Saturday, November 30, 2013

ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ധൃതിപിടിച്ച് നടപ്പാക്കരുത്

കേരളത്തിലെ മലയോരങ്ങളിലെ ജനജീവിതത്തെ സംരക്ഷിച്ചും അവരെ വിശ്വാസത്തിലെടുത്തും മാത്രമേ ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാവൂ എന്ന് സിപിഐ എം സംസ്ഥാന പ്ലീനം ആവശ്യപ്പെട്ടു. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിന് സുപ്രധാന സ്ഥാനമുണ്ട്. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പ് ജനങ്ങളുടെ കുടിവെള്ളം സംരക്ഷിക്കുന്നതിനും മറ്റ് ജീവിതോപാധികളും നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ ആ കടമ കേരളജനത ഏറ്റെടുക്കേണ്ടതുണ്ട്.

ജയറാം രമേശ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്താണ് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠനം നടത്താന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായി കമ്മിറ്റിയെ നിയോഗിച്ചത്. പശ്ചിമഘട്ട പ്രദേശത്തെ സംസ്ഥാന സര്‍ക്കാരുകള്‍, ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവരോടൊന്നും ചര്‍ച്ച നടത്താതെയാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ ഏതാനും വ്യക്തികളും ഉദ്യോഗസ്ഥരും മാത്രം കൈകാര്യം ചെയ്യേണ്ടതല്ല. മനുഷ്യജീവിതത്തിന്റെ നാനാവശങ്ങള്‍ കൈകാര്യംചെയ്യുന്ന എല്ലാ മേഖലയില്‍നിന്നുമുള്ള വിദഗ്ധരും ഇത്തരം പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റികളിലുണ്ടാവണം. ജനപ്രതിനിധികളുമായും സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകളുമായും ചര്‍ച്ച നടത്തണം. ഇത്തരത്തില്‍ പരിസ്ഥിതി സംരക്ഷിക്കുന്നതിനു പകരം ഉദ്യോഗസ്ഥ മേധാവിത്വപരമായ സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായത്. പശ്ചിമഘട്ട സംരക്ഷണത്തിന് എന്ന പേരില്‍, കേരളത്തിലെ കര്‍ഷക താല്‍പ്പര്യങ്ങളെ പരിഗണിക്കാതെ സമര്‍പ്പിക്കപ്പെട്ട മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നുവന്നു. തുടര്‍ന്ന് ഈ പോരായ്മകള്‍ പരിഹരിക്കുന്നതിനുതകുന്ന നിര്‍ദേശങ്ങള്‍ നല്‍കാനാണ് കസ്തൂരിരംഗന്‍ സമിതിയെ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍നിന്ന് വ്യത്യസ്തമായതും പല കാര്യങ്ങളിലും വിരുദ്ധമായതുമായ ഒരു റിപ്പോര്‍ട്ടാണ് കസ്തൂരി രംഗന്‍ കമ്മിറ്റി സമര്‍പ്പിച്ചത്. ഈ രണ്ട് റിപ്പോര്‍ട്ടും എല്ലാ മേഖലയില്‍നിന്നുമുള്ള വിദഗ്ധരുമായും ജനപ്രതിനിധികളുമായും പ്രാദേശിക-സംസ്ഥാന സര്‍ക്കാരുകളുമായും ചര്‍ച്ചചെയ്തശേഷംമാത്രമേ അംഗീകരിക്കാന്‍ പാടുള്ളൂ. ഏകപക്ഷീയമായി റിപ്പോര്‍ട്ട് നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിനു മുമ്പില്‍ സംസ്ഥാന താല്‍പ്പര്യങ്ങള്‍ എത്തിക്കുന്നതില്‍ കേരളത്തിലെ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച ഇളവുകള്‍ കേരളത്തിന് ലഭിച്ചില്ല. ഇത്തരമൊരു പരിതഃസ്ഥിതിയിലാണ് ബഹുജനങ്ങള്‍ വലിയ തോതില്‍ ഈ റിപ്പോര്‍ട്ടിനെതിരെ അണിനിരന്നത്.

കേരള സര്‍ക്കാര്‍ വൈകിമാത്രം നിയോഗിച്ച സമിതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ കേന്ദ്രസര്‍ക്കാര്‍ കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ നടപ്പാക്കി. സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ നിലനില്‍പ്പിനെ പാടേ തകര്‍ക്കുന്ന ഈ സ്ഥിതിയെ പ്രതിരോധിക്കാന്‍ യുഡിഎഫിന്റെ 16 എംപിമാര്‍ക്കോ 8 കേന്ദ്രമന്ത്രിമാര്‍ക്കോ കേന്ദ്രസര്‍ക്കാരില്‍ ഒരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞില്ല. പതിനായിരക്കണക്കിന് കര്‍ഷക-കുടിയേറ്റ കുടുംബങ്ങളുടെ ജീവിതവും നിലനില്‍പ്പും ആശങ്കയുടെ മുള്‍മുനയിലാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് യുഡിഎഫിന് ഒഴിഞ്ഞുമാറാനായില്ല. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വിജ്ഞാപനം ഇറക്കിയശേഷം ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ജനങ്ങളെ വഞ്ചിക്കലാണ്.

സംസ്ഥാനത്തെ 123 വില്ലേജുകളെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിയന്ത്രണങ്ങള്‍ പ്രധാനമായും ബാധിക്കുക. ഇടുക്കി, വയനാട് ജില്ലകളിലെ ഭൂരിപക്ഷം പ്രദേശങ്ങളെയും ബാധിക്കും. കസ്തൂരി രംഗന്റെ റിപ്പോര്‍ട്ടില്‍ പ്രകൃതിലോല പ്രദേശങ്ങള്‍ക്കകത്ത് ജനങ്ങള്‍ ഏറെയുള്ള മേഖലകള്‍പോലും ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട് എന്ന വിമര്‍ശവും ശക്തമാണ്. അതുകൊണ്ടുതന്നെ ആ മേഖലയിലെ ജനങ്ങളുടെ ജീവിതം വഴിമുട്ടും എന്ന ആശങ്ക വ്യാപകമായി വന്നിട്ടുണ്ട്. അതേ അവസരത്തില്‍ പശ്ചിമഘട്ടം സംരക്ഷിക്കുക എന്നത് മര്‍മപ്രധാനമായി കണ്ട് കേരളത്തിന്റെ സാമൂഹ്യസവിശേഷതകളും ജനസംഖ്യാപരമായ പ്രത്യേകതകളും കണക്കിലെടുത്തുള്ള പ്രായോഗിക പദ്ധതികള്‍ ആവിഷ്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. നിലവിലുള്ള പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക എന്നതും പ്രധാനമാണ്. അതിനായുള്ള ജനകീയ പ്രസ്ഥാനം രൂപപ്പെടുത്താന്‍ സഹായിക്കുന്ന വിധത്തില്‍ പശ്ചിമഘട്ട സംരക്ഷണ ചര്‍ച്ച മാറ്റിയെടുക്കേണ്ടതുണ്ട്. അല്ലാതെ, ജനങ്ങളുമായി യുദ്ധപ്രഖ്യാപനം നടത്തി ധൃതിപിടിച്ച് റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നീക്കം കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍മാത്രമേ സഹായിക്കുകയുള്ളൂ.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ സംബന്ധിച്ച് സമവായമുണ്ടാക്കുന്നതുവരെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം മരവിപ്പിക്കണം. പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ ജീവിതവും ഉറപ്പുവരുത്തുന്ന തരത്തിലുള്ള നിലപാടുകളില്‍ ഉറച്ചുനിന്ന് ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിച്ച് പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ ജനങ്ങളുടെ പങ്കാളിത്തംകൂടി ഉറപ്പുവരുത്തിക്കൊണ്ടുള്ള ശാസ്ത്രീയ പദ്ധതികളാണ് രൂപപ്പെടേണ്ടത്. ഇത്തരം പദ്ധതികള്‍ രൂപീകരിക്കപ്പെടുന്നതുവരെ ധൃതിപിടിച്ച് തീരുമാനങ്ങളെടുക്കരുത്. ഈ റിപ്പോര്‍ട്ടുകള്‍ ഒരു വിദഗ്ധസമിതിയുടെ ഉചിതമായ പരിശോധനയ്ക്ക് വിധേയമാക്കി ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കിമാത്രമേ നടപ്പാക്കാവൂ. അതിനുപകരം ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ഇടപെടലുകളില്‍നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണം.

വര്‍ഗീയശക്തികളെ ഒറ്റപ്പെടുത്തുക

രാജ്യത്തിന്റെ ഐക്യത്തിനും മതനിരപേക്ഷതയ്ക്കുമെതിരെ കടുത്ത വെല്ലുവിളിയാണ് വര്‍ഗീയശക്തികള്‍ ഉയര്‍ത്തുന്നത്. മുതലാളിത്ത- നാടുവാഴിത്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന നയം അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഭരണത്തിന്, ജനങ്ങളുടെ അഭിലാഷം നിറവേറ്റാനായില്ല. ഭരണവര്‍ഗ രാഷ്ട്രീയ നേതൃത്വം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. ആര്‍എസ്എസ് നേതൃത്വത്തിലുള്ള സംഘപരിവാര്‍ ശക്തികള്‍ ഹിന്ദുരാഷ്ട്ര മുദ്രാവാക്യമുയര്‍ത്തിയാണ് വര്‍ഗീയ അജന്‍ഡ മുന്നോട്ടുവയ്ക്കുന്നത്. സംഘപരിവാറിന്റെ ഹീന നീക്കങ്ങളെ ചെറുക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിഞ്ഞില്ല.

2003 ല്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്ന മുസ്ലിം കൂട്ടക്കൊല രാജ്യത്തിന് എക്കാലത്തേക്കുമുള്ള അപമാനമായി. ഭീതിയിലായ മുസ്ലിം ജനതയില്‍ ഒരുവിഭാഗത്തെ തീവ്രവാദികളാക്കാന്‍ സംഘടിതശ്രമം നടന്നു. മുസ്ലിം യുവാക്കളില്‍ തീവ്രവാദവും ഭീകരവാദവും വളര്‍ന്നുവന്നത് ഈ സാഹചര്യത്തിലാണ്. എന്‍ഡിഎ ഭരണം 2004 ല്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞു. ഇടതുപക്ഷ പാര്‍ടികള്‍ കൈക്കൊണ്ട നിലപാടാണ് ഇത് സാധ്യമാക്കിയത്. ജനവിരുദ്ധനയങ്ങള്‍ യുപിഎ സര്‍ക്കാരിനെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തിയ സാഹചര്യം ഉപയോഗിച്ച്, വീണ്ടും അധികാരത്തിലേറാന്‍ ബിജെപി നേതൃത്വത്തില്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുകയാണ്. തീവ്രഹിന്ദുത്വ നിലപാടുയര്‍ത്തി നരേന്ദ്രമോഡിയെ മുന്‍നിര്‍ത്തി വര്‍ഗീയത ആളിക്കത്തിച്ച് ഭൂരിപക്ഷം നേടാനാണവര്‍ ശ്രമിക്കുന്നത്. രാമജന്മഭൂമി പ്രശ്നം, കശ്മീരിന്റെ പ്രത്യേക പദവി, ഏക സിവില്‍ കോഡ്, ഗോവധം തുടങ്ങിയ പ്രശ്നങ്ങള്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതിനാകെ നേതൃത്വം നല്‍കുന്നത് ആര്‍എസ്എസ് ആണ്. വിവിധ ഭഭീകരാക്രമണങ്ങളെത്തുടര്‍ന്ന്, എല്ലാറ്റിനും ഉത്തരവാദികള്‍ മുസ്ലിങ്ങളാണെന്ന പ്രചാരണം സംഘപരിവാര്‍ നടത്തുന്നു. പല സംഭവങ്ങളിലും നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ പ്രതികളാക്കി ജയിലിലടച്ചു. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ മതനിരപേക്ഷതയെ ശക്തിപ്പെടുത്തുന്നതിനു പകരം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ വര്‍ഗീയ-തീവ്രവാദ സംഘടനകളില്‍ അണിനിരത്താന്‍ സംഘടിതമായ ശ്രമം നടക്കുന്നു.

എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളാണ് ഇത്തരം വിനാശകരമായ പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയില്‍. ആര്‍എസ്എസ് ഉയര്‍ത്തുന്ന ഹിന്ദുരാഷ്ട്രവാദം പോലെതന്നെ എതിര്‍ക്കപ്പെടേണ്ടതാണ് ജമാഅത്തെ ഇസ്ലാമിയുടെ മതാധിഷ്ഠിത രാഷ്ട്രസങ്കല്‍പ്പം. വര്‍ഗീയത, വര്‍ഗ ഐക്യം തകര്‍ക്കുന്നതാണ്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ഐക്യപോരാട്ടത്തെ തകര്‍ക്കലാണ് വര്‍ഗീയതയുടെ ലക്ഷ്യം. എല്ലാത്തരം വര്‍ഗീയതയെയും ചെറുത്തുതോല്‍പ്പിക്കാനാവണം. മതനിരപേക്ഷ സംസ്കാരം ശക്തിപ്പെടുത്താന്‍, അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും പുരോഗമനശക്തികളെയും യോജിപ്പിച്ച് അണിനിരത്താന്‍ എല്ലാവരും രംഗത്തിറങ്ങണം.

*
ദേശാഭിമാനി

No comments: