Monday, November 4, 2013

കണ്ണൂര്‍ പൊലീസിലെ അപായക്കളി

കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരിക്കേറ്റതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണ്. സുരക്ഷാവീഴ്ച സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. പൊലീസ് സ്വന്തംവീഴ്ചയും കാപട്യവും മറച്ചുവയ്ക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെയും നേതാക്കളെയും തെരഞ്ഞുപിടിച്ച് ജയിലിലടയ്ക്കുന്നു. പ്രതിഷേധസമരത്തിനു പോയവരെയും അല്ലാത്തവരെയും വീടുകയറി അറസ്റ്റുചെയ്ത് റിമാന്‍ഡുചെയ്യുകയാണ്. പൊലീസ് സേനയില്‍ ഒരിക്കലും സംഭവിക്കരുതാത്ത കാര്യങ്ങളാണ് ഉണ്ടാകുന്നത്. നിയമസമാധാനപാലനത്തിനും വിഐപി സുരക്ഷയ്ക്കും നേതൃത്വംനല്‍കേണ്ടത് അതിനു ചുമതലപ്പെട്ട ഉദ്യോഗസ്ഥരാണ്. അവര്‍ അത് ചെയ്തില്ല; അതിന് പ്രാപ്തരല്ലെന്ന നഗ്നസത്യം മൂടിവച്ച് താഴെക്കിടയിലുള്ള പൊലീസുകാരെ ശിക്ഷിച്ച് നാടകമാടുകയാണ് സര്‍ക്കാര്‍.

സോളാര്‍ കേസില്‍ അന്വേഷണത്തെയും നിയമത്തെയും ഭയന്ന് ജനാധിപത്യത്തിന്റെ പ്രാഥമികതത്ത്വങ്ങളെ ലംഘിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എല്‍ഡിഎഫ് പ്രഖ്യാപിച്ച സമരം കേരളത്തിലാകെയുള്ളതാണ്. കണ്ണൂരിലും മുഖ്യമന്ത്രി എത്തുമ്പോള്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാനാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തയ്യാറായത്.

കണ്ണൂരില്‍ സംഭവിച്ചത്

ഒക്ടോബര്‍ 27നു കണ്ണൂര്‍ നഗരമധ്യത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുത്ത പരിപാടിയില്‍ എന്തു നടന്നെന്ന് പരിശോധിക്കുക:

ഉച്ചയ്ക്ക് 2.30: എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കാല്‍ടെക്സ് ജങ്ഷന്‍, കലക്ടറേറ്റ്, ഗുഡ്ഷെഡ് റോഡ്, സര്‍ക്കസ് മൈതാനം, പൊലീസ് ക്ലബ്ബിന് എതിര്‍വശം എന്നിവിടങ്ങളില്‍ സംഘടിക്കുന്നു. അതേസമയം: സര്‍ക്കസ് മൈതാനിയിലൂടെ പൊലീസിന്റെ റിഹേഴ്സല്‍. ഇന്നോവ കാറും എസ്കോര്‍ട്ടും പൈലറ്റുമായി വരുന്നു. റിഹേഴ്സലാണെന്ന് അറിയാതെ മുഖ്യമന്ത്രിയെന്നു ധരിച്ച് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുന്നു. എല്ലാം സമാധാനപരം.

3 മണി: പൊലീസ് ക്ലബ് ഭാഗത്തുകൂടി ഡിജിപി അകമ്പടി വാഹനങ്ങളുമായി എത്തുന്നു. മുഖ്യമന്ത്രിയാണെന്നു കരുതി അവിടെയും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുന്നു. ഒരക്രമവുമുണ്ടായില്ല. എല്ലാം സമാധാനപരം. ആ സമയം പൊലീസ് ക്ലബ് ഭാഗത്ത് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം തടഞ്ഞിരുന്നു. ഡിവൈഎസ്പി സുകുമാരന്‍ പൊലീസ് ക്ലബ് ഭാഗത്ത് വന്നുംപോയുമിരുന്നു. എസ്പി എത്തി പ്രവര്‍ത്തകരുമായി സംസാരിച്ചുപോകുന്നു.

5 മണി: മുഖ്യമന്ത്രി എത്തുന്നു. മുന്നില്‍ മൂന്ന് വലിയ ബസ്. അഡ്വാന്‍സ് പൈലറ്റ്, പൈലറ്റ്, എസ്കോര്‍ട്ട് എന്നിങ്ങനെ വലിയവാഹനങ്ങള്‍. പൊലീസ് ക്ലബ് വളവുതിരിയുമ്പോള്‍ വഴി ബ്ലോക്കായി. മറ്റു വാഹനങ്ങള്‍ നിര്‍ത്തേണ്ടിവന്നു. ഈ സമയം പ്രവര്‍ത്തകള്‍ കരിങ്കൊടി കാണിക്കുന്നു. പൊടുന്നനെ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ചില്ല് പൊളിയുന്നു.

സുരക്ഷാപാളിച്ച

പൊലീസുകാരെ പൊലീസ് ക്ലബ്ബിന് സമീപം ബാരിക്കേഡ് തീര്‍ത്ത് ഉള്ളിലാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. വിവിഐപിക്ക് സുരക്ഷാ പാതയൊരുക്കാന്‍ പൊലീസ് മാന്വല്‍ പ്രകാരം പൊലീസുകാരെ സ്ട്രീറ്റ് ലൈനിങ് നടത്തി ഒരുക്കിയില്ല. സാധാരണ പൊലീസുകാരെ എങ്ങനെ അണിനിരത്തി ബന്തവസ് ഒരുക്കണമെന്ന് വിശദീകരിച്ച് വിന്യസിച്ചില്ല. സാധാരണ പൊലീസുകാരെ ഒരുവിധത്തിലുള്ള വിവരവും മേലുദ്യോഗസ്ഥര്‍ അറിയിച്ചില്ലെന്നാണ് അന്നവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ഉറപ്പിച്ചുപറയുന്നത്. മുഖ്യമന്ത്രിയുടെ വാഹനം പതുക്കെയായപ്പോള്‍ തന്നെ അകമ്പടി വാഹനങ്ങളില്‍ ചാര്‍ജ് വഹിച്ചിരുന്ന സിഐ, എസ്ഐ, ഡിവൈഎസ്പി തുടങ്ങിയ ഉദ്യോഗസ്ഥര്‍ ചാടിയിറങ്ങി വലയം തീര്‍ക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഒരു കല്ലും വാഹനത്തില്‍ കൊള്ളില്ല. രണ്ടര മുതല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു. ഇവരെല്ലാവരും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചു. എല്ലാത്തിനും നേതൃത്വം നല്‍കാന്‍ ചുമതലപ്പെട്ട എസ്പി, കണ്ണൂര്‍ ഡിവൈഎസ്പി, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ താല്‍പ്പര്യം കാണിക്കുകയോ ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കുകയോ ചെയ്തില്ല. വളരെ ചെറിയ ദൂരമായിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിയെ വലയംചെയ്ത് രക്ഷാസംവിധാനമൊരുക്കാതെ റോഡിലൂടെ ഘോഷയാത്ര നടത്തിയെന്നതിന് സാധാരണ പൊലീസുകാരല്ല, ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് മറുപടി പറയേണ്ടത്.

അച്ചടക്കനടപടികള്‍

ഇത്തരം പരിപാടികള്‍ക്ക് വിഐപി എത്തുമ്പോള്‍ എന്തൊക്കെ പ്രശ്നങ്ങളുണ്ടാകാമെന്ന് മുന്‍കൂട്ടി കണ്ട് വിശദമായ പരിപാടി തയ്യാറാക്കേണ്ടവര്‍ അതുചെയ്തില്ല. അവരുടെ കുറ്റം മറച്ചുവച്ച്, "സുരക്ഷാ പാളിച്ച"യുടെ മറവില്‍ സാധാരണ പൊലീസുദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് നടപടിയെടുക്കുകയാണ്. പൊലീസില്‍ കടുത്ത വിഭാഗീയതയാണെന്നും പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പാണ് ഇതിനു കാരണമെന്നും വാദിച്ച് ഉന്നതര്‍ സ്വയംരക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ആരാണ് കല്ലെറിഞ്ഞത്, എന്താണ് സംഭവിച്ചത് എന്ന് തെളിയിക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കരിങ്കൊടി പ്രകടനത്തിനെത്തിയ എല്‍ഡിഎഫ് നേതാക്കളെ നേരത്തെ തന്നെ പൊലീസ് തടഞ്ഞുവച്ചിരുന്നു. അവര്‍ക്ക് മുഖ്യമന്ത്രിയുടെ അടുത്തെത്താനോ എന്തു സംഭവിക്കുന്നു എന്നറിയാനോ മാര്‍ഗമുണ്ടായിരുന്നില്ല. പൊലീസ് നേതൃത്വം കരുതിക്കൂട്ടിയോ അവരുടെ കഴിവുകേടുകൊണ്ടോ ഉണ്ടായതാണ് കണ്ണൂരിലെ അനിഷ്ടസംഭവമെന്ന് വ്യക്തം. കുറ്റകൃത്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേത് തന്നെയാണ്. ആജ്ഞകള്‍ അനുസരിക്കാന്‍ വിധിക്കപ്പെട്ട സാധാരണ പൊലീസുകാരല്ല, വേണ്ടസമയത്ത് വേണ്ടനിര്‍ദേശങ്ങള്‍ നല്‍കി സേനയെ ചലിപ്പിക്കാന്‍ ബാധ്യതപ്പെട്ടവരാണ് കുറ്റക്കാര്‍; ശിക്ഷയര്‍ഹിക്കുന്നവര്‍. അവരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന വ്യഗ്രതയും സൂക്ഷ്മതയും സംഭവത്തിലെ ഔദ്യോഗിക ഗൂഢാലോചനയിലേക്കാണ് വെളിച്ചംവീശുന്നത്.

വിഭാഗീയത

ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഭരണനേതൃത്വത്തിന്റെ രാഷ്ട്രീയ ആയുധങ്ങളായി മാറിയിരിക്കുന്നു. കണ്ണൂര്‍ പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒക്ടോബര്‍ 5നുണ്ടായ ഹൈക്കോടതി വിധി എല്ലാ തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിച്ച് വോട്ടുചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു. അതിന് അനുവദിക്കാതെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുമായി ചേര്‍ന്ന് ഡിവൈഎസ്പി സുകുമാരന്‍ മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിച്ചു. പരസ്യമായി വെല്ലുവിളി നടത്തി. നേരായ തെരഞ്ഞെടുപ്പ് നടന്നാല്‍, സ്ഥാനമൊഴിഞ്ഞ ഭരണസമിതിതന്നെ വരുമെന്ന് മനസ്സിലാക്കി തെരഞ്ഞെടുപ്പട്ടിമറിക്ക് ഈ ഉദ്യോഗസ്ഥന്‍ നേതൃത്വംനല്‍കി. നിയമവിരുദ്ധനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കാതിരുന്ന 29 പേര്‍ക്കെതിരെ കേസെടുത്തു. അംഗങ്ങളുടെ വിവരവും ചിത്രവും രേഖപ്പെടുത്തിയ "6 ബി രജിസ്റ്ററിലെ" അപാകം കാരണമാണ് തെരഞ്ഞെടുപ്പ് നിര്‍ത്തിയതെന്ന് റിട്ടേണിങ് ഓഫീസര്‍ പ്രഖ്യാപിച്ചിട്ടും അതിനു കാരണക്കാരായ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കെതിരെ നടപടിയെടുത്തില്ല. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുണ്ടായിട്ടും അംഗങ്ങള്‍ക്ക് സമയബന്ധിതമായി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയില്ല. കണ്ണൂര്‍ എസ്പി ഇതിനു പരിഹാരം കാണാതെ കുറ്റം സഹകരണവകുപ്പിന്റെ ചുമലില്‍ ചാരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുന്നു.

അതിന്റെയെല്ലാം അനുബന്ധമായി, മുഖ്യമന്ത്രിയുടെ സുരക്ഷാപരാജയവും സൊസൈറ്റി തെരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടി സ്വന്തംവീഴ്ച മറച്ചുവയ്ക്കുന്നു. എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഒരു വിഭാഗീയതയും ഉണ്ടാകില്ല. അതിനുപകരം പഴി ഒരുവിഭാഗം ആളുകളില്‍ ചുമത്തി തെറ്റായ കാര്യങ്ങള്‍ ചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ സംരക്ഷിക്കുന്നു. പൊലീസില്‍, ഭരണകക്ഷിയുടെ നിക്ഷിപ്ത താല്‍പ്പര്യത്തിന്റെ സംരക്ഷകരും നടത്തിപ്പുകാരുമായി ഈ ഉന്നത ഉദ്യോഗസ്ഥര്‍ അധഃപതിച്ചിരിക്കുന്നു. ഈമാസം 9നു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നില്ല. അപേക്ഷിച്ചാല്‍ അപ്പോള്‍ തന്നെ നല്‍കേണ്ട കാര്‍ഡ് വൈകിപ്പിച്ച് അട്ടിമറിക്ക് കോപ്പുകൂട്ടുന്ന ഈ നേതൃത്വമാണ്, കണ്ണൂരിലെ പൊലീസ് സേനയെ നാണംകെട്ട അവസ്ഥയിലെത്തിച്ചത്. നിയമങ്ങളും ചട്ടങ്ങളും പൊലീസ് മാന്വലും നീതിനിഷ്ഠ സമീപനവുമല്ല, ഭരണകക്ഷി നേതാക്കളുടെ ആജ്ഞകളാണ് അവര്‍ക്ക് പഥ്യം. സുരക്ഷാച്ചുമതല മറന്ന്, മുഖ്യമന്ത്രിയെ കല്ലെറിയണമെന്ന ആജ്ഞ കിട്ടിയാല്‍ കല്ലെടുക്കാന്‍ മടിക്കാത്ത ഇത്തരം അവതാരങ്ങള്‍ക്കുവേണ്ടി, സേനയുടെ വിശ്വാസ്യതയും സേനാംഗങ്ങളുടെ ആത്മവിശ്വാസവും സേവനസന്നദ്ധതയും തകര്‍ക്കുന്ന അപകടകരമായ കളിയിലാണ് സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. താല്‍ക്കാലികമായി അത് നേട്ടമെന്ന് അവര്‍ക്ക് തോന്നിയേക്കാം-എന്നാല്‍, ആത്യന്തികമായി അതിന്റെ അപകടം ചെറുതാകില്ല.

*
സത്യശീലന്‍ ദേശാഭിമാനി 04 നവംബര്‍ 2013

No comments: