Saturday, October 19, 2013

മാക്സ് മ്യുള്ളറും സംസ്കൃതലിപിയും

സംസ്കൃതദിനത്തോടനുബന്ധിച്ച് പ്രസിദ്ധകവി വിഷ്ണുനാരായണന്‍ നമ്പൂതിരി മാതൃഭൂമി ദിനപത്രത്തില്‍ (ആഗസ്ത് 20) എഴുതിയ "സംസ്കൃതം ഇന്ത്യയുടെ വേര്" എന്ന ലേഖനവും തുടര്‍ന്നു നടന്ന വാദപ്രതിവാദവും വായിച്ചു. അദ്ദേഹം എഴുതിയ അഭിപ്രായങ്ങളില്‍ പലതും വസ്തുനിഷ്ഠമോ ചരിത്രപരമായി ശരിയോ അല്ല. അവ എല്ലാം ഇവിടെ പരിശോധിക്കുന്നില്ല. അദ്ദേഹം എഴുതി- ""നിരാസ്പദവും അബദ്ധജടിലവുമായ മോണിയര്‍ വില്യംസ് പ്രഭൃതികളുടെ നിഘണ്ടുക്കളാണ്, അമരകോശമോ ആപ്തേയോ അല്ല നമ്മുടെ സര്‍വകലാശാലകള്‍പോലും ആധികാരികമായി എഴുന്നള്ളിക്കുന്നത്. മഹായോഗി അരവിന്ദനോ ദയാനന്ദസരസ്വതിയോ അല്ല, സംസ്കൃതലിപിപോലും നിശ്ചയമില്ലാത്ത മാക്സ് മുള്ളറാണ് വേദപഠനത്തിന്റെ മാതൃക. സാംസ്കാരികമായ ഈ പടുകുഴിയില്‍നിന്നു കരകയറാന്‍ യഥാവിധി സംസ്കൃതം പഠിക്കുക എന്നതുമാത്രമാണ് ഇന്ത്യന്‍ പൗരന്റെ മുന്നിലുള്ള രക്ഷാമാര്‍ഗം"". തുടര്‍ന്ന് പി കെ ശ്രീധരന്‍ (വാരം, കണ്ണൂര്‍) എഴുതിയ "സ്വാമി വിവേകാനന്ദന്‍" എന്ന ഗ്രന്ഥത്തില്‍നിന്ന് അല്‍പ്പഭാഗം "മാക്സ് മുള്ളര്‍, വിവേകാനന്ദന്‍" എന്ന തലക്കെട്ടില്‍ "ആക്ഷേപങ്ങളും അഭിപ്രായങ്ങളും" പംക്തിയില്‍ (മാതൃഭൂമി, ആഗസ്ത് 25) പ്രസിദ്ധീകരിച്ചു. മാക്സ് മ്യുള്ളറെ സംബന്ധിച്ച് വിഷ്ണുനാരായണന്‍ നമ്പൂതിരി നടത്തിയ ചില പദപ്രയോഗങ്ങള്‍ ക്രൂരമായി തോന്നി എന്ന് ശ്രീധരന്‍ എഴുതി. അതിനു മറുപടിയായി വിഷ്ണുനാരായണന്‍ നമ്പൂതിരി വീണ്ടും എഴുതി (മാതൃഭൂമി, ആഗസ്ത് 27), തന്റെ നിരീക്ഷണം ക്രൂരമല്ല, വേണ്ടതിലധികം മൃദുവായെന്നാണ് തന്റെ അഭിപ്രായമെന്ന്.

ഗുരുതുല്യനാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. എങ്കിലും പറയട്ടെ; സര്‍, വളരെ കഠിനമായിപ്പോയി മാക്സ് മ്യുള്ളര്‍ക്ക് സംസ്കൃതലിപിപോലും നിശ്ചയമില്ലായിരുന്നു എന്ന നിരീക്ഷണം. അതിലെ "പോലും" ഇല്ലായിരുന്നെങ്കില്‍പ്പോലും പൊറുക്കാമായിരുന്നു. സംസ്കൃതലിപിപോലും നിശ്ചയമില്ലാത്തയാളിന്റെ സംസ്കൃതപാണ്ഡിത്യം പിന്നെ വട്ടപ്പൂജ്യമല്ലാതെ മറ്റെന്താകാന്‍!

കാലടിയിലെ സംസ്കൃതസര്‍വകലാശാലയില്‍ ഒരു അഭിമുഖത്തിനു പോയകാര്യമാണ് ഓര്‍മവരുന്നത്. വൈസ് ചാന്‍സലറാണ് അധ്യക്ഷന്‍. അഭിമുഖത്തിനെത്തിയ ഒരധ്യാപകന്‍ കടന്നുവന്നു. അധ്യക്ഷന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. കഥോപനിഷത്ത് വായിച്ചിട്ടുണ്ടോ എന്നായിരുന്നു ഒരു ചോദ്യം. അധ്യക്ഷന്റെ ചോദ്യങ്ങള്‍ കഴിഞ്ഞ് എന്റെ ഊഴമായി. കഠോപനിഷത്തിലെ നചികേതസിന് ആരാണ് വരം കൊടുത്തത് എന്ന ചോദ്യമാണ് ഞാന്‍ ആദ്യം ചോദിച്ചത്. ഉപനിഷത്തിന്റെ പേര് കഥോപനിഷത്ത് എന്നല്ല, കഠോപനിഷത്ത് എന്നാണ് എന്ന് വൈസ്ചാന്‍സലറെ ഭംഗ്യന്തരേണ ബോധ്യപ്പെടുത്താന്‍കൂടി ഉദ്ദേശിച്ചാണ് ഞാന്‍ ആ ചോദ്യം ചോദിച്ചത്. പിന്നീട് അടുത്ത അധ്യാപകന്‍ വരവായി. അധ്യക്ഷന്‍ പഴയ ചോദ്യം ആവര്‍ത്തിച്ചു. കഥോപനിഷത്ത് വായിച്ചിട്ടുണ്ടോ? എന്റെ ശ്രമം ഫലിച്ചില്ല എന്ന് ബോധ്യമായി. രഹസ്യമായി അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു കഠോപനിഷത്ത് എന്നാണ് ശരിയായ ഉച്ചാരണമെന്ന്. അദ്ദേഹം പറഞ്ഞു- ഇംഗ്ലീഷില്‍ വായിച്ച് അങ്ങനെ ശീലിച്ചുപോയതാണെന്ന്. തമിഴിലെ ചിലപ്പതികാരത്തെ ശില്‍പ്പാധികാരമാക്കിയ ഒരു ഇംഗ്ലീഷ് പ്രൊഫസറെ കളിയാക്കി ഡോ. സുകുമാര്‍ അഴിക്കോട്, ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ സംസാരിച്ച കാര്യം ഓര്‍മവരുന്നു. വേദാന്തചര്‍ച്ചയില്‍ ഒരു സംസ്കൃതം പ്രൊഫസര്‍ മന്ദാനമിശ്രന്‍, മന്ദാനമിശ്രന്‍ എന്ന് ആവര്‍ത്തിച്ച് പരാമര്‍ശിച്ചതു കേട്ട്, പിന്നെ എന്റെ ഊഴം വന്നപ്പോള്‍ മണ്ഡനമിശ്രനെന്നാണു ശരിയെന്നു പറഞ്ഞതിന്റെ പേരില്‍ വഴക്കിന്റെ വക്കോളമെത്തിയ സംഭവവും ഓര്‍മ വരുന്നു.

ഈ പോക്ക് നമ്മെ എവിടെക്കൊണ്ടെത്തിച്ചു എന്നുകൂടി അറിയുന്നതു നന്നായിരിക്കും. ഇന്ത്യയില്‍ സംസ്കൃതത്തിനുവേണ്ടി എത്രയധികം പണം ചെലവാക്കുന്നുവോ, അതിന്റെ നേര്‍ വിപരീതമായ അനുപാതത്തില്‍ സംസ്കൃതത്തിന്റെ നിലവാരം താഴോട്ടുവരികയാണെന്ന് കൊളംബിയ സര്‍വകലാശാലയിലെ പ്രൊഫസറും വിശിഷ്ട സംസ്കൃതപണ്ഡിതന്മാര്‍ക്കുള്ള ഇന്ത്യന്‍ രാഷ്ട്രപതിയുടെ പുരസ്കാരവും പത്മശ്രീയും നേടിയ സായിപ്പുമായ ഷെല്‍ഡന്‍ പൊള്ളോക്ക് "സംസ്കൃതത്തിന്റെ മരണം" എന്ന പ്രബന്ധത്തില്‍ പറയുന്നത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ആവോ! മാക്സ് മ്യുള്ളറുടെ സംസ്കൃതലിപി നിശ്ചയമെന്ന വിഷയത്തിലേക്കുതന്നെ വരാം. ആരാണ് മാക്സ് മ്യുള്ളര്‍? സ്വാമി വിവേകാനന്ദന്‍ മാക്സ് മ്യുള്ളറെ വിശേഷിപ്പിച്ചത് ലോകചാലകനായ പണ്ഡിതപ്രവരനും തത്വചിന്തകനും എന്നും മഹാമുനി എന്നുമൊക്കെയാണ്. അതില്‍ കവിഞ്ഞ ഒരു സാക്ഷ്യപത്രം മ്യുള്ളര്‍ക്കുവേണ്ട. നമ്പൂതിരിസാര്‍ എഴുതിയിരിക്കുന്നു: ...""എനിക്കു ചില കാര്യങ്ങള്‍ തൊട്ടുരിയാടാന്‍ നാവുതന്ന സംസ്കൃതത്തോട് അനുരാഗമുണ്ട്. അതിനാല്‍ത്തന്നെ വേദനിന്ദ സഹിക്കാന്‍ വിഷമമാണ്"". (മാതൃഭൂമി, ആഗസ്ത് 27) സംസ്കൃതത്തോടുള്ള അനുരാഗവും വേദത്തോടുള്ള ഭക്തിയും ഒരാളെ, വെറുമൊരാളെയല്ല, കവിയായ എന്നുവച്ചാല്‍ ക്രാന്തദര്‍ശിയായ ആളെ ഇത്രമാത്രം മാക്സ് മ്യുള്ളര്‍നിന്ദയില്‍ കൊണ്ടെത്തിക്കാമോ? ""സംസ്കൃതലിപി നിശ്ചയമില്ലാതെ ലിപ്യന്തരണം വഴിയാണ് മ്യുള്ളര്‍ വേദം നോക്കിയത്"" എന്ന് നമ്പൂതിരിസാര്‍ എഴുതിയിരിക്കുന്നു. കഷ്ടം! നേരത്തേ ചൂണ്ടിക്കാട്ടിയ സംസ്കൃതലിപിപോലും എന്നതിലെ "പോലും"പോലെയാണ് ഈ വാക്യത്തിലെ "നോക്കിയത്" എന്ന കുത്തുവാക്ക്. സംസ്കൃതലിപി നിശ്ചയമില്ലാത്ത മാക്സ് മ്യുള്ളര്‍ക്ക് വേദം നോക്കാനല്ലാതെ വായിക്കാനെങ്ങനെ കഴിയും? വല്ലാത്ത നിരീക്ഷണംതന്നെ. ദീര്‍ഘകാലം ഇംഗ്ലീഷ് പ്രൊഫസറായിരുന്ന നമ്പൂതിരിസാറിന് ലിപ്യന്തരണത്തിന്റെ പ്രശ്നങ്ങള്‍ അറിയാതെവരാനിടയില്ല. പല വിദേശഭാഷാപദങ്ങളും നാം എത്ര വികൃതമായാണ് ഉച്ചരിക്കുന്നത്. ഡോസ്റ്റോയേവിസ്കി അടുത്തകാലത്തുമാത്രമാണു ദസ്തയേവ്സ്കി ആയത്, ഇനിയും ദസ്തയേഫ്സ്കി ആയിട്ടില്ല. ടോള്‍സ്റ്റോയി തള്‍സ്തോയ് ആകാന്‍ ഇനിയും കാലമെടുക്കും. സംസ്കൃത- ഇംഗ്ലീഷ് ലിപ്യന്തരണത്തിന്റെ ചരിത്രവും നമ്പൂതിരിസാറിന് അറിയാതെവരാനിടയില്ല. 1894ല്‍ ജനീവയില്‍ നടന്ന അന്താരാഷ്ട്ര ഓറിയന്റല്‍ കോണ്‍ഗ്രസില്‍വച്ചാണ് സംസ്കൃതലിപ്യന്തരണത്തിനുള്ള അന്താരാഷ്ട്രലിപി (കഅടഠകിലേൃിമശേീിമഹ അഹുമയലേ ീള ടമിസെൃശേ ഠൃമിഹെശലേൃമശേീി) ക്ക് അന്തിമരൂപം കൊടുത്തത്. അതിനും രണ്ടുപതിറ്റാണ്ടോളം മുമ്പുതന്നെ മാക്സ് മ്യുള്ളര്‍ ഋഗ്വേദതര്‍ജമ പൂര്‍ത്തിയാക്കിയിരുന്നു. അദ്ദേഹം സ്വന്തംനിലയില്‍ രൂപംകൊടുത്ത ലിപ്യന്തരണവ്യവസ്ഥയാണ് അന്നുപയോഗിച്ചത്. അതില്‍ സംസ്കൃതത്തിലെ ച, ഛ, ജ, ഝ എന്നിവയ്ക്ക് യഥാക്രമം ഇംഗ്ലീഷിലെ സ, സവ, ഴ, ഴവ എന്നിവ ഇറ്റാലിക്സില്‍ കൊടുക്കുകയാണുണ്ടായത്. ആപ്തേയുടെ സംസ്കൃത- ഇംഗ്ലീഷ് നിഘണ്ടു വിലപ്പെട്ടതുതന്നെ. പക്ഷേ, അതുകൊണ്ട് ആപ്തേയെ എടുത്ത് മോണിയര്‍ വില്യംസിനെ അടിക്കേണ്ടതില്ല. മോണിയര്‍ വില്യംസിന്റെ സംസ്കൃത- ഇംഗ്ലീഷ് നിഘണ്ടുവും വിലപ്പെട്ടതുതന്നെ. ആപ്തേപ്രേമംകൊണ്ട് മോണിയര്‍ വില്യംസിനെ തള്ളിപ്പറയുന്ന നമ്പൂതിരിസാര്‍, മോണിയര്‍ വില്യംസ് സംസ്കൃത- ഇംഗ്ളീഷ് നിഘണ്ടുവില്‍ ചേര്‍ത്തിട്ടുള്ള പരിചായകത്തിന്റെ നാലാം ഖണ്ഡം ഒന്നു വായിച്ചിരുന്നെങ്കില്‍ മാക്സ് മ്യുള്ളറുടെ ലിപ്യന്തരണവ്യവസ്ഥയുടെ കാര്യം മനസ്സിലാകുമായിരുന്നു. മാക്സ് മ്യുള്ളറുടെ ലിപ്യന്തരണവ്യവസ്ഥ മോണിയര്‍ വില്യംസ് സ്വീകരിച്ചിട്ടില്ല. മാക്സ് മ്യുള്ളര്‍തന്നെയും 1894ലെ ജനീവാ തീരുമാനത്തിനുശേഷം അന്താരാഷ്ട്രലിപിയാണ് സ്വീകരിച്ചത്.

ലോകത്ത് ഏറ്റവുമധികം സംസ്കൃതാധ്യാപകരും സംസ്കൃതവിദ്യാര്‍ഥികളുമുള്ള നാടാണ് കേരളം. അവരുടെയിടയില്‍ തെറ്റായ ധാരണ പരത്താന്‍പോരുന്ന ഒന്നാണ് നമ്പൂതിരിസാറിന്റെ നിരീക്ഷണം. കോളേജിലും സര്‍വകലാശാലയിലുമായി 36 വര്‍ഷം സംസ്കൃതം പഠിപ്പിച്ച ഒരധ്യാപകനായതുകൊണ്ട്, എന്റെ ശിഷ്യരായ സംസ്കൃതാധ്യാപകര്‍ പലരും എന്നോട് വിളിച്ച് നിജസ്ഥിതി ആരാഞ്ഞു. അതിനാല്‍, മുകളില്‍പറഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു കുറിപ്പ് തയ്യാറാക്കി ഈ ലേഖകന്‍ നേരിട്ട് മാതൃഭൂമിയില്‍ കൊണ്ട് കൊടുത്തു. പക്ഷേ, അവര്‍ അതു പ്രസിദ്ധപ്പെടുത്തിയില്ല. അവരുടെ പത്രധര്‍മം അതനുവദിക്കുന്നില്ല എന്നുവേണം കരുതാന്‍. എന്റെ പൗരധര്‍മം എന്നോട് അനുശാസിച്ചതനുസരിച്ചാണ് ഇത് ഇവിടെ പ്രസിദ്ധപ്പെടുത്തുന്നത്.

*
കെ മഹേശ്വരന്‍നായര്‍ ദേശാഭിമാനി

No comments: