Tuesday, November 19, 2013

ഭക്ഷ്യസുരക്ഷയും ജനങ്ങളും

പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ 2009 ജൂണ്‍ നാലിനാണ് ഭക്ഷ്യസുരക്ഷാ നിയമം ഉടന്‍ അംഗീകരിക്കുമെന്ന് രാഷ്ട്രപതിയെക്കൊണ്ട് പ്രസംഗിപ്പിച്ചത്. പക്ഷേ, നിയമനിര്‍മാണ നടപടികള്‍, മനഃപൂര്‍വമെന്നുതോന്നുംവിധം, അനന്തമായി നീട്ടിക്കൊണ്ടുപോയി. നാലരവര്‍ഷത്തിനുശേഷം 2013 ഒക്ടോബര്‍ 30ന് ദേശീയ ഭക്ഷ്യസുരക്ഷാനിയമം നിലവില്‍വന്നു. വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ഭക്ഷ്യസുരക്ഷാ നിയമം അംഗീകരിച്ചതെന്ന വിമര്‍ശം പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.

രാഷ്ട്രീയലക്ഷ്യം എന്തുതന്നെയായാലും നിയമത്തിന്റെ ഉള്ളടക്കം ഗൗരവതരമായ പരിശോധനയ്ക്ക് വിധേയമാകണം. പ്രധാന ചോദ്യം, എല്ലാവര്‍ക്കും ആവശ്യത്തിന് ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങള്‍ കുറഞ്ഞ ചെലവില്‍ എല്ലായ്പ്പോഴും ലഭ്യമാക്കാന്‍ നിയമം പര്യാപ്തമാണോ എന്നതാണ്.

ഭക്ഷ്യസുരക്ഷാ നിയമം ജനങ്ങളെ രണ്ടുവിഭാഗങ്ങളായി തിരിക്കുന്നു: മുന്‍ഗണനാവിഭാഗവും അതല്ലാത്തതും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന ഗ്രാമീണജനസംഖ്യയില്‍ 75 ശതമാനത്തിനും പട്ടണത്തിലെ 50 ശതമാനത്തിനും പ്രതിമാസം അഞ്ചുകിലോവീതം, മൂന്നുരൂപയ്ക്ക് അരിയും രണ്ടുരൂപയ്ക്ക് ഗോതമ്പും ഒരു രൂപയ്ക്ക് പരുക്കന്‍ ധാന്യങ്ങളും നിയമം വ്യവസ്ഥചെയ്യുന്നു. 81 കോടി ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. അവശേഷിക്കുന്ന 41 കോടി ഇന്ത്യക്കാര്‍ക്ക് ഒരു പ്രയോജനവും ലഭിക്കില്ല എന്നര്‍ഥം. ബിപിഎല്‍- എപിഎല്‍ എന്ന് ജനങ്ങളെ രണ്ടുതട്ടായി തിരിച്ചത് 1997 മുതലാണ്. സബ്സിഡി ചെലവുചുരുക്കുകയായിരുന്നു ലക്ഷ്യം. ആ വിഭജനം ഭക്ഷ്യസുരക്ഷാ നിയമത്തിലും നിലനിര്‍ത്തി. ഒരു വ്യത്യാസംമാത്രം. എപിഎല്‍കാര്‍ക്ക് കുറഞ്ഞനിരക്കില്‍ അരിയും ഗോതമ്പും മണ്ണെണ്ണയും ലഭിച്ചുവരുന്നുണ്ട്. ഇനിമേല്‍ അതുണ്ടാകില്ല. എപിഎല്‍ വിഭാഗം പൂര്‍ണമായും പൊതുവിതരണസമ്പ്രദായത്തിന് പുറത്താകും. എല്ലാവര്‍ക്കും ആവശ്യത്തിന് ഭക്ഷ്യധാന്യം എന്ന ലക്ഷ്യത്തിന് അതോടെ അന്ത്യമാകും. ആരോഗ്യശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്നത് ഗ്രാമീണന് പ്രതിദിനം 2300 കലോറി ഭക്ഷ്യ ഊര്‍ജമെങ്കിലും കിട്ടണമെന്നാണ്. പട്ടണവാസിക്ക് 2100 ഉം. 100 ഗ്രാം അരിയില്‍നിന്ന് ലഭിക്കുക 120 കലോറി ഭക്ഷ്യ ഊര്‍ജമാണ്. അപ്പോള്‍ അഞ്ചുകിലോഗ്രാം അല്ലെങ്കില്‍ 5000 ഗ്രാം അരിയില്‍നിന്ന് ലഭിക്കുക 6000 കലോറി ഭക്ഷ്യ ഊര്‍ജം. അഥവാ, പ്രതിദിനം 200 കലോറി ഭക്ഷ്യ ഊര്‍ജം. ചോറും ചപ്പാത്തിയും ഒപ്പം ഭക്ഷിക്കുമെങ്കില്‍ കൂടുതലായി 333 കലോറി ഭക്ഷ്യ ഊര്‍ജം ലഭിക്കും. 100 ഗ്രാം ഗോതമ്പില്‍നിന്ന് 200 കലോറി ഭക്ഷ്യ ഊര്‍ജം കിട്ടുന്നതുകൊണ്ടാണ് ഈ വര്‍ധന. പക്ഷേ, രണ്ടും തുല്യ അളവില്‍ ചേര്‍ന്ന ഭക്ഷണമല്ല കേരളീയന്റേത്. അരിയാണ് മുഖ്യ ആഹാരം. അഞ്ചുകിലോഗ്രാം അരിയില്‍നിന്ന് ആരോഗ്യശാസ്ത്രജ്ഞന്മാര്‍ നിര്‍ദേശിക്കുന്നതിന്റെ എത്രയോ കുറവുമാത്രം ഭക്ഷ്യ ഊര്‍ജമാണ് കിട്ടുക!

സന്ദേശം വളരെ വ്യക്തമാണ്. ഭക്ഷ്യധാന്യംകൊണ്ടുമാത്രം ജനങ്ങളുടെ പോഷകാഹാരക്കുറവ് പരിഹൃതമാവുകയില്ല. ചോറും ചപ്പാത്തിയും ഭക്ഷണത്തില്‍ ഒരുഭാഗംമാത്രമാണ്. ധാന്യേതര പദാര്‍ഥങ്ങളാണ് മറുഭാഗം. പോഷകമൂല്യവും ഉയര്‍ന്ന കലോറിയും നല്‍കുന്നവയാണ് പച്ചക്കറികളും പഴങ്ങളും പയറും പഞ്ചസാരയും എണ്ണയും ഇറച്ചിയും മത്സ്യവും പാലും മുട്ടയും മറ്റും. ഇന്ന് അവയെല്ലാം പണമുള്ളവരുടെ ഭക്ഷണ ഇനങ്ങളാണ്. അവ സാധാരണക്കാര്‍ക്കും ലഭ്യമാകണം. എങ്കില്‍മാത്രമേ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നം- പോഷകാഹാരക്കുറവും തജ്ജന്യമായ രോഗങ്ങളും മറ്റും- പരിഹരിക്കപ്പെടൂ. യൂണിസെഫിന്റെ ഒടുവിലത്തെ പഠനപ്രകാരം ഇന്ത്യയില്‍ മൂന്നിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ 50 ശതമാനത്തിനും പ്രായത്തിനൊത്ത തൂക്കമില്ല. പുതുതായി ജനിക്കുന്ന കുഞ്ഞുങ്ങളില്‍ 30 ശതമാനവും തൂക്കക്കുറവോടെയാണ് ജനിക്കുന്നത്. 50 ശതമാനം സ്ത്രീകളും 74 ശതമാനം കുഞ്ഞുങ്ങളും വിളര്‍ച്ചരോഗബാധിതരാണ്. അരിയും ഗോതമ്പും തിന്ന് പരിഹരിക്കാവുന്നതല്ല പോഷകാഹാരക്കുറവ്. പച്ചക്കറികള്‍, പയര്‍, പഞ്ചസാര, എണ്ണ, പാല്‍ തുടങ്ങിയവ കുറഞ്ഞനിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ക്കൊപ്പം വിതരണംചെയ്യണം. അതിനു പക്ഷേ, ഭക്ഷ്യസുരക്ഷാ നിയമത്തില്‍ വ്യവസ്ഥയില്ല. ഗര്‍ഭിണികള്‍ക്ക് വേണ്ടത്ര പോഷകാഹാരം ലഭിക്കായ്ക കുഞ്ഞുങ്ങളുടെ തൂക്കത്തെയും വളര്‍ച്ചയെയും ബാധിക്കും.

വിദ്യാഭ്യാസ- ആരോഗ്യ- സാമ്പത്തിക കാര്യങ്ങളില്‍ കടുത്ത സ്ത്രീ- പുരുഷ അസമത്വമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്ന് ഗ്ലോബല്‍ ഇക്കണോമിക് ഫോറം പുറത്തുവിട്ട ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 136 രാജ്യങ്ങളെ വിലയിരുത്തിയതില്‍ ഇന്ത്യ 101-ാം സ്ഥാനത്താണ്. സ്ത്രീ- പുരുഷ അസമത്വം സംബന്ധിച്ച നാലു സൂചകങ്ങളില്‍ രാഷ്ട്രീയ ശാക്തീകരണത്തില്‍ ഒമ്പതാംസ്ഥാനത്താണ് രാജ്യം. വിദ്യാഭ്യാസത്തില്‍ പക്ഷേ 120-ാം സ്ഥാനത്തും. സാമ്പത്തിക പങ്കാളിത്തത്തില്‍ 124-ാം സ്ഥാനത്തും ആരോഗ്യത്തില്‍ 135-ാം സ്ഥാനത്തുമാണ്. ഫുഡ്പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സ് പ്രകാരം ആഗോള വിശപ്പു സൂചികയുടെ കാര്യത്തില്‍ 120 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 63-ാം സ്ഥാനത്ത് നില്‍ക്കുന്നു. പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ചൈനയുടെയും പിന്നില്‍. വിശന്നുപൊരിയുന്ന കോടിക്കണക്കിനു ജനങ്ങള്‍ വസിക്കുന്ന രാജ്യമാണ് ഇന്ത്യ. "ആശങ്കാജനക"മാണ് രാജ്യത്തെ വിശപ്പിന്റെ സ്ഥിതിയെന്ന് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. ദേശീയവരുമാനത്തെക്കുറിച്ചും ഓഹരി വിലസൂചികയെപ്പറ്റിയും വിദേശ മൂലധനത്തെക്കുറിച്ചും വീറോടെ സംസാരിക്കുമ്പോഴും ഇന്ത്യക്കൊരു മറുവശമുണ്ട്. വിശപ്പും പോഷകാഹാരക്കുറവും രോഗാതുരതയും വേട്ടയാടുന്ന കറുത്ത ഇന്ത്യ! പ്രശ്നത്തിന്റെ അരികുപോലും സ്പര്‍ശിക്കാന്‍ ഭക്ഷ്യസുരക്ഷാ നിയമത്തിനാവുകയില്ല. വരുമാനം കുറഞ്ഞവര്‍ക്കും ധാന്യേതര വസ്തുക്കള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കേണ്ടത് ആവശ്യമാണ്. കൂടുതലായി അവ ഉല്‍പ്പാദിപ്പിക്കുകയും സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ക്കൊപ്പം ലഭ്യമാക്കുകയും വേണം. ഭക്ഷ്യസുരക്ഷയുടെ അവിഭാജ്യഭാഗമാണത്. പക്ഷേ, അതേക്കുറിച്ച് ഭക്ഷ്യസുരക്ഷാ നിയമം മൗനംപാലിക്കുന്നു.

സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാനാകാത്തവിധം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഒക്ടോബറില്‍ പച്ചക്കറി സാധനങ്ങളുടെ വില മുന്‍മാസത്തെ അപേക്ഷിച്ച് 89 ശതമാനം ഉയര്‍ന്നു. ഉള്ളിവില 323 ശതമാനമാണ് ഉയര്‍ന്നത്. ധാന്യങ്ങളുടെയും ധാന്യോല്‍പ്പന്നങ്ങളുടെയും ഉപഭോക്തൃ വിലസൂചിക 2012 ആഗസ്തില്‍ 115 ആയിരുന്നത് 2013 ആഗസ്തില്‍ 131.2 ആയി. പച്ചക്കറി സാധനങ്ങളുടെ വിലസൂചിക 137.1ല്‍ നിന്ന് 173.4 ആയി. വിലനിയന്ത്രണം ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമാക്കുന്നില്ല എന്നത് നിയമത്തിന്റെ പ്രധാന പോരായ്മകളിലൊന്നാണ്. എല്ലായ്പ്പോഴും സബ്സിഡി നിരക്കില്‍ അരിയും ഗോതമ്പും ലഭിക്കുന്നതിന് ഭക്ഷ്യസുരക്ഷാനിയമം വ്യവസ്ഥചെയ്യുന്നില്ല. മൂന്നുകൊല്ലത്തേക്കാണ് സബ്സിഡി നിരക്കില്‍ വിതരണം. മൂന്നുകൊല്ലം കഴിഞ്ഞാല്‍ വിലകള്‍ അതതു സമയം കേന്ദ്രസര്‍ക്കാര്‍ പുതുക്കി നിശ്ചയിക്കും. കുറഞ്ഞ താങ്ങുവിലയേക്കാള്‍ കൂടരുതെന്ന് വ്യവസ്ഥചെയ്തിട്ടുണ്ട്. അരിയുടെ ഇപ്പോഴത്തെ താങ്ങുവില ക്വിന്റലിന് 1250 രൂപയാണ്. അതായത്, കിലോയ്ക്ക് 12.50 രൂപ. ഗോതമ്പിന്റേത് കിലോയ്ക്ക് 12.85 രൂപയും. ഓരോ സീസണിലും ഉല്‍പ്പാദനച്ചെലവ് വര്‍ധനയ്ക്കനുസരിച്ച് താങ്ങുവിലയും ഉയര്‍ത്തും. ഇതിനര്‍ഥം സബ്സിഡിനിരക്ക് താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്; ഉയര്‍ന്ന വില നല്‍കാന്‍ മുന്‍ഗണനാ കുടുംബങ്ങള്‍ തയ്യാറായിരിക്കണം. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ കേന്ദ്രം കോടികള്‍ ചെലവിടുന്നു എന്ന് കരുതുന്നവര്‍ക്ക് തെറ്റി. സാമ്പത്തിക ബാധ്യത സംബന്ധിച്ച് നിയമത്തില്‍ വിശദീകരണമുണ്ട്. ആകെ ചെലവ് 1,24,747 കോടി രൂപയാണ്. നിലവില്‍ പൊതുവിതരണത്തിനും മറ്റുക്ഷേമപദ്ധതികള്‍ക്കുമായി കേന്ദ്രം 1,00,953 കോടി രൂപ ചെലവിടുന്നുണ്ട്. അപ്പോള്‍ അധികബാധ്യത 23,794 കോടി രൂപമാത്രം. കേന്ദ്ര സാമ്പത്തിക സര്‍വേപ്രകാരം 2011-12ല്‍ മാത്രം കോര്‍പറേറ്റ് നികുതി ഇനത്തില്‍ നല്‍കിയ ഇളവ് 51,292 കോടി രൂപയാണ്. കുത്തകകള്‍ക്ക് നല്‍കിയ കോര്‍പറേറ്റ് നികുതി ഇളവിന്റെ 46 ശതമാനമേ വരൂ ഭക്ഷ്യസുക്ഷാനിയമംമൂലമുള്ള അധികബാധ്യത!

ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കുറഞ്ഞനിരക്കില്‍ ഭക്ഷ്യധാന്യവിതരണം നിലവിലുണ്ട്. തമിഴ്നാട്ടില്‍ 1967 മുതല്‍ ഒരു രൂപ നിരക്കില്‍ അരി നല്‍കുന്നു. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ രണ്ടുരൂപയ്ക്ക് അരിവിതരണം ആരംഭിച്ചിരുന്നു. പല സംസ്ഥാനങ്ങളും കുറ്റമറ്റരീതിയില്‍ നടപ്പാക്കിവരുന്ന പദ്ധതിയാണ് കേന്ദ്രം സയോജിപ്പിച്ച് കേന്ദ്രപദ്ധതിയായി കൊട്ടിഘോഷിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. നൂറ്റി ഇരുപതു കോടി ജനങ്ങളെ പ്രതിനിധാനംചെയ്യുന്ന 543 അംഗ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി, ഇന്ത്യയുടെ രാഷ്ട്രപതി ഒപ്പുവച്ച നിയമത്തിന് സാധൂകരണം കിട്ടണമെങ്കില്‍ ഡിസംബറില്‍ ബാലിയില്‍ ചേരുന്ന ഡബ്ല്യുടിഒ മന്ത്രിതലയോഗത്തിന്റെ അനുമതി വേണം. ഡബ്ല്യുടിഒ കരാറിന്റെ ദുരന്തമാണത്. കരാര്‍ ഇന്ത്യയുടെ പരമാധികാരം നഷ്ടപ്പെടുത്തുമെന്ന ഇടതുപക്ഷത്തിന്റെ വിമര്‍ശം തള്ളിക്കളഞ്ഞവര്‍ക്ക് ഇപ്പോള്‍ സത്യം ബോധ്യമാകുന്നുണ്ട്.

കാര്‍ഷികോല്‍പ്പാദനത്തിന്റെ പത്തുശതമാനത്തില്‍ കൂടരുത് സബ്സിഡി എന്നാണ് ഡബ്ല്യുടിഒ കരാറിന്റെ ഭാഗമായ കാര്‍ഷിക ഉടമ്പടിയുടെ അന്തഃസത്ത. ഗൃഹപാഠം തെറ്റിച്ച വിദ്യാര്‍ഥി ക്ലാസുമുറിയില്‍ കൈയുംകെട്ടി നില്‍ക്കുംപോലെ കെ വി തോമസും ആനന്ദ്ശര്‍മയും നില്‍ക്കുന്ന കാഴ്ച ഇന്ത്യക്കാര്‍ക്ക് കാണാം. സബ്സിഡി പത്തുശതമാനം കവിയാതെ നോക്കുമെന്നും ഭക്ഷ്യധാന്യ കയറ്റുമതി വര്‍ധിപ്പിക്കുമെന്നും അവരവിടെ വിശദീകരിക്കും. അതുകേട്ട് വിധികല്‍പ്പിക്കാനുള്ള ഡബ്ല്യുടിഒ മന്ത്രിതല സമിതിയില്‍ കൃഷിക്കാര്‍ക്കുള്ള സബ്സിഡി 1995ലെ 6100 കോടി ഡോളറില്‍നിന്ന് 2010ല്‍ 13,000 കോടിയായി വര്‍ധിപ്പിച്ച അമേരിക്കയുമുണ്ടാകും!

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍

No comments: