Sunday, November 17, 2013

മുമ്പേ നടന്ന പി ജി

കാള്‍ മാര്‍ക്സോ ഏംഗല്‍സോ സൗന്ദര്യശാസ്ത്ര വിഷയത്തില്‍ ആദ്യന്തം കേന്ദ്രീകരിച്ച് ഒരു കൃതിയും രചിച്ചിട്ടില്ല. എങ്കിലും മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രം എന്നൊന്ന് ശാസ്ത്രീയ യാഥാര്‍ഥ്യമായി നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു. മാര്‍ക്സിസ്റ്റ് ആചാര്യന്മാര്‍ പരസ്പരം കൈമാറിയ ആശയങ്ങള്‍, എഴുത്തുകാര്‍ക്ക് നല്‍കിയ ഉപദേശങ്ങള്‍, "മൂലധന"ത്തിലും മറ്റുമുള്ള കലാസാഹിത്യ വിഷയകമായ നിരീക്ഷണങ്ങള്‍, എഴുത്തുകാരുമായി നടത്തിയ സംവാദങ്ങള്‍, ബല്‍സാക്കിനെയും മറ്റും കുറിച്ച് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ തുടങ്ങി പലതില്‍നിന്നായി ഊറിക്കൂടിയതാണ് സത്യത്തില്‍ മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തിന്റെ അടിത്തറ.

ആധികാരികമായ ഒരു സൈദ്ധാന്തികഗ്രന്ഥത്തിന്റെ അടിത്തറയിലല്ല രൂപപ്പെട്ടുവന്നത് എന്നതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് സാഹിത്യചിന്തകര്‍ക്കിടയില്‍ വ്യത്യസ്തങ്ങളായ, ഒരുപക്ഷേ വിരുദ്ധങ്ങള്‍പോലുമായ ചിന്താഗതികള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും ഭാഷ്യങ്ങള്‍ക്കും ഇത് വഴിവച്ചു.

ഇത് അങ്ങനെ നില്‍ക്കെത്തന്നെ ഗ്യോര്‍ക്കി ലുക്കാച്ചിലൂടെ, ബര്‍ത്തോള്‍ഡ് ബ്രഹ്തിലൂടെ, വാള്‍ട്ടര്‍ ബഞ്ചമിനിലൂടെ, ലൂയി അല്‍ത്തൂസറിലൂടെ, അന്റോണിയോ ലാബ്രിയോളയിലൂടെ, ഫ്രാന്‍സ് മെഹ്റിങ്ങിലൂടെ, ഗ്യോര്‍ഹി പ്ലഹനോവിലൂടെ, വില്യംമോറിസിലൂടെ, ലുഷുനിലൂടെ, ക്രിസ്റ്റഫര്‍ കോഡ്വെല്ലിലൂടെ, ആന്റോണിയോ ഗ്രാംഷിയിലൂടെ, എറിക് ഹോബ്സ് ബോമിലൂടെ, ക്രിസ്റ്റഫര്‍ ഹില്ലിലൂടെ, ജോര്‍ജ് തോംപ്സണിലൂടെ, റയ്മണ്ട് വില്യംസിലൂടെ, ഇ പി തോംപ്സണിലൂടെ ഒക്കെയായി മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം വികസിച്ച് പുഷ്ടിപ്പെട്ട് അനിഷേധ്യസാന്നിധ്യമായി സാര്‍വദേശീയ സാംസ്കാരികരംഗത്തു തെളിഞ്ഞുവന്നു.

ആത്യന്തികമായ ഉരകല്ലായി മാര്‍ക്സോ ഏംഗല്‍സോ സൗന്ദര്യശാസ്ത്ര സംബന്ധിയായി ഒരു ആധികാരിക സൈദ്ധാന്തികകൃതിയും കാലത്തിനു കൈമാറിയില്ല എന്നതുകൊണ്ടുതന്നെ വൈവിധ്യമാര്‍ന്ന ചിന്താധാരകളിലൂടെയാണ് അത് എക്കാലവും വളര്‍ന്നുവന്നത്. ഇത് ഒരേസമയം പരിമിതി എന്ന വാതില്‍ കൊട്ടിയടയ്ക്കലും സാധ്യത എന്ന വാതില്‍ തുറക്കലും ഉള്‍പ്പെട്ട ഒന്നാണ്. പരിമിതി എന്നുപറയുന്നത്, മാര്‍ക്സിലേക്കോ ഏംഗല്‍സിലേക്കോ തിരിച്ചുചെന്ന് ആത്യന്തികമായ ശരി ഇന്നത് എന്നുപറയാന്‍ ആവുന്നില്ല എന്നതാണ്. സാധ്യതയെന്നു പറയുന്നത് വിചിന്തനങ്ങള്‍ക്കുള്ള അനന്തമായ തൃഷ്ണയെ ഒരു ആധികാരിക കൃതിപോലും പരിമിതപ്പെടുത്താനില്ല എന്നതുമാണ്. ഇതിന്റെ രണ്ടിന്റെയും ഇടയിലൂടെയുള്ള സഞ്ചാരം ക്ലേശകരമാണ്. ക്ലേശകരമായ ആ ദൗത്യം സമര്‍ഥമായും വിജയകരമായും ഏറ്റെടുത്തു പി ജി. ആ പ്രക്രിയയില്‍ മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്ര ചിന്തകളെ കൃത്യമായും മാര്‍ക്സിയന്‍ രാഷ്ട്രീയ-സാമ്പത്തിക ചിന്തകള്‍ക്ക് അനുപൂരകമായിത്തന്നെ അദ്ദേഹം മുന്നോട്ടുകൊണ്ടുപോയി.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടനാ ചട്ടക്കൂടിനു പുറത്തുനിന്നുകൊണ്ട് മാര്‍ക്സിസ്റ്റ് ചിന്തകളില്‍ വ്യാപരിച്ചവരുടേതാണ് ഫ്രാങ്ക് ഫര്‍ട്ട് സ്കൂള്‍. അവരില്‍ പലരും ഉള്‍പ്പെട്ടതാണ് പില്‍ക്കാലത്തെ ന്യൂലെഫ്റ്റ് മൂവ്മെന്റ്. ഇതിനെ രണ്ടിനെയും കമ്യൂണിസ്റ്റ് പാര്‍ടി "വ്യതിയാനവിഭാഗം" ആയാണ് കണക്കാക്കിയത്. അതു ശരിയുമായിരുന്നു. ഫ്രാങ്ക് ഫര്‍ട്ട് സ്കൂളില്‍പ്പെട്ട ചിന്തകരില്‍ നല്ലൊരുവിഭാഗം പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് വിരുദ്ധരായി എന്നതുതന്നെ ഇത് സ്ഥിരീകരിക്കുന്നു. എങ്കിലും, അവര്‍ പറഞ്ഞ ചില കാര്യങ്ങളില്‍ സത്യമില്ലേ? ഈ പരിശോധന പിന്നീട് നടന്നു. അവര്‍ മുന്നോട്ടുവച്ച ചില ചിന്തകള്‍ മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്ര സങ്കല്‍പ്പങ്ങളെ കൂടുതല്‍ കാമ്പും കഴമ്പുമുള്ളതാക്കുന്നുണ്ട് എന്നത് പിന്നീട് അംഗീകരിക്കപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ സാഹിത്യകൃതികളെയും കലാസൃഷ്ടികളെയും പരിശോധിക്കാനുള്ള വിശാലമനസ്കത ലോകത്ത് ആദ്യം കാണിച്ചവരുടെ നിരയിലാണ് പി ഗോവിന്ദപ്പിള്ളയുടെ സ്ഥാനം.

കമ്യൂണിസ്റ്റ് പാര്‍ടിക്ക് അംഗീകരിക്കാവുന്ന ഏക സാഹിത്യപ്രസ്ഥാനം സോഷ്യലിസ്റ്റ് റിയലിസമാണ് എന്നതായിരുന്നു ആദ്യ കാഴ്ചപ്പാട്. സോഷ്യലിസ്റ്റ് റിയലിസത്തിനു പുറത്തും സാഹിത്യസൃഷ്ടികളുണ്ടാവാമെന്നും അവ അനുഭൂതിദായകമാവാമെന്നും ആ അനുഭൂതി കമ്യൂണിസ്റ്റുകാര്‍ക്ക് അന്യമാവേണ്ട കാര്യമില്ല എന്നും ഉള്ള ചിന്തയുടെ തെളിച്ചം ആദ്യമായി പടര്‍ന്നത് ന്യൂലെഫ്റ്റ് എന്ന പുത്തന്‍ ഇടതുപക്ഷത്തില്‍നിന്നാണ്. ന്യൂലെഫ്റ്റിനെ സാമ്രാജ്യത്വാനുകൂല വ്യതിചലനമായി കമ്യൂണിസ്റ്റ് പാര്‍ടികള്‍ കണക്കാക്കിയിരുന്ന ഘട്ടത്തില്‍പ്പോലും അത് മുമ്പോട്ടുവച്ച ചില ചിന്തകളെ പി ജി മടികൂടാതെ തന്റെ സാഹിത്യസമീപനങ്ങളില്‍ പകര്‍ത്തി. അതിന്റെ തെളിവാണ് ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയെയും ഒക്കെ ആദരിക്കുന്ന പി ജിയുടെ ആ ഘട്ടത്തിലെ ആസ്വാദനക്കുറിപ്പുകളും ലേഖനങ്ങളും.

പൂര്‍വസംസ്കൃതിയോടുള്ള സമീപനം എന്താവണമെന്ന കാര്യത്തിലും പുതിയ ചിന്തകളാല്‍ പിജി നയിക്കപ്പെട്ടു. ക്രെംലിന്‍കൊട്ടാരം തകര്‍ക്കാന്‍ നീങ്ങിയ വിപ്ലവകാരികളെ, അത് സാര്‍ ചക്രവര്‍ത്തിയുടേതല്ല, മറിച്ച് നിങ്ങളുടെ അച്ഛനപ്പൂപ്പന്മാരുടെ കണ്ണീരും വിയര്‍പ്പും ചോരയും വീണുറച്ച കൊട്ടാരമാണ് എന്നു പറഞ്ഞു തടഞ്ഞ ലെനിന്റെ നടപടിയിലുള്ള ചരിത്രസമീപനം പി ജിക്ക് സാഹിത്യത്തില്‍ കൈക്കൊള്ളാന്‍ സാധിച്ചത് അതുകൊണ്ടാണ്. ഭഗവദ്ഗീതാപരിഭാഷയ്ക്ക് അവതാരികയെഴുതിയിട്ടുണ്ട് പി ജി. അത് എഴുതുമ്പോഴും ചരിത്രപരവും വൈരുധ്യാധിഷ്ഠിതവുമായ ഭൗതികവാദത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നുതാനും. ഫോക്ലോര്‍ നിരോധിച്ച മുസോളിനിയുടെയോ കലയ്ക്ക് വിലക്കു കല്‍പ്പിച്ച ഹിറ്റ്ലറുടെയോ ഭാഗത്തല്ല, ഫോക്ലോറില്‍ മരിച്ച ഭൂതകാലത്തിന്റെ അവശിഷ്ടംമാത്രമല്ല, അധികാരത്തിന്റെ ലോകബോധ്യത്തെ ചോദ്യംചെയ്യുന്ന കലാപംകൂടിയുണ്ട് എന്ന് തിരിച്ചറിഞ്ഞ ആന്റോണിയോ ഗ്രാംഷിയുടെയും ഹിറ്റ്ലര്‍ നശിപ്പിക്കാന്‍ ആജ്ഞാപിച്ച മാറ്റിസ്സോയുടെയും മേരി ഷാഗലിന്റെയും പെയിന്റിങ്ങുകളെ വധഭീഷണിപോലും കൂസാതെ കാത്തുവച്ച ജനങ്ങളുടെയും ഭാഗത്താണ് കമ്യൂണിസ്റ്റുകാരന്‍ നില്‍ക്കേണ്ടത് എന്ന ബോധ്യമുണ്ടായിരുന്നു പി ജിക്ക്. കവിതയില്‍ വിപ്ലവാഭിനിവേശംമാത്രമല്ല, കവിയുടെ ഏകാന്തദുഃഖങ്ങളോ പ്രണയമോ പ്രണയനൈരാശ്യമോ ഒക്കെ സ്വാഭാവികമായും നിഴലിച്ചുവെന്നുവരാമെന്നും അതുകൊണ്ട് കവി വിപ്ലവവിമുഖനാണെന്ന് വിലയിരുത്തേണ്ടതില്ല എന്നും മലയാള സാഹിത്യ നിരൂപണരംഗത്ത് ആദ്യമായി പറഞ്ഞ കമ്യൂണിസ്റ്റുകാരനാണ് പി ജി. പി ജി അതു പറയുമ്പോള്‍ ന്യൂലെഫ്റ്റ് മൂവ്മെന്റിന്റെ ചിന്തകളില്‍നിന്ന് പ്രസരിച്ച തെളിച്ചം ആ വാക്കുകളിലുണ്ടായി എന്നത് ഒരുപക്ഷേ പില്‍ക്കാലത്ത് വിലയിരുത്തപ്പെട്ടിട്ടുണ്ടാകാം. സാഹിത്യത്തിലെ അടിസ്ഥാന നിലപാടുകളില്‍ പി ജി ഒരുഘട്ടത്തിലും വിട്ടുവീഴ്ച ചെയ്തതുമില്ല. സാഹിത്യത്തിന് രാഷ്ട്രീയബന്ധമുണ്ടായിക്കൂടാ എന്ന വാദത്തെ "ഇസങ്ങള്‍ക്കിപ്പുറം" എന്ന കൃതിയിലൂടെയടക്കം നേര്‍ക്കുനേര്‍ എതിര്‍ത്ത നിരൂപകനാണ് പി ജി. രാഷ്ട്രീയത്തിന് സാഹിത്യത്തിലെന്തുകാര്യം എന്ന ചോദ്യം ഇന്ന് ആരെങ്കിലും ചോദിക്കുമെന്ന് കരുതുകവയ്യ. സാഹിത്യത്തെ വെള്ളം കടക്കാത്ത അറയില്‍നിര്‍ത്തി പരിശോധിക്കുകയല്ല, മറിച്ച് സാഹിത്യം ചരിത്രത്തിന്റെ, രാഷ്ട്രീയത്തിന്റെ, ധനശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ ഏത് ധര്‍മമനുഷ്ഠിക്കുന്നു എന്നു പരിശോധിക്കുകയാണ് വേണ്ടത് എന്ന ചിന്തയിലേക്ക് രാഷ്ട്രീയസ്പര്‍ശമില്ലാത്ത അക്കാദമിക് രംഗംപോലും ഉണര്‍ന്നിരിക്കുന്നു. അതാണല്ലോ യൂണിവേഴ്സിറ്റികളിലെ അക്കാദമിക് തലങ്ങളിലെ ഇന്റര്‍ ഡിസിപ്ലിനറി സ്റ്റഡീസ് തെളിയിക്കുന്നത്.

പി ജി അന്നുപറഞ്ഞതാണ് ശരി എന്ന് കാലം തെളിയിച്ചു എന്നര്‍ഥം. വിപ്ലവ പുരോഗമന പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുണ്ടാവുന്ന സാഹിത്യരചനകള്‍ മാത്രമല്ല, അത്തരമൊരു ലക്ഷ്യം പ്രഖ്യാപിക്കാതിരിക്കുമ്പോഴും മാനവികതയുടെ പക്ഷത്തുനില്‍ക്കുന്ന ഇതര കൃതികള്‍കൂടി ആസ്വദിക്കണമെന്നും പ്രതിജ്ഞാബദ്ധ സാഹിത്യകാരന്മാരെ മാത്രമല്ല, പ്രതിജ്ഞാബദ്ധത പ്രഖ്യാപിക്കുന്നില്ലെങ്കിലും ഒരുപക്ഷേ ബോധപൂര്‍വമല്ലാതെയാണെങ്കില്‍പ്പോലും ജനമനസ്സിനൊപ്പം നില്‍ക്കുന്നവരെക്കൂടി ആദരിക്കണമെന്നുമുള്ള വിശാലബോധം കേരളത്തിന്റെ പുരോഗമന സാഹിത്യചിന്തയിലേക്ക് പ്രസരിപ്പിക്കുന്നതില്‍ പി ജി വഹിച്ച പങ്ക് ചെറുതല്ല. അത്തരം ചിന്തകളുടെ ആവിഷ്കാരംകൂടിയായിരുന്നല്ലോ സാംസ്കാരികരംഗത്തെ വിശാലമുന്നണി എന്ന സങ്കല്‍പ്പവും പെരുമ്പാവൂര്‍രേഖയും. ഇങ്ങനെ നോക്കുമ്പോള്‍, ആചാര്യന്മാരുടെ ആധികാരികവും പ്രാമാണികവുമായ സൈദ്ധാന്തിക ഗ്രന്ഥങ്ങളുടെ അഭാവത്തില്‍ മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രരംഗത്ത് ഉയര്‍ന്നുവന്ന മൗനങ്ങള്‍ക്കും അവ്യക്തതകള്‍ക്കും നിരവധി പുതുകാല ചോദ്യങ്ങള്‍ക്കും മാര്‍ക്സിസം- ലെനിനിസത്തിന്റെ നിശിതതീക്ഷ്ണമായ പ്രകാശത്തില്‍ത്തന്നെ പ്രായോഗികമായ ഉത്തരങ്ങള്‍ കണ്ടെത്തി എന്നതാണ് പി ജിയുടെ ആ രംഗത്തെ ഏറ്റവും വലിയ സംഭാവന. ആ സംഭാവന

കേരളത്തിലോ മലയാളത്തിലോ മാത്രമായി പരിമിതപ്പെട്ടുപോകേണ്ടതല്ല; സാര്‍വദേശീയ രംഗത്തുതന്നെ ഉയര്‍ന്നുനില്‍ക്കേണ്ടതാണ്. അങ്ങനെ വന്നാല്‍ മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്ര ചിന്തകള്‍ കൂടുതല്‍ വികസ്വരമാവും, ദീപ്തമാവും. അല്‍ത്തൂസര്‍, റയ്മണ്ട് വില്യംസ്, വില്യം മോറിസ്, ജോര്‍ജ് തോംപ്സണ്‍, ആര്‍നോള്‍ഡ് കെറ്റില്‍, റാള്‍ഫ് ഫോക്സ് തുടങ്ങിയ പേരുകളോട് ലോകം ചേര്‍ത്തുവയ്ക്കും പി ജി എന്ന പേരും.

*
പ്രഭാവര്‍മ ദേശാഭിമാനി വാരാന്തപ്പതിപ്പ് 17 നവംബര്‍ 2013

No comments: