Friday, November 22, 2013

വിശ്വാസത്തെ ദുരുപയോഗിക്കുമ്പോള്‍

ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും പേരിലുള്ള വര്‍ഗീയശക്തികള്‍ പരസ്പരം ശത്രുക്കളാണെന്നു തോന്നിപ്പിച്ച് പരസ്പരം പൂരിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയാണെന്ന് മതനിരപേക്ഷ വാദികളാകെ ഇന്ന് ഏറെക്കുറെ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ തീരെ അപ്രസക്തവും ഗവേഷണപരമായ പ്രാധാന്യം മാത്രമുള്ളവയുമായ മതപരമായ ചില അനുഷ്ഠാനങ്ങള്‍ വീണ്ടും അവതരിപ്പിക്കുമ്പോള്‍ മതവിശ്വാസികളായ പലര്‍ക്കും അതിന്റെ പുനരുജ്ജീവനപരമായ വര്‍ഗീയരാഷ്ട്രീയലക്ഷ്യം മനസിലായെന്നു വരില്ല. തെയ്യം, പൂരക്കളി മുതലായ ജനകീയകലകളുടെയോ കഥകളി, കൂടിയാട്ടം മുതലായ ക്ലാസിക്കല്‍കലകളുടെയോ പ്രദര്‍ശനംപോലെയോ പുനരുദ്ധാരണംപോലെയോ പ്രോത്സാഹനംപോലെയോ കലാപരമായ ഉദ്ദേശ്യമല്ല ഇത്തരം കാലഹരണപ്പെട്ട, അതിസങ്കീര്‍ണങ്ങളും ബ്രാഹ്മണമേധാവിത്വത്തെ അരക്കിട്ടുറപ്പിക്കുന്നതുമായ അനുഷ്ഠാനങ്ങളുടെ പുനരുജ്ജീവനശ്രമത്തിനു പിന്നിലുള്ളതെന്നര്‍ഥം. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ദുരനുഷ്ഠാനങ്ങളെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെ ദൈവവിശ്വാസികളായ അതതു ജാതിമതശക്തികളെ ആകര്‍ഷിക്കുകയും അവരുടെ കൂട്ടായ്മ രൂപപ്പെടുത്തുകയും അങ്ങനെ വര്‍ഗീയശക്തികളെ ശക്തിപ്പെടുത്തുകയും ആത്യന്തികമായി പിന്തിരിപ്പന്‍ രാഷ്ട്രീയകൂട്ടുകെട്ടുകളെ വളര്‍ത്തുകയുമാണ് അവരുടെ ലക്ഷ്യമെന്നു ചുരുക്കം.

ഭാരതീയപാരമ്പര്യത്തിന്റെ ശക്തമായ ഘടകങ്ങളിലൊന്നാണ് യജ്ഞസംസ്കാരം. പ്രാചീനഭഭാരതത്തിലെ ഉപരിവര്‍ഗസംസ്കാരത്തിന്റെ ആദ്യത്തെ രൂപമാണ് വൈദികമതമെന്നു പറയാം. ഏതാണ്ട് 3500 കൊല്ലംമുമ്പ് ആവിര്‍ഭവിച്ച് ക്രമേണ ശക്തി പ്രാപിച്ച് ആയിരത്തിലേറെ കൊല്ലം നിലനിന്ന ഒരു സാമൂഹ്യരാഷ്ട്രീയസ്ഥാപനമാണത്. ബ്രാഹ്മണപൗരോഹിത്യ മേധാവിത്വത്തിലധിഷ്ഠിതമായ ചാതുര്‍വര്‍ണ്യവ്യവസ്ഥയും യജ്ഞസംസ്കാരവുമാണ് അതിന്റെ രണ്ട് അവിഭാജ്യഘടകങ്ങള്‍. ഇവ രണ്ടും കാലക്രമത്തില്‍ ഏറ്റവും കടുത്ത ചൂഷണോപാധികളായിത്തീര്‍ന്നുവെന്ന ചരിത്രവസ്തുത പ്രാചീനേന്ത്യാചരിത്രം പഠിക്കുമ്പോള്‍ കാണാനാകും.

ഉള്ളടക്കംകൊണ്ട് ആത്മീയതയെക്കാളേറെ ഭൗതികത്വം പ്രകാശിപ്പിക്കുന്ന ഋഗ്വേദാദിസാഹിത്യകൃതികള്‍, ബ്രാഹ്മണപുരോഹിതര്‍ക്ക് യജ്ഞകര്‍മങ്ങളില്‍ ചൊല്ലാനുള്ള ശബ്ദപ്രധാനമായ മന്ത്രങ്ങള്‍ മാത്രമായി, അവരുടെ ധനസമ്പാദനത്തിനുള്ള ഉപകരണങ്ങള്‍ മാത്രമായി ഒതുങ്ങിനില്‍ക്കുകയാണ് വൈദികമതത്തില്‍. കര്‍മം സ്വയമേവ ഫലം നല്‍കുന്നു എന്ന തത്വമാണ് യജ്ഞത്തിനടിസ്ഥാനം. ഇന്നിന്ന കര്‍മം ചെയ്താല്‍ ഇന്നിന്ന ഫലം കിട്ടും എന്നു വേദവിധികളുണ്ട്. സോമയാഗങ്ങളിലൊന്നായ ജ്യോതിഷ്ടോമം (അഗ്നിഷ്ടോമം) എന്ന യാഗം ചെയ്താല്‍ സ്വര്‍ഗം കിട്ടും എന്നു വിധി. ഇവിടെ സ്വര്‍ഗം എന്നതിന് ആദ്യകാലത്ത് സുഖം എന്നേ അര്‍ഥമുണ്ടായിരുന്നുള്ളൂ. (ദുഃഖം കലരാത്തതും ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ നശിക്കാത്തതും ആഗ്രഹത്തിനൊത്തു വരുന്നതുമായ സുഖമാണ് സ്വര്‍ഗം എന്ന പദത്തിന് ആസ്പദമായിട്ടുള്ളത്.) ജ്യോതിഷ്ടോമം കഴിച്ച ആള്‍ക്ക് ഉടനെ സുഖം കിട്ടുന്നതായി കാണുന്നില്ല. അപ്പോള്‍ വേദവിധി അസത്യമായിപ്പോകും. വേദം അസത്യമാണെന്ന് അംഗീകരിക്കാന്‍ യജ്ഞത്തിന്റെ ദര്‍ശനമായ മീമാംസ തയ്യാറല്ല. വേദം പരമപ്രമാണമാണ് മീമാംസകര്‍ക്ക്. അതുകൊണ്ട് അവര്‍ ഒരു സിദ്ധാന്തം ആവിഷ്കരിച്ചു. യജ്ഞകര്‍മം ചെയ്ത ഉടനെ യജമാനന് (യജ്ഞം നടത്തുന്നവന്) അപൂര്‍വം (മുന്‍പ് ഇല്ലാത്തത് എന്നര്‍ഥം) ലഭിക്കുന്നു. പിന്നീട് യഥാകാലം ഫലമനുഭവപ്പെടുമ്പോള്‍ ഈ അപൂര്‍വം ആ ഫലമായി മാറുകയാണെന്നാണ് പ്രസ്തുതസിദ്ധാന്തം പ്രഖ്യാപിക്കുന്നത്. യജ്ഞകര്‍മങ്ങള്‍ക്ക് ഉദ്ദിഷ്ടഫലം ലഭിക്കാതെ വരുമ്പോള്‍ ഒഴിവുകഴിവു പറഞ്ഞു തടിതപ്പാന്‍ പുരോഹിതന്മാര്‍ കണ്ടുപിടിച്ച സൂത്രവിദ്യയാണ് ഈ അപൂര്‍വസിദ്ധാന്തം. പ്രാചീനഭാരതത്തിലെ യുക്തിചിന്തകരായ നൈയായികര്‍ പരിഹാസഗര്‍ഭമായി ഇക്കാര്യം മറ്റൊരുവിധത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ന്യായഭാഷ്യകാരനായ വാത്സ്യായനന്‍ വേദം അസത്യമാണെന്നു തെളിയിക്കുന്നതിനുവേണ്ടി പുത്രകാമേഷ്ടിയുടെ ഫലപ്രദത്വത്തെപ്പറ്റി പ്രസ്താവിക്കുന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്. പുത്രകാമേഷ്ടികൊണ്ട് ഉദ്ദേശിക്കുന്ന ഫലം പുത്രസിദ്ധിയാണ്. പക്ഷേ, അതിനു ചില നിബന്ധനകളുണ്ടെന്നു വാത്സ്യായനന്‍ ചൂണ്ടിക്കാട്ടുന്നു. ദമ്പതിമാര്‍ പ്രത്യുല്‍പ്പാദനക്ഷമതയുള്ളവരായിരിക്കണം. അതായത്, ഭാര്യ വന്ധ്യയോ ഭര്‍ത്താവ് ഷണ്ഡനോ ആകരുത്. അവര്‍ക്കു നല്ല ആരോഗ്യമുണ്ടായിരിക്കണം. അവര്‍ വിധിയാംവണ്ണം സംഭോഗംചെയ്യണം. പുത്രകാമേഷ്ടി വിശദാംശങ്ങളില്‍ ഒരു വൈകല്യവും വരാതെ നടത്തണം. ഇത്രയും ഒത്തുവന്നാലേ ദമ്പതിമാര്‍ക്കു പുത്രനുണ്ടാവൂ. എന്താണീ വിവരണംകൊണ്ട് വാത്സ്യായനന്‍ ഉദ്ദേശിക്കുന്നത്? പുത്രകാമേഷ്ടി എന്ന യാഗത്തിന് ദമ്പതിമാര്‍ക്കു പുത്രനെ നല്‍കാനുള്ള സഹജമായ സാമര്‍ഥ്യമില്ലെന്നുതന്നെ. പുത്രകാമേഷ്ടി കഴിക്കാതെയും മേല്‍പ്പറഞ്ഞ മൂന്നു നിബന്ധനകള്‍ ഒത്തുവരുന്നവര്‍ക്ക് പുത്രന്മാരുണ്ടാവാമല്ലോ. കള്ളു കുടിച്ചാലും ഇല്ലെങ്കിലും ഉറക്കം വരുമെങ്കില്‍ ഉറക്കം കിട്ടുന്നതിനുവേണ്ടി കള്ളു കുടിക്കണമോ? വൈദികമതത്തിന്റെ ആരംഭകാലത്ത് യജ്ഞം സമൂഹമൊട്ടുക്കും പങ്കെടുക്കുന്ന ഒരു പൊതുചടങ്ങായിരുന്നുവെന്നു കരുതണം. കൂട്ടായി അധ്വാനിച്ചുണ്ടാക്കിയ ഉല്‍പ്പന്നങ്ങളുടെ പുനര്‍വിതരണം നടത്താന്‍ യജ്ഞാവസരങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടായിരിക്കണം. അങ്ങനെ സമൂഹാംഗങ്ങളുടെ ഉല്‍പ്പാദനവിതരണ പ്രക്രിയയുമായി ബന്ധപ്പെട്ട ഒരു കൂട്ടായ്മയായി യജ്ഞം ആദ്യകാലത്ത് സാമൂഹ്യമായൊരു ധര്‍മം നിര്‍വഹിച്ചിട്ടുണ്ടെന്നു തോന്നുന്നു. എന്നാല്‍, പില്‍ക്കാലത്തു ചാതുര്‍വര്‍ണ്യവ്യവസ്ഥ രൂഢമൂലമായതോടെ, പൗരോഹിത്യമേധാവികളായ ബ്രാഹ്മണര്‍ മറ്റുള്ളവരെ ചൂഷണംചെയ്യുന്നതിനുള്ള ഉപാധിയായി യജ്ഞാദികര്‍മങ്ങളെ ഉപയോഗിച്ചുതുടങ്ങി. ഭൗതികമായ ഓരോ ആഗ്രഹം നിറവേറ്റിക്കിട്ടുന്നതിന്, സുഖലോലുപത വര്‍ധിപ്പിക്കുന്നതിന്, പല തരത്തിലുള്ള വന്‍ചെലവുചെയ്ത് നടത്തേണ്ടുന്ന യാഗങ്ങള്‍ അവതരിപ്പിക്കുകയായി. ചെറിയ തോതിലുള്ള ഇഷ്ടികള്‍ (സോമപാനവും ജന്തുഹിംസയുമില്ലാത്ത യാഗങ്ങള്‍) മുതല്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സത്രങ്ങള്‍വരെയുള്ള യജ്ഞങ്ങള്‍ നടപ്പായി.

രാജാക്കന്മാര്‍ നടത്തുന്ന അശ്വമേധം എന്ന യജ്ഞത്തില്‍ യാഗാശ്വമടക്കം മുന്നൂറില്‍പരം പക്ഷിമൃഗാദികളെ കൊല്ലുന്നു. സൗത്രാമണിയജ്ഞത്തില്‍ പുരോഹിതന്മാര്‍ മദ്യപാനംചെയ്ത് അന്യോന്യം തെറിവിളിച്ച് ബഹളം കൂട്ടണമെന്നു വിധിയുണ്ട്. അശ്വമേധത്തില്‍ യജമാനപത്നി കുതിരയുടെ ലിംഗം തന്റെ യോനി പിളര്‍ന്ന് അതില്‍ ആഴ്ത്തിവയ്ക്കണമെന്നാണ് നിയമം. യജ്ഞങ്ങള്‍ക്ക് ഉദ്ദിഷ്ടഫലമുണ്ടാവണമെങ്കില്‍ കനത്ത ദക്ഷിണ നല്‍കി പുരോഹിതന്മാരെ തൃപ്തിപ്പെടുത്താതെ പറ്റില്ല. ദക്ഷിണയുടെ മാഹാത്മ്യം പ്രകീര്‍ത്തിക്കുന്ന പ്രസ്താവനകള്‍ പില്‍ക്കാലഗ്രന്ഥങ്ങളില്‍ ധാരാളം കാണാം. ചുരുക്കത്തില്‍ ബ്രാഹ്മണപൗരോഹിത്യമേധാവിത്വത്തിന്റെ വിഷയലമ്പടതയും മദ്യപാനാസക്തിയും ധനമോഹവും നിറവേറ്റുന്നതിനു മതത്തിന്റെ മറയില്‍ ഉപയോഗിക്കപ്പെടുന്ന ഉപായങ്ങളായിത്തീര്‍ന്നു വൈദികയജ്ഞങ്ങള്‍. അതുകൊണ്ടുതന്നെ വൈദികമതത്തിനെതിരായി- വിശേഷിച്ച് അതിലെ ബ്രാഹ്മണ പൗരോഹിത്യമേധാവിത്വത്തിലുള്ള ചാതുര്‍വര്‍ണ്യത്തിനും യജ്ഞഹിംസയ്ക്കുമെതിരായി- ചിന്തകന്മാര്‍ മുന്നോട്ടുവന്നു. ഉപനിഷത്തുക്കളില്‍ത്തന്നെ യജ്ഞാദികള്‍ക്കെതിരായ ഒറ്റപ്പെട്ട പ്രതിഷേധ പ്രസ്താവനകള്‍ ദര്‍ശിക്കാം. ബുദ്ധന്റെ നേതൃത്വത്തില്‍ ഈ വൈദികമതത്തിനെതിരായി സംഘടിതമായ പോരാട്ടം നടന്നു. ഭൗതികവാദപരവും യുക്തിവാദപരവും നിരീശ്വരവാദപരവുമായ ചാര്‍വാക (ലോകായത) ദര്‍ശനത്തിന്റെ ഉപജ്ഞാതാവായ ബൃഹസ്പതിമഹര്‍ഷിയും അതിനിശിതമായി വൈദികമതത്തെ കടന്നാക്രമിച്ച ചിന്തകരില്‍ ഉള്‍പ്പെടുന്നു. ഇത്രയും വിവരിച്ചതിന്റെ ഉദ്ദേശ്യം മറ്റൊന്നുമല്ല. പ്രാചീനഭാരത സംസ്കാരമെന്നുവച്ചാല്‍ യജ്ഞസംസ്കാരം മാത്രമല്ല, അതിനെതിരായി സൈദ്ധാന്തികമായോ പ്രായോഗികമായോ സമരംചെയ്ത ഉപനിഷത്തുകളുടെയും ബുദ്ധന്റെയും ലോകായതം, സാംഖ്യം മുതലായ നിരീശ്വരദര്‍ശനങ്ങളുടെയുംകൂടി സംസ്കാരമാണ്. ബ്രാഹ്മണപൗരോഹിത്യത്തെയും ജാതിവ്യവസ്ഥയെയും അരക്കിട്ടുറപ്പിക്കുന്നതാണ് യജ്ഞസംസ്കാരമെങ്കില്‍ അവ രണ്ടിനെയും എതിര്‍ക്കുന്നതാണ് യജ്ഞത്തിനെതിരായ സംസ്കാരം. അതുകൊണ്ടാണ് നവോത്ഥാനനായകര്‍ മറ്റന്ധവിശ്വാസ അനാചാരാദികളെയെന്നപോലെ ജാതിവ്യവസ്ഥയെയും യജ്ഞസംസ്കാരത്തെയും എതിര്‍ത്തത്.

സൂക്ഷ്മമായി നോക്കിയാല്‍ യജ്ഞത്തിന്റെ അടിസ്ഥാനമായ അപൂര്‍വസിദ്ധാന്തം ഈശ്വരനെ നിരാകരിക്കുന്നുവെന്നും യജ്ഞത്തിന്റെ ദര്‍ശനമായ മീമാംസ, പൗരോഹിത്യസംരക്ഷകമെങ്കിലും, നിരീശ്വരവാദപരമായിരുന്നുവെന്നുമാണ് കാണുക. വൈദികമതത്തില്‍ വിഗ്രഹാരാധനയും ക്ഷേത്രവിശ്വാസവും ഉണ്ടായിരുന്നില്ലെന്നുകൂടി ഇവിടെ സ്മരിക്കേണ്ടതാണ്. എന്നാല്‍, ഇത്തരം സൈദ്ധാന്തികമോ സാംസ്കാരികമോ ചരിത്രപരമോ ആയ പരിഗണനകളൊന്നും നമ്മുടെ യജ്ഞസംസ്കാര പുനരുദ്ധാരകരെ അലട്ടുന്നില്ല. അവര്‍ക്ക് വൈദികപ്പഴമകള്‍ പവിത്രപരിവേഷമണിയിച്ച് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പരത്തുകയും, തങ്ങളുടെ വര്‍ഗീയരാഷ്ട്രീയം വളര്‍ത്തുന്നതിന് പശ്ചാത്തലമൊരുക്കുന്നതിനുവേണ്ടി കാലഹരണപ്പെട്ട മൂല്യങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അതിനിടയിലൂടെ പണം വാരിക്കൂട്ടുകയുമാണ് വേണ്ടത്.

കേരളത്തില്‍ കുറച്ചുകാലമായി നടന്നുവരുന്ന ക്ഷേത്രപുനരുദ്ധാരണ ശ്രമങ്ങളും വര്‍ഗീയത പരത്തുന്ന മതപ്രഭാഷണങ്ങളും, മുമ്പെങ്ങും ഇവിടങ്ങളില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത രാമനവമി- രാമായണമാസ-രക്ഷാബന്ധാചരണങ്ങളും വെറും മതവിശ്വാസത്തെയും ഭക്തിയെയും സൗഹൃദത്തെയുമാണ് വെളിപ്പെടുത്തുന്നതെന്ന് ഒരു കുട്ടിപോലും വിശ്വസിക്കുകയില്ല. നിര്‍ദോഷമായ മതവിശ്വാസത്തെയും നിരുപദ്രവമായ ഈശ്വരവിശ്വാസത്തെയും ദുരുപയോഗപ്പെടുത്തുക എന്ന വര്‍ഗീയരാഷ്ട്രീയലക്ഷ്യമാണ് ഇതിനെല്ലാം പിന്നില്‍. ഇസ്ലാമിക-ക്രൈസ്തവ-മതമൗലിക വാദികളും സമാന്തരമായ വിവിധകര്‍മാനുഷ്ഠാനങ്ങളിലൂടെ ഇതുതന്നെയാണ് ചെയ്യുന്നത്. ഇതിനെതിരെ എല്ലാ ജാതികളിലും മതങ്ങളിലും വിശ്വസിക്കുന്നവരും ഒരു ജാതിയിലും മതത്തിലും വിശ്വസിക്കാത്തവരും, വിവിധരാഷ്ട്രീയകക്ഷികളില്‍പെട്ടവരും ഒരു കക്ഷിയോടും ബന്ധമില്ലാത്തവരുമായ മതനിരപേക്ഷവാദികളും ഒറ്റക്കെട്ടായി പ്രതികരിക്കുകയും പ്രചാരവേല നടത്തുകയും ചെയ്യേണ്ടതുണ്ട്.

*
ഡോ. എന്‍ വി പി ഉണിത്തിരി ദേശാഭിമാനി

No comments: