Wednesday, October 23, 2013

സമരങ്ങള്‍ക്ക് മാര്‍ക്കിടുന്നവരോട്

ഇടതുപക്ഷത്തിന്റെ സമരങ്ങളെ പരിഹസിച്ചുള്ള പുതിയ ലേഖനം ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടത് മാധ്യമം ദിനപത്രത്തിലാണ് (ഒക്ടോബര്‍ 22). സിപിഐ എം വിരുദ്ധ ഹിസ്റ്റീരിയ ബാധിച്ച സകല പിന്തിരിപ്പന്മാരും ഏറെക്കാലമായി ആവര്‍ത്തിക്കുന്ന മഠയത്തരങ്ങള്‍തന്നെയാണ് സി ദാവൂദിന്റെ പേരില്‍ അച്ചടിച്ചുവന്നത്. ദിവസവും മൂന്നുനേരം സിപിഐ എമ്മിനെ ആക്ഷേപിക്കുന്നത് ആത്മനിര്‍വൃതിക്ക് ഒരുപക്ഷേ ഉപകാരപ്പെട്ടേക്കാം. അതിനപ്പുറം ഇത്തരം അബദ്ധജടിലവും ചരിത്രവിരുദ്ധവുമായ പരിഹാസങ്ങള്‍ക്ക് ജനാധിപത്യത്തിലെവിടെയാണ് ഇടമുണ്ടാവുക? സമരങ്ങളുടെ വിജയപരാജയങ്ങളെക്കുറിച്ച് പരിശോധിക്കുകയും വിമര്‍ശങ്ങളുയര്‍ത്തുകയും ചെയ്യുന്നവര്‍ ചരിത്രത്തിന്റെ നാള്‍വഴികളിലെ ജനകീയപോരാട്ടങ്ങളുടെ ഗതിവിഗതികളെക്കുറിച്ച് പ്രാഥമികമായെങ്കിലും മനസ്സിലാക്കേണ്ടതല്ലേ?

രാവിലെ പത്തിന് ആരംഭിക്കുന്ന സമരം വൈകിട്ട് അഞ്ചിന് ആവശ്യങ്ങളെല്ലാം അംഗീകരിപ്പിച്ച് അവസാനിപ്പിക്കേണ്ടതാണെന്നും അങ്ങനെയല്ലാത്ത സമരങ്ങളെല്ലാം പരാജയമാണെന്നും ഏതു പുസ്തകം നോക്കിയാണ് ഇക്കൂട്ടര്‍ വിലയിരുത്തുന്നത്? സമ്പൂര്‍ണമായി പരാജയപ്പെട്ട ഒരു സമരംപോലും സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് കാലമെത്ര കഴിഞ്ഞാലാണ് ഇവര്‍ക്ക് ബോധ്യംവരിക? ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളുയര്‍ത്തിയുള്ള സമരങ്ങളില്‍ പങ്കെടുത്ത് രോമത്തിനുപോലും പോറലേറ്റിട്ടില്ലാത്തവരും, ജനകീയസമരങ്ങളുടെ ചരിത്രത്തിലേക്ക് അബദ്ധത്തില്‍പോലും ഒന്നെത്തി നോക്കിയിട്ടില്ലാത്തവരും ടെലിവിഷന്‍ സ്ക്രീനില്‍ സമരംകണ്ട് വിശകലനം നടത്തുകയാണ് ഇപ്പോള്‍. സമരമുഖത്തുവച്ച് എന്തുനേടിയെന്ന് നോക്കി സമരത്തിന് മാര്‍ക്കിടുന്ന യാന്ത്രികയുക്തികള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ എങ്ങനെയാവും വിലയിരുത്തുക?

1947 ആഗസ്ത് 15ന് രാഷ്ട്രം സ്വതന്ത്രയായത് ആഗസ്ത് 14ന് നടന്ന സമരത്തിലെ ഒത്തുതീര്‍പ്പുവ്യവസ്ഥ പ്രകാരമാണെന്ന് ജമാഅത്ത് ബുദ്ധികേന്ദ്രങ്ങള്‍ അവകാശപ്പെടുമോ? പൂക്കോട്ടൂര്‍ സമരവും മലബാര്‍ സമരവും ഉപ്പുസത്യഗ്രഹവും ജാലിയന്‍വാലാബാഗും സിവില്‍ നിയമലംഘനവുമൊക്കെ ഇക്കൂട്ടരുടെ കണ്ണില്‍ വിജയമോ അതോ പരാജയമോ? പൂക്കോട്ടൂരിലും തിരൂരും കോഴിക്കോട്ടും മുദ്രാവാക്യം വിളിച്ചാല്‍ ബ്രിട്ടന്‍ കേള്‍ക്കുമോ എന്ന് പരിഹസിച്ച മാന്യന്മാര്‍ അന്നും ഉണ്ടായിരുന്നു. അവസാനം എണ്ണിയാലൊടുങ്ങാത്തതും യാന്ത്രികയുക്തികളുടെ കണ്ണില്‍ തോറ്റമ്പിയതുമായ സമരങ്ങളുടെ ഫലമായാണ് ബ്രിട്ടന്‍ ഇന്ത്യ വിട്ടതെന്ന് 2013ലെങ്കിലും മനസ്സിലാക്കേണ്ടതല്ലേ? ലോകത്തെ പിടിച്ചുകുലുക്കിയ വാള്‍സ്ട്രീറ്റ് പ്രക്ഷോഭം അലയടിച്ച അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍, സര്‍ക്കാര്‍ നയങ്ങളെ സമ്പൂര്‍ണമായി തിരുത്തിച്ച് ആഹ്ലാദപ്രകടനം നടത്തിയാണോ സമരം അവസാനിച്ചത്? അങ്ങനെയല്ലാത്തതുകൊണ്ട് വാള്‍സ്ട്രീറ്റ് പ്രക്ഷോഭം പരാജയപ്പെട്ടെന്നാണോ ലോകം വിലയിരുത്തുന്നത്? അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റേതുള്‍പ്പെടെ മുതലാളിത്ത സമ്പദ്ഘടനകളുടെ ചൂഷണം തുറന്നുകാണിക്കുന്നതിലും അതിനെതിരായി ജനങ്ങളെ അണിനിരത്തുന്നതിലും വാള്‍സ്ട്രീറ്റ് പ്രക്ഷോഭം വഹിച്ച പങ്ക് കാണാതിരിക്കാനാകുമോ? ഏതൊരു സമരത്തിന്റെയും പ്രാഥമികവും പ്രധാനവുമായ വിജയം ആ സമരം ഉണ്ടായി എന്നതുതന്നെയാണെന്ന് ബോര്‍ദ്യു അഭിപ്രായപ്പെടുകയുണ്ടായി.

അനീതി തല ഉയര്‍ത്തുമ്പോള്‍ വീട്ടില്‍കയറി വാതിലടച്ച് മൗനംപാലിക്കാതെ, എന്തും വരട്ടെയെന്നു കരുതി ഉയര്‍ത്തിയ മുഷ്ടിയുമായി ഒരുപറ്റമാളുകള്‍ തെരുവിലിറങ്ങുന്നുവെങ്കില്‍ അതാണ് ആ സമരത്തിന്റെ ആദ്യവിജയം. അനീതിയും അഴിമതിയും എത്ര സൂക്ഷ്മരൂപിയായി പ്രത്യക്ഷപ്പെട്ടാലും മൗനംകൊണ്ടല്ല മറിച്ച് മനുഷ്യന്റെ സമരധീരതയും ഇച്ഛാശക്തിയുംകൊണ്ടാണ് അതിനെ എക്കാലവും നേരിട്ടത് എന്നതിനാലാണ് കേരളത്തിലെ ഇടതുപക്ഷത്തിന് എന്നും അഭിമാനിക്കാന്‍ കഴിയുന്നത്. സോളാര്‍ കേസില്‍ തട്ടിപ്പിന് നേതൃത്വംനല്‍കിയ മുഖ്യമന്ത്രിക്കെതിരായ ജനങ്ങളുടെ രോഷത്തിനാണ് സിപിഐ എമ്മും ഇടതുമുന്നണിയും സമരരൂപം നല്‍കിയത്. സെക്രട്ടറിയറ്റ് ഉപരോധം അവസാനിപ്പിച്ചത് സമരത്തിന്റെ പരാജയമാണെന്ന് വിലയിരുത്തി അതിന്റെ കാരണംതേടി ക്ലേശിക്കുന്ന ലേഖകന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ട വിവരം അറിയാതെ പോയതാണോ? മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നുമുള്ള രണ്ട് ആവശ്യം ഉയര്‍ത്തി നടത്തിയ സമരത്തെ നേരിടാന്‍ ആദ്യം പട്ടാളത്തെ വിളിച്ച മുഖ്യമന്ത്രി പിന്നീട് സമരത്തിന്റെ മുന്നില്‍ സെക്രട്ടറിയറ്റ് അടച്ചുപൂട്ടി പലായനം ചെയ്തത് ലേഖകന്‍ ഇനിയും അറിഞ്ഞില്ലെന്നുണ്ടോ? ലേഖകന്റെയോ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെയോ ഓര്‍മയില്‍ ഇതിനുമുമ്പ് എന്നെങ്കിലും സെക്രട്ടറിയറ്റ് പൂട്ടിയതായി കേട്ടിട്ടുണ്ടോ?

ഉപരോധത്തെതുടര്‍ന്ന് രണ്ട് ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിച്ചതും പട്ടാളത്തെക്കൊണ്ടും സമരത്തെ നേരിടാനാകില്ലെന്ന് തിരിച്ചറിഞ്ഞ് ചരിത്രത്തിലാദ്യമായി സെക്രട്ടറിയറ്റ് പൂട്ടി മുഖ്യമന്ത്രി ഒളിച്ചോടിയതും മഹത്തായ ഉപരോധസമരത്തിന്റെ വിജയമല്ലെന്നും മറിച്ച് മാധ്യമംപത്രത്തിലെ ലേഖനങ്ങള്‍ വായിച്ച് ഉമ്മന്‍ചാണ്ടി ഭയന്നതുകൊണ്ടാണെന്നും കേരളീയര്‍ വിശ്വസിക്കണമെന്നാണോ ലേഖകന്‍ ഉദ്ദേശിക്കുന്നത്? ജുഡീഷ്യല്‍ അന്വേഷണ ഉത്തരവിനെ സ്വാഗതംചെയ്തും സെക്രട്ടറിയറ്റ് പൂട്ടി മുങ്ങിയ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് രാജിവരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചുമാണ് സെക്രട്ടറിയറ്റ് ഉപരോധം അവസാനിച്ചത്. മുഖ്യമന്ത്രിയുടെ രാജിക്കായുള്ള സമരമാണ് ഇപ്പോള്‍ തുടരുന്നത്. അതിന്റെ പുതിയ ഘട്ടമാണ് ഡിസംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ക്ലിഫ് ഹൗസ് ഉപരോധം. സെക്രട്ടറിയറ്റിന്റെ മുന്നില്‍ സമരം അവസാനിക്കുകയായിരുന്നില്ല മറിച്ച് പുതിയ രൂപത്തില്‍ ആരംഭിക്കുകയായിരുന്നു. അത് ഇനിയും മനസ്സിലാകാത്തവര്‍ക്ക് ഡിസംബറിലെങ്കിലും മനസ്സിലായേക്കുമെന്ന് ആശിക്കാം. കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരിനെതിരായ സമരങ്ങളെല്ലാം പരാജയപ്പെടുകയാണെന്ന കണ്ടുപിടിത്തത്തിന് കനപ്പെട്ട പുരസ്കാരമെന്തെങ്കിലും നല്‍കേണ്ടതാണ്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന ആദ്യത്തെ വലിയ സമരമായിരുന്നു കോഴിക്കോട് എന്‍ജിനിയറിങ് കോളേജ് സമരം. സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ മെറിറ്റ് അട്ടിമറിച്ച് ഇഷ്ടക്കാരനായ വിദ്യാര്‍ഥിയെ തിരുകിക്കയറ്റിയതിനെതിരെ എസ്എഫ്ഐ ആരംഭിച്ചതായിരുന്നു ആ സമരം. ഒടുവില്‍ എസ്എഫ്ഐയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറി പി ബിജുവിനുനേരെ ഒരു പൊലീസ് ഓഫീസര്‍ നിറയൊഴിക്കുകയുണ്ടായി. ഭാഗ്യവശാല്‍ വെടിയേറ്റില്ലെന്നുമാത്രം. സര്‍ക്കാര്‍ തിരുകിക്കയറ്റിയ നിര്‍മല്‍ മാധവിനെ കോളേജില്‍നിന്ന് ഒഴിവാക്കണമെന്നും നിയമവിരുദ്ധമായി നിറയൊഴിച്ച ഡിവൈഎസ്പിക്കെതിരെ അന്വേഷണംനടത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തൊട്ടടുത്ത ദിവസം ഡിവൈഎഫ്ഐ- എസ്എഫ്ഐ സംയുക്ത ഉപരോധസമരം ആരംഭിച്ചു. നാല് രാപ്പകല്‍ നീണ്ട സമരത്തിനൊടുവില്‍ നിര്‍മല്‍ മാധവനെ കോളേജില്‍നിന്ന് ഒഴിവാക്കിയുള്ള ഉത്തരവിന്റെ കോപ്പിയും ഡിവൈഎസ്പിക്കെതിരായ അന്വേഷണ ഉത്തരവിന്റെ കോപ്പിയും കിട്ടിയശേഷമാണ് സമരം അവസാനിച്ചത്. ഈ സമരവും മാധ്യമത്തിന്റെ കണ്ണില്‍ പരാജയപ്പെട്ട സമരമാകാം.

കുടുംബശ്രീ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് നടത്തിയ രാപ്പകല്‍ സമരം ഒരാഴ്ചയിലധികം നീണ്ടുനിന്നു. ഒടുവില്‍ വകുപ്പുമന്ത്രിമാരുമായി നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ച പ്രകാരം ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെട്ടശേഷമാണ് സമരം അവസാനിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു സമരം നടന്നത്. രാജ്യം ശ്രദ്ധിച്ച ഈ സമരവും ഒരുപക്ഷേ പരാജയപ്പെട്ട സമരമാണെന്ന് വിലയിരുത്തുന്നവരുണ്ടാകാം. കര്‍ഷകരും ജീവനക്കാരും നടത്തിയ സമരങ്ങളും ഒത്തുതീര്‍പ്പ് ചര്‍ച്ചയെത്തുടര്‍ന്ന് മുഖ്യആവശ്യങ്ങള്‍ അംഗീകരിച്ചാണ് അവസാനിച്ചത്. വാക്കുപറഞ്ഞ മന്ത്രിമാര്‍ പിന്നീട് വാക്ക് മാറ്റിയാല്‍ അതെങ്ങനെയാണ് സമരത്തിന്റെ പരാജയമാവുക? മന്ത്രിമാരുടെ അന്തസ്സില്ലായ്മയുടെ ഉത്തരവാദിത്തം പേറാന്‍ തലകുനിച്ചുനില്‍ക്കുന്നവരല്ല സമരംചെയ്തവര്‍.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന എല്ലാ പ്രധാന സമരങ്ങളെയും സമരമുഖത്തുവച്ചുതന്നെ അക്ഷരാര്‍ഥത്തില്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞതിന്റെ തിളക്കവുമായാണ് കേരളത്തിലെ ഇടതുപക്ഷം നില്‍ക്കുന്നതെന്നു കാണാന്‍ മാധ്യമത്തിന് സാധിച്ചേക്കില്ല. ദുരൂഹതയുള്ള ബാഹ്യസഹായങ്ങള്‍ പ്രവഹിക്കുന്ന നാടക സമരങ്ങളുള്‍പ്പെടെ പലതരം സമരങ്ങളും ഇക്കാലത്ത് നടക്കുന്നുണ്ട്. അവിടെ സമരതൊഴിലാളികളായി കൂലിപ്പണി എടുക്കുന്നവരുമുണ്ട്. ഉപജീവനാര്‍ഥം നടക്കുന്ന സമരങ്ങളുമുണ്ട്. ഇതിലൊക്കെ നല്ല പങ്കുവഹിക്കുന്ന ജമാഅത്ത് വേഷപ്പകര്‍ച്ചകളെ നാട് കാണുന്നുമുണ്ട്. പക്ഷേ, അക്കൂട്ടത്തില്‍ മേനി നടിക്കാനായി പ്ലാച്ചിമടയും എന്‍ഡോസള്‍ഫാനുമൊക്കെ എഴുതിപ്പിടിപ്പിക്കുമ്പോള്‍ കാണ്ടാമൃഗംപോലും നാണിച്ച് ആത്മഹത്യചെയ്തേക്കും. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ സമരമുഖത്തുവച്ചാണ് ഏലൂര്‍ എച്ച്ഐഎല്ലിലെ (ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ്) എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദനം നിര്‍ത്തിവയ്പിച്ചത്. കേന്ദ്രസര്‍ക്കാരിനും കീടനാശിനി ലോബിക്കുമെതിരെ സുപ്രീംകോടതിയില്‍ ഡിവൈഎഫ്ഐ ഒറ്റയ്ക്ക് പോരാടിയാണ് എന്‍ഡോസള്‍ഫാന്‍ കീടനാശിനിയെ ഇന്ത്യയില്‍ നിരോധിച്ചുകൊണ്ടുള്ള വിധി സമ്പാദിച്ചത്. എന്നാല്‍, അതെല്ലാം മറന്നേക്കൂ എന്നാണ് ലേഖകന്‍ പറയാതെ പറയുന്നത്. അതൊക്കെ സ്വന്തം അക്കൗണ്ടില്‍ എഴുതിവച്ച് ഊറ്റംകൊള്ളുന്ന മാനസികാവസ്ഥയ്ക്ക് ചികിത്സയില്ല.

നിര്‍മല്‍ മാധവനെ പുറത്താക്കിയുള്ള ഉത്തരവ് നേടിയതുപോലെ എളുപ്പത്തില്‍ മുഖ്യമന്ത്രിയുടെ രാജി ഉണ്ടാകില്ലെന്നറിഞ്ഞുതന്നെയാണ് സോളാര്‍ സമരം ആരംഭിച്ചത്. ഇതിനോടകം നൂറുകണക്കിനു കള്ളക്കേസും ലാത്തിച്ചാര്‍ജുമെല്ലാം നേരിട്ട് സമരം മുന്നോട്ട് പോകുന്നത് അഴിമതി എതിര്‍ക്കപ്പെടണമെന്ന ബോധ്യം ആഴത്തിലുള്ളതുകൊണ്ടാണ്. ശക്തമായ ജനരോഷത്തിന്റെ മുന്നില്‍ ഏറെനാള്‍ ഒരു ഭരണാധികാരിക്കും പിടിച്ചുനില്‍ക്കാനാകില്ല. ഒടുവില്‍ ഏവരാലും വെറുക്കപ്പെട്ട് അഴിമതിയുടെ മായാത്ത കറയുമായി ഉമ്മന്‍ചാണ്ടിക്ക് ഇറങ്ങിപ്പോകേണ്ടിവരും തീര്‍ച്ച. അതുവരെ വ്യത്യസ്തരൂപത്തില്‍ അഴിമതിവിരുദ്ധ സമരം തുടരും. ജനങ്ങളുടെ പിന്തുണയോടെ അത്തരം സമരങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍, രാഷ്ട്രീയ പാര്‍ടി രൂപീകരിച്ചിട്ടും ഒരില അനക്കാന്‍പോലുമാകാത്ത മതരാഷ്ട്രവാദികള്‍ സിപിഐ എമ്മിനെ ആക്ഷേപിച്ച് നിര്‍വൃതിയടയട്ടെ. *
എം സ്വരാജ് ദേശാഭിമാനി 23-10-13

No comments: