Wednesday, October 23, 2013

ഒന്നാം പ്രതി പ്രധാനമന്ത്രി തന്നെ

ഇരുമ്പ്, കല്‍ക്കരി, പെട്രോള്‍, സ്പെക്ട്രം തുടങ്ങിയ രാഷ്ട്രത്തിന്റെ അമൂല്യമായ പ്രകൃതിവിഭവങ്ങള്‍ തുച്ഛമായ വിലയ്ക്ക് കയ്യടക്കുന്നതിനും രാഷ്ട്രസമ്പത്ത് കൊള്ളചെയ്യുന്നതിനും നാടന്‍-മറുനാടന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഒത്താശചെയ്തുകൊടുത്ത രാജ്യദ്രോഹികളായ ഭരണാധികാരികളില്‍ ഒന്നാംസ്ഥാനത്ത്, അഥവാ ഒന്നാം പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെയാണ് എന്ന്, ഞങ്ങള്‍ നേരത്തെതന്നെ ചൂണ്ടിക്കാണിച്ചിരുന്നു. രാജ്യത്തെ പ്രമുഖ കോര്‍പ്പറേറ്റ് വ്യവസായ ഗ്രൂപ്പായ ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ ഹിന്‍ഡാല്‍കോ കമ്പനിക്ക് ഒഡീഷയില്‍ കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍, ആദിത്യ ബിര്‍ല ഗ്രൂപ്പ് തലവന്‍ കുമാര്‍ മംഗലം ബിര്‍ലയേയും അവര്‍ക്ക് കല്‍ക്കരിപ്പാടം അനുവദിക്കപ്പെട്ട കാലത്ത് കല്‍ക്കരിവകുപ്പിന്റെ സെക്രട്ടറിയായിരുന്ന പ്രകാശ് ചന്ദ്ര പരേഖിനെയും (2004 ജൂലൈ മുതല്‍ 2005 നവംബര്‍വരെയാണ് പരേഖ്, വകുപ്പ് സെക്രട്ടറിയായിരുന്നത്) പ്രതികളായി ചേര്‍ത്ത് സിബിഐ അന്വേഷണം ആരംഭിച്ചതോടെ അക്കാര്യം കൂടുതല്‍ വ്യക്തമായിരിക്കുന്നു. കല്‍ക്കരിപ്പാടങ്ങള്‍ ലേലംചെയ്ത് നല്‍കി പരമാവധി പണം ഖജനാവിലേക്ക് മുതല്‍കൂട്ടുന്നതിനായി, മത്സര ലേലത്തിനുള്ള സംവിധാനമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട വകുപ്പുസെക്രട്ടറിയുടെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞ് ഇഷ്ടപ്പെട്ടവര്‍ക്ക് ഇഷ്ടംപോലെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്ന നടപടി കൈക്കൊണ്ട പ്രധാനമന്ത്രിതന്നെയാണ് ഒന്നാംപ്രതി എന്ന മുന്‍ സെക്രട്ടറി പരേഖിന്റെ പ്രസ്താവന അതാണ് കാണിക്കുന്നത്. 2004 ജൂലൈ മാസത്തില്‍ വകുപ്പുസെക്രട്ടറിയായ ഉടനെയാണ് കല്‍ക്കരി ബ്ലോക്കിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് ലേലംചെയ്ത് വില്‍ക്കണമെന്ന് പരേഖ് നിര്‍ദ്ദേശിച്ചതും അതിനുള്ള ഓര്‍ഡിനന്‍സിന്റെ രൂപരേഖ തയ്യാറാക്കിയതും. എന്നാല്‍ കല്‍ക്കരി വകുപ്പ് നേരിട്ട് കൈകാര്യംചെയ്യുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ആ നിര്‍ദ്ദേശം അവഗണിക്കുകയാണുണ്ടായത്.

2 ജി സ്പെക്ട്രം, ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് വെട്ടിപ്പ്, 3 ജി അഴിമതി, ടെട്ര കുംഭകോണം, ഡെല്‍ഹി എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരണം തുടങ്ങിയ കൂറ്റന്‍ അഴിമതി പരമ്പരകളുടെ സൂത്രധാരനായ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കല്‍ക്കരിവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന 2004-2009 കാലത്താണ് 1.76 ലക്ഷം കോടി രൂപയുടെ 2 ജി സ്പെക്ട്രം തട്ടിപ്പിനേക്കാള്‍ വലിയ കല്‍ക്കരിബ്ലോക്ക് കുംഭകോണം നടന്നത്. പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫ് കോര്‍ ബ്ലോക് അലോക്കേഷന്‍സ് എന്ന പേരിലുള്ള സിഎജി റിപ്പോര്‍ട്ടിന്റെ കരട് രൂപത്തില്‍ 10.67 ലക്ഷം കോടി രൂപ ഖജനാവിന് നഷ്ടംവരുത്തിയ ഇടപാടായിട്ടാണ് കോള്‍ഗേറ്റ് അഴിമതി വിവരിക്കപ്പെട്ടിരുന്നത്. എന്നാല്‍ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകളുടെയും മറ്റും വിശദീകരണങ്ങള്‍ കേട്ടതിനുശേഷം സിഎജി തയ്യാറാക്കി 2012 ആഗസ്റ്റ് 17ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടില്‍ ഖജനാവിനുണ്ടായ നഷ്ടം 1.86 ലക്ഷം കോടി രൂപയുടേതാണെന്ന് വ്യക്തമാക്കപ്പെട്ടിരുന്നു. സുതാര്യമായ നിയമങ്ങളോ നടപടിക്രമങ്ങളോ ഒന്നും പാലിക്കാതെ, ലേലംചെയ്യാതെ, ആദ്യംവന്നവര്‍ക്ക് ആദ്യം എന്ന വ്യവസ്ഥപോലും പാലിക്കാതെ, സ്വന്തക്കാര്‍ക്ക് തന്നിഷ്ടംപോലെ കല്‍ക്കരി ബ്ലോക്കുകള്‍ പതിച്ചുനല്‍കിയതുവഴി ഖജനാവിനുണ്ടായ നഷ്ടമാണ് ഇതെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. ഇങ്ങനെ നല്‍കപ്പെട്ട 155 കല്‍ക്കരി ബ്ലോക്കുകളിലായി 3317 കോടി മെട്രിക്ടണ്‍ കല്‍ക്കരി ശേഖരമുണ്ടെന്നും 2011 മാര്‍ച്ച് 31ന്റെ മാര്‍ക്കറ്റ് വിലവെച്ച് അതിന് 51 ലക്ഷം കോടി രൂപ വിലവരുമെന്നുമാണ് സിഎജിയുടെ കണക്ക്. ടണ്ണിന് 1500ല്‍ അധികം രൂപ വിലവരുന്ന കല്‍ക്കരി വെറും 50 രൂപ വിലവെച്ച് 1.66 ലക്ഷം കോടി രൂപയ്ക്കാണ് വിവിധ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറിയത്. കല്‍ക്കരി ഖനനത്തിനും ചരക്കുകടത്തിനും ഉയര്‍ന്ന കൂലിയും ചെലവും വഹിക്കുന്ന കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ നിരക്കുകള്‍വെച്ച് കണക്കാക്കിയിട്ടാണ്, കോര്‍പ്പറേറ്റുകള്‍ക്ക് ഈ ലാഭമുണ്ടായതായി (രാഷ്ട്രത്തിന് നഷ്ടമുണ്ടായതായി) സിഎജി വ്യക്തമാക്കുന്നത്. എന്നാല്‍ സ്വകാര്യ കമ്പനികളുടെ ഖനനച്ചെലവ് താരതമ്യേന കുറവായതിനാല്‍ അവയുടെ ലാഭം വീണ്ടും കൂടും. കോള്‍ഗേറ്റ് കുംഭകോണത്തെക്കുറിച്ച് പാര്‍ലമെന്റില്‍ വമ്പിച്ച പ്രതിഷേധം ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് ""കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച നടപടിക്രമത്തില്‍ പാകപ്പിഴയുണ്ടോ എന്ന് അന്വേഷിക്കുന്നതിന്"" സിബിഐയോട് ആവശ്യപ്പെടാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നിര്‍ബന്ധിതമായിത്തീര്‍ന്നു. അപ്പോഴും പ്രധാനമന്ത്രിയടക്കമുള്ള ഉന്നതഭരണക്കാര്‍ക്ക് അതിലുള്ള പങ്കിനെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുന്നതിന് ഗവണ്‍മെന്റ് തയ്യാറായിരുന്നില്ല. സുപ്രീംകോടതിയുടെ നിരന്തരമായ ഇടപെടലും മേല്‍നോട്ടവും കാരണമായിട്ടാണ് അന്വേഷണത്തില്‍ തെല്ലെങ്കിലും പുരോഗതിയുണ്ടായത്. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതു സംബന്ധിച്ച സ്വകാര്യ കമ്പനികളുടെ അപേക്ഷകളും അവയില്‍ കൈക്കൊണ്ട നടപടികളും മറ്റ് സുപ്രധാന രേഖകളും മുഴുവന്‍ ഇപ്പോഴും ഗവണ്‍മെന്റ് സിബിഐക്ക് നല്‍കിയിട്ടില്ല. സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഒക്കെയുണ്ടായിട്ടും, സുപ്രധാന ഫയലുകള്‍ പലതും പൂഴ്ത്തിവെച്ച്, സുപ്രീംകോടതിയെപ്പോലും കബളിപ്പിക്കുന്ന മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നിഷ്പക്ഷമായ സിബിഐ അന്വേഷണത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.

നവീന്‍ ജിന്‍ഡാല്‍, വിജയ് ദര്‍ദ, ദസരി നാരായണറാവു തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കൊക്കെ പങ്കുള്ള ഈ കുംഭകോണത്തിന്റെ ഉത്തരവാദിത്വം ചില ഉദ്യോഗസ്ഥരില്‍ മാത്രം ചുമത്തി രക്ഷപ്പെടാനാണ് മന്‍മോഹന്‍സിങ്ങും കൂട്ടരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് കല്‍ക്കരി വകുപ്പിന്റെ മുന്‍ സെക്രട്ടറി പരേഖിന്റെ ഒക്ടോബര്‍ 16ന്റെ പ്രസ്താവന. സ്വകാര്യ കല്‍ക്കരി കമ്പനികളുടെ വെട്ടിപ്പും കെടുകാര്യസ്ഥതയും കണ്ടു മടുത്തിട്ടാണ്, പുരോഗമനമുഖംമൂടിയണിഞ്ഞ ഇന്ദിരാഗാന്ധി 1973ല്‍ കല്‍ക്കരി ഖനികള്‍, വമ്പിച്ച നഷ്ട പരിഹാരം നല്‍കിക്കൊണ്ട് ദേശസാല്‍ക്കരിച്ചത്. പിന്നീട് 1976ല്‍ അവര്‍ക്ക് ചില ഇളവുകളൊക്കെ നല്‍കി. 1991-96 കാലത്തെ നരസിംഹറാവു സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് ആണ് വീണ്ടും സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചത്. സിമന്റ്, വൈദ്യൂതി തുടങ്ങിയവയുടെ ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി എന്ന പേരിലായിരുന്നു അത്. അത്രയുംകാലവും അതില്‍ പിന്നീടും കല്‍ക്കരി പ്രധാനമായും കുഴിച്ചെടുത്തിരുന്നതും ന്യായമായ വിലയിട്ട് ആവശ്യക്കാര്‍ക്ക് നല്‍കിയിരുന്നതും പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യാ ലിമിറ്റഡ് ആയിരുന്നു. ആ വ്യവസഥയെല്ലാം അട്ടിമറിച്ച് അത്തരം നിയന്ത്രണങ്ങളെല്ലാം ഉപേക്ഷിച്ച്, സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരി ബ്ലോക്കുകള്‍ ഏല്‍പിച്ചുകൊടുക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത് ഒന്നാം യുപിഎ സര്‍ക്കാരാണ്. കല്‍ക്കരിയുടെ പ്രധാന ഉപഭോക്താക്കളായ സിമന്റ്, ഇരുമ്പ്, ഉരുക്ക്, വൈദ്യുതി ഉല്‍പാദന മേഖലകളിലെ കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിനുവേണ്ടിയായിരുന്നു അത്. 2012-ാമാണ്ടാകുമ്പോഴേക്ക് രാജ്യത്ത് എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കും എന്ന പ്രസ്താവനയോടെയാണ് സ്വകാര്യ വൈദ്യുതോല്‍പാദന കമ്പനികളടക്കമുള്ള കുത്തകകള്‍ക്ക് ഇങ്ങനെ രാഷ്ട്ര സമ്പത്ത് ചുളുവിലയ്ക്ക് നല്‍കിയത്.

ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍, ഭൂഷണ്‍ സ്റ്റീല്‍, ടാറ്റാസ്റ്റീല്‍ ലിമിറ്റഡ്, സ്ട്രാറ്റജിക് എനര്‍ജി, ജയ്ബാലാജി ഇന്‍ ആന്റ് രശ്മി സിമന്റ്സ്, രാംസ്വരൂപ് ഉദ്യോഗ്, ഛത്തീസ്ഗഢ് കാപ്റ്റീവ്, ജെഎസ്പിഎല്‍-ഗഗന്‍സ്പോഞ്ച് അയേണ്‍, ആദിത്യ ബിര്‍ള, ഇലക്ട്രോ സ്റ്റീല്‍ കാസ്റ്റിങ് തുടങ്ങിയ കമ്പനികള്‍ക്കെല്ലാം തുച്ഛമായ വിലയ്ക്ക് കല്‍ക്കരിപ്പാടങ്ങള്‍ ലഭിച്ചു. ഇത്രനാളായിട്ടും അവരില്‍ പലരും ആ പാടങ്ങള്‍ ഉപയോഗപ്പെടുത്തിയില്ല, ഒരൊറ്റ യൂണിറ്റ് വൈദ്യുതിയും അധികമായി ഉല്‍പാദിപ്പിച്ചില്ല എന്നത് മറ്റൊരു കാര്യം. എന്നാല്‍ 1973ലെ കല്‍ക്കരി ദേശസാല്‍ക്കരണത്തിനുശേഷം നിലവിലുണ്ടായിരുന്ന, കോള്‍ ഇന്ത്യാ ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനിക്ക് പ്രാമുഖ്യമുണ്ടായിരുന്ന സംവിധാനം തകര്‍ത്ത്, കല്‍ക്കരിപ്പാടങ്ങള്‍ തത്വരഹിതമായും തന്നിഷ്ടംപോലെയും കോര്‍പ്പറേറ്റുകള്‍ക്ക് വീതംവെച്ചുകൊടുത്ത മന്‍മോഹന്‍സിങ്, രാഷ്ട്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് പുതിയ സംഭവവികാസങ്ങളോടെ വ്യക്തമായിരിക്കുന്നു. അതിനാല്‍ കോള്‍ഗേറ്റ് കുംഭകോണത്തിലെ ഒന്നാംപ്രതിയായ മന്‍മോഹന്‍സിങ് രാജിവെച്ചൊഴിഞ്ഞ്, അന്വേഷണത്തെ നേരിടുകതന്നെ വേണം.

*
ചിന്ത മുഖപ്രസംഗം

No comments: