Thursday, November 7, 2013

കല്‍ക്കരിപ്പാടത്തില്‍ എന്തുണ്ട്?

""പത്രങ്ങള്‍ക്ക് പ്രധാനമായും ശക്തമായ ട്രേഡ് യൂണിയന്‍ വിരുദ്ധ നിലപാടാണുള്ളത്. പൊതുവെ ട്രേഡ് യൂണിയനുകളെയാകെ അടച്ച് എതിര്‍ക്കുകയല്ല ചെയ്യുന്നത്.... ട്രേഡ് യൂണിയന്‍, അവ എന്തിനു വേണ്ടിയാണോ നിലക്കൊള്ളുന്നത് ആ കാര്യം ശരിയായി നിര്‍വഹിക്കാതിരിക്കുന്നിടത്തോളം കാലം പത്രങ്ങള്‍ ട്രേഡ് യൂണിയനുകളെ ഇഷ്ടപ്പെടും. ഗവണ്‍മെന്‍റുകളെയും തൊഴിലുടമകളെയുംപോലെ തന്നെ പത്രങ്ങളും പണിമുടക്കുകളെ ശക്തമായി എതിര്‍ക്കുന്നു. പണിമുടക്ക് എത്രത്തോളം ശക്തവും വ്യാപകവുമാണോ അതിനോടുള്ള പത്രങ്ങളുടെ ശത്രുതയും അത്രത്തോളം വലുതായിരിക്കും. ഇത്തരത്തില്‍ പ്രകടമായും സമൂഹവിരുദ്ധവും നിരുത്തരവാദപരവും അറുപഴഞ്ചനുമായ പെരുമാറ്റ രീതികളെ തടയുന്ന കാര്യത്തില്‍ വീഴ്ച വരുത്തുന്ന ട്രേഡ് യൂണിയന്‍ നേതാക്കളുടെ കാര്യം മഹാകഷ്ടം തന്നെയായിരിക്കും."" ബ്രിട്ടനിലെ പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനായ റാല്‍ഫ് മിലിബാന്‍ഡ് ""The State in Capitalist Society\'\' "" (മുതലാളിത്ത സമൂഹത്തില്‍ ഭരണകൂടം) എന്ന കൃതിയില്‍ എഴുതിയ വാക്കുകളാണിത്. (പേജ് 161) ബ്രിട്ടനിലെ പത്രങ്ങളെക്കുറിച്ച് മാത്രമല്ല മിലിബാന്‍ഡ് ഇവിടെ പറയുന്നത്. മുതലാളിത്തത്തിന്‍കീഴില്‍ മുഖ്യധാരാമാധ്യമങ്ങളുടെ വര്‍ഗപരമായ പക്ഷപാതിത്വം കൃത്യമായും അദ്ദേഹം തുറന്നു കാണിക്കുകയാണിവിടെ.

മലയാളത്തിലെ മുഖ്യധാരാമാധ്യമങ്ങളും ഈ പൊതുനിലപാടിന് അപവാദമല്ല. മുഖ്യധാരക്കാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന "മലയാള മനോരമ"യാകട്ടെ, 20-ാം നൂറ്റാണ്ടിെന്‍റ ആദ്യദശകങ്ങളില്‍ കേരളത്തില്‍ തൊഴിലാളികള്‍ സംഘടിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ അതിനെതിരെ ഒട്ടേറെ ഗ്വാഗ്വാ വിളിച്ചിട്ടുള്ള പത്രവുമാണ്; "മനോരമ" ആ കാലത്തുതന്നെ ട്രേഡ് യൂണിയനുകള്‍ക്കും തൊഴിലാളി സമരങ്ങള്‍ക്കുമെതിരെ നിരവധി മുഖപ്രസംഗങ്ങള്‍ എഴുതിയിട്ടുമുണ്ട്. എന്നാല്‍ "മനോരമ"യ്ക്കു തന്നെ മറ്റൊരു മുഖവുമുണ്ട് - സമരങ്ങളെ, അവ എത്രമാത്രം അക്രമാസക്തമായാല്‍ പോലും, ന്യായീകരിച്ചിട്ടുള്ള പാരമ്പര്യവും "മനോരമ"യ്ക്കുണ്ട്. അതും മുതലാളിത്ത മാധ്യമങ്ങളെക്കുറിച്ചുള്ള മിലിബാന്‍ഡിെന്‍റ വിശകലനത്തെ ന്യായീകരിക്കുന്നതുതന്നെയാണ്. 1957-59 കാലം മുതല്‍ ഇടതുപക്ഷം (സിപിഐ എം നേതൃത്വത്തില്‍) അധികാരത്തില്‍ എത്തുമ്പോഴെല്ലാം "മനോരമ"യുടെ അക്രമാസക്തമായ മുഖത്തിനാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത്. ആ കാലങ്ങളില്‍ യാതൊരു മുദ്രാവാക്യവും ആവശ്യവും ഉന്നയിക്കാനില്ലാതെ പണിമുടക്കുകളും സമരങ്ങളും നടത്തുമ്പോള്‍ "മനോരമ" അതിനെതിരെ ഒരക്ഷരം ഉരിയാടിയില്ലെന്നു മാത്രമല്ല, അത്തരം സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും അതിനിറങ്ങിത്തിരിച്ചവരെ ഉശിരു പിടിപ്പിക്കാന്‍ ആവോളം തുനിയുകയും ചെയ്ത പാരമ്പര്യവും "മനോരമ"യ്ക്കു സ്വന്തം.

ഒക്ടോബര്‍ 22െന്‍റ "മനോരമ"യുടെ ഒന്നാം പേജില്‍ ആരും ഒന്നു നോക്കിപ്പോവുന്ന ഒരു ചിത്രവും അതിലും ശ്രദ്ധേയമായ ഒരടിക്കുറിപ്പുമുണ്ട്. രണ്ടു യുവാക്കളും രണ്ട് യുവതികളും ഒരു മതില്‍ചാടിക്കടക്കുന്ന ചിത്രമാണത്. ഒറ്റനോട്ടത്തില്‍ ഒരു കൗതുക വാര്‍ത്താചിത്രം. പക്ഷേ, അടിക്കുറിപ്പ് നോക്കൂ. അതിങ്ങനെ: ""ഉപരോധത്തിെന്‍റ മതില്‍"". വല്ലോം പുടികിട്ടിയോ പിള്ളേ? ഇല്ലെങ്കിലും സാരമില്ല. റബ്ബറ് പത്രം തന്നെ അടിക്കുറിപ്പില്‍ വിശദീകരണവും നല്‍കുന്നു - ""വിവിധ ആവശ്യങ്ങളുന്നയിച്ച്, കെഎസ്കെടിയു തൃശ്ശൂരില്‍ നടത്തിയ ഉപരോധത്തില്‍ കലക്ടറേറ്റിെന്‍റ എല്ലാ കവാടങ്ങളും തടഞ്ഞപ്പോള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കെത്തിയ സ്ത്രീകളടക്കമുള്ളവര്‍ മതില്‍ചാടി കടന്നു. രാവിലെ 7 മുതല്‍ രണ്ടുവരെ കലക്ടറേറ്റിെന്‍റ പ്രവര്‍ത്തനം തടസ്സപ്പെട്ടു. കാരുണ്യ ലോട്ടറിയില്‍നിന്നുള്ള ചികില്‍സാ സഹായം വാങ്ങാനെത്തിയവരും വലഞ്ഞു"". കര്‍ഷകത്തൊഴിലാളികള്‍ അവരുടെ പെന്‍ഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടെ ഉന്നയിച്ച് ദിവസങ്ങള്‍ നീണ്ട പ്രചരണത്തിനൊടുവിലാണ് സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും ഉപരോധിച്ചത്. സാധാരണഗതിയില്‍ ആ ദിവസം ആളുകളാരും ഈ സ്ഥാപനങ്ങളിലേക്ക് എന്തെങ്കിലും ആവശ്യം നിറവേറ്റാന്‍ പോകാന്‍ സാധ്യതയില്ല. ഇനി അത്യാവശ്യക്കാര്‍ വന്നു എങ്കില്‍പോലും ഉച്ചയോടുകൂടി സമരം അവസാനിക്കുന്നത് കാത്തുനില്‍ക്കുകയേയുള്ളൂ. മാത്രമല്ല, സര്‍വ കവാടങ്ങളും അടച്ചുമായിരുന്നില്ല സമരം. ഇനി അങ്ങനെയാണെങ്കില്‍ ജീവനക്കാര്‍ക്കും അകത്തുപോകാന്‍ കഴിയുമായിരുന്നില്ലല്ലോ.

"മനോരമ" തന്നെ പറയുന്നതുപോലെ "പ്രവര്‍ത്തനം തടസ്സ"പ്പെടുത്തപ്പെട്ട ഓഫീസിനുള്ളിലേക്ക് മതില്‍ചാടി കടന്നതുകൊണ്ട് ഓഫീസിനുള്ളില്‍നിന്ന് ഒരു കാര്യവും നിര്‍വഹിക്കാനുമാകില്ലല്ലോ. അപ്പോള്‍ ഈ മതില്‍ചാട്ടം മറ്റെവിടെയെങ്കിലും മറ്റെന്തിനെങ്കിലും വേണ്ടി ആയിരിക്കുമോ? അതോ "മനോരമ"യ്ക്കായി അരങ്ങേറപ്പെട്ട നാടകമോ? അതിനാണ് സാധ്യത ഏറെ. തൊഴിലാളികളുടെ സമരങ്ങളെ അപഹസിക്കാന്‍ "മനോരമ" ഇതും ഇതിലപ്പുറവും കാണിക്കും. കാണിച്ചിട്ടുമുണ്ടല്ലോ. സമരങ്ങള്‍ നടക്കുന്ന ദിവസങ്ങള്‍ മാത്രം "സഹായം വാങ്ങാനും" ആവശ്യങ്ങള്‍ നിറവേറ്റാനും പുറത്തിറങ്ങുന്നവരാണല്ലോ "മനോരമ"യുടെ കേള്‍വികേട്ട "ജനം". ഈ റബ്ബര്‍ പത്രത്തിെന്‍റ കച്ചവടക്കണ്ണില്‍ സ്വന്തം വായനക്കാരാകെ ചിന്താശേഷിയില്ലാത്ത വെറും പൊട്ടന്മാരാണെന്ന ഭാവമാണ്. അല്ലെങ്കിലും "മനോരമ" ചീറ്റുന്ന വിഷം പതിവായി സേവിക്കുന്നവര്‍ അങ്ങനെയാകാനും വഴിയുണ്ട്. കല്‍ക്കരിയില്‍ കരിഞ്ഞ പ്രധാനമന്ത്രി ഹോട്ടലിലെ പലഹാരം വല്ലാതെ തണുത്തിരിക്കുന്നതുകൊണ്ട് അത് തലേ ദിവസത്തെയാണോയെന്ന ചോദ്യത്തിന് ""ഹേയ്, അതിന് ഇന്നലെ കട തുറന്നില്ലല്ലോ"" എന്ന മറുചോദ്യം കൊണ്ട് നേരിട്ട കട ഉടമയെ അനുസ്മരിപ്പിക്കുകയാണ് കല്‍ക്കരിപ്പാടം അഴിമതിയെക്കുറിച്ചുള്ള കോണ്‍ഗ്രസുകാരുടെയും അവരെ അനുകൂലിക്കുന്ന പത്രങ്ങളുടെയും പ്രതികരണങ്ങള്‍. കടയുടമയുടെ മറുചോദ്യത്തില്‍ അടങ്ങിയ വ്യംഗ്യം ഭംഗ്യന്തരേണ സൂചിപ്പിക്കുന്ന കാര്യമുണ്ടല്ലോ ഇന്നലത്തേതല്ല, അതിനും മുന്‍പത്തേതാണ് എന്നത്; അതേപോലെയാണ് കല്‍ക്കരിപ്പാടത്തില്‍ അഴിമതിയില്ല എന്ന വാദം. കാരണം ഇതൊരു സാധാരണ അഴിമതിയല്ല, ഒരു തീവെട്ടിക്കൊള്ള തന്നെയാണ്. രാഷ്ട്രത്തിെന്‍റ അമൂല്യങ്ങളായ പ്രകൃതി വിഭവങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്കായി കൊള്ളയടിക്കല്‍. അതിനെ വെറുമൊരു അഴിമതിയെന്നു പറയുന്നതേ പാതകമല്ലേ; നമ്മുടെ കുഞ്ഞൂഞ്ഞാശാെന്‍റ സോളാര്‍ തട്ടിപ്പുപോലെയുള്ള തരികിട പിടിച്ചു പറിപോലുമല്ല; ഒരു വമ്പന്‍ പകല്‍ക്കൊള്ള. അതിനെയങ്ങനെ "അഴിമതി" എന്നു വിളിച്ചാല്‍ പടച്ച തമ്പുരാന്‍പോലും പൊറുക്കില്ല. അതാണ് കേന്ദ്രത്തിലെ മന്ത്രിപ്പടയും ഒടുവില്‍ പ്രധാനമന്ത്രീടെ ആപ്പീസും പറഞ്ഞതിെന്‍റ സാരം. ഇനി നമ്മുടെ മുഖ്യധാരാ പത്രങ്ങള്‍ ഇത് എങ്ങനെ അവതരിപ്പിക്കുന്നുവെന്നു നോക്കാം. "മനോരമ" 16-ാം തീയതി ഒന്നാം പേജില്‍ ""ആദിത്യ ബിര്‍ള ഗ്രൂപ്പ് ഓഫീസുകളില്‍ സിബിഐ റെയ്ഡ്"" എന്ന തൊപ്പിയുമണിയിച്ച് 5 കോളത്തില്‍ അവതരിപ്പിക്കുന്നു:

""കല്‍ക്കരിപ്പാടത്തില്‍ 14-ാം കേസ്"". ഹൈലൈറ്റ്: ""പ്രമുഖ വ്യവസായി കുമാരമംഗലം ബിര്‍ളയും കല്‍ക്കരി മന്ത്രാലയം മുന്‍ സെക്രട്ടറി പി സി പരേഖും പ്രതിസ്ഥാനത്ത്"". മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അഴിമതിക്കാരെയപ്പാടെ അകത്താക്കുന്ന നടപടിയില്‍ മുഴുകിയിരിക്കുകയാണെന്ന ക്ലീന്‍ പ്രതിച്ഛായ വായനക്കാരില്‍ സൃഷ്ടിക്കുകയാണ് "മനോരമ" ഈ അവതരണത്തിലൂടെ ലക്ഷ്യമിടുന്നത്.

17-ാം തീയതിയിലെ ഫോളോ അപ്പ് ഇങ്ങനെ 14-ാം പേജില്‍ വായിക്കാം:

""എങ്കില്‍ മന്‍മോഹനും പ്രതി: മുന്‍ കല്‍ക്കരി സെക്രട്ടറി"". ഹൈലൈറ്റും കൂടി നോക്കാം: ""ക്രമക്കേടില്ല; ഉണ്ടെങ്കില്‍ അന്തിമ തീരുമാനമെടുത്ത പ്രധാനമന്ത്രിയും ഉള്‍പ്പെടുമെന്നു വാദം"". പ്രധാനമന്ത്രി പ്രതിയാകുന്നതിനെക്കുറിച്ച് "മനോരമ"യ്ക്ക് ആലോചിക്കാനേ കഴിയില്ല. പരേഖിെന്‍റ പ്രസ്താവന "മനോരമ"യെ അലോസരപ്പെടുത്തിയെന്നു വ്യക്തം. അതാണത് 14-ാം പേജിലേക്ക് പോയതും പ്രതി ""മന്‍മോഹന്‍"" ആയതും. ഏതോ ഒരു മന്‍മോഹന്‍. പോട്ടെ, നമുക്ക് "മനോരമ"യെ തന്നെ പിന്തുടരാം: 18-ാം തീയതി 8-ാം പേജില്‍ കാണുന്നത് - ""കല്‍ക്കരി വിവാദം: പുതിയ സംഭവ വികാസങ്ങളില്‍ സര്‍ക്കാരിന് ആശങ്ക. പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് മന്ത്രിമാര്‍ രംഗത്ത്"". ഇനി ഇതിെന്‍റ തുടര്‍ച്ച 20-ാം തീയതിയാണ്. അത് മൂന്നാം പേജില്‍ (ഒന്നാം പേജ് പരസ്യമായതിനാല്‍ ഒന്നാം പേജിെന്‍റ ഗാംഭീര്യത്തോടെ തന്നെയുള്ള മൂന്നാംപേജ്) ഇങ്ങനെ കലക്കിയിരിക്കുന്നു:

""ഹിന്‍ഡാല്‍കോ കല്‍ക്കരിപ്പാടം. പ്രധാനമന്ത്രിയുടെ ഓഫീസ് സിബിഐക്കെതിരെ"" ഉപശീര്‍ഷകം: ""വ്യവസായ ലോകത്തിനു പ്രധാനമന്ത്രിയുടെ പിന്തുണ"" ഇടയ്ക്കൊരു പെട്ടിയും: ""ആത്മവിശ്വാസത്തോടെ മന്‍മോഹന്‍"". എന്താ ഇതില്‍നിന്ന് വായിച്ചെടുക്കേണ്ടത്? കല്‍ക്കരിപ്പാടത്തില്‍ അഴിമതിയും ക്രമക്കേടും ഒന്നുമുണ്ടായിട്ടില്ല. എല്ലാം നടന്നത് നേരാംവണ്ണം തന്നെ. പ്രധാനമന്ത്രീം അറിഞ്ഞാണെന്ന വ്യംഗ്യം അദ്ദേഹത്തിെന്‍റ ഓഫീസിെന്‍റ കുറിപ്പില്‍ തന്നെയുണ്ട്. കല്‍ക്കരീന്ന് പറേന്ന സാധനമെല്ലാം മണ്ണിന്‍റടീന്ന് കുഴിച്ചെടുക്കാന്‍ ബിര്‍ളമാര്‍ക്കും ടാറ്റാമാര്‍ക്കും അംബാനിമാര്‍ക്കും ജന്മനാ തന്നെ അവകാശമുണ്ടെന്ന് സാരം.

ഇനി നോക്കൂ. 16-ാം തീയതി മുതല്‍ 20-ാം തീയതി വരെയുള്ള അവതരണത്തില്‍ എവിടെയെങ്കിലും, പുറത്തെ പേജിലായാലും അകത്തായാലും "അഴിമതി", "കുംഭകോണം" എന്നെന്തെങ്കിലും പദപ്രയോഗമുണ്ടോ? ഇല്ലേയില്ല. "തീവെട്ടിക്കൊള്ള നടന്നുവെന്ന ഭാവമുണ്ടോ? അതുമില്ല. 17-ാം തീയതിയിലെ 14-ാം പേജിലെ ""ക്രമക്കേട്"", 18-ാം തീയതിയിലെ 8-ാം പേജിലെ ""കല്‍ക്കരി വിവാദം"" എന്നീ പ്രയോഗങ്ങള്‍ ആലോചനാമൃതങ്ങള്‍ തന്നെയാണ്. ഇനി "മാതൃഭൂമി"യോ? വളരെ തന്ത്രപൂര്‍വം തുടക്കം മുതല്‍ അകത്തെ പേജില്‍ അടച്ചിരിക്കുന്നു. ഇത് ആഘോഷമായി അവതരിപ്പിക്കാന്‍ പറ്റിയ സംഭവമല്ലെന്നും എങ്കില്‍ തിരിഞ്ഞു കുത്തുമെന്നും ഈ "ആഗോളവല്‍ക്കരണ വിരുദ്ധ" പത്രത്തിന് ശ്ശി നന്നായി അറിയാം. 16-ാം തീയതി 5-ാം പേജില്‍ ""കല്‍ക്കരി ഇടപാട്: കുമാര്‍ മംഗളം ബിര്‍ളയ്ക്കെതിരെ കേസ്"" എന്നവതരിപ്പിക്കുന്നു.

17-ാം തീയതി ""കല്‍ക്കരിപ്പാടം വിതരണം തീര്‍ത്തും ന്യായമെന്ന് മുന്‍ സെക്രട്ടറി. താന്‍ ഗൂഢാലോചന നടത്തിയെന്ന് സിബിഐ കരുതുന്നുണ്ടെങ്കില്‍ പ്രധാനമന്ത്രിക്കും പങ്ക്"" എന്ന് ഒന്നാം പേജില്‍ ചെറുങ്ങനെ അവതരിപ്പിക്കുന്നു. പിന്നെ സംഭവം 20-ാം തീയതിയേ പ്രത്യക്ഷപ്പെടുന്നുള്ളൂ. അത് 5-ാം പേജില്‍ ഇങ്ങനെ: ""ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം നല്‍കിയതില്‍ തെറ്റില്ല: പിഎംഒ"". ആകെക്കൂടി എന്തൊരു ചന്തം എന്‍റമ്മോ! കല്‍ക്കരിപ്പാടത്തില്‍ എന്തെങ്കിലും അഴിമതി, ക്രമക്കേട്, കുംഭകോണം തുടങ്ങിയ കലാപരിപാടികള്‍ ഉണ്ടായിട്ടുണ്ടോ? ഇല്ലേയില്ല. എല്ലാം ശുഭം. ക്ലീന്‍. വെരി വെരി ക്ലീന്‍. 2ജിയില്‍ എ രാജയ്ക്കായി കോണ്‍ഗ്രസും ഉറ്റവരായ പത്രങ്ങളും വാദിച്ചതും ഇതേപോലെ തന്നെയല്ലേ. ഇതെന്താ അഴിമതിയോ മറ്റോ ആണോ? വെറും വെസനസ്സല്ലേന്ന്. എന്നിട്ടെന്തായി? അപ്പോഴേ, നമ്മുടെ പ്രധാനമന്ത്രിയുടെ കുപ്പായത്തിലെ കരിയുടെ കറുപ്പ് കഴുകാന്‍ സാദാ ഡിറ്റര്‍ജെന്‍റാന്നും പോര മക്കളേ! സിബിഐയെ "കൂട്ടിലെ തത്ത" അല്ലാതാക്കിയതിെന്‍റ ഒരു ഏനക്കേടെ!

ഇല്ലേല്‍ ഇതൊക്കെയങ്ങ് ഒതുക്കാമായിരുന്നല്ലോ! ഇനി നമ്മുടെ മന്ത്രിപുംഗവന്‍ കെ സി ജോസഫിന് ലേഖനമെഴുതാം, കെപിസിസി വക്താക്കള്‍ക്ക് ചാനലുകളില്‍ ഉറഞ്ഞുതുള്ളുകയുമാകാം, സുപ്രീംകോടതി ജഡ്ജിമാര്‍ക്കും സിബിഐക്കുമെതിരെ. ജഡ്ജിമാരുടെ പൂര്‍വാശ്രമം ഏതെന്ന് അന്വേഷിക്കാനും വകയുണ്ട്. എന്തിനും ഏതിനും മുഖപ്രസംഗം കാച്ചുന്ന മുഖ്യധാരന്മാര്‍ ഇതിനെക്കുറിച്ച് അങ്ങനെയൊരെണ്ണം തട്ടിയതായും നാളിതുവരെ കാണുന്നില്ല. എന്തൊരു നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം! ഒളിച്ചോട്ടം, ഇത് ഒളിച്ചോട്ടം തന്നെ 18-ാം തീയതി "മനോരമ"യുടെ ഒന്നാം പേജിലെ കിടിലന്‍ ശീര്‍ഷകം: ""എംപ്ലോയ്മെന്‍റ് നിയമനം 41 വയസ്സ് വരെ"".

അടുത്ത സംഗതി ഇതാണ്: ""ഉപരോധ ഭീഷണിക്കിടെ ഇന്ന് തലസ്ഥാനത്ത് ജനസമ്പര്‍ക്കം. ജനസമ്പര്‍ക്ക പരിപാടി അലങ്കോലമാക്കുന്നതില്‍ എല്‍ഡിഎഫില്‍ അഭിപ്രായ വ്യത്യാസം"". അന്ന് ഒന്നാം പേജിലേക്കു പറ്റിയ സങ്കതികളൊന്നും ഇല്ലാത്തോണ്ടാണോ? ഹേയ്, അങ്ങനെയല്ല, അതവതരിപ്പിക്കാന്‍ പറ്റാത്തോണ്ടാ! 18ന്റെ "മാതൃഭൂമി"ടെ ഒന്നാംപേജിങ്ങനെ: ""മന്ത്രിസഭാ യോഗത്തില്‍ പി സി ജോര്‍ജിനെതിരെ നിശിത വിമര്‍ശനം. കടുത്ത നടപടി വേണം"" എന്ന് 5 കോളത്തില്‍ വായിച്ച് ഉള്‍ക്കുളിരണിയാം. ഒപ്പം രണ്ടു പെട്ടികളുമുണ്ട്. ""കുച്ചുവിലങ്ങിടാന്‍ ശ്രമിച്ചാല്‍ നടക്കില്ല."" രണ്ടാമത്തേത്, ""ഇനിയും അസഭ്യംപറഞ്ഞാല്‍ നേരിടും രമേശ്"". അന്നത്തെ "മാതൃഭൂമി"ടെ ഒന്നാംപേജിലെ മറ്റൊരു സങ്കതീം ഇതിന് കിടപിടിക്കുന്നതായുണ്ട്: ""പാര്‍ടിയിലും സര്‍ക്കാരിലും തിരുത്തല്‍ വേണമെന്ന് കോണ്‍ഗ്രസ് നേതൃയോഗം."" ഹൈലൈറ്റ്സ്: ""ജോര്‍ജ് നിലയ്ക്കുനിന്നില്ലെങ്കില്‍ ഒഴിവാക്കണം. രമേശ് പരാതിപ്പെട്ടു; കമ്യൂണിക്കേഷന്‍ ഗ്യാപ്പെന്ന് മുഖ്യമന്ത്രി"".

ഇനി ഇതൊന്നും പോരെങ്കില്‍ ഇതാ പിടിച്ചോ മറ്റൊന്ന്. അതും "മാതൃഭൂമി"തന്നെ. ഒന്നാംപേജിലാണെങ്കിലും ഒറ്റക്കോളത്തില്‍ പരമരഹസ്യമായി: ""വെള്ളക്കരം ഇരട്ടിയാക്കണമെന്ന ശുപാര്‍ശ"". അപ്പോള്‍, ഇതേതെങ്കിലും "മനോരമേ"ടെ മുഖത്ത് പിടിപ്പിക്കാന്‍ പറ്റുമോ? നമ്മളെ കുഞ്ഞൂഞ്ഞിന് അത് അസ്കിത ഉണ്ടാക്കൂല്ലേന്ന്? അപ്പോ എന്താ ചെയ്യുക! എംപ്ലോയ്മെന്റിലും ജനസമ്പര്‍ക്കത്തിലും കേറിയൊളിക്കതന്നെ. വീണ്ടും ഒളിച്ചോട്ടം 19-ാം തീയതി "മനോരമ"യ്ക്ക് പറയാന്‍ ഏറെയുണ്ട്. ജനസമ്പര്‍ക്കം നടന്നേെന്‍റ വിശേഷങ്ങള്, പക്ഷേല്, തലേദിവസത്തെ കോണ്‍ഗ്രസിന്റെ അടീം, മന്ത്രിസഭേലെ കലക്കും ഉണ്ടാക്കിയ ക്ഷീണം മാറ്റാന്‍, ""വിഎസിനു പരസ്യവിലക്കെ""ന്ന ബാനര്‍ നല്‍കിയാണ്. "മാതൃഭൂമി"യാകട്ടെ, 18ന് പറ്റിയ "അബദ്ധം" തിരുത്താന്‍, ജനസമ്പര്‍ക്കത്തെതന്നെ പ്രാദേശികമാക്കീട്ട് ഒന്നാംപേജാകെ വി എസില്‍ മുക്കിയിരിക്കുന്നു. എന്താ സംഭവം.

വി എസ് ചാനല്‍ അഭിമുഖങ്ങളില്‍ ചില പ്രതികരണങ്ങള്‍ നടത്തി. ഒന്നുംതന്നെ പുതിയ കാര്യങ്ങളുമല്ല. അതെല്ലാം പലവട്ടം ഇതേ മാധ്യമങ്ങള്‍ ആഘോഷിച്ചതുമാണല്ലോ. അവയെല്ലാം പാര്‍ടി എല്ലാതലങ്ങളിലും ചര്‍ച്ചചെയ്ത് കേന്ദ്രകമ്മിറ്റി അന്തിമ തീരുമാനവുമെടുത്തു. അവ പരസ്യപ്പെടുത്തിയതുമാണ്. അതൊന്നും ഇപ്പോള്‍ ചര്‍ച്ചാവിഷയമാക്കേണ്ട പ്രസക്തിയും ഉണ്ടായിരുന്നില്ല. അപ്പോള്‍, യുഡിഎഫിനേം മുഖ്യമന്ത്രീനേം ലച്ചിക്കണമെങ്കില്‍ അവയെ ആരേലുംകൊണ്ട് മാന്തിയെടുപ്പിച്ച് അവയെല്ലാം പുറത്ത് വലിച്ചുവാരിയിടണം. അതാണ് ചില ദൃശ്യമാധ്യമങ്ങള്‍ ചെയ്തത്.

സിപിഐ (എം) പി ബി കൃത്യമായി പാര്‍ടിയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. അതിനെ ബാനറാക്കി പിടിക്കുന്നത് യുഡിഎഫ് അകപ്പെട്ട കുരുക്കിന് സൊല്‍പം അയവുണ്ടാക്കാന്‍ പറ്റുമോന്ന് നോക്കാനാണ്. ഇതാണ് മുഖ്യധാരക്കാരുടെ "നിഷ്പക്ഷ" അജണ്ട!

വാല്‍ക്കഷ്ണം

""തളരാതെ മുഖ്യമന്ത്രി; ഉദ്യോഗസ്ഥര്‍ തളര്‍ന്ന് വേദിവിട്ടു."" "മാതൃഭൂമി" വാര്‍ത്ത. (19-10-2013 പേജ് 12) ഊണും ഉറക്കവുമില്ലാതെ 15 മണിക്കൂര്‍ വരെ പണിയെടുക്കാനാവുന്നത് ഒരു സിദ്ധിതന്നെയാണേയ്! ഈ സോളാര്‍ എനര്‍ജിരെ ഒരു പവറേ ! ശിവ ശിവ! ""സലിംരാജിനെതിരായ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനെന്ന് കോടതി"" (മാതൃഭൂമി വാര്‍ത്ത). ഈ സലിംരാജ് ആരാ മോന്‍ എന്ന് കോടതിക്ക് അറിയില്ലേ ആവോ? കുഞ്ഞൂഞ്ഞിന്റെ സ്വന്തം ഗണ്‍മോന്‍ തന്നെയല്ലേ ഈ സലിംരാജാവ്!

*
ഗൗരി ചിന്ത 01 നവംബര്‍ 2013

No comments: