Monday, October 21, 2013

സംഗീതത്തിലെ നവോത്ഥാനപ്രതിഭ

സിനിമാസംഗീത ശാഖയെമാത്രമല്ല, കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തെതന്നെ കൂടുതല്‍ ദരിദ്രമാക്കിയിരിക്കയാണ് കെ രാഘവന്‍ എന്ന സംഗീതപ്രതിഭയുടെ ദുഃഖാര്‍ദ്രമായ വേര്‍പാട്. നൂറുവയസ്സിന്റെ പടിവാതിലില്‍വച്ച് അദ്ദേഹം വിടവാങ്ങിയത്, കേരളീയമായ നാടോടി ഈണങ്ങളില്‍ ചിട്ടപ്പെടുത്തിയ ഒട്ടനേകം സിനിമ- നാടക ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് ബാക്കിവച്ചാണ്. മലയാള സിനിമാസംഗീതത്തെ തമിഴ്, ഹിന്ദി സിനിമാഗാനങ്ങളുടെ അനുകരണത്തില്‍നിന്ന് വിമോചിപ്പിച്ച സംഗീതസംവിധായകരുടെ ശ്രേണിയില്‍ അദ്വിതീയനാണ് രാഘവന്‍ മാസ്റ്റര്‍. കേരളീയമായ സംഗീതത്തെയും ഇവിടത്തെ നാടോടി ഈണങ്ങളെയും സാമൂഹ്യാവസ്ഥയുമായി കണ്ണിചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതിനദ്ദേഹം സ്വീകരിച്ചതാകട്ടെ, ഫോക്സംഗീതവും ശാസ്ത്രീയസംഗീതവും മാപ്പിളപ്പാട്ടുമടക്കമുള്ള സംഗീതത്തിന്റെ ഭിന്നമായ കൈവഴികള്‍.

കേരളത്തിന്റെ നവോത്ഥാനാനന്തര മാനവികതയുടെ മൂര്‍ത്തമായ സാംസ്കാരികരൂപം എന്നനിലയില്‍ "നീലക്കുയിലി"ന് സിനിമാചരിത്രത്തില്‍ സവിശേഷ സ്ഥാനമുണ്ട്. ""ഈ കുട്ടിയെ പുലയനോ നായരോ ആയല്ല മനുഷ്യനായാണ് വളര്‍ത്തുക"" എന്ന "നീലക്കുയിലി"ലെ നായകന്റെ പ്രഖ്യാപനം നവോത്ഥാനമുന്നേറ്റങ്ങളുടെ തുടര്‍ച്ചയായുള്ള ആധുനിക മാനവികതയുടെ പ്രഘോഷണമാണ്. മനുഷ്യാനുഭവങ്ങളെയും സാമൂഹ്യാവസ്ഥയുടെ ദുഃഖങ്ങളെയും പ്രതിഫലിപ്പിച്ച രാഘവന്‍ മാസ്റ്ററുടെ പാട്ടുകള്‍ "നീലക്കുയിലി"നെ പൂര്‍ണസിനിമയാക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. ദൈവകേന്ദ്രിതമായ സംഗീതത്തില്‍നിന്ന് സിനിമാസംഗീതത്തെ മനുഷ്യകേന്ദ്രിതവും മതനിരപേക്ഷവും ജനകീയവുമാക്കി വളര്‍ത്തിയതില്‍ രാഘവന്‍ മാസ്റ്ററുടെ പങ്ക് നിസ്തുലമാണ്. രാഗഛായയുള്ള ഗമകങ്ങളിലല്ല, മനുഷ്യാനുഭവജ്ഞാനത്തിലൂന്നുന്നതാണ് അദ്ദേഹത്തിന്റെ സംഗീതം. സംഗീതത്തിന്റെ ശാസ്ത്രീയതയില്‍ അഗാധജ്ഞാനമുണ്ടായിട്ടും സങ്കീര്‍ണരാഗങ്ങളെ നേര്‍പ്പിച്ച് ലളിതസംഗീതമാക്കുകയല്ല അദ്ദേഹം ചെയ്തത്. രാഗങ്ങള്‍ക്കപ്പുറമുള്ള മനുഷ്യഭാവങ്ങളെയാണ് അദ്ദേഹം പാട്ടുകളിലൂടെ ആവിഷ്കരിച്ചത്. ചെറുപ്പത്തിലേ ശ്രദ്ധിച്ച് കേട്ടുപഠിച്ച തോറ്റംപാട്ടുകളുടെയും നാടോടിപ്പാട്ടുകളുടെയും അടിത്തറയില്‍, രാഘവന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ലളിതസുഭഗമായ പാട്ടുകള്‍ നൂറ്റാണ്ടുകളെ അതിജീവിച്ച് തലമുറകളില്‍നിന്ന് തലമുറകളിലേക്ക് കൈമാറ്റംചെയ്യപ്പെടുമെന്ന് ഉറപ്പ്. ഗായകന്റെയോ ഗായികയുടെയോ ശബ്ദത്തില്‍ ഏകതാനത ഉണ്ടാകാന്‍ പാടില്ലെന്ന നിഷ്കര്‍ഷയുള്ളതുകൊണ്ടുതന്നെയാകണം ശബ്ദവൈവിധ്യവും പരീക്ഷിച്ചു. യേശുദാസിനെയും ജയചന്ദ്രനെയും എസ് ജാനകിയെയും പി സുശീലയെയും മാത്രമല്ല, കോഴിക്കോട് അബ്ദുള്‍ഖാദറും മെഹബൂബും കമുകറയും എ എം രാജയും പി ലീലയും ജാനമ്മ ഡേവിഡും ശാന്ത പി നായരും ഉദയഭാനുവും ബ്രഹ്മാനന്ദനും ശീര്‍കാഴി ഗോവിന്ദരാജനും ബാലമുരളീകൃഷ്ണയും വി ടി മുരളിയും എന്നുവേണ്ട പ്രശസ്തരും അപ്രശസ്തരുമായ ഒട്ടനവധി ഗായകരെക്കൊണ്ട് അദ്ദേഹം പാടിച്ചു.

സാമ്രാജ്യത്വയുദ്ധങ്ങളും വിമോചനമുന്നേറ്റങ്ങളും വിപ്ലവങ്ങളും മുഖരിതമാക്കിയ 20-ാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ രാഷ്ട്രീയ സാമൂഹ്യസാഹചര്യങ്ങളാണ് കെ രാഘവന്‍ മാസ്റ്ററുടെ വ്യക്തിത്വത്തെയും അദ്ദേഹത്തിന്റെ സംഗീതാവബോധത്തെയും രൂപപ്പെടുത്തിയത് എന്നതുകൊണ്ടുതന്നെ, അദ്ദേഹം എക്കാലവും ഇടതുപക്ഷത്തോടൊപ്പമാണ് സഞ്ചരിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ തുടങ്ങി ഈ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍വരെ ദീര്‍ഘിച്ച രാഘവന്‍ മാസ്റ്ററുടെ സംഭവബഹുലമായ സംഗീതജീവിതത്തെ ഞങ്ങള്‍ അഭിമാനപൂര്‍വം അഭിവാദ്യംചെയ്യുന്നു. സംഗീതത്തിലൂടെ വിമോചനസ്വപ്നങ്ങള്‍ നെയ്ത ആ മഹാപ്രതിഭയുടെ ഓര്‍മകള്‍ക്കുമുമ്പില്‍ ഒരുപിടി ചുവന്നപുഷ്പങ്ങള്‍.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: