Saturday, November 30, 2013

കൊള്ളയ്ക്ക് ആധാറും ആയുധമോ?

സാധാരണക്കാരന്റെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനുള്ള ശുഷ്കാന്തി കുപ്രസിദ്ധമാണ്. നിയമം സാധാരണക്കാരന്റെ രക്ഷയ്ക്കെത്തിയാല്‍ അത് മറികടന്നും ജനവിരുദ്ധനീക്കങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്ന് കേന്ദ്രഭരണാധികാരികള്‍ പലകുറി തെളിയിച്ചിട്ടുണ്ട്. അത് അരക്കിട്ടുറപ്പിക്കുന്ന നടപടികളാണ് വിവിധ സാമ്പത്തികാനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് അടിച്ചേല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധതയെക്കുറിച്ച് എവിടെയെങ്കിലും അല്‍പ്പം സംശയം അവശേഷിച്ചിരുന്നെങ്കില്‍ അതുകൂടി നീക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് പെട്രോളിയം മന്ത്രാലയം നല്‍കിയ നിര്‍ദേശം പര്യാപ്തമായി. പാചകവാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നടപടികളില്‍നിന്ന് പിന്തിരിയരുതെന്നും നടപടികളുമായി മുന്നോട്ടുപോകണമെന്നുമാണ് ഏറ്റവുമൊടുവിലത്തെ നിര്‍ദേശം. സുപ്രീംകോടതി ഉത്തരവ് മറികടന്നാണ് ഇതെന്നോര്‍ക്കണം. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന രാജ്യത്തെ ഉന്നതനീതിപീഠത്തിന്റെ ഉത്തരവ് നിലനില്‍ക്കെയാണ് ജനങ്ങളെ ഏതുവിധേനയും പിഴിയാന്‍ കേന്ദ്രം വഴിതേടുന്നത്.

നവംബര്‍ മുപ്പതിനകം സബ്സിഡി എല്‍പിജി വിതരണത്തെ ആധാര്‍ നമ്പരുമായി ബന്ധപ്പെടുത്താന്‍ കേന്ദ്രം അന്ത്യശാസനം നല്‍കിയിരുന്നു. ഇങ്ങനെ ചെയ്യാത്ത ഉപയോക്താവിന് സബ്സിഡി നിഷേധിക്കുമെന്നും പ്രഖ്യാപിച്ചു. കേന്ദ്രനീക്കത്തിന്റെ ചുവടുപിടിച്ച് സബ്സിഡിയോടെയുള്ള എല്‍പിജി വിതരണം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു എണ്ണക്കമ്പനികള്‍. ജനസംഖ്യയുടെ 25 ശതമാനത്തിലും താഴെപ്പേര്‍ക്കു മാത്രമാണ് ആധാര്‍ കാര്‍ഡ് ലഭ്യമായതെന്ന യാഥാര്‍ഥ്യം കേന്ദ്രം പരിഗണിക്കുന്നില്ല. 52 കോടി പേര്‍ കാര്‍ഡിനായി പേര് രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. ഇവര്‍ക്കെല്ലാം എന്ന് കാര്‍ഡ് ലഭിക്കുമെന്ന് ആര്‍ക്കും ഉറപ്പില്ല. ഈ സാഹചര്യമൊന്നും ആധാര്‍ കൂടിയേ തീരൂ എന്ന നിലപാടില്‍നിന്ന് കേന്ദ്രത്തെ പിന്തിരിപ്പിക്കുന്നില്ല. സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ച് ആധാര്‍ കാര്‍ഡ് തയ്യാറാക്കുന്നതിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ആധാര്‍ പൗരന്റെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും നിരീക്ഷിച്ചു. നിയമംമൂലമല്ലാതെ ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, കോണ്‍ഗ്രസ് നേതൃത്വമോ യുപിഎ സര്‍ക്കാരോ ഇതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ല.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ആധാര്‍ നിയമനിര്‍മാണത്തിനുള്ള നീക്കത്തിലാണ് കേന്ദ്രം. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്, സബ്സിഡിയോടെ പാചകവാതകം വേണോ? എങ്കില്‍ ആധാര്‍ വേണമെന്ന കടുത്ത നിലപാടിലേക്ക് പെട്രോളിയം മന്ത്രാലയം നീങ്ങുന്നത്. ആധാര്‍ നിയമവിധേയമാക്കാന്‍ "നാഷണല്‍ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ" ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപംനല്‍കി കഴിഞ്ഞു. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി പരിഗണിച്ച ബില്‍ ഭേദഗതികളോടെ രാജ്യസഭയില്‍ അവതരിപ്പിക്കും. ഈ ബില്ലിലെ വ്യവസ്ഥകള്‍ നിരാകരിക്കുന്നതാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. എന്നിട്ടും സര്‍ക്കാരിന് കുലുക്കമില്ല. ശീതകാല സമ്മേളനത്തില്‍ത്തന്നെ ബില്‍ കൊണ്ടുവരുമെന്ന് ആസൂത്രണ കമീഷന്‍ വ്യക്തമാക്കിയതുമാണ്. ഗ്യാസ് സിലിന്‍ഡറിന് സബ്സിഡി കിഴിച്ച തുകയാണ് ഇപ്പോള്‍ ഉപയോക്താവ് ഏജന്‍സിക്ക് നല്‍കേണ്ടത്. ഇത് ശരാശരി 450 രൂപ വരും. പുതിയ നിബന്ധനയനുസരിച്ച് ഉപയോക്താവ് മുഴുവന്‍ തുകയും നല്‍കുമ്പോള്‍ ഗ്യാസ് വിലയ്ക്കു പുറമെ 12 ശതമാനമെന്ന തോതില്‍ നികുതിയും ഈടാക്കും. സര്‍ചാര്‍ജ്, ബാങ്ക് സര്‍വീസ് ചാര്‍ജ് എന്നിങ്ങനെ പലവിധത്തില്‍ പണം നല്‍കാന്‍ ഉപയോക്താവ് നിര്‍ബന്ധിതനാകും. പാചകവാതകത്തിന്റെ വിലവര്‍ധനയ്ക്കൊപ്പമാണ് ഈ അധികഭാരം അടിച്ചേല്‍പ്പിക്കല്‍. ഇതിനകം ആധാര്‍ ലിങ്ക് ചെയ്തവര്‍ക്ക് 50 രൂപ മുതല്‍ മുകളിലോട്ട് ഓരോ സിലിന്‍ഡറിനും അധികച്ചെലവ് വരുന്നതായാണ് അനുഭവം. സബ്സിഡികള്‍ ഒഴിവാക്കി എല്ലാം കമ്പോളശക്തികള്‍ക്ക് വിട്ടുകൊടുക്കുകയെന്ന നയത്തിന്റെ ഫലമാണ് ഇതെല്ലാം. നവ ഉദാരവല്‍ക്കരണനയങ്ങളുടെ പ്രത്യാഘാതമാണ് ഇത്. ആനുകൂല്യങ്ങളും അവകാശങ്ങളും എങ്ങനെ ലഭ്യമാക്കുമെന്നല്ല, അവ എങ്ങനെ നിഷേധിക്കാനാകുമെന്നാണ് ഭരണാധികാരികള്‍ തിരയുന്നത്. അതുകൊണ്ടാണ് എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കുകപോലും ചെയ്യാതെ, സബ്സിഡി തരാന്‍ സാധ്യമല്ലെന്ന് എണ്ണക്കമ്പനികളെക്കൊണ്ട് സര്‍ക്കാര്‍ പറയിപ്പിക്കുന്നത്. അവകാശം നിഷേധിക്കാന്‍ ആധാറും ആയുധമാക്കുകയാണ് കേന്ദ്രം. ആധാര്‍ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം അതത് സംസ്ഥാനത്തിനാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയവയ്ക്കും പാചകവാതകത്തിനും അടിക്കടി വിലവര്‍ധിപ്പിക്കുന്ന ഘട്ടത്തിലെല്ലാം പേരിന് എതിര്‍പ്പ് പ്രകടിപ്പിക്കുകയും ആഗോളപ്രതിഭാസമെന്നു വിലപിച്ച് ജനങ്ങളെ കബളിപ്പിക്കുകയുമാണ് യുഡിഎഫ് സര്‍ക്കാരിന്റെ പതിവ്.

ആധാറുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വ്യക്തമായ അഭിപ്രായം സംസ്ഥാനസര്‍ക്കാരില്‍ നിന്നുണ്ടാകണം. എല്‍പിജിക്കും വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കാന്‍ ഇനിയും വൈകിക്കൂട. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ പോലും അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണം. എന്നാല്‍, ഗ്യാസ് വില കൂടുന്നത് നേരിടാന്‍ മരം വച്ചുപിടിപ്പിക്കാന്‍ ഉപദേശിച്ച പ്രധാനമന്ത്രിയും വിശപ്പ് ഒരു തോന്നല്‍മാത്രമാണെന്ന് പ്രവചിച്ച കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും വിലക്കയറ്റം ആഗോളപ്രതിഭാസമായി വ്യാഖ്യാനിച്ച് സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്ന സംസ്ഥാനസര്‍ക്കാരും സാധാരണക്കാരന്റെ മുറവിളി കേള്‍ക്കുമെന്നു കരുതുന്നത് മൗഢ്യമായിരിക്കും. ഇക്കൂട്ടരെ തിരുത്തിക്കാന്‍ ശക്തമായ ബഹുജന ഇടപെടല്‍ ഉണ്ടാകുക തന്നെ വേണം.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: