Thursday, October 24, 2013

ഡല്‍ഹി കണ്‍വന്‍ഷന്റെ ലക്ഷ്യം

വര്‍ഗീയതക്കെതിരെ ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം 30 ന് ന്യൂഡല്‍ഹിയില്‍ കണ്‍വന്‍ഷന്‍ ചേരും. കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷിനേതാക്കളും ബുദ്ധിജീവികളും കലാകാരന്മാരും ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ഇത്തരത്തെിലൊരു കണ്‍വന്‍ഷന്‍ ചേരുന്നതില്‍ ജനവിഭാഗങ്ങളില്‍ വലിയ താല്‍പ്പര്യം ദൃശ്യമായിട്ടുണ്ട്. അതോടൊപ്പം മാധ്യമ ഊഹാപോഹങ്ങളും പെരുകി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമമായാണ് ഈ നീക്കത്തെ പലരും കാണുന്നത്. കോണ്‍ഗ്രസിതര, ബിജെപി ഇതര കൂട്ടുകെട്ടിനെക്കുറിച്ചും കക്ഷിബന്ധങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും അവര്‍ വിലയിരുത്തല്‍ നടത്തുന്നു. എന്നാല്‍, കണ്‍വന്‍ഷന്‍ ചേരുന്നതിന്റെ പിന്നിലുള്ള യാഥാര്‍ഥ ലക്ഷ്യം എന്താണ്?

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെമ്പാടും വര്‍ഗീയ ശക്തികള്‍ പ്രത്യേകിച്ചും ആര്‍എസ്എസ്- ഹിന്ദുത്വ സംഘടനകള്‍ ആധിപത്യം ഉറപ്പിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. ബിജെപിക്ക് അധികാരത്തില്‍ തിരിച്ചുവരാനായി നടത്തുന്ന വന്‍ ശ്രമങ്ങളുടെ ഭാഗമാണിത്. ഇതുമായി ബന്ധപ്പെട്ടുതന്നെയാണ് രാജ്യമെമ്പാടും വര്‍ഗീയമായ വിഷയങ്ങള്‍ ഉയര്‍ത്താനും വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള സംഘടനകള്‍ ശ്രമിക്കുന്നത്. ഇതിന്റെ ഫലമായാണ് സെപ്തംബര്‍ ആദ്യവാരം ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഏറെ വര്‍ധിച്ചു. ഇപ്പോള്‍ ബിഹാറിലും ഇത് ആവര്‍ത്തിക്കുന്നു. ബിജെപിക്ക് അധികാരത്തിന്റെ അടുത്ത് പോലും എത്തണമെങ്കില്‍ ഏറ്റവുമധികം നേട്ടങ്ങളുണ്ടാകേണ്ട സംസ്ഥാനങ്ങളാണ് ഇവയൊക്കെ. വര്‍ഗീയ ച്രചാരണത്തിനായി ഉപയോഗിക്കുന്ന വിഷയങ്ങള്‍ പലതാണ്. എന്നാല്‍, ചില വിഷയങ്ങള്‍ക്ക് മൂര്‍ച്ചയേറെയാണ്. വിവിധ പ്രദേശങ്ങളില്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട സംഘടനകള്‍ ഗോഹത്യാവിഷയം ഉയര്‍ത്തി മൂസ്ലിങ്ങളെ ആക്രമിക്കുന്നു. സര്‍ക്കാര്‍ അനുമതിയോടെ കന്നുകാലികളെ വാഹനങ്ങളില്‍ കൊണ്ടുപോകുമ്പോള്‍ പശ്ചിമ ഉത്തര്‍പ്രദേശിലും ഹരിയാനയിലും മറ്റും തടഞ്ഞുനിര്‍ത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കുക പതിവാണ്. മറ്റൊരു പ്രശ്നം യുവതികളെയും പെണ്‍കുട്ടികളെയും ആണ്‍കുട്ടികള്‍ ദ്രോഹിക്കുന്നതാണ്. ഇതില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും വ്യത്യസ്ത മതത്തില്‍പെട്ടവരാണെങ്കില്‍ അതിന് വര്‍ഗീയ നിറം നല്‍കുന്നു. ഇത്തരമൊരു സംഭവമാണ് മുസഫര്‍നഗറില്‍ വര്‍ഗീയ വികാരം ആളിക്കത്തിച്ചത്. ജാതിയും പിന്തുടര്‍ച്ചാ ധാരണകളും വര്‍ഗീയ വികാരം ആളിക്കത്തിക്കാന്‍ ഉപയോഗിക്കുന്നു.

മകളെയും മരുമക്കളെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മുസഫര്‍നഗറില്‍ ജാട്ട് മഹാപഞ്ചായത്ത് ചേര്‍ന്നത്. അതിനുശേഷമാണ് ഗ്രാമങ്ങളില്‍ മുസ്ലിങ്ങള്‍ക്കു നേരെ വലിയ ആക്രമണങ്ങളുണ്ടായത്. ഇന്ത്യയില്‍ വര്‍ഗീയതയുടെ ചരിത്രം പരിശോധിച്ചാല്‍ വിവിധഘട്ടങ്ങളില്‍ ഹിന്ദുവര്‍ഗീയ ശക്തികളും ന്യൂനപക്ഷ വര്‍ഗീയ സംഘടനകളും സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങള്‍ വര്‍ഗീയമായി ജനങ്ങളെ സംഘടിപ്പിക്കുന്നതിന് ഉപയോഗിച്ചിട്ടുണ്ട്. ഇത് കലാപത്തിനും നിരവധി പേരുടെ മരണത്തിനും സാമുദായിക സൗഹാര്‍ദ തകര്‍ച്ചയ്ക്കും കാരണമായി. സര്‍ക്കാരിന്റെ നയങ്ങളുടെയും മറ്റും ഫലമായി പലപ്പോഴും ഉണ്ടാകുന്ന സാമൂഹ്യ-സാമ്പത്തിക പ്രശ്നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തി പടര്‍ത്തുമ്പോള്‍ വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികള്‍ ഈ അവസരം ഉപയോഗപ്പെടുത്തി ജനങ്ങളെ വര്‍ഗീയ ചേരിതിരിവിലേക്കും വൈരത്തിലേക്കും നയിക്കുകയാണ്. ദുര്‍ഭരണത്തിന്റെയും അഴിമതിയുടെയും റെക്കോഡുള്ള ഒമ്പത് വര്‍ഷത്തെ യുപിഎ ഭരണത്തിനോട് ജനങ്ങള്‍ക്ക് കടുത്ത അസംതൃപ്തിയുണ്ട്. വിലക്കയറ്റവും വിഷമംപിടിച്ച ജീവിത സാഹചര്യങ്ങളും തൊഴിലവസരങ്ങളുടെ കുറവുമാണ് ഈ അസംതൃപ്തിക്ക് കാരണം. 2014 ഏപ്രില്‍- മെയ് മാസങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കും. ഹിന്ദുത്വ ശക്തികളുടെ കരുനീക്കങ്ങള്‍ക്ക് ആക്കംകൂട്ടുന്ന സാഹചര്യമാണിതെന്നര്‍ഥം. ഈ കരുനീക്കങ്ങളുടെ ഭാഗമായാണ് കടുത്ത ഹിന്ദുത്വ വാദിയും ആര്‍എസ്എസ് പ്രചാരകനുമായ നരേന്ദ്ര മോഡിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത്. "വികസനം", "സംശുദ്ധഭരണം"എന്നിവ നല്‍കാന്‍ കഴിയുന്ന നേതാവായാണ് മോഡി അവതരിപ്പിക്കപ്പെടുന്നത്. ഈ മുഖംമൂടിക്കു പിന്നില്‍ ഗുജറാത്തിന് മറ്റൊരു മുഖമുണ്ട്. 1980 മുതല്‍ ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയാണ് ഗുജറാത്ത്. മധ്യവര്‍ഗ ബോധത്തെ ലക്ഷ്യമാക്കിയുള്ള ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരണത്തിനോടൊപ്പം ന്യൂപപക്ഷങ്ങളെ-മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും-അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളും ഉണ്ടായി. ഇതാണ് 2002 ലെ ഭീകരമായ ഗുജറാത്ത് വംശഹത്യയിലേക്ക് എത്തിച്ചത്.

അയോധ്യയിലെ "കര്‍സേവ"യ്ക്കും 1990 ല്‍ എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന കുപ്രസിദ്ധ രഥയാത്രയ്ക്കും മുന്നോടിയായി ന്യുനപക്ഷങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ക്കും കലാപങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചു. വടക്ക്-പടിഞ്ഞാറന്‍ ഇന്ത്യയിലെമ്പാടും ന്യൂനപക്ഷങ്ങള്‍ക്തെിരെ നടന്ന വേട്ടയാടലിന്റെ പരിണതഫലമായിരുന്നു 1992 ഡിസംബര്‍ ആറിന് ബാബറിമസ്ജിദ് തകര്‍ത്തത്. ഇതാണ് 1998ലും 1999ലും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണത്തിന് വഴിയൊരുക്കിയത്. രാജ്യത്തെ കൊള്ളയടിക്കാന്‍ വന്‍കിട ബിസിനസുകാരെ അനുവദിച്ചും വന്‍ കുംഭകോണങ്ങള്‍ക്ക് വഴിയൊരുക്കിയും യുപിഎ സര്‍ക്കാരിന്റെ മോശപ്പെട്ട ഭരണം ഒരു വശത്ത്. കോണ്‍ഗ്രസ് പാര്‍ടിയുടെ അവസരവാദപരവും സങ്കുചിതവുമായ നയങ്ങള്‍ മറുഭാഗത്ത്. ഇതാണ് ബിജെപി- ആര്‍എസ്എസ് കൂട്ടുകെട്ട് പ്രതിനിധാനംചെയ്യുന്ന വലതുപക്ഷ വര്‍ഗീയ ശക്തികള്‍ ചൂഷണംചെയ്യാന്‍ ശ്രമിക്കുന്നത്.

രാജ്യം വീണ്ടുമൊരു വര്‍ഗീയസ്പര്‍ധയ്ക്കും കലാപത്തിനും സാക്ഷ്യം വഹിക്കരുത്. ജനങ്ങളുടെ ഐക്യം തകര്‍ക്കാനും സാമുദായിക സൗഹാര്‍ദം തകരാനും അനുവദിച്ചൂകൂടാ. ഇടതുപക്ഷ-ജനാധിപത്യ മതേതര ശക്തികള്‍ക്ക്്, വര്‍ഗീയശക്തികള്‍ക്കെതിരെയുള്ള സമരമെന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടോ രാഷ്ട്രീയനേട്ടം കൊയ്യാനോ ഉള്ള ഒന്നല്ല. ഇവിടെ അപകടത്തിലാകുന്നത് രാജ്യത്തിലെ ജനങ്ങളുടെ ഐക്യവും രാജ്യത്തിന്റെ അഖണ്ഡതയുമാണ്. ഈയൊരു സാഹചര്യത്തിലാണ് ഇടതുപക്ഷ, ജനാധിപത്യ, മതേതര ശക്തികളെ പ്രതിനിധാനംചെയ്യുന്ന ഒക്ടോബര്‍ 30 ന്റെ കണ്‍വന്‍ഷന്‍ പ്രാധാന്യം അര്‍ഹിക്കുന്നത്. വര്‍ഗീയതക്കെതിരായ ഈ യോജിച്ച വേദി കോണ്‍ഗ്രസ്- ബിജെപി ഇതര കക്ഷികളെ അണിനിരത്തിയാല്‍ വരും ദിവസങ്ങളിലെ രാഷ്ട്രീയമാറ്റങ്ങളെ അത് സഹായിക്കും.

*
പ്രകാശ് കാരാട്ട്

No comments: