Tuesday, October 29, 2013

ഇരുളിനെ കീറിയ വജ്രസൂചി

നവോത്ഥാന പ്രസ്ഥാനത്തെയും മതനവീകരണ പ്രവര്‍ത്തനങ്ങളെയും സ്വാതന്ത്ര്യസമരവുമായി സമന്വയിപ്പിച്ച പ്രതിഭാശാലിയായിരുന്നു വാഗ്ഭടാനന്ദഗുരു. കേരളീയരുടെ വിചാരവിപ്ലവത്തിന് തിരികൊളുത്തിയ വാഗ്ഭടാനന്ദന്റെ സ്മൃതിദിനമാണ് ഒക്ടോബര്‍ 29. 1939ലായിരുന്നു ആ പ്രകാശം പൊലിഞ്ഞത്.

പണ്ഡിതനും പ്രഭാഷകനും പത്രാധിപരുമായിരുന്ന വാഗ്ഭടാനന്ദന്‍ കണ്ണൂര്‍ ജില്ലയിലെ പാട്യത്ത് വയലേരി തറവാട്ടില്‍ 1885ലാണ് ജനിച്ചത്. കീഴ്ജാതിക്കാര്‍ക്കും ദരിദ്രര്‍ക്കുമായി കോഴിക്കോട് കാരപ്പറമ്പില്‍ 1906ല്‍ തത്വപ്രകാശികയെന്ന വിദ്യാലയം സ്ഥാപിച്ചു. 1917ല്‍ ആത്മവിദ്യാസംഘം രൂപീകരിച്ച് തന്റെ ആശയമണ്ഡലം വിപുലീകരിച്ചു. "അഭിനവ കേരളം", "ആത്മവിദ്യാ കാഹളം" "ശിവയോഗി വിലാസം" തുടങ്ങിയ പ്രസിദ്ധീകരണങ്ങളും നിരവധി ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. ബ്രഹ്മാനന്ദ ശിവയോഗിയുമായുള്ള കൂടിക്കാഴ്ചയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. മതാന്ധതയ്ക്കും അനാചാരങ്ങള്‍ക്കുമെതിരായി പ്രഭാഷണങ്ങളും സംവാദങ്ങളുമായി ആ കര്‍മയോഗി മംഗലാപുരം മുതല്‍ മദിരാശിവരെ സഞ്ചരിച്ചു.

പൂജാദികര്‍മങ്ങള്‍ അര്‍ഥശൂന്യമാണെന്ന് തന്റെ മാസികകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും വാഗ്ഭടാനന്ദന്‍ ഉദ്ബോധിപ്പിച്ചിരുന്നു. അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ച സവര്‍ണ തമ്പ്രാക്കളോടും വാഗ്ഭടാനന്ദന്‍ പോരടിച്ചു. ഗുരുവായൂര്‍ ക്ഷേത്രം അധഃകൃതര്‍ക്ക് തുറന്നുകൊടുക്കാന്‍ ആരംഭിച്ച പ്രക്ഷോഭത്തെ സാമൂതിരി കണ്ടില്ലെന്ന് നടിച്ചാല്‍ വലിയവില നല്‍കേണ്ടിവരുമെന്ന് തുറന്നടിക്കാനും അദ്ദേഹം തയ്യാറായി. ലോകം മുഴുവന്‍ വിറപ്പിച്ച തുര്‍ക്കി സുല്‍ത്താന്റെയും റഷ്യയിലെ സാര്‍ ചക്രവര്‍ത്തിമാരുടെയും ദുര്‍ഗതിയെക്കുറിച്ച് രാജാവ് ശാന്തമായി ഒന്നാലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെയും കൃഷിക്കാരുടെയും നിലനില്‍പ്പിനും അവകാശങ്ങള്‍ക്കും വേണ്ടി അദ്ദേഹം മുന്നിട്ടിറങ്ങി.

ഫറോക്കിലെ ഓട്ടുകമ്പനിയില്‍ ഒരു തൊഴിലാളിയെ തെങ്ങില്‍ വരിഞ്ഞുകെട്ടി അടിച്ചുകൊന്നു. ഇതിനെതിരെ കെ പി ഗോപാലന്‍ ആരംഭിച്ച നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി സമരം വിജയിച്ചശേഷം നാരാങ്ങാനീര് നല്‍കി അവസാനിപ്പിച്ചാണ് വാഗ്ഭടാനന്ദന്‍ മടങ്ങിയത്. എ വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ 1934ല്‍ കരിവെള്ളൂരില്‍ രൂപീകൃതമായ അഭിനവ ഭാരത യുവസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അകമഴിഞ്ഞ് പിന്തുണച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പലപ്പോഴായി നിയമലംഘനം നടത്തിയതിന് അദ്ദേഹത്തെ കലക്ടര്‍ താക്കീത് ചെയ്യുകയുണ്ടായി.

മതനവീകരണ പ്രശ്നങ്ങളും ആത്മീയ കാര്യവിചാരവും കൈകാര്യംചെയ്യുമ്പോഴും കവിതയും സാഹിത്യ നിരൂപണവും അദ്ദേഹം നടത്തി. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ അദ്ദേഹം നിരന്തരം ശബ്ദമുയര്‍ത്തി. വാഗ്ഭടാനന്ദനും നവോത്ഥാന നായകരും രൂപപ്പെടുത്തിയ മലയാളിയുടെ ആത്മാഭിമാനത്തിന്റെ പതാക വലിച്ച് താഴ്ത്താനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ട ഫ്യൂഡല്‍ ജീര്‍ണതകള്‍ ആഗോള മൂലധനത്തിന്റെ പുത്തന്‍ അജന്‍ഡകളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുന്നു. ജാതി മത ചിന്തകളും അനാചാരങ്ങളും വീണ്ടും സമൂഹത്തിലേക്ക് അതിക്രമിച്ച് കയറുന്നു. നവോത്ഥാന കാലം കുഴിച്ചു മൂടിയ ജീര്‍ണതകള്‍ പൊതുജീവിതത്തിലേക്ക് വര്‍ണപ്പകിട്ടോടെ എഴുന്നള്ളിക്കപ്പെടുകയാണ്. ഈയൊരു സാഹചര്യത്തില്‍ വാഗ്ഭടാനന്ദ ദര്‍ശനങ്ങളുടെ പ്രസക്തിയേറുകയാണ്.

*
എം സുരേന്ദ്രന്‍ ദേശാഭിമാനി

No comments: