Wednesday, November 13, 2013

മുസ്ലിം ലീഗും സാമുദായിക രാഷ്ട്രീയവും

ഇസ്ലാം ഒരു സമ്പൂര്‍ണ ജീവിതവ്യവസ്ഥയാണെന്നും അതിന്റെ ചാലകശക്തി "ശരീഅത്ത്" ആണെന്നും നിരന്തരം ആവര്‍ത്തിക്കപ്പെടാറുണ്ടെങ്കിലും ഒരു ശരാശരി മലയാളിക്ക് ശരീഅത്ത് എന്നാല്‍ കെട്ടും തീര്‍ക്കലും കെട്ട് പ്രായവുമാണെന്ന് ധരിക്കാവുന്ന തരത്തില്‍ "ശരീഅത്തിനെ" പരിചയപ്പെടുത്താനേ മുസ്ലിംലീഗിന്റെ കാര്‍മികത്വത്തില്‍ പല ഘട്ടങ്ങളിലും കേരളത്തിലെ സാമുദായിക സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ശരീഅത്ത് വിവാദങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളൂ. ക്ഷണികമായ ചില രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാന്‍ വിവാദങ്ങളിലൂടെ മുന്‍കാലങ്ങളില്‍ മുസ്ലിം ലീഗിനായിട്ടുണ്ടെങ്കിലും മധ്യകാല യുഗത്തെ ഗുണപരമായി സ്വാധീനിച്ച ഒരു മതത്തെ അതിന്റെ സമഗ്രതയില്‍ പുനര്‍വായിക്കപ്പെടുന്നതിന് വിലങ്ങുതടിയായി നിന്നുവെന്നത് മാത്രമാണ് കേരളത്തിലെ ലീഗ് ഇസ്ലാംമതത്തിന് നല്‍കിയ സംഭാവനയെന്ന് ചരിത്രം വിലയിരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

പുതിയ വിവാദങ്ങളുടെ പശ്ചാത്തലം

കാല്‍നൂറ്റാണ്ട് മുമ്പുവരെ ലീഗ് നിരന്തരം ആവര്‍ത്തിച്ചിരുന്ന ഒരു അവകാശവാദമുണ്ടായിരുന്നു. അനന്തപുരിയിലെ ഭരണസിരാകേന്ദ്രത്തില്‍ ആര് അവരോധിക്കപ്പെടുമെന്ന് മലപ്പുറത്തെ കൊടപ്പനക്കല്‍ തറവാട്ടിലെ കാരണവര്‍ തീരുമാനിക്കും എന്നായിരുന്നു അത്. ഇരുമുന്നണികളെയും മാറിമാറി പരിണയിച്ച് ആ അവകാശവാദം പൂര്‍ണമായും അടിസ്ഥാനരഹിതമല്ല എന്ന് അവര്‍ തെളിയിക്കുകയും ചെയ്തിരുന്നു. പക്ഷേ ആയിരത്തിത്തൊളളായിരത്തി എണ്‍പത്തിഏഴിന് ശേഷമുള്ള കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗധേയം നിര്‍ണയിക്കാന്‍ മാത്രമേ ലീഗിനാവുന്നുള്ളുവെന്നതാണ് വസ്തുത. മാത്രവുമല്ല മലബാറിലെ സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്യപ്പെടുമ്പോള്‍ കണ്ടുവരുന്ന പ്രവണത മുഴുവന്‍ സാമുദായിക ശക്തികളെയും ഒരുമിച്ച്നിര്‍ത്തിയാല്‍ മാത്രമേ ലീഗിന്റെ തന്നെ സാധ്യതകള്‍ സജീവമായി നിലനിര്‍ത്താനാവൂ എന്നിടത്തേക്കുപോലും കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് നേട്ടം കൊയ്തത് സാമുദായികശക്തികളുടെ ഏകീകരണത്തിലൂടെയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഒരു സ്വകാര്യചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സുന്നി നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ഉന്നയിച്ച അവകാശവാദം കാന്തപുരം സുന്നി വിഭാഗത്തിന്റെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ലീഗ് മൂന്നോ നാലോ സീറ്റുകളില്‍ ഒതുങ്ങുമായിരുന്നുവെന്നാണ്. സോഷ്യല്‍ മീഡിയകളില്‍ പതിനായിരക്കണക്കിന് വ്യുവേഴ്സ് കണ്ട, ഇന്നും കണ്ടുകൊണ്ടിരിക്കുന്ന ആ അവകാശവാദത്തെ നിഷേധിക്കാന്‍ ഇന്നുവരെ ഒരു ലീഗ് നേതാവും തയ്യാറായിട്ടില്ല. പരസ്പരം കലഹിച്ചും കൊണ്ടും കൊടുത്തും സാമുദായിക സംഘടനകള്‍ പോരടിച്ച് നില്‍ക്കുമ്പോള്‍ അവരെ ഒരിക്കല്‍ക്കൂടി രാഷ്ട്രീയമായി ഒരു കൊടിക്ക് കീഴില്‍ അണിനിരത്താനുള്ള ഒരു അറ്റകൈ പ്രയോഗം എന്ന നിലയില്‍ മാത്രമാണ് "രണ്ടാം ശരീഅത്ത്" വിവാദം ഇപ്പോള്‍ അവതരിപ്പിക്കപ്പെടുന്നത്. അതല്ലാതെ ഇത് വീണ്ടും ഉയര്‍ത്തിക്കൊണ്ട് വരാനുള്ള ഒരു സാഹചര്യവും ഇപ്പോള്‍ പുതുതായി ഉയര്‍ന്നുവന്നിട്ടില്ല.

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം തയ്യാറാക്കപ്പെട്ട രണ്ടായിരത്തി ഏഴില്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്ന നിയമം. അതിന് മുമ്പും പിമ്പും മലപ്പുറത്ത് ബാല-വിവാഹങ്ങള്‍ നടക്കുന്നുണ്ട്. കോഴിക്കോട്ടെ അറബിക്കല്ല്യാണംപോലെ പെണ്‍കുട്ടികള്‍ "ഡിസ്പോസിബിള്‍" ആയി വലിച്ചെറിയപ്പെടുകയും അവര്‍ പരാതിയുമായി മുന്നോട്ട് വരികയും ചെയ്യുമ്പോള്‍ മാത്രമാണ് പൊലീസ് സംവിധാനം ഇടപെടാറുള്ളൂ.

പാളിപ്പോയ നീക്കം

പത്തോളം സാമുദായിക സംഘടനകള്‍ കോഴിക്കോട്ട് യോഗം ചേര്‍ന്ന് സംയുക്തമായി എടുത്തുവെന്ന് പറയപ്പെടുന്ന സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കം ലീഗും ലീഗധ്യക്ഷന്‍ തന്നെ മുഖ്യ ഉപദേശകനായ സുന്നി ഇ കെ വിഭാഗവും കോഴിക്കോട് യോഗത്തിന് രണ്ടുദിവസം മുമ്പ് പാണക്കാട് യോഗം ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്ന് വേണം കരുതാന്‍. പക്ഷേ ഈ നീക്കം പാളിപ്പോയത് എംഇഎസും ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് വിഭാഗങ്ങളും രായ്ക്കുരാമാനം നിലപാട് മാറ്റിയതും കേരളത്തിലെ പുരോഗമനശക്തികള്‍ക്കൊപ്പം ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ നടത്തിയ ശക്തമായ ഇടപെടലിന്റെയുംകൂടി പശ്ചാത്തലത്തിലായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള പ്രശ്നങ്ങളില്‍ നേരത്തെ തന്നെ വ്യത്യസ്തമായ നിലപാടുകള്‍ എടുത്ത എംഇഎസ്, മുജാഹിദ്, ജമാഅത്ത് തുടങ്ങിയ സംഘടനകള്‍ ഈ നീക്കം സ്വയം അപഹാസ്യരാക്കപ്പെടുന്നതിനെ സഹായകമാവൂ എന്ന് മനസ്സിലാക്കി പിന്തിരിഞ്ഞത് ഏതര്‍ഥത്തിലും അഭിനന്ദനാര്‍ഹം തന്നെയാണ്. നിരര്‍ഥകമായ വാദങ്ങള്‍ ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ പരിപാലിക്കപ്പെടേണ്ട വ്യക്തിനിയമം ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തില്‍ അട്ടിമറിക്കപ്പെടുന്നുഎന്ന ആക്ഷേപമാണ് കെട്ടുപ്രായം ചുരുക്കണമെന്ന് വാദിക്കുന്നവര്‍ പ്രധാനമായും ഉന്നയിക്കുന്നത്.

പ്രവാചകന്റെ ഏതെങ്കിലും ഒരു പ്രവൃത്തി അതിന്റെ സമഗ്രതയില്‍ നിന്ന് അടര്‍ത്തിയെടുത്ത് അതാണ് "സുന്നത്ത്" എന്ന് വാദിച്ചവരെ പ്രവാചകമാതൃക ചൂണ്ടിക്കാണിച്ചുകൊണ്ട് സമുദായത്തിനകത്ത് തന്നെയുള്ള ധാരാളംപേര്‍ പ്രതിരോധിച്ചുവെന്നതായിരുന്നു രണ്ടാം ശരീഅത്ത് വിവാദത്തിന്റെ ഏറ്റവും ഗുണപരമായ വശം. സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം വിശദീകരിച്ചവര്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ രണ്ട് കാര്യങ്ങള്‍ കൊണ്ടുവരുമെന്നാണ് അവകാശപ്പെട്ടത്. ഒന്ന് മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കണം. രണ്ട് വിവാഹപ്രായം പതിനാറാക്കിയ ലോകത്തെ മറ്റ് രാജ്യങ്ങളുടെ നിയമവ്യവസ്ഥ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. ഈ രണ്ട് വാദവും കോടതിയെ മാത്രമല്ല സമുദായത്തെപോലും ബോധ്യപ്പെടുത്താന്‍ സാമുദായിക നേതാക്കള്‍ക്കാവില്ല.

ഒന്നാമതായി ഇസ്ലാമിന്റെ കര്‍മശാസ്ത്ര വിധിയില്‍ പതിനെട്ട് അസ്വീകാര്യവും പതിനാറ് സ്വീകാര്യവുമാവുന്നതെങ്ങനെയെന്ന് ഈ പുരോഹിതന്‍മാര്‍ക്ക് വിശദീകരിക്കാനാവില്ല. ഇസ്ലാമില്‍ പ്രത്യേകമായി പെണ്‍കുട്ടികളുടെ ചുരുങ്ങിയ വിവാഹപ്രായം നിജപ്പെടുത്തിയിട്ടില്ലെങ്കില്‍ പതിനാറില്‍ നിജപ്പെടുത്താമെന്ന് വാദിക്കാന്‍ ഇവര്‍ക്ക് ഏത് ശരീഅത്തിന്റെ പിന്‍ബലമാണ് ഉണ്ടാവുക? രണ്ടാമത് പറഞ്ഞ "ശ്രദ്ധ ക്ഷണിക്കല്‍" ഏറെ രസകരമാണ്. ഓരോ രാജ്യവും ഇത്തരം നിയമങ്ങള്‍ നിര്‍മിക്കുന്നതും പരിപാലിക്കുന്നതും അവിടുത്തെ പൊതു സാമൂഹിക സാഹചര്യങ്ങളെക്കൂടി കണക്കിലെടുത്താണ് ഉദാഹരണത്തിന് ഹോങ്കോങ്ങ്, ജര്‍മനി, ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്പെയിന്‍, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ പെണ്‍കുട്ടികളുടെ ചുരുങ്ങിയ വിവാഹപ്രായം പതിനാറായി നിജപ്പെടുത്തിയ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളില്‍ ഉഭയകക്ഷി സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗികത നിയമവിരുദ്ധമല്ല. വിവാഹേതര ബന്ധത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളെ ഇവിടുത്തെ അമ്മമാര്‍ അപമാനഭാരത്താല്‍ മുന്‍സിപ്പല്‍ കക്കൂസുകളിലോ ആശുപത്രി വരാന്തകളിലോ ഉപേക്ഷിച്ച് കടന്നുകളയാറില്ല. അങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വത്തവകാശം നിഷേധിക്കാറില്ല. മാത്രവുമല്ല മേല്‍സൂചിപ്പിച്ച ചില രാജ്യങ്ങള്‍ ലൈംഗിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും കൗമാര ഗര്‍ഭധാരണം ഒഴിവാക്കുന്നതിനും സ്കൂളുകളിലും കോളേജുകളിലും ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്നുമുണ്ട്. ഇത്തരമൊരു സാംസ്കാരിക വ്യതിയാനത്തിലേക്ക് നമ്മുടെ നാട് മാറാത്തിടത്തോളം കാലം യൂറോപ്പിന്റെ പൊതു സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തിയ നിയമത്തില്‍ പതിനാറ് എന്ന പ്രായം മാത്രം നമുക്ക് സ്വീകാര്യമാവണം എന്ന വാദം പരിഹാസ്യമായിരിക്കും. എന്നാല്‍ മുസ്ലിം ജനസംഖ്യ മഹാഭൂരിപക്ഷമുള്ളതും ഇസ്ലാംമത വിശ്വാസികളായ ഭരണാധികാരികള്‍ ഭരണനിര്‍വഹണം നടത്തുകയും ചെയ്യുന്ന പല രാജ്യങ്ങളും പെണ്‍കുട്ടികളുടെ ചുരുങ്ങിയ വിവാഹപ്രായം പതിനെട്ടായി അംഗീകരിച്ചിട്ടുണ്ട്. മലേഷ്യയും അള്‍ജീരിയയുമൊക്കെ നിരവധി ഉദാഹരണങ്ങളില്‍ ചിലത് മാത്രം. നിയമനിര്‍മാണങ്ങളുടെ പ്രസക്തി നിയമനിര്‍മാണങ്ങളും നീതിനിര്‍വഹണവും ഏതെങ്കിലും മതനിയമങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ഉപാധിയാണ് എന്ന ഭീഷണി ഇന്ത്യന്‍ സാഹചര്യത്തില്‍ ഒട്ടും വിലപ്പോവില്ല.

ഇസ്ലാംമത വിശ്വാസപ്രകാരം മനുഷ്യര്‍ തമ്മിലുള്ള കരാറുകളില്‍ ഏറ്റവും പരിപാവനമാക്കപ്പെട്ട കരാറുകളില്‍ ഒന്നാണ് (അഖദ്-അല്‍-ഖിറാന്‍) വിവാഹബന്ധം. അതുകൊണ്ടുതന്നെ വിവാഹമോചനത്തെക്കുറിച്ചുള്ള ദൈവവിധി ""അനുവദിക്കപ്പെട്ടതില്‍ ഏറ്റവും വെറുക്കപ്പെട്ട"" കാര്യം എന്നാണ്. വിവാഹപ്രായം ഉയര്‍ത്തപ്പെടുന്നതിലൂടെ ഒരു പരിധിവരെ വിവാഹമോചന സാധ്യതകള്‍ ഇല്ലാതാക്കപ്പെടുന്നുണ്ട്. ത്വലാഖ് അഥവാ മൊഴിചൊല്ലല്‍ മാത്രമാണ് ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഇസ്ലാം നിര്‍ദേശിച്ചിട്ടുള്ളത് എന്ന് പ്രചരിപ്പിച്ചവര്‍ ഇതിനകം നിയമപരമായി വിചാരണ ചെയ്യപ്പെട്ട നിരവധി സന്ദര്‍ഭങ്ങളുണ്ടായി. എത്രയോ കേസുകള്‍ കുടുംബകോടതികളില്‍ തീര്‍പ്പ് കല്‍പ്പിക്കപ്പെട്ടു. മുസ്ലിം വിവാഹനിയമത്തില്‍ കോടതികള്‍ ഇടപെട്ടാല്‍ താലിയും മാലയും നിക്കാഹിന് പകരം നില്‍ക്കും എന്ന് കാല്‍നൂറ്റാണ്ടുമുമ്പ് പ്രചരിപ്പിച്ചവര്‍ കഴിഞ്ഞ കാലങ്ങളില്‍ നമ്മുടെ കോടതികള്‍ നടത്തിയ ഇടപെടലുകള്‍ പുനഃപരിശോധനക്ക് വിധേയമാക്കണം. അല്ലാഹു ഏറ്റവും വെറുക്കപ്പെടുന്ന ഒരു കാര്യം (വിവാഹമോചനം) നടത്തുന്നതിന് മുമ്പ് അനുനയത്തിലൂടെ പുനഃസമാഗമത്തിനുള്ള മുഴുവന്‍ സാധ്യതയും ആരായണമെന്ന ഖുര്‍ആന്‍ സന്ദേശം അധ്യായം (4/35) മൂടിവെക്കപ്പെട്ടിരുന്നു. മറ്റൊരാര്‍ഥത്തില്‍ പെണ്‍കെട്ട് വീരന്മാരുടെ ചെയ്തികള്‍ക്കുമുമ്പില്‍ മതനേതൃത്വം നിസ്സഹായമായി നിന്നപ്പോള്‍ "അനുരഞ്ജനത്തിന്റെ മതവിധി" നമ്മുടെ കുടുംബകോടതികള്‍ സത്യസന്ധമായി നിര്‍വഹിച്ചുപോന്നു. "മതവിധി"കളും വിശ്വാസവും വ്യക്തിജീവിതത്തെയും സാമൂഹിക ജീവിതത്തെയും ബാഹ്യപ്രേരണകള്‍ ഇല്ലാതെ പരിരക്ഷിച്ച് കൊള്ളുമെന്ന് മൂഢസ്വര്‍ഗത്തില്‍ വിഹരിക്കുന്നവര്‍ ശരിഅത്ത് ഭരണഘടനയായി പരിപാലിക്കപ്പെടുന്ന സൗദിഅറേബ്യ ഈയിടെ പുറത്തുവിട്ട വിവാഹമോചന കണക്ക് കണ്‍തുറന്ന് കാണേണ്ടതാണ്. സൗദി ഗസറ്റ് ദിനപത്രം സാമൂഹ്യക്ഷേമവകുപ്പിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കഴിഞ്ഞ വര്‍ഷം വരെ ഒരു ലക്ഷത്തിനാല്‍പത്തിയെട്ടായിരം റജിസ്റ്റര്‍ ചെയ്യപ്പെട്ട വിവാഹങ്ങളില്‍ മുപ്പത്തി ഒരായിരം വിവാഹമോചനങ്ങള്‍ നടന്നു. (റിപ്പോര്‍ട്ടര്‍, ഖദീജ ബവാസീര്‍).

ഇതില്‍ ത്വലാഖും ഫസ്ക്കും (ഭാര്യ ഭര്‍ത്താവിനെ മൊഴിച്ചൊല്ലല്‍) ഉള്‍പ്പെടും. ഭയാനകമായ ഈ സാമൂഹിക ദുരന്തത്തെ അതിജീവിക്കാന്‍ വിശ്വാസത്തെ പരിരക്ഷിച്ചുകൊണ്ടുതന്നെ സാമൂഹ്യശാസ്ത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയും കൗണ്‍സിലിങ്ങിന്റെയുമൊക്കെ സാധ്യതകള്‍ ആരായുകയാണവര്‍. അതോടൊപ്പംതന്നെ പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ഇവിടുത്തെ സാമൂഹ്യക്ഷേമ പരിപാടികളില്‍ മുഖ്യ അജണ്ടയാണ്. മാറുന്ന മതന്യൂനപക്ഷം കാല്‍നൂറ്റാണ്ടുമുമ്പ് നടന്ന ശരീഅത്ത് വിവാദകാലത്ത് കേരളത്തില്‍ വിശേഷിച്ച് മലബാറില്‍ പുരോഗമന രാഷ്ട്രീയം നേരിട്ട കടുത്ത ആക്രമണങ്ങള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാത്ത തരത്തില്‍ സമുദായത്തിനുള്ളില്‍ നിന്നുതന്നെ നിലപാടുകള്‍ ഉയരുന്നുവെന്നതാണ് പുതിയ പ്രവണത. കേരളത്തിന്റെ പുരോഗമന രാഷ്ട്രീയ ചരിത്രത്തില്‍ അഭിമാനപൂര്‍വം അടയാളപ്പെടുത്തപ്പെട്ട 1987ലെ എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരമേല്‍ക്കുമ്പോള്‍ മലപ്പുറത്തുനിന്ന് ഒരൊറ്റ നിയമസഭാ സാമാജികനും എല്‍ഡിഎഫ് പക്ഷത്തുണ്ടായിരുന്നില്ല. മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ സാമുദായികശക്തികളുടെ പിന്‍ബലത്തില്‍ അഴിച്ചുവിട്ട കടന്നാക്രമണം അത്രക്ക് രൂക്ഷമായിരുന്നു. പക്ഷേ പുതിയ വിവാദങ്ങള്‍ക്ക് കരിമരുന്ന് നിറച്ച് തീ കൊടുക്കാന്‍ സാമുദായിക നേതാക്കളുടെ കൈയില്‍ ചൂട്ട് കത്തിച്ച് നല്‍കി "സന്ദര്‍ഭം വരുമ്പോള്‍ അഭിപ്രായം പറയാം" എന്നുപറഞ്ഞ് ലീഗ് മാറി നില്‍ക്കുമ്പോള്‍ അവരുടെ കൂടാരത്തിന് തന്നെ തീ പിടിക്കുകയാണ്. പുതിയ നീക്കത്തിനെതിരെ യൂത്ത് ലീഗിന്റെയും എംഎസ്്എഫിന്റെയും സംഘടനാ നേതൃത്വം തന്നെ രംഗത്തുവന്നത് ലീഗിന് അപ്രതീക്ഷിതമായിരിക്കാമെങ്കിലും മുസ്ലിം ജനസാമാന്യത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സാമാന്യ ജനങ്ങള്‍ക്ക് അതില്‍ ഒട്ടും അതിശയമില്ല.

കഴിഞ്ഞ കാല്‍നൂറ്റാണ്ട് പ്രതിലോമപരമായ പല പ്രവണതകളും കേരളീയ സമൂഹത്തില്‍ തിരിച്ചുകൊണ്ടു വന്നുവെങ്കിലും മുസ്ലിം മതന്യൂനപക്ഷത്തെ സംബന്ധിച്ച് സമാനതകളില്ലാത്ത മുന്നേറ്റങ്ങള്‍ക്ക് കൂടി സാക്ഷ്യം വഹിച്ച കാലമാണിത്. മുസ്ലിം പെണ്‍കുട്ടികളില്‍ ഉന്നത വിദ്യാഭ്യാസം അടക്കമുള്ള മേഖലകളിലെ മുന്നേറ്റം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അധികാര വികേന്ദ്രീകരണവും സംവരണം ചെയ്യപ്പെട്ട പദവികളും കുടുംബശ്രീ പോലുള്ള സംരംഭങ്ങളിലൂടെ സ്വയംപര്യാപ്തരാക്കപ്പെട്ട സ്ത്രീകളിലുണ്ടായ വ്യക്തിത്വ വികസനം, ഇതൊക്കെ പുതിയ തലമുറയെ വല്ലാതെ മാറ്റിയിരിക്കുന്നു. അഞ്ചുമണിക്ക് ശേഷം വനിതാ ജനപ്രതിനിധികള്‍ പൊതുപരിപാടിയില്‍ പങ്കെടുക്കരുതെന്ന് കല്‍പിക്കുന്ന മതനേതൃത്വത്തെ കര്‍മ മണ്ഡലങ്ങളിലൂടെ തിരസ്കരിക്കുന്ന വനിതാ ലീഗിന്റെ വഴിയെതന്നെയാണ് എംഎസ്എഫിന്റെ വനിതാ വിങ്ങും. ഒന്നാം ശരീഅത്ത് വിവാദകാലത്ത് ജനിച്ചിട്ട് പോലുമില്ലാത്ത ചെറുപ്പക്കാരാണ് ഇന്നത്തെ എംഎസ്എഫുകാര്‍. അന്ന് ഉമ്മയുടെ താരാട്ട് കേട്ട് തൊട്ടിലില്‍ ആടിയവരാണ് ഇന്നത്തെ യൂത്ത് ലീഗുകാര്‍. അക്കാലത്ത് മലപ്പുറത്തെ തെരുവുകളില്‍ കണ്ട ചുവന്ന അടയാളങ്ങള്‍ മുഴുവന്‍ ചവിട്ടിക്കൂട്ടി കത്തിച്ച്, പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചുവന്ന പ്രഭ പരത്തുന്ന അസ്തമയസൂര്യന് നേര്‍ക്കുവരെ കല്ലെറിഞ്ഞ് ദുല്‍മ് കാട്ടിയവരാണ് ഇന്നത്തെ മൂത്ത ലീഗുകാര്‍. അവരോടും അവരുടെ കൈയിലെ കളിപ്പാവകളായി മാറുന്ന സാമുദായിക നേതൃത്വത്തോടും വിദ്യാര്‍ഥി-യുവജന വിഭാഗം അരുതെന്ന് പറയുമ്പോള്‍ അത് സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ട്. ഇത്തരമൊരു നിലപാടിലേക്ക് പുതിയ തലമുറ വരുന്നത് ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലിഖിതമാക്കപ്പെട്ട ശരീഅത്തില്‍ ഭേദഗതി ചെയ്യപ്പെട്ടത് കൊണ്ടല്ല. ശരീഅത്തിനെ തിരസ്കരിച്ചത് കൊണ്ടുമല്ല. മറിച്ച് ഇതൊരു പുനര്‍വായനയുടെ കാലം കൂടിയാണ് എന്നുള്ളതുകൊണ്ടു മാത്രമാണ്. ഇതിന് രാസത്വരകമായി ഉണര്‍ന്നിരിക്കുന്ന പുരോഗമന രാഷ്ട്രീയം വര്‍ത്തിച്ചിട്ടുണ്ടാവാം. എന്നാല്‍ ലോകത്തുണ്ടാവുന്ന മാറ്റങ്ങളും ശാസ്ത്ര നേട്ടങ്ങളും ഇതിന്റെ ഗതിവേഗം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത്തരം സംവാദങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വികസിപ്പിക്കപ്പെടണമെന്നാണ് ഇടതുപക്ഷത്തെ അടുത്തറിയുന്ന വിശ്വാസിസമൂഹം ആഗ്രഹിക്കുന്നത്. അതിനുള്ള കാരണം അനുഭവങ്ങളാണ്. മതന്യൂനപക്ഷങ്ങളെ സംബന്ധിച്ച് ലോകത്ത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ബദല്‍ അനിവാര്യമാകുന്ന ഒരു കാലഘട്ടം കൂടിയാണിത്. കേരളത്തില്‍തന്നെ വിശ്വാസത്തിന്റെ കര്‍മശാസ്ത്ര കടുംപിടുത്തങ്ങളോട് കര്‍മോന്മുഖമായി സംവദിച്ചത് പ്രത്യക്ഷത്തില്‍ ഇസ്ലാമുമായി സമന്വയിക്കാന്‍ കഴിയാത്ത ഇടതുപക്ഷത്തിന്റെ വര്‍ഗരാഷ്ട്രീയമാണ്. കുടിയിറക്കല്‍ നിരോധന നിയമത്തിന്റെയും കാര്‍ഷിക ബന്ധന നിയമത്തിന്റെയും 1967ല്‍ കൊണ്ടുവന്ന സഹകരണബില്ലിന്റെയുമൊക്കെ ഇസ്ലാമിക കര്‍മശാസ്ത്രവിധിയെ (ഫിക്ക്ഹ്) സംബന്ധിച്ച് പണ്ഡിതലോകം ഫത്ത്വകള്‍ (മതവിധി) തയ്യാറാക്കപ്പെട്ടപ്പോഴേക്കും വിശ്വാസികള്‍ അതിന്റെ ഗുണഭോക്താക്കളായി മാറിയിരുന്നു. വിശ്വാസത്തിന്റെ കടുംപിടുത്തവും ഭൗതികക്ഷേമത്തിന്റെ അനിവാര്യതയും തമ്മില്‍ മുഖാമുഖം നിന്നപ്പോഴെല്ലാം കടുംപിടുത്തങ്ങളോടൊപ്പംനനിലയുറപ്പിച്ച് അവരുടെ വര്‍ഗപരമായ കൂറ് ലീഗ് നേതൃത്വം മിക്ക അവസരങ്ങളിലും പ്രകടിപ്പിച്ചിട്ടുണ്ട്. (ഇഷ്ടദാനബില്‍ പാസാക്കാന്‍ കാണിച്ച വ്യഗ്രത ഓര്‍ക്കാവുന്നതാണ്). ലോകത്തെവിടെയും ഇടതുപക്ഷ രാഷ്ട്രീയത്തെ ഏതെങ്കിലും കൊടിയുടെ അടയാളങ്ങളിലേക്ക് പരിമിതപ്പെടുത്താന്‍ കഴിയില്ല.

മനുഷ്യന്റെ സര്‍വതോന്മുഖമായ മുന്നേറ്റത്തെ മുന്‍നിര്‍ത്തി ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന പുരോഗമനാശയങ്ങളോട് ഓരോ സമൂഹവും എങ്ങനെ പ്രതികരിക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് ആ സമൂഹത്തിലെ ഇടതുപക്ഷ സ്വാധീനം അളക്കപ്പെടുന്നത്. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കണ്ടുവരുന്ന മാറ്റത്തെ ഇടതുപക്ഷത്തിന്റെ വിശ്രമരഹിതമായ ഫാസിസ്റ്റ് വിരുദ്ധ, സാമ്രാജ്യത്വവിരുദ്ധ സമരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നാണ് വിശ്വാസികളായ മഹാഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇത്തരം സാധ്യതകളെ ഉന്മൂലനം ചെയ്യാന്‍ കരുതലോടെയിരിക്കുന്ന ഒരു വിഭാഗം ലീഗിനകത്തും പുറത്തും സജീവമായി നിലകൊള്ളുന്നുണ്ട്. സംവാദങ്ങളെക്കാള്‍ ഇവര്‍ക്ക് പ്രിയം സംഹാരങ്ങളോടാണ്. അതിന്റെ അടിസ്ഥാനം മതമല്ല, മാഫിയാവൃത്തികളാണ്. അധ്യാപകനെ ചവിട്ടിക്കൊന്നതും സാക്ഷികള്‍ക്കെതിരെ കൊലവിളി നടത്തുന്നതും കുട്ടികളുടെ പാഠപുസ്തകങ്ങള്‍ ഒരുമിച്ചിട്ട് കത്തിക്കുന്നതും ഇരുട്ടിന്റെ മറവില്‍ ഇതര രാഷ്ട്രീയപാര്‍ടികളുടെ ആപ്പീസുകള്‍ പച്ചപെയിന്റ് അടിക്കുന്നതുമൊക്കെ ഇവരുടെ ചെയ്തികളാണ്. ഇത്തരക്കാര്‍ക്കെതിരെ ഉയര്‍ന്ന ജാഗ്രത പ്രകടിപ്പിക്കാനുള്ള ഉത്തരവാദിത്തം കൂടി വിശ്വാസിസമൂഹത്തിനുണ്ട്.

*
അസീസ് തുവ്വൂര്‍ ദേശാഭിമാനി വാരിക

No comments: