Sunday, November 17, 2013

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്- "മാഗ്നാ കാര്‍ട്ട"യല്ല

പരിസ്ഥിതി സംരക്ഷണത്തിനുള്ള മാഗ്നാകാര്‍ട്ടയാണ് മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടെന്ന രീതിയിലാണ് ആ റിപ്പോര്‍ട്ടിനെ അന്ധമായി പിന്‍തുണയ്ക്കുന്ന ചില വ്യക്തികളും സംഘടനകളും വാദിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെടുന്ന തൊഴിലാളി കര്‍ഷക പ്രസ്ഥാനങ്ങളെ ഖനന മാഫിയകളുടേയും റിയല്‍ എസ്റ്റേറ്റുകാരുടേയും വക്താക്കളാക്കി ചിത്രീകരിക്കാനും മടിക്കുന്നില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പിലാക്കണമെന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലപാട് ഈ സാഹചര്യത്തില്‍ ആഴത്തിലുള്ള ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതിനുള്ള സന്നദ്ധതയാണ് പൊതുസമൂഹത്തിനുണ്ടാകേണ്ടത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയണമെന്ന നിലപാട് അഖിലേന്ത്യാ കിസാന്‍ സഭയ്ക്കില്ല. തികച്ചും ഉദ്യോഗസ്ഥ മേധാവിത്വപരമായ ഘടനയാണ് ഗാഡ്ഗില്‍ കമ്മറ്റിയുടേത്. ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞന്‍മാരുമല്ലാതെ കര്‍ഷകരുടേയോ തൊഴിലാളികളുടെയോ ജനപ്രതിനിധികളുടെയോ പ്രാതിനിധ്യം ഇല്ലാത്തതാണ് ആ കമ്മറ്റി. പ്രാദേശിക ജനവിഭാഗങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ മനസ്സിലാക്കിയല്ല കമ്മറ്റി ശുപാര്‍ശകള്‍ മുന്നോട്ട് വെച്ചിട്ടുള്ളതും. ഇതേ വിമര്‍ശനങ്ങള്‍ കസ്തൂരിരംഗന്‍ കമ്മറ്റിക്കും ബാധകമാണ്. ശാസ്ത്രസമൂഹത്തിന്റേയും എല്ലാ വിഭാഗങ്ങളുടേയും ചര്‍ച്ചയ്ക്ക് വിധേയമാക്കി ജനവിരുദ്ധ നിലപാടുകള്‍ തിരുത്താതെ ഇരു റിപ്പോര്‍ട്ടുകളും നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവരുതെന്ന നിലപാടാണ് കിസാന്‍ സഭയ്ക്കുള്ളത്.

പരിസ്ഥിതി സംരക്ഷണം മനുഷ്യന്റെ നിലനില്‍പ്പുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ പരിസ്ഥിതി നാശം വിവിധ ജനവിഭാഗങ്ങളിലും സമൂഹത്തിലാകെയും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുടെ പഠനം കേന്ദ്ര സര്‍ക്കാര്‍ ഗാഡ്ഗില്‍ കമ്മറ്റിക്ക് നല്‍കിയ എട്ട് ചുമതലകളില്‍ ഉള്‍പ്പെടുന്നില്ല. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം തൊഴിലാളികള്‍, കര്‍ഷകര്‍, വനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികള്‍ തുടങ്ങി അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതോപാധികളും മൗലികാവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങളുടെ രൂപീകരണവും കമ്മീഷന് നല്‍കിയ ചുമതലകളിലില്ല. ഫലത്തില്‍ ഗാഡ്ഗില്‍ സമിതിയെ നിയോഗിച്ചപ്പോള്‍ മനുഷ്യനെ സംരക്ഷിച്ച് വേണം പ്രകൃതിയെ സംരക്ഷിക്കേണ്ടതെന്ന ശാസ്ത്രീയ വീക്ഷണമല്ല മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ നയിച്ചത്. ചുമതല നിര്‍ണയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സ്വാധീനിച്ച ഈ കേവല പരിസ്ഥിതിവാദ പ്രവണതയാണ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിന്റെ മൗലിക ദൗര്‍ബല്യം.

6 മാസത്തിനകം പശ്ചിമഘട്ടത്തിന്റെ 75 ശതമാനം പ്രദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യണമെന്നതാണ് ഗാഡ്ഗില്‍ കമ്മറ്റിയുടെ മുഖ്യ ശുപാര്‍ശ. മേഖലാ നിര്‍ണയത്തില്‍ പ്രാദേശിക ജനവിഭാഗങ്ങളെ പങ്കാളികളാക്കേണ്ടതിന്റെ പ്രാധാന്യവും അതില്‍ ഗ്രാമസഭകള്‍ വഹിക്കേണ്ട പങ്കും സംബന്ധിച്ച അധരവ്യായാമത്തിനുശേഷമാണ് ഒരു ചര്‍ച്ചയുമില്ലാതെ ഏകപക്ഷീയമായി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഗാഡ്ഗില്‍ ആവശ്യപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ പ്രാദേശിക ജനവിഭാഗങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളാകെ തടസ്സപ്പെടും. വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അനുമതിക്കായി ഉദ്യോഗസ്ഥരുടേയും കോടതികളുടേയും ദയാദാക്ഷിണ്യത്തിനായി യാചിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബഹുജനങ്ങളും നിര്‍ബന്ധിതരാകും. അഴിമതി സാര്‍വത്രികമാകും. ഗ്രാമസഭകളുടെ ചര്‍ച്ചകള്‍ക്കു മുമ്പ് വിജ്ഞാപനം ചെയ്യാന്‍ ആവശ്യപ്പെട്ടതിലൂടെ സ്വന്തം ഭാവി നിര്‍ണയിക്കുന്നതില്‍ പ്രാദേശിക ജനങ്ങള്‍ക്കുള്ള അവകാശം തന്നെ കവര്‍ന്നെടുക്കുകയാണ് ഗാഡ്ഗില്‍ കമ്മറ്റി ചെയ്തത്.

പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഭൂവിനിയോഗത്തെ സംബന്ധിച്ച ശുപാര്‍ശ യാഥാര്‍ത്ഥ്യ ബോധമില്ലാത്തതും ഉള്ള് പൊള്ളയായതുമാണ്. പ്രാദേശിക ജനസംഖ്യയില്‍ വര്‍ദ്ധിച്ച് വരുന്നവര്‍ക്ക് വീട് വെയ്ക്കുന്നതിന് വേണ്ടി ഗ്രാമീണ പാര്‍പ്പിട മേഖലയുടെ വികസനം എന്നതൊഴിച്ചാല്‍ മറ്റൊരാവശ്യത്തിനും ഭൂമി വിനിയോഗിക്കാന്‍ അനുവദിക്കില്ല എന്നതാണ് സമിതിയുടെ ശുപാര്‍ശ. ഇത് അംഗീകരിച്ചാല്‍ പൊതുവേ വികസന പിന്നോക്കാവസ്ഥ നേരിടുന്ന പശ്ചിമഘട്ടത്തിലെ 75 ശതമാനം പ്രദേശങ്ങളിലും പുതുതായി സ്കൂളോ, ആശുപത്രിയോ, സര്‍ക്കാര്‍ ഓഫീസോ, വാണിജ്യ വ്യവസായ സ്ഥാപനമോ, റോഡോ, റെയില്‍വേയോ, ലൈബ്രറി പോലുമോ നിര്‍മിക്കാനാവില്ല. ജനങ്ങളുടെ ജീവിതാവകാശങ്ങളെ നിഷേധിക്കുന്ന ഈ നിര്‍ദേശം അംഗീകരിക്കാനാവില്ല.

പരിസ്ഥിതി ലോല പ്രദേശം ഒന്നിലും, രണ്ടിലും രാസ വളങ്ങള്‍ ഉപയോഗിക്കുന്നത് അനുവദിക്കില്ല എന്നതാണ് മറ്റൊരു ശുപാര്‍ശ. രാസവള ഉപയോഗം നിരോധിക്കുന്നതില്‍ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. മണ്ണിന്റെ ജൈവ ഘടന പരിശോധിച്ച് ആവശ്യമായ മൂലകങ്ങള്‍ ആവശ്യമായ അളവില്‍ ലഭ്യമാക്കി കളകളേയും കീടങ്ങളേയും നിയന്ത്രിച്ച് നടത്തുന്ന ശാസ്ത്രീയ കൃഷി രീതികളെ നിരോധിക്കാന്‍ പാടില്ല. കൂടുതല്‍ ലാഭം മുന്‍നിര്‍ത്തി അമിതമായ രാസവളവും കീടനാശിനികളും ഉപയോഗിക്കാന്‍ വിപണി കേന്ദ്രീകൃതമായ മുതലാളിത്ത വ്യവസ്ഥ കര്‍ഷകരെ നിര്‍ബന്ധിതരാക്കുന്നു. തന്‍മൂലം മണ്ണിന്റെ ജൈവഘടന നശിക്കുന്നു. പരിസ്ഥിതിക്ക് പരിഹരിക്കാനാവാത്തവിധം പരിക്കേല്‍ക്കുന്നു. മനുഷ്യന്റെ ആരോഗ്യം പോലും ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മൂലം അപകടത്തിലാകുന്നു. രാസവിഷാംശം കലര്‍ന്ന പച്ചക്കറികളും മറ്റും വന്‍ വിപത്താകുന്നു. തീര്‍ച്ചയായും ഇതിനെ പ്രതിരോധിക്കുകയും കര്‍ശനമായി നിയന്ത്രിക്കുകയും വേണം. ജൈവ കാര്‍ഷിക രീതികളെ പ്രോല്‍സാഹിപ്പിക്കേണ്ടത് വളരെ പ്രാധാന്യം ഉള്ളതാണ്. അതിന് രാസവളത്തിന്റേയും കീടനാശിനികളുടേയും അമിതമായ ഉപയോഗം നിയന്ത്രിക്കുകയാണ് വേണ്ടത്; നിരോധിക്കുകയല്ല. ജൈവകൃഷി മാത്രമേ അനുവദിക്കൂ; രാസവളം അനുവദിക്കില്ല എന്ന ജൈവകൃഷി മൗലികവാദം കര്‍ഷകര്‍ക്ക് സ്വീകരിക്കാവുന്നതല്ല. കര്‍ഷകരെ ഗുരുതരമായി ബാധിക്കുന്ന ഈ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കരുതെന്നാണ് കിസാന്‍ സഭയുടെ നിലപാട്.

വന സംരക്ഷണത്തിനായി തികച്ചും യാഥാസ്ഥിതികമായ നിലപാടാണ് ഗാഡ്ഗില്‍ സമിതിയുടേത്. വനമെന്ന പേരില്‍ സംരക്ഷിക്കുന്നതില്‍ വലിയൊരു ശതമാനവും തേക്ക് തോട്ടങ്ങളാണ്. സ്വാഭാവിക വനങ്ങള്‍ വെട്ടി നശിപ്പിച്ച് തേക്ക് തോട്ടങ്ങളാക്കിയത് സര്‍ക്കാര്‍ തന്നെയാണ്. പരിസ്ഥിതിക്ക് ഗുരുതരമായ നാശങ്ങളാണ് തേക്ക് തോട്ടങ്ങള്‍ ഉണ്ടാക്കുന്നത്. വന്‍തോതില്‍ വെള്ളം വലിച്ചെടുത്ത് കാട്ടില്‍ വരള്‍ച്ചയുണ്ടാക്കുന്നതാണ് പ്രധാന ദോഷം. ഇതര മരങ്ങളോ അടിക്കാടുകളോ വളരാത്തതിനാല്‍ മൃഗങ്ങള്‍ വെള്ളവും തീറ്റയും കിട്ടാതെ കഷ്ടപ്പെടുന്നു. കാട്ടു മൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കാന്‍ പ്രധാന കാരണം ഇതാണ്. തേക്ക് മരങ്ങള്‍ വെട്ടി മാറ്റി സ്വാഭാവിക വനം വെച്ച് പിടിപ്പിക്കണമെന്ന നിര്‍ദ്ദേശം ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ കമ്മറ്റികള്‍ക്കില്ല. കേവല പരിസ്ഥിതിവാദികളും ഈ പ്രശ്നത്തില്‍ നിശ്ശബ്ദരാണ്. കര്‍ഷകരുടെ കൃഷിയും ജീവനും നശിപ്പിക്കുന്ന കാട്ടുമൃഗങ്ങളില്‍ നിന്ന് അവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന ഗുരുതരമായ പ്രശ്നത്തിലും ഗാഡ്ഗില്‍ കമ്മറ്റി നിശ്ശബ്ദമാണ്. തേക്ക് വെട്ടി മാറ്റിയാല്‍ ലഭിക്കുന്ന വരുമാനത്തിന്റെ ചെറിയ ഒരു വിഹിതം മതി വനാതിര്‍ത്തിയില്‍ ട്രഞ്ചും നാല് മീറ്റര്‍ ഉയരത്തില്‍ തുരുമ്പെടുക്കാത്ത കമ്പിവലയും നിര്‍മിച്ച് കാടും നാടും വേര്‍തിരിക്കാന്‍. തല്‍ഫലമായി മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സുരക്ഷ ഉറപ്പുവരുത്താന്‍ ആകും. വന സംരക്ഷണത്തിനും വനാതിര്‍ത്തിയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും ഫലപ്രദമായ നിര്‍ദേശങ്ങളില്ലാത്തത് ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ കമ്മറ്റികളുടെ വരേണ്യവും ജനാധിപത്യ വിരുദ്ധവും ഉദ്യോഗസ്ഥ മേധാവിത്വപരവുമായ സ്വഭാവമാണ് തുറന്ന് കാട്ടുന്നത്. മലയോര മേഖലകളില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ കര്‍ഷക പ്രതിഷേധത്തിന്റെ പ്രധാന കാരണവും മറ്റൊന്നല്ല.

വനമേഖലയിലെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ ഗാഡ്ഗില്‍ സമിതിക്കും അതിനെ അന്ധമായി പിന്തുണയ്ക്കുന്നവര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പശ്ചിമഘട്ടത്തിലെ വയലുകള്‍, നദികള്‍, നീര്‍ത്തടങ്ങള്‍, ജലാശയങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനായുള്ള ഫലപ്രദമായ നിര്‍ദേശങ്ങള്‍ രൂപീകരിക്കാനും ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ കമ്മറ്റികള്‍ക്ക് കഴിഞ്ഞിട്ടില്ല. മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയ നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണനിയമത്തിന്റെ മാതൃകയില്‍ പശ്ചിമഘട്ടത്തിലാകെ സമാന നിയമം ബാധകമാക്കണമെന്നാവശ്യപ്പെടാനും ഗാഡ്ഗില്‍ സമിതി തയ്യാറായിട്ടില്ല. പരിസ്ഥിതി സംരക്ഷണത്തിന്റെ മാഗ്നാകാര്‍ട്ടയല്ല ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എന്ന് വിശേഷിപ്പിക്കാന്‍ കാരണവും ഇതൊക്കെയാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുന്നോട്ട് വെയ്ക്കുന്ന പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റിയിലോ, സംസ്ഥാന-ജില്ലാതല സമിതികളിലോ, തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങിയ പ്രധാന ജനവിഭാഗങ്ങളുടെ പ്രതിനിധികളെയോ, ജനപ്രതിനിധികളെപോലുമോ ഉള്‍പ്പെടുത്തുന്നില്ല. ഉദ്യോഗസ്ഥര്‍ക്കുപുറമെ ശാസ്ത്രജ്ഞരും, ഇതരവിദഗ്ധരും ഉള്‍പ്പെടുന്ന വിധമാണ് സമിതിയുടെ ഘടന. അധികാരങ്ങള്‍ തങ്ങളുമായി പങ്കുവെയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായാല്‍ എല്ലാം ശരിയായി എന്നതാണ് ശാസ്ത്രജ്ഞരുടെ മനോഭാവമെങ്കില്‍ അത് തികച്ചും പരിഹാസ്യമാണ്.

പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്ന ഖനനം, റെഡ് കാറ്റഗറി വ്യവസായങ്ങള്‍, പരിസ്ഥിതി ലോല മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം സംബന്ധിച്ച് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയണമെന്ന കേവല വികസന വാദികളുടെ നിലപാടിനോട് യോജിക്കാന്‍ കഴിയാത്തതിന് കാരണവും അതാണ്. എന്നാല്‍ ജനവിരുദ്ധമായ നിര്‍ദേശങ്ങള്‍ തള്ളിക്കളയാതെ നിലവിലുള്ള റിപ്പോര്‍ട്ടിനെ അതേ രൂപത്തില്‍ അംഗീകരിക്കാന്‍ കര്‍ഷക പ്രസ്ഥാനത്തിന് സാദ്ധ്യമല്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ ഒഴിവാക്കി പ്രകൃതി സംരക്ഷണത്തിനും ജനങ്ങളുടെ ജീവിതോപാധികളുടെ സംരക്ഷണത്തിനുമായുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ജനാധിപത്യവല്‍ക്കരിക്കാനാണ് കേന്ദ്രസര്‍ക്കാരും കസ്തൂരിരംഗന്‍ കമ്മിറ്റിയും തയ്യാറാകേണ്ടിയിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വിജയിക്കാന്‍ കസ്തൂരിരംഗന്‍ കമ്മിറ്റിക്കും സാധിച്ചില്ല എന്നത് ഖേദകരമാണ്.

ഗൂഗിള്‍ മാപ്പ് അടിസ്ഥാനമാക്കി 37 ശതമാനം പ്രദേശങ്ങളെ യാതൊരു ശാസ്ത്രീയ മാനദണ്ഡവും ഇല്ലാതെ പരിസ്ഥിതി ദുര്‍ബല പ്രദേശമാക്കി പ്രഖ്യാപിച്ച കസ്തൂരി രംഗന്‍ കമ്മറ്റിയുടെ ശുപാര്‍ശ വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ജനവാസ പ്രദേശങ്ങളാകെ പരിസ്ഥിതി ദുര്‍ബല പ്രദേശമാക്കി പ്രഖ്യാപിച്ച നടപടി അംഗീകരിക്കാവുന്നതല്ല. പ്രകൃതി വിഭവങ്ങള്‍ കൊളളയടിക്കുന്ന വന്‍കിട മുതലാളി വര്‍ഗവും അവര്‍ നയിക്കുന്ന ഭരണകൂടവുമാണ് പരിസ്ഥിതി നാശത്തിന്റെ മുഖ്യ ഉത്തരവാദികള്‍ എന്നത് വ്യക്തമാണ്. എന്നാല്‍ ഈ വസ്തുത മറച്ച് പിടിക്കാനും പരിസ്ഥിതി ചൂഷണം നിര്‍ബാധം തുടരാന്‍ മുതലാളിത്ത സാമൂഹിക ശക്തികള്‍ക്ക് സൗകര്യം ലഭിക്കാനുമായി പരിസ്ഥിതി മൗലിക വാദം പ്രചരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ബോധപൂര്‍വം പരിശ്രമിക്കുകയാണ്.

ജനങ്ങളെയാകെ പരിസ്ഥിതി നശിപ്പിക്കുന്നവരാക്കി ചിത്രീകരിക്കാനും ജനങ്ങളില്‍ നിന്ന് പ്രകൃതിയെ സംരക്ഷിക്കാന്‍ ശക്തമായ ഭരണകൂടത്തിനും ഉദ്യോഗസ്ഥ സംവിധാനത്തിനും കരിനിയമങ്ങള്‍ക്കും മാത്രമെ കഴിയൂ എന്ന മിഥ്യാബോധം അഭിപ്രായരൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന, പ്രത്യേകിച്ചും നഗരങ്ങളിലെ മധ്യവര്‍ഗ ജനവിഭാഗങ്ങള്‍ക്കിടയില്‍ ബോധപൂര്‍വം വളര്‍ത്തിയെടുക്കുവാനുമാണ് കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വവും പരിശ്രമിക്കുന്നത്. ഇത് തിരിച്ചറിയുവാനുളള രാഷ്ട്രീയ വിവേകം തൊഴിലാളിവര്‍ഗത്തിനും കര്‍ഷക ജന വിഭാഗങ്ങള്‍ക്കും ഉണ്ടാകണം.ജനങ്ങളുടെ പങ്കാളിത്തം ഇല്ലാതെ പരിസ്ഥിതി സംരക്ഷിക്കാനാവില്ല എന്ന വസ്തുത എല്ലാവരും അംഗീകരിക്കണം.

ഈ സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനും ജനങ്ങളുടെ ജീവിതോപാധികളുടെ സംരക്ഷണത്തിനും തുല്യ പരിഗണന നല്‍കി കസ്തൂരിരംഗന്‍-ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കി ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്ന ബഹുജനസമ്മര്‍ദ്ദം വളര്‍ത്തിയെടുക്കുകയാണ് തൊഴിലാളി- കര്‍ഷക പ്രസ്ഥാനങ്ങളുടെ മുന്നിലുള്ള ചുമതല. അതിന് പിന്നില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങളെയാകെ അണിനിരത്താനും സാധിക്കണം.

*
പി കൃഷ്ണപ്രസാദ് ചിന്ത വാരിക

No comments: