Friday, November 1, 2013

ഷിബു ബേബിജോണ്‍ തിരിഞ്ഞുനോക്കണം

കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കല്ലേറില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ആര്‍എസ്പി ബി നേതാവും തൊഴില്‍മന്ത്രിയുമായ ഷിബു ബേബിജോണ്‍ പ്രകടിപ്പിച്ച അഭിപ്രായത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതിനാണ് ഈ കുറിപ്പ്.

സഖാവ് ബേബിജോണ്‍ അദ്ദേഹത്തിന്റെ മരണംവരെ സിപിഐ എമ്മിന്റെ സത്യസന്ധതയെയും ആത്മാര്‍ഥതയെയും പ്രശംസിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ആ സഖാവിന്റെ രാഷ്ട്രീയജീവിതത്തിലെ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു നിലപാട് എടുത്തത്. മുഖ്യമന്ത്രിയെ ആരോ കല്ലെറിഞ്ഞുവെന്നതിന്റെ പേരില്‍ വിവിധ നേതാക്കളുടെ പ്രതികരണം വന്നു. ഈ സംഭവത്തില്‍ സിപിഐ എമ്മിന്റെ നിലപാട് പാര്‍ടി സംസ്ഥാന നേതാക്കളും കണ്ണൂര്‍ ജില്ലാ നേതാക്കളും അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. അപഹാസ്യം എന്നു പറയട്ടെ, ഷിബു ബേബി ജോണിന്റെയും പ്രതികരണം വന്നു. "മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് സിപിഐ എം ആണ്, ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത് അവരുടെ പതിവാണ്, എന്നാല്‍ സത്യം അവര്‍ തുറന്നു പറയില്ല..." ഇങ്ങനെയായിരുന്നു ഷിബു ബേബിജോണിന്റെ പ്രതികരണം. ഒരു കാര്യം ഷിബുവിനെ ഓര്‍മിപ്പിക്കുകയാണ്. നന്മയുള്ളവര്‍ കടന്നുവന്ന വഴി ഓര്‍ക്കും. ദീപസ്തംഭം മഹാശ്ചര്യം തത്വമായി അംഗീകരിച്ചാല്‍ പിറകോട്ടു നോക്കേണ്ട കാര്യമില്ല.

31 വര്‍ഷത്തിനുമുമ്പ് കൊല്ലം ജില്ലയിലെ ചവറയില്‍ ഒരു കൊലപാതക കഥ പ്രചരിച്ചു. അതിന്റെ മുഖ്യശില്‍പ്പി കോണ്‍ഗ്രസായിരുന്നു. (സരസന്‍ സംഭവം വായനക്കാര്‍ ഓര്‍ക്കുമല്ലോ). ആര്‍എസ്പി നേതാവ് ബേബിജോണും കൂട്ടരും സരസനെ കൊന്നുവെന്ന് കോണ്‍ഗ്രസുകാരും ഇടതുപക്ഷപ്രസ്ഥാനങ്ങളിലെ കുറെപ്പേരും പ്രചരിപ്പിച്ചു. ചവറയില്‍ ആര്‍എസ്പിയെ തകര്‍ക്കാന്‍ ഇതൊരു ആയുധമായും അവസരമായും കോണ്‍ഗ്രസ് ഉപയോഗിച്ചു. സരസനെ കൊന്ന് ഫിഷിങ് ബോട്ട് ഉപയോഗിച്ച് പുറംകടലില്‍ കൊണ്ടുപോയി കെട്ടിത്താഴ്ത്തി എന്നായിരുന്നു പ്രചാരണം. നിരപരാധിത്വം തെളിയിക്കാന്‍ കഴിയാതെ ആര്‍എസ്പിയുടെയും അതിന്റെ നേതാവിന്റെയും മുഖം വികൃതമാകുന്നത് ചവറയിലെ ജനം കണ്ടു. അന്ന് സഖാവ് ബേബിജോണ്‍ മന്ത്രിയായിരുന്നു. ഒരുദിവസം അദ്ദേഹം കൊല്ലം ഗസ്റ്റ് ഹൗസിലെത്തി. അവിടെയിരുന്ന് അദ്ദേഹം ഈ ലേഖകനെ ഫോണില്‍ വിളിച്ചു. സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു അന്ന് ഞാന്‍. ഒട്ടും വൈകാതെ ഞാന്‍ ഗസ്റ്റ് ഹൗസിലെത്തി. കേസ് തെളിയിക്കാന്‍വേണ്ടി തന്റെ സഹപ്രവര്‍ത്തകര്‍ക്കുമേല്‍ പൊലീസ് നടത്തിയ മര്‍ദനത്തെക്കുറിച്ച് വിവരിച്ച് അദ്ദേഹം വല്ലാതെ വേദനിച്ചു. അന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി സഖാവ് ടി കെ രാമകൃഷ്ണന്‍ ആയിരുന്നു. "ഞാനീ പറയുന്നത് സത്യമാണെന്ന് സിപിഐ എം വിശ്വസിക്കുന്നുവെങ്കില്‍ പാര്‍ടി ജില്ലാകമ്മിറ്റി ഇക്കാര്യത്തില്‍ ഇടപെടണ"മെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

തൊട്ടടുത്ത ദിവസം ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ സഖാവ് എന്‍ ശ്രീധരന്‍കൂടി പങ്കെടുത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അടിയന്തരയോഗം ചേര്‍ന്നു. സരസനെ വേണമെന്ന് ആവശ്യപ്പെട്ട് ചവറയില്‍ നടക്കുന്ന സമരത്തിന് സമനില തെറ്റിയെന്നും പൊലീസ് വഴിതെറ്റുന്നുവെന്നും പരാമര്‍ശിച്ച് സെക്രട്ടറിയറ്റ് പ്രസ്താവന പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് അതിക്രമത്തിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സംഭവത്തെപ്പറ്റി സമഗ്രമായി അന്വേഷിക്കണമെന്നും സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സ. ബേബിജോണ്‍ അടുത്തദിവസം എന്നെ വീണ്ടും ഫോണില്‍ വിളിച്ചു. സിപിഐ എമ്മിന്റെ സത്യസന്ധതയെയും ആത്മാര്‍ഥതയെയും അദ്ദേഹം പ്രശംസിച്ചു. ഇതാണ് സിപിഐ എമ്മിന്റെ സംസ്കാരവും ആര്‍ജവവും. അദ്ദേഹത്തിന്റെ മകന്‍ ഷിബുബേബിജോണ്‍ ഇപ്പോള്‍ സിപിഐ എമ്മിന്റെ സത്യസന്ധതയെ ചോദ്യംചെയ്യുന്നു; അപലപിക്കുന്നു. ഇത് എത്ര പരിഹാസ്യമാണ്.

സരസന്‍ സംഭവത്തില്‍ സിപിഐ എം എടുത്ത നിലപാടാണ് ശരിയെന്നു കാലംതെളിയിച്ചു. സരസന്‍ തിരിച്ചുവന്നു.

*
ദേശാഭിമാനി 01 നവംബര്‍ 2013

No comments: