Tuesday, October 22, 2013

ഇരകള്‍ക്ക് ശിക്ഷ നല്‍കുന്ന വിധം

ഡല്‍ഹിയിലെ അതിവേഗ കോടതികളിലൊന്നിലെ അഡിഷണല്‍ സെഷന്‍സ് ജഡ്ജ് വീരേന്ദ്ര ഭട്ട് കഴിഞ്ഞദിവസം ഒരു വിധിന്യായത്തില്‍ അഭിപ്രായപ്പെട്ടത്, പെണ്‍കുട്ടികള്‍ വിവാഹത്തിനുമുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുതെന്നും അങ്ങനെ സംഭവിക്കുന്നത് അവരുടെ നാശത്തിനാണെന്നും അങ്ങനെയുള്ളവര്‍ക്ക് പിന്നീട് ബലാത്സംഗംചെയ്യപ്പെട്ടു എന്ന് വിലപിക്കാന്‍ അര്‍ഹതയില്ല എന്നുമാണ്. പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കാനുള്ള "അവകാശം" സ്ഥാപിച്ചെടുക്കാന്‍ നടക്കുന്നവരുടെ അതേ മനോഭാവമാണിത്. വിവാഹവാഗ്ദാനം നല്‍കി ചതിക്കപ്പെടുന്നവരും ലൈംഗികചൂഷണത്തിന് ഇരയാകുന്നവരുമായ എല്ലാ പെണ്‍കുട്ടികള്‍ക്കുമെതിരായ യാഥാസ്ഥിതികത്വത്തിന്റെ ആക്രോശമായാണ് ഈ വിധിന്യായത്തെ വനിതാസംഘടനകള്‍ വിശേഷിപ്പിച്ചത്. ഭരണഘടനാ ലംഘനമായാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് വി എന്‍ ഖാരെ ഇതിനെ വിലയിരുത്തുന്നത്. സ്ത്രീവിരുദ്ധ വിധിന്യായത്തിന്റെ പേരില്‍ ജഡ്ജിക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

തലസ്ഥാന നഗരത്തിലെ ഒരു ന്യായാധിപന്റെ തെറ്റായി ചുരുക്കിക്കാണാവുന്ന വിഷയമല്ല ഇത്. സമാനമായ ചിന്താഗതിയും നടപടികളും സമൂഹത്തില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി, കേണപേക്ഷിച്ചിരുന്നെങ്കില്‍ അക്രമികള്‍ക്ക് അലിവുതോന്നുമായിരുന്നു എന്ന് അഭിപ്രായപ്പെട്ട ആസാറാം ബാപ്പു ഇന്ന് ബലാത്സംഗക്കുറ്റത്തിന് ഇരുമ്പഴിക്കുള്ളിലാണ്. ആ ബാപ്പുവിനെയും അയാള്‍ പ്രതിനിധാനംചെയ്യുന്ന സാംസ്കാരിക അധഃപതനത്തെയും തോളേറ്റി നടക്കുന്നവര്‍ നമുക്കു ചുറ്റും ഇന്നുമുണ്ട്. ഹരിയാനയിലെ ചില സമുദായ നാട്ടുകൂട്ടങ്ങള്‍ (ഖാപ് പഞ്ചായത്ത്) കോളേജിലും സ്കൂളിലും പോകുന്ന പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തിലെ "കുഴപ്പം" കണ്ടെത്താന്‍ സ്ക്വാഡുകളെ നിയോഗിച്ചിരിക്കുന്നു. ഏതുതരത്തില്‍ വസ്ത്രം ധരിക്കണമെന്ന് അവര്‍ നിശ്ചയിക്കുന്നു; അതിന്റെ ലംഘനമുണ്ടായി എന്ന് അവര്‍ തീര്‍ച്ചപ്പെടുത്തുകയും ശിക്ഷ വിധിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ അതിന് മൗനാനുവാദം നല്‍കുന്നു. യുവതി ബസ്സ്റ്റോപ്പില്‍ ഭര്‍ത്താവിനോട് ഫോണില്‍ സംസാരിക്കുന്നതിനെ "സംശയിച്ച്" ദമ്പതികളെ സംഘംചേര്‍ന്ന് ആക്രമിച്ച സദാചാര പൊലീസ് വിളയാട്ടം നടന്നത് ഈ കേരളത്തിലാണ്. ഒരുഭാഗത്ത് അനിയന്ത്രിതമായ സ്ത്രീപീഡനം തുടരുമ്പോള്‍, സ്ത്രീയുടെ സ്വകാര്യതയ്ക്കും വ്യക്തിത്വത്തിനും ജീവിക്കാനുള്ള അവകാശത്തിനും നേരെ തുടരെത്തുടരെ കടന്നാക്രമണമുണ്ടാകുന്നു- അതില്‍ ഡല്‍ഹിയും ഹരിയാനയും കേരളവും വേറിട്ടുനില്‍ക്കുന്നില്ല.

യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം കഴിഞ്ഞ ജൂണ്‍വരെയുള്ള കണക്കെടുത്താല്‍ കേരളത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 1234 പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. ട്രെയിന്‍യാത്രയില്‍ 124 സ്ത്രീകള്‍ പീഡനത്തിന് ഇരയായി. അഞ്ചുവയസ്സിനു താഴെയുള്ള 31 പെണ്‍കുട്ടികളാണ് കാമഭ്രാന്തന്മാര്‍ക്ക് ഇരയായത്. എല്ലാത്തരം സ്ത്രീപീഡനങ്ങളുടെയും രേഖപ്പെടുത്തിയ എണ്ണം 26,837 ആണ്. ഇത് പുറത്തുവന്നതും പരാതി ലഭിച്ചതും കേസ് രജിസ്റ്റര്‍ചെയ്തതുമായ സംഭവങ്ങള്‍മാത്രം. എത്രയോ കൂടുതല്‍ അല്ലാതെയുണ്ടാകും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ചതിയിലും പ്രലോഭനത്തിലും മറ്റും പെട്ട് ഗര്‍ഭിണികളാകുന്ന അനേകം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സ്വന്തം വീട്ടിലും സ്കൂളിലും വഴിയിലുംവരെ പിഞ്ചുകുഞ്ഞുങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. ലൈംഗികവസ്തുക്കളായി കണ്ട് സ്ത്രീകളെ പ്രാകൃതമായ വിധത്തില്‍ അടിച്ചമര്‍ത്തുകയും തരംതാഴ്ത്തുകയും ചെയ്യുകയാണ്. സ്ത്രീകളെ ലൈംഗികമായി ചൂഷണംചെയ്യാന്‍ പുതിയ സങ്കേതങ്ങള്‍ കണ്ടെത്തുന്നു. ഇന്റര്‍നെറ്റും മൊബൈല്‍ഫോണും സിനിമയും സ്ത്രീവിരുദ്ധതയുടെയും ആഭാസങ്ങളുടെയും കേളീരംഗമാകുന്നത് ചെറുക്കപ്പെടുന്നില്ല. ഇത്തരം കടന്നാക്രമണങ്ങളെ ഫലപ്രദമായി കൈകാര്യംചെയ്യാന്‍ ത്രാണിയുള്ളതല്ല, അംഗവൈകല്യം വന്നതും ദുര്‍ബലവുമാണ് രാജ്യത്തെ നിയമസംവിധാനം.

സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരായ ലൈംഗികാതിക്രമവും പീഡനവും വര്‍ധിക്കുന്നത് സമൂഹത്തിന്റെ തകരുന്ന മാനസികാരോഗ്യത്തെ പ്രതിഫലിപ്പിക്കുന്നു. സ്ത്രീധനമെന്ന സാമൂഹ്യതിന്മയും മദ്യപാനത്തിന്റെ പ്രശ്നങ്ങളും എല്ലാ മനുഷ്യബന്ധങ്ങളെയും കമ്പോളവല്‍ക്കരിക്കുന്ന മുതലാളിത്ത ചൂഷണവ്യവസ്ഥയും അതിന്റെ ഭാഗമായ കെട്ട നവലിബറല്‍ "മൂല്യ"ങ്ങളും ഇതിന് കാരണമാണ്. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്ന തരത്തില്‍ സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം ഉണ്ടാക്കുക; ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും കര്‍ക്കശമായ നിയമപാലനത്തിലൂടെ തടയുക; കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുക എന്നിങ്ങനെയുള്ള ബഹുമുഖ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കൂട്ടായ ഇടപെടലും പരിശ്രമവും അനിവാര്യമായ ഘട്ടമാണിത്. അതിനു പകരമായാണ് യാഥാസ്ഥിതികത്വത്തിന്റെയും കമ്പോളനീതിയുടെയും കാട്ടാള സംസ്കാരത്തിന്റെയും ചലനങ്ങള്‍ നീതിപീഠത്തില്‍നിന്നുവരെ ഉണ്ടാകുന്നത്. വിപല്‍ക്കരമായ ഇത്തരം മനോഭാവങ്ങളെയാണ് ആദ്യം ചികിത്സിക്കേണ്ടത്. ചികിത്സിച്ചു മാറ്റേണ്ട രോഗം പെണ്‍കുട്ടികളുടെ വസ്ത്രധാരണമോ അപക്വതയോ അവിവേകമോ അല്ല എന്നര്‍ഥം. ഡല്‍ഹി ജഡ്ജിയുടെയും ഹരിയാന ജാതിക്കൂട്ടത്തിന്റെയും നടപടികളെ സാമൂഹ്യവിപത്തിന്റെ സൂചനകളായിത്തന്നെ കണ്ട് ചികിത്സിക്കണം.

*
ദേശാഭിമാനി മുഖപ്രസംഗം 22-10-2013

No comments: