Thursday, October 24, 2013

അറബിക്കഥയിലെ അത്ഭുതങ്ങള്‍ നടക്കുന്ന കാലം

കേരളത്തില്‍ സോളാറും സരിതയും ആളിപ്പടരാന്‍ തുടങ്ങിയിട്ട് മാസം 4 പിന്നിട്ടിരിക്കുന്നു. തുടക്കത്തില്‍ തനിക്കൊന്നുമറിയില്ല, ആരെയും അറിയില്ല, ഒരാളെയും കണ്ടിട്ടുപോലുമില്ല എന്ന് കണ്ണിറുക്കിയടച്ച് തലകുനിച്ചു പിടിച്ച് പ്രസ്താവിച്ചുകൊണ്ടിരുന്ന പുതുപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞെന്ന സംസ്ഥാന മുഖ്യന്‍, മുന്‍പില്‍ കുമിഞ്ഞുകൂടിയ തെളിവുകളുടെ കൂമ്പാരത്തിനുമുന്നില്‍ സോളാര്‍ കേസിലെ പ്രതികളായ സരിതയെയും ബിജുവിനെയും താന്‍ കണ്ടിട്ടുണ്ടെന്നും സംസാരിച്ചിട്ടുണ്ടെന്നും സമ്മതിക്കാന്‍ നിര്‍ബന്ധിതനായി. എന്നാല്‍ എന്തേ ഈ കാര്യം ആദ്യമേ സമ്മതിച്ചില്ല എന്ന ചോദ്യത്തിന് ചാണ്ടിയും സില്‍ബന്ധികളും ഞഞ്ഞാമിഞ്ഞാ പറഞ്ഞ് ഒഴിയുകയല്ലാതെ മാളോര്‍ക്ക് ബോധ്യമുള്ള മറുപടി പറയുന്നില്ല. അതുതന്നെ ഈ കേസിലെ ചാണ്ടിയുടെ പങ്കാളിത്തവും ഇടപെടലും ഉണ്ടെന്ന് വെളിപ്പെടുത്തുന്നു. എന്നാല്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കാകെ ചാണ്ടിയോടാകുമ്പോള്‍ സിമ്പതി ലേശം കൂടുതലാണ്. അതിനവര്‍ എന്ത് വക്രീകരണത്തിനും കണ്ണടച്ചിരുട്ടാക്കലിനും മടിക്കില്ല എന്നും കഴിഞ്ഞ നാലുമാസമായി കേരളം സാക്ഷ്യംവഹിക്കുകയാണ്.

ജനസമ്പര്‍ക്കത്തിനെതിരെയോ സമരം?

ഒക്ടോബര്‍ 15െന്‍റ "മനോരമ" പത്രത്തിെന്‍റ 11-ാം പേജിലെ ഒരു റിപ്പോര്‍ട്ട് ഇങ്ങനെ: ""ജനസമ്പര്‍ക്ക പരിപാടിക്കെതിരെ എല്‍ഡിഎഫ് സമരം പരിഗണിക്കുന്നു"". "മാതൃഭൂമി"യും "മാധ്യമ"വും നോക്കി. രണ്ടിലും ഏറെക്കുറെ ഇതേ ശൈലിയില്‍ തന്നെയാണ് വാര്‍ത്താവതരണം. ഉ. ചാണ്ടി സംസ്ഥാനത്ത് നടപ്പാക്കിവരുന്ന തട്ടിപ്പ് - വെട്ടിപ്പ് കലാപരിപാടികളില്‍പെട്ട ഒരിനം മാത്രമാണ് ഈ പ്രഖ്യാപിത "ജനസമ്പര്‍ക്കം". ഈ തട്ടിപ്പ് പരിപാടിക്കെതിരെ സമരം പരിഗണിക്കാവുന്നതുമാണ്. അത് പക്ഷേ ആദ്യം നടത്തേണ്ടത് ഉ. ചാണ്ടിയുടെ സ്വന്തം കുഞ്ഞാടുകളായ എന്‍ജിഒ അസോസിയേഷന്‍ (കോട്ടത്തല) ഉള്‍പ്പെടെയുള്ള കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരാണ്. കാരണം ഈ "മാന്യന്‍" ഇപ്പോള്‍ നടത്തുന്ന പൊറാട്ടുനാടകം സിവില്‍ സര്‍വീസിന്റെ അടിത്തറ മാന്തുന്ന പരിപാടിയാണ്. നാട്ടിലെ നിയമങ്ങളും ചട്ടങ്ങളും സംവിധാനങ്ങളുമൊന്നും വേണ്ടാത്ത സങ്കതികളാണെന്നും ഇദ്ദ്യം ഒരാള്‍ മതിയേ മതി, പോരെങ്കില്‍ കൂട്ടിന് ജോപ്പനും ചീപ്പനും ജിക്കുവും ചക്കുവും ഗണ്‍മോനും മാത്രം മതി, (അല്ലെങ്കില് ഇരിക്കട്ടെ ഒരാര്‍ക്കെയുങ്കൂടി) എന്നു പറയാതെ പറയുന്ന കലാപരിപാടിയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്നു പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടിയെന്ന വിദ്വാന്‍ അങ്ങ് പുതുപ്പള്ളീലെ കുടുമ്മത്തീന് കൊണ്ടുവന്നതോ അച്ചിവീട്ടീന്ന് അച്ചാരം വാങ്ങിക്കൊണ്ടുവന്നതോ ആയ പണമല്ല. അത് ഖജനാവിലെ പണമാണ്. അത് ചെലവിഴക്കാന്‍ ചില ചിട്ടവട്ടങ്ങളുണ്ട്. അതില്‍ പോരായ്മയുണ്ടെങ്കില്‍ തിരുത്തുകയാണ് വേണ്ടത്. അല്ലാതെ അതിനെ ഒരരുക്കിലേക്ക് മാറ്റിയിട്ട് സ്വയം രാജാ പാര്‍ട്ട് കളിക്കലല്ല വേണ്ടത്. പോരെങ്കില്‍ ആ മാമാങ്കത്തിനായി കോടികള്‍ പൊടിക്കുന്നത് വേറെയും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നത് ഈ പുതുപ്പള്ളിക്കാരന്‍ ഹജ്ജൂര്‍ കച്ചേരീല് ജോപ്പന്മാരേയും ഗണ്‍മോന്‍മാരേയും കൂട്ടി വന്നിരിക്കാന്‍ തുടങ്ങിയശേഷം പൊട്ടിമുളച്ചതുമല്ല.ഇപ്പോള്‍ സമ്പര്‍ക്കത്തിലൂടെ കൊടുക്കണേലും കൂടുതലാളുകള്‍ക്ക് കൂടുതല്‍ തുക ഇതുക്കും മുന്‍പേ വേറെ ആണുങ്ങള്‍ മുഖ്യമന്ത്രിമാര്‍ ആയിരുന്നപ്പോഴെല്ലാം കൊടുത്തിട്ടുണ്ടെന്നതും ചരിത്രം. സോറി. ചരിത്രവും നിയമവും ഈ പുള്ളിക്കാരനറിയാനിടയില്ലല്ലോ. അതു പഠിക്കേണ്ട കാലത്ത് ഒരണാസമരത്തിലും മുള്‍ജി സമരത്തിലും കല്ലെറിഞ്ഞും വണ്ടി കത്തിച്ചും കളിക്കുകയായിരുന്നല്ലോ ഈ പുമാന്‍. പോട്ടെ. നമ്മക്ക് നമ്മടെ വിഷയത്തിലോട്ട് അങ്ങട് കടക്കാം. അപ്പോഴേ എന്താ ഇവിടെ വിഷയം? അത് സോളാറ് തന്നെ. സോളാറ് കത്താന്‍ തൊടങ്ങിയപ്പഴേ നാട്ടാര്ക്ക് പുടി കിട്ടിയത് ഈ പുതുപ്പള്ളിക്കാരെന്‍റ പങ്കതില്‍ ഉണ്ടെന്നാണ്. അതുകൊണ്ടാ അത്തരമൊരു തട്ടിപ്പുകാരന്‍, കള്ളന്‍റമ്മയ്ക്ക് കഞ്ഞിവെച്ചവന്‍ മുഖ്യമന്ത്രിക്കസേരേന്ന് ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് നാട്ടാരാകെ പറേണത്. അഴിക്കുള്ളില്‍ കഴിയേണ്ടവന്‍ ഹജ്ജൂര്‍ കച്ചേരീല് കേറിയിരിക്കുന്നത് നാട്ടിനും നാട്ടാര്‍ക്കും നാണക്കേടാണ്. അതോണ്ടാണ് ഇങ്ങോര് പോണേടത്തെല്ലാം ആളോള് കറുത്ത കൊടീം പിടിച്ച്, കറുത്ത കുപ്പായോം ധരിച്ച്, ""കള്ളന്‍ ചാണ്ടി രാജിവയ്ക്കണ""മെന്ന് വിളിച്ചു പറയണത്. കറുത്ത കൊടിയില്ലാഞ്ഞിട്ട് തെന്‍റ കറുത്ത ദേഹം കാട്ടി അങ്ങനെ വിളിച്ചേനാണല്ലോ ഒരു ചാണ്ടിപ്പോലീസ് ഒരു പയ്യെന്‍റ പാന്‍റിന്റെ സിബ്ബൂരി ജനനേന്ദ്രിയം പിടിച്ചുടച്ചത്. അതും ഈ പുതുപ്പള്ളിക്കാരെന്‍റ മുമ്പില് വച്ച്. അപ്പോഴേ, നമ്മള് പറഞ്ഞു വരണത് ഈ മുഖ്യനെ വഴീല് കരിങ്കൊടി കാണിക്കണതും പ്രതിഷേധിക്കണതുമൊന്നും ഇപ്പഴീ ജനസമ്പര്‍ക്കം തൊടങ്ങിയതോടെയല്ല എന്നു ചുരുക്കാം.

കഴിഞ്ഞാണ്ടിലും ഇദ്ദ്യം കൊറേയൊക്കെ സമ്പര്‍ക്കിച്ചല്ലോ. (അതിന്റെടയ്ക്കല്ലെ, അതിന്റേം മറവിലല്ലേ അങ്ങേര് ഈ സോളാര്‍ - സരിതാ കലാപരിപാടികളെല്ലാം കളിച്ചത്). അന്നാരും തടയുകയോ തടവുകയോ കരിങ്കൊടി കാട്ടുകയോ ഒന്നുമുണ്ടായില്ലല്ലോ. അപ്പോ നമ്മളെ ഈ മുഖ്യധാരാപത്രക്കാരന്മാര്, ""ജനസമ്പര്‍ക്ക പരിപാടിക്കെതിരെ എല്‍ഡിഎഫ് സമരം"" എന്നെഴുതണത് നുണയല്ലേ! നുണ തന്നെയാണ്. ശുദ്ധ നുണ. സത്യമെന്തെന്നാല്‍, സോളാര്‍ വീരന്‍ ഉമ്മന്‍ചാണ്ടി രാജിവെച്ച് അന്വേഷണം നേരിടുന്നതുവരെ സമരമെന്ന് എല്‍ഡിഎഫ് തീരുമാനം പണ്ടേ പ്രഖ്യാപിച്ചതാണല്ലോ. അപ്പോള്‍ പിന്നെ, ഈ മുഖ്യധാരാപത്രങ്ങളാകെക്കൂടി ഇങ്ങനെ വളച്ചൊടിച്ച് പറേണത് എന്തരിനപ്പീ? അതിെന്‍റ ഗുട്ടന്‍സ് 15-ാം തീയതി രാത്രി ഒമ്പത് മണീരെ ചാനല്‍ ചര്‍ച്ച കേട്ടപ്പഴല്ലേ പിടികിട്ടിയത്! ചാണ്ടിക്കുഞ്ഞ് ചാക്കില് പണോമായി നാടുനീളെ കൊണ്ടുവന്ന് അശരണരും അഗതികളും രോഗികളുമായവര്‍ക്കാകെ കൊടുക്കാന്‍ പോകുമ്പോള്‍ ഈ എല്‍ഡിഎഫ് കശ്മലന്മാര്‍ അതിനെ തടയുംപോലും! അതാണ് ചര്‍ച്ച. കൂട്ടത്തില്‍ കോണ്‍ഗ്രസ് ഊച്ചാളി സംഘത്തിലെ ഒരുത്തന്‍ ലേശം അന്തിയും മോന്തി സന്ധ്യസമയത്ത് ഒരു കീറങ്ങ് കീറിയത്രേ, ചാണ്ടിയെ തടയാന്‍ വരുന്നവരെ ഇനി ജനനേന്ദ്രിയത്തില്‍ പിടിച്ചല്ല, ചങ്കില് ഉണ്ടകേറ്റി തന്നെ നേരിടുമെന്ന്! അങ്ങ് തട്ടിക്കളയുമെന്നര്‍ത്ഥം! പോരെ പുകില്, ചാനല്‍ പിള്ളേരെല്ലാം ചര്‍ച്ചയോട് ചര്‍ച്ച തന്നെ!

എന്നാലേ ഒരു കാര്യം, ഒരേയൊരു കാര്യം. ഇതുക്കും മുന്‍പ് സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ ഈ ഊച്ചാളി സംഘം ചാനലുകളില്‍ കേറി ഉറഞ്ഞുതുള്ളിയത് അങ്ങ് മറന്നോ? എന്താ അന്നു പറഞ്ഞത്? വിലക്കയറ്റത്തെ പിടിച്ചുകെട്ടാനും അട്ടപ്പാടീലെ ആദിവാസികള്‍ക്ക് ഉണ്ണാനും ഉടുക്കാനും വേണ്ട വക കണ്ടെത്തി എത്തിച്ചുകൊടുക്കാനും അങ്ങനെ, അങ്ങനെ ഒരു പാടൊരുപാട് കാര്യങ്ങള് ചെയ്യാനും തീരുമാനിക്കാന്‍ മന്ത്രിസഭയൊന്നു കൂടാന്‍ പോകുമ്പോഴാണ് ഇതാ ഈ കശ്മലന്മാരെല്ലാംകൂടി സെക്രട്ടേറിയറ്റ് വളയാന്‍ വന്നതെന്നല്ലേ. അതങ്ങനെ മറക്കാന്‍ പറ്റുമോ? അന്ന് കൊച്ചുവെളുപ്പാന്‍ കാലത്ത് സോളാര്‍ മാനത്ത് തെളിയുംമുമ്പ് ചൂട്ടും കെട്ടി ചാണ്ടീം സംഘോം കുറേപ്പേരേം കൂട്ടി മന്ത്രിസഭ കൂടാനെന്നും പറഞ്ഞ് ഉള്ളില് കേറിയല്ലോ! ആര്‍ക്കും തടയാനായില്ലെന്ന് വീമ്പിളക്കേം ചെയ്തല്ലോ. ഈ മുഖ്യധാരന്മാരെല്ലാം അതേറ്റുപിടിക്കേം ചെയ്തല്ലോ. എന്നിട്ടന്ന് വിലക്കേറ്റം തടഞ്ഞോ? ആദിവാസികള്‍ക്ക് ഉണ്ണാനും കുടിക്കാനും ഉടുക്കാനും കൊടുത്തോ? പിന്നേം കൊറേ പ്രാവശ്യം ഈ മന്ത്രിസഭാന്ന് പറേണ സാധനം കൂടിയല്ലോ! വെല വല്ലതും കൊറഞ്ഞോ? ഈ ചാണ്ടീടെ വെലയല്ലാതെ! അപ്പോള്‍ അതാണ് സങ്കതീെന്‍റ കെടപ്പുവശം. നാട്ടില്‍ പകല് വെളിച്ചത്തില് തല വെളീക്കാണിക്കാന്‍ പറ്റാതായ പുതുപ്പള്ളി കുഞ്ഞൂഞ്ഞിന് പുറത്തെറങ്ങാന്‍ ഒരു ഉപായം, അതാണിപ്പഴത്തെ ചാണ്ടീടെ ജനസമ്പര്‍ക്കം. അതിനാണ് നമ്മളെ മുഖ്യധാരാ മൊതലാളിമാരും പരിവാരങ്ങളും കൂടി വാര്‍ത്തകള് വെറുതെ വളച്ചൊടിച്ച് പറയണത്, ശരിക്കും നുണ പറയല് തന്നെ.

അറബിക്കഥയിലെ അല്‍ഭുതം!

"മനോരമ" പത്രത്തിെന്‍റ 12-ാം തീയതിയിലെ ഒന്നാം പേജിലെ ബാനര്‍ തലവാചകം ഇങ്ങനെ: ""മുഖ്യമന്ത്രിക്കെതിരെ വഞ്ചനക്കുറ്റം നിലനില്‍ക്കില്ല"" ഉപശീര്‍ഷകം: ""സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി"". അന്നുതന്നെ "മാതൃഭൂമി" ഒന്നാം പേജില്‍ സംഭവം അവതരിപ്പിക്കുന്നു: ""സോളാര്‍ : ദൃശ്യം വീണ്ടെടുക്കണമെന്ന ഹര്‍ജി തള്ളി"". ഇത് ശീര്‍ഷകം. ഇനി ഉപശീര്‍ഷകം: ""മുഖ്യമന്ത്രിക്കെതിരെ വഞ്ചനക്കുറ്റം നിലനില്‍ക്കില്ല"". ഈ രണ്ടു പത്രങ്ങളും (മറ്റു മുഖ്യധാരക്കാരും) ഒരേ കാര്യം വായനക്കാരെ തെര്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ കാണുന്ന ശ്രദ്ധേയമായ ഒരു വ്യത്യാസം നോക്കുക. "മനോരമ" മത്തങ്ങ വലിപ്പത്തില്‍ വായനക്കാരെന്‍റ തലയില്‍ അടിച്ചുകയറ്റാന്‍ ശ്രമിക്കുന്നത് കുഞ്ഞൂഞ്ഞ് മുഖ്യനെതിരെ വഞ്ചനയ്ക്ക് കേസെടുക്കാനാവില്ലെന്നാണ്; അതിയാന്‍ പഞ്ചപാവമല്ലേന്ന്! എന്നാല്‍ ഈ തലവാചകത്തോടും ഇതിന് നല്‍കിയ പ്രാധാന്യത്തോടും നമുക്ക് പത്രക്കാരോട് കലഹിക്കാതിരിക്കാം. കാരണം നീതിപീഠത്തില്‍ തുരുമ്പ് കയറിയാല്‍ ഇങ്ങനെ സംഭവിക്കാതെ തരമില്ലല്ലോ. (ഇന്‍) ജസ്റ്റിസ് ഹാറൂണ്‍ അല്‍റഷീദിെന്‍റ വിധി ന്യായമാണ് ഈ വാര്‍ത്തകള്‍ക്കാധാരം. അതില്‍ വലിയ വക്രീരണമുണ്ടെന്ന് പറയാനുമാവില്ല.

പണ്ട് പണ്ട് അങ്ങ് ബാഗ്ദാദിലൊരു കലീഫ ഉണ്ടായിരുന്നത്രെ - കലീഫ ഹാറൂണ്‍ അല്‍ റഷീദ്. അദ്ദേഹം കഥ കേള്‍ക്കുന്നതില്‍ അതീവ തല്‍പരന്‍. എന്നും കഥ കേള്‍പ്പിക്കാന്‍ പുതുപുത്തന്‍ പെണ്ണൊരുവള്‍ വേണമെന്നു മാത്രം. കലീഫ കഥകേട്ട് കൂടെ ഉറങ്ങിക്കഴിഞ്ഞാല്‍ പെണ്ണിന്റെ കഥയും കഴിക്കും. അതാണ് കലീഫയുടെ ചിട്ട. ഒടുവില്‍ ഒരുവള്‍ ഈ കലീഫയെ തന്നെ കുടുക്കി. കഥ ഒരു രാവിലും പൂര്‍ത്തിയായില്ല, അതു ചങ്ങല പോലെ തുടര്‍ന്നുകൊണ്ടേയിരുന്നു, ആയിരത്തൊന്നു രാവോളം. അവിരാമമായ കഥാപാശത്തിന്റെ ആയിരത്തൊന്നു രാവുകള്‍ പിന്നിട്ടപ്പോള്‍ ഹാരുണ്‍ അല്‍ റഷീദെന്ന കലീഫ ആ കഥാപാശത്തില്‍ കുരുങ്ങി, അവളില്‍ നിന്നകന്നു മാറാനാകാതെ അവളെ അവസാനത്തെ കഥ പറച്ചിലുകാരിയാക്കി. ഇത് അറബിക്കഥകളുടെ പശ്ചാത്തലം. ഇതിനിവിടെ ഒരു കാര്യവുമില്ല. ചുമ്മാ, വെറും ചുമ്മാ പറഞ്ഞെന്നേയുള്ളൂ.

എന്നാലൊരു സംഗതീമുണ്ടേ; അറബിക്കഥയിലെ അല്‍ഭുതവിളക്കുപോലെ സോളാറിന്റെ ചുരുളഴിയുമ്പോള്‍ അതില്‍ കുരുങ്ങി അഴിയെണ്ണേണ്ട കുഞ്ഞൂഞ്ഞിന് അല്‍പം ആശ്വാസമേകാന്‍ ഇതാ ഒരു ഹാറൂണ്‍ അല്‍ റഷീദ്. ഹൈക്കോടതിയില്‍ എത്തിയ വിവരാവകാശ പ്രവര്‍ത്തകെന്‍റ ആവശ്യം ഒന്നേ ഉണ്ടായിരുന്നുള്ളൂ - മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് പരിശോധിക്കാന്‍ ഉത്തരവുണ്ടാകണമെന്ന്. മുഖ്യമന്ത്രിക്കെതിരെ വഞ്ചനക്കുറ്റം നിലനില്‍ക്കുമോ ഇല്ലയോ എന്ന് ആരും ഹൈക്കോടതി ജഡ്ജിയോട് വിധി പ്രസ്താവം നടത്താന്‍ ആവശ്യപ്പെട്ടിരുന്നില്ല. അപ്പോള്‍ അത് തോക്കിന്‍റകത്തുകേറിയുള്ളൊരു വെടിവെപ്പായിരുന്നു എന്നു പറയാം. ഹൈക്കോടതി ബഞ്ച് മാറ്റത്തോടെ കേരള സമൂഹം പ്രതീക്ഷിച്ചതു തന്നെയായിരുന്നു ഈ തോക്കിനകത്തു കയറ്റം. പക്ഷേ, അതിലും അരോചകമായത് ബഹുമാന്യനായ ജഡ്ജിയുടെ അനവസരത്തിലെ കമന്‍റുകളും അതില്‍ചുരമാന്തി നിന്ന കുഞ്ഞൂഞ്ഞ് സംരക്ഷണത്വരയുമാണ്. ജഡ്ജി പ്രതിഭാഗം വക്കീലാവണപോലെ. മുഖ്യധാരാ മാധ്യമങ്ങളെപ്പോലെ തന്നെ (4-ാം എസ്റ്റേറ്റ്) ഭരണകൂടോപകരണമായ കോടതീം കുഞ്ഞൂഞ്ഞ് പങ്കും (3-ാം എസ്റ്റേറ്റ്) ചേര്‍ന്നിരിക്കുന്നുവെന്ന് സാരം. ഇനിയിപ്പോ എന്താ പോലീസന്വേഷണത്തിന്റേം മജിസ്ട്രേട്ടു കോടതീലെ വിചാരണയുടേം പ്രസക്തി? അതിനൊക്കെ മേലേക്കൂടിയല്ലേ ഹൈക്കോടതി ജഡ്ജിയദ്യേം അങ്ങ് ഗോളടിച്ചുകേറ്റിയത്? പക്ഷേ, ഇനീം ഒരു മേല്‍കോടതിയുണ്ടെന്ന് ഹൈക്കോടതിയിലെ ജഡ്ജീം പത്രങ്ങളും അറിയുന്നത് നന്ന്. അതാണ് ജനങ്ങളുടെ കോടതി. അവിടെ കുഞ്ഞൂഞ്ഞിന് മാപ്പില്ല. അതാണ് വരും നാളുകളില്‍ കേരളം കാണാന്‍ പോണത്.

ഒറ്റയാള്‍ ജനകീയ പോരാട്ടം

9-ാം തീയതിയിലെ "ദേശാഭിമാനി"യുടെ ഒന്നാം പേജില്‍ ഇങ്ങനെയൊരു വാര്‍ത്ത വായിക്കാം. ""നൂറുനാള്‍ പിന്നിട്ട അനിശ്ചിതകാല സമരം"". തലസ്ഥാന ജില്ലയോടുള്ള കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്നും വികസന പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജൂലൈ ഒന്നുമുതല്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം നൂറുനാള്‍ പിന്നിട്ടിരിക്കുന്നു. തലസ്ഥാന നഗരിയിലെത്തുന്ന ആരുടെയും ശ്രദ്ധയില്‍പെടുന്ന സവിശേഷതകളുള്ള ഒരു ജനകീയ സമരം. തികച്ചും ന്യായമായ ആവശ്യങ്ങള്‍; നല്ല പങ്കാളിത്തം. നമ്മുടെ മുഖ്യധാരാ പത്രങ്ങള്‍ ഇത് കണ്ടില്ലേ, ആവോ? എന്തായാലും നൂറാം നാള്‍ പിന്നിട്ട വാര്‍ത്ത "മനോരമേ"ലും "മാതൃഭൂമീ"ലും ശ്രദ്ധിക്കുന്ന വിധം കണ്ടില്ല. അതു കാണാന്‍ കണ്ണില്ലാത്ത പത്രങ്ങളും ചര്‍ച്ചയാക്കാത്ത ചാനലുകളും കഴിഞ്ഞ കുറേ നാളായി ഒരു ഒറ്റയാള്‍ പോരാട്ടത്തെ ആഘോഷിക്കുന്നുണ്ട്. ദിനേ ദിനേ നവം നവങ്ങളായ റിപ്പോര്‍ട്ടുകള്‍. ചാനല്‍ ചര്‍ച്ചകള്‍. ആകെക്കൂടി ഹരം തന്നെ. ജസീറയുടെ ആവശ്യം, ജസീറ ഉയര്‍ത്തുന്ന വിഷയം, തികച്ചും ന്യായം. ഒരു തെറ്റും കുറ്റോം പറയാനാവില്ല. മണല്‍മാഫിയ നാടിന്നാകെ വിപത്തുതന്നെ. അതിനെ കൂച്ചുവിലങ്ങില്‍ തളയ്ക്കേണ്ടതും തന്നെ. പക്ഷേല് ഒരു സംശയം. നാടിെന്‍റ ഈ ജീവല്‍പ്രശ്നം ഏറ്റെടുക്കാന്‍ മറ്റു നാട്ടാരാരും ഇല്ലേ എന്ന്. ജനകീയ പ്രസ്ഥാനങ്ങളൊന്നും കണ്ടില്ലേന്നും സംശയം. അതോ, ജസീറ അവരെ ആരേം സമീപിച്ചില്ലേ? അതാണോ സംഭവം, സോളിഡാരിറ്റിയുടെയോ എന്‍ഡിഎഫിെന്‍റയോ അജന്‍ഡ നടപ്പാക്കലാണോ പരിസ്ഥിതിയുടെ പേരു പറഞ്ഞുള്ള ഈ ഒറ്റയാള്‍ പോരാട്ടത്തിലൂടെ. കുറ്റപ്പെടുത്തലാണെന്നു കരുതല്ലേ, വെറും സംശയങ്ങളാണേ.

പക്ഷേ, മാധ്യമങ്ങളുടെ അജന്‍ഡ കാണാതിരിക്കാനാവില്ല. സംഘടിത പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ജനസമരങ്ങള്‍ക്കുനേരെ അവര്‍ കണ്ണടയ്ക്കും. ഒറ്റയാള്‍ പോരാട്ടങ്ങളെ കണ്‍മിഴിച്ച് നോക്കും, കാണും. തിരുവനന്തപുരത്തെ എല്‍ഡിഎഫ് സമരത്തെ രാഷ്ട്രീയ പക്ഷപാതിത്വം കൊണ്ട് അവഗണിച്ചെന്നുവയ്ക്കാം. അതിനും മുന്‍പേ, സെപ്തംബര്‍ 25ന് തലസ്ഥാനത്ത് തൊഴിലാളികളുടെ ഒരു മഹാപ്രകടനം നടന്നു. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതു നടന്നു. നവലിബറല്‍ നയങ്ങള്‍ക്കെതിരായി ഇന്ത്യയിലെ എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും ഒറ്റക്കെട്ടായി നേതൃത്വം നല്‍കുന്ന പോരാട്ടത്തിെന്‍റ ഭാഗമാണത്. എന്നാല്‍ "മനോരമ"യ്ക്ക് അത് ഒരു പ്രാദേശിക വാര്‍ത്ത മാത്രമായി ചുരുങ്ങി. "മാതൃഭൂമി" ഒന്നാം പേജിലെ ഒരു ചിത്രത്തിലൊതുക്കി; പ്രാദേശിക കോളത്തില്‍ ഏതാനും വരികളും. സംഘടിത സമരങ്ങളെ അപഹസിക്കുകയും തമസ്കരിക്കുകയും ചെയ്യുന്നവര്‍, അവയെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നവര്‍ ഒറ്റയാള്‍ പോരാട്ടങ്ങളെ വാഴ്ത്തുമ്പോള്‍ അതില്‍ ആശങ്ക തോന്നുന്നത് സ്വാഭാവികം മാത്രം. (കൂട്ടത്തില്‍ പറയട്ടെ, മന്ത്രി അടൂര്‍ പ്രകാശിെന്‍റയും സ്ഥലം എംഎല്‍എ അബ്ദുള്ളക്കുട്ടിയുടെയും വാക്കുകളില്‍ നിഴലിക്കുന്നത് മണല്‍മാഫിയയോടുള്ള വിധേയത്വമാണ്, സംശയമില്ല).

വിദ്യാരംഭവും ശൈശവവിവാഹവും

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ലജ്ജിച്ച് തലതാഴ്ത്തേണ്ട കരിദിനമാണ് ഒക്ടോബര്‍ 14 - വിദ്യാരംഭ ദിനം തന്നെ. വിദ്യാരംഭ ദിനമായതുകൊണ്ടല്ല കരിദിനമായത്. മറിച്ച്, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വേദിയില്‍ നടന്ന, ""ശൈശവവിവാഹം ഒരു മനുഷ്യാവകാശലംഘനം, അതു തടയുക"" എന്ന പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ ഇന്ത്യ എതിര്‍ നിലപാടെടുത്തു. അതാണ് ഇന്ത്യക്കാര്‍ക്കാകെ നാണക്കേടുണ്ടാക്കുന്ന സംഭവം. ഇന്ത്യാ ഗവണ്‍മെന്‍റിന്റെ ആ തീരുമാനത്തില്‍ അല്‍ഭുതപ്പെടേണ്ടതായിട്ടൊന്നുമില്ല. കാരണം, ഏതാനും ദിവസം മുന്‍പാണ്, പ്രമുഖ കോണ്‍ഗ്രസ് നേതാവും ഹരിയാണ മുഖ്യമന്ത്രിയുമായ ഹുഡ ശൈശവവിവാഹത്തിനായി വാദിച്ചത്. കേരളത്തില്‍ യുഡിഎഫ് ഘടകകക്ഷിയായ ലീഗിെന്‍റ നേതൃത്വത്തില്‍ മതനേതാക്കളുടെ യോഗം ചേര്‍ന്ന് ശൈശവവിവാഹത്തിനായി നിയമഭേദഗതിക്ക് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍, ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യാ ഗവണ്‍മെന്‍റ് ബംഗ്ലാദേശിനും പാകിസ്താനും അഫ്ഗാനിസ്താനുമൊപ്പം ശൈശവവിവാഹത്തിനനുകൂലമായ നിലപാടെടുത്തത് പത്രവാര്‍ത്തയാകാതെ പോയാലോ? "മനോരമ"യില്‍ ഒന്നാം പേജിലെന്നല്ല, അകത്തെ പ്രധാന വാര്‍ത്തകളുടെ കൂട്ടത്തിലൊന്നും അത് ഇടം പിടിച്ചതേയില്ല. "മാധ്യമ"ത്തിലും അവസ്ഥ അതുതന്നെ. എന്നാല്‍ "മാതൃഭൂമി" 5-ാം പേജില്‍ ശ്രദ്ധിക്കുംവിധം നല്‍കിയിട്ടുണ്ട്. "ദേശാഭിമാനി"യാകട്ടെ, ഒന്നാം പേജിലെ ലീഡ് വാര്‍ത്തയാക്കി ശരിയായ നിലപാടെടുത്തിട്ടുണ്ട്. കേരളത്തിലെ പൊതുസമൂഹം ഇന്ത്യാ ഗവണ്‍മെന്റിന്റെ നിലപാട് അംഗീകരിക്കില്ലെന്നറിയാവുന്ന "മനോരമ" കോണ്‍ഗ്രസിനായി നടത്തുന്ന ഒരു വിടുപണിയാണ് ഈ വാര്‍ത്താ തമസ്കരണം. ശൈശവവിവാഹ വാര്‍ത്ത തമസ്കരിച്ചെങ്കിലെന്താ? വിദ്യാരംഭത്തിന് ഗമണ്ടന്‍ പ്രാധാന്യമല്ലേ നല്‍കിയിരിക്കണത്. 1, 2, 3, 4, 7, 17 പേജുകള്‍ വിദ്യാരംഭമയം. റിപ്പോര്‍ട്ടുകളും ചിത്രങ്ങളും നിറയെ. ഈ ചടങ്ങില്‍ വിദ്യാരംഭം നേടുന്ന കുഞ്ഞുങ്ങളെ 15 തികയും മുന്‍പേ കെട്ടിച്ചുവിട്ട് അവരുടെ പഠനം അവിടെ അവസാനിപ്പിക്കണമെന്നായിരിക്കുമോ "മനോരമേ"ടേം മനോഗതം!

വാല്‍ക്കഷ്ണം

""മന്‍മോഹന്‍ എന്റെ ഗുരു: രാഹുല്‍"" "മനോരമ" 11-ാം തീയതി 11-ാം പേജില്‍. "ഗുരുഹത്യ മഹാപാപം" എന്ന് അന്നുതന്നെ "മനോരമ" എഡിറ്റോറിയല്‍ എഴുതുന്നു, ഒന്നാം പേജിലെ ""വിദ്യാര്‍ത്ഥി സംഘം പ്രിന്‍സിപ്പലിനെ വെട്ടിക്കൊന്നു"" എന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട്. രാഹുല്‍ജിയും മന്‍മോഹന്‍ ഗുരുജിയോട് അതുതന്നെയല്ലേ ചെയ്തത് - ഗുരുഹത്യ!

*
ഗൗരി ചിന്ത വാരിക

No comments: