Saturday, October 19, 2013

നൂറ്റാണ്ടിന്റെ കാവല്‍ക്കാരന്‍

ആഭ്യന്തര യുദ്ധകാലത്തെ സ്പാനിഷ് സങ്കീര്‍ണതകള്‍ വിവരിക്കവേ ദാര്‍ശനികന്‍ മിഗ്യുവെല്‍ ഉനാ മുനോ കള്ളം പറയുന്നതിന് തുല്യമായ മൗനത്തെക്കുറിച്ച് അടിവരയിട്ടു പോകുന്നുണ്ട്. ലോകം സാമ്രാജ്യത്വ യുദ്ധമോഹങ്ങളുടെയും ഫാസിസ്റ്റ് കുരുതികളുടെയും ചോരയില്‍ക്കുതിര്‍ന്നപ്പോഴെല്ലാം ജനങ്ങള്‍ക്ക് കാവലായി നിവര്‍ന്നുനിന്നത് ജനാധിപത്യവാദികളും കമ്യൂണിസ്റ്റുകാരുമായിരുന്നു. സ്വന്തം ജീവന്‍ വെടിഞ്ഞും ഭൂഗോളത്തെ ശരിയായ അച്ചുതണ്ടില്‍ ചലിപ്പിക്കുകയായിരുന്നു ആ മനുഷ്യര്‍.

ഫാസിസ്റ്റ് വിരുദ്ധ വിജയത്തിനുശേഷമുള്ള സോവിയറ്റ് യൂണിയനിലെ ഒരു ക്ലാസ് മുറി. നാല്‍പത് കുട്ടികള്‍. അവരോടായി ക്ലാസ് ടീച്ചറുടെ ആദ്യ ദിവസത്തെ ചോദ്യം: ""നിങ്ങളുടെ അച്ഛന്മാര്‍ എന്തുചെയ്യുന്നു?"" പകുതിയിലധികം വിദ്യാര്‍ഥികളുടെ പിതാക്കള്‍ രക്തസാക്ഷികളായിരുന്നു. ഫാസിസത്തിനെതിരായ ചെറുത്തുനില്‍പ്പിന് നല്‍കിയ വില അധ്യാപിക തിരിച്ചറിഞ്ഞത് കഥ പോലുള്ള അവരുടെ യാഥാര്‍ഥ്യത്തില്‍നിന്ന്.

ഇതിന്റെ മറ്റൊരു സാക്ഷ്യം വിയത്നാമായിരുന്നു. എന്നാല്‍ മുനോ പറഞ്ഞ കള്ളത്തരത്തിന് തുല്യമായ മൗനം ഇത്തരം യാഥാര്‍ഥ്യങ്ങളെ കൊലചെയ്ത് രസിക്കുകയാണ്. വിയത്നാമിനെതിരായ വിദേശ കടന്നുകയറ്റത്തെയും സാമ്രാജ്യത്വ യുദ്ധത്തെയും ഹോ ചി മിനൊപ്പം ചെറുത്ത ജനറല്‍ വോ ഗുയന്‍ ഗ്യാപ് നൂറ്റിരണ്ടാം വയസ്സില്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ ചരിത്രത്തിലെ ത്രസിപ്പിക്കുന്ന ഒരു അധ്യായമാണ് അവസാനിച്ചത്. അമേരിക്കന്‍ യുദ്ധഭ്രാന്തിനെ നിശ്ചയദാര്‍ഢ്യംമാത്രം കൈമുതലാക്കി അടിയറവ് പറയിച്ച ജനതയാണ് വിയത്നാമിലേത്. രാജ്യം സംരക്ഷിച്ചുവെങ്കിലും അതിനവര്‍ക്ക് കനത്ത വില നല്‍കേണ്ടിവന്നു. ലോകം കണ്ട മരണത്തിന്റെ ഏറ്റവും വലിയ സംഹാര നൃത്തമായിരുന്നു വിയത്നാം യുദ്ധം. 1954 മുതല്‍ 1975 വരെ നടന്ന യുദ്ധങ്ങളില്‍ 30 ലക്ഷം മനുഷ്യര്‍ മരിച്ചുവീണു. ആറുലക്ഷം പേര്‍ക്ക് പരിക്കേറ്റു. ഒരുലക്ഷം പേരെ കാണാതായി. കാടുകളും ജന്തുക്കളും കാര്‍ഷികവിളകളും ഭൂരിഭാഗവും നശിച്ചു. 1961-67 കാലത്ത് രണ്ടുകോടി ഗാലന്‍ വിഷവസ്തുക്കളാണ് അമേരിക്ക വാരിവിതറിയത്. അന്താരാഷ്ട്ര നിയമങ്ങള്‍ അനുവദിക്കാത്ത "ഏജന്റ് ഓറഞ്ചി"ന്റെ പ്രയോഗം മാരകമായിരുന്നു. ഇതുമൂലം 13000 കന്നുകാലികള്‍ ചത്തു. നാപാം ബോംബുകള്‍ പിന്നെയും കെടുതികള്‍ തീര്‍ത്തു. അമേരിക്ക തോറ്റു പിന്മാറുമ്പോഴേക്കും വിയത്നാമില്‍ 70 ലക്ഷം ടണ്‍ ബോംബുകള്‍ വര്‍ഷിച്ചുകഴിഞ്ഞിരുനു. ഒരാളുടെമേല്‍ രണ്ടു ക്വിന്റല്‍ എന്ന തോതില്‍. രണ്ടാം ലോകമഹായുദ്ധ വേളയില്‍ യൂറോപ്പിലും ഏഷ്യയിലും വാരിവിതറിയ ബോംബിന്റെ ഇരട്ടിയായിരുന്നു അത്. വിയത്നാമിലാകെ ബോംബ് വീണ് രണ്ടുകോടിയിലധികം കുഴികള്‍ രൂപപ്പെടുകയുമുണ്ടായി. മരങ്ങളുള്‍പ്പെടെ ജൈവ വസ്തുക്കളുടെ വളര്‍ച്ച മുരടിപ്പിച്ച വിഷലായിനികള്‍ ആകാശത്തുനിന്നും തളിച്ചു. കുട്ടികളിലെ ജനനവൈകൃതങ്ങള്‍ അതിലും ഭീകരം. തടവുകേന്ദ്രങ്ങളില്‍ എഴുപതിനായിരം പോരാളികളെയും സാധാരണക്കാരെയും നരകിപ്പിച്ചു. അമേരിക്കന്‍ പ്രതിനിധികള്‍ ഇതിനെല്ലാം നേതൃത്വം നല്‍കുകയുമുണ്ടായി.

"".... 1964 മുതല്‍ 1972 വരെയുള്ള കാലത്ത് ലോകചരിത്ത്രിലേറ്റവും ശക്തവും സമ്പന്നവുമായ ഒരു രാഷ്ട്രം അണുബോംബൊഴികെയുള്ള പരമാവധി സൈനിക ബലത്തോടെ ഒരു ചെറു കര്‍ഷക രാജ്യത്തിലെ ദേശീയ വിപ്ലവപ്രസ്ഥാനത്തെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. അമേരിക്ക വിയത്നാമില്‍ നടത്തിയ യുദ്ധം, ഒരുവശത്ത് സംഘടിത ആധുനിക സാങ്കേതിക വിദ്യയും മറുവശത്ത് സംഘടിത മനുഷ്യരും തമ്മിലുള്ള പോരാട്ടമായിരുന്നു. ഒടുവില്‍ മാനവശേഷി വിജയിച്ചു. ഈ യുദ്ധകാലത്ത് രാജ്യം കണ്ടതില്‍വച്ച് ഏറ്റവും ബൃഹത്തായ ഒരു യുദ്ധവിരുദ്ധ പ്രസ്ഥാനം യുഎസില്‍ രൂപപ്പെടുകയും ഈ പ്രസ്ഥാനം യുദ്ധം അവസാനിപ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കുകയും ചെയ്തു...."" എന്നാണ് ഹോവാര്‍ഡ് സിന്‍ (എ പീപ്പിള്‍സ് ഹിസ്റ്ററി ഓഫ് ദി യുനൈറ്റഡ് സ്റ്റേറ്റ്സ്) എഴുതിയത്. എന്നിട്ടും യുദ്ധമവസാനിപ്പിക്കാനുള്ള കാരണമായി പരമ്പരാഗത ചരിത്രകാരന്മാര്‍ വരച്ചുകാട്ടാറുള്ളത് പാരീസിലും ബ്രസല്‍സിലും ജനീവയിലും വെഴ്സെയില്‍സിലുമൊക്കെ നേതാക്കളുടെ മുന്‍കയ്യില്‍ നടന്ന സന്ധിസംഭാഷണങ്ങളായിരുന്നു. അതേയവസരത്തില്‍ യുദ്ധത്തിന്റെ കാരണമായി കണ്ടതോ "ജനങ്ങളില്‍നിന്നുള്ള ആവശ്യ" വും.

അമേരിക്കക്കെതിരായ കമ്യൂണിസ്റ്റുപാര്‍ടിയുടെ ചെറുത്തുനില്‍പില്‍ അനേകം നേതാക്കള്‍ രക്തസാക്ഷികളായി. ജനതയെ സമരസജ്ജരാക്കി നിര്‍ത്തുന്നതില്‍ ഹോചിമിനൊപ്പം പ്രവര്‍ത്തിച്ച ഗ്യാപിന്റെ ജീവിതം ആധുനിക വിയത്നാമിന്റെ രൂപപരിണാമങ്ങള്‍ക്കെല്ലാം സാക്ഷിയായിരുന്നു. ആ രാജ്യത്തിന്റെ വേദനകളിലും സംഘര്‍ഷങ്ങളിലും ചെറുത്തുനില്‍പിലും കിതപ്പിലും കുതിപ്പിലുമെല്ലാം അദ്ദേഹം മുഴുകിനിന്നു. നിരന്തരം സമരസജ്ജമായിരുന്നു ആ ജീവിതം. 1911 ആഗസ്ത് 25ന് അന്‍ക്സാ ഗ്രാമത്തിലായിരുന്നു ജനനം. പതിനാറാം വയസില്‍ ഫ്രഞ്ച് വിദ്യാലയത്തില്‍ ചേര്‍ന്നു. രണ്ടുവര്‍ഷമേ അധികൃതര്‍ അവിടെ വെച്ചുപൊറുപ്പിച്ചുള്ളൂ. വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ കാരണത്താല്‍ പുറത്താക്കുകയായിരുന്നു. പിന്നെ ഹനോയ് സര്‍വകലാശാലയില്‍നിന്ന് രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തില്‍ ബിരുദമെടുത്തു. അക്കാലത്ത് പത്രപ്രവര്‍ത്തകനായും ജോലിചെയ്തു. 1930ലെ അറസ്റ്റ് അത് അവസാനിപ്പിച്ചു. പതിമൂന്ന് മാസത്തിനുശേഷമാണ് വിട്ടയക്കപ്പെട്ടത്. ജയിലില്‍നിന്ന് പുറത്തുവന്നയുടന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നു. ഇതേ കാലയളവില്‍ കുറേ പത്രങ്ങളില്‍ എഴുതുകയും ചെയ്തു. 1939ല്‍ ഗ്യാപ് വിവാഹിതനായി. ദാമ്പത്യം അധികം നീണ്ടില്ല. ഫ്രഞ്ച് അധിനിവേശ ശക്തികളുടെ ഭീഷണിമൂലം ചൈനയിലേക്ക് നാടുവിട്ടു.

പിന്നെ അതിക്രൂരമായ സംഭവമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിച്ച ഫ്രഞ്ച് ഭരണം ഗ്യാപിന്റെ അച്ഛന്‍, സഹോദരി, ഭാര്യ, അവരുടെ സഹോദരി എന്നിവരെയെല്ലാം കൂട്ടക്കശാപ്പുചെയ്തു. 1944ല്‍ തിരിച്ചുവന്ന ഗ്യാപ് ഹോചിമിനൊപ്പം ചേര്‍ന്ന് വിയത്നാമീസ് ഇന്‍ഡിപെന്‍ഡന്റസ് ലീഗിന് രൂപം നല്‍കി. 1945 സെപ്തംബറില്‍ ഹോയുടെ നേതൃത്വത്തില്‍ വിയത്നാം ജനാധിപത്യ റിപ്പബ്ലിക്കായി; ഗ്യാപ് മന്ത്രിയും. ഈ ഭരണം അധികം നീണ്ടില്ല. ഫ്രഞ്ചുകാര്‍ തിരിച്ചുവന്നു. പിന്നെ ജനാധിപത്യവാദികളും കമ്യൂണിസ്റ്റുകാരും കനത്ത ചെറുത്തുനില്‍പ് നടത്തി. ഫ്രഞ്ചുകാരില്‍നിന്ന് വടക്കന്‍ വിയത്നാമിന്റെ ഒട്ടുമിക്ക ഗ്രാമീണ മേഖലകളും തിരിച്ചുപിടിക്കുന്നതില്‍ ഗ്യാപിന്റെ നേതൃത്വമായിരുന്നു. 1954ലെ തന്ത്രപ്രധാനവും നിര്‍ണായകവുമായ ദിയെന്‍ ബിയന്‍ ഫു യുദ്ധം അദ്ദേഹത്തെ ലോകപ്രശസ്തനാക്കി. അതിനുശേഷം രൂപീകരിക്കപ്പെട്ട സര്‍ക്കാരിലും ഗ്യാപ് മന്ത്രിയായി. ജനകീയ സൈന്യത്തിന്റെ കമാന്‍ഡര്‍ പദവിയും വഹിച്ചു. അമേരിക്കക്കെതിരായ ചെറുത്തുനില്‍പില്‍ ആ നേതൃത്വം വിയത്നാമിന് വലിയ തുണയായി.

*
അനില്‍കുമാര്‍ എ വി chintha weekly

No comments: