Friday, November 1, 2013

പഴയ വിഷസര്‍പ്പത്തിന്റെ പുതിയ സന്തതികള്‍

പി കൃഷ്ണപിള്ള സ്മാരകത്തിനു നേര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ സ്മരണയ്ക്കുനേര്‍ക്കു കൂടിയുള്ള ഹീനമായ ആക്രമണമാണ്. ദേശീയ സ്വാതന്ത്ര്യസമരത്തെ മുന്നോട്ട് നയിച്ച ധീരദേശാഭിമാനിയായിരുന്നു ത്യാഗധനനായ സ. പി കൃഷ്ണപിള്ള. അങ്ങനെയുള്ള ഒരു സ്വാതന്ത്ര്യസമര പോരാളിയുടെ സ്മൃതിമന്ദിരത്തിനും പ്രതിമയ്ക്കും നേര്‍ക്കായി കോണ്‍ഗ്രസിന്റെ അസഹിഷ്ണുതയാര്‍ന്ന വിദ്വേഷം എന്നത് കോണ്‍ഗ്രസ് എത്രമേല്‍ ജീര്‍ണമായ അധമതലത്തിലേക്കാണ് പതിച്ചിട്ടുള്ളത് എന്നതിന്റെ ദൃഷ്ടാന്തമാണ്. "ഓര്‍മകള്‍ ഉണ്ടായിരിക്കണം" എന്ന് വിദ്വേഷത്തിന്റെ വിഷം വമിപ്പിക്കുന്ന ഈ ദുഷ്ടരാഷ്ട്രീയ ശക്തികളെ ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു. ആരായിരുന്നു പി കൃഷ്ണപിള്ള എന്നും എന്തായിരുന്നു അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും അറിയാത്ത അധികാരമോഹികളുടെയും അസഹിഷ്ണുക്കളുടെയും കലാപക്കൂട്ടമായി കോണ്‍ഗ്രസിന്റെ അനന്തരതലമുറ മാറിയെന്നതില്‍ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും സ്മരണകള്‍പോലും ലജ്ജയോടെ ശിരസ്സുകുനിക്കും.

സ്വന്തം ജീവിതത്തെ നാടിന്റെ സമരഭരിതമായ ജ്വലിക്കുന്ന ഒരു ചരിത്രഘട്ടമാക്കി മാറ്റിയ ധീരസ്വാതന്ത്ര്യസമര സേനാനിയായിരുന്നു പി കൃഷ്ണപിള്ള. 1924ലെ വൈക്കം സത്യഗ്രഹത്തിന്റെ നേര്‍സാക്ഷി. ഝംഡാ ഊംച്ഛാ രഹേ ഹമാരാ എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യസമര പതാകയുമായി പോര്‍മുഖങ്ങളില്‍നിന്നു പോര്‍മുഖങ്ങളിലേക്ക് നടന്ന സ്വാതന്ത്ര്യസമര പോരാളി. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനും മറ്റും ഒപ്പം "വരിക വരിക സഹജരേ" എന്ന മാര്‍ച്ചിങ് സോങ്ങുമായി കേരളത്തില്‍ നിയമലംഘനപ്രസ്ഥാനത്തെ നയിച്ച കര്‍മധീരന്‍. ഗാന്ധിജിയുടെ ആഹ്വാനം ചെവിക്കൊണ്ട് ഉപ്പുനിയമലംഘന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ്വരിക്കുകയും കഠിനതടവ് ശിക്ഷ അനുഭവിക്കുകയുംചെയ്ത പോരാളി. വിദേശവസ്ത്രഷോപ്പുകളും മദ്യഷോപ്പുകളും പിക്കറ്റ്ചെയ്ത് സമരപരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയ സമരനായകന്‍. 1931ല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നിലവില്‍വന്ന വേളയില്‍ത്തന്നെ കെപിസിസി അംഗമായ ചരിത്രപുരുഷന്‍. ക്ഷേത്രപ്രവേശനത്തിനായുള്ള ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത് മര്‍ദനമേറ്റ സാമൂഹ്യപരിഷ്കര്‍ത്താവ്. 1932ലെ സിവില്‍ നിയമലംഘനത്തില്‍ പങ്കെടുത്ത് അറസ്റ്റ്വരിച്ച് തടവുശിക്ഷയ്ക്കിരയായ ആദ്യ മലയാളി. കണ്ണൂര്‍ ജയിലില്‍വച്ച് ബ്രിട്ടീഷ് പൊലീസിന്റെ കൊടിയ മര്‍ദനത്തിനിരയായ ധീരനായകന്‍. ജനകീയാശുപത്രി സംഘടിപ്പിക്കല്‍പോലുള്ള ജീവകാരുണ്യനടപടികള്‍ക്കും ഹിന്ദിപ്രചാരണത്തിനും ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ ജനനായകന്‍. ഏതെല്ലാം തലങ്ങളിലായിരുന്നു പി കൃഷ്ണപിള്ളയുടെ പ്രവര്‍ത്തനങ്ങള്‍! അതൊക്കെ ചരിത്രത്തിന്റെ ജ്വലിക്കുന്ന ഏടുകളാണ്.

പി കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ളവരുടെ ത്യാഗവും സഹനവും സമരവും കൊണ്ടാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. ഈ ചരിത്രമൊന്നും പുത്തന്‍ കോണ്‍ഗ്രസ് സംഘങ്ങള്‍ക്ക് അറിയുന്നതാവില്ല. പില്‍ക്കാലത്ത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരള ഘടകത്തിന്റെ സ്ഥാപക നേതാവായി ഉയര്‍ന്ന എല്ലാവരുടെയും പ്രിയപ്പെട്ട സഖാവാണ് പി കൃഷ്ണപിള്ള. അദ്ദേഹത്തിന് വിഷദംശനമേറ്റു മരിക്കേണ്ടിവന്നതുപോലും സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഘട്ടത്തില്‍ കോണ്‍ഗ്രസ് ഭരണം കമ്യൂണിസ്റ്റ് പാര്‍ടിക്കുമേല്‍ നിലനിര്‍ത്തിയ നിരോധനംമൂലമാണ്. ആ നിരോധനമില്ലായിരുന്നെങ്കില്‍ പി കൃഷ്ണപിള്ളയ്ക്ക് ഒളിവില്‍പോകേണ്ടതായും ഒളിവുജീവിതത്തില്‍ വിഷദംശനമേറ്റ് മരിക്കേണ്ടതായും വരുമായിരുന്നില്ലല്ലോ. ആ വിഷസര്‍പ്പങ്ങള്‍ക്ക് പിന്മുറക്കാരുണ്ട് എന്നതിന്റെ സ്ഥിരീകരണമാണ് പി കൃഷ്ണപിള്ള അവസാനമായി താമസിച്ചതും പില്‍ക്കാലത്ത് സ്മാരകമായി നിലനിര്‍ത്തിപ്പോരുന്നതുമായ വീട് തീയിടാന്‍ അജന്‍ഡയായി എന്നതില്‍ തെളിയുന്നത്.
നാടുവാഴിത്തത്തിനും നാട്ടുരാജാക്കന്മാര്‍ക്കും അവര്‍ക്ക് തണല്‍ വിരിച്ചുനിന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ദിവാന്‍ഭരണത്തിനും അതിന്റെ ചോറ്റുപട്ടാളത്തിനും ഒക്കെ എതിരെ തൊഴിലാളികളുടെ കരുത്തുറ്റ സമരപ്രസ്ഥാനം പടുത്തുയര്‍ത്തിയ ധീരനായകനാണ് പി കൃഷ്ണപിള്ള. ഐക്യകേരളപ്പിറവിക്കുവേണ്ടി പൊരുതിയ ഓള്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും സെക്രട്ടറിസ്ഥാനം വഹിച്ചയാള്‍. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ്. ആ പി കൃഷ്ണപിള്ള കേരളജനതയുടെ ഹൃദയവികാരമാണ്. അതിനുനേര്‍ക്കാണിപ്പോള്‍ ആക്രമണം ഉണ്ടായിട്ടുള്ളത്. ഓലമേഞ്ഞ കുടിലിനുനേര്‍ക്കുള്ള ആക്രമണമല്ല, മറിച്ച് മലയാളക്കരയുടെ മനസ്സിനുനേര്‍ക്കുള്ള ആക്രമണമാണിത്.

ഇത് സഹിച്ചുകൊടുക്കുക കേരളത്തിന് അത്ര എളുപ്പമല്ല. എങ്കിലും പറയട്ടെ. നാം സംയമനം പാലിക്കേണ്ടിയിരിക്കുന്നു. മൊയാരത്ത് ശങ്കരനെ നിഷ്ഠുരമായി കൊലപ്പെടുത്തിയവര്‍, ഇ എം എസിന്റെ "ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം" എന്ന അമൂല്യഗ്രന്ഥം കത്തിച്ചവര്‍, നാട്ടു വായനശാലകള്‍ അഗ്നിക്കിരയാക്കിയവര്‍ ഇന്ന് പി കൃഷ്ണപിള്ള ഒളിവില്‍ താമസിക്കുകയും പാമ്പുകടിയേറ്റ് മരിക്കുകയുംചെയ്ത കുടിലിനുനേര്‍ക്ക് തിരിഞ്ഞിരിക്കുന്നു. ഇവരെ ഫാസിസത്തിന്റെ സന്തതികള്‍ എന്നേ വിളിക്കാനാവൂ. അക്ഷരത്തോട്, അറിവിനോട്, ത്യാഗത്തോട്, ദേശീയ സ്വാതന്ത്ര്യസമരമൂല്യങ്ങളോട്, പോരാട്ടപൈതൃകത്തോട്, ചരിത്രത്തോട് ഒക്കെചെയ്ത മാപ്പില്ലാത്ത കുറ്റകൃത്യമായി ഈ ഫാസിസ്റ്റ് ദുഷ്ടതയെ കാലം അടയാളപ്പെടുത്തും. ഫാസിസത്തിന്റെ സന്തതികളോട് കാലം കണക്കുചോദിക്കും. അതുവരെ കാത്തിരിക്കുക. പി കൃഷ്ണപിള്ള സ്മാരകത്തിന് തീവച്ചവരെ ശിക്ഷിക്കാന്‍ കൂട്ടാക്കാതെ അപഹാസ്യമായ രാഷ്ട്രീയഭാഷ്യവുമായി ഇറങ്ങരുത് കെപിസിസി പ്രസിഡന്റ്. അക്രമികള്‍ക്ക് സംരക്ഷണം നല്‍കരുത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കാലം കാതോര്‍ത്തു കാത്തുനില്‍ക്കുന്നുവെന്ന് അവരെ ഓര്‍മിപ്പിക്കട്ടെ.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: