Friday, November 15, 2013

വോട്ടില്‍ കണ്ണുനട്ട് പുതിയ നാടകം

സമ്പന്ന- കോര്‍പറേറ്റ് അനുകൂല സാമ്പത്തികനയം വര്‍ഷങ്ങളായി മറയില്ലാതെ നടപ്പാക്കുന്ന യുപിഎ സര്‍ക്കാരിനും കോണ്‍ഗ്രസിനും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടുവിചാരം തുടങ്ങിയിരിക്കുന്നു. ഇന്നത്തെ നില തുടര്‍ന്നാല്‍ തങ്ങളുടെ "ആം ആദ്മി" മുദ്രാവാക്യത്തിന്റെ കള്ളത്തരം കൈയോടെ പിടിക്കപ്പെടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പാവങ്ങള്‍ക്കുള്ള സാമൂഹ്യസുരക്ഷ പദ്ധതികള്‍ക്കുള്ള ബജറ്റുവിഹിതത്തില്‍ 15000 കോടി രൂപ വെട്ടിക്കുറയ്ക്കുന്നതിനെതിരെയാണ് യുപിഎയ്ക്കുള്ളില്‍ കടുത്ത പ്രതികരണം രൂപപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ സാധാരണ ജനങ്ങളില്‍നിന്ന് വലിയ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവാണ് കോണ്‍ഗ്രസിനെ കുഴയ്ക്കുന്നത്.

ഗ്രാമീണമേഖലയില്‍ തൊഴില്‍, ആരോഗ്യം, വികസനം, ജലവിതരണം, ഭവന നിര്‍മാണം, വൈദ്യുതീകരണം എന്നീ ആറിന പദ്ധതികള്‍ തെരഞ്ഞെടുപ്പില്‍ തുറുപ്പുചീട്ടാക്കാനാണ് യുപിഎ ലക്ഷ്യമിട്ടത്. എന്നാല്‍, സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി ഈ പദ്ധതികളുടെ വകയിരുത്തലുകളില്‍ ധനമന്ത്രാലയം വരുത്തിയ അപ്രതീക്ഷിത വെട്ടിക്കുറയ്ക്കല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, ദേശീയ ഗ്രാമീണ തൊഴില്‍ പദ്ധതി, ഇന്ദിര ആവാസ് യോജന എന്നിവയുടെ അടങ്കലില്‍ 2000 കോടി രൂപ വീതം വെട്ടിക്കുറയ്ക്കും. പ്രധാനമന്ത്രിയുടെ ഗ്രാമ സഡക് ഗ്രാമീണ റോഡ് പദ്ധതിവിഹിതം 9000 കോടി രൂപയാണ് കുറയ്ക്കുക. ഇതിനുപുറമെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അടങ്കലില്‍ 2500 കോടിയും ഉന്നതവിദ്യാഭ്യാസ വിഹിതം 3000 കോടിയും കുറയ്ക്കാന്‍ നിര്‍ദേശമുണ്ട്.

ധനകമ്മി കുറയ്ക്കാനെന്ന പേരിലുള്ള ഈ നടപടികള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയവരില്‍ പ്രമുഖന്‍ ഗ്രാമവികസന മന്ത്രി ജയറാം രമേശാണ്. സര്‍ക്കാരിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍തന്നെ തകിടംമറിക്കുന്നതാണ് ധനമന്ത്രാലയത്തിന്റെ നീക്കമെന്ന് അദ്ദേഹം തുറന്നടിക്കുന്നു. കുറവുവരുത്താവുന്ന ചെലവ് സാമൂഹ്യ സുരക്ഷപദ്ധതികളുടേത് മാത്രമാണെന്ന വാദം സര്‍ക്കാരിനു സ്വീകാര്യമാവുന്നത് പൊതുനയത്തിന്റെ ഭാഗമായേ കാണാനാവൂ. കോര്‍പറേറ്റുകള്‍ക്കും വ്യവസായ ലോബികള്‍ക്കുമുള്ള സൗജന്യങ്ങളും ഇളവുകളും നിര്‍ലോഭം തുടരുമ്പോഴും പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടാന്‍ യുപിഎ സര്‍ക്കാരിന് ഒരു മടിയുമില്ല. നികുതി വരുമാനം വര്‍ധിപ്പിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കുകയെന്ന അടിസ്ഥാനതത്വം സാമ്പത്തിക വിദഗ്ധരായ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും ധനമന്ത്രി ചിദംബരത്തിനും അറിയാത്തതല്ല. എന്നാല്‍, സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ കണക്കെടുത്താന്‍, പ്രത്യക്ഷ നികുതി വരുമാനത്തിലുള്ള വര്‍ധന 11.58 ശതമാനംമാത്രമാണ്. ബജറ്റില്‍ ലക്ഷ്യമിട്ടതാകട്ടെ 19 ശതമാനവും. പറയത്തക്ക നികുതിയിതര വരുമാനവും ഇല്ല.

"ക്രെഡിറ്റ് ഏജന്‍സി സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് പുവര്‍" എന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ ഇന്ത്യയെക്കുറിച്ചുള്ള "പരിതാപകര"മെന്ന വിലയിരുത്തല്‍ ഈ പശ്ചാത്തലത്തിലാണ് പ്രസക്തമാകുന്നത്. തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കുമ്പോള്‍, ബജറ്റ്കമ്മിയും സാമ്പത്തികത്തകര്‍ച്ചയും കൂടുതല്‍ രൂക്ഷമായതായി ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. ധനകമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 4.8 ശതമാനമായി പരിമിതപ്പെടുത്തണമെന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യനാലുമാസത്തില്‍ പൂര്‍ണപരാജയം നേരിട്ടു. ഈ ഘട്ടത്തില്‍ മൊത്തം ചെലവിന്റെ 17.2 ശതമാനം കമ്മി നികത്തപ്പെടാതെ കിടന്നു. "ആം ആദ്മി" മുദ്രാവാക്യവും തൊഴിലുറപ്പ് പദ്ധതിയും കൈത്താങ്ങാക്കിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിട്ടത്. കഴിഞ്ഞ ബജറ്റിനെ ധനമന്ത്രി ചിദംബരം വിശേഷിപ്പിച്ചതാകട്ടെ ആം ആദ്മി ബജറ്റെന്നും. ധനകമ്മി കുറയ്ക്കുമെന്നും 16.67 ലക്ഷം കോടിയുടെ അധികവിഹിതം വികസനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ആണയിട്ടു. ഒരു മന്ത്രാലയത്തിനും നിലവിലുള്ള വിഹിതം കുറയ്ക്കില്ലെന്നും വാഗ്ദാനംചെയ്തു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമവികസന മന്ത്രാലയം 46 ശതമാനം അധിക വകയിരുത്തലുള്ള നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചത്.

എന്നാല്‍, എല്ലാ പ്രതീക്ഷകളെയും തകിടംമറിച്ച്, സാമ്പത്തിക വര്‍ഷം ആദ്യപാതി പിന്നിടുമ്പോഴേക്ക് പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. അടിസ്ഥാന ജനവിഭാഗത്തിന് ഗുണംലഭിക്കുന്ന ഒരു പദ്ധതിക്കും തല്‍പരരല്ല സര്‍ക്കാരിന്റെ സുപ്രധാന സ്ഥാനങ്ങളില്‍ ഇരിക്കുന്നതെന്ന് സാമൂഹ്യ സുരക്ഷാബജറ്റിന്റെ വെട്ടിക്കുറവിലൂടെ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. ഇനി നടക്കാനിരിക്കുന്നത് തെരഞ്ഞെടുപ്പും വോട്ടും ലക്ഷ്യമാക്കിയുള്ള നാടകങ്ങള്‍മാത്രം. അതിന്റെ ആദ്യപടിയാണ് ധനമന്ത്രാലത്തിനെതിരെയുള്ള ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. "ഗരീബീ ഹഠാവോ" ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് മുദ്രാവാക്യങ്ങള്‍ക്ക് എന്തുസംഭവിച്ചു എന്ന് ഈ നാട് കണ്ടതാണ്. "ആം ആദ്മി"യും ജനലക്ഷങ്ങളുടെ വോട്ടില്‍ കണ്ണുനട്ടുള്ള തട്ടിപ്പുമാത്രം.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: