Thursday, November 28, 2013

ആദിവാസികളുടെ ജീവല്‍പ്രശ്നങ്ങള്‍

ചുരുക്കം ചില പ്രദേശങ്ങളൊഴികെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വംശീയത നിലനില്‍ക്കുന്നുണ്ട്. ലോകത്ത് പലഭാഗങ്ങളിലും നടക്കുന്ന സംഘര്‍ഷങ്ങളില്‍ ഇത്തരം വംശീയസംഘട്ടനങ്ങള്‍ പ്രധാന കാരണവുമാണ്. ആഫ്രിക്കപോലുള്ള രാജ്യങ്ങളിലെയും അഫ്ഗാനിസ്ഥാനിലെയും ആഭ്യന്തരകലാപങ്ങള്‍ക്ക് മുഖ്യകാരണം ഗോത്രസംഘര്‍ഷങ്ങളാണ്. ബോഡോ കലാപവും ഛത്തീസ്ഗഢിലെയും മറ്റും നക്സലൈറ്റ് സംഘട്ടനങ്ങളും മാറ്റിനിര്‍ത്തിയാല്‍ ഭാരതത്തിലെ ഗോത്രജനത ഇത്തരം വംശീയസംഘട്ടനങ്ങളില്‍നിന്നും മോചിതരാണ് എന്നുപറയാം. ഭരണവര്‍ഗങ്ങളുടെ ചൂഷണവും പീഡനവും ദാരിദ്യവും ഇല്ലാത്തതുകൊണ്ടല്ല മറിച്ച്, നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ഉന്നതമൂല്യവും കൂടിയാണ് വംശീയകലാപങ്ങള്‍ ഇല്ലാതാകാന്‍ കാരണം.

നമ്മുടെ ഭരണഘടന സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ തുല്യനീതി ഉറപ്പുനല്‍കുന്നു. ഭരണഘടനയുടെ 42-ാം ഭേദഗതി നമ്മുടെ രാജ്യം സോഷ്യലിസ്റ്റ് സ്റ്റേറ്റാണ് എന്ന് പ്രഖ്യാപിക്കുന്നു. നൂറ്റാണ്ടുകളുടെ വികസനപാതയില്‍നിന്ന് തിരസ്കരിക്കപ്പെട്ട പാര്‍ശ്വവല്‍കൃത സമൂഹമായ ആദിവാസികള്‍ക്കും മറ്റും പ്രത്യേക പരിഗണനയും പരിരക്ഷയും വിഭാവനം ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈ വിഭാഗങ്ങളെ ഭരണഘടനയുടെ പരിരക്ഷിതമായ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതിനാല്‍ ഇവരെ പട്ടിക വര്‍ഗ, പട്ടികജാതി വിഭാഗമായി പരിഗണിക്കുന്നു. മറ്റ് വിഭാഗങ്ങളില്‍നിന്ന് വിഭിന്നമായി ഭരണഘടനയുടെ 245(1), 246 ഷെഡ്യൂള്‍ 7-ാം പട്ടിക അനുസരിച്ചും പട്ടികവര്‍ഗക്കാര്‍ക്കുവേണ്ടി പ്രത്യേക നിയമനിര്‍മാണം നടത്താനും അവകാശങ്ങള്‍ പ്രത്യേകം സംരക്ഷിക്കാനും പാര്‍ലമെന്റിന് അധികാരമുണ്ട്. ആയത് ഭരണഘടനയുടെ 15-ാം വകുപ്പുപ്രകാരമുള്ള മൗലിക അവകാശത്തിന് എതിരായി നില്‍ക്കുന്നതല്ല. എന്നാല്‍, ദുഃഖകരമെന്ന് പറയട്ടെ സ്വാതന്ത്ര്യാനന്തര ഭരണകൂടങ്ങള്‍ ഈ വിഭാഗങ്ങളെ ഉദ്ധരിക്കാനും അവരുടെ സാമൂഹ്യവും സാമ്പത്തികവുമായ വികസനത്തിനും വേണ്ട നടപടികള്‍ കൈകൊണ്ടിട്ടില്ല എന്നു പറയേണ്ടിവരും. അതിനാല്‍ ഈ വിഭാഗങ്ങള്‍ മുഖ്യധാരാ വിഭാഗങ്ങളില്‍നിന്ന് അകന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായി നിലകൊള്ളുന്നു.

കേരളത്തിലെ ആദിവാസിസമൂഹം ഇത്തരം ഒറ്റപ്പെടുത്തലുകളില്‍നിന്നും വികസനനിഷേധത്തില്‍നിന്നും വിഭിന്നരല്ല. ഏറ്റവും കൂടുതല്‍ ആദിവാസി സമൂഹമുള്ള വയനാട്ടില്‍ ഭൂമിയില്ലാത്തവരും വിദ്യാവിഹീനരും രോഗങ്ങളുമായി കഷ്ടപ്പെടുന്നവരാണ് ആദിവാസികളില്‍ ഭൂരിഭാഗവും. കൃഷിയെ പ്രധാന വരുമാനമായി കാണുന്ന ആദിവാസികള്‍ക്ക് കാര്‍ഷികരംഗത്തെ തകര്‍ച്ച ഏറ്റവും ദോഷകരമായി. ഉല്‍പ്പാദനോപകരണങ്ങളുടെ ഉടമസ്ഥാവകാശം ലഭിക്കുമ്പോള്‍ മാത്രമേ മറ്റേതൊരു വര്‍ഗത്തെയുംപോലെ ആദിവാസിയും സ്വാശ്രയനാകുകയുള്ളൂ. അപ്പോള്‍ മാത്രമേ സാമ്പത്തികഭദ്രതയും വികസനവും കൈവരിക്കാന്‍ സാധിക്കൂ. മറ്റുള്ളവര്‍ക്കുവേണ്ടി പാടത്തും പറമ്പിലും കൂലിവേലചെയ്ത് ജീവിച്ച അടിമകളാണ് പ്രാക്തന ഗോത്രവര്‍ഗത്തിലെ ആദിവാസികളിലെ മുഴുവന്‍ പേരും. ചുരുക്കത്തില്‍ അവര്‍ പട്ടിണി കിടക്കുമ്പോഴും മറ്റുള്ളവരെ തീറ്റാന്‍ നെല്ലും കാര്‍ഷിക വിളകളും ഉണ്ടാക്കുകയും ഉടമയുടെ പത്തായങ്ങള്‍ നിറയ്ക്കുകയും ചെയ്തവരാണ്. സ്വന്തമായി തൊഴിലുപകരണംപോലും ഇല്ലാത്ത, നഷ്ടപ്പെടാന്‍ യാതൊന്നും ഇല്ലാത്ത അവരുടെ ദൈന്യതയാര്‍ന്ന ജീവിതത്തിന്റെ യഥാര്‍ഥ പരിഹാരങ്ങളിലേക്ക് ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. 1940ന് മുമ്പ് വയനാട്ടിലെ ഭൂരിപക്ഷസമൂഹമായ ആദിവാസികള്‍ ഇന്ന് 18 ശതമാനത്തില്‍ താഴെയായി ചുരുങ്ങി. രോഗവും ദാരിദ്ര്യവും സാമൂഹിക നീതിനിഷേധവും ഈ ജനതയെ തിരസ്കൃതരായ ജനവിഭാഗത്തിന്റെ ശ്രേണിയിലേക്ക് തള്ളി. പട്ടിണിയും ശിശുമരണവും ഈ വിഭാഗങ്ങളെ വംശനാശത്തിലേക്ക് തള്ളിവീഴ്ത്തുമ്പോള്‍ ഭരണകൂടങ്ങള്‍ തങ്ങളുടെ തെറ്റിനെയും വീഴ്ചയെയും ന്യായീകരിച്ച് ആദിവാസി മരണങ്ങള്‍ മദ്യപാനം മൂലമാണെന്ന് പറഞ്ഞ് അവരെ പുച്ഛിക്കുന്നു. കറുത്ത നൂറ്റാണ്ടുകളില്‍ പാവപ്പെട്ട കറുത്തവര്‍ഗക്കാരെ അമേരിക്കന്‍ തോട്ടങ്ങളിലേക്ക് അടിമപ്പണിക്ക് കൊണ്ടുപോയതുപോലെ കുടകിലെ ഇഞ്ചിപ്പാടങ്ങളിലേക്ക് വയനാട്ടിലെ പാവപ്പെട്ട ആദിവാസികളെ കൊണ്ടുപോകുന്നു. ആദിവാസി ക്ഷേമസമിതിയുടെ രൂപീകരണം, എല്ലാ പീഡനങ്ങളും സഹിച്ച് മൃതപ്രായരായ ഒരു സമൂഹത്തിന് സംഘബോധവും സ്വത്വബോധവും നല്‍കിയിരിക്കുന്നു. പണവും ചാരായവും നല്‍കി ആദിവാസികളുടെ വോട്ട് തട്ടിയെടുക്കാമെന്ന് കരുതുന്ന കപടരാഷ്ട്രീയക്കാര്‍ക്ക് ഇത് ഞെട്ടലായി മാറി.

കുറിച്യകലാപം പോലുള്ള ചെറുത്തുനില്‍പ്പുകള്‍ക്ക് ശേഷം തീവ്രമായ ത്യാഗോജ്വല സമരത്തിന് ആദിവാസികള്‍ തയ്യാറായിരിക്കുന്നു. മണ്ണിനും ജീവനും വേണ്ടിയുള്ള സമരത്തില്‍ നൂറുകണക്കിന് ആദിവാസികള്‍ വര്‍ഷങ്ങളായി സമരകേന്ദ്രങ്ങളില്‍ കുടില്‍കെട്ടി താമസിച്ച് കൃഷി ചെയ്തുവരുന്നു. അവരുടെ നിലനില്‍പ്പിന്റെ ആവശ്യമാണ് ഭൂമി ലഭിക്കുക എന്നത്. സ്വയം അധ്വാനിച്ച് കൃഷിചെയ്തുകൊണ്ട് എല്ലാ ഭരണകൂടഭീകരതെയും അതിജീവിക്കാന്‍, ഈ സമരഭൂമിയില്‍ ധീരമായി നിലയുറപ്പിക്കാന്‍ അവര്‍ക്കു സാധിക്കുന്നു. അനേകംപേര്‍ ദിവസങ്ങളോളം ജയിലില്‍ കിടന്നു. ശാന്തയെപ്പോലുള്ളവര്‍ ജയിലില്‍വച്ച് സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടിട്ടും വര്‍ധിത വീര്യത്തോടെ സമരരംഗത്തുണ്ട്. ഈ സത്യം മനസ്സിലാക്കിയ ഭരണകൂടം എല്ലാ ഭൂരഹിത ആദിവാസികള്‍ക്കും മൂന്നുസെന്റ് ഭൂമി എന്ന പ്രഖ്യാപനവുമായി രംഗത്തുവന്നിരിക്കുന്നു. മൂന്ന് സെന്റിലൊരു വീടുവയ്ക്കുക എന്നതല്ല മറിച്ച് കൃഷിചെയ്ത് ജീവിക്കാന്‍ ഭൂമി എന്നതാണ് ആദിവാസിയുടെ ആവശ്യം.

*
അഡ്വ. ചാത്തുക്കുട്ടി (ആദിവാസി ഭൂസമര സഹായ സമിതി ചെയര്‍മാനാണ് ലേഖകന്‍)

ദേശാഭിമാനി

No comments: