Wednesday, November 20, 2013

കര്‍ഷകരെ മറന്ന് ടയര്‍ലോബിക്കൊപ്പം

വിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ റബറിന്റെ ഇറക്കുമതിത്തീരുവ വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിനുനേരെ മുഖംതിരിക്കുന്ന സമീപനം കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. ഇറക്കുമതിത്തീരുവ വര്‍ധിപ്പിക്കണമെന്ന് എട്ടുമാസംമുമ്പ് തീരുമാനമെടുത്തെങ്കിലും അത് നടപ്പാക്കാന്‍ ശുഷ്കാന്തി കാണിക്കാത്തത് ദുരൂഹമാണ്. ടയര്‍ കമ്പനികള്‍ കുറഞ്ഞ വിലയ്ക്ക് പരമാവധി റബര്‍ ഇറക്കുമതി ചെയ്തശേഷം തീരുവ വര്‍ധിപ്പിച്ചാല്‍ മതി എന്ന ഗൂഢോദ്ദേശ്യം കേന്ദ്രസര്‍ക്കാരിനുണ്ടെന്നത് വ്യക്തമാണ്. ടയര്‍ കമ്പനികള്‍ ആവശ്യമുള്ളതിന്റ മൂന്നില്‍ രണ്ടുഭാഗം റബര്‍ ഇതിനകം ഇറക്കുമതിചെയ്തിട്ടുണ്ട്. കേന്ദ്രനയങ്ങളുടെ ദുരന്തഫലം അനുഭവിക്കുന്ന കര്‍ഷകരെ തുടര്‍ന്നും കൊള്ളചെയ്യാന്‍ അവസരമൊരുക്കുകയാണ് ഇക്കൂട്ടര്‍.

ഉദാരീകരണനയം വിവരണാതീതമായ വിപരീത പ്രതിഫലനമാണ് ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ സൃഷ്ടിച്ചത്. കോര്‍പറേറ്റ് സേവമാത്രം മുന്‍നിര്‍ത്തി നടപ്പാക്കിയ നയം സമ്പന്നരുടെ ആസ്തി നിരവധി മടങ്ങായി വര്‍ധിപ്പിക്കുന്നതിനാണ് വഴിവച്ചത്. ഇതിനായി കൃഷിക്കാരുടെമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിച്ചു. വളം വിലനിയന്ത്രണം ഒഴിവാക്കിയും വിത്തുനയത്തില്‍ മാറ്റംവരുത്തിയും പെട്രോളിയം വിലനിയന്ത്രണം ഒഴിവാക്കിയും നടത്തിയ കോര്‍പറേറ്റ് സേവയ്ക്ക് കൈയുംകണക്കുമില്ല. ഇതിന്റെ ഫലമായി അതിസമ്പന്നരുടെ പട്ടികയില്‍ കടന്നുകൂടിയ ഇന്ത്യക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. അതേസമയം, മൂന്നുലക്ഷത്തിലേറെ കര്‍ഷക ആത്മഹത്യയാണ് രാജ്യത്താകെ നടന്നത്. അനുസ്യൂതം തുടരുന്ന കര്‍ഷക ആത്മഹത്യ തടയുന്നതിന് ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ കര്‍ഷക ദ്രോഹനടപടികള്‍ തുടരുമെന്ന വാശിയിലാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് റബര്‍ കര്‍ഷകരെ അന്താരാഷ്ട്ര കമ്പോളത്തിലെ വിലയുടെ കയറ്റിറക്കങ്ങള്‍ക്ക് എറിഞ്ഞുകൊടുത്ത കേന്ദ്രനയം.

ഇന്തോ- ആസിയന്‍ കരാറിന്റെ പ്രധാന ലക്ഷ്യം ഇന്ത്യയും ആസിയന്‍ രാജ്യങ്ങളും ഉള്‍ക്കൊള്ളുന്ന മേഖലയാകെ സ്വതന്ത്ര വ്യാപാരമേഖലയാക്കിത്തീര്‍ക്കുക എന്നതാണ്. ലോകത്തെയാകെ സ്വതന്ത്ര വ്യാപാരമേഖലയാക്കി മൂലധന ഒഴുക്കിന് നിലവിലുള്ള സകല തടസ്സങ്ങളും നീക്കുകയാണല്ലോ ഉദാരവല്‍ക്കരണനയങ്ങള്‍ ലക്ഷ്യമിടുന്നത്. ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഇത് സാധ്യമാകാതെ വന്നപ്പോഴാണ്് സ്വതന്ത്ര വ്യാപാരമേഖലകളുണ്ടാക്കി (എഫ്ടിഎ) ഇതിനെയാകെ സംയോജിപ്പിച്ച് തടസ്സമില്ലാത്ത ആഗോള കമ്പോളം രൂപപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് അരങ്ങൊരുങ്ങിയത്. ഇന്തോ- ആസിയന്‍ കരാര്‍ ഉള്‍പ്പെടെയുള്ള നിരവധി സ്വതന്ത്ര വ്യാപാര കരാറുകള്‍ നിലവില്‍വന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ആസിയന്‍ കരാര്‍ ഒപ്പുവയ്ക്കുന്ന ഘട്ടത്തില്‍ ഇടതുപക്ഷം ഉയര്‍ത്തിയ ആശങ്കകള്‍ എത്രമാത്രം വസ്തുതാപരമായിരുന്നു എന്നത് ഇപ്പോള്‍ ബോധ്യമാകും. 2013 ആവുമ്പോഴേക്കും ഈ രാജ്യങ്ങളാകെ വിദേശ വ്യാപാരരംഗത്ത് ഏര്‍പ്പെടുത്തിയ ഇറക്കുമതിച്ചുങ്കം വന്‍തോതില്‍ വെട്ടിക്കുറയ്ക്കണം എന്നതാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

സ്വാഭാവിക റബറിന്റെ ഇറക്കുമതിച്ചുങ്കം കിലോയ്ക്ക് 20 രൂപ എന്ന നിലയില്‍ വെട്ടിക്കുറച്ചത് ആസിയന്‍ കരാറിന്റെ തീരുമാനപ്രകാരമാണ്. റബര്‍ ഇറക്കുമതിത്തീരുവ വന്‍തോതില്‍ വെട്ടിക്കുറച്ചിട്ടും അത് ആഭ്യന്തരവിലയില്‍ വലിയ പ്രതിഫലനങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല. അതിന്റെ സുപ്രധാന കാരണം അന്താരാഷ്ട്ര കമ്പോളത്തില്‍ റബര്‍ വിലയില്‍ വന്‍ വര്‍ധനയുണ്ടായതിനാലാണ്. വാഹന വിപണി സജീവമായതും ക്രൂഡോയില്‍ വില വര്‍ധിച്ചതും മറ്റുമാണ് അന്താരാഷ്ട്ര കമ്പോളത്തില്‍ റബര്‍വില നേരത്തെ വര്‍ധിക്കാനുള്ള പ്രധാനകാരണം.

സ്വാഭാവിക റബറിന്റെ 57 ശതമാനത്തോളം ടയര്‍, ട്യൂബ് നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. വാഹനവിപണിയിലെ സജീവത വന്‍തോതില്‍ റബറിന്റെ ആവശ്യം വര്‍ധിപ്പിക്കുന്നതിന് ഇടയാക്കി. പെട്രോളിയം വിലവര്‍ധന കൃത്രിമറബര്‍ ഉല്‍പ്പാദനത്തെ ചെലവേറിയ ഒന്നാക്കി. ഇതെല്ലാമാണ് അന്താരാഷ്ട്ര കമ്പോളത്തില്‍ സ്വാഭാവിക റബര്‍വില വര്‍ധിക്കുന്നതിനിടയാക്കിയത്. സ്വാഭാവികമായും ഇത് കേരളത്തിലും പ്രതിഫലിച്ചു. ഈ നിലയില്‍ റബര്‍വിലയില്‍ വര്‍ധനയുണ്ടായപ്പോള്‍ ആസിയന്‍ കരാറുമായി ബന്ധപ്പെട്ട ഇടതുപക്ഷ സമീപനത്തെ പരിഹസിക്കുന്നതിനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും തയ്യാറായത്. എന്നാല്‍, അന്താരാഷ്ട്ര കമ്പോളത്തില്‍ സ്വാഭാവിക റബറിന്റെ വില വന്‍തോതില്‍ ഇടിഞ്ഞപ്പോള്‍ സ്ഥിതി മാറി. ആസിയന്‍ കരാറിലൂടെ ഇറക്കുമതിത്തീരുവ വെട്ടിച്ചുരുക്കിയതിന്റെ ഫലമായി റബര്‍വിലയില്‍ വന്‍ ഇടിവാണ് ഉണ്ടായത്. 2011-ല്‍ 248 രൂപ വരെ ഒരുകിലോ റബറിന് വില കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 158 രൂപയായി. അന്താരാഷ്ട്ര കമ്പോളത്തില്‍ വില കുറയുമ്പോള്‍ ആഭ്യന്തര കമ്പോളം സംരക്ഷിച്ചുനിര്‍ത്തുന്നതിനാണ് സര്‍ക്കാരുകള്‍ വന്‍തോതില്‍ ഇറക്കുമതിത്തീരുവ ചുമത്തുന്നത്. ആസിയന്‍ കരാറിന്റെ ഭാഗമായി ഇറക്കുമതിത്തീരുവയില്‍ കുറവുവന്നപ്പോള്‍ മലോഷ്യയില്‍നിന്നും തായ്വാനില്‍നിന്നും ഇന്തോനേഷ്യയില്‍നിന്നും വന്‍തോതില്‍ റബര്‍ ഇറക്കുമതിചെയ്യുന്നതിന് ടയര്‍ലോബിക്ക് അവസരം ലഭിച്ചു. ലോകത്തെ നാലാമത്തെ റബര്‍ ഉല്‍പ്പാദക രാജ്യമാണ് ഇന്ത്യ. രാജ്യത്തെ റബര്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിന് ഇറക്കുമതിത്തീരുവ വര്‍ധിപ്പിക്കാതെ, ടയര്‍ലോബിക്ക് കുറഞ്ഞവിലയ്ക്ക് റബര്‍ ഇറക്കുമതിക്ക് സൗകര്യമൊരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് റബര്‍ ഇറക്കുമതിയില്‍ 81 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 18,466 ടണ്‍ റബറാണ് ഇറക്കുമതിചെയ്തതെങ്കില്‍ ഈ ഒക്ടോബറില്‍ അത് 33,486 ടണ്‍ ആയി വര്‍ധിച്ചു. സെപ്തംബറിലാകട്ടെ 45,581 ടണ്‍ റബറാണ് ഇറക്കുമതിചെയ്തത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 208 ശതമാനം അധികമാണ്. ഒക്ടോബര്‍ അവസാനത്തോടെ 2,14,448 ടണ്‍ സ്വാഭാവിക റബറാണ് ടയര്‍ കമ്പനികള്‍ ഇറക്കുമതിചെയ്ത് സംഭരിച്ചത്. കഴിഞ്ഞവര്‍ഷം ഇതേസമയം 1,31,107 ടണ്ണാണ് ഇറക്കുമതി ചെയ്തത്. 64 ശതമാനത്തിന്റെ വര്‍ധന. ആഗസ്ത്- സെപ്തംബറില്‍ മാത്രം റബര്‍ വിലയില്‍ 30-35 രൂപയുടെ കുറവാണ് ഉണ്ടായത്. അന്താരാഷ്ട്ര കമ്പോളത്തില്‍ വിലക്കുറവുണ്ടായ ഉടന്‍ ഇറക്കുമതിത്തീരുവ വര്‍ധിപ്പിച്ചിരുന്നെങ്കില്‍ റബര്‍ കര്‍ഷകര്‍ക്ക് ഈ ദുര്‍ഗതി വരുമായിരുന്നില്ല.

കേന്ദ്രനയത്തിന്റെ ഫലമായി ഉണ്ടായ ഈ ആഘാതം മുഴുവന്‍ ഏറ്റുവാങ്ങേണ്ടി വന്നത് കേരളത്തിലെ കര്‍ഷകരാണ്. രാജ്യത്തെ റബറിന്റെ 90 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് കേരളത്തിലാണ്. എംആര്‍എഫും ജെകെ ടയേഴ്സും ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം കേരളത്തിലെ കര്‍ഷകരെയാണ് പ്രധാനമായും ബാധിക്കുക. ഇത് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിലും വന്‍പ്രത്യാഘാതം സൃഷ്ടിക്കും. കനത്ത കാലവര്‍ഷത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ റബര്‍ ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുവന്ന ഘട്ടത്തില്‍ ഉണ്ടായ വിലത്തകര്‍ച്ച പ്രതിസന്ധി അതിരൂക്ഷമാക്കി. 2012 ല്‍ 89500 ടണ്‍ റബര്‍ ഉല്‍പ്പാദിപ്പിച്ച സ്ഥാനത്ത് കഴിഞ്ഞ ഒക്ടോബറില്‍ 83,000 ടണ്ണായി കുറഞ്ഞു. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഉല്‍പ്പാദനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12.2 ശതമാനം കുറവാണ്. നടപ്പ് സാമ്പത്തികവര്‍ഷം വാര്‍ഷിക ഉല്‍പ്പാദനത്തില്‍ 9.4 ശതമാനത്തിന്റെ കുറവാണ് കണക്കാക്കുന്നത്. കേന്ദ്രനയങ്ങളുടെ ദുരിതമനുഭവിക്കുന്ന കര്‍ഷകരെ പ്രതിസന്ധിഘട്ടത്തില്‍ സഹായിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ യഥാര്‍ഥ വസ്തുത മറച്ചുവയ്ക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നത്.

എംപിമാരുടെ സംഘത്തെ ഡല്‍ഹിയിലയച്ച് കേന്ദ്രമന്തിക്ക് നിവേദനം കൊടുത്താല്‍ എല്ലാമായി എന്ന സമീപനമാണോ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്? 1990 കളുടെ മധ്യത്തില്‍ റബര്‍മേഖലയില്‍ വന്‍ പ്രതിസന്ധി ഉണ്ടായഘട്ടത്തില്‍ നായനാര്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാവണം. 1997ല്‍ റബ്കോ എന്ന സഹകരണസ്ഥാപനത്തിന് തുടക്കംകുറിച്ച് കൃഷിക്കാരില്‍ നിന്ന് റബര്‍ സംഭരിക്കുന്നതിനുള്ള സംവിധാനമൊരുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെട്ടു. റബറിന്റെ ഇറക്കുമതിത്തീരുവ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ ഒന്‍പത്മാസത്തോളമായി കേന്ദ്ര ധനമന്ത്രിയുടെ ഓഫീസില്‍ പൊടിപിടിച്ചു കിടക്കുന്നു. കേരളത്തില്‍നിന്നുള്ള 16 യുഡിഎഫ് എംപിമാരുടെ പിന്തുണയും എട്ടു കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യവുമൊക്കെയുണ്ടായിട്ടും എന്തുകൊണ്ടാണ് ഈയൊരു ദുരവസ്ഥ വന്നതെന്ന് വ്യക്തമാക്കാനുള്ള ഉത്തരവാദിത്തം ഇക്കൂട്ടര്‍ക്കുണ്ട്.

റബര്‍ വിലത്തകര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കു പെട്ടെന്ന് പരിഹാരം ഉണ്ടാകാനിടയില്ല എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. യൂറോ അമേരിക്കന്‍ സമ്പദ്വ്യവസ്ഥകള്‍ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ഉടന്‍ കരകയറുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ഇക്കാരണത്താല്‍ അന്താരാഷ്ട്ര കമ്പോളത്തില്‍ റബര്‍ വില ഇനിയും ഇടിയാനാണിട. ആഭ്യന്തര കമ്പോളത്തെ സംരക്ഷിക്കാന്‍ സ്വാഭാവിക റബറിന്റെ ഇറക്കുമതിത്തീരുവ ഗണ്യമായി വര്‍ധിപ്പിച്ചേ മതിയാകൂ. ഇറക്കുമതി ചെയ്യാന്‍ ടയര്‍ലോബിയ്ക്ക് അവസരമൊരുക്കുന്ന സമീപനം രാജ്യത്തെ റബര്‍ കര്‍ഷകരുടെ നട്ടെല്ല് തകര്‍ക്കും.

പ്രസ്താവനകളിലൂടെയും മറ്റും തങ്ങള്‍ കര്‍ഷകരുടെ കൂടെയാണെന്ന് വരുത്തിതീര്‍ത്താല്‍ പ്രശ്നപരിഹാരമാകില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ച മാതൃക പിന്തുടരാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകണം. ഇറക്കുമതിത്തീരുവ വര്‍ധിപ്പിക്കുന്നതോടൊപ്പം ആസിയന്‍ കരാറിന്റെ ദുരന്തഫലം അനുഭവിക്കുന്ന കേരളത്തിലെ കര്‍ഷകരെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പാക്കണം. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ധൃതിപിടിക്കുന്നവര്‍ കര്‍ഷകരുടെ രോദനത്തിന് നേരെ ബധിരകര്‍ണങ്ങള്‍ തിരിച്ചുവയ്ക്കുകയല്ല ചെയ്യേണ്ടത്. റബറിന്റെ ഇറക്കുമതിത്തീരുവ വര്‍ധിപ്പിച്ചെന്ന് എട്ടുമാസംമുമ്പേ അവകാശപ്പെട്ടവര്‍ ഇപ്പോള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ നാലുമാസംകൂടിയുണ്ടെന്ന് വീമ്പുപറയുകയാണ്. അധരവ്യായാമത്തില്‍മാത്രം അഭിരമിക്കുന്നവരെ ഇനിയും വിശ്വസിക്കുന്നത് അബദ്ധമായിരിക്കും.

*
കെ കെ രാഗേഷ് ദേശാഭിമാനി

No comments: