക്കണമെന്നുമുള്ള താല്‍പര്യം മാത്രമാണിവിടെ. അത്തരം താല്‍പര്യങ്ങള്‍ അനുവദിക്കുന്നതില്‍ ഒരു വിഷമവുമില്ലെന്നത് കേന്ദ്രസര്‍ക്കാര്‍ തെലങ്കാനാ സംസ്ഥാനം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വ്യക്തമായി. സ്വന്തം തട്ടകങ്ങള്‍ തെലുഗുരാജ്യസംഘത്തിന് വിട്ടുകൊടുക്കാന്‍ ആന്ധ്രയിലെ കോണ്‍ഗ്രസുകാര്‍ വിസമ്മതിച്ചതാണ് ഈ നീക്കത്തിനു തടസ്സമായത്.

ഭാഷാ സംസ്ഥാനങ്ങള്‍ രൂപപ്പെടുമ്പോഴുണ്ടായിരുന്ന സാഹചര്യങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നില്ലെന്നാണ് ഛത്തീസ്‌ഗഢ്/ഝാര്‍ഖണ്ഡ് അനുഭവങ്ങളും തെലങ്കാനാ വിവാദവും ചൂണ്ടിക്കാണിക്കുന്നത്. അന്ന് പുതിയ സംസ്ഥാനങ്ങളുടെ സൃഷ്‌ടി ആലോചിച്ചുമാത്രം ചെയ്യുന്നതും ശക്തമായ ബഹുജന പ്രക്ഷോഭങ്ങളുടെ ഫലമായും നടക്കുന്നതാണെങ്കില്‍, ഇന്ന് സംസ്ഥാനങ്ങളുടെ നിര്‍മ്മിതി എളുപ്പത്തില്‍ നടക്കും. കേന്ദ്രത്തിനും സംസ്ഥാനത്തിനുമുള്ള അവകാശങ്ങള്‍ ക്രമീകരിക്കുകയും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് അര്‍ഹമായ ഗൌരവവും പ്രാധാന്യവും നല്‍കുകയും ചെയ്യുന്ന ഫെഡറല്‍ ചട്ടക്കൂടിന് നവലിബറല്‍ ഭരണകൂടം ഒരു വിലയും നല്‍കാത്തതുകൊണ്ടാണത്. സംസ്ഥാനങ്ങളെല്ലാം നവലിബറല്‍ നയങ്ങളുടെ നിര്‍വഹണ ഏജന്‍സികള്‍ മാത്രമാകുമ്പോള്‍ കൂടുതല്‍ സംസ്ഥാനങ്ങളുണ്ടാകുന്നതുകൊണ്ട് കേന്ദ്രസര്‍ക്കാരിന് ഒരു ചേതവുമില്ല. അത്തരം സംസ്ഥാനങ്ങളുടെ ഭരണച്ചെലവുകള്‍ കേന്ദ്രം വഹിക്കേണ്ട ആവശ്യവും വരുന്നില്ല. തെരഞ്ഞെടുപ്പുകളും മന്ത്രിസഭകളും നിര്‍വഹണത്തിന്റെ കാര്യക്ഷമതയ്‌ക്ക് (അല്ലെങ്കില്‍ കെടുകാര്യസ്ഥതയ്‌ക്ക്) ഉള്ള പരീക്ഷകളായും മാറും. സംസ്ഥാനങ്ങള്‍ മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കേന്ദ്രസ്‌കീമുകളുടെ നിര്‍വഹണത്തിനുള്ള ഏജന്‍സികളാകും.

ഈ സമീപനം ഇന്ന് കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ പ്രകടമാണ്. മുമ്പ് സംസ്ഥാന ഗവണ്‍മെന്റുകള്‍ സ്വതന്ത്രമായും അല്ലെങ്കില്‍ അവരുടെ പങ്കാളിത്തത്തോടെയും കൈകാര്യംചെയ്‌തിരുന്ന വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം, ഭക്ഷ്യം, കൃഷി, സാമൂഹ്യ സുരക്ഷ, പൊതുമരാമത്ത് മുതലായ വിഷയങ്ങളിലാണ് ഇന്ന് ഏറ്റവുമധികം കേന്ദ്ര സ്‌കീമുകള്‍ ഉള്ളതും കേന്ദ്ര നിബന്ധനകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കുന്നതും സംസ്ഥാനത്തിന്റെ വരുമാനസ്രോതസ്സുകള്‍' പടിപടിയായി കുറയ്‌ക്കുകയും നിത്യനിദാനച്ചെലവുകള്‍ക്കുപോലും കേന്ദ്രത്തെ ആശ്രയിക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്യുന്നതോടെ കേന്ദ്രം പറയുന്നത് അനുസരിക്കാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതരാകുന്നു. ഇതിനെ കോടതികള്‍, പ്ളാനിങ് കമ്മീഷന്‍, എക്സിക്യൂട്ടീവ് സംവിധാനങ്ങള്‍ തുടങ്ങിയവര്‍ ന്യായീകരിക്കുകയും ചെയ്യുന്നു. ഈയിടെയായി നാഷണല്‍ ഹൈവേയുടെ വീതി സംബന്ധിച്ച് (45 മീ; 30 മീറ്റര്‍) ഉണ്ടാകുന്ന തര്‍ക്കം ഒരുദാഹരണാണ്. വിദ്യാഭ്യാസരംഗത്ത് കേന്ദ്രം നടത്തുന്ന കടന്നുകയറ്റം മറ്റൊരുദാഹരണമാണ്. ഇതോടെ പ്രാദേശിക വികസനത്തിന് ദേശീയവിഭാഗങ്ങള്‍ ഒരു മാനദണ്ഡമല്ലാതാകുകയാണ്. വിദ്യാഭ്യാസംമുതല്‍ തൊഴില്‍വരെ എല്ലാ മേഖലകളിലും നവലിബറലിസം ഒരു സ്റ്റീംറോളര്‍പോലെ പ്രവര്‍ത്തിച്ച് അവര്‍ക്ക് വിധേയരായ ജനവിഭാഗത്തെ വാര്‍ത്തെടുക്കുകയാണ്. അതില്‍നിന്ന് പുറന്തള്ളപ്പെടുന്നവര്‍ക്ക് സാധാരണ ജീവിത സുരക്ഷപോലും നഷ്‌ടമാവുകയാണ്. വിദര്‍ഭയും ബീഹാറും ഒറീസയും ഝാര്‍ഖണ്ഡും ഛത്തീസ്‌ഗഢും കാണിക്കുന്നതും വേറൊന്നല്ല. അവിടെയെല്ലാം സംസ്ഥാന ഗവണ്‍മെന്റുകള്‍ നിഷ്‌ക്രിയരാണ്. അല്ലെങ്കില്‍ നവലിബറല്‍ ഏജന്‍സികള്‍ മാത്രമാണ്.

സ്വത്വരാഷ്‌ട്രീയം

സ്വത്വരാഷ്‌ട്രീയത്തിന്റെ ഇന്നു വളര്‍ന്നുവരുന്ന മുഖങ്ങളും സൃഷ്‌ടിക്കപ്പെടുന്നത് ഇതേ അവസ്ഥയില്‍നിന്നുതന്നെയാണ്. കൃഷിയിടങ്ങള്‍ നഷ്‌ടപ്പെടുകയും തൊഴില്‍ ശാലകളില്‍നിന്ന് പുറത്താക്കപ്പെടുകയും ഭക്ഷ്യസുരക്ഷയും ജീവിതസുരക്ഷയും നഷ്‌ടപ്പെടുകയും ചെയ്യുന്ന ഇന്ത്യക്കാര്‍ നവലിബറല്‍ മുതലാളിത്തത്തിന്റെ ഇരകളായ തൊഴില്‍ സേനയാണ്. പക്ഷേ അവര്‍ക്കും ആഗ്രഹങ്ങളുണ്ട്. ആ ആഗ്രഹങ്ങള്‍ സാധിച്ചുതരുമെന്നുറപ്പു നല്‍കുന്നവരുടെ കൂടെ അവര്‍നില്‍ക്കും. ഇവരുടെ അവസ്ഥയെയാണ് നവലിബറല്‍ ഗുണഭോക്താക്കളുടെ ഇടയില്‍ ഇടംതേടുന്ന മദ്ധ്യവര്‍ഗ്ഗ സ്വത്വവാദികള്‍ ഉപയോഗിക്കുന്നത്. ദേശീയമായ ഏകകങ്ങള്‍ നിലനിര്‍ത്തിയ ഇടങ്ങള്‍ ഇപ്പോള്‍ സ്വത്വവാദികള്‍ ഏറ്റെടുക്കുകയാണ്. സമുദായം (community) ഇവരുടെ ചിഹ്നമായി മാറുന്നു. മതസമുദായം, ജാതിസമുദായം, ലിംഗസമുദായം, ഭാഷാസമുദായം മുതല്‍ ദേശീയ സമുദായംവരെ വ്യത്യസ്‌ത സ്വത്വങ്ങളുടെ സൂചകങ്ങളായി സമുദായങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. വര്‍ഗ്ഗസമരങ്ങളെക്കാളും ദേശീയ സമരങ്ങളെക്കാളും പ്രസക്തി സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് കൈവരുന്നു. ദളിത്, ആദിവാസി, സ്‌ത്രീ,സാമുദായികതകള്‍ക്കും പ്രാദേശിക സമുദായങ്ങള്‍ക്കും (ഗൂര്‍ഖ, പഹാഡി, കുമയോണി, ഭോജ്‌പുരി, തെലങ്കാന, വിദര്‍ഭ, ബുന്ദേല്‍ഖണ്ഡ്) വരുന്ന മാന്യതയും ഏകകസ്വഭാവവും ഉദാഹരണമാണ്. കേരളത്തില്‍ ചിലര്‍ മലബാറിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള പ്രചാരണത്തിലൂടെ പ്രാദേശികതയും മതപരതയും ഒരുമിച്ച് ഉപയോഗിക്കാന്‍ ശ്രമിച്ചതും ശ്രദ്ധേയമാണ്. ജനങ്ങളുടെ ജൈവമായ ജീവിത പ്രശ്‌നങ്ങളെ ഉപയോഗപ്പെടുത്തി സ്വത്വരാഷ്‌ട്രീയം തഴച്ചുവളരുകയും നവലിബറല്‍ ജീവിതരൂപങ്ങളിലേക്ക് നവലിബറലിസത്തിന്റെ ഇരകളെ ഉള്‍പ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളായി അവ മാറുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ സ്വത്വരാഷ്‌ട്രീയത്തെ ഉള്‍ക്കൊള്ളാനും നിലനിര്‍ത്താനും ബൂര്‍ഷ്വാ രാഷ്‌ട്രീയത്തിനും ബുദ്ധിമുട്ടില്ല. അവര്‍ ആയുധമേന്തി മറ്റു വിഭാഗങ്ങളെ ആക്രമിച്ചാല്‍ 'ഭീകരവാദി'കളായി മാറ്റി അടിച്ചമര്‍ത്താനും വിഷമമില്ല. ഇത്തരം അടിച്ചമര്‍ത്തലുകള്‍ കൂടുതല്‍ സ്വത്വരാഷ്‌ട്രീയക്കാരെ സൃഷ്‌ടിക്കുകയും അവര്‍ ദേശീയ ഐക്യത്തിനുമാത്രമല്ല, ജനജീവിതത്തിനും ഭീഷണിയായി തീരുകയും ചെയ്യും. അതിനുള്ള ജീവിക്കുന്ന ഉദാഹരണം കാശ്‌മീരാണ്.

നവലിബറലിസം ദേശീയ ഐക്യത്തിനു ഭീഷണി

നവലിബറല്‍ നയങ്ങളുടെ രാഷ്‌ട്രീയമായ പ്രത്യാഘാതങ്ങള്‍ ഇന്നു പകല്‍പോലെ പ്രകടമാവുകയാണ്. നവലിബറലിസം ഇപ്പോള്‍തന്നെ കേന്ദ്രസംസ്ഥാന ബന്ധങ്ങളെ അട്ടിമറിക്കുകയും ഇന്ത്യന്‍ ദേശീയ രാഷ്‌ട്രത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ തകര്‍ക്കുകയുമാണ്. ഭാഷാ സംസ്ഥാനങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രാദേശിക മുന്‍ഗണനാക്രമത്തിന് പ്രാധാന്യംനല്‍കിക്കൊണ്ടുള്ള വികസനരൂപങ്ങള്‍ ഇന്നസാധ്യമായിരിക്കുന്നു. കേന്ദ്രനയങ്ങളുടെ നിര്‍വഹണ ഏജന്‍സികളായി സംസ്ഥാനസര്‍ക്കാരുകള്‍ മാറുന്നതു കൂടാതെ, ഇതിനു സാധ്യമായവിധത്തില്‍ സ്ഥാപിത താല്‍പര്യങ്ങളുമനുസരിച്ച് സംസ്ഥാനങ്ങള്‍ സൃഷ്‌ടിക്കാനും കേന്ദ്രഭരണകൂടം തയ്യാറാണ്. ഭാഷാ സംസ്ഥാനങ്ങളുടെ അപചയം ഭാഷാ സാംസ്‌ക്കാരിക വൈവിധ്യത്തെ തകര്‍ക്കുകയും പ്രാദേശിക വികസന ചട്ടക്കൂടുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. നവലിബറല്‍ നയങ്ങളുടെ സ്റ്റീംറോളറുപയോഗിച്ച് പൊതുവായ തൊഴില്‍ വിപണിയും, ഉല്‍പാദനവിനിമയ രൂപങ്ങളും, സാംസ്‌ക്കാരിക രൂപങ്ങളും വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്നു. ഒന്നുകില്‍ ഈ ഇടത്തില്‍ ചേരുക, അല്ലെങ്കില്‍ പുറന്തള്ളപ്പെടുക എന്ന അവസ്ഥയിലേക്ക് സാധാരണക്കാര്‍ എത്തിച്ചേരുന്നു. അവരെ രക്ഷപ്പെടുത്തുന്ന അവതാരമൂര്‍ത്തികളായി എത്തിച്ചേരുന്നത് കേന്ദ്ര സ്‌കീമുകളും തൊഴില്‍ കരാറുകാരും സ്വത്വരാഷ്‌ട്രീയക്കാരുമാണ്. ഈ ത്രിമൂര്‍ത്തികളുടെ ഇടയില്‍ ജനപ്രിയ പരിപാടികള്‍ നടത്തി സ്വയം നിലനില്‍ക്കാന്‍ സംസ്ഥാനസര്‍ക്കാരുകളും നിര്‍ബന്ധിതരാകുന്നു. പ്രാദേശിക വികസനത്തിന്റെ ഏറ്റവും ശക്തമായ ഏജന്‍സികളായി മാറേണ്ടുന്ന പഞ്ചായത്തുകളും ക്രമേണ ഇത്തരം ജനപ്രിയ പരിപാടികള്‍ നടത്തി തൃപ്‌തിയടയേണ്ടിവരുന്നു.

സ്വാതന്ത്ര്യം നേടുമ്പോള്‍ അന്നത്തെ ദേശീയവാദികളും പ്രക്ഷോഭകാരികളും ആഗ്രഹിച്ച ഇന്ത്യ ഇതല്ലെന്നു തീര്‍ച്ചയാണ്. അവര്‍ ആഗ്രഹിച്ചത്, ജനതയിലെ ഭൂരിപക്ഷത്തെ കുരുതിക്കുകൊടുത്ത് വന്‍ ശക്തികളുടെ ഇടയില്‍ സ്ഥാനംതേടുന്ന ഇന്ത്യയല്ല, സമത്വത്തിന്റെയും സാമൂഹ്യനീതിയുടെയും പുതിയ അര്‍ത്ഥങ്ങള്‍ തേടുകയും സമസ്‌തലോകത്തിനും മാതൃകയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മറ്റൊരിന്ത്യയാണ്. അതിന്റെ തകര്‍ച്ച തുടങ്ങിവെച്ചത് അറുപതുകളിലും എഴുപതുകളിലുമാണെങ്കില്‍ നവലിബറല്‍ രാഷ്‌ട്രീയം ഈ രാജ്യത്തിന്റെ ദേശീയമായ കെട്ടുറപ്പുപോലും ഇല്ലാതാക്കുകയാണ്. "ഭീകരവാദ മാവോയിസ്‌റ്റ് '' ഭീക്ഷണിയെക്കുറിച്ച് നമ്മുടെ പ്രധാനമന്ത്രി സ്ഥിരമായി വിലപിക്കുമ്പോള്‍ അത് ഈ തകര്‍ച്ചയുടെ സൂചനയുമാണ്. ഇന്ത്യയുടെ വളര്‍ച്ചാനിരക്കുകള്‍ വര്‍ദ്ധിക്കുന്നതിനോടൊപ്പം ആത്മഹത്യചെയ്യുന്ന സാധാരണക്കാരുടെ സംഖ്യയുയരുന്നത് ഇന്ത്യയെ കാര്‍ന്നുതിന്നുന്ന വൈരുദ്ധ്യത്തിന്റെ സൂചനയാണ്. ഈ വൈരുദ്ധ്യം ഇന്ത്യയുടെ ദേശീയമായ കെട്ടുറപ്പിനെ അപായപ്പെടുത്തുന്ന പൊട്ടിത്തെറിയിലേക്ക് നയിച്ചാല്‍ അത്ഭുതപ്പെടാനില്ല. നവലിബറല്‍ നയങ്ങളില്‍നിന്ന് പിന്തിരിയുമെന്ന് ഉറപ്പുവരുത്താതെ ദുരന്തത്തിലേക്കുള്ള പാതയില്‍നിന്ന് ഇന്ത്യക്ക് മോചനം സാധ്യമല്ല.

*****

ഡോ. കെ എന്‍ ഗണേശ്, കടപ്പാട് : ചിന്ത വാരിക

Sunday, July 25, 2010

ഗോത്രഭൂമിയില്‍ അക്ഷരപ്പച്ച

മുഖ്യധാരാ ഭാഷകളുടെ അധീശത്വത്തില്‍ പല പ്രാദേശികഭാഷകളും മണ്ണടിഞ്ഞു. ഒരു സംസ്കാരം ഇല്ലാതാക്കുന്നതിനു മുന്നോടിയായാണ് അവരുടെ ഭാഷ തകര്‍ക്കപ്പെടുന്നത്. ഗോത്രസമൂഹവും അതിന്റെ തനത് സംസ്കാരവും ഭീഷണി നേരിടുകയും കൊച്ചുഭാഷകള്‍ ഒന്നൊന്നായി അന്യംനിന്നുപോവുകയുമാണ്. ഇക്കാലത്ത് പരിസ്ഥിതി സാക്ഷരതയിലൂടെ അറിവും അഭിമാനവും നേടുന്ന അട്ടപ്പാടിയിലെ പരിസ്ഥിതി സാക്ഷരതയുടെ പച്ചപ്പ് സമാന മേഖലകളിലേക്കു പടര്‍ത്തേണ്ടതിന്റെ ആവശ്യം ഇവിടെയാണ് പ്രസക്തമാവുന്നത്. അറിവ് അവകാശം മാത്രമല്ല, അധികാരവും അഭിമാനവുമാണ്. അതുകൊണ്ടുതന്നെ നിഷേധിക്കപ്പെടുമ്പോള്‍ മാത്രമല്ല, ലഭിക്കുമ്പോഴും വാര്‍ത്തയാവേണ്ടതുണ്ട്.

അസാധ്യമെന്നു കരുതിയ ചിലതെല്ലാം സാധ്യമാണെന്നു തെളിയിക്കുകകൂടിയാണ് അട്ടപ്പാടിയിലെ പരിസ്ഥിതി സാക്ഷരതാ യജ്ഞം. മുഖ്യധാരയില്‍ എത്തിപ്പെടാനാവാതെ തായ്മൊഴിപോലും തീറെഴുതേണ്ടിവന്ന ആദിവാസിഗോത്രഭൂമിയില്‍ അക്ഷരപ്പച്ച കിളിര്‍ക്കുകയാണ്. എഴുത്ത്’ലക്ഷ്യത്തിലേക്കുള്ള ‘എയ്ത്താവുന്നു ഇവിടെ. ആദിവാസിസമൂഹത്തെ വിജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തോടെ അട്ടപ്പാടി പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയാണ് പരിസ്ഥിതി സാക്ഷരതയ്ക്കു തുടക്കംകുറിച്ചത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കംനില്‍ക്കുന്ന പ്രദേശമാണ് അട്ടപ്പാടി. സാമൂഹിക ഇടപെടലുകള്‍ക്കുള്ള ആര്‍ജവവും ഇവര്‍ക്ക് പ്രകടിപ്പിക്കാനായില്ല. വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനോ ആനുകൂല്യങ്ങളുടെ ഫലം അനുഭവിക്കാനോ കഴിഞ്ഞിരുന്നില്ല. എന്നും ചൂഷണത്തിന് ഇരകളായി.

ഈ സാഹചര്യത്തിലാണ് അഹാഡ്സ് പരിസ്ഥിതി സാക്ഷരതാപരിപാടി നടപ്പാക്കാന്‍ തീരുമാനിച്ചത്. പരിസ്ഥിതിപഠനത്തിലൂന്നിയിരുന്ന വിദ്യാഭ്യാസ പരിപാടിയാണിത്. 2003ല്‍ ‘ഭൂതിവഴി ഊരില്‍ ഡി വിനയചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ഏഴുവര്‍ഷം പിന്നിട്ടപ്പോള്‍ മറ്റു മേഖലകള്‍ക്ക് മാതൃകയായി. 110 ഊരുകളിലായി രണ്ടായിരത്തി അഞ്ഞൂറോളം പഠിതാക്കള്‍ പങ്കാളികളായി. അതത് ഊരുകളില്‍നിന്നുതന്നെ 10-ാംതരം പാസായവര്‍ അധ്യാപകര്‍. തിരക്കൊഴിഞ്ഞ സായാഹ്നങ്ങളില്‍ കൂട്ടമായിരുന്ന് അക്ഷരം പഠിക്കുന്നു. സ്കൂള്‍മുറ്റം സ്വപ്നംകാണാന്‍പോലും കഴിയാതിരുന്നവര്‍ നിത്യപഠിതാക്കളായി. ചുറ്റിലെ കാഴ്ചകളും ജീവിതാനുഭവങ്ങളും വിശദീകരിക്കുന്നതിനൊപ്പം എഴുതിസൂക്ഷിക്കാനും അവര്‍ക്കാവുന്നുണ്ട്. ബസ് ബോര്‍ഡ് വായിച്ചു മനസ്സിലാക്കി ദൂരദിക്കുകളില്‍ പോയിവരാനും പൊതുവേദിയിലും ‘ഭരണാധികാരികളുടെ മുന്നിലും സ്വന്തം കാര്യങ്ങള്‍ അവതരിപ്പിക്കാനും നിഷ്പ്രയാസം കഴിയുന്നു. വിരലടയാളത്തിനുപകരം പേരെഴുതി ഒപ്പിടുന്നതിനും അവകാശങ്ങളും ആനുകൂല്യങ്ങളും ചോദിച്ചുവാങ്ങുന്നതിനും അവര്‍ പഠിച്ചുകഴിഞ്ഞു.

കേരളത്തിലെ ആദിവാസിവിഭാഗങ്ങള്‍ക്കെല്ലാം സംസാരിക്കാന്‍ തനത് ഭാഷയുണ്ട്. ഒരു ഭാഷയ്ക്കും തനത് ലിപിയില്ല. എല്ലാവരും പൊതുവായി മലയാളം സംസാരിക്കുമെങ്കിലും തമിഴ്, കന്നട സ്വാധീനമുണ്ട്. ഇരുള, മുഡുഗ, കുറുമ്പ തുടങ്ങി മൂന്ന് ആദിവാസിവിഭാഗങ്ങളാണ് അട്ടപ്പാടിയിലുള്ളത്. ഇവരുടെ ഭാഷ വ്യത്യസ്തമാണ്. ഇരുള, മുഡുഗ, കുറുമ്പ വിഭാഗക്കാരുടെ ‘ഭാഷകളില്‍ പ്രത്യേകം തയ്യാറാക്കിയ പാഠാവലി ഉപയോഗിച്ചാണ് ക്ളാസുകള്‍. ആദിവാസിഭാഷ മലയാളലിപികളില്‍ എഴുതിയാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. കടങ്കഥകളിലൂടെയും പാട്ടുകളിലൂടെയും കളികളിലൂടെയും ക്ളാസുകള്‍ രസകരമാക്കുന്നു. പഠനം സുഗമമാക്കുന്നതിന് ഫ്ളാനല്‍ ബോര്‍ഡുകളും ഫ്ളാഷ് കാര്‍ഡുകളും ഉപയോഗിക്കുന്നുണ്ട്.

പ്രാക്തനമായ വാക്കുകളുടെ മുഴക്കങ്ങളും ക്ഷയോന്മുഖമായ ഗോത്രസംസ്കാരത്തിന്റെ കല-സാംസ്കാരിക പാരമ്പര്യത്തിന്റെ പുനഃരുജ്ജീവനവും സാധ്യമാക്കാന്‍ പരിസ്ഥിതി സാക്ഷരത പങ്കുവഹിക്കുന്നു. പഠിതാക്കള്‍ക്ക് സാക്ഷരതാമിഷന്റെ മേല്‍നോട്ടത്തില്‍ മൂല്യനിര്‍ണയ പരീക്ഷയുണ്ട്. സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന തുല്യതാ പരീക്ഷയുടെ ഭാഗമായ എ ലെവല്‍ പരീക്ഷയില്‍ 56 പേരെ ജയിപ്പിക്കാനായി. കേരള സ്റേറ്റ് റിസോഴ്സ് സെന്റര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ ഇതിനുള്ള അംഗീകാരമാണ്. സാക്ഷരത നടപ്പാക്കിയ ആദിവാസി ഊരുകള്‍ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തില്‍നിന്നു വിടുതല്‍ നേടിയതായി പഠനത്തില്‍ പറയുന്നു. ഊരുകളുടെ സമ്പൂര്‍ണ സാമൂഹ്യവികസനം സാധ്യമാക്കുന്നതില്‍ പരിസ്ഥിതി സാക്ഷരത നിര്‍ണായക പങ്കുവഹിച്ചതായി പഠനം ചൂണ്ടിക്കാട്ടി. അഹാഡ്സിന്റെ വനിതാ വികസനവിഭാഗമാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ആദിവാസിഭാഷയ്ക്ക് ലിപികള്‍ ചിട്ടപ്പെടുത്തുന്നതിനുള്ള ശ്രമവും നടന്നുവരുന്നു. ജനകീയ പങ്കാളിത്തത്തിന്റെ ഉപജ്ഞാതാവായ റോബര്‍ട്ട് ചേമ്പേഴ്സ്, ജപ്പാന്‍ ജിക്ക’ പ്രതിനിധികളായ ഒനീഷി, യമനക, കൊയിനാഗി കൂടാതെ രാജന്‍ ഗുരുക്കള്‍, സാറാ ജോസഫ്, ജംഗ് പാഗി, മീനാ ഗുപ്ത, പി ജെ ജോസഫ്, മൊയ്തു വാണിമേല്‍, മാധവമേനോന്‍, ഡോ. എ ജയദേവന്‍, എസ്ആര്‍സി ഡയറക്ടര്‍ കോന്നി ഗോപകുമാര്‍, സുന്ദരേശന്‍ നായര്‍ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖരും വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും സാക്ഷരതാ പരിപാടി സന്ദര്‍ശിച്ച് പഠനവിധേയമാക്കുന്നു.

ജദ്ദ് നേരറിവിന്റെ മഷിപ്പകര്‍ച്ച'

അട്ടപ്പാടി പരിസ്ഥിതി സാക്ഷരതാ പരിപാടിയുടെ പ്രത്യേക പ്രസിദ്ധീകരണമാണ് ജദ്ദ്. ലിപികള്‍ എഴുതപ്പെടാതെപോയ ആദിമഭാഷയെ മലയാളത്തില്‍ പേര്‍ത്തെടുത്താണ് തയ്യാറാക്കിയിരിക്കുന്നത്. ജദ്ദ്'എന്നാല്‍ ശബ്ദം. തായ്മൊഴിപോലും നഷ്ടമായ സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ശബ്ദം ജദ്ദില്‍ കേള്‍ക്കാനും മുഖത്താളുകളില്‍ കാണാനുമാവും.

ദുരിതംമൂടിയ ജീവിതചുറ്റുപാടുകളില്‍ സ്വന്തം മുറ്റത്തെ മണ്ണില്‍ ഞാന്‍ കാരയൂര്‍ക്കാരനാണെന്നെഴുതിച്ചേര്‍ത്ത നട്ടമൂപ്പന്‍ 80-ാം വയസ്സിലും അക്ഷരങ്ങളുടെ ചൂടറിയുന്നു. കാട്ടില്‍ പോകുന്ന സമയത്ത് കാട്ടരുവികളും കുരുവികളും പാടിയ പാട്ടില്‍നിന്ന് തന്റേതായ ഭാഷയില്‍ വാക്കുകള്‍ കെട്ടിയെടുത്ത് അത് സാക്ഷരതാ ക്ളാസില്‍ മറ്റുള്ളവര്‍ക്കുകൂടി പകര്‍ന്നുകൊടുക്കുന്നത് ജദ്ദിന്റെ മുന്‍പേജില്‍ത്തന്നെ എഴുതിച്ചേര്‍ത്തിരുന്നു. തായ്കുലസംഘത്തിന്റെ പ്രേരണയില്‍ ആര്‍ത്തിയോടെ അക്ഷരം പഠിച്ച് പൊതുയോഗത്തില്‍ സ്വന്തം പേരെഴുതി ഒപ്പിട്ട് നടുനിവര്‍ത്തിനിന്ന ഗുഡ്ഡയൂരിലെ 85 വയസ്സായ പൊന്നിപ്പാട്ടിയുടെയും. കിട്ടിയതു വാങ്ങിപ്പോരാതെ തനിക്കവകാശപ്പെട്ടത് തൂക്കിവാങ്ങിയ വീരമ്മയുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ ജദ്ദിന്റെ പ്രതലത്തില്‍ തെളിയുന്നു.

അക്ഷരങ്ങളെ ചിത്രങ്ങളിലേക്കും ചിത്രങ്ങളെ അക്ഷരങ്ങളിലേക്കും ആവാഹിച്ച ഭൂതിവഴിയിലെ കലാകാരനായ ബെള്ളനും നോവുകള്‍ അക്ഷരപാരായണത്തിലൂടെ മറക്കുന്ന മാമണ ഊരിലെ രങ്കിയും ജദ്ദിനെ ഊര്‍വരമാക്കുന്നുണ്ട്. ഇരുളഭാഷയില്‍ ആര്‍ കാളിയമ്മ, കെ സി ലക്ഷ്മി, മീന, ഗോപാലകൃഷ്ണന്‍, എം ലക്ഷ്മി എന്നിവരാണ് തയ്യാറാക്കുന്നത്.

കഥാകൃത്ത് വൈശാഖന്റെ സാന്നിധ്യത്തില്‍ സാറാ ജോസഫാണ് ജദ്ദിന്റെ പ്രകാശനം നിര്‍വഹിച്ചത്. ദൈവകുണ്ട് ഊരിലെ നഞ്ചമൂപ്പന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ഇതിനകം ഏഴു പതിപ്പ് പുറത്തിറങ്ങി. ജദ്ദില്‍ കാനന ശീലുകളുണ്ട്. പ്രണയത്തിന്റെ, ഒറ്റപ്പെടലിന്റെ, അവഗണനയുടെ, തോല്‍വിയുടെ, മുറിപ്പെട്ട ആത്മാക്കളുടെ, പീഡനങ്ങളുടെ, നേരറിവിന്റെ മഷിപ്പകര്‍ച്ചയുമുണ്ട്.

*
മണികണ്ഠന്‍ പനങ്കാവില്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

കേരളത്തിലെ ആഫ്രിക്കക്ക് 50

കുറേ ഇരുണ്ട മനുഷ്യര്‍ കാടുപിടിച്ചുകിടക്കുന്ന കുന്നിന്‍ചെരുവില്‍ ശവക്കുഴി തോണ്ടാനുള്ള ശ്രമത്തിലാണ്. അവരില്‍ ആകര്‍ഷിക്കുന്നതായി ഒന്നുമില്ല. കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പാറിപ്പറക്കുന്ന മുടിയും പ്രാകൃതവേഷവും ദയനീയമായ നോട്ടവും. ഈ മനുഷ്യക്കോലങ്ങളില്‍ അവശേഷിക്കുന്ന ചോരകൂടി നക്കിക്കുടിക്കാന്‍ ആര്‍ത്തിപൂണ്ടമട്ടില്‍ തണുപ്പുകാറ്റ് ആഞ്ഞുവീശുന്നു. കോരിച്ചൊരിയുന്ന മഴ. ഒരു ആയുധവും അവരുടെ കൈയിലില്ല. പെരുച്ചാഴികളെപ്പോലെ കൈകൊണ്ടു മണ്ണുമാന്തി കുഴിക്കുകയാണ്. അവര്‍ തളര്‍ന്നുകഴിഞ്ഞു.

ഇപ്പോള്‍ അധ്വാനിക്കുന്നവര്‍ ചത്തവനോട് പരിഭവം പറയുകയാണ്: 'ബേഗ നിനഗുള്ള മനെ ബേഗ ആക്ക്. ഇതു മിനക്കെട്ടനീന്തലെ ആപ്പതില്ലെ. ബേഗനങ്ക ഹോക്ക്. നന ഹോട്ടെക്തീനി കാണെ. ശത്തവനു ഇനി ഒന്തും കാണെ'. നിനക്കുള്ള ശവക്കുഴി നീതന്നെ തീര്‍ത്തുകൊള്ളണം. ഇതിനുമാത്രം മിനക്കെട്ടു നില്‍ക്കാന്‍ ഞങ്ങള്‍ക്കു സൌകര്യമില്ല. വേഗം പോണം. വിശക്കുന്ന വയര്‍ നിറയ്ക്കാന്‍ വല്ലതും കണ്ടുപിടിക്കേണ്ടതുണ്ട്. ചത്തവന് അങ്ങനെ ബുദ്ധിമുട്ടേണ്ടതില്ലല്ലോ. (കേരളത്തിലെ ആഫ്രിക്ക-കെ പാനൂര്‍).

അമ്പതുവര്‍ഷം മുമ്പ് വരച്ചിട്ട ചിത്രമാണിത്. വയനാടന്‍ മലനിരകളില്‍ പുഴുക്കളെപ്പോലെ അടിമതുല്യരായി ജീവിച്ച കാടിന്റെ മക്കളുടെ കഥ വായിച്ച് മലയാളിമനസ്സ് തപിച്ചു. അത്രയേറെ ഹൃദയഭേദകമായിരുന്നു പശ്ചിമഘട്ടത്തിന്റെ താഴ്വാരകാഴ്ച. അവിടെ അടിമപ്പണിക്കാര്‍, നിത്യദാരിദ്യ്രത്തില്‍ വലയുന്നവര്‍, ദുരിതത്തിലും വിശ്വാസങ്ങളില്‍ വ്യതിചലിക്കാന്‍ കൂട്ടാക്കാത്തവര്‍. തങ്ങള്‍ മലനമ്പൂതിരിമാരാണെന്നു വിശ്വസിക്കുന്ന കുറിച്യര്‍. ഒരിക്കല്‍ ധരിച്ച വസ്ത്രം മാറ്റുകയോ നനയ്ക്കുകയോ കുളിക്കുകയോ ചെയ്യാത്തവരും ചത്ത പശുക്കളുടെയും എരുമകളുടെയും തോലുരിച്ച് ഇറച്ചി പറിച്ചെടുത്ത് ഉപ്പും മുളകും പുരട്ടി തീയിലിട്ട് ചുട്ടുതിന്നുന്നവരുമായ കൊറഗര്‍. അടിയര്‍, പണിയര്‍, കാട്ടുനായ്ക്കര്‍, കുറുമര്‍...

ഔദ്യോഗിക യാത്രക്കിടയില്‍ കണ്ട നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങളാണ് കഥപോലെ പാനൂര്‍ അവതരിപ്പിച്ചത്. അത് നാടിനെ ഇളക്കിമറിച്ചു. ഭരണതലത്തില്‍ കൊടുങ്കാറ്റുയര്‍ത്തി. എഴുത്തുകാരനും പുസ്തകവും വിചാരണചെയ്യപ്പെട്ടു. ആദിവാസികളുടെ അടിമത്തം ചര്‍ച്ചയായി. എഴുത്തുകാരനെ കുരിശിലേറ്റാന്‍ പലരും വെമ്പല്‍കൊണ്ടു. 50 വര്‍ഷം മുമ്പു കണ്ട കാഴ്ച മനസ്സില്‍ നെരിപ്പോടായുണ്ട്. കാലം മായ്ക്കാത്ത മുറിപ്പാടുകളാണ് അന്നത്തെ ഓരോ അനുഭവവും. അദ്ദേഹം മനസ്സു തുറക്കുകയാണ്:

ആ യാത്രക്കിടയില്‍ വല്ലാതെ ഉത്കണ്ഠപ്പെടുത്തിയ ഒരുപാട് ചിത്രങ്ങളുണ്ട്. ഇതും കേരളമാണോ? എന്നു തോന്നിയ നിമിഷം. ആദിവാസികള്‍ക്കായി എന്തെങ്കിലും ചെയ്തേ തീരൂവെന്ന് ഹൃദയം. കണ്ട കാഴ്ച പുറംലോകത്തെ അറിയിക്കണമെന്ന ചിന്തയും. ആഴ്ചകളും മാസങ്ങളും നീണ്ട യാത്ര. ഒടുവില്‍ എഴുതാന്‍ തീരുമാനിച്ചു. കേരളത്തിലെ ആഫ്രിക്ക് പിറന്നത് അങ്ങനെ.

1958ലാണ് ട്രൈബല്‍ ഓഫീസറായി കെ പാനൂര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നാലഞ്ചുകൊല്ലം പശ്ചിമഘട്ടത്തിന്റെ അടിവാരപ്രദേശങ്ങളിലെ കാടുകളിലും കുന്നിന്‍പുറങ്ങളിലും വയനാടന്‍ വയല്‍കരകളിലും നരകിക്കുന്ന ആദിവാസികള്‍ക്കിടയില്‍ ജീവിക്കാന്‍ ഇടയായപ്പോഴുണ്ടായ അനുഭവങ്ങളാണ് 1963ല്‍ പുസ്തകരൂപത്തില്‍ പുറത്തുവന്നത്. ആദ്യം കേരളത്തിലെ ആഫ്രിക്ക ലേഖനരൂപത്തില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചു. 1958-60 കാലത്ത് പുസ്തകമാക്കാന്‍ ആദ്യം സമീപിച്ചത് മാതൃഭൂമി ബുക്സിനെ. കയ്പേറിയ അനുഭവമായിരുന്നു. ആ അഭ്യര്‍ഥന അവര്‍ തള്ളി.

നിയമസഭയിലും

'കേരളത്തിലെ ആഫ്രിക്ക' സഹാനുഭൂതിയുള്ള മനുഷ്യരെ ആകര്‍ഷിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ പാവങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന ഒരു പുതിയ യുഗോവും, ഈ നിര്‍ഭാഗ്യവാന്മാരെ സഹായിക്കാനെത്തുന്ന ആല്‍ബര്‍ട്ട് ഷ്വൈറ്റ്സറും ഈ അടിമകളെ മോചിപ്പിക്കാന്‍ എബ്രഹാം ലിങ്കണും അവരുടെ ഇടയില്‍നിന്ന് ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയാണുള്ളത്.

പുസ്തകം പുറത്തുവന്നതോടെ പ്രതീക്ഷകള്‍ കീഴ്മേല്‍ മറഞ്ഞു. പെട്ടെന്ന് വിവാദമായി. ആദ്യവെടി പൊട്ടിയത് നിയമസഭയില്‍. ഭൂപരിഷ്കരണ നിയമത്തെക്കുറിച്ചുള്ള ചര്‍ച്ച ചൂടുപിടിച്ച കാലം. ഒ കോരന്‍ എംഎല്‍എ പറഞ്ഞു: വയനാട്ടില്‍ ആദിവാസികള്‍ വന്‍കിട ഭൂവുടമകള്‍ക്കു കീഴില്‍ വെറും അടിമകളായി ജീവിക്കുകയാണ്. തെളിവായി 'കേരളത്തിലെ ആഫ്രിക്ക'യുടെ കോപ്പി സ്പീക്കറുടെ മുമ്പാകെ ഹാജരാക്കുന്നു.

പുസ്തകത്തിലെ ആദ്യ അധ്യായത്തില്‍ ആദിവാസികളുടെ അടിമത്തത്തെക്കുറിച്ച് ഇങ്ങനെ എഴുതി: അടിമകളായവരാണ് അടിയര്‍. വയനാട്ടിലെ വന്‍കിട ജന്മിമാരുടെ അടിമകള്‍! മാനന്തവാടിക്കടുത്ത് വള്ളിയൂര്‍ക്കാവിലെ ഉത്സവകാലത്ത് എല്ലാ അടിയരും- ആണുങ്ങളും പെണ്ണുങ്ങളും ഹാജരാവുന്നു. വന്‍കിട ജന്മിമാരും അവിടെ എത്തിച്ചേരും. ഓരോരുത്തര്‍ക്കും അവരുടെ വയലുകളിലും തോട്ടങ്ങളിലും പണിയെടുപ്പിക്കാന്‍ നാല്‍പ്പതോ അമ്പതോ വീതം അടിമകളെ ആവശ്യമുണ്ട്. കാലിച്ചന്തയില്‍നിന്ന് കാലികളെ തെരഞ്ഞെടുക്കുന്ന മട്ടില്‍ ഓരോ ആളും ഇഷ്ടപ്പെട്ട ആണുങ്ങളെയും പെണ്ണുങ്ങളെയും തെരഞ്ഞെടുക്കുന്നു, അഞ്ചോ പത്തോ ഉറുപ്പികവീതം അടിമപ്പണം കൊടുത്ത്.

അടിമത്തത്തെക്കുറിച്ചുള്ള പുസ്തകത്തിലെ പ്രസ്താവന രാജ്യത്തിനും തനിക്കും അപമാനകരമാണെന്നായിരുന്നു ആഭ്യന്തരമന്ത്രി പി ടി ചാക്കോയുടെ നിലപാട്. പുസ്തകത്തിനും ഗ്രന്ഥകാരനുമെതിരെ നടപടിക്ക് തിടുക്കംകൂട്ടിയതും ചാക്കോതന്നെ. വയനാട്ടിലെ അടിമസമ്പ്രദായം അവസാനിപ്പിക്കുന്നതിനു പകരം പുസ്തകം കണ്ടുകെട്ടാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഗ്രന്ഥകാരനെതിരെ ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍സ് അനുസരിച്ച് നടപടി എടുക്കാനുമാണ് ശ്രമിച്ചത്. പുസ്തകത്തിലെ പല പ്രസ്താവനകളെപ്പറ്റിയും വിശദീകരണം നല്‍കേണ്ടിവന്നു. ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍സ് പ്രകാരം നടപടിയെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഗവണ്‍മെന്റ് സര്‍വന്റ്സ് കോണ്‍ടാക്ട് റൂള്‍സ് പുറത്തെടുത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നതായിരുന്നു നിയമം.

പ്രസിദ്ധീകരിക്കുന്നതിനു മുമ്പെ കൈയെഴുത്തു പ്രതി വകുപ്പ് തലവന്‍ സി കെ കൊച്ചുകോശിക്ക് അനുമതിക്കായി നല്‍കിയിരുന്നു. അതു വായിച്ച അദ്ദേഹത്തിന് മതിപ്പു തോന്നി. ഡിപ്പാര്‍ട്ട്മെന്റ് അഭിനന്ദിക്കേണ്ട പ്രവൃത്തിയാണ് എന്നായിരുന്നു പ്രതികരണം. വൈകാതെ അച്ചടി ആരംഭിക്കാന്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തെ ഏല്‍പ്പിക്കാനും ഉപദേശിച്ചു. ഇതിന്റെ പേരില്‍ എന്തു വന്നാലും താനുണ്ടെന്ന കോശിയുടെ ഉറപ്പിന്മേലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതിനിടെ അദ്ദേഹത്തിന് സ്ഥാനചലനം. പകരംവന്നയാള്‍ അച്ചടക്കനടപടിയുടെ വാള്‍ വീശി. പുസ്തകം കണ്ടുകെട്ടുമെന്നും സര്‍വീസില്‍നിന്ന് പാനൂരിനെ പുറത്താക്കുമെന്നുവരെ വാര്‍ത്തകള്‍.

ഇങ്ങനെയൊക്കെ സംഭവിച്ചതോടെ ആറുമാസം ലീവെടുത്ത് വീട്ടിലിരിക്കാന്‍ തീരുമാനിച്ചു. വീട്ടിലും അഭ്യുദയകാംക്ഷികളുടെ അന്വേഷണങ്ങള്‍ക്ക് മറുപടി പറയേണ്ടിവന്നു. എല്ലാം കണ്ടും കേട്ടും നില്‍ക്കുകയായിരുന്ന അമ്മയും ഒരുഘട്ടത്തില്‍ അന്വേഷിച്ചു: മോനേ എന്തിനാ നീ അടിമത്തത്തെപ്പറ്റി പറഞ്ഞു കുഴപ്പമുണ്ടാക്കിയത്. എന്താണ് സംഭവിക്കുകയെന്നുള്ള കാത്തിരിപ്പായിരുന്നു പിന്നെ. 'ഈ കാടന്മാരെക്കുറിച്ച് ഇങ്ങനെയൊരു പുസ്തകമെങ്കിലും രചിച്ച് ദുരവസ്ഥ ബഹുജനസമക്ഷത്തിലെത്തിച്ച പാനൂര്‍ അഭിനന്ദനം അര്‍ഹിക്കുന്നു' എന്നാണ് സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്ന പുത്തേഴത്ത് രാമന്‍മേനോന്‍ എഴുതിയത്. പത്രങ്ങളും വാരികകളും പുസ്തകത്തെ പ്രശംസിച്ചു. ഈ ഘട്ടത്തില്‍ തികച്ചു യാദൃച്ഛികമായി 1965ലെ യുനസ്കോ അവാര്‍ഡ്. ഇതോടെ കാറ്റ് മാറിവീശി. ശിക്ഷിക്കാനിറങ്ങിയ ആഭ്യന്തരമന്ത്രി പീച്ചി സംഭവത്തില്‍ രാജിവച്ചതും സഹായകമായി. കൊച്ചുകോശി ആഭ്യന്തര സെക്രട്ടറിയായി വന്നതോടെ എല്ലാം ശുഭം.

ഈ സംഭവത്തോടെ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസിനോടു താല്‍ക്കാലികമായി വിടപറഞ്ഞ പാനൂര്‍ മടങ്ങിയെത്തി. കാസര്‍കോട് ഫോറസ്റ്റ് ഡെപ്യൂട്ടി തഹസില്‍ദാറായാണ് നിയമിക്കപ്പെട്ടത്. കേരളത്തിലെ ആഫ്രിക്കയ്ക്കു ശേഷം എഴുതിയ 'മലകള്‍ താഴ്വരകള്‍ മനുഷ്യര്‍' പ്രസിദ്ധീകരിക്കാനും ധാരാളം കടമ്പകളുണ്ടായി. 1964ല്‍ എഴുതിക്കഴിഞ്ഞപ്പോള്‍ വകുപ്പുതലവന് സമര്‍പ്പിച്ചു. റവന്യു ബോര്‍ഡ് സെക്രട്ടറി മലയാറ്റൂര്‍ രാമകൃഷ്ണനായിരുന്നു. പക്ഷേ, പ്രസിദ്ധീകരണാനുമതി നല്‍കാതെ സര്‍ക്കാരിന് അയച്ചുകൊടുക്കുകയാണ് ചെയ്തത്. ഒടുവില്‍ വിചിത്രമായ നിബന്ധനയ്ക്കു വിധേയമായി നാലുവര്‍ഷത്തിനു ശേഷം അനുമതി. അടിമത്തം എന്ന പദം വരുന്ന ഖണ്ഡികകള്‍ മാറ്റിയായിരുന്നു അത്. അങ്ങനെ വികൃതമായ നിലയില്‍ പുസ്തകം പുറത്തിറക്കേണ്ടെന്ന് പാനൂരും ഉറപ്പിച്ചു.

ഇ എം എസ് ഇടപെടുന്നു

റവന്യു ജീവനക്കാരുടെ യൂണിയന്‍ മുഖപത്രത്തില്‍ 'ഒരു പുസ്തക കൊലപാതകത്തെപ്പറ്റി' എന്നൊരു ലേഖനം. നവയുഗം വാരിക പത്രാധിപരായിരുന്ന പവനന്‍ കുറിപ്പോടെ പുനഃപ്രസിദ്ധീകരിച്ചു. മാധ്യമങ്ങളില്‍ വിഷയം വീണ്ടും. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് പൊന്‍കുന്നം വര്‍ക്കിയും സെക്രട്ടറി ഡി സി കിഴക്കേമുറിയും പ്രശ്നം മുഖ്യമന്ത്രി ഇ എം എസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹം തലശേരിയിലെത്തുമ്പോള്‍ കാര്യം ധരിപ്പിക്കണമെന്ന് അറിയിച്ചു. ഇ എം എസ് തലശേരിയിലെത്തുന്നു. സുഖസൌകര്യങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഡെപ്യൂട്ടി തഹസില്‍ദാറെന്ന നിലയില്‍ കാണുകയും കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. കൂടിക്കാഴ്ച ഫലംചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടുന്ന നിയമങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതായി ഇ എം എസ് പ്രസ്താവനയിറക്കി. ആറുവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് പുസ്തകം പുറത്തിറക്കിയത്.

ജീവിതം മാറി പ്രശ്നങ്ങള്‍ ബാക്കി

(പാനൂരുമായി ഒരു ചെറു അഭിമുഖം)

കേരളത്തിലെ ആഫ്രിക്ക എഴുതിയിട്ട് 50 വര്‍ഷം. ആദിവാസികളുടെ ജീവിതത്തില്‍ മാറ്റമുണ്ടായോ?

അന്നത്തെ ചിത്രമല്ല ഇന്ന്. എല്ലാ മേഖലയിലുമുണ്ടായ മാറ്റത്തിന്റെ നേരിയ വെട്ടം എത്തിയിട്ടുണ്ട്. ഭൂമിക്കും ജീവിതത്തിനുമായുള്ള പെടാപാടിന് അറുതിയായിട്ടില്ല. ആദിവാസിക്ക് ഓടിട്ട വീടു മാത്രം കൊടുത്തതുകൊണ്ടായില്ല. ജീവിക്കാനുള്ള സാഹചര്യമുണ്ടാവണം. കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ജോലി നല്‍കണം. ഒപ്പം വനവിഭവങ്ങള്‍ കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങള്‍ വരണം.

ആദിവാസിമേഖലയില്‍ താങ്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ഇടപെടല്‍ ലക്ഷ്യത്തിലെത്തിക്കാനായോ?

ഔദ്യോഗിക ജീവിതകാലത്ത് ആകാവുന്ന നിലയില്‍ ശ്രമിച്ചിട്ടുണ്ട്. പല പ്രതിബന്ധങ്ങളും ഉണ്ടായി. കണ്ണവംകോളനിയില്‍ 100 കുറിച്യകുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സാധിച്ചത് മറക്കാനാവില്ല. കണ്ണവത്ത് 400 ഏക്കറില്‍ 100 കുടുംബങ്ങളെ കുടിയിരുത്താനുള്ള പദ്ധതിരൂപരേഖയാണ് ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസറായിരിക്കെ സമര്‍പ്പിച്ചത്. എതിര്‍പ്പുകളുണ്ടായിരുന്നു. സമ്മര്‍ദത്തിനൊടുവിലാണ് അംഗീകരിച്ചത്. പുനരധിവാസത്തിനുള്ള സ്പെഷ്യല്‍ ഓഫീസറായും ചുമതല തന്നു. 100 കുറിച്യ കുടുംബങ്ങള്‍ക്ക് നാലേക്കര്‍ വീതം ഭൂമിയാണ് അന്നു നല്‍കിയത്. അവരിന്നും സുഖമായി ജീവിക്കുന്നു.

കണ്ണവത്തെ ആദിവാസികള്‍ കെ പാനൂരുമായുള്ള സ്നേഹബന്ധം ഇഴമുറിയാതെ സൂക്ഷിക്കുന്നു. ഇടയ്ക്ക് പാനൂരിലെ വീട്ടില്‍ വിശേഷങ്ങളുമായി അവര്‍ എത്താറുണ്ട്. ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്താനും ദുരിതങ്ങള്‍ക്ക് താങ്ങായി മാറാനും സാധിച്ചതിലുള്ള അഭിമാനം അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. ആദിവാസികളുടെ ഭൂപ്രശ്നം പരിഹരിക്കപ്പെടണം. അവര്‍ക്ക് മാന്യമായി ജീവിക്കാവുന്ന ജോലിയും ചുറ്റുപാടും ഉണ്ടാവണം. ഇതൊക്കെയാണ് ഇപ്പോള്‍ സ്വപ്നങ്ങള്‍.

ബൈബിളും പാവങ്ങളും ആരണ്യകും

പരേതരായ കുഞ്ഞിക്കണ്ണന്റെയും മുതുവന കുങ്കിഅമ്മയുടെയും മകനായി 1927 ജനുവരി 10നാണ് കെ പാനൂര്‍ എന്ന കുഞ്ഞിരാമന്റെ ജനനം. ബൈബിളും വിക്ടര്‍ ഹ്യൂഗോവിന്റെ പാവങ്ങളുമാണ് ജീവിതവീക്ഷണത്തെ രൂപപ്പെടുത്തിയത്. പാനൂര്‍ ഹൈസ്കൂളിലെ പഠനത്തിനുശേഷമുള്ള സര്‍വകലാശാല പഞ്ചായത്ത് ലൈബ്രറിയായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം റവന്യുവകുപ്പിലായിരുന്നു ഔദ്യോഗിക ജീവിതം. ആദ്യകാലത്ത് കവിതയിലായിരുന്നു കമ്പം.

ഓഫീസിലെ ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോവുമായിരുന്ന ഈ ഉദ്യോഗസ്ഥനെ കെ പാനൂരാക്കിയത് ട്രൈബല്‍ വെല്‍ഫെയര്‍ വകുപ്പിലേക്കുള്ള മാറ്റം. ഡെപ്യൂട്ടി കലക്ടറായി ജോലിചെയ്യവെയാണ് ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസറായി ഡെപ്യൂട്ടേഷന്‍. ഇതിനു നിമിത്തമായതാകട്ടെ വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ നോവല്‍ 'ആരണ്യക്'. അതു വായിച്ചശേഷമാണ് ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസറായത്. ആദിവാസിമേഖലയിലെ യാത്രക്കിടയില്‍ കണ്ട കരളലിയിക്കുന്ന കഥകള്‍ ഈ എഴുത്തുകാരനുണ്ട്. വിശന്നുകരയുന്ന കുട്ടി നൊയ്ച്ചിയുടെ ഇറച്ചി പറിച്ചുതിന്നുന്നതു കണ്ടപ്പോഴുണ്ടായ വേദന മനസ്സില്‍ ഉമിത്തീപോലെയുണ്ട്. ആദിവാസിഊരുകള്‍ തേടിയുള്ള യാത്രയില്‍ പലപ്പോഴും കൂട്ടായത് വയനാട്ടില്‍ ഹരിജന്‍ വെല്‍ഫെയര്‍ വകുപ്പില്‍ ഓഫീസറായിരുന്ന മാഹി പള്ളൂരിലെ പി ദാമോദരന്‍നമ്പ്യാര്‍.

വിരമിച്ച ശേഷം അടുത്തകാലംവരെ പൊതുരംഗത്ത് സജീവസാന്നിധ്യമായിരുന്നു. ഇപ്പോള്‍ പാനൂര്‍ ടൌണിനടുത്ത് വിശ്രമജീവിതം. ന്യൂമാഹി മലയാള കലാഗ്രാമത്തില്‍ രജിസ്ട്രാറായും സേവനമനുഷ്ഠിച്ചു. പഴയതുപോലെ ഓടിച്ചാടാന്‍ വയ്യ. ഇന്നും ശ്രദ്ധാപൂര്‍വം ഉറ്റുനോക്കുന്ന ഒരേയൊരു കാര്യം ആദിവാസി ഭൂപ്രശ്നം മാത്രം. ഹൈക്കോടതിയിലെ അഭിഭാഷകരുമായി കേസിനെക്കുറിച്ച് അന്വേഷിക്കുന്നു. കേരളത്തിലെ അമേരിക്ക, ഹാ! നക്സല്‍ബാരി, സഹ്യന്റെ മക്കള്‍ എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം, രാമാശ്രമം അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു.

*
പി ദിനേശന്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

Thursday, July 1, 2010

വയനാട്ടിലെ ആദിവാസിസമരവും കോടതിവിധിയും

വയനാട്ടില്‍ ആദിവാസിക്ഷേമസമിതിയുടെ നേതൃത്വത്തില്‍ മാസങ്ങളായി നടന്നുവരുന്ന കുടിപാര്‍പ്പുസമരത്തിനെതിരെ കോടതി വിധി പ്രസ്‌താവിച്ചിരിക്കുന്നു. സമരത്തെ 'കയ്യേറ്റ'സമരമായി ചിത്രീകരിച്ച കോടതി കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്നും നിര്‍ദേശം നല്‍കി. അതനുസരിച്ച് കുടിപാര്‍പ്പുകാരെ ഒഴിപ്പിക്കാന്‍ പൊലീസ് രംഗത്തുവന്നെങ്കിലും ശക്തമായ ചെറുത്തുനില്‍പുമൂലം പൊലീസിന് പിന്മാറേണ്ടിവന്നു. പൊളിച്ച കുടിലുകള്‍ പുനര്‍നിര്‍മിക്കുകയും ചെയ്‌തു.

കോടതിയുടെ നിലപാട് ഇത്തരം പ്രശ്‌നങ്ങളില്‍ ഭരണവര്‍ഗം സ്വീകരിച്ചുപോരുന്ന നിലപാടിന്റെ പ്രതിഫലനമാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം ഇന്ന ആള്‍ക്കാണെന്ന് തെളിവുസഹിതം വാദിക്കാന്‍ സാധിക്കുമെങ്കില്‍, അയാള്‍ക്കനുകൂലമായി കോടതി വിധിക്കും. അവിടെ കുടിപാര്‍ക്കുന്നവരെ 'കയ്യേറ്റ'ക്കാരായി ചിത്രീകരിക്കുകയും ചെയ്യും. ഇതിനുമുമ്പ് അമ്പായത്തോട് കോളനിയുടെ പ്രശ്‌നത്തിലും ഇതേ നിലപാട് നാം കണ്ടതാണ്. അവസാനം സര്‍ക്കാര്‍ ഇടപെടലിലൂടെ അമ്പായത്തോട് നിവാസികള്‍ക്കുതന്നെ ഭൂമി പതിച്ചുലഭിക്കുകയും ചെയ്‌തു.

ഇവിടെ 'നീതിയുടെ അന്ധതയ് 'ക്ക് (കല്‍പിച്ചുകൂട്ടി ഉണ്ടാക്കുന്ന അന്ധതയോ?) മറ്റൊരു പ്രധാന തെളിവുമുണ്ട്. ഒരു വസ്‌തുവിന്റെ ആധാരം തന്റെ പക്കലുണ്ടെന്ന് ഒരാള്‍ വാദിക്കുമ്പോള്‍ അതെങ്ങനെ അയാളുടെ കൈവശം എത്തിയെന്ന് അന്വേഷിക്കേണ്ട ബാധ്യതയും കൂടിയുണ്ട്. ഇവിടെ കുടില്‍കെട്ടിയ എം വി ശ്രേയാംസ്‌കുമാറിന്റെയും ജോര്‍ജ് പോത്തന്റെയും ഭൂമികള്‍ സര്‍ക്കാര്‍ഭൂമി കയ്യേറിയതാണെന്ന വാദം ഉയര്‍ന്നിരുന്നു. അത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. വയനാട്ടില്‍ ആദിവാസിഭൂമിയെ സംബന്ധിച്ച വിവാദങ്ങളില്‍ അവിടത്തെ വന്‍കിട ഭൂവുടമകളുടെ മുന്‍ കയ്യേറ്റങ്ങള്‍ക്ക് പ്രധാന സ്ഥാനവുമുണ്ടായിരുന്നു. വീരേന്ദ്രകുമാര്‍പക്ഷം ജനതാദളിന്റെ നേതാക്കളായ ശ്രേയാംസ്‌കുമാറിന്റെയും പോത്തന്റെയും കയ്യേറ്റം ശക്തമായി നിഷേധിച്ച യുഡിഎഫുകാര്‍, വയനാട്ടിലെ ഒരു എംഎല്‍എയുടെ സഹോദരന്‍ ഭൂമി കയ്യേറിയെന്ന ആരോപണം ഉന്നയിക്കുകയായിരുന്നു. ഇത്തരം ആരോപണങ്ങള്‍ ഒരര്‍ഥത്തില്‍ ഭൂമികയ്യേറ്റം നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നതാണ്. ആദിവാസിക്ഷേമസമിതിയുടെ വാദവും അതുതന്നെയാണ്. വയനാട്ടിലെ ഭൂവുടമകള്‍ സര്‍ക്കാര്‍ വനഭൂമി കയ്യേറി തോട്ടങ്ങളാക്കിയെന്ന വാദമുന്നയിച്ചാണ് സമിതി സമരമാരംഭിക്കുന്നത്. ശ്രേയാംസ്‌കുമാറിന്റെയും പോത്തന്റെയും ഭൂമികള്‍ക്കാവശ്യമായ തെളിവും അവര്‍ ഹാജരാക്കി. ഇതൊന്നും അന്വേഷിക്കാതെ, കേസിന്റെ വിശദാംശങ്ങള്‍ പൂര്‍ണരൂപത്തില്‍ ആരായാതെ, ഭൂവുടമകള്‍ക്കനുകൂലമായ ഏകപക്ഷീയമായ വിധിയാണ് കോടതിയുടെ ഭാഗത്തുനിന്ന് വന്നത്.

കോടതിയുടെ വര്‍ഗസ്വഭാവം തെളിയിക്കുന്ന മറ്റൊരുവശംകൂടിയുണ്ട്. വ്യക്തമായ രാഷ്‌ട്രീയസ്വഭാവമുള്ള, വര്‍ഗസ്വഭാവമുള്ള സമരത്തെ 'കയ്യേറ്റ'മായി ചിത്രീകരിക്കുകയാണ് കോടതി ചെയ്യുന്നത്. തൊഴിലാളി പണിമുടക്കുകളെയും ഹര്‍ത്താലുകളെയും നിരോധിക്കുന്ന, വിദ്യാര്‍ഥിസമരങ്ങളും സംഘടനാപ്രവര്‍ത്തനവും പാടില്ലെന്ന് ശഠിക്കുന്ന, ഭരണവര്‍ഗ താല്‍പര്യങ്ങളുടെ മറ്റൊരുദാഹരണമാണിത്. ഇത്തരം സമരങ്ങള്‍ക്ക് രാഷ്‌ട്രീയമായ പരിഹാരങ്ങളാണ് വേണ്ടതെന്ന് യുഡിഎഫുകാരടക്കമുള്ള ഏതു രാഷ്‌ട്രീയക്കാരും സമ്മതിക്കും. രാഷ്‌ട്രീയ സംഘര്‍ഷങ്ങളും വിവാദങ്ങളും അടിസ്ഥാനപരമായി സാമൂഹ്യനീതിയെക്കുറിച്ചുള്ള വിവാദങ്ങള്‍തന്നെയാണ്. അതിനായി രണ്ടുകക്ഷികളുടെയും വാദങ്ങള്‍ വിശദമായി പരിശോധിക്കണം. കൂടുതല്‍ അന്വേഷണം ആവശ്യമെങ്കില്‍ അതിന് ഉത്തരവിടുകയും ചെയ്യാം. സിസ്‌റ്റര്‍ അഭയ കേസ്, പോള്‍ മുത്തൂറ്റ് കേസ് തുടങ്ങിയ നിരവധി കേസുകളില്‍ സര്‍ക്കാര്‍ നടപടികളെ മുന്‍നിര്‍ത്തി കോടതി ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷേ, ഇത്തരം ഉത്തരവുകള്‍ സാധാരണക്കാരുടെ, അധഃസ്ഥിതരുടെ പ്രശ്‌നങ്ങളുയരുമ്പോള്‍ കോടതികളില്‍നിന്നുണ്ടാകാറില്ല. ഉപരിവര്‍ഗത്തിന്റെ നിലപാടുകള്‍, അതെന്തായിരുന്നാലും, ആവര്‍ത്തിക്കുകമാത്രമാണ് കോടതി ചെയ്യാറുള്ളത്. ആദിവാസികളുടെ കാര്യത്തിലും സംഭവിച്ചത് അതുതന്നെയാണ്. പ്രശ്‌നത്തില്‍ അന്തര്‍ഭവിച്ച സാമൂഹ്യനീതിയുടെ പ്രശ്‌നം കണക്കിലെടുക്കാതെ, ഇരകളുടെമേല്‍ പഴിചാരുന്ന രീതിയാണ് ഇക്കാര്യത്തില്‍ കോടതി അവലംബിച്ചത്.

ഇവിടെ അധഃസ്ഥിതരുടെ നീതി മാത്രമല്ല നിഷേധിക്കപ്പെട്ടത്. അത് ചരിത്രനിഷേധംകൂടിയാണ്. കോടതിയും ഭരണവര്‍ഗവും ചരിത്രം പഠിക്കണമെന്നില്ല, പക്ഷേ, സാമാന്യമായ സാമൂഹ്യബോധം ആവശ്യമാണല്ലോ. വയനാട്ടിലെ കാര്‍ഷികവ്യവസ്ഥയും ഭൂവുടമാവകാശവും വ്യാപിച്ചത് 1920കള്‍ മുതലാരംഭിച്ച നിരവധി കുടിയേറ്റങ്ങളുടെ ഭാഗമായാണ്. 1929ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ സെറ്റില്‍മെന്റില്‍പോലും ഭൂവുടമകളുടെ എണ്ണം താരതമ്യേന കുറവായിരുന്നു. മുപ്പതുകള്‍ മുതലാണ് വന്‍തോതിലുള്ള കുടിയേറ്റം ആരംഭിക്കുന്നത്. എഴുപതുകളുടെ അവസാനംവരെ അത് തുടരുകയാണ്. ശ്രേയാംസ്‌കുമാറിന്റെ കുടുംബംപോലും വയനാട്ടിലെത്തുന്നത് 1920കളുടെ ആദ്യമാണ്. അതായത് വയനാട്ടിലെ വലിയൊരു ശതമാനം ഭൂമികളുടെയും അടിയാധാരരേഖകള്‍ 1970ല്‍ ഭൂപരിഷ്‌ക്കാരത്തിനു ശേഷമുള്ളതായിരിക്കും. അവയില്‍ 1977നുമുമ്പുള്ളവ നിയമപരമാണെന്ന് സമ്മതിച്ചാല്‍പോലും കേരളത്തിലെ മറ്റു ഭാഗങ്ങളിലുള്ള ആധാരരേഖകളുടെ വ്യക്തത വയനാട്ടിലും (മറ്റു മലയോര പ്രദേശങ്ങളിലും) ഉണ്ടാകണമെന്നില്ല. മൂലധനസമാഹരണത്തിന്റെ യുക്തി ലോകത്തിലെല്ലായിടത്തും വിഭവങ്ങളുടെ കയ്യേറ്റവും പിടിച്ചെടുക്കലും തന്നെയാണ്. അതിനാണല്ലോ വന്‍ ശക്തികള്‍ യുദ്ധങ്ങളും സാമ്പത്തിക ഉപരോധങ്ങളും ഏര്‍പ്പെടുത്തുന്നത്. ഉടമാവകാശത്തെക്കുറിച്ച് കൂടുതല്‍ അവ്യക്തതയുള്ള വയനാട്ടില്‍ ഇത്തരം പിടിച്ചെടുക്കലുകള്‍ എളുപ്പവുമാണ്. വയനാട്ടിലെ ആദിവാസിസമരങ്ങള്‍ ഭൂവുടമകളുടെ കയ്യേറ്റങ്ങള്‍ക്കെതിരായ വര്‍ഗപരമായ പ്രതിരോധവുമാണ്.

എന്നാല്‍, കോടതി വസ്‌തുതകളെ തലകീഴായി കാണുകയാണ് ചെയ്‌തത്. ആദിവാസികളുടെ കുടിപാര്‍പ്പുസമരം 'കയ്യേറ്റ'മാണെന്ന് വിധിയെഴുതുന്നതിനുമുമ്പ് ഭൂവുടമകളുടെ അവകാശവാദം വസ്‌തുതാപരമാണോ എന്നും അവിടെ അതിനുമുമ്പ് കയ്യേറ്റം നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ട ബാധ്യത കോടതിക്കുണ്ടായിരുന്നു.ആദിവാസി ക്ഷേമസമിതി ഭൂമിയുടെമേല്‍ നിയമപരമായ അവകാശത്തിനുള്ള രേഖകള്‍ നിര്‍മിച്ചിട്ടില്ലെന്നും അവര്‍ കുടിപാര്‍പ്പുസമരംവഴി ഭൂമിയുടെമേല്‍ അവകാശം ഉന്നയിക്കുകമാത്രമാണ് ചെയ്‌തതെന്നും ഓര്‍ക്കേണ്ടതാണ്. അവകാശം ഉന്നയിക്കുക ന്യായമായ സമരരൂപമാണ്. ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള അവകാശംപോലെ പണിയെടുക്കുന്നവര്‍ക്ക് അവരുടെ വിഭവങ്ങളുടെമേലും അവകാശമുണ്ട്. വനഭൂമി ആദിവാസികളുടെ വിഭവമാണ്. അതുകൊണ്ട് അവര്‍ക്ക് അത്തരം ഭൂമിയുടെമേല്‍ ന്യായമായും അവകാശവാദമുന്നയിക്കാം. അത്തരം അവകാശവാദങ്ങളെ സംബന്ധിച്ച് നീതിയുക്തമായ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനും കോടതികള്‍ക്കും ബാധ്യതയുണ്ട്. അത്തരമൊരു തീരുമാനത്തിലേക്കെത്തിക്കുന്ന പ്രവര്‍ത്തനം നടത്തുന്നതിനുപകരം, ഒരു സമരത്തെ കയ്യേറ്റമായും മറ്റും ചിത്രീകരിക്കുന്നത് അതിനോടുള്ള അസഹിഷ്‌ണുതയും ഭരണവര്‍ഗപരമായ ധാർഷ്‌ട്യവുമാണ്. യഥാര്‍ഥത്തിലുള്ള കയ്യേറ്റക്കാരുടെ ചെയ്‌തികളെകൂടി മറയ്‌ക്കുന്നതിനു തുല്യവുമാണിത്.

ഈ കോടതിവിധിയും മറ്റൊരു കോടതിവിധിയും തമ്മില്‍ താരതമ്യപ്പെടുത്തുക സ്വാഭാവികമാണ്. ചെങ്ങറ സമരത്തെ സംബന്ധിച്ച കോടതിവിധിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഹാരിസണ്‍ മലയാളം കോര്‍പറേഷന്‍ കയ്യേറിയതായി പറയപ്പെടുന്ന ഭൂമയില്‍ ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ കുടില്‍കെട്ടി താമസമാക്കിയപ്പോള്‍ അവരെ കുടിയൊഴിപ്പിക്കണമെന്ന് വാദിച്ച് ഹാരിസണ്‍ മലയാളം കോര്‍പറേഷനും കോടതിയെ സമീപിച്ചിരുന്നു. അന്ന് കുടിയൊഴിപ്പിക്കല്‍ തടയുകയും പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിന് സര്‍ക്കാരിന് സമയം നല്‍കുകയുമാണ് കോടതി ചെയ്‌തത്. ചെങ്ങറ കുടിപാര്‍പ്പുകാര്‍ക്ക് ഭൂമി നല്‍കുക എന്ന പ്രക്രിയ ഇപ്പോള്‍ പൂര്‍ത്തിയായിവരികയുമാണ്. അതിനുപകരം ഹാരിസണ്‍ മലയാളംകാര്‍ ആഗ്രഹിച്ചതുപോലെ കുടിയൊഴിപ്പിക്കാന്‍ കോടതി ഉത്തരവിടുകയും സര്‍ക്കാര്‍ നടപ്പിലാക്കുകയും ചെയ്‌തിരുന്നെങ്കില്‍ സ്ഥിതി സ്‌ഫോടനാത്മകമായ അവസ്ഥയിലെത്തുമായിരുന്നു, എന്നുമാത്രമല്ല ഭൂരഹിതരുടെ പ്രശ്‌നം ഒരിക്കലും പരിഹരിക്കപ്പെടാതെ കിടക്കുകയും ചെയ്‌തേനെ. അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ട വീണ്ടുവിചാരം വയനാട്ടില്‍ കോടതിയുടെ ഭാഗത്തുനിന്ന് കണ്ടില്ല എന്നത് അത്ഭുകരമാണ്. ചെങ്ങറ സമരത്തിന് സര്‍ക്കാര്‍വിരുദ്ധ സമരത്തിന്റെ സ്വഭാവമുണ്ടായിരുന്നതുകൊണ്ടും വയനാട്ടില്‍ സര്‍ക്കാര്‍ അനുകൂലികളാണ് സമരത്തിനിറങ്ങിയത് എന്നതുകൊണ്ടുമാകുമോ ഈ വ്യത്യാസമുണ്ടായത് ? അതോ, രണ്ടു ന്യായാധിപന്മാരുടെ കൈക്രിയകളിലെ വ്യത്യാസമാണോ? രണ്ടായിരുന്നാലും, നീതിന്യായവ്യവസ്ഥയില്‍ കാണേണ്ട ശുഷ്‌ക്കാന്തിയെ ഇതൊട്ടും കാണിക്കുന്നില്ല. കക്ഷിരാഷ്‌ട്രീയമനുസരിച്ചല്ല കോടതി തീരുമാനമെടുക്കേണ്ടത്. സര്‍ക്കാര്‍വിരുദ്ധ സമരമായാലും സര്‍ക്കാര്‍ അനുകൂല സമരമായാലും കോടതിക്ക് ഒരുപോലെയാണ്. വര്‍ഗസ്വഭാവമുള്ള സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ അതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ മുഴുവന്‍ കണക്കിലെടുക്കാതെ ന്യായാധിപരടങ്ങുന്ന മധ്യവര്‍ഗതാല്‍പര്യങ്ങളും അവരുടെ മുന്‍വിധികളും ഒരിക്കലും വരാന്‍ പാടില്ല. പക്ഷേ, നിരവധി വിധികളിലൂടെ നിക്ഷിപ്‌തതാല്‍പര്യങ്ങളുടെ വക്താക്കളാണ് തങ്ങളെന്ന് കോടതി വീണ്ടും വീണ്ടും തെളിയിക്കുകയാണ്.

ചെങ്ങറ സമരവുമായുള്ള താരതമ്യം മറ്റൊരു വസ്‌തുതകൂടി പുറത്തുകൊണ്ടുവരുന്നു. ചെങ്ങറ സമരത്തിലടങ്ങുന്ന സാമൂഹ്യനീതിയെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ കേരളത്തിലുടനീളം നടന്നിരുന്നു. നിരവധി പ്രദേശങ്ങളില്‍ താമസിച്ചിരുന്ന ഭൂരഹിതരും ഭൂമി ആവശ്യമുള്ളവരുമായ ആളുകളെ കൊണ്ടുവന്ന് പാര്‍പ്പിച്ചാണ് ചെങ്ങറയിലെ ഭൂസമരം നടന്നത്. ഇതിന് ദളിത്-ആദിവാസി സ്വത്വരാഷ്‌ട്രീയപരമായ നിരവധി കാരണങ്ങളും നിരത്തി. രണ്ടാം ഭൂപരിഷ്‌ക്കരണ സമരമെന്ന വിശേഷണവും നല്‍കി. സമരത്തിന്റെ രീതിയോട് എതിര്‍പ്പുണ്ടായിരുന്നവര്‍പോലും ഭൂരഹിതരുടെ പൊതു അവകാശങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഭൂരഹിതരുടെ അവകാശങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തില്‍ ചെങ്ങറയില്‍ താമസിപ്പിക്കപ്പെട്ട യഥാര്‍ഥ ഭൂരഹിതരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തി. അവര്‍ക്ക് ഭൂമി വിതരണം ചെയ്‌തുവരികയാണ്.

എന്നാല്‍, ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ആദിവാസിക്ഷേമസമിതിയുടെ സമരത്തിനില്ല. ക്ഷേമസമിതിയുടെ സമരത്തിന് സ്വത്വസ്വഭാവമില്ല. അത് ആദിവാസികളുടെ ഭൂമിയുടെമേലുള്ള അവകാശസമരമാണ്. ആദിവാസികള്‍ക്ക് വനഭൂമിയുടെമേലുള്ള 'നൂറ്റാണ്ടുകളായുള്ള' വൈകാരികബന്ധം സ്ഥാപിക്കുകയല്ല അവര്‍ ചെയ്യുന്നത്, അവരുടെ നിലനില്‍പിന് വിഭവങ്ങളുടെമേലുള്ള അവകാശത്തിനുവേണ്ടി വാദിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതുകൊണ്ട് അവരുടെ സമരം പ്രത്യക്ഷത്തിലുള്ള വര്‍ഗസമരമാണ്. അധ്വാനിക്കുന്ന വര്‍ഗമെന്ന നിലയില്‍ അവരുടെ സമരം മുതലാളിത്തത്തിന്റെ പിടിച്ചെടുക്കല്‍ രീതികള്‍ക്ക് എതിരാണ്. ഈ സ്വഭാവംകൊണ്ടായിരിക്കാം പുതിയ 'രാഷ്‌ട്രീയ നൈതികത'യുടെ വക്താക്കള്‍ ക്ഷേമസമിതിയുടെ സമരത്തിനോട് പുറംതിരിഞ്ഞുനില്‍ക്കുന്നത്. 'നവസാമൂഹ്യപ്രസ്ഥാന'ങ്ങള്‍ക്ക് പൊതുവിലുള്ള ഇടതുപക്ഷവിരുദ്ധ സ്വഭാവവും (അതോ ഇടതുപക്ഷ 'സംരക്ഷണ'മോ? രണ്ടും ഫലത്തില്‍ ഒന്നുതന്നെ) അവരുടെ പ്രമുഖ വക്താക്കളിലൊരാള്‍ ക്ഷേമസമിതിയുടെ എതിര്‍ചേരിയിലായതും ഈ പൊതു അവഗണനയ്‌ക്ക് കാരണമാകാം. അദ്ദേഹത്തിന് മാധ്യമങ്ങളിലുള്ള സ്വാധീനവും പ്രധാന ഘടകമാണല്ലോ.

മാധ്യമങ്ങളും ബുദ്ധിജീവികളും അവഗണിച്ചാലും ഇല്ലെങ്കിലും കേരളത്തിലെ സുപ്രധാന കര്‍ഷകസമരങ്ങളിലൊന്നാണ് വയനാട്ടില്‍ രൂപപ്പെടുന്നത്. ഗോത്രമഹാസഭ ആദ്യഘട്ടത്തില്‍ ഭൂമികയ്യേറ്റക്കാര്‍ക്കെതിരെ ആദിവാസികളെ സംഘടിപ്പിച്ചുവെന്നത് നേരാണ്. അതാണ് മുത്തങ്ങയിലെ കുടിപാര്‍പ്പുസമരത്തിലെത്തിച്ചത്. ഭൂരഹിതരെന്ന നിലയില്‍ അവരുടെ അവകാശങ്ങള്‍ അനുവദിച്ചുകൊണ്ട് രമ്യമായി പരിഹരിക്കുന്നതിനുപകരം യുഡിഎഫ് സര്‍ക്കാര്‍ വെടിവെയ്പ്പ് നടത്തി സംഘര്‍ഷത്തെ ആളിക്കത്തിച്ചു. തുടര്‍ന്ന് ആദിവാസികള്‍ക്ക് അഞ്ചേക്കര്‍ ഭൂമിവീതം വാഗ്‌ദാനംചെയ്‌തു. പ്രായോഗികമായി നടപ്പിലാക്കാന്‍ വിഷമമായ ഈ വാഗ്‌ദാനത്തിലൂടെ ആദിവാസി സമരത്തെ വിലയ്‌ക്കെടുക്കുകയാണ് യുഡിഎഫ് ചെയ്‌തത്. ഇതിനിടയില്‍ സമരത്തില്‍ കടന്നുവന്ന സ്വത്വവാദികളും തീവ്രവാദികളും സമരത്തിന്റെ കെട്ടുറപ്പിനെ തകര്‍ക്കുകയും സമരം കെട്ടടങ്ങുകയും ചെയ്‌തു. വ്യക്തമായ രാഷ്‌ട്രീയ കാഴ്‌ചപ്പാടിന്റെയും നേതൃത്വത്തിന്റെയും അഭാവം ഈ സമരത്തില്‍ പ്രകടമായിരുന്നു. അതുകൊണ്ട് ആദിവാസികളുടെ വര്‍ഗപരമായ അവകാശസമരമായി വളര്‍ത്തിക്കൊണ്ടുവരുന്നതിനുപകരം സ്വത്വാടിസ്ഥാനത്തില്‍ ആദിവാസികള്‍ക്ക് ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള സമരമായി അത് മാറി. ആറളം ഫാമിലെ കുടിപാര്‍പ്പുപോലുള്ള സമരരൂപങ്ങള്‍ തൊഴിലാളികളുമായുള്ള സംഘര്‍ഷത്തിനു വഴിതെളിച്ചു. ചെങ്ങറയിലും തൊഴിലാളികളുമായുള്ള സംഘര്‍ഷം ആവര്‍ത്തിച്ചു. അതായത് മുതലാളിത്തത്തിനെതിരായി ഒരുമിച്ച് നീങ്ങേണ്ട ശക്തികള്‍ പരസ്‌പരം പോരടിക്കുന്ന സ്ഥിതിയാണ് വളര്‍ന്നുവന്നത്. അതെല്ലാം സ്വത്വത്തിന്റെയും ഇടതുപക്ഷവിരുദ്ധതയുടെയും പേരില്‍ ന്യായീകരിക്കപ്പെട്ടു.

ക്ഷേമസമിതിയുടെ സമരം ഇതില്‍നിന്നു ഭിന്നമാണ്. ഭൂരഹിതരെ ഏതെങ്കിലും പ്രദേശത്ത് താമസിപ്പിക്കുന്നതിനുപകരം, മുതലാളിമാര്‍ കയ്യടക്കിയ ഭൂമികള്‍ കൃത്യമായി തിരിച്ചറിഞ്ഞ് അവിടെയാണ് ആദിവാസികള്‍ കുടില്‍ കെട്ടിയത്. അതുകൊണ്ടാണ് ക്ഷേമസമിതിയുടെ സമരം വര്‍ഗസമരമായി മാറിയതും മുതലാളിമാര്‍ക്കനുകൂലമായി കോടതി ഇടപെട്ടതും. കോടതി ഉത്തരവനുസരിച്ചുള്ള പൊലീസ് ഇടപെടലിനെ ചെറുത്തുനില്‍ക്കാന്‍ ആദിവാസികള്‍ക്ക് കഴിയുന്നുവെന്നത് രാഷ്‌ട്രീയ നേതൃത്വത്തിന്റെ പ്രസക്തി കാണിക്കുന്നു.

പക്ഷേ, ഇതുകൊണ്ട് പ്രശ്‌നത്തിന് പരിഹാരം കാണാനാവില്ല. കോടതിയുടെയും പൊലീസിന്റെയും ഇടപെടല്‍ ഇനിയും ഉണ്ടാകും. പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പറയുന്നുണ്ടെങ്കിലും ഫലത്തില്‍ അവര്‍ ഭൂവുടമകള്‍ക്ക് അനുകൂലമാണ്. ഭാവിയില്‍ അവര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ സമരം അടിച്ചമര്‍ത്തുന്നതില്‍ മുന്‍കയ്യെടുക്കുമെന്നതിലും സംശയമില്ല. അല്ലെങ്കില്‍ മറ്റു സംഘടനകളുണ്ടാക്കി സമരത്തിന്റെ കെട്ടുറപ്പ് തകര്‍ക്കുകയും ആകാം.

പക്ഷേ, ഭൂരഹിതര്‍ക്ക് നല്‍കുന്നതുപോലെ കേവലമായ ഭൂവിതരണത്തില്‍ ആദിവാസികളുടെ പ്രശ്‌നം ഒതുങ്ങുന്നില്ല. ആദിവാസികളുടെ വിഭവങ്ങളുടെമേലുള്ള അവകാശം അവരുടെ നിലനില്‍പിനുള്ള സമരത്തിന്റെ ഭാഗമാണ്. ഈ വിഭവങ്ങള്‍ തുടര്‍ച്ചയായ ഭൂമികയ്യേറ്റങ്ങളിലൂടെ കവര്‍ന്നെടുക്കപ്പെട്ടതുമാണ്. ശ്രേയാംസ്‌കുമാറും പോത്തനും ഹാരിസണ്‍ മലയാളവുമെല്ലാം വ്യാപകമായ കയ്യേറ്റത്തിന്റെ പ്രകടമായ തലങ്ങള്‍മാത്രമാണ്. 1977നുമുമ്പ് ഭൂപരിഷ്‌ക്കാരത്തിന്റെ ഭാഗമായി തയ്യാറാക്കപ്പെട്ട കണക്കുകള്‍ മാത്രമാണ് ഇപ്പോഴും നമുക്കുള്ള ആധികാരിക രേഖകള്‍. അതിനുശേഷം ഭൂമി നിരവധി പ്രാവശ്യം കൈമാറിയിട്ടുണ്ട്. ഇത്തരം കൈമാറ്റങ്ങളിലും പിന്നീട് നല്‍കപ്പെട്ട പട്ടയങ്ങളിലും ആദിവാസികളുടെ വാസകേന്ദ്രങ്ങളടക്കമുള്ള വനഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവ മുഴുവനും തിരിച്ചെടുക്കാനുള്ള ബാധ്യത ഗവണ്‍മെന്റിനുണ്ട്. മൂന്നാറില്‍ ഇപ്പോള്‍ ശ്രമിക്കുന്നതും അതിനുതന്നെയാണ്. അത്തരം ഭൂമികളില്‍ വാസയോഗ്യവും ഉല്‍പാദനക്ഷമവുമായ പ്രദേശങ്ങള്‍ ആദിവാസികള്‍ക്ക് നല്‍കുകയുംവേണം. ആദിവാസികളെ ഉപയോഗിച്ചുകൊണ്ടുള്ള ജോയിന്റ് ഫോറസ്‌റ്റ് മാനേജ്‌മെന്റ് പോലുള്ള പദ്ധതികള്‍ ഫലപ്രദമല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം ആദിവാസികളുടെ വിദ്യാഭ്യാസവും സാങ്കേതിക വൈദഗ്ധ്യവും വര്‍ധിപ്പിച്ചുകൊണ്ട് അവരെ ഇത്തരം പ്രദേശങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ പ്രേരിപ്പിക്കണം. അത്തരത്തിലുള്ള ഭൂവിനിയോഗക്രമം വനഭൂമികളില്‍ വളര്‍ന്നുവരണം. അതിനാവശ്യമായ കൂട്ടായ്‌മരൂപങ്ങള്‍- സഹകരണ സംഘങ്ങള്‍, കൂട്ടായ മാനേജ്‌മെന്റ് രൂപങ്ങള്‍ മുതലായവ - ആദിവാസികളില്‍ വളര്‍ന്നുവരികയുംവേണം.

ഇവ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കാഴ്‌ചപ്പാടിന്റെ ഭാഗമാണ്. വ്യക്തമായി കയ്യേറ്റഭൂമിയാണെന്ന് തെളിയിക്കാവുന്ന പ്രദേശങ്ങള്‍ ഏറ്റെടുത്ത് ആദിവാസികള്‍ക്ക് പുനര്‍വിതരണം ചെയ്യുക പ്രശ്‌നപരിഹാരത്തിന്റെ തുടക്കമാണ്. ഇതിനുള്ള നടപടിക്രമങ്ങള്‍ ഉടനെ ആരംഭിക്കണം. മുമ്പ് സൂചിപ്പിച്ചതുപോലെ മലയോര പ്രദേശങ്ങളിലെ ക്രമരഹിതമായ ഭൂമിവിതരണം പ്രശ്‌നത്തെ സങ്കീര്‍ണമാക്കുമെന്നതുറപ്പാണ്. ഇത് ഭൂമികള്‍ ഏറ്റെടുക്കുന്നതുപോലെ ആയാസരഹിതമായ പ്രക്രിയയാവില്ലെന്നതുറപ്പാണ്. പലതരത്തിലുള്ള വ്യവഹാരങ്ങള്‍ക്കുംകോടതി ഇടപെടലുകള്‍ക്കും അതു വഴിവെക്കും. ഭൂമികയ്യേറ്റക്കാര്‍ നിയമരഹിതമായിത്തന്നെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതുകൊണ്ട് നേരിട്ടുള്ള സംഘര്‍ഷങ്ങള്‍ക്കും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ദുര്‍ഘടങ്ങളെയെല്ലാം വര്‍ഗാധിഷ്‌ഠിതമായ കാഴ്ചപ്പാടിലൂന്നി തരണംചെയ്യാന്‍ ആത്മാര്‍ഥമായ ശ്രമമാണ് ഇപ്പോള്‍ വേണ്ടത്.

ഇപ്പോള്‍ നടക്കുന്ന ഭൂസമരത്തിന് മറ്റൊരു മാനവും താമസിയാതെ ഉണ്ടാകും. പശ്ചിമഘട്ടങ്ങള്‍ സമൃദ്ധമായ വാണിജ്യ വിളപ്രദേശങ്ങളാണെന്ന് അഗ്രി ബിസിനസ് കുത്തകകള്‍ക്കറിയാം. ആസിയന്‍ കരാറിനുശേഷം കാര്‍ഷികമേഖലയിലെ അന്താരാഷ്‌ട്ര ഭീമന്മാരെ കൊണ്ടുവരാന്‍ ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങള്‍ ഫലപ്രാപ്‌തിയിലെത്തുകയാണെങ്കില്‍ നിയമപരമായ രീതിയില്‍തന്നെ ഭൂമികയ്യേറ്റം നടത്തുന്ന അന്താരാഷ്‌ട്ര കുത്തകകളും വയനാട്, ഇടുക്കി മുതലായ പ്രദേശങ്ങളില്‍ പ്രവേശിക്കും. ഈ സാധ്യത ആദിവാസികളുടെ ജീവിതത്തെ കൂടുതല്‍ ദുഷ്‌ക്കരമാക്കും. അവരുടെ അധ്വാനം അന്താരാഷ്‌ട്ര കുത്തകകള്‍ക്ക് വില്‍ക്കുന്ന സ്ഥിതിയും ഉണ്ടാകാം. അതിനെതിരായ പ്രതിരോധത്തിന്റെ അടിത്തറ ഇപ്പോള്‍ത്തന്നെ ഇടേണ്ടതുണ്ട്. കുത്തകകള്‍ക്കെതിരായ ആദിവാസികളുടെ പ്രതിരോധവും നിലവിലുള്ള ഭൂമികളില്‍ അതിജീവനത്തിനും വിഭവവര്‍ധനയ്‌ക്കുമുള്ള ശാസ്‌ത്രീയമായ ശ്രമങ്ങളും ചേര്‍ന്നുള്ള ആദിവാസി സമരരൂപങ്ങള്‍ വളര്‍ത്തേണ്ടതും ആവശ്യമാണ്. ഇതിനുള്ള വിപുലമായ തയ്യാറെടുപ്പുകള്‍ ക്ഷേമസമിതിയുടെ ഭാഗത്തുനിന്ന് വേണ്ടിവരും.

ക്ഷേമസമിതിയുടെ ഇപ്പോള്‍ നടക്കുന്ന സമരത്തിന്റെ വിജയം ഇതിന്റെയെല്ലാം അടിത്തറയാണ്. കയ്യേറിയ ഭൂമിയുടെ പുനര്‍വിതരണംതന്നെ ആദിവാസികളുടെ പുതിയ ജീവിതത്തിന്റെയും പുതിയ സമരരൂപങ്ങളുടെ വളര്‍ച്ചയുടെയും തുടക്കമാണ്. അതിനെ സാധ്യമായ എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ച് എതിര്‍ത്ത് പരാജയപ്പെടുത്താനാണ് ഭരണവര്‍ഗങ്ങള്‍ ശ്രമിക്കുന്നത്. അതിലവര്‍ വിജയിച്ചാല്‍ ആദിവാസി പ്രസ്ഥാനം വന്‍തോതില്‍ പിന്‍വാങ്ങേണ്ടിവരും. അതൊരിക്കലും അനുവദിച്ചുകൂടാ. അതുകൊണ്ട് ആദിവാസിഭൂമിയുടെ പുനര്‍വിതരണത്തിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ടാക്കുകയും അത് സാധ്യമായ ഇടങ്ങളില്‍ ഉടനടി നടപ്പിലാക്കാന്‍ തുടങ്ങുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. 'കയ്യേറ്റക്കാര്‍' ആദിവാസികളാണെന്ന കോടതിവിധിക്കും വന്‍തോതില്‍ സ്വാധീനമുണ്ടാകുന്നുണ്ട്. എല്ലാ സമരങ്ങളെയും 'അക്രമസമര'ങ്ങളെന്ന് വിശേഷിപ്പിക്കുന്ന രീതിയുടെ തുടര്‍ച്ചയാണിത്. അതിനെതിരായി ആദിവാസിമേഖലയില്‍ എന്ത് നടക്കുന്നുവെന്ന് വിശദീകരിക്കുന്ന പ്രചരണപരിപാടികളും അതിവേഗത്തില്‍ ഏറ്റെടുക്കണം. ആദിവാസി പ്രക്ഷോഭത്തെ വയനാട്ടിലെ പ്രാദേശിക സമരമായിമാത്രം കാണാതെ ഇന്നത്തെ മുതലാളിത്തരൂപത്തിനെതിരായ ശക്തമായ പ്രക്ഷോഭ രൂപങ്ങളിലൊന്നായി കാണുകയും വിപുലമായ ഐക്യദാര്‍ഢ്യം ആ സമരത്തിനോട് പ്രകടിപ്പിക്കുകയും വേണം.


*****

ഡോ. കെ എന്‍ ഗണേശ്, കടപ്പാട് : ചിന്ത വാരിക

Friday, June 11, 2010

ആദിവാസികളുടെ അവകാശങ്ങള്‍

ആദിവാസികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് 12നും 13നും ഡെല്‍ഹിയില്‍ നടക്കുന്ന ദേശീയ കണ്‍‌വന്‍ഷനില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 230 പ്രതിനിധികള്‍ പങ്കെടുക്കും. ചെറുത്തുനില്‍പ്പിന്റെയും പോരാങ്ങളുടെയും അനുഭവങ്ങള്‍ പങ്കിടാനും അടിയന്തരാവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ഭാവിപരിപാടി ആവിഷ്കരിക്കാനുമാണ് കണ്‍‌വന്‍ഷന്‍. ആദിവാസി സമൂഹത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ഏകോപിപ്പിക്കാനുമുള്ള നടപടികളും ചര്‍ച്ചചെയ്യും. ഇന്ത്യയിലെ ആദിവാസിസമൂഹത്തിന്റെ മുന്നേറ്റത്തിനും ദേശവ്യാപകപോരാട്ടങ്ങള്‍ക്കുമായി "ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച്'' എന്ന സംഘടനയുടെ രൂപീകരണവും കണ്‍‌വന്‍ഷന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ഷകരുടെയും തൊഴിലാളികളുടെയും ജന്മിത്വവിരുദ്ധ, മുതലാളിത്തവിരുദ്ധ സംഘടിത പ്രസ്ഥാനങ്ങള്‍ക്കുള്ള പ്രാധാന്യം ആദിവാസിസമൂഹത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനുമുണ്ട്. തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും സാമൂഹ്യ-സാമ്പത്തിക സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ താരതമ്യംചെയ്യുമ്പോഴും ആദിവാസി സ്ത്രീകളും യുവാക്കളും വിദ്യാര്‍ഥികളും പട്ടികവിഭാഗങ്ങളില്‍തന്നെ ഏറ്റവും താഴ്ന്ന ശ്രേണിയിലാണ്. ആദിവാസിസമൂഹം ഇന്ന് നേരിടുന്ന കടന്നാക്രമണങ്ങള്‍ മനസിലാക്കാനുള്ള അവസരം സൃഷ്ടിക്കാനായി ഈ വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനകളുടെ പ്രതിനിധികളെയും കണ്‍‌വന്‍ഷനിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ബലംപ്രയോഗിച്ച് ഭൂമി ഒഴിപ്പിക്കല്‍, ഭരണഘടനാ വ്യവസ്ഥകള്‍ ലംഘിച്ച് കോര്‍പറേറ്റുകള്‍ക്കായി ആദിവാസി ഭൂമി ഏറ്റെടുക്കല്‍, കൂടുതല്‍ ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്കും പോഷകാഹാരക്കുറവിലേക്കും ആദിവാസികളെ നയിക്കല്‍ എന്നിങ്ങനെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍, മുന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങള്‍ കൂടുതല്‍ തീവ്രതയോടെ നടപ്പാക്കുന്നത് സമഗ്ര വളര്‍ച്ചയെന്ന ഇവരുടെ അവകാശവാദത്തെ പരിഹാസ്യമാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തമാക്കാനുള്ള നടപടികള്‍ കണ്‍‌വന്‍ഷന്‍ ചര്‍ച്ചചെയ്യും.

നമ്മുടെ രാജ്യത്തെ വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങള്‍ നേരിടുന്ന വിവേചനങ്ങളും ചൂഷണങ്ങളും പരിഹരിക്കാന്‍ ശ്രമിക്കാത്തിടത്തോളം നീതിക്കുവേണ്ടിയുള്ള മുന്നേറ്റം സാധ്യമല്ല. പട്ടികജാതിക്കാരും പട്ടികവര്‍ഗങ്ങളും സ്ത്രീകളും ന്യൂനപക്ഷ വിഭാഗങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്.

ആദിവാസികള്‍ സാമൂഹ്യവും സാമ്പത്തികവുമായ ചൂഷണവും വിവേചനവും അനുഭവിക്കുന്നു. ആദിവാസികളില്‍ ബഹുഭൂരിപക്ഷവും ചൂഷിതവര്‍ഗത്തില്‍പെടുന്നവരാണ്, വര്‍ഗപരമായ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ വിപ്ളവകരമായ സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ അണിനിരക്കേണ്ട പ്രധാനവിഭാഗമാണ് ഇവര്‍.

ആദിവാസികളില്‍ 70 ശതമാനവും ചെറുകിട-നാമമാത്ര കര്‍ഷകരാണ്. 30 ശതമാനം ഭൂരഹിതരും. 15-20 ശതമാനത്തിന് കിടപ്പാടംപോലും സ്വന്തമായില്ല. ധാതുസമ്പന്നമായ ഭൂമിയില്‍ താമസിച്ചിരുന്ന ആദിവാസികളെ അവിടെനിന്ന് ആട്ടിയോടിച്ചശേഷമാണ് എന്‍ഡിഎ-യുപിഎ സര്‍ക്കാരുകള്‍ കോര്‍പറേറ്റുകള്‍ക്ക് ഖനനത്തിനായി ഇവിടങ്ങള്‍ വിട്ടുകൊടുത്തത്. ആദിവാസികള്‍ക്ക് പേരിനുള്ള നഷ്ടപരിഹാരംപോലും നല്‍കിയില്ല.

ഭൂമിയിന്മേലുള്ള അവകാശം, ഭൂപരിഷ്കരണങ്ങള്‍, ഒഴിപ്പിക്കലിനെതിരായ പോരാട്ടങ്ങള്‍, ഭൂമി അന്യാധീനമാകുന്നതിനെതിരായ പ്രക്ഷോഭങ്ങള്‍ എന്നിവ കണ്‍‌വന്‍ഷന്‍ ചര്‍ച്ചചെയ്യുന്ന വിഷയങ്ങളാണ്. 2002നുശേഷം 40 ലക്ഷം ഹെക്ടര്‍ ഭൂമിയാണ് പ്രത്യേക സാമ്പത്തികമേഖല, ഖനനം, ജലസേചനം എന്നീ ആവശ്യങ്ങളുടെ പേരില്‍ ആദിവാസികളില്‍നിന്നും മറ്റ് ദരിദ്രരില്‍നിന്നും തട്ടിപ്പറിച്ചത്. ഇക്കാലത്ത് ആന്ധ്രാപ്രദേശിലെ വിശാഖ, പൊള്ളവാരം, ഒറീസയിലെ സുന്ദര്‍ഗഞ്ച്, ജയ്പുര്‍, ജഗദീഷ്നഗര്‍, ജാര്‍ഖണ്ഡിലെ റാഞ്ചി, കന്ദാഹിത്, ധുംക, മഹാരാഷ്ട്രയിലെ നാസിക്, താനെ, നന്ദെഡ്, മധ്യപ്രദേശിലെ സത്ന, ഷാദോള്‍ എന്നീ മേഖലകളില്‍ ആദിവാസികള്‍ ഇടതുസംഘടനകളുടെ നേതൃത്വത്തില്‍ സുശക്തവും സുസംഘടിതവുമായ ഭൂസമരങ്ങള്‍ നടത്തി. ഈ പോരാട്ടങ്ങളില്‍ പങ്കെടുത്തവരില്‍ പലരും കണ്‍‌വന്‍ഷനില്‍ പങ്കെടുക്കും. അവരുടെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് മുതല്‍ക്കൂട്ടാകും. ആദിവാസിമേഖലകളിലെ ഭൂമി ഏറ്റെടുക്കുന്നതിനെ അന്ധമായി എതിര്‍ക്കുകയല്ലെന്ന് അനുഭവം വ്യക്തമാക്കുന്നു. കുടിയൊഴിപ്പിക്കലും പരിസ്ഥിതിക്ക് ഏല്‍ക്കുന്ന ആഘാതവും ആദിവാസികളുടെ ജീവനോപാധികളെ തകര്‍ക്കുന്നു. ആദിവാസിമേഖലകളിലെ ഭൂമി ഏറ്റെടുക്കാന്‍ ഗ്രാമസഭകളുടെ അനുമതി ലഭിച്ചിരിക്കണമെന്ന വ്യവസ്ഥ പാലിക്കുന്നില്ല. പലയിടത്തും ബദല്‍പദ്ധതികള്‍ നിര്‍ദേശിച്ചിരുന്നു. ആദിവാസി വനാവകാശനിയമം ഫലപ്രദമായി നടപ്പാക്കാത്തതും ആദിവാസികള്‍ക്ക് പട്ടയം നല്‍കാനുള്ള പ്രക്രിയയെ വനംഉദ്യോഗസ്ഥരും സര്‍ക്കാരുകളും അട്ടിമറിക്കുന്നതും ആശങ്കാജനകമാണ്. ആദിവാസിക്ഷേമ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ കണക്കുപ്രകാരം, 2010 മാര്‍ച്ച് 31 വരെ ഭൂമിക്കായി ആദിവാസികള്‍ നല്‍കിയത് 27.44 ലക്ഷം അപേക്ഷയാണ്, എന്നാല്‍ ഭൂമി കിട്ടിയത് 7.82 ലക്ഷം പേര്‍ക്ക് മാത്രം.

പരമ്പരാഗത ജീവിതമേഖലകളില്‍നിന്ന് ആട്ടിയിറക്കപ്പെടുന്ന ആദിവാസികള്‍ ഗ്രാമീണ-നഗരപ്രദേശങ്ങളില്‍ അസംഘടിത തൊഴിലാളികളായി ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഉദാഹരണത്തിന് ആദിവാസി സ്ത്രീ-പുരുഷന്മാര്‍ വന്‍തോതില്‍ നിര്‍മാണമേഖലയില്‍ പണിയെടുക്കുന്നു. സിഐടിയു നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനുകള്‍ നിര്‍മാണമേഖലയില്‍ ആദിവാസികളെ സംഘടിപ്പിച്ചിട്ടുണ്ട്, ഗ്രാമീണമേഖലയിലെ ആദിവാസികളെ സംഘടിപ്പിക്കുന്നതില്‍ ഇവര്‍ക്ക് ഗണ്യമായ പങ്ക് വഹിക്കാന്‍ കഴിയും. ഖനികളിലും ക്വാറികളിലും ഇഷ്ടികക്കളങ്ങളിലും ആദിവാസികള്‍ ജീവിതമാര്‍ഗം തേടുന്നു. സ്ത്രീകള്‍ ഗാര്‍ഹികത്തൊഴിലാളികളായി മാറുന്നു. അതുകൊണ്ട്, ആദിവാസികള്‍ പൊതു ട്രേഡ് യൂണിയനുകളില്‍ ചേരാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്, എന്നാല്‍ ഇവരുടെ സാമൂഹ്യ-സാമ്പത്തിക അവസ്ഥകള്‍ക്ക് തനതായ സവിശേഷതയുണ്ട്. ആന്ധ്രാപ്രദേശിലെ ഗിരിജന്‍ സംഘങ്ങള്‍ ഇത്തരത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു, ആദിവാസി അങ്കണവാടി ജീവനക്കാരും ഗ്രാമീണമേഖലയില്‍ ആദിവാസികളെ സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്.

കാര്‍ഷികമേഖലയില്‍ മുതലാളിത്ത ബന്ധങ്ങള്‍ ആക്രമണോത്സുകമായി വ്യാപിച്ചതും ആദിവാസിസമൂഹങ്ങളിലെ ഇതിന്റെ പ്രത്യാഘാതവും സാമൂഹ്യ-സാമ്പത്തിക മണ്ഡലങ്ങളില്‍ മാത്രമല്ല പ്രതിഫലിക്കുന്നത്, ആദിവാസികള്‍ ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന സാംസ്കാരിക ചട്ടക്കൂടിനെയും ബാധിക്കുന്നു. ആദിവാസികളുടെ ഭാഷയും സംസ്കാരവും ശക്തമായ കടന്നാക്രമണം നേരിടുകയാണ്. മുതലാളിത്ത മൂല്യങ്ങളും ഉപഭോക്തൃത്വരയും ആദിവാസികളുടെ വിവാഹസമ്പ്രദായങ്ങളെപോലും മാറ്റിമറിച്ചിരിക്കുന്നു. സ്ത്രീധനവും മറ്റും കടന്നുവരുന്നു.

ആദിവാസികളുടെ സംസ്കാരവും തനിമയും ഇരട്ട ആക്രമണം നേരിടുന്ന സാഹചര്യത്തിലാണ് ഈ കണ്‍‌വന്‍ഷന്‍ ചേരുന്നത്. ഒരു വശത്ത്, മതമൌലികവാദികള്‍ മതത്തിന്റെ പേരില്‍ ആദിവാസികളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. ആര്‍എസ്എസ് കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഒറീസയിലെ കന്ദമാലില്‍ ഉണ്ടായ ഭീകരസംഭവങ്ങള്‍ ഇതിന് ഉദാഹരണമാണ്. ആര്‍എസ്എസ് സംഘടനകള്‍ സൃഷ്ടിച്ച വര്‍ഗീയഭിന്നത ജീവനും സ്വത്തിനും ജീവിതമാര്‍ഗങ്ങള്‍ക്കും നാശം വരുത്തി. മറുവശത്ത്, സാമ്രാജ്യത്വ ശക്തികളുടെയും ചില രാഷ്ട്രീയശക്തികളുടെയും സാമ്പത്തികസഹായത്തോടെ പ്രവര്‍ത്തിക്കുന്ന പല സര്‍ക്കാരിതര സംഘടനകളും ആദിവാസികള്‍ക്കിടയില്‍ സ്വത്വരാഷ്ട്രീയത്തിന്റെ വിവിധ രൂപങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതുവഴി ആദിവാസികളെ അവരുടെ തൊഴിലാളിവര്‍ഗ സ്വഭാവത്തില്‍നിന്ന് വേര്‍പെടുത്തുകയും തൊഴിലാളികളുടെയും കര്‍ഷകരുടെയും പോരാട്ടങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. മുന്നേറ്റത്തിനുള്ള പോരാട്ടങ്ങള്‍ സംഘടിപ്പിക്കാന്‍ ആദിവാസികളുടെ സംസ്കാരവും ഭാഷകളും സ്വത്വവും സംരക്ഷിക്കുകയെന്ന ജനാധിപത്യപരമായ ആവശ്യത്തിന് ഇത്തരം പ്രവണതകള്‍ കടുത്ത ഭീഷണിയാണ്.

ഇടതുപക്ഷ സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ആദിവാസികളുടെ പ്രതിനിധികളും കണ്‍‌വന്‍ഷനില്‍ അവരുടെ അനുഭവം പങ്കിടും. ജാര്‍ഖണ്ഡ് അഞ്ചാം പട്ടികയിലുള്ള പ്രദേശമാണെങ്കിലും ഇവിടത്തെ സാന്താളുകള്‍ക്ക് ബംഗാളിലെ ഇതേ വിഭാഗത്തിനുള്ള അവകാശങ്ങള്‍ ലഭ്യമല്ല. ബംഗാളിലെ ഇടതുസര്‍ക്കാര്‍ സാന്താളുകളുടെ ഭാഷയായ ഒല്‍ ചിക്കി മാധ്യമത്തിലുള്ള 1500 സ്കൂള്‍ സ്ഥാപിച്ചു. ജാര്‍ഖണ്ഡില്‍ ഇതിന്റെ മൂന്നിലൊന്ന് സ്കൂള്‍ പോലുമില്ല. ഇതുപോലെ ത്രിപുരയിലെ ഇടത് സര്‍ക്കാര്‍ കോക് ബോറോക്കിനെ അധ്യയനമാധ്യമമായി അംഗീകരിക്കുകയും ഇതിനെ ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവരുന്നു.

പല സംസ്ഥാനങ്ങളിലും ആദിവാസികള്‍ മാവോയിസ്റുകളുടെ നിഷ്ഠുര ആക്രമണത്തിന് വിധേയരാകുന്നു. മാവോയിസ്റുകളെ എതിര്‍ക്കുന്നവരെ ക്രൂരമായി പീഡിപ്പിക്കുന്നു. ഛത്തീസ്ഗഢിലും മറ്റും മാവോയിസ്റുകളെ നേരിടുന്നതിന്റെ പേരില്‍ ഭരണകൂടം ആദിവാസികളെ അടിച്ചമര്‍ത്തുന്നു. ഇത്തരം കടന്നാക്രമണങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. നിരപരാധികളായ ആദിവാസികള്‍ മാവോയിസ്റുകള്‍ക്കും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനും മധ്യേ ഞെരിഞ്ഞമരുകയാണ്. ആയിരക്കണക്കിന് ആദിവാസികുടുംബങ്ങളാണ് പീഡനം അനുഭവിക്കുന്നത്, ആദിവാസി വനിതകളെ സുരക്ഷാഭടന്മാര്‍ ലൈംഗികമായി ഉപദ്രവിക്കുന്നു.

ആദിവാസികളുടെ താല്‍പ്പര്യമാണ് തങ്ങള്‍ സംരക്ഷിക്കുന്നതെന്ന മാവോയിസ്റുകളുടെ അവകാശവാദത്തെ കണ്‍‌വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ ചോദ്യംചെയ്യും. ഒറീസയില്‍ ഖനിത്തൊഴിലാളികളുടെ പ്രിയങ്കരനായ നേതാവ് തോമസ് മുണ്ടെയെ മാവോയിസ്റുകളാണ് വധിച്ചത്. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രക്ഷോഭത്തിന് ധീരമായ നേതൃത്വം നല്‍കിയ അദ്ദേഹത്തെ ഇല്ലായ്മ ചെയ്തതുകൊണ്ട് നേട്ടം ആര്‍ക്കാണെന്ന ചോദ്യം പ്രസക്തമാണ്. സുന്ദര്‍ഗഞ്ചില്‍ ആറുമാസം മുമ്പ് മാവോയിസ്റ് ആക്രമണത്തെതുടര്‍ന്ന് 300 ആദിവാസികള്‍ക്ക് സ്വന്തം ഭൂമി വിട്ടുപോകേണ്ടിവന്നു. ജാര്‍ഖണ്ഡിലും മാവോയസ്റുകളും വ്യവസായികളും തമ്മില്‍ ഇത്തരം ഇടപാടുകള്‍ നടക്കുന്നു. പശ്ചിമബംഗാളില്‍നിന്നുള്ള പ്രതിനിധികള്‍ക്ക് മാവോയിസ്റ് അതിക്രമത്തിന്റെ ഒട്ടേറെ അനുഭവങ്ങള്‍ പങ്കിടാനുണ്ട്.

കേന്ദ്രസര്‍ക്കാര്‍ പട്ടികവര്‍ഗ ഉപപദ്ധതിപ്രകാരം ചെലവിടുന്ന തുക ഓരോവര്‍ഷവും വെട്ടിക്കുറയ്ക്കുകയാണ്. മുന്‍വര്‍ഷത്തെ ശതമാനത്തിന്റെ കണക്കില്‍നോക്കുമ്പോള്‍ 2010-11ല്‍ 23,311 കോടി രൂപയാണ് ചെലവിടേണ്ടത്, എന്നാല്‍ ഇതിന്റെ പകുതിപോലും വകകൊള്ളിച്ചിട്ടില്ല.

എന്നാല്‍, ഇടതുപക്ഷ സര്‍ക്കാരുകള്‍ ആദിവാസിക്ഷേമ നയങ്ങളാണ് അനുവര്‍ത്തിക്കുന്നത്. പശ്ചിമബംഗാള്‍ ജനസംഖ്യയില്‍ 5.5 ശതമാനമാണ് ആദിവാസികള്‍. പക്ഷേ, ഭൂമിവിതരണത്തിന്റെ 19 ശതമാനം ഗുണഭോക്താക്കളും ആദിവാസികളാണ്. ബംഗാളില്‍ 1.75 ലക്ഷം ആദിവാസി വൃദ്ധജനങ്ങള്‍ക്ക് മാസം 750 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നു. ഇവ ഉദാഹരണം മാത്രം.

ജനസംഖ്യയില്‍ 30 ശതമാനം വരുന്ന ആദിവസികള്‍ക്കായി ത്രിപുര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ വടക്കു കിഴക്കന്‍ മേഖലയ്ക്ക് മാത്രമല്ല, രാജ്യത്തിനു തന്നെ വഴി കാട്ടുന്നതാണ്. ത്രിപുര സര്‍ക്കാരിന്റെ ആദിവാസിക്ഷേമ നടപടികളെ കേന്ദ്രത്തൈന്റെ നിരവധി റിപ്പോര്‍ട്ടുകളില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. വനാവകാശനിയമം മികച്ച രീതിയില്‍ നടപ്പാക്കിയതിന്റെ ഖ്യാതിയും ത്രിപുരയ്ക്ക് അവകാശപ്പെടാം.

കേരളത്തിലെ ജനസംഖ്യയില്‍ 1.28 ശതമാനം വരുന്ന ആദിവാസികള്‍ക്ക് കിടപ്പാടം നല്‍കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സുപ്രധാന നടപടി സ്വീകരിച്ചു. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഭൂമി ലഭിച്ചു. ആദിവാസി ഭൂസമരത്തില്‍ പോലീസ് ഇടപെടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇത്തരത്തില്‍ 3000 കുടുംബത്തിന് ഭൂമി കൈവശമുണ്ട്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആദിവാസികള്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പി‌ന്‍‌വലിച്ചു. വാര്‍ധക്യകാല പെന്‍ഷന്‍, വിധവ പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യവും ആദിവാസികള്‍ക്ക് ലഭിക്കുന്നു.

റാഞ്ചിയില്‍ 2002ല്‍ ചേര്‍ന്ന കണ്‍‌വന്‍ഷന്‍ തുടക്കമിട്ടതുപോലെ ആദിവാസികളുടെ വന്‍ പോരാട്ടങ്ങള്‍ക്ക് ഈ ദേശീയ കണ്‍‌വന്‍ഷന്‍ രൂപം നല്‍കും. ആദിവാസി സമൂഹത്തിന്റെ അവകാശ പോരാട്ടങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നതില്‍ പ്രധാന നാഴികക്കല്ലായി ഈ കണ്‍‌വന്‍ഷന്‍ മാറും.

*
വൃന്ദ കാരാട്ട്