Sunday, November 24, 2013

ഗുജറാത്ത് എന്ന ഭയം, മോഡി എന്ന ഭീകരന്‍

ഇന്ന് ഗുജറാത്തെന്നു കേള്‍ക്കുമ്പോള്‍ ഗാന്ധിജിയെ ആരും ഓര്‍ക്കുന്നില്ല. ഗുജറാത്ത് എന്ന പേരുകേള്‍ക്കുമ്പോള്‍ ഓര്‍മയില്‍ നിറഞ്ഞിരുന്നത് ഗാന്ധിജിയുടെ മുഖമായിരുന്നു. വടിയുംകുത്തി മുട്ടുമറയ്ക്കാത്ത മുണ്ടുമായി നടന്നുനീങ്ങുന്ന ഗാന്ധിയില്‍നിന്ന് കാവിപുതച്ച് പകതുപ്പുന്ന വാക്കുകളുമായി മതവിദ്വേഷത്തിന് തീകൊളുത്തുന്ന നരേന്ദ്ര മോഡിയിലേക്കുള്ള ദൂരം അളന്നാല്‍ ഇന്നത്തെ ഗുജറാത്തിന്റെ ചിത്രം കിട്ടും. ഗാന്ധിയുടെ ഘാതകനായ ഗോഡ്സെയുടെ ശിഷ്യനായ നരേന്ദ്രമോഡിയാണ് ഇന്നത്തെ ഗുജറാത്തിന്റെ പ്രതീകം. ചോരയും കാവിയും പുരണ്ട ഗുജറാത്തിന്റെ മുഖം. അക്രമാസക്ത ഹിന്ദുത്വത്തിന്റെ ത്രിശൂലങ്ങള്‍; അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പിടഞ്ഞുമരിച്ച കുഞ്ഞുങ്ങള്‍; ഗുജറാത്തിന്റെ ഈ ഭീകരമുഖം ബോധപൂര്‍വം മറച്ച് വികാസ്പുരുഷനെയും വികസനത്തെയും കുറിച്ച് മാധ്യമ-കോര്‍പറേറ്റ് സഖ്യം വാടകക്കെടുത്ത നാക്കുകളുടെ പ്രചാരണമാണെങ്ങും നിറയുന്നത്. വിഷം പുരണ്ട കൈയെക്കുറിച്ചും കാറിനടിയില്‍പ്പെട്ട പട്ടിയെക്കുറിച്ചുമെല്ലാം പറഞ്ഞ് ഇപ്പോഴും മോഡി വാര്‍ത്തകളില്‍ സജീവമാണ്. ഓടുന്ന വണ്ടിക്കടിയില്‍പ്പെട്ട് നായ മരിക്കുന്നതിലുള്ള ഖേദംപോലും പ്രകടിപ്പിക്കാത്ത മോഡിയെ പ്രധാനമന്ത്രി പദത്തില്‍ വാഴിക്കാന്‍ സംഘപരിവാറും പുത്തന്‍ കോര്‍പറേറ്റുകളും കൈകോര്‍ക്കുന്ന വേളയില്‍ പത്തുവര്‍ഷംമുമ്പ് മാധ്യമങ്ങളില്‍ നിറഞ്ഞ തലക്കെട്ടാണ് ഓര്‍മയില്‍ വരുന്നത്: ""ഹീ ഇസ് സ്റ്റില്‍ എലൈവ്"".

റോയിട്ടറും ഇന്ത്യന്‍ എക്സ്പ്രസും 2002 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയായിരുന്നു അത്. അക്രമികളില്‍നിന്ന് രക്ഷപ്പെടാന്‍ കൂപ്പുകൈകളോടെ നിലവിളിക്കുന്ന കുത്ബുദ്ധീന്‍ അന്‍സാരിയെക്കുറിച്ചായിരുന്നു ആ വാര്‍ത്ത. ഫെബ്രുവരി 28-നാണ് അന്‍സാരി ഭീതിയോടെ നിലവിളിക്കുന്ന ചിത്രം റോയിട്ടര്‍ ഫോട്ടോഗ്രാഫര്‍ ആര്‍കോദത്ത പകര്‍ത്തിയത്. അന്ന് പട്ടാളത്തെ ഇടപെടുത്തി അന്‍സാരിയെ രക്ഷിച്ചതിന്റെയും പിന്നീട് പത്തുനാള്‍ കഴിഞ്ഞ് വീണ്ടും അയാള്‍ ജീവിച്ചിരിക്കുന്നുണ്ടോ എന്ന് തിരക്കി വിവരങ്ങള്‍ ശേഖരിച്ചതിന്റെയും വിശദാംശങ്ങളാണ് "അയാള്‍ ജീവിച്ചിരിക്കുന്നു" എന്ന തലക്കുറിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഉള്ളത്.

കുത്ബുദ്ധീന്‍ അന്‍സാരിയെ കാണുമ്പോള്‍ വായിച്ച, കേട്ട, ചാനലുകളില്‍ കണ്ട പഴയ ഓര്‍മകള്‍ വീണ്ടും കടന്നുവരുന്നു. പതിനൊന്ന് വര്‍ഷത്തിനുശേഷം കാണുമ്പോഴും അന്‍സാരിയുടെ കണ്ണുകളില്‍ പഴയഭാവം മാറിയോ. ഭീതിയും നിസ്സഹായതയും മാഞ്ഞുവോ. വാക്കുകളില്‍ കണ്ണുകളില്‍ ആത്മവിശ്വാസമുണ്ടോ. മാധ്യമപ്രവര്‍ത്തകരെ, ചാനല്‍ ക്യാമറകളെ കാണുമ്പോള്‍ തനിക്കിപ്പോഴും ഭയവും അസ്വസ്ഥതയുമാണെന്ന് തുറന്നു പറയുക മാത്രമല്ല അനിഷ്ടവും പേടിയും അന്‍സാരി പ്രകടിപ്പിക്കുന്നുമുണ്ട്. ഗുജറാത്തിയും ഹിന്ദിയും കലര്‍ത്തി സംസാരിക്കുന്ന അന്‍സാരി പഴയതൊന്നും ഓര്‍ക്കാനും പറയാനും ഇഷ്ടമില്ലെന്ന് കണ്ടപ്പോഴേ വ്യക്തമാക്കി. ഗുജറാത്ത് സര്‍വകലാശാലയില്‍ പത്രപ്രവര്‍ത്തനത്തില്‍ പിഎച്ച്ഡിക്ക് പഠിക്കുന്ന മലയാളി വിദ്യാര്‍ഥി, മലപ്പുറം അരീക്കോട്ടെ സഹീദ് റൂമിയും ഇരകള്‍ക്കായി പൊരുതുന ഗുജറാത്ത് സെന്റര്‍ഫോര്‍ ജസ്റ്റിസിലെ മുക്താര്‍ മുഹമ്മദും ചോദ്യങ്ങളുമായി എത്തിയപ്പോള്‍ അന്‍സാരി പതുക്കെ സംസാരിച്ചു.

കേരളംകണ്ട ആഹ്ലാദവും പ്രസാദവും ഉണര്‍വുമെല്ലാം അപ്പോള്‍ ആ ചെറുപ്പക്കാരനില്‍നിന്ന് വിട്ടകലുന്നതായി തോന്നി. പക്ഷേ വാക്കുകളില്‍ ഉറപ്പും നിശ്ചയബോധ്യവുമുണ്ട്. മതനിരപേക്ഷതയാണ് തന്റെ രാഷ്ട്രീയം, കക്ഷിരാഷ്ട്രീയമല്ല എന്ന് തുറന്നുപറഞ്ഞാണ് അന്‍സാരി സംസാരിക്കുന്നത്. സംഭാഷണത്തില്‍നിന്ന്:

""ഗുജറാത്തില്‍ സമാധാനവും ശാന്തിയും വികസനവും ഉണ്ടെന്ന് ഗുജറാത്തിന് പുറത്തുള്ളവരെയേ വിശ്വസിപ്പിക്കാനാകൂ. അവിടെയിന്നും പേടിയുടെ അന്തരീക്ഷമാണ്. ഗുജറാത്ത് എന്നെ ഇന്നും ഭയപ്പെടുത്തുന്നുണ്ട്. മോഡി പ്രധാനമന്ത്രിയാകുന്നത് ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണിയാണ്. അത് തടഞ്ഞില്ലെങ്കില്‍ നാളെ വലിയ വിലയും ജീവനുമാകും നഷ്ടമാവുക. എന്റെ 29-ാം വയസ്സിലാണ് ജീവിതത്തിലൊരിക്കലും മറക്കാത്ത ആ ക്രൂരസംഭവം അരങ്ങേറിയത്. 12 വര്‍ഷം കഴിഞ്ഞിട്ടും അതൊന്നും മറന്നിട്ടില്ല. ഓര്‍ക്കാനാഗ്രഹിച്ചിട്ടില്ല, പക്ഷേ മറക്കാനാവുന്നില്ലെന്നതാണ് സത്യം. റഹ്മത് നഗറിലും നരോദപാട്യത്തിലുമുയര്‍ന്ന നിലവിളിയും ചോരയും തീയുമൊന്നും മനസ്സില്‍ അണയാതെയുണ്ട്. അതിനി ആവര്‍ത്തിക്കാതിരിക്കണം.അതിനെനിക്കൊന്നേ പറയാനുള്ളൂ, ശാന്തിയുടെ സന്ദേശം എല്ലാവരിലുമെത്തിക്കുക.

അഹമ്മദാബാദിനടുത്ത് റഖിയാനിലെ റഹ്മത് നഗറിലായിരുന്നു ഞാന്‍ താമസം. റഹ്മത് നഗറില്‍ തയ്യല്‍ക്കാരനായിരുന്നു ഞാന്‍. അന്‍സാരിമാര്‍ ഗുജറാത്തില്‍ പരമ്പരാഗതമായി തുന്നല്‍ക്കാരാണ്. പ്രശസ്തമായ തുണിമില്ലുകാരുടെ കീഴിലായിരുന്നു പണി. ഉപ്പ നസിറുദ്ദീന്‍ അന്‍സാരിയും ഉമ്മ ബിസ്മില്ലാ ഭാനുവും അഞ്ച് സഹോദരങ്ങളും. ഭാര്യ താഹിറാബാനുവും മകള്‍ റുഖയ്യയും. ഉപ്പ മരിച്ചതോടെ എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി തയ്യല്‍പണിയിലേര്‍പ്പെടുകയായിരുന്നു. ഞങ്ങള്‍ താമസിക്കുന്നതിന് എതിര്‍ഭാഗത്ത് രാജേന്ദ്രപാര്‍ക്കില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. നരോദപാട്യ ഹൈവേക്കടുത്തുള്ള പ്രദേശങ്ങളാണിവ. എന്നാല്‍ എന്റെ ഓര്‍മയിലൊരിക്കലും കാര്യമായ കുഴപ്പം അവിടെയുണ്ടായിട്ടില്ല.

2002 ഫെബ്രുവരി 27-നാണ് അക്രമം കത്തിപ്പടരുന്നത്. റോഡരികിലെ ഫ്രന്റ്സ് ഓട്ടോമൊബൈല്‍സിന്റെ രണ്ടാംനിലയിലാണ് തയ്യല്‍ക്കട. അക്രമമുണ്ടാകുമെന്ന പേടിയില്‍ ഭാര്യയെയും മകളെയും നേരത്തെ അമ്മയുടെ അടുത്താക്കിയിരുന്നു. എന്നാല്‍ എനിക്ക് വെടിയേറ്റതായി കഥയറിഞ്ഞ് ഭാര്യ മകളുമായി തിരിച്ചുവന്നു. കുറേക്കഴിഞ്ഞാണ് തെരുവിലെങ്ങും തീവെപ്പും കൊള്ളിവെപ്പുമായി അക്രമം പടരുന്നത്. കെട്ടിടത്തിന് താഴത്തെ നിലയില്‍ തീയിടുന്നു. ആളുന്ന തീ, ചുറ്റും അക്രമികള്‍, ജയ് ശ്രീറാം വിളികളും അലര്‍ച്ചയും കരച്ചിലുമെല്ലാമായി പേടിപ്പെടുത്തുന്ന അന്തരീക്ഷം. അപ്പോഴേക്കും ഒരു പട്ടാളവണ്ടി പാഞ്ഞുവരുന്നുണ്ടായിരുന്നു. ഈയവസ്ഥയിലാണ് ഞാന്‍ പുറത്തിറങ്ങുന്നത്. കൈകൂപ്പി നിലവിളിക്കുന്ന എന്റെ ചിത്രം പട്ടാളവണ്ടിയിലുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തുന്നു. അതാണ് നിങ്ങളെല്ലാം കണ്ട എന്റെ ചിത്രം, കൈകൂപ്പി നിലവിളിച്ച് ജീവന് യാചിക്കുന്ന ചിത്രം. റോയിട്ടര്‍ ഫോട്ടോഗ്രാഫര്‍ ആര്‍കോദത്ത പകര്‍ത്തിയതാണത്. പടമെടുത്തശേഷം ഫോട്ടോഗ്രാഫറുമായി സൈന്യം വീണ്ടും തിരിച്ചുപോകുന്നു. കുറച്ചുദൂരം പോയശേഷമാണ് അവര്‍ തിരിച്ചുവന്നാണ് എന്നെയും കുടുംബത്തെയും രക്ഷിക്കുന്നത്. അന്ന് ദ്രുതകര്‍മസേനയില്‍പ്പെട്ട മലയാളിയായ പട്ടാളക്കാരനാണ് എന്നെ രക്ഷിച്ചത്. അതിനാല്‍ തന്നെ മലയാളി, കേരളം എല്ലാം എനിക്ക് മറക്കാനാവാത്തതാണ്.

റഹ്മത് നഗറിലെ എന്റെ തയ്യല്‍ക്കടക്കടുത്ത് കോഴിക്കോട്ടുകാരനായ അല്‍താഫ് ചായക്കട നടത്തിയിരുന്നു. അന്നത്തെ ഫോട്ടോ എന്നെ "പ്രശസ്തനാക്കി". പക്ഷേ അതോടെ ഭയവും അരക്ഷിതാവസ്ഥയുമേറി. ബാപ്പുനഗറിലെ ദുരിതാശ്വാസക്യാമ്പിലും പുറത്തുമെല്ലാം കാഴ്ചവസ്തുവായി. ഇത്തരമവസ്ഥയിലാണ് പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍ എനിക്കും കുടുംബത്തിനും സംരക്ഷണം തരാമെന്ന വാഗ്ദാനവുമായി വരുന്നത്. ബംഗാള്‍ ന്യൂനപക്ഷക്ഷേമമന്ത്രി മുഹമ്മദ് സലീമാണ് എല്ലാകാര്യങ്ങളും ഒരുക്കിത്തന്നത്. കൊല്‍ക്കത്തയില്‍ തയ്യല്‍ക്കടയും ഉപകരണങ്ങളും തന്നു; വീടും. അവിടെ ഒരു വര്‍ഷത്തോളമുള്ള ജീവിതത്തില്‍ വിഐപി പരിഗണനയായിരുന്നു. കാഴ്ചക്കാരുടെ പ്രവാഹമായിരുന്നു ഒരു പ്രശ്നം. എന്നാല്‍ ഒരു നേരിയ ഉപദ്രവംപോലും ബംഗാള്‍ ജീവിതകാലത്തുണ്ടായില്ല. സിനിമാനടി രൂപ്ഗാംഗുലിയടക്കം വന്ന് രാഖി കെട്ടിത്തന്ന അനുഭവവുമുണ്ട്.

ഉമ്മയ്ക്ക് അസുഖമായി കാണണമെന്ന ആഗ്രഹത്തിലാണ് ബംഗാള്‍ വിട്ടത്. കൊല്‍ക്കത്തയില്‍ ഉപയോഗിച്ച തയ്യല്‍യന്ത്രവും സാധനങ്ങളുമെല്ലാം സര്‍ക്കാര്‍ നേരിട്ടാണ് അഹമ്മദാബാദിലെത്തിച്ച് തന്നത്. മുഹമ്മദ്സലീം സാര്‍ ഈ പെരുന്നാളിനും വിളിച്ചിരുന്നു. ബംഗാള്‍ മറക്കാനാവാത്ത ഓര്‍മയാണിന്നും. 2002-ന് ശേഷം ശാന്തി അനുഭവിച്ച നാളുകളായിരുന്നു ആ ഒരുവര്‍ഷം. തിരിച്ചുവന്നപ്പോള്‍ കുഴപ്പമൊന്നുമില്ല. എങ്കിലും വല്ലാത്ത വേര്‍തിരിവ് എവിടെയും പ്രകടമാണ്. പലരും വല്ലാത്ത അകല്‍ച്ച കാട്ടുന്നു. വെള്ളവും വീടുമൊന്നുമില്ലാത്തവര്‍ ഞങ്ങളുടെ നാട്ടിലേറെയാണ്. എന്നാല്‍ മോഡി പറയുന്നതാണ് പുറത്തുകേള്‍ക്കുന്നത്. മോഡിക്കെതിരെ പറയാനല്ല ഞാന്‍ കേരളത്തില്‍ വന്നത്, സത്യം പറയാനാണ്. മോഡി പ്രധാനമന്ത്രിയാല്‍ ഇന്ത്യക്കാരനുഭവിക്കേണ്ടിവരും, ഇന്ത്യയാകെ ഗുജറാത്താകരുതെന്ന ആഗ്രഹമേ എനിക്കുള്ളു. സദ്ഭാവനയുമായി നടന്നാലൊന്നും ഞങ്ങള്‍ വിശ്വസിക്കില്ല. ഞങ്ങള്‍ക്ക് അനുഭവമാണ് വലുത്""- കുത്ബുദ്ധീന്‍ പറയുന്നു.

*
കുത്ബുദ്ധീന്‍ അന്‍സാരി / പി വി ജീജോ ദേശാഭിമാനി വാരിക

No comments: