Thursday, October 31, 2013

മോഡിയിലൂടെ വരുന്ന വിപത്ത്

കൊച്ചിയില്‍ നടന്ന ആര്‍എസ്എസ് സമ്മേളനം നരേന്ദ്രമോഡിയെ ഏതുവിധേനയും അധികാരത്തിലേറ്റാനുള്ള ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. ബിജെപി അധ്യക്ഷന്‍ രാജ്നാഥ്സിങ് ആ സമ്മേളനത്തില്‍ പങ്കെടുത്ത് ആര്‍എസ്എസ് നിര്‍ദേശങ്ങള്‍ ശിരസ്സാവഹിക്കാനുള്ള സന്നദ്ധതയറിയിച്ചു. രാമക്ഷേത്ര നിര്‍മാണമെന്ന അജന്‍ഡ ശക്തമായി മുന്നോട്ടുനീക്കാനും തീരുമാനമായി. ബിഹാറിലെ പട്നയില്‍ ബിജെപി റാലിക്കിടയിലുണ്ടായ സ്ഫോടനത്തിന്റെ മറപറ്റി മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ യുദ്ധംചെയ്യുന്നുവെന്ന കുറ്റാരോപണത്തിലൂടെ, മതപരമായി ഇന്ത്യയെ വിഭജിക്കുകയെന്ന ഫാസിസത്തിന്റെ പരിപാടി മറയില്ലാതെ നരേന്ദ്രമോഡി തുറന്നുപറഞ്ഞു.

ഫാസിസം ഓരോ രാജ്യത്തും വ്യത്യസ്തരൂപത്തില്‍ പ്രത്യക്ഷപ്പെടും. ഇന്ത്യയിലെ ഫാസിസത്തിന്റെ വരവ് കപടഹിന്ദുത്വം ഉരുവിടുന്ന കാവിപ്പടയുടെ നേതൃത്വത്തിലാണെങ്കില്‍ പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ചെന്നാല്‍ അവിടത്തെ ഫാസിസത്തിന്റെ കേന്ദ്രം താലിബാനെന്നുകാണാം. മുതലാളിത്ത പ്രതിസന്ധിയുടെ ഭാഗമായുണ്ടായ വിലക്കയറ്റവും തൊഴിലില്ലായ്മയും ജീവിതദുരിതങ്ങളും പണപ്പെരുപ്പവും മൂലം ജനങ്ങള്‍ ഭരണസംവിധാനത്തെ വെറുക്കുന്ന ഘട്ടത്തിലാണ് ഫാസിസത്തിന്റെ കടന്നുവരവ് എളുപ്പമാകുന്നത്. ഇന്നലെവരെ ഏതൊരു വര്‍ഗത്തിനുവേണ്ടിയാണോ, ജനാധിപത്യ വ്യവസ്ഥയുടെ മറവില്‍ ബൂര്‍ഷ്വാസി വിടുപണിചെയ്തത്, ആ വിഭാഗങ്ങളെയും അതിന്റെ രാഷ്ട്രീയ രൂപങ്ങളെയും സങ്കോചമില്ലാതെ കൈയൊഴിയുന്ന ഫിനാന്‍സ് മൂലധനം, തങ്ങളുടെ വര്‍ഗതാല്‍പ്പര്യങ്ങളുടെ പുതിയ രക്ഷിതാക്കളായി ഫാസിസത്തെ അവരോധിക്കുന്നു. ഇന്ത്യന്‍ മൂലധനശക്തികളില്‍ ഗണ്യമായ ഒരു വിഭാഗവും കോര്‍പറേറ്റുകളും നരേന്ദ്രമോഡിയെ വാഴ്ത്തുന്നതും കോര്‍പറേറ്റു മാധ്യമങ്ങള്‍ മോഡിത്വത്തിന്റെ ദാര്‍ശനികരായി ചമയുന്നതും ഇതിന്റെ ഭാഗമായാണ്.

ആഗോളവല്‍ക്കരണ കാലത്തെ ദുരനുഭവങ്ങളില്‍നിന്ന് പാഠംപഠിച്ച് തൊഴിലാളിവര്‍ഗവും ജനസമൂഹങ്ങളും ഭരണകൂടത്തിനെതിരെ തിരിയുമ്പോള്‍, മുതലാളിത്തം ഫാസിസത്തെ വരിക്കുന്നതെങ്ങനെയെന്ന് നെഹ്റു മുമ്പ് എഴുതിയത് പ്രസക്തമാകുന്നു. ""തൊഴിലാളികള്‍ ശക്തരാവുകയും അവര്‍ മുതലാളിത്ത ഭരണകൂടത്തിന് യഥാര്‍ഥ ഭീഷണിയായിത്തീരുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും മുതലാളിവര്‍ഗം ആത്മരക്ഷയ്ക്കുള്ള ശ്രമങ്ങള്‍ ആരംഭിക്കും. സാധാരണഗതിയില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടങ്ങളിലാണ് തൊഴിലാളികളുടെ ഭാഗത്തുനിന്നും ഇത്തരം ഭീഷണികള്‍ ഉയര്‍ന്നുവരിക. സമ്പത്തിന്റെ ഉടമകളായ ഭരണവര്‍ഗത്തിന് പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ചുള്ള സാമാന്യ ജനാധിപത്യരീതികളിലൂടെ തൊഴിലാളിവര്‍ഗത്തെ അടിച്ചമര്‍ത്താന്‍ കഴിയാതെവരുമ്പോള്‍ അവര്‍ ഫാസിസ്റ്റ് മാര്‍ഗം അവലംബിക്കാനാരംഭിക്കുന്നു"". (വിശ്വ ചരിത്രാവലോകനത്തില്‍നിന്ന്) ഇന്ത്യയിലെ മുതലാളിത്ത പ്രതിസന്ധിയുടെ ഒരുഘട്ടത്തെ ഉപയോഗപ്പെടുത്തിയാണ് തൊണ്ണൂറ്റിയൊന്നില്‍ ആഗോളവല്‍ക്കരണ നയങ്ങളിലേക്ക് നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രവേശിച്ചത്. അതിനെതിരായി ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ആദ്യത്തെ ദേശീയപണിമുടക്ക് 1992 നവംബര്‍ 29നായിരുന്നു. ദിവസങ്ങള്‍ക്കകം ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ വര്‍ഗീയമായി കൂടുതല്‍ വിഘടിതമായ ഇന്ത്യയില്‍ ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് സുഗമമായ പാതയൊരുങ്ങി. 2013 ഫെബ്രുവരി 20, 21 തീയതികളിലെ തൊഴിലാളി പണിമുടക്ക്, രാഷ്ട്രീയ പാര്‍ടികളുടെ വേലികള്‍ക്കപ്പുറത്ത് തൊഴിലാളികള്‍ കൈകോര്‍ത്ത മഹാസംഭവമായി. അഭൂതപൂര്‍വമായ ഈ ഐക്യത്തെ ശിഥിലീകരിക്കാനും ജനകീയ ഐക്യത്തെ വിഘടിപ്പിക്കാനും ഉചിതമായത് രാമക്ഷേത്ര നിര്‍മാണത്തിന്റെ പേരിലുയര്‍ത്തുന്ന കോലാഹലങ്ങളാണെന്ന കൃത്യമായ തിരിച്ചറിവിലാണ് ആര്‍എസ്എസ് കരുക്കള്‍ നീക്കുന്നത്.

വാജ്പേയിസര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് ക്ഷേത്ര നിര്‍മാണപ്രശ്നത്തില്‍ മൗനമായിരുന്നവര്‍ മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാക്കിയതിനു പുറകെ അതേ അജന്‍ഡയുമായി വരുന്നത് ഫാസിസത്തിന്റെ അടവുകളിലൊന്നു മാത്രമാണ്. ആഗോളവല്‍ക്കരണ നയങ്ങളുടെ മൂലധനശാഠ്യങ്ങള്‍ കൈയാളുന്ന ഭരണവര്‍ഗ പ്രത്യയശാസ്ത്ര പാര്‍ടികളാണ് കോണ്‍ഗ്രസും ബിജെപിയും. അവ രണ്ടിനെയും അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്ന ഒരു ഭരണസംവിധാനം ഇന്ത്യയില്‍ സാധ്യമാണ്. ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ഇടതുപക്ഷം നല്‍കിയ പിന്തുണയെ, പിന്നീട് ബാധ്യതയായാണ് ഭരണവര്‍ഗങ്ങള്‍ക്ക് തോന്നിയത്. ഇടതുപക്ഷത്തിന്റെ ശാഠ്യങ്ങള്‍മൂലം ഒന്നാം യുപിഎ സര്‍ക്കാരിന് സാമ്പത്തിക പരിഷ്കാരങ്ങളിലേക്ക് നീങ്ങാന്‍ സാധിക്കുന്നില്ല എന്ന് പരാതി ഉയര്‍ത്തിയത് കോര്‍പറേറ്റുകളാണ്. അമേരിക്കയെയും വിദേശമൂലധനത്തെയും ഇന്ത്യന്‍ കോര്‍പറേറ്റുകളെയും പ്രീണിപ്പിക്കാനുള്ള ജനവിരുദ്ധ നടപടികളാണ് കഴിഞ്ഞ അഞ്ചുകൊല്ലത്തിലേറെയായി കാണുന്നത്. ഇതിന്റെ ഫലമായി ജനം വെറുത്ത് പതനം കാത്തുകഴിയുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്. പാരമ്പര്യസ്മരണകളും വ്യര്‍ഥമായ ഗീര്‍വാണങ്ങളും തങ്ങളെ രക്ഷിക്കുമെന്ന് ചിന്തിക്കുന്ന വിഡ്ഢിത്തങ്ങളുടെമേല്‍ സ്വപ്നാടനം നടത്തുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് യാഥാര്‍ഥ്യബോധം തീരെയില്ല. ഫാസിസത്തിനും വര്‍ഗീയതയ്ക്കുമെതിരെ നിലപാടുയുദ്ധം ഇടതുപക്ഷത്തിന്റെ തനതു രീതിയാണ്.

ഇന്ത്യയില്‍ മതത്തെ രാഷ്ട്രീയത്തില്‍ ഉപയോഗിക്കാനുള്ള പ്രവണത ശക്തമാണ്. തീവെട്ടിയാക്രണമെന്ന രീതിയിലല്ല, നിലപാടില്‍ ഉറച്ചുനിന്ന് തുടര്‍ച്ചയായും ശാന്തമായും പൊരുതുകയെന്നതാണ്, ഫാസിസത്തിന്റെ കാലത്തെ മാര്‍ക്സിസം വികസിപ്പിച്ച അന്തോണിയോ ഗ്രാംഷിയെ ഉദ്ധരിച്ച് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടുന്നത്. ഒരു വര്‍ഗീയതയോടും സന്ധിചെയ്യാതെയും കീഴ്പ്പെടാതെയും ജനാധിപത്യ പാര്‍ടികളെ ഉള്‍പ്പെടുത്തി മതേതരമുന്നണി രൂപപ്പെടുത്തുന്നത് ഈ പശ്ചാത്തലത്തിലാണ്. കാവിപ്പടയായാലും ന്യൂനപക്ഷ വര്‍ഗീയതയായാലും മൂലധന രാഷ്ട്രീയത്തിന്റെ പ്രയോഗമാണവയൊക്കെയെന്ന് തിരിച്ചറിയാന്‍ കഴിയുന്നതാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മേന്മ. എല്ലാ വര്‍ഗീയതകളെയും നിരാകരിച്ച് നിലയെടുത്തുനില്‍ക്കുന്ന ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ മുന്‍കൈ ദേശീയ രാഷ്ട്രീയത്തിന് പുതിയ ദിശാസൂചി നല്‍കുണ്ട്.

*
കെ അനില്‍കുമാര്‍ ദേശാഭിമാനി

2 comments:

Jomy said...
This comment has been removed by the author.
Jomy said...

മോഡിക്ക് പകരം വെക്കാൻ ബദൽ മാർഗ്ഗങ്ങൾ നിലവിൽ ഇല്ല .കഴിഞ്ഞ 10 വർഷം തുടർച്ചയായി യു പി എ അധികാരത്തിൽ വന്നു .ഒരു മാറ്റം ആവശ്യമാണ് .അടുത്ത 5 വർഷം മോഡി ഭരിക്കട്ടെ