Sunday, November 24, 2013

ശകുനി രാഷ്ട്രീയത്തിന് തിരിച്ചടി

രാഷ്ടീയത്തിലെ ധാര്‍മ്മികതയെപ്പറ്റിയും സദാചാര മര്യാദകളെപ്പറ്റിയും ഗീര്‍വാണങ്ങളടിക്കുന്ന ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികളും അവര്‍ക്ക് പിന്തുണ പാടുന്ന വലതുപക്ഷ ബുദ്ധിജീവികളും മാധ്യമ സമൂഹവും ഒരേപോലെ തുറന്നുകാട്ടപ്പെടുന്ന ചരിത്രപ്രധാനമായ വിധിയെഴുത്താണ് ലാവ്ലിന്‍ കേസ് തള്ളിക്കളഞ്ഞുകൊണ്ട് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ നടത്തിയത്. തങ്ങള്‍ക്കെതിരായി നടത്തിയ കുറ്റപത്രത്തിന് പ്രഥമദൃഷ്ട്യാപോലും നിയമസാധുതയില്ലെന്നും തെളിവെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിനു മുമ്പുതന്നെ അത് തള്ളിക്കളയണമെന്നുമുള്ള അപേക്ഷ നല്‍കിയവരും, നല്‍കാതിരുന്നവരുള്‍പ്പെടെ, ഈ കള്ളക്കേസില്‍ സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് കോടതിയില്‍ ഹാജരാക്കിയ എല്ലാ പ്രതികളേയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയാണുണ്ടായത്. സിബിഐ ഫയല്‍ചെയ്ത കേസുകളുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്തവിധം ദുര്‍ബലമായ ഒരു കുറ്റപത്രത്തിന് ആദ്യ അവസരത്തില്‍തന്നെ ചരമക്കുറിപ്പെഴുതിയ പ്രത്യേക കോടതി പിണറായി വിജയന്‍ എന്ന വ്യക്തിയോടല്ല, കേരള സമൂഹത്തോടാണ് നീതികാട്ടിയിരിക്കുന്നത്. സാധാരണഗതിയില്‍ വിചാരണക്കോടതികള്‍ തങ്ങളുടെ അധികാര പരിധിയില്‍പെട്ട കാര്യമാണെങ്കിലും, അറച്ചുനില്‍ക്കാറുള്ള ഘട്ടമാണിത്. പ്രോസിക്യൂഷന്‍, അത് സിബിഐ ആയാലും പൊലീസായാലും എഴുതിക്കൊടുക്കുന്ന കുറ്റപത്രങ്ങള്‍, തെളിവെടുപ്പിനുപോലും വിധേയമാക്കാതെ തള്ളിക്കളയുന്നത് അത്യപൂര്‍വ്വമായ നടപടിയാണ്. തങ്ങള്‍ എന്തിന് ഉത്തരവാദിത്തം ഏറ്റെടുക്കണം, തെളിവുകൂടി കേട്ടിട്ട് അന്തിമവിധിയില്‍ നീതിനിര്‍വഹണം നടപ്പിലാക്കാമെന്നാണ് പൊതുവെയുള്ള രീതി. ഈ കേസില്‍ മുഖത്തടിയേറ്റ് ഹതാശരായ സിബിഐ, അപ്പീല്‍പോകുമെന്നൊക്കെ പറഞ്ഞുവയ്ക്കുന്നുണ്ടെങ്കിലും, ഇരുകരണത്തും പ്രഹരമേല്‍ക്കുന്ന തീരുമാനമേ, ഇതിനുമേല്‍ ഉണ്ടാകൂവെന്ന് കരാര്‍ നിയമത്തിന്റെ ഹരിശ്രീ അറിയുന്നവര്‍ക്കെല്ലാം മനസ്സിലാക്കാനാകും.

യുഡിഎഫ് എംഎല്‍എമാര്‍ സംഘമായി മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിക്ക് നല്‍കിയ പരാതിയോടെ ഉത്ഭവിച്ച ഈ ക്രിമിനല്‍കേസ് സിബിഐ കോടതി വിധിയോടെ ചരമഗീതം പാടുന്നുവെങ്കിലും, ഇടയ്ക്ക് എത്രയോ തവണ ഈ കേസ് ചരമമടഞ്ഞിരുന്നതാണെന്നുകൂടി നമുക്ക് ഓര്‍മിക്കാം. കേരളാ വിജിലന്‍സ് നാലുകൊല്ലത്തിലേറെക്കാലം അന്വേഷിച്ചിട്ടും, പിണറായി വിജയനെ പ്രതിപ്പട്ടികയില്‍പെടുത്തണമെന്ന ഭരണകക്ഷി സമ്മര്‍ദ്ദം നടപ്പായില്ല. ഉമ്മന്‍ചാണ്ടിയുടെ കൈവശംകിട്ടിയ വിജിലന്‍സ് റിപ്പോര്‍ട്ട് യുഡിഎഫിനെ നിരാശപ്പെടുത്തിയപ്പോഴാണ്, ""കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെന്ന"" രീതിയില്‍ കേന്ദ്ര കോണ്‍ഗ്രസിന്റെ മുന്‍കൈയില്‍ സിബിഐ ആനയിക്കപ്പെട്ടത്. കേരളാ പൊലീസ് അന്വേഷിച്ചു തള്ളിയ ഈ കേസ് ഇനി തങ്ങള്‍ എന്തിന് ചുമക്കുന്നുവെന്ന് സിബിഐ ചോദിച്ചപ്പോള്‍ കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജിയെത്തി. ഈയിടെ കേരളാ ഹൈക്കോടതി മറ്റൊരു പൊതു താല്‍പര്യക്കേസില്‍ നിരീക്ഷിച്ചതുപോലെ പല കേസുകളിലേയും "പൊതുതാല്‍പര്യം" കണ്ടെത്താന്‍ തീരെ വിഷമമാണ്. ലാവ്ലിന്‍ കേസിലെ പൊതു താല്‍പര്യ ഹര്‍ജിയില്‍ ലക്ഷ്യം കമ്യൂണിസ്റ്റ്വിരുദ്ധ രാഷ്ട്രീയം മാത്രമായിരുന്നു. അക്കാലത്തെ കോടതി നടപടികള്‍ പര്‍വതീകരിച്ച് റിപ്പോര്‍ട്ടുചെയ്ത മുഖ്യധാരാ മാധ്യമങ്ങള്‍ ഹൈക്കോടതിയെ സമ്മര്‍ദ്ദത്തിലാഴ്ത്തിയെന്നതിന് യുക്തമായ തെളിവുകള്‍ വിധിന്യായത്തില്‍ തന്നെയുണ്ട്. ഇപ്പോള്‍, സിബിഐ പ്രത്യേക കോടതിയിലും വിടുതല്‍ ഹര്‍ജിയുടെ വാദം സംബന്ധിച്ച മാധ്യമവാര്‍ത്തകളില്‍ കോടതിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഗൂഢനീക്കങ്ങള്‍ ഉണ്ടായിരുന്നതായി കാണാം. ന്യായാധിപനെ സമ്മര്‍ദ്ദത്തിലാഴ്ത്തിക്കൊണ്ടുപോലും കേസ് നീട്ടിക്കൊണ്ടുപോയി. സിപിഐ എമ്മിനേയും പിണറായി വിജയനേയും വേട്ടയാടുന്നത് തുടരാനുള്ള ഹീനമായ ശ്രമങ്ങള്‍ക്ക് എത്രയോ തെളിവുകള്‍, കഴിഞ്ഞ നാലാഴ്ചയിലെ പത്രത്താളുകളിലും ചാനല്‍ റിപ്പോര്‍ട്ടുകളിലും കാണാം. അതിനൊന്നും ചെവികൊടുക്കാതെ, നിര്‍ഭയമായി നീതിനിര്‍വഹണം നടത്തിയ തിരുവനന്തപുരം സിബിഐ കോടതി നിയമവ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച് സ്തുത്യര്‍ഹമായ നീതിനിര്‍വഹണം നടത്തിയിരിക്കുകയാണ്. രാജ്യത്തെതന്നെ ബാധിക്കുന്ന പ്രമാദമായ കേസുകളില്‍ വിധിതീര്‍പ്പിന്റെ ചുമതലകളില്‍നിന്ന് ഉന്നത നീതിപീഠങ്ങള്‍പോലും ഒഴിഞ്ഞുമാറിയ മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സിബിഐ കോടതി, സ്തുത്യര്‍ഹമായ ചുമതലാ നിര്‍വഹണമാണ് നടത്തിയത്. ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്കും മാധ്യമ വിചാരണകള്‍ക്കും വിധേയമാകാതെ തങ്ങള്‍ക്ക് നിലനില്‍ക്കാനാകുമെന്ന് ഇവിടെ ഒരു നീതിപീഠം തെളിയിച്ചിരിക്കുന്നു. നിയമപരമായിത്തന്നെ നിര്‍വഹിക്കപ്പെട്ട ചുമതലയുടെ ഭാഗമാണെങ്കിലും അതിലെ ആര്‍ജവത്തെ തിരിച്ചറിയുന്നത് ഉചിതമായിരിക്കും.

രണ്ടായിരത്തിനാലുമുതല്‍, നാലുകൊല്ലക്കാലം ഒന്നാം യുപിഎ സര്‍ക്കാരിനെ ഇടതുപക്ഷം പിന്താങ്ങിയിരുന്നു. ജനപക്ഷ നയങ്ങള്‍ പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയെന്ന ശാഠ്യമല്ലാതെ, മറ്റൊരു ബാധ്യതയും കോണ്‍ഗ്രസിന് ഇടതുപക്ഷത്തെക്കൊണ്ട് പേറേണ്ടിവന്നിട്ടില്ല. ആ പിന്തുണയിലൂടെ ഭരണ സുഖമനുഭവിച്ച കോണ്‍ഗ്രസിന്റെ കേന്ദ്രഭരണക്കാര്‍തന്നെയാണ് തൊട്ടടുത്ത ലോകസഭാ തെരഞ്ഞെടുപ്പിനമുമ്പായി സിബിഐയെക്കൊണ്ട് അരുതാത്തത് ചെയ്തത്. ഇടതുപക്ഷത്തെ അങ്ങേയറ്റം ദുര്‍ബലമാക്കണമെന്ന സാമ്രാജ്യത്വ-കോര്‍പ്പറേറ്റ് താല്‍പര്യങ്ങളാണ് വ്യക്തിഹത്യയോളം വളര്‍ന്ന ആക്രമണത്തിന് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. അതിന്റെ മറവില്‍ എത്ര ഹീനമായ സ്വഭാവഹത്യയാണ് മാധ്യമങ്ങളിലൂടെ നിര്‍വഹിക്കപ്പെട്ടത്. മുഖ്യധാരാ മാധ്യമങ്ങളില്‍ ഒന്നുപോലും, ലാവ്ലിന്‍ കേസില്‍ യുക്തിസഹമായ ഒരു നിലപാട് സ്വീകരിക്കാതിരുന്നത് കേരള മാധ്യമ ചരിത്രത്തിന് തീരാക്കളങ്കമായിരിക്കുന്നു. ഈ തെറ്റായ മാധ്യമ നിലപാട് കേരള വികസനത്തിന് എത്രത്തോളം ദോഷകരമാണെന്ന് പല അനുഭവങ്ങളും തെളിയിച്ചിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥയിലെ മൂന്നുതൂണുകളിലൊന്നായ ജുഡീഷ്യറി ലാവ്ലിന്‍ കേസില്‍ ഉയര്‍ത്തിപ്പിടിച്ച നീതിബോധത്തിന്റെ നാലിലൊരംശം തങ്ങള്‍ പുലര്‍ത്തുന്നുവെങ്കില്‍ അല്‍പം ആത്മപരിശോധനയ്ക്ക് മാധ്യമങ്ങള്‍ തയ്യാറാവുമായിരുന്നു.

""ലാവ്ലിന്‍ കേസിലെ വിധി ഒരു പാഠം"" എന്ന തലക്കെട്ടില്‍ കേരള കൗമുദി മുഖപ്രസംഗത്തില്‍ ഇങ്ങനെ എഴുതി: ""ഉന്നത നേതാക്കള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ഒരു ഉച്ചഭാഷിണിയെപ്പോലെ പ്രതിഫലിപ്പിക്കുന്ന മാധ്യമങ്ങളും സമൂഹത്തോട് കാട്ടുന്നത് അനീതിയല്ലേയെന്നു തോന്നാം. മാധ്യമങ്ങള്‍ക്ക് വേറെ എന്താണ് പോംവഴി. അന്വേഷണവും വിചാരണയുമൊക്കെ പൂര്‍ത്തിയാക്കി കോടതിവിധി വന്നശേഷം വാര്‍ത്ത കൊടുക്കാമെന്ന് ഏതെങ്കിലും മാധ്യമം കരുതിയാല്‍ സ്ഥിതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ."" കേരള കൗമുദിയുടെ മുഖപ്രസംഗം സ്വാഗതാര്‍ഹമാണ്. മറ്റ് മുഖ്യധാരാ മാധ്യമങ്ങള്‍ ലാവ്ലിന്‍ കേസിന്റെ വാര്‍ത്തകള്‍ തമസ്കരിച്ചില്ലെങ്കിലും, മംഗള്‍യാന്‍ ഭ്രമണപഥത്തിലെത്തിയത് അവര്‍ക്ക് തുണയായി. കഴിഞ്ഞ നാലഞ്ചുകൊല്ലത്തിനിടയില്‍ കേരളത്തിലെ മിക്ക മാധ്യമങ്ങളുടെയും മുന്‍പേജുള്‍പ്പെടെ മിക്കയിടങ്ങളും അപഹരിച്ച ഒരു കേസിന്, അസാധാരണമായ അന്ത്യം സംഭവിക്കുമ്പോഴെങ്കിലും, ആത്മപരിശോധനയില്ലെന്നതോ പോകട്ടെ, തങ്ങള്‍ ചെയ്തുകൂട്ടിയതിന്റെ ആയിരത്തിലൊരംശം പാപ പരിഹാരമെങ്കിലാകട്ടെയെന്ന് ചിന്തിച്ചവര്‍ എത്രയുണ്ട്.

"ദി ഹിന്ദു" ദിനപത്രമാണ് ഈ കേസ് കെട്ടിച്ചമച്ച ഘട്ടത്തില്‍തന്നെ, അതിനുപിന്നിലെ രാഷ്ട്രീയക്കളിയെ തുറന്നുകാട്ടുന്ന ഒരു മുഖപ്രസംഗം എഴുതിയിരുന്നത്. മറ്റ് മാധ്യമങ്ങള്‍ തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കാതെതന്നെ ലാവ്ലിന്‍ വാര്‍ത്തകള്‍ ഏതു കിട്ടിയാലും ""വലിയ ഇലയില്‍"" വിളമ്പിക്കൊണ്ടേയിരുന്നു. അവയൊക്കെ നിഷ്പക്ഷമെന്ന് ഇക്കാലത്ത് അവര്‍പോലും അവകാശപ്പെടാത്തനിലയ്ക്ക് മൂടിവയ്ക്കാത്ത പക്ഷപാതിത്വത്തിെന്‍റ ഭാഗമാണ് അവരുടെ വാര്‍ത്താവിന്യാസങ്ങളെന്ന് സമാധാനിച്ചാല്‍പോലും കോടതി വിധിക്കുശേഷം അവര്‍ കാണിക്കുന്ന മിതത്വത്തിനുപിന്നില്‍ പരാജയമടഞ്ഞത് തങ്ങള്‍കൂടിയാണ് എന്ന തിരിച്ചറിവുണ്ടാകാം. കോടതിവിധിയില്‍ ഏതോ ഒത്തുതീര്‍പ്പിന്റെ മണം പിടിച്ചാണ് നവംബര്‍ 7ന് മലയാളമനോരമ ഒരു വാര്‍ത്തകൊടുത്തത്. ഒരു നീതിന്യായ കോടതിവിധി രാഷ്ട്രീയപാര്‍ടികള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്ന് വാര്‍ത്തയെഴുതുന്നിടത്തോളം കോടതിയലക്ഷ്യം വേറെയുണ്ടോ? വിധി വന്നിട്ടുപോലും തങ്ങള്‍ തിരുത്താന്‍ പോകുന്നില്ല എന്നാണ് ചിലരുടെ വെളിപാടുകള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്.

കേരളകൗമുദി പറയുന്നതുപോലെ, ആരോപണങ്ങളുടെ "ഉച്ചഭാഷിണിയാവുക"" യെന്ന യാന്ത്രികതയല്ല ലാവ്ലിന്‍കേസില്‍ സംഭവിച്ചത്. 374.5 കോടി എന്ന വലിയ അക്കം പ്രചരിപ്പിക്കുമ്പോള്‍, ലാവ്ലിന്‍ കമ്പനിയുടെ കൈവശം കെഎസ്ഇബി മടക്കിക്കൊടുത്ത സംഖ്യ അതിന്റെ പകുതിപോലും വരില്ലായെന്ന സത്യം ആര്‍ക്കാണ് അറിയാന്‍ പാടില്ലാതിരുന്നത്? 1996 കാലത്തെ പവര്‍കട്ടിന്റെയും ലോഡ്ഷെഡ്ഡിംഗിന്റെയും യാതനകളില്‍നിന്ന് കേരളത്തെ രക്ഷിച്ച് 1084 മെഗാവാട്ട് വൈദ്യുതി കൂടുതലായി ഉല്‍പാദിപ്പിച്ച ഭരണനിപുണനാണ് പിണറായിയെന്ന് അഭിപ്രായമെഴുതിയ മാധ്യമങ്ങള്‍ക്കുപോലും, പിന്നീട് എവിടെവെച്ചാണ് ഭാവമാറ്റമുണ്ടായത? ലാവ്ലിന്‍ കേസിന്റെ മാത്രമല്ല, ഇടതുപക്ഷ നേതൃത്വത്തിനെതിരെ സ്വഭാവഹത്യനടത്താന്‍ ഉയര്‍ത്തിയ ഏതെല്ലാം കേസുകളാണ് ഉള്ളിതൊലിച്ചതുപോലെ പൊള്ളത്തരം തുറന്നുകാട്ടപ്പെട്ട് ഇപ്പോള്‍ വിസ്തൃതിയിലായത്. ബൂര്‍ഷ്വാ പാര്‍ലമെന്ററി വ്യവസ്ഥയോട് സ്ഥായിയായ കൂറ് കാട്ടാത്തവരാണ് കമ്യൂണിസ്റ്റുകാര്‍ എന്ന് കുറ്റപ്പെടുത്തുമ്പോഴും അതേ അങ്കക്കളരിയില്‍ ഇത്ര പച്ചയായ കൃത്രിമത്വം ഏതെങ്കിലും കാലത്ത് ഇടതുപക്ഷം കാട്ടിയിട്ടുണ്ടോ? എന്നിട്ടും ഇവിടത്തെ യുഡിഎഫ് - ബിജെപി നേതൃത്വവും മറ്റ് വലതുപക്ഷ - തീവ്ര ഇടതുപക്ഷഗ്രൂപ്പുകളും മാധ്യമങ്ങളുടെ അരുമയായി തുടരുകയും, അവരിലെ നേതാക്കള്‍ ബിംബവല്‍ക്കരിക്കപ്പെടുകയും വിഗ്രഹങ്ങളായിനില്‍ക്കുകയും ചെയ്യുന്നവിധം പ്രത്യക്ഷമായ അനീതിയാണ് മിക്ക മാധ്യമങ്ങളും കാട്ടുന്നത്. 2009ലെ ലോകസഭാ തെരഞ്ഞെടുപ്പുകാലത്ത് ഇടതുപക്ഷ വിരുദ്ധ ജ്വരം പടര്‍ത്താന്‍ സാമ്രാജ്യത്വ പിന്തുണയോടെ നടന്ന നെറികെട്ട ശകുനി രാഷ്ട്രീയത്തിന്റെ പരമകാഷ്ഠയാണ് ലാവ്ലിന്‍ കേസിലൂടെ ദൃശ്യമായത്. പശ്ചിമബംഗാളില്‍ ആയിരക്കണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട് ചോരവീണ തീവ്രാനുഭവങ്ങള്‍പോലെ കായികമായ കൂട്ടക്കൊലയുടെ അനുഭവം കേരളത്തിലെ സിപിഐ (എം)ന് ഇപ്പോള്‍ നേരിടേണ്ടി വരുന്നില്ല. സിപിഐ (എം) നേടിയ സംഘടനാപരമായ കരുത്താണ് എതിരാളികളെ കായികമായ കമ്യൂണിസ്റ്റ്വേട്ടയില്‍നിന്ന് വിലക്കുന്നത്. ആ സംഘടനയെ തകര്‍ക്കുകയെന്ന നീച ലക്ഷ്യത്തിന്റെ പെരുങ്കളിയാട്ടത്തിന്റെ ഒരു അധ്യായം മാത്രമാണ് ഇവിടെ പൂര്‍ണമാകുന്നത്. നേരും നെറിയുമില്ലാത്ത വലതുപക്ഷ രാഷ്ട്രീയം, ജനാധിപത്യത്തിന്റെ ആട്ടിന്‍തോലണിഞ്ഞായാലും, ഫാസിസത്തിന്റെ വിശ്വരൂപംകാട്ടി വന്നാലും, അതിന്റെ വഴികള്‍ ഇതുതന്നെയാണ്. വലതുപക്ഷത്തിന്റെ ആയുധപ്പുരകള്‍ ശൂന്യമല്ല എന്ന തിരിച്ചറിവോടെ, ശകുനി രാഷ്ട്രീയത്തിന് ഇപ്പോള്‍ ലഭിച്ച തിരിച്ചടിയെ ആഹ്ലാദപൂര്‍വ്വം വരവേല്‍ക്കാം.

*
അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക

No comments: