Monday, November 4, 2013

ചാമ്പലാകില്ല ചരിത്രം

"വനസ്വര്‍ഗ"ത്തില്‍നിന്ന് ചെല്ലിക്കണ്ടത്തേക്കുള്ള പാത വെളുവെളുത്ത മണല്‍ മൂടിയതാണ്. ചൊരിമണലില്‍ വിഷം മുറ്റിയ തലയുമായി അണലികള്‍ ചുരുണ്ടിരിപ്പുണ്ടാകാം. അറുപത്തഞ്ച് വര്‍ഷം മുമ്പ്, സ്വതന്ത്ര്യത്തിന്റെ പതാകയ്ക്കുകീഴില്‍ അസ്വാതന്ത്ര്യത്തിന്റെ ഒളിവുജീവിതം നയിച്ച സഖാവ് അന്ത്യശ്വാസം വലിച്ചത് ഇവിടെയായിരുന്നു. ഈ ചൊരിമണലിലൂടെ ഇഴഞ്ഞെത്തിയ വിഷസര്‍പ്പം പി കൃഷ്ണപിള്ള എന്ന ഇതിഹാസത്തെ നീലിച്ച നിശ്ചേതനശരീരമാക്കി. ഒരുപറ്റം വിഷസര്‍പ്പങ്ങള്‍ ഇന്നലെയും ഇവിടെ വന്നു. രാവിന്റെ മറവില്‍. അവരുടെ കൈയില്‍ വെറുപ്പിന്റെ ഇന്ധനം നിറച്ച കന്നാസുകളുണ്ടായിരുന്നു. മനസ്സില്‍ പകയുടെയും കുടിലതയുടെയും തിരതല്ലിയിരുന്നു. ഇന്ന്, ഒരു നാടിന്റെ ശ്വാസവേഗത്തിനും നെടുവീര്‍പ്പിനും രോഷക്കനലിനും മുന്നില്‍ പാതികത്തിയ ചെല്ലിക്കണ്ടത്തില്‍ വീട്. ഇടംകണ്ണു തകര്‍ന്ന ശില്‍പ്പം. പി കൃഷ്ണപിള്ളയുടെ ഓര്‍മകളെപ്പോലും ഭയപ്പെടുന്നവര്‍ ചരിത്രത്തിന്റെ കഴുത്തിലേക്ക് കത്തിയെറിഞ്ഞ്, എങ്ങോ പോയ്മറഞ്ഞു.

ആലപ്പുഴ ദേശീയപാതയിലെ കഞ്ഞിക്കുഴി ജങ്ഷനില്‍നിന്ന് കിഴക്കോട്ടുള്ള പാത "വനസ്വര്‍ഗം" എന്ന സ്ഥലത്തെത്തും. അവിടെനിന്ന് മണല്‍പാത താണ്ടി, നിസ്വവര്‍ഗപോരാട്ടത്തിന്റെ ചരിത്രം ഉണര്‍ന്നിരിക്കുന്ന ചെല്ലിക്കണ്ടം വീട്ടിലേക്ക്. ഇരുപത്തെട്ട് സെന്റ് നിലത്ത് ഓലമേഞ്ഞ കൊച്ചുവീട്. മുന്നില്‍ അര്‍ധകായ പ്രതിമ. നെഞ്ചില്‍ ജ്വലിക്കുന്ന കനലായി, ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഊര്‍ജസ്രോതസ്സായി കമ്യൂണിസ്റ്റ് പ്രസ്ഥാനം കാത്തുസൂക്ഷിക്കുന്ന സ്മാരകമാണത്. നാല്‍പ്പത്തിരണ്ടു വര്‍ഷത്തെ ജീവിതംകൊണ്ട് കേരളം എന്ന നാടിന്റെ ചരിത്രഗതി മാറ്റിയെഴുതിയ പ്രിയസഖാവിെന്‍റ ഓര്‍മയ്ക്കായി വരുംതലമുറയ്ക്ക് കരുതിവച്ച അമൂല്യ നിധി.

ആ വീടാണ് കത്തിയത്. ആ കട്ടിലിനാണ് കേടുവന്നത്. ബ്രിട്ടീഷ് കോയ്മയ്ക്കെതിരെ മൂവര്‍ണക്കൊടിയോടൊപ്പം ഉയര്‍ത്തിപ്പിടിച്ച ആ ശിരസ്സിനാണ് പരിക്കേറ്റത്. വിദേശിപ്പട്ടാളത്തിന്റെ ക്രൂരമര്‍ദനത്തില്‍ ഉടല്‍ തളരുമ്പോഴും കൃഷ്ണപിള്ള നെഞ്ചോടടുക്കിപ്പിടിച്ചത് കോണ്‍ഗ്രസിന്റെ പതാകയായിരുന്നു. ആ പതാകയേന്തുന്നവര്‍ ഇന്ന് കൃഷ്ണപിള്ളയെ അറിയുന്നില്ല. സഖാവിന്റെ അമ്പതാം ചരമ വാര്‍ഷിക വേളയില്‍ ഒരു മലയാള പത്രം ചോദിച്ചു:"കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ആര്" എന്ന്. ഇന്ന് ഗാന്ധിശിഷ്യര്‍ ചോദിക്കുന്നു:"കമ്യൂണിസ്റ്റുകാരേ നിങ്ങളല്ലേ സ്മാരകം തകര്‍ത്ത"തെന്ന്. ഇന്ത്യന്‍ മണ്ണില്‍നിന്ന് സാമ്രാജ്യത്വത്തെ വേരോടെ പിഴുതെറിയാന്‍ പോരാട്ടം നയിച്ച കൃഷ്ണപിള്ളയ്ക്ക്, സ്വതന്ത്ര്യാനന്തരം കോണ്‍ഗ്രസ് കൊടുത്തത് ഒളിവുജീവിതമെന്ന ശിക്ഷയായിരുന്നു. ഇന്ന് കൃഷ്ണപിള്ളയുടെ സ്മരണയെപ്പോലും തച്ചുടയ്ക്കുന്നു-ചരിത്രത്തിന്റെ ചാരം ഭക്ഷിക്കുന്നവര്‍.

കേരളത്തിന്റെ സ്വാതന്ത്ര്യപോരാട്ട കാലത്തേക്ക് തിരിഞ്ഞുനോക്കുക-എല്ലാ പോരാളികളും എത്തിയത് കൃഷ്ണപിള്ളയിലേക്കായിരുന്നു. എല്ലാ പോരാട്ടങ്ങളും ജന്മംകൊണ്ടത് ത്യാഗത്തിന്റെയും സഹനത്തിന്റെയും കര്‍മധീരതയുടെയും സമ്മേളനമായ ആ മനസ്സില്‍നിന്നായിരുന്നു. കെ മാധവന് കൃഷ്ണപിള്ള സേലം ജയിലില്‍നിന്നെഴുതി, ""അനിയാ നീ ജയില്‍വിമുക്തനായ വിവരം പത്രത്തില്‍ വായിച്ചു. കോണ്‍ഗ്രസില്‍ രണ്ടുവിഭാഗമുണ്ട്. ഒന്ന് പണക്കാരുടേത് മറ്റൊന്ന് പാവപ്പെട്ടവന്റേത്. നീ പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ കൃഷിക്കാരുടെ സംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കുക."" പാവപ്പെട്ടവന്റെ കോണ്‍ഗ്രസുണ്ടാക്കാന്‍ ശ്രമിച്ചതിന്റെ തിരിച്ചറിവിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിത്താണ് സഖാവ് കേരളത്തിന്റെ മണ്ണില്‍ നട്ടുനനച്ച് വളര്‍ത്തിയത്.

1930ല്‍ ഉപ്പുസത്യഗ്രഹത്തില്‍ ആദ്യമായി കഠിനതടവിന് ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് കൃഷ്ണപിള്ളയാണ്. എനിക്ക് ഗവണ്‍മെന്റിനോടോ ഉദ്യോഗസ്ഥന്മാരോടോ ഒന്നും പറയാനില്ല എന്ന് കോടതിയുടെ മുഖത്തുനോക്കി പറഞ്ഞ് കാരാഗൃഹത്തിലേക്ക് നടന്നുകയറിയ ആ ധീരതയെ ഇന്ന് മണ്ണെണ്ണയും ചൂട്ടുമായി, സ്വന്തം ചരിത്രം ചാമ്പലാക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്ക് മനസിലാകില്ല. ""ഞങ്ങളെ ഒമ്പതുമാസം ശിക്ഷിച്ചു. അവിടെ ക്വാറന്റൈനില്‍ കോണകവും തൊപ്പിയുമായി ഞങ്ങളും കാലുറയുടുപ്പും തൊപ്പിയുമായി അബ്ദുള്‍റഹ്മാനും ഒന്നിച്ചിരുന്ന് ചകിരിതല്ലിയിരുന്ന ചിത്രം ഇപ്പോഴും എന്റെ കണ്‍മുന്നില്‍ ഇന്നലെ നടന്ന സംഭവംപോലെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരുദിവസം സംസാരിക്കുന്നതിനിടയ്ക്ക് ഞാന്‍ നൂല്‍നൂല്‍ക്കാനും മറന്നു. ആ സമയത്ത് പെട്ടെന്നുവന്ന ജയില്‍ സൂപ്രണ്ട് എന്നെ ശകാരിച്ചു. ഞാനങ്ങോട്ട് മറുപടിയും പറഞ്ഞു. അതിനെനിക്കുകിട്ടിയ ശിക്ഷ തൂക്കാന്‍ വിധിച്ചവരെയിടുന്ന മുറിയിലേക്കുള്ള മാറ്റമായിരുന്നു. കാലിന്മേല്‍ ചങ്ങലയും"". കാലിലും കൈയിലും ചങ്ങലയുമായി കണ്ടംഡ് സെല്ലില്‍ ഒറ്റയ്ക്കുകിടന്ന് കൃഷ്ണപിള്ള ജന്മി-നാടുവാഴിത്തത്തിനും കോളനിഭരണത്തിനുമെതിരെ പടനയിച്ചു. താന്‍ കോണ്‍ഗ്രസാണെന്ന് ഉറക്കെപ്പറഞ്ഞു. കാരാഗൃഹത്തിലും അതിലേക്കുള്ള വഴിയിലും ഇന്ന് കോണ്‍ഗ്രസുകാരുണ്ട്. നാടിനെ ഒറ്റുകൊടുത്ത് അഴിമതിയില്‍ ആറാടി പണം കുന്നുകൂട്ടിയവര്‍. അവര്‍ക്ക് മനസിലാകില്ല-ആരായിരുന്നു ഈ നാടിന് കൃഷ്ണപിള്ളയെന്ന്.

1931 ജൂലൈ ഏഴിന് ബോംബെയില്‍ ചേര്‍ന്ന എഐസിസി യോഗത്തില്‍ ഗാന്ധിജി അനുവാദം നല്‍കിയ സമരമായിരുന്നു കെ കേളപ്പനും കൃഷ്ണപിള്ളയും എ കെ ജിയും നയിച്ച ഗുരുവായൂര്‍ ക്ഷേത്രപ്രവേശനസത്യഗ്രഹം. ""അമ്പലത്തിന്റെ അകത്തുവച്ച് സാധുസംരക്ഷകനായ ഗുരുവായൂരപ്പന്റെ പേരില്‍ അദ്ദേഹത്തിന്റെ പവിത്രസന്നിധിയെ അശുദ്ധമാക്കാനൊരുങ്ങിപ്പുറപ്പെട്ട ചിലര്‍ ശ്രീമാന്‍ പി കൃഷ്ണപിള്ളയെ നിര്‍ദയം അടിക്കുകയുണ്ടായി. ശ്രീ. കൃഷ്ണപിള്ള ദീപാരാധന കഴിഞ്ഞയുടനെ അമ്പലത്തില്‍ കടന്ന് മണിയടിച്ച് തൊഴുതു. അതിനുള്ളിലെ ഒരു പട്ടരെ ഇത് കണക്കിലധികം ശുണ്ഠിപിടിപ്പിച്ചു. അയാള്‍ കണ്ണുകാട്ടിയതനുസരിച്ച് ഒരു നായര്‍ വന്ന് പിള്ളയുടെ ചെകിട്ടത്തും പുറത്തും ആങ്ങിയോങ്ങി അടിച്ചു. ഉടനെ വേറെയും ആളുകള്‍ വന്ന് അടിതുടങ്ങി. അവസാനം അദ്ദേഹത്തെ പിടിച്ചുതള്ളി പുറത്താക്കി"" (മാതൃഭൂമി 1931 ഡിസംബര്‍ 22). പിറ്റേന്നും കൃഷ്ണപിള്ള മണിയടിച്ചു; അക്രമികള്‍ അദ്ദേഹത്തിന്റെ പുറത്തടിച്ചു. ആ അടിയാണ് ഇന്നും തുടരുന്നത്. തല്ലുകൊള്ളുന്നതും രാഷ്ട്രീയ പ്രവര്‍ത്തനമായാണ് സഖാവ് കണ്ടത്. ആ തല്ലുകണ്ട് സമൂഹത്തിന്റെ നീതിബോധം ഉണരുമെന്ന് ആ വിപ്ലവകാരി വിശ്വസിച്ചു. ""കേരളത്തിലെ ദേശാഭിമാനികളും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ശ്രമിക്കുവാന്‍ ഒരുക്കവും ചോരത്തിളപ്പുമുള്ള യുവാക്കന്മാരും ദൃഷ്ടി ഈ വഴിക്ക് തിരിക്കേണ്ടതാകുന്നു. ഇതിനായി അവരെ ഗുരുവായൂരിലേക്ക് ക്ഷണിക്കുവാനാകുന്നു ഗുരുവായൂരമ്പലത്തില്‍ ക്ഷേത്രസേവനംചെയ്യുന്ന ചില രാക്ഷസന്മാരുടെ ഹസ്തങ്ങള്‍ക്ക് എന്റെ മുതുകിനെയും ചെകിടിനെയും സമര്‍പ്പിച്ചതെന്ന് ഞാനവരെ അറിയിച്ചുകൊള്ളുന്നു"" എന്ന് കൃഷ്ണപിള്ള എഴുതി(മാതൃഭൂമി 1931). കൃഷ്ണപിള്ളയുടെ ഓര്‍മകളും അങ്ങനെ സമര്‍പ്പിക്കപ്പെട്ടതാണെന്ന് പുത്തന്‍കോണ്‍ഗ്രസ് സംസ്കാരം കരുതുന്നുണ്ടാകും. പക്ഷേ, പൊറുക്കാനാവുമോ സഖാവിന്റെ പിന്‍ഗാമികള്‍ക്ക് ഈ ഹിസാത്മകതയെ?

ഇല്ല എന്നാണ്, പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ച് കേരളം മറുപടി നല്‍കിയത്. ചരിത്രം തിരിഞ്ഞുനടക്കാറില്ല. കോഴിക്കോട് കടപ്പുറത്ത്, നിരോധനം ലംഘിച്ച് മര്‍ദനമേറ്റുവാങ്ങി, "മഹാത്മാഗാന്ധീ കീ ജയ്, ഭാരത് മാതാ കീ ജയ്" എന്ന് മുഷ്ടിചുരുട്ടി മുദ്രാവാക്യം മുഴക്കിയ കൃഷ്ണപിള്ളയ്ക്ക് പകരംവയ്ക്കാന്‍ ഒരു കോണ്‍ഗ്രസുകാരന്‍ വേറെ ജനിച്ചിട്ടില്ല. കാരാഗൃഹങ്ങളും സമരവേദിയാക്കി കാലിനും കൈയ്ക്കും വിലങ്ങിട്ട് കാല്‍ച്ചങ്ങലയില്‍ ബന്ധിച്ച് ഏകാന്തത്തടവറയില്‍ ശരീരം തകര്‍ന്നിട്ടും കരളുറപ്പിളകാതെ നെഞ്ചുവിരച്ചു നില്‍ക്കാന്‍ സഖാവല്ലാതെ മറ്റൊരാളുണ്ടായിട്ടില്ല. മൊറാഴയിലെ സമരകാലം. കൃഷ്ണപിള്ള വളപട്ടണം പാലത്തിലൂടെ നടക്കുന്നു. രണ്ടുപേര്‍ വഴിതടഞ്ഞു. "എവിടുന്നു വരുന്നു, ആരെന്നുപറയണം"- ഭീഷണി. "ചോദിക്കാന്‍ താനാരാ"- സഖാവിന്റെ വെല്ലുവിളി. വഴിമുടക്കിയവര്‍ മാറിനിന്നു. ആ ചങ്കൂറ്റം ഇരുളിന്റെ മറവില്‍ വിഷപ്പാമ്പുകളായെത്തുന്ന പുത്തന്‍ കോണ്‍ഗ്രസുകാര്‍ക്ക് ചിന്തിക്കാനാവാത്തതാണ്. ""വാസ്തവത്തില്‍ കമ്മ്യൂണിസ്റ്റുകാരെ എതിര്‍ക്കുന്നവര്‍ കോണ്‍ഗ്രസിനെയാണ് തങ്ങളുടെ അജ്ഞതമൂലം എതിര്‍ക്കുന്നത്"" എന്ന് കൃഷ്ണപിള്ള പറഞ്ഞിട്ടുണ്ട്. എസ് വി ഘാട്ടെ എഴുതി: ""പാര്‍ടി കേന്ദ്രത്തില്‍നിന്നുള്ള സന്ദേശവുമായി ഞാന്‍ കോഴിക്കോട്ട് എത്തിയപ്പോള്‍ സമീപിച്ച സഖാക്കളെല്ലാംതന്നെ എന്നെ കൃഷ്ണപിള്ളയുടെ അടുത്തേക്ക് തിരിച്ചുവിട്ടു. അദ്ദേഹം വളരെ തിരക്കുള്ള ആളായിരുന്നു."" കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘാടകന്‍ ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ-സഖാവെന്ന്. കൃഷ്ണപിള്ളയും ഇ എം എസും ദാമോദരനും എന്‍ സി ശേഖറും കോഴിക്കോട് ആദ്യഘടകത്തിന് രൂപം നല്‍കിയ പ്രസ്ഥാനം ഇന്ന് കേരളത്തിന്റെ വികാരമാണ്; ശക്തിയാണ്. കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തിന് എന്തെല്ലാം നല്‍കിയോ അതിലെല്ലാം പതിഞ്ഞ വിരല്‍മുദ്ര സഖാക്കളുടെ സഖാവിന്റേതാണ്-കൃഷ്ണപിള്ളയുടേതാണ്. ആ കൃഷ്ണപിള്ളയെ ഒരു കല്‍പ്രതിമയായി കാണുന്നവരുടെ അജ്ഞത; അല്ലെങ്കില്‍ പ്രതിമ തകര്‍ക്കപ്പെട്ടാലുണ്ടാകുന്ന പ്രകോപനവും അതിലെ മുതലെടുപ്പുസാധ്യതകളും-അത്രയുമാകാം കണ്ണര്‍കാടിന്റെ മണല്‍പ്പരപ്പില്‍ ചരിത്രത്തിന്റെ ചാരം വീഴ്ത്തിയവരുടെ പ്രലോഭനം.

കേരളത്തിന്റെ പോരാട്ട ചൈതന്യത്തിന്റെ മൂര്‍ത്തിമദ്ഭാവമാണ് അവര്‍ തകര്‍ത്ത പ്രതിമയുടെ കണ്ണുകളിലെന്ന് തിരിച്ചറിയാത്ത അവിവേകം. ആരാണ് സഖാവ് എന്നറിയാത്ത ചാപല്യം. കണ്ണര്‍കാട് കൃഷ്ണപിള്ള ഇഷ്ടപ്പെട്ട ഒളിസങ്കേതമായിരുന്നു. 1948 ആഗസ്തില്‍ അവിടെയെത്തുമ്പോള്‍ പേര് രാമന്‍. ചെല്ലിക്കണ്ടത്തില്‍വീടും ഗൃഹനാഥന്‍ നാണപ്പനും അവിടത്തെ കട്ടിലും രാമന് സുപരിചിതം. രാത്രിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ എത്തി സുഖനിദ്രയിലായ "രാമ"നെ ഒരു മുരടനക്കത്തില്‍ മനസിലാക്കിയ നാണപ്പന്‍, പിതാവ് കുഞ്ഞുപിള്ള. ഒളിസങ്കേതത്തിന് കാവല്‍നിന്ന കണ്ണര്‍കാട് വാസു. സന്ദേശവാഹകനായിരുന്ന കൊച്ചുനാരായണന്‍. വിപ്ലവകാരികള്‍ ഒത്തുചേര്‍ന്ന് ആശയങ്ങള്‍ പങ്കുവച്ച മണല്‍പരപ്പും വായനശാലയും മരച്ചുവടുകളും. സ്മരണകള്‍ വിപ്ലവാവേശത്തിന്റെ തുടിപ്പായി കണ്ണര്‍കാട് അമരത്വം നേടിയിരിക്കുന്നു. ആ അമരത്വത്തിന്റെ പ്രതീകമാണ് കൃഷ്ണപിള്ള സ്മാരകം.

1948 ആഗസ്ത് പത്തൊമ്പതിന് രാവിലെയാണ്, ചെല്ലിക്കണ്ടത്തില്‍ വീട്ടില്‍ സഖാവിന് സര്‍പ്പദംശനമേറ്റത്. അരമണിക്കൂറിനകം മരണം. ചേതനയറ്റ ശരീരവുമായി, അത്ഭുതങ്ങള്‍ പ്രതീക്ഷിച്ച് സഖാക്കള്‍. മൈലുകളും മണിക്കൂറുകളും താണ്ടിയ അന്വേഷണം. നിരോധനത്തെ കൂസാതെ, അറസ്റ്റിനെ ഭയക്കാതെ പ്രിയ സഖാവിനെ അവസാനമായി കാണാന്‍ ഒഴുകിയെത്തിയ കമ്യൂണിസ്റ്റുകാര്‍; ജനങ്ങള്‍. ആലപ്പുഴയ്ക്ക് ഒന്നും മറക്കാനാവുന്നതല്ല. കേരളത്തിന്റെ രണസ്മരണകള്‍ മങ്ങിയിട്ടില്ല. കയ്യൂരിലും കരിവെള്ളൂരിലും പുന്നപ്രയിലും വയലാറിലും മനുഷ്യമോചനപ്പോരാട്ടത്തിന്റെ അഗ്നിസ്ഫുരണങ്ങള്‍ ഉണര്‍ന്നിരിക്കുന്ന ഏതുദേശത്തും സഖാവിന്റെ പാദസ്പര്‍ശമുണ്ടായിരുന്നു. അവിടങ്ങളില്‍ ആ സ്മരണ അണയാതെ കത്തുന്നുണ്ട്. വിപ്ലവകാരികള്‍ ജനങ്ങള്‍ക്കുവേണ്ടി മരിക്കാന്‍പോലും തയ്യാറാകണമെന്ന് സഖാവ് പറഞ്ഞു. പ്രിയപ്പെട്ടവരുടെ വേദനയിലും ത്യാഗങ്ങളിലും ആ കണ്ണ് നനഞ്ഞു. അനീതിക്കുമുന്നില്‍ ആ മുഷ്ടി ഉയര്‍ന്നു. """മുമ്പൊരിക്കലും കണ്ണീര്‍ പൊഴിക്കാത്ത ബോള്‍ഷെവിക് വീരനായ സഖാവും അന്ന് പരാജിതനാവുകയാണുണ്ടായത്. സഖാവിന്റെ കണ്ണിലും വെള്ളം നിറഞ്ഞു. ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. സഖാക്കളുടെ ബേജാറ് കണ്ടുനിന്ന കയ്യൂര്‍ സഖാക്കളാണ് വാസ്തവത്തില്‍ സഖാവിനെയും ജോഷിയെയും മറ്റും സമാധാനിപ്പിച്ച് ഉശിരുപിടിപ്പിച്ച് തിരിച്ചയച്ചത്."" കഴുമരത്തിനുമുന്നില്‍ പതറാതെ നിന്ന കയ്യൂര്‍ സഖാക്കള്‍ക്കുമുന്നില്‍ നിറഞ്ഞ ആ കണ്ണുകള്‍, ഗുരുവായൂരമ്പലത്തിലെ അനീതിക്കുനേരെ ജ്വലിക്കുകയായിരുന്നു. കെ പി ആര്‍ ഗോപാലന്റെ ജീവനെടുക്കാന്‍ വന്ന സാമ്രാജ്യത്വ നൃശംസതയോട് ആ മനസ്സിന് സന്ധിചെയ്യാനാവില്ലായിരുന്നു.

പ്രതിമ തകര്‍ത്താലും സ്മാരകം തീയിട്ടാലും അസ്തമിക്കുന്നതല്ല കേരളീയന്റെ ഹൃദയത്തില്‍ സഖാവ് എന്ന വികാരം. സഖാവിന്റെ സ്മാരകം തകര്‍ത്തവര്‍ ഏത് മാളത്തിലൊളിച്ചാലും ആത്മാഭിമാനമുള്ള കേരളീയന് പൊറുക്കാനാവില്ല അവരോട്. സഖാക്കളേ മുന്നോട്ട് എന്ന ആഹ്വാനം കൃഷ്ണപിള്ള ജൈവത്തായ പ്രസ്ഥാനത്തിന് നല്‍കിയ അന്ത്യസന്ദേശംമാത്രമല്ല-നാടിനെ ചലിപ്പിക്കാനുള്ള തേജസ്സുറ്റ ആഹ്വാനവുമാണ്. ആ സന്ദേശം കമ്യൂണിസ്റ്റുകാരന്റെ ഹൃദയതാളമാണ്. കണ്ണര്‍കാട്ടെ മണല്‍ത്തരികളോരോന്നും നമ്മോട് പറയുന്നുണ്ട്: ""സഖാക്കളേ മുന്നോട്ട്.""

*
പി എം മനോജ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 04 നവംബര്‍ 2013

No comments: