Thursday, October 10, 2013

ഊരാളുങ്കല്‍ സൊസൈറ്റിയും വാഗ്ഭടാനന്ദനും

കേരളത്തിലെ നവോത്ഥാനപ്രസ്ഥാനവും സഹകരണരംഗവും തമ്മിലെന്ത് ബന്ധം എന്നത് ഏറെയൊന്നും പഠനത്തിന് വിധേയമായിട്ടുള്ള ഒരു വിഷയമല്ല. എന്നാല്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന് ഇന്നറിയപ്പെടുന്ന സഹകരണ സംഘത്തിന്റെ ചരിത്രമന്വേഷിച്ചുചെന്നാല്‍ അത് എത്തിനില്‍ക്കുന്നത് കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനത്തിലായിരിക്കും. വടക്കന്‍ കേരളത്തില്‍ നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരില്‍ ഒരാള്‍ വാഗ്ഭടാനന്ദ ഗുരുവായിരുന്നു. അദ്ദേഹമാണ് 1925 ഫെബ്രുവരി 14ന് ഊരാളുങ്കല്‍ കൂലിവേലക്കാരുടെ പരസ്പരസഹായസംഘം രൂപീകരിക്കുന്നത്. 1912ല്‍തന്നെ ഇന്ത്യന്‍ സഹകരണസംഘനിയമം നിലവില്‍ വന്നിരുന്നു. അതിന്റെ ഭാഗമായി മലബാര്‍ ഉള്‍പ്പെട്ട അന്നത്തെ മദ്രാസ് പ്രസിഡന്‍സിയില്‍ നിരവധി സഹകരണ സ്ഥാപനങ്ങള്‍ നിലവില്‍ വന്നിരുന്നു. അവയിലേറെയും ഉപഭോക്തൃ സഹകരണസംഘങ്ങളായിരുന്നു.

തൊഴിലാളി സംഘടന എന്ന നിലയില്‍ സഹകരണസംഘങ്ങളെ ഉപയോഗപ്പെടുത്തുന്നതിന് മലബാറില്‍ മുന്‍കൈയെടുത്തത് വാഗ്ഭടാനന്ദനായിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് അന്ന് പഞ്ചായത്ത് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആദ്യ പഞ്ചായത്തില്‍ 14 പേരാണ് ഡയറക്ടര്‍മാരായി ഉണ്ടായിരുന്നത്. വാഗ്ഭടാനന്ദനൊഴികെ മറ്റെല്ലാവരുംതന്നെ കായികാദ്ധ്വാനത്തില്‍ നേരിട്ട് പങ്കെടുക്കുന്നവരായിരുന്നു. ആദ്യ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത് കുഞ്ഞൊക്കു ഗുരുക്കള്‍ ആയിരുന്നു. കിണര്‍ കുഴിക്കല്‍, മത്സ്യഎണ്ണ ഊറ്റിയെടുക്കല്‍, ചൂരല്‍കൊണ്ടു വേലികെട്ടല്‍, പാറ പൊട്ടിക്കല്‍, കൊയ്ത്ത് തുടങ്ങിയവയായിരുന്നു അന്ന് സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന തൊഴിലുകള്‍. ബ്രിട്ടീഷ് ഭരണത്തിന്റെ പിഡബ്ല്യുഡി വകുപ്പിന് കരാര്‍ തൊഴിലാളികളെ നല്‍കുക എന്നതായിരുന്നു തൊഴിലാളി സഹകരണസംഘംകൊണ്ട് മുഖ്യമായും ഉദ്ദേശിക്കപ്പെട്ടിരുന്നത്. വാഗ്ഭടാനന്ദന്റെതന്നെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ടിരുന്ന ആത്മവിദ്യാസംഘത്തിന്റെ പ്രാര്‍ത്ഥനാഹാളില്‍വെച്ചാണ് സംഘത്തിന്റെ ആദ്യയോഗം ചേര്‍ന്നത്. അന്നുതന്നെ പതിനാറുപേര്‍ക്ക് അംഗത്വംനല്‍കി. ഊരാളുങ്കല്‍ വില്ലേജില്‍നിന്ന് ഉള്ളവര്‍ക്കുമാത്രമായി അംഗത്വം പരിമിതപ്പെടുത്തിയിരുന്നു.

1926ല്‍ മലബാര്‍ ഡിസ്ട്രക്ട് ബോര്‍ഡ് സംഘത്തിന് 500 ഉറുപ്പിക വായ്പ അനുവദിച്ചെങ്കിലും അവര്‍ക്ക് കരാറുകളൊന്നുംതന്നെ കിട്ടിയില്ല. സംഘം പിരിച്ചുവിടാന്‍ പോകയാണെന്ന കിംവദന്തി പരന്നു. ഇക്കാലത്ത് വാഗ്ഭടാനന്ദന്‍ നടത്തിയ ഇടപെടലിന്റെയും അഭ്യര്‍ത്ഥനയുടെയും ഫലമായി സംഘത്തിന് ആദ്യത്തെ കരാര്‍പണി ലഭ്യമായി. തുടക്കത്തില്‍ പ്രദേശത്തെ സമ്പന്നരില്‍നിന്ന് കടമെടുത്താണ് സംഘം കൂലിക്കാര്‍ക്ക് കൂലികൊടുത്തത്. പിന്നീട് സംഘത്തിന് 926 രൂപയുടെ മൂന്ന് കരാര്‍ പണികിട്ടി. അതില്‍നിന്ന് കിട്ടിയ ലാഭം 12 രൂപയായിരുന്നു. 1964വരെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചയാള്‍ക്ക് ശരിയായി ശമ്പളം കൊടുക്കാന്‍പോലും സംഘത്തിന് കഴിഞ്ഞിരുന്നില്ല. സാമ്പത്തികനേട്ടം പരിഗണിക്കാതെ ആദ്യകാല അംഗങ്ങള്‍ കാണിച്ച ത്യാഗസന്നദ്ധതയാണ് സംഘത്തിനെ നിലനിര്‍ത്തിയത്. 1967ലാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) യായി വീണ്ടും രജിസ്റ്റര്‍ ചെയ്തത്. മൂന്നുതരം ആളുകളാണ് സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ഒന്ന് അംഗങ്ങള്‍, രണ്ട് അംഗങ്ങളല്ലാത്ത തൊഴിലാളികള്‍, മൂന്ന് ജീവനക്കാര്‍. 1974ല്‍ ലേബര്‍ കോണ്‍ട്രാക്ട് സംഘങ്ങളെ കേരള ഗവണ്‍മെന്റ് മൂന്ന് വിഭാഗങ്ങളായി തിരിച്ചു. അതില്‍ എ ക്ലാസ് റാങ്കാണ് യുഎല്‍സിസിഎസിന് ലഭിച്ചത്. സംഘം അംഗങ്ങള്‍ക്ക് പ്രോവിഡന്റ് ഫണ്ട്, മെഡിക്കല്‍-ലൈഫ് ഇന്‍ഷുറന്‍സ്, ബോണസ് എന്നീ ആനുകൂല്യങ്ങളൊക്കെ സംഘം നല്‍കി വരുന്നുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കു കീഴില്‍ ഇന്ന് 2200 പേര്‍ ജോലി ചെയ്യുന്നുണ്ട്. റോഡ്, പാലം, കെട്ടിടംപണികള്‍ക്കു പുറമെ ഐ ടി പാര്‍ക്കുകളുടെ പണിതീര്‍ത്തുകൊണ്ട് കാലത്തിനൊപ്പം ആധുനികീകരിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ഈ തൊഴിലാളിസംഘം ഏര്‍പ്പെട്ടിരിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗം ജാതിമേധാവിത്വത്തിനും ജന്മിത്വത്തിനും എതിരായി നടത്തിയ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ സംഘം രൂപീകൃതമായത്. സ്വന്തം അധ്വാനത്തെ സമാഹരിച്ചുകൊണ്ട് നിലനില്‍ക്കുന്ന വ്യവസ്ഥയ്ക്കെതിരായ പോരാട്ടത്തിന് വേദിയൊരുക്കുകയാണ് ഊരാളുങ്കല്‍ സംഘത്തിന്റെ രൂപീകരണത്തിലൂടെ അതിന്റെ ആദ്യകാല പ്രവര്‍ത്തകര്‍ ചെയ്തത്. ഊരാളുങ്കല്‍ സംഘത്തിന്റെ വിജയം നിലകൊള്ളുന്നത് അതുണ്ടാക്കിയ സാമ്പത്തികനേട്ടത്തില്‍ മാത്രമല്ല സാമൂഹിക മുന്നേറ്റത്തില്‍ കൂടിയാണ്. ജന്മിമാരുടെ അടിയാളരായി കഴിഞ്ഞിരുന്ന ജനങ്ങളെ സ്വന്തംകാലില്‍ നില്‍ക്കുന്നവരാക്കി മാറ്റിത്തീര്‍ക്കാന്‍ ഈ സംഘത്തിന് കഴിഞ്ഞു. അംഗമായ ഏതൊരു തൊഴിലാളിക്കും നേരിട്ട് പങ്കാളിത്തം വഹിക്കാവുന്ന സുതാര്യമായ പ്രവര്‍ത്തനമാണിന്ന് സംഘം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. പ്രസിഡണ്ടടക്കം സംഘത്തിന് ഭരണ നേതൃത്വം കൊടുക്കുന്നവരെല്ലാം അടിസ്ഥാനതലത്തില്‍നിന്ന് പണിചെയ്ത് ഉയര്‍ന്നുവരുന്നവരാണ്. മറ്റു സംഘങ്ങളില്‍ കാണാത്ത ഒരു സവിശേഷതയാണിത്.

കൊളോണിയല്‍ സാമ്പത്തികവ്യവസ്ഥയ്ക്ക് ബദലായി സഹകരണ പ്രസ്ഥാനത്തിനെ വാഗ്ഭടാനന്ദന്‍ കണ്ടിരുന്നോ ഇല്ലയോ എന്നറിയാനാവില്ല. എന്നാല്‍ ജന്മിത്വത്തിനും ജാതി മേധാവിത്വത്തിനുമെതിരായ പോരാട്ടത്തില്‍ കര്‍ഷക പ്രസ്ഥാനത്തോടൊപ്പംനിന്ന് പോരാടാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ട് എന്ന് ചരിത്രം വ്യക്തമാക്കുന്നു. ആഗോളവത്കരണത്തിന്റെ ഇക്കാലത്ത് സാമ്രാജ്യത്വവും വന്‍കിട കുത്തകകളും അധ്വാനിക്കുന്ന ജനങ്ങളെ വന്‍ തോതില്‍ കൊള്ളചെയ്തുകൊണ്ടിരിക്കുകയാണ്. കരാറുകാരും കോര്‍പ്പറേറ്റുകളും ഭരണാധികാരിവര്‍ഗവും തമ്മിലുള്ള പരസ്യമായ സഖ്യംതന്നെ ഇതിനായി രൂപപ്പെടുത്തിയിട്ടുണ്ട്. അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പകല്‍കൊള്ളയ്ക്കെതിരെ പിരിമിതമായ വൃത്തത്തില്‍നിന്നുകൊണ്ടാണെങ്കിലും ഒരു ബദല്‍ മാതൃകയായാണ് ഇന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തിച്ചുവരുന്നതെന്ന് അഭിമാനത്തോടെ പറയാന്‍ ഞങ്ങള്‍ക്ക് കഴിയും.

*
പാലേരി രമേശന്‍ ചിന്ത വാരിക

No comments: