Saturday, November 30, 2013

യുഡിഎഫിന്റെ നവഉദാര അജന്‍ഡ

കേരള വികസന മേഖലകളിലോരോന്നിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ രൂപംനല്‍കിയ നയസമീപനങ്ങളും പരിപാടികളും തിരുത്തി ആഗോളവല്‍ക്കരണ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനാണ് കഴിഞ്ഞ രണ്ടരവര്‍ഷമായി യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. ഈ നടപടികളെ ദീര്‍ഘകാലത്തേക്കുള്ള ഒരു സമഗ്ര നവഉദാര അജന്‍ഡയായി രൂപപ്പെടുത്തുന്നതിനുള്ള പരിശ്രമമാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ "പദ്ധതി പരിപ്രേക്ഷ്യം 2030" എന്ന രേഖ. ഇടതുപക്ഷം മുന്നോട്ടുവച്ചതും കേരള സമൂഹത്തില്‍ പൊതുവില്‍ അംഗീകാരം നേടിവരുന്നതുമായ ജനകീയ വികസനകാഴ്ചപ്പാടിന് കടകവിരുദ്ധമാണ് യുഡിഎഫിന്റെ പരിപ്രേക്ഷ്യം.

സാമൂഹ്യ-ക്ഷേമ പുരോഗതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന് പുതിയൊരു വികസന അജന്‍ഡ വേണമെന്ന ആവശ്യം മുന്നോട്ടുവച്ചത് സിപിഐ എമ്മായിരുന്നു. ഇതു മുന്‍നിര്‍ത്തിയാണ് ഇ എം എസിന്റെ നേതൃത്വത്തില്‍ 1994ല്‍ അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. കേരളത്തിന്റെ സാമൂഹ്യക്ഷേമ നേട്ടങ്ങളെ സംരക്ഷിച്ച് സാമ്പത്തികവളര്‍ച്ചയുടെ വേഗം എങ്ങനെ ഉയര്‍ത്താം എന്നാണ് ആ പഠന കോണ്‍ഗ്രസ് അന്വേഷിച്ചത്. ആയിരത്തിലധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ട ഈ ബൃഹദ് സംവാദം രൂപംനല്‍കിയ വികസന അജന്‍ഡയായിരുന്നു 1996-2001 കാലത്തെ ജനകീയാസൂത്രണത്തിനും മറ്റു വികസന മുന്‍കൈകള്‍ക്കും പ്രേരകമായത്.

എണ്‍പതുകളുടെ അവസാനത്തോടെ കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ ഗതിവേഗം ഉയര്‍ന്നെന്ന പഠനങ്ങളും അക്കാലത്ത് പുറത്തുവന്നു. എഴുപതുകളിലെ നിശ്ചലാവസ്ഥയില്‍നിന്ന് എണ്‍പതുകളുടെ അവസാനംമുതല്‍ വളര്‍ച്ച ദേശീയ ശരാശരിയുടെ മുകളിലായി. പക്ഷേ, ഉപഭോക്തൃ സേവനങ്ങളെയും കെട്ടിട നിര്‍മാണത്തെയും ആസ്പദമാക്കിയായിരുന്നു ഈ വളര്‍ച്ച. ഉല്‍പ്പാദനമേഖലകളിലെ മുരടിപ്പ് തുടര്‍ന്നു. അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. ഈ ദൗര്‍ബല്യം മറികടക്കാനുള്ള അന്വേഷണമായിരുന്നു 2005ലെ രണ്ടാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്. ഈ പഠന കോണ്‍ഗ്രസ് ഒരു ദശാബ്ദംമുമ്പ് രൂപംനല്‍കിയ വികസനകാഴ്ചപ്പാടിനെ ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ പ്രതിബന്ധങ്ങള്‍കൂടി കണക്കിലെടുത്ത് കൂടുതല്‍ സമഗ്രമാക്കി: വിജ്ഞാനാധിഷ്ഠിതവും സേവന പ്രധാനവും വൈദഗ്ധ്യത്തിലൂന്നിയതും മൂല്യവര്‍ധിതവുമായ വ്യവസായനാളിലേക്ക് നാം തിരിയണം. ഈ ചുവടുമാറ്റത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ എത്രയുംവേഗം സൃഷ്ടിക്കണം. അതോടൊപ്പം കൃഷിയെയും പരമ്പരാഗത മേഖലകളെയും നവീകരിക്കുകയും ഇവിടങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക് സമ്പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും വേണം. പൊതുമേഖലയെ ശക്തിപ്പെടുത്തണം. വികസന പ്രക്രിയ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകണം. സ്ത്രീനീതി ഉറപ്പുവരുത്തണം. പൊതുവിദ്യാഭ്യാസ- ആരോഗ്യാദി സംവിധാനങ്ങളെ സംരക്ഷിക്കണം. ദാരിദ്ര്യത്തിന്റെ തുരുത്തുകള്‍ ഇല്ലാതാക്കണം. ഇതാണ് ഉരുത്തിരിഞ്ഞുവന്ന പുതിയ വികസനകാഴ്ചപ്പാട്. എന്നാല്‍, യുഡിഎഫിന്റെ "പദ്ധതി പരിപ്രേക്ഷ്യം 2030" സാമ്പത്തികവളര്‍ച്ചയുടെ അടിത്തറ പുതുക്കിപ്പണിയുന്നതിനുള്ള ഒറ്റമൂലിയായി കാണുന്നത് വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങളുടെ വാണിജ്യവല്‍ക്കരണമാണ്. സ്വാശ്രയ കോളേജുകളും സ്വകാര്യ ആശുപത്രികളും വളരുന്നുവെങ്കിലും മുഖ്യധാരാ ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങളുടെ ലക്ഷ്യം പൊതുജനങ്ങളുടെ വിദ്യാഭ്യാസവും ആരോഗ്യവുമാണ്. ലോക കമ്പോളം ലക്ഷ്യമിട്ട് ഈ മേഖലകളെ അഴിച്ചുപണിയണമത്രേ. മറ്റു സംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍നിന്നും ഉള്ളവര്‍ ചികിത്സയ്ക്കും പഠനത്തിനും കേരളത്തെ ആശ്രയിക്കണം. അതിനുവേണ്ടി നമ്മുടെ വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങളെ അന്തര്‍ദേശീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അഴിച്ചുപണിയുമെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ഇതിനായി അഞ്ച് ആഗോള വിദ്യാഭ്യാസ-ആരോഗ്യ ഹബ്ബുകള്‍ സ്ഥാപിക്കും. ഈ കേന്ദ്രങ്ങളിലേക്ക് വിദേശ സര്‍വകലാശാലകളെയും ബഹുരാഷ്ട്ര ആരോഗ്യ കുത്തകകളെയും നാടന്‍ നിക്ഷേപകരെയും ആകര്‍ഷിക്കും. ഇവിടെ സ്ഥാപിക്കപ്പെടുന്ന സ്ഥാപനങ്ങളെ നിയമംവഴി ഇന്ന് നിലനില്‍ക്കുന്ന വിവിധങ്ങളായ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കും. എല്ലാ ജില്ലകളിലും ഈ ആഗോളകേന്ദ്രങ്ങളുടെ ഉപകേന്ദ്രങ്ങള്‍ തുറക്കും. അങ്ങനെ 2030 ആകുമ്പോഴേക്കും വിദ്യാഭ്യാസ-ആരോഗ്യ മേഖലകള്‍ വാണിജ്യാടിസ്ഥാനത്തില്‍ അതിവേഗം വളരുന്ന മേഖലകളായി മാറും.

പ്രതിവര്‍ഷം 10 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ഇതുവഴി കേരളം വിജ്ഞാനസമൂഹമായി മാറും. ഇത് ഉല്‍പ്പാദനത്തുറകള്‍ക്ക് ഉത്തേജകമാകും. നാളിതുവരെ വിദ്യാഭ്യാസ- ആരോഗ്യ സംവിധാനങ്ങള്‍ സംബന്ധിച്ച് കേരളം പുലര്‍ത്തിപ്പോന്ന പുരോഗമന കാഴ്ചപ്പാടുകള്‍ക്ക് കടകവിരുദ്ധമാണ് യുഡിഎഫിന്റെ സമീപനം. സാമൂഹ്യനീതിയുടെയും മെറിറ്റിന്റെയും നിഷേധമായിരിക്കും വാണിജ്യവല്‍ക്കരണത്തിന്റെ അനന്തരഫലം. പൊതുവിദ്യാഭ്യാസ ആരോഗ്യമേഖലയുടെ സമ്പൂര്‍ണ തകര്‍ച്ചയുടെ ഫലമായി ജനങ്ങളുടെ വിദ്യാഭ്യാസ-ചികിത്സാവകാശങ്ങള്‍ നിഷേധിക്കപ്പെടും. കേരളത്തിന്റെ ജനാധിപത്യ സാംസ്കാരിക പാരമ്പര്യത്തിന്റെയും പൗരബോധത്തിന്റെയും കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഒരു നടപടിയായിരിക്കും അത്. കാര്‍ഷികമേഖലയ്ക്ക് പ്രതിവര്‍ഷം രണ്ടുശതമാനം വളര്‍ച്ചയേ യുഡിഎഫിന്റെ വികസന പരിപ്രേക്ഷ്യത്തില്‍ ലക്ഷ്യമിടുന്നുള്ളൂ. ദേശീയ ശരാശരിപോലും കേരളം ലക്ഷ്യംവയ്ക്കുന്നില്ല. കാര്‍ഷികമേഖലയോടുള്ള വലിയ അവഗണനയാണിത്. ഹൈടെക് കൃഷിരീതികള്‍, കൃഷിയുടെ സംരംഭകത്വവല്‍ക്കരണവും കമ്പനിവല്‍ക്കരണവും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍- ഇവയാണ് കാര്‍ഷിക പുരോഗതിയുടെ യുഡിഎഫ് മന്ത്രങ്ങള്‍. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില, കൃഷിഭൂമിയുടെ പട്ടയം, ഗ്രൂപ്പ് ഫാമിങ്, ലേബര്‍ ബാങ്കുപോലുള്ള കാര്‍ഷിക സംവിധാനങ്ങള്‍, സ്ഥല-ജല പരിപാലനം, നീര്‍ത്തടാസൂത്രണം തുടങ്ങിയ കാതലായ പ്രശ്നങ്ങളെ പരിപ്രേക്ഷ്യം 2030 അവഗണിക്കുന്നു. കേരളത്തിന്റെ കാര്‍ഷിക ഘടനയെയോ പ്ലാന്റേഷന്‍മേഖലയുടെയും പുരയിട കൃഷിയുടെയും പ്രത്യേകതകളെയോ പാരിസ്ഥിതിക പ്രശ്നങ്ങളെയോ കണക്കിലെടുക്കുന്നില്ല. സഹകരണമേഖലയെ കുത്തകവല്‍ക്കരിക്കാനാണ് ശ്രമം. രണ്ടായിരത്തിമുപ്പതാകുമ്പോള്‍ സംസ്ഥാന വരുമാനത്തില്‍ വ്യവസായത്തിന്റെ വിഹിതം എട്ട് ശതമാനത്തില്‍നിന്ന് 10 ശതമാനമായി ഉയര്‍ത്താനേ ലക്ഷ്യമിടുന്നുള്ളൂ. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ""സര്‍ക്കാര്‍ നേരിട്ടുള്ള ഉല്‍പ്പാദനത്തിലൂടെ സ്വകാര്യ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതില്‍നിന്ന് പിന്‍വാങ്ങണ""മെന്നും ""സര്‍ക്കാര്‍ കാര്യക്ഷമതയുള്ള റെഗുലേറ്ററും സഹായിയും"" ആയി മാറണമെന്നുമാണ് രേഖ വാദിക്കുന്നത്.

2030ല്‍ പൊതുമേഖല ഉണ്ടാകില്ല! പരമ്പരാഗതവ്യവസായങ്ങളുടെ നവീകരണത്തെക്കുറിച്ച് രേഖ വാചാലമാണെങ്കിലും കമ്പോളത്തിലെ ഞെരുക്കത്തെ അവഗണിക്കുന്നു; തൊഴില്‍രഹിതരാകുന്ന ലക്ഷങ്ങളുടെ സുരക്ഷിതത്വത്തെ പാടെ അവഗണിക്കുന്നു. ഊര്‍ജപ്രതിസന്ധിക്ക് പരിഹാരമായി കാണുന്നത് മുഖ്യമായി ഡിമാന്റ് മാനേജ്മെന്റാണ്. കേരളത്തിലെ ഊര്‍ജ ഉപഭോഗം ദേശീയ ശരാശരിയില്‍നിന്നുപോലും എത്രയോ താഴെയാണ്. അതുകൊണ്ട് ദുര്‍വ്യയം ഒഴിവാക്കുന്നതോടൊപ്പം ഊര്‍ജലഭ്യത ഗണ്യമായി ഉയര്‍ത്തിയേ തീരൂ. ഇപ്പോള്‍ ആവിഷ്കാരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കിയാല്‍പ്പോലും 2031ല്‍ കേരളം വൈദ്യുതി കമ്മിയെ നേരിടും. ഈ കമ്മി നികത്തുന്നതിന് പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളിലൂടെ കഴിയുമെന്നത് യാഥാര്‍ഥ്യബോധത്തോടെയുള്ള വിശകലനമല്ല. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മുന്നോട്ടുവച്ച ആശയമായിരുന്നു സമ്പൂര്‍ണ സാമൂഹ്യ സുരക്ഷിതത്വം. ജനനംമുതല്‍ മരണംവരെയുള്ള പൗരന്മാരുടെ ഓരോ ഘട്ടത്തിലും സുരക്ഷിതത്വത്തിന് സര്‍ക്കാര്‍ കൈത്താങ്ങായി മാറുംവിധം എല്ലാ സാമൂഹ്യക്ഷേമ-സുരക്ഷിതത്വ പരിപാടികളെയും കോര്‍ത്തിണക്കി ഒരു സമഗ്ര പരിപാടിക്ക് രൂപം നല്‍കാനായിരുന്നു ശ്രമം. ഇത്തരമൊരു കാഴ്ചപ്പാടേ യുഡിഎഫിന്റെ രേഖയിലില്ല. കമ്പോളത്തിനാണ് നിര്‍ണായക സ്ഥാനം.

ജനകീയാസൂത്രണത്തിന്റെയും കുടുംബശ്രീയുടെയും നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള കാഴ്ചപ്പാട് യുഡിഎഫ് പരിപ്രേക്ഷ്യത്തിലില്ല. ജനവിരുദ്ധമായ യുഡിഎഫിന്റെ വികലമായ വികസനകാഴ്ചപ്പാടിനെ ഈ സമ്മേളനം തള്ളിക്കളയുന്നു. ഒന്നും രണ്ടും കേരള പഠന കോണ്‍ഗ്രസുകളുടെ നിഗമനങ്ങളുടെയും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരുകളുടെ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ ബദല്‍നയങ്ങള്‍ കരുപ്പിടിപ്പിക്കാനും അവയ്ക്കായി പോരാടാനും എല്ലാ പുരോഗമനശക്തികളോടും ആഹ്വാനംചെയ്യുന്നു.

*
ദേശാഭിമാനി

No comments: