Friday, October 25, 2013

ഗ്രാമീണ ബാങ്കുകളെ സംരക്ഷിക്കണം

ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കുറഞ്ഞചെലവില്‍ ബാങ്കിങ് സൗകര്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1975ല്‍ റീജണല്‍ റൂറല്‍ ബാങ്കുകള്‍ (ഗ്രാമീണ ബാങ്കുകള്‍) രൂപീകൃതമായത്. ഇന്ത്യയിലാകെ ഇത്തരത്തില്‍ 196 ബാങ്കുകള്‍ രൂപീകരിക്കപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍, സ്പോണ്‍സര്‍ ബാങ്ക് (മിക്കവാറും പൊതുമേഖലാ ബാങ്കുകള്‍), സംസ്ഥാന സര്‍ക്കാര്‍ എന്നിവയ്ക്കാണ് ഗ്രാമീണ ബാങ്കുകളുടെ ഉടമസ്ഥാവകാശം; യഥാക്രമം 50, 35, 15 എന്ന അനുപാതത്തില്‍.

ഗ്രാമീണ ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ പങ്കാണ് ഗ്രാമീണ ബാങ്കുകള്‍ വഹിച്ചത്. ഗ്രാമീണ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട എല്ലാ കമ്മിറ്റികളും ഇക്കാര്യം അടിവരയിട്ടിട്ടുണ്ട്. എന്നാല്‍, ജന്മസിദ്ധമായ ദൗര്‍ബല്യങ്ങള്‍ ഗ്രാമീണ ബാങ്കിന്റെ വികാസത്തിന് വിഘാതമായി. വളരെ നേര്‍ത്ത പ്രവര്‍ത്തനപരിധി, സ്പോണ്‍സര്‍ ബാങ്കുകളുടെ നക്കിക്കൊല്ലുന്ന രീതി എന്നിവയെല്ലാം ഗ്രാമീണ ബാങ്കുകളുടെ വളര്‍ച്ചയ്ക്ക് തടസ്സമായി. ഗ്രാമീണ ബാങ്കുകളെ ഗ്രാമീണ വായ്പാമേഖലയിലെ ശക്തമായ സ്ഥാപനമാക്കുന്നതിന് ഒരു സംസ്ഥാനത്ത് ഒരു ഗ്രാമീണ ബാങ്ക്, ഈ സംസ്ഥാന ബാങ്കുകളുടെ അപ്പെക്സ് സ്ഥാപനമായി നാഷണല്‍ റൂറല്‍ ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിക്കുക എന്ന മുദ്രാവാക്യം ഗ്രാമീണ ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ സംഘടനയായ എഐആര്‍ആര്‍ബിഇഎ മുന്നോട്ടുവച്ചു. സ്പോണ്‍സര്‍ ബാങ്കുകളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഭാരതത്തിലുടനീളം ഒരു ദേശീയ ഗ്രാമീണ ബാങ്കിന്റെ സാന്നിധ്യം, ക്രോസ് സബ്സിഡൈസേഷനുള്ള അവസരം, സംസ്ഥാനതലത്തിലുള്ള പ്രവര്‍ത്തനം ഇവയായിരുന്നു എന്‍ആര്‍ബിഐ രൂപീകരണത്തിലൂടെ വിഭാവനംചെയ്തത്. 1993ല്‍ തന്നെ ഈ നിര്‍ദേശം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകരിച്ചെങ്കിലും ഇതുവരെയും എന്‍ആര്‍ബിഐ രൂപീകരണവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയിട്ടില്ല. ഘട്ടംഘട്ടമായുള്ള സംയോജന പ്രക്രിയയിലൂടെ 196 ഗ്രാമീണ ബാങ്കുകളുടെ എണ്ണം ഇന്ന് 58 ആയി കുറഞ്ഞു.

ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ പ്രവര്‍ത്തിച്ചുവന്ന സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കും നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്കും സംയോജിപ്പിച്ച് മലപ്പുറം ആസ്ഥാനമാക്കി കേരള ഗ്രാമീണ ബാങ്ക് എന്ന പുതിയ ബാങ്ക് രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 2013 ജൂലൈ എട്ടിന് പുറത്തിറക്കിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ തീരുമാനിച്ചത്. പുതിയ ബാങ്ക് നിലവില്‍വന്ന സാഹചര്യത്തില്‍ ഈ ബാങ്കുകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന എഐആര്‍ആര്‍ബിഇഎ, ബെഫി സംഘടനകളില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയന്‍, നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ എന്നിവ യോജിച്ച് കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ എന്ന പേരിലും സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് ഓഫീസേഴ്സ് ഫെഡറേഷന്‍, നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ എന്നിവ യോജിപ്പിച്ച് കേരള ഗ്രാമീണ ബാങ്ക് ഓഫീസേഴ്സ് യൂണിയന്‍ എന്ന പേരിലും പുതിയ സംഘടന രൂപീകരിക്കപ്പെട്ടു.

കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും കേരള ഗ്രാമീണ ബാങ്ക് ഓഫീസേഴ്സ് യൂണിയന്റെയും പ്രഥമ സംസ്ഥാന സമ്മേളനം 27ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ ചേരുകയാണ്. ഗ്രാമീണ ബാങ്കിലെ ജീവനക്കാരുടെ സ്ഥിതി ദയനീയമായിരുന്നു. കുറഞ്ഞ ചെലവ് എന്നത് ജീവനക്കാരിലാണ് സര്‍ക്കാര്‍ പരീക്ഷിച്ചത്. ബാങ്കുകളിലെ ജോലി ചെയ്യുമ്പോഴും സമാനമായ വേതനം നല്‍കപ്പെട്ടില്ല. മറ്റു സേവനവ്യവസ്ഥകളും ദയനീയമായിരുന്നു. തുല്യജോലിക്ക് തുല്യവേതനം എന്ന മുദ്രാവാക്യമുയര്‍ത്തി എഐആര്‍ആര്‍ബിഇഎ നടത്തിയ നിരന്തരമായ പ്രക്ഷോഭത്തെയും നിയമയുദ്ധങ്ങളെയും തുടര്‍ന്ന് 1987 സെപ്തംബര്‍ ഒന്നുമുതല്‍ ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് ബാങ്ക് ജീവനക്കാരുടെ ശമ്പളവ്യവസ്ഥ നല്‍കപ്പെട്ടു. എന്നാല്‍, 1992 മുതല്‍ നടപ്പാക്കപ്പെട്ട ആറാം ശമ്പളക്കരാര്‍ ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ക്ക് നിഷേധിച്ചു. ഇതിനെതിരായ പോരാട്ടവും നിയമയുദ്ധവും കേരളത്തില്‍നിന്നാണ് ആരംഭിച്ചത്. ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ ഇന്നനുഭവിക്കുന്ന വേതനതുല്യതയുടെ വിധി സുപ്രീംകോടതിയില്‍നിന്ന് നേടിയത് സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ആയിരുന്നു. മറ്റ് ബാങ്ക് ജീവനക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ ആനുകൂല്യം ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ല. പെന്‍ഷനുവേണ്ടിയുള്ള പ്രക്ഷോഭത്തിനൊടുവില്‍ 2012 ജൂണില്‍ ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചുള്ള ഉത്തരവില്‍ അന്നത്തെ ധനമന്ത്രി പ്രണബ് മുഖര്‍ജി ഒപ്പുവച്ചെങ്കിലും പിന്നീട് വന്ന ചിദംബരം ഈ നടപടികള്‍ മരവിപ്പിച്ചിരിക്കയാണ്.

ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരുടെ അത്താണിയായ ഗ്രാമീണ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള ബില്ലും പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകഴിഞ്ഞു. ഗ്രാമീണ ബാങ്ക് ഓഹരികളുടെ 49 ശതമാനംവരെ സ്വകാര്യവല്‍ക്കരിക്കാനാണ് നീക്കം. ഗ്രാമീണ ബാങ്കുകളുടെ സ്വഭാവംതന്നെ മാറ്റിമറിക്കുന്ന ഈ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവും എഐആര്‍ആര്‍ബിഇഎ ഏറ്റെടുത്തിട്ടുണ്ട്. ഗ്രാമീണമേഖല, ഗ്രാമീണ ബാങ്കുകള്‍, അതിലെ ജീവനക്കാര്‍ ഇവയെല്ലാം ധനമൂലധന ആക്രമണങ്ങള്‍ക്ക് വിധേയമാകുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഈ ആക്രമണത്തിനെതിരായ പോരാട്ടത്തില്‍ ഗ്രാമീണ ബാങ്ക് ജീവനക്കാരെ തൊഴിലാളിവര്‍ഗ പോരാട്ടത്തോടൊപ്പം അണിനിരത്താനുള്ള വിപുലമായ കടമയാണ് ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ക്ക് നിര്‍വഹിക്കാനുള്ളത്.

*
സി രാജീവന്‍ (എഐആര്‍ആര്‍ബിഇഎ പ്രസിഡന്റാണ് ലേഖകന്‍) 
ദേശാഭിമാനി 25-10-2013

No comments: