Sunday, October 13, 2013

തളരുന്ന അമേരിക്കന്‍ സാമ്രാജ്യം

ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും ശക്തമായ സാമ്രാജ്യമായി ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അമേരിക്ക വിശേഷിപ്പിക്കപ്പെട്ടു. അമേരിക്കയിലെ പ്രമുഖ രാഷ്ട്രമീമാംസകരായ ജോസഫ് നൈ ("ഇറാഖ് യുദ്ധത്തോടെ സാമ്രാജ്യം മറനീക്കി പുറത്തുവന്നിരിക്കുന്നു")യും മൈക്കല്‍ ഇഗ്നേറ്റിയഫും ("സാമ്രാജ്യമെന്നല്ലാതെ എങ്ങനെയാണ് അമേരിക്കയുടെ ഭീതിജനകമായ പുതിയ രൂപത്തെ വിവരിക്കുക?") റിച്ചാര്‍ഡ് ഫാല്‍ക്കും ("സാഹചര്യം കൊണ്ടും പദ്ധതികൊണ്ടും ചരിത്രത്തിലെ ആദ്യത്തെ ആഗോള സാമ്രാജ്യമായി തീര്‍ന്നിരിക്കുകയാണ് അമേരിക്ക") ഈ വിശേഷണത്തിന് അടിവരയിട്ടു. ഇന്ന് അവര്‍ ഉള്‍പ്പെടെ അമേരിക്കയിലും പുറത്തുമുള്ള രാഷ്ട്രീയനിരീക്ഷകര്‍ ഉയര്‍ത്തുന്ന ചോദ്യം, അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിക്കുകയാണോ, അത് തളരുകയാണോ എന്നതാണ്. അമേരിക്ക ആധിപത്യം പുലര്‍ത്തുന്ന ഏകധ്രുവലോകത്തില്‍നിന്ന് ബഹുധ്രുവലോകത്തിലേക്കുള്ള പരിണാമം ഈ ശക്തിക്ഷയത്തിന്റെ തെളിവായി അവര്‍ കണക്കാക്കുന്നു.

അമേരിക്കയുടെ ശക്തിക്ഷയത്തിന്റെ ലക്ഷണങ്ങളായി മൂന്നു കാര്യം ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്ന്, പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് സിറിയന്‍ പ്രതിസന്ധി. രണ്ട്, സാമ്രാജ്യത്തിന്റെ നീതീകരണമായ "അനിതരസാധാരണത്വം"എന്ന അവകാശവാദത്തിനുള്ള വെല്ലുവിളി. മൂന്ന്, സാമ്രാജ്യത്തിന്റെ സൈനിക സംവിധാനമായ "സമ്മതമുള്ളവരുടെ കൂട്ടുകെട്ടി"ന്റെ (coalition of the willing) തകര്‍ച്ച.

സിറിയക്കെതിരെ അമേരിക്ക മാസങ്ങളായി ആസൂത്രണം ചെയ്ത സൈനികനടപടി സ്വീകരിക്കാന്‍ കഴിയാതെപോയത് ആഗോള രാഷ്ട്രീയ സമവാക്യങ്ങളെ തിരുത്തിയെഴുതി. ദശകങ്ങളായി പശ്ചിമേഷ്യയാണ് അമേരിക്കയുടെ ശ്രദ്ധാകേന്ദ്രം- െസൈനികമായും രാഷ്ട്രീയമായും നയതന്ത്രപരമായും. പ്രധാനമായും രണ്ടു പരിഗണനയാണ് ഇതിന്റെ പിന്നിലുള്ളത്: പശ്ചിമേഷ്യയിലെ എണ്ണസമ്പത്തും ഇസ്രയേലും. രണ്ടിനെയും അമേരിക്കയുടെ വിദേശനയലക്ഷ്യങ്ങളാക്കുന്നതിന്റെ പിന്നിലുള്ളത് സൈനിക അമേരിക്കയിലെ കോര്‍പറേറ്റ് ലോബിയും ഇസ്രയേല്‍ ലോബിയുമാണ്. പശ്ചിമേഷ്യയിലെ രാഷ്ട്രങ്ങളെ അമേരിക്കയുടെ ചൊല്‍പ്പടിയില്‍ നിര്‍ത്തുക, അതിന് തയ്യാറല്ലാത്തവര്‍ക്കെതിരെ യുദ്ധഭീഷണി മുഴക്കുക, ആക്രമിക്കുക ഇതായിരുന്നു നയം. അമേരിക്കയുടെ പശ്ചിമേഷ്യന്‍ ശത്രുപ്പട്ടികയില്‍ സ്ഥാനം നല്‍കപ്പെട്ടത് ഇറാഖിനും സിറിയക്കും ഇറാനുമായിരുന്നു.

നീതീകരിക്കാവുന്ന ഒരു കാരണവും കൂടാതെ, വന്‍ വിനാശായുധങ്ങള്‍ ഉണ്ടെന്ന വ്യാജപ്രചാരണം നടത്തിയാണ് അമേരിക്ക ഇറാഖിനെ അക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ സൈനികശക്തിയായ അമേരിക്ക, മറ്റു പാശ്ചാത്യ സൈനികശക്തികളുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കി. അത്തരമൊരു സഖ്യത്തിന്റെ അഞ്ചു ശതമാനം പോലും സൈനികബലമില്ലാത്ത ഒരു രാഷ്ട്രത്തെ ആക്രമിച്ചത് സാമ്രാജ്യത്വ അഹന്തയുടെ വൃത്തികെട്ട പ്രകടനമായിരുന്നു. അതിന്റെ ബാക്കിപത്രം ഇറാഖിന്റെ ഇന്നത്തെ ശിഥിലീകരണവും അവിടെയുള്ള അക്രമവും ആഭ്യന്തരകലഹങ്ങളുമാണ്. അമേരിക്കയുടെ ആജ്ഞാനുവര്‍ത്തിയായ ഒരു ഭരണകൂടത്തെ അവിടെ പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞില്ല. അവിടെ സ്ഥിരം, വന്‍കിട സൈനികതാവളങ്ങള്‍ സ്ഥാപിക്കാനുള്ള അമേരിക്കന്‍ പദ്ധതിയും പൊളിഞ്ഞു.

പശ്ചിമേഷ്യയിലെ രാജ്യങ്ങളെ രാഷ്ട്രീയമായോ സൈനികമായോ നിയന്ത്രണത്തിലാക്കാമെന്ന സാമ്രാജ്യത്വമോഹത്തിനാണ് സിറിയയില്‍ ഭംഗമുണ്ടായത്. അമേരിക്കയുടെ ഇംഗിതാനുസരണമോ, ആജ്ഞാനുസരണമോ അല്ല പശ്ചിമേഷ്യയിലെ രാഷ്ട്രീയചലനങ്ങളെന്ന് വ്യക്തമായി. ശത്രുരാജ്യത്തിന്റെ ഭരണമാറ്റമുണ്ടാക്കാനുള്ള കഴിവ് നഷ്ടപ്പെട്ടെന്നും വ്യക്തമായി. അന്താരാഷ്ട്രരംഗത്ത് റഷ്യ തുല്യപങ്കാളിയാണെന്ന് അമേരിക്കയ്ക്ക് അംഗീകരിക്കേണ്ടിവന്നു. സാമ്രാജ്യത്വത്തിന്റെ നീതീകരണമായ "അനിതരസാധാരണത്വം" എന്ന അവകാശവാദം വെല്ലുവിളിക്കപ്പെട്ടു. വെല്ലുവിളിയുണ്ടായത് അപ്രതീക്ഷിതമായ ഒരിടത്തുനിന്ന്, അപ്രതീക്ഷിതമായരീതിയില്‍. അനിതരസാധാരണത്വം എന്നതിന്റെ അര്‍ഥം അമേരിക്ക മറ്റു രാഷ്ട്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്; അവയ്ക്ക് ഉപരിയാണ് എന്നതാണ്. സിറിയയിലേക്കുള്ള സാമ്രാജ്യത്വ മുന്നേറ്റത്തെ തടഞ്ഞ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ തന്നെയാണ് അമേരിക്കയുടെ അനിതരസാധാരണത്വവാദത്തെ പൊളിച്ചടുക്കിയത്. സാമ്രാജ്യത്വപ്രമാണത്തിന്റെ നിര്‍ണായകഘടകം ലോകത്തെ നയിക്കാന്‍ അമേരിക്കയ്ക്ക് ഒരു ദിവ്യനിയോഗമുണ്ടെന്നുള്ളതാണ്. "അമേരിക്കയെ ഇവിടെ ആക്കിയിരിക്കുന്നതിന്റെ പിന്നില്‍ ഒരു ദിവ്യപദ്ധതിയുണ്ട്" പ്രസിഡന്റ് റീഗന്‍ പ്രസ്താവിച്ചു.

2003ലെ "സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍" പ്രസംഗത്തില്‍ പ്രസിഡന്റ് ബുഷ് അവകാശപ്പെട്ടത് "ദൈവം അമേരിക്കയുടെ ഭാഗത്താണെ"ന്നായിരുന്നു. ഇറാഖിനെതിരെയുള്ള യുദ്ധത്തിന്റെ തയ്യാറെടുപ്പ് ഏതാണ്ട് പൂര്‍ണമായ അവസരത്തിലായിരുന്നു ഈ അവകാശവാദം. ദൈവത്തിന്റെ അനുമതിയും ഉപദേശവും തേടിയാണ് താന്‍ ഇറാഖിനെതിരെ യുദ്ധത്തിന് പുറപ്പെട്ടതെന്ന് ബുഷ് പ്രസിദ്ധ ഗ്രന്ഥകാരനായ ബോബ് വുഡ് വാഡിനോട് പറഞ്ഞു. "ദിവ്യനിയോഗ"മുള്ള ഒരു സാമ്രാജ്യത്തിന്റെ അധിപന്‍, യുദ്ധത്തിന് അനുമതി തേടേണ്ടത് യുഎന്നില്‍ നിന്നല്ല, ദൈവത്തില്‍ നിന്നാണ്. അതുകൊണ്ടാണല്ലോ സിറിയക്കെതിരെയുള്ള യുദ്ധത്തിന് യുഎന്നിന്റെ അനുമതി ആവശ്യമില്ലെന്ന് ഒബാമ തീരുമാനിച്ചത്. സിറിയയില്‍നിന്ന് "വിജയകരമായി" പിന്മാറ്റം നടത്തിയപ്പോള്‍ ഒബാമ ചെയ്ത പ്രസംഗത്തില്‍ (സെപ്തംബര്‍ 10) അമേരിക്ക അനിതരസാധാരണമാണെന്ന അവകാശവാദം ഉന്നയിച്ചു. ചില സന്ദര്‍ഭങ്ങളില്‍ അമേരിക്കയ്ക്ക് സൈനികമായി ഇടപെടാന്‍ അവകാശമുണ്ടെന്ന് അര്‍ഥം. ഈ അവകാശവാദത്തെയാണ് പുടിന്‍ പൊളിച്ചുകാട്ടിയത്. സെപ്തംബര്‍ 11ലെ "ന്യൂയോര്‍ക്ക് ടൈംസി"ല്‍ എഴുതിയ ലേഖനത്തിലായിരുന്നു ഇത്. ഒരു ക്രിസ്തീയവിശ്വാസിയെന്ന നിലയില്‍, ദൈവശാസ്ത്രപരമായിരുന്നു പുടിന്റെ വിമര്‍ശനം. ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്- "നാം കര്‍ത്താവിന്റെ അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ഥിക്കുമ്പോള്‍ ദൈവം എല്ലാവരെയും തുല്യരായാണ് സൃഷ്ടിച്ചുവെന്നത് നാം വിസ്മരിക്കരുത്". അമേരിക്കയ്ക്ക് പ്രത്യേക പദവിയൊന്നുമില്ല; പ്രത്യേക നിയോഗവുമില്ല. അത് ഒബാമയും കൂട്ടരും അവകാശപ്പെടുന്നതുപോലെ അനുപേക്ഷണീയ രാഷ്ട്രവുമല്ല. സാമാജ്ര്യത്വയുദ്ധങ്ങള്‍ക്കുള്ള സൈനികസംവിധാനമായാണ് ഭീകരവാദവിരുദ്ധയുദ്ധത്തില്‍ "സമ്മതമുള്ളവരുടെ കൂട്ടുകെട്ടും" ഉണ്ടാക്കിയത്. അഫ്ഗാനിസ്ഥാനെതിരെയും പിന്നീട് കൂടുതല്‍ വിശാലമായി ഇറാഖിനെതിരെയും യുദ്ധം ചെയ്തത് ഈ കൂട്ടുകെട്ടാണ്. "സമ്മതമുള്ളവരുടെ കൂട്ടുകെട്ട്" എന്താണെന്ന് അന്ന് അമേരിക്കന്‍ വിദേശസെക്രട്ടറിയായിരുന്ന റംസ്ഫീല്‍ഡ് വിശദീകരിച്ചു. അമേരിക്കയുടെ സൈനിക പരിപാടിയില്‍ ചേരുന്ന രാഷ്ട്രങ്ങളുടേതാണ് കൂട്ടുകെട്ട്. അജന്‍ഡ തീരുമാനിക്കുന്നത് കൂട്ടുകെട്ടല്ല, അമേരിക്കയാണ്. അതായത് അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി അമേരിക്കയുടെ നേതൃത്വത്തിലുള്ള യുദ്ധസഖ്യമാണ് അത്. സിറിയക്കെതിരെയുള്ള യുദ്ധത്തിന് ആവശ്യമായുള്ളത് യുഎന്‍ അനുമതിയല്ല, "ശക്തമായ ഒരുകൂട്ടുകെട്ട്" ആണെന്ന് ഒബാമ പ്രസ്താവിച്ചു. അതുണ്ടാക്കാന്‍ അദ്ദേഹം ശ്രമം തുടങ്ങി. ബ്രിട്ടീഷ് പ്രധാനമന്ത്രി അത്തരമൊരു സഖ്യത്തിന് തയ്യാറായെങ്കിലും പാര്‍ലമെന്റ് അതിനെ എതിര്‍ത്തു. ജര്‍മനി സഹകരിക്കുകയില്ലെന്ന് വ്യക്തമാക്കി.

പ്രമുഖ പാശ്ചാത്യരാഷ്ട്രങ്ങളില്‍ അമേരിക്കയുടെ കൂടെനില്‍ക്കാന്‍ ഫ്രാന്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒബാമയുടെ ശ്രമം പൊളിഞ്ഞു. ഇനിയെന്നെങ്കിലും അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക നീക്കത്തിന് "സമ്മതമുള്ളവരുടെ കൂട്ടുകെട്ടു"ണ്ടാക്കാന്‍ കഴിയുമോ എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നു. അമേരിക്കയുടെ സാമ്രാജ്യത്വ സൈനികപരിപാടികള്‍ക്ക് "സമ്മതം" നേടാന്‍ കഴിയാത്തവിധം അമേരിക്കയുടെ സ്വാധീനം നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ഏഷ്യയില്‍ നടന്ന സുപ്രധാനമായ രണ്ട് സമ്മേളനത്തില്‍ സംബന്ധിക്കാനുള്ള പരിപാടി ഒബാമ അവസാനനിമിഷം റദ്ദാക്കി. അമേരിക്കയിലെ "അടച്ചുപൂട്ടല്‍" ആയിരുന്നു കാരണം. പക്ഷേ, ഇത് അമേരിക്കയ്ക്ക് ഏഷ്യയിലുള്ള വിശ്വാസ്യതയില്‍ കുറവുണ്ടാക്കി. "ഏഷ്യ-പസഫിക്ക് ഇക്കണോമിക് കോ-ഓപ്പറേഷന്‍" നേതൃസമ്മേളനവും പൂര്‍വേഷ്യ ഉച്ചകോടിയുമായിരുന്നു സമ്മേളനങ്ങള്‍. ഈ സമ്മേളനങ്ങളില്‍ ചൈനയായിരുന്നു താരം. തന്ത്രപരമായും സാമ്പത്തികമായും തളരുന്ന അമേരിക്കയുടെയും തന്ത്രപരമായും സാമ്പത്തികമായും വളരുന്ന ചൈനയുടെയും ചിത്രമാണ് ഈ സമ്മേളനങ്ങള്‍ നല്‍കിയത്.

*
നൈനാന്‍ കോശി ദേശാഭിമാനി 12-10-2013

No comments: