Sunday, October 27, 2013

കണ്‍മുന്നിലിപ്പോഴും ആ പോര്‍മുഖം

വെയില്‍ ചാഞ്ഞുതുടങ്ങിയിരുന്നു; കൈകളില്‍ ചെത്തിക്കൂര്‍പ്പിച്ച വാരിക്കുന്തവും ഉള്ളിലുറച്ച നിശ്ചയദാര്‍ഢ്യവുമായി നൂറുകണക്കിനു തൊഴിലാളികള്‍ മുന്നോട്ടുകുതിക്കുകയാണ്. 1946 ഒക്ടോബര്‍ 24(തുലാം ഏഴ്). പുന്നപ്ര-വയലാര്‍ സമരത്തിലെ ആദ്യ ഏറ്റുമുട്ടല്‍. പുന്നപ്രയില്‍ പ്രമാണിയായ അപ്ലോന്‍ അറൗജിന്റെ ബംഗ്ലാവില്‍ ക്യാമ്പുചെയ്യുന്ന സായുധ പൊലീസ് സംഘത്തെ ആക്രമിച്ച് തുരത്തുകയാണ് ലക്ഷ്യം. സമരഭടന്മാര്‍ ഇഴഞ്ഞാണ് മുന്നോട്ടുനീങ്ങുന്നത്്. അതൊരു തന്ത്രമാണ്. പൊലീസിന്റെ കൈയിലുള്ള റൈഫിളിലെ വെടിയുണ്ട ഒരു നിശ്ചിതദൂരംവരെ ഉയര്‍ന്നുമാത്രമേ പോകൂ. അതിനാല്‍ ആ ദൂരപരിധിയിലെത്തിയാല്‍ പ്രക്ഷോഭകാരികള്‍ നിലത്തേക്കുവീഴണം. തിരനിറയ്ക്കാന്‍ സമയംകൊടുക്കാതെ ഇഴഞ്ഞ് മുന്നോട്ടുചെന്ന് പൊലീസിനെ കുത്തിവീഴ്ത്താം. ഇതാണ് നിര്‍ദേശം. സമരത്തിന്റെ മുന്‍നിരനായകനായി പി കെ ചന്ദ്രാനന്ദനുണ്ട്. മുട്ടിലിഴഞ്ഞ് മുന്നേറുന്നതിനിടെ യുവാവായ ചന്ദ്രാനന്ദന്‍ ഇടതുവശത്തേക്കൊന്ന് പാളിനോക്കി. സ്കൂളില്‍ ഒപ്പം പഠിച്ച കാക്കരിയില്‍ കരുണാകരനാണ് തൊട്ടരികില്‍. കുട്ടിക്കാലം മുതലേയുള്ള കൂട്ടുകാരന്‍. പെട്ടെന്ന് എന്തോ കാരണത്താല്‍ കരുണാകരന്‍ തലപൊക്കി അല്‍പ്പം മുകളിലേക്കുയര്‍ന്നു. തൊട്ടടുത്ത നിമിഷം പൊലീസിന്റെ തോക്ക് തീതുപ്പി. കരുണാകരന്റെ ശരീരത്തിലേക്ക് വെടിയുണ്ട തുളച്ചുകയറി. ചന്ദ്രാനന്ദന്റെ കൈകളിലേക്ക് അയാള്‍ വീണു. "ചന്ദ്രാ" എന്നൊന്നുവിളിച്ചുവോ? ഒരു പിടച്ചില്‍. പിന്നെ ചലനമറ്റു. മനസ്സില്‍ അടക്കാനാകാത്ത വേദന ഇരമ്പിയെത്തിയെങ്കിലും പിന്‍തിരിഞ്ഞുനില്‍ക്കാനാകില്ല. കിടന്നുകൊണ്ട് പ്രിയസുഹൃത്തിനൊരു രക്താഭിവാദ്യം. വീണ്ടും മുന്നോട്ട്...

ചന്ദ്രാനന്ദനിപ്പോള്‍ വയസ്സ് തൊണ്ണൂറ്റൊന്ന്. നാട്ടുകാര്‍ക്കും സഖാക്കള്‍ക്കും അദ്ദേഹം പ്രിയപ്പെട്ട പി കെ സിയാണ്. പുന്നപ്രയിലെ തൊഴിലാളിമുന്നേറ്റത്തിന്റെ മുന്‍നിരനേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏകവ്യക്തിയാണ് പി കെ സി. പ്രായത്തെ വെല്ലുന്ന ഊര്‍ജസ്വലതയോടെ സിപിഐ എമ്മിന്റെ സംസ്ഥാനകമ്മിറ്റി അംഗമായി സജീവ സംഘടനാപ്രവര്‍ത്തനത്തില്‍ തുടരുന്ന പി കെ സിയുടെ മനസ്സില്‍ സമരസ്മരണകള്‍ക്ക് അല്‍പ്പവും മങ്ങലേറ്റിട്ടില്ല.

നേര്‍ക്കുനേര്‍

പുന്നപ്ര പൊലീസ് ക്യാമ്പാക്രമണം ആസൂത്രിതമായിരുന്നു. തൊഴിലാളിമുന്നേറ്റത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ പൊലീസ് അറൗജിന്റെ ബംഗ്ലാവിനുള്ളിലേക്ക് പിന്മാറി. ലൂയിസ് പ്രമാണിയെയും ജോണ്‍കുട്ടിയെയുംപോലുള്ള സമരസഖാക്കള്‍ പൊലീസ്പക്ഷത്ത് വലിയ ക്ഷതംവരുത്തി. ജോണിനെ ബയണറ്റുകൊണ്ട് കുത്താന്‍ ശ്രമിച്ച പൊലീസുകാരനെ ആക്രമിക്കാന്‍ ലൂയിസ് ഉപയോഗിച്ച ആയുധം അടുത്തുനിന്ന മറ്റൊരു പൊലീസുകാരന്‍തന്നെയായിരുന്നു! ചൊരിമണ്ണില്‍ രക്തം തളംകെട്ടി. ഇരുപതോളം പൊലീസുകാര്‍ കൊല്ലപ്പെട്ടു, എട്ട് സഖാക്കളും. പതറിപ്പോയ പൊലീസുകാര്‍ ബംഗ്ലാവിനുള്ളില്‍ കയറി ജനലുകളും വാതിലുകളും അടച്ചു. പൊലീസുകാര്‍ തോക്കില്‍ തിരനിറയ്ക്കുകയാണെന്നായിരുന്നു സമരഭടന്മാരുടെ നിഗമനം. തിരനിറയ്ക്കാന്‍ സമയം നല്‍കാതെ കടന്നാക്രമിക്കാന്‍ തീരുമാനിച്ചു. അവിടെയാണ് തന്ത്രം പാളിയത്. യഥാര്‍ഥത്തില്‍ പൊലീസ് നിറതോക്കുകളുമായി നാലുവശവുമുള്ള ജനലുകള്‍ക്കരികില്‍ പതുങ്ങിയിരിക്കുകയായിരുന്നു.

അറൗജിന്റെ ബംഗ്ലാവിന്റെ തിണ്ണയിലേക്ക് വാരിക്കുന്തവുമായി ചാടിക്കയറിയവര്‍ വെടിയേറ്റുവീണു-12 സഖാക്കള്‍. പിന്നീട് പിന്‍തിരിയുകയല്ലാതെ നിര്‍വാഹമുണ്ടായില്ല. മുറിവേറ്റുവീണ ചിലരെ എടുത്തുകൊണ്ടോടി. അതിനിടെ പൊലീസുകാരുടെ ഏഴു തോക്കുകളും സമരഭടന്മാര്‍ പിടിച്ചെടുത്തു. ഡിഎസ്പി വൈദ്യനാഥന്‍ പട്ടാളവുമായി രാത്രി പുന്നപ്ര ക്യാമ്പിലെത്തി. വെടിയേറ്റ് മരിക്കാതെ കിടന്ന തൊഴിലാളികളെ തോക്കിന്റെ പാത്തികൊണ്ടിടിച്ചും ബയണറ്റുകൊണ്ട് കുത്തിയും കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങള്‍ പട്ടാളം വാനില്‍ കയറ്റി ആലപ്പുഴ വലിയ ചുടുകാട്ടില്‍ കൂട്ടിയിട്ടു. ചിലരില്‍ ജീവന്‍ അവശേഷിച്ചിരുന്നു. അവര്‍ക്കുമേല്‍ പെട്രോളൊഴിച്ച് തീകത്തിച്ചു. മൂന്നുദിവസം മൃതദേഹങ്ങള്‍ പൊതുസ്ഥലത്ത് മറവുചെയ്യാതെ കൂട്ടിയിട്ടിരുന്നു. ""പിടിച്ചെടുത്ത തോക്കുകള്‍ തൊട്ടടുത്ത വാര്‍ഡ് കൗണ്‍സിലര്‍ സി എച്ച് ഭരതനെ ഏല്‍പ്പിക്കാനായിരുന്നു പാര്‍ടി നിര്‍ദേശം. എന്നാല്‍, ആ സഖാക്കള്‍ക്ക് പട്ടാളത്തിന്റെ ഇടപെടല്‍മൂലം അത് യഥാസ്ഥാനത്തെത്തിക്കാനായില്ല. പൊലീസിന്റെ പിടിയിലാകാതെ ഓടി രക്ഷപ്പെടുന്നതിനിടയില്‍ ഞങ്ങള്‍ അവ മറ്റൊരു വീടിന്റെ തട്ടിന്‍പുറത്തുനിന്ന് യാദൃച്ഛികമായി കണ്ടെത്തി. തോക്കുമായി എങ്ങോട്ടും പോകാന്‍ സാധിക്കാത്തതിനാല്‍ പള്ളാത്തുരുത്തിയാറിലെ കരിമ്പാവളവില്‍ അവ കെട്ടിത്താഴ്ത്തി. നേവിയും മറ്റും വന്നാണ് പിന്നീടവ കണ്ടെടുത്തത്"". തുലാം എട്ടിന് തിരുവിതാംകൂറില്‍ പട്ടാളഭരണം പ്രഖ്യാപിച്ചു. തുലാം ഒമ്പതിന് യൂണിയന്‍ നിരോധിച്ചു. തുലാം പത്തിന്(ഒക്ടോബര്‍ 27) വയലാര്‍ സംഭവമുണ്ടായി. അറുനൂറില്‍പ്പരം സഖാക്കളാണ് അവിടെ രക്തസാക്ഷികളായത്.

പശ്ചാത്തലം

1922ല്‍ത്തന്നെ ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികള്‍ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ചിരുന്നു. തൊഴിലാളികള്‍ വന്‍തോതില്‍ കേന്ദ്രീകരിച്ചിരുന്ന സ്ഥലമാണ് ആലപ്പുഴ അന്ന്. പട്ടണത്തിനുള്ളില്‍ത്തന്നെ 26 യൂറോപ്യന്‍ കയര്‍ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നു. ഓരോ ഫാക്ടറിയിലും നൂറുകണക്കിനു തൊഴിലാളികള്‍. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളും ആലപ്പുഴയിലേക്ക് എത്തുമായിരുന്നു. ആ തൊഴിലാളി ഭൂമികയിലാണ് ചന്ദ്രാനന്ദന്‍ ജീവിതം തുടങ്ങിയത്. കുടുംബപ്രശ്നങ്ങള്‍മൂലം സ്കൂള്‍വിദ്യാഭ്യാസം ഒമ്പതാംക്ലാസില്‍ അവസാനിപ്പിക്കേണ്ടിവന്നു. വീടുമായുള്ള ബന്ധവും ക്രമേണ പരിമിതപ്പെട്ടു. പതിറാറ്- പതിനേഴുവയസ്സില്‍ത്തന്നെ വില്യം ഗോഡേക്കര്‍ ഫാക്ടറിയില്‍ ജോലിക്കാരനായി. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യാനുള്ള കമ്പിളി കാര്‍പെറ്റ് നെയ്യലായിരുന്നു ജോലി. സാമാന്യം തരക്കേടില്ലാത്ത ശമ്പളവും. പക്ഷേ, ചുറ്റുമുള്ള മറ്റു തൊഴിലാളികളുടെ സ്ഥിതി അതായിരുന്നില്ല. തുച്ഛമായ കൂലി. അതുതന്നെ ഉല്‍പ്പന്നങ്ങളായാകും നല്‍കുക. മുതലാളിമാരുടെതന്നെ കടകളില്‍നിന്ന് കടമായി സാധനങ്ങള്‍ നല്‍കും. അങ്ങനെ തൊഴിലാളി എക്കാലവും മുതലാളിയുടെ കടക്കാരനായിരിക്കും.

മത്സ്യത്തൊഴിലാളിമേഖലയില്‍ സ്ഥിതി കൂടുതല്‍ ദയനീയമായിരുന്നു. എല്ലാ ദിവസവും ജീവന്‍ പണയംവച്ച് കടലില്‍ പോകണം. വള്ളവും വലയും മുതലാളിയുടേതാണ്. താമസിക്കുന്ന ചെറ്റക്കുടില്‍ മുതലാളിയുടെ സ്ഥലത്താണ്. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ ജന്മികുടുംബങ്ങളില്‍ അടുക്കളപ്പണി ചെയ്തുകൊടുക്കണം. ജോലിയില്‍ വീഴ്ചവന്നാല്‍ കുടിയിറക്കും. നാല് ഓലകീറി കുത്തിമറച്ച കുടിലും അതോടെ ഇല്ലാതാകും. തെങ്ങില്‍ കെട്ടിയിട്ട് മുതലാളിമാരുടെ ഗുണ്ടകള്‍ മര്‍ദിക്കും. ഈ ദുരവസ്ഥയ്ക്കെതിരെ ശബ്ദമുയര്‍ന്നത് മത്സ്യത്തൊഴിലാളികളുടെ യൂണിയന്‍ ഉണ്ടായതോടെയാണ്. മത്സ്യത്തൊഴിലാളിമേഖലയിലെ ഒരു പ്രശ്നവുമായി ബന്ധപ്പെട്ടാണ് സായുധ പൊലീസ് അപ്ലോണ്‍ അറൗജിന്റെ വീട്ടില്‍ ക്യാമ്പ് തുറന്നത്. ഇപ്പോലിത്ത് എന്ന കുടികിടപ്പുകാരന്റെ ഭാര്യ കടുത്ത രോഗംമൂലം അറൗജിന്റെ ബന്ധുവീട്ടില്‍ ജോലിക്കുപോയില്ല. ആ സ്ത്രീയെ മുതലാളിമാര്‍ കുടിലിനു പുറത്തേക്ക് വലിച്ചിഴച്ച് ചവിട്ടി. ക്രൂരമായി മര്‍ദിച്ചു. ഇതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ മുതലാളിമാരുടെ മത്സ്യസംഭരണശാലയ്ക്ക് തീയിട്ടു. കുപിതരായ മുതലാളിമാര്‍ സായുധ പൊലീസിനെ വരുത്തി. അറൗജിന്റെ ബംഗ്ലാവിലും വിശാലമായ റിക്രിയേഷന്‍ ഗ്രൗണ്ടിലും തമ്പടിച്ചു. ഡിഎസ്പി വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വൈകുന്നേരങ്ങളില്‍ ട്രക്കില്‍ കയറി വിവിധ പ്രദേശങ്ങളിലേക്ക് നീങ്ങും. തൊഴിലാളികളുടെ വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുക, കണ്ണില്‍കണ്ട പുരുഷന്മാരെയെല്ലാം മര്‍ദിക്കുക തുടങ്ങിയവയാണ് പിന്നീടുള്ള നടപടി. പാവപ്പെട്ട തൊഴിലാളികളുടെ ജീവിതംതന്നെ അസാധ്യമാക്കുന്ന പൊലീസ് അതിക്രമം അവസാനിപ്പിക്കാന്‍തന്നെ യൂണിയനുകള്‍ തീരുമാനിച്ചു. കയര്‍ത്തൊഴിലാളി പണിമുടക്ക്, ഉത്തരവാദിത്തഭരണത്തിനായുള്ള സമരം എന്നിവയുടെ ഭാഗമായി തൊഴിലാളിപ്രസ്ഥാനം കൂടുതല്‍ ശക്തമായി പ്രവര്‍ത്തിച്ചിരുന്ന കാലംകൂടിയായിരുന്നു അത്.

പണിമുടക്ക്, ചെറുത്തുനില്‍പ്പ്

ഒക്ടോബര്‍ 22 മുതല്‍ പൊതുപണിമുടക്കിന് തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ തീരുമാനിച്ചു. അമേരിക്കന്‍ മോഡല്‍ പിന്‍വലിക്കുക, ദിവാന്‍ ഭരണം അവസാനിപ്പിക്കുക, ഉത്തരവാദഭരണം ആരംഭിക്കുക, പൊലീസ് ക്യാമ്പുകള്‍ നിര്‍ത്തുക, രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക തുടങ്ങി 26 ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്. ഇതിനായി എല്ലാ പ്രദേശത്തും ട്രേഡ്യൂണിയന്‍ കൗണ്‍സിലുകളുണ്ടാക്കാന്‍ തീരുമാനിച്ചതായി പി കെ സി ഓര്‍ക്കുന്നു. വാര്‍ഡുകള്‍തോറും വളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. വാര്‍ഡ് കണ്‍വീനര്‍മാര്‍ക്കായിരുന്നു നിയന്ത്രണച്ചുമതല. ഈ കണ്‍വീനര്‍മാര്‍ക്ക് ആവശ്യമായ തീരുമാനങ്ങളെടുക്കാം. അത് തൊഴിലാളികള്‍ നടപ്പാക്കണം. വാര്‍ഡ് കണ്‍വീനറുടെ ചുമതല നിര്‍വഹിച്ചിരുന്ന പി കെ സിക്കും വളന്റിയര്‍ പരിശീലനം ലഭിച്ചിരുന്നു. അതേപ്പറ്റി അദ്ദേഹം പറയുന്നതിങ്ങനെ:

""ഇഴഞ്ഞ് മുന്നോട്ടുനീങ്ങി പത്തടി അടുത്തെത്തിയാല്‍ ബയണറ്റുകൊണ്ടുള്ള കുത്തേല്‍ക്കാതെ തോക്കുകള്‍ പിടിച്ചുവാങ്ങി തിരിച്ചടിക്കാനുള്ള പരിശീലനമാണ് ഞങ്ങള്‍ക്ക് കിട്ടിയത്. പട്ടാളത്തില്‍നിന്ന് പിരിഞ്ഞുവന്ന ചിലരാണ് ഇതിനായി നിയോഗിക്കപ്പെട്ടത്"". പൊതുപണിമുടക്കിന്റെ ഒന്നാംദിവസം ശാന്തമായിരിക്കണമെന്നും രണ്ടാംദിവസം പൊതുയോഗങ്ങളും മൂന്നാംനാള്‍ പൊലീസ് സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും മുമ്പിലേക്ക് പ്രകടനവും നടത്തണമെന്നുമായിരുന്നു തീരുമാനം. പൊതുപണിമുടക്കിന്റെ നേതൃത്വം ടി വി തോമസിനായിരുന്നെങ്കിലും അദ്ദേഹം വീട്ടുതടങ്കലിലായി. കമ്യൂണിസ്റ്റ് പാര്‍ടി സെക്രട്ടറി പി ടി പുന്നൂസും അറസ്റ്റിലായിരുന്നു. മറ്റു ചിലരെ അകലെയുള്ള പ്രദേശങ്ങളില്‍ ട്രേഡ്യൂണിയന്‍ കെട്ടിപ്പടുക്കാന്‍ നിയോഗിച്ചിരിക്കുകയായിരുന്നതിനാല്‍ അവരുടെയും സാന്നിധ്യവും നേതൃത്വവും പുന്നപ്ര-വയലാറിന് ലഭിച്ചില്ല. പാര്‍ടി ചെയര്‍മാന്‍ കെ സി ജോര്‍ജ്, കെ വി പത്രോസ്, ചേര്‍ത്തലയില്‍ സി കെ കുമാരപ്പണിക്കര്‍ തുടങ്ങിയവര്‍ നേതൃനിരയിലുണ്ടായിരുന്നു.

ശങ്കറിന്റെ സന്ദര്‍ശനം


ജന്മിമാരുടെയും പൊലീസിന്റെയും മര്‍ദനത്തെക്കുറിച്ചന്വേഷിക്കാന്‍ എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍സെക്രട്ടറി ആര്‍ ശങ്കര്‍ ചേര്‍ത്തലയിലെത്തി. തൊഴിലാളിനേതാക്കളെ കണ്ട് അദ്ദേഹം സംസാരിച്ചു. ക്യാമ്പുകളിലെ സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കി. തൊഴിലാളികളോട് അവിടെ അനുഭാവം പ്രകടിപ്പിച്ച ശങ്കര്‍ നേരെ പോയത് സര്‍ സി പിയുടെ ഭക്തിവിലാസം കൊട്ടാരത്തിലേക്കാണ്. തൊഴിലാളികളെ അടിച്ചമര്‍ത്താന്‍ സഹായിക്കുംവിധം ക്യാമ്പുകളെക്കുറിച്ച് സി പിക്ക് വിവരം നല്‍കുകയായിരുന്നു ശങ്കറിന്റെ സന്ദര്‍ശനലക്ഷ്യമെന്ന് പി കെ സി പറഞ്ഞു.

ഒളിവുജീവിതം


പുന്നപ്ര-വയലാര്‍ സമരത്തെത്തുടര്‍ന്ന് ദീര്‍ഘമായ ഒളിവുജീവിതമാണ് പി കെ സിക്കുണ്ടായത്. ആദ്യംപോയത് കോട്ടയത്തേക്കാണ്. അവിടെ സഖാവ് ഭാസിയുണ്ടാകും. പക്ഷേ, കോട്ടയത്തെത്തിയപ്പോഴേക്കും ആ സഖാവ് അറസ്റ്റിലായിരുന്നു. പിന്നീട് വൈക്കത്തേക്ക്- സ. സി കെ വിശ്വനാഥനിലായിരുന്നു പ്രതീക്ഷ. അദ്ദേഹവും പൊലീസ് പിടിയിലായിരുന്നു. പിന്നീട് എറണാകുളത്തേക്ക് തിരിച്ചു. സി അച്യുതമേനോനെ കണ്ടു. അദ്ദേഹം അവിടെ പാര്‍ടി സെക്രട്ടറിയാണ്. അത്യാവശ്യം സഹായമേ അവിടെയും ലഭിക്കൂ. രാത്രി വൈകി മലബാറിലേക്ക് തീവണ്ടികയറി. കോഴിക്കോട് ദേശാഭിമാനിയിലെത്തി. വര്‍ഗീസ് വൈദ്യന്‍ നേരത്തെ അവിടെയെത്തിയിരുന്നു. പണിമുടക്കുസമരത്തിന്റെ ലഘുലേഖ അച്ചടിക്കാന്‍ വന്നതാണ്. മടങ്ങാന്‍ സാധിച്ചിരുന്നില്ല. ദേശാഭിമാനിയില്‍ ഒരുമാസം ഒളിവിലിരുന്നു. ഷെല്‍ട്ടര്‍ മാറിയതിന്റെ പിറ്റേദിവസം പൊലീസ് ദേശാഭിമാനി റെയ്ഡ് ചെയ്തു. വര്‍ഗീസ് വൈദ്യന്‍ അവിടെവച്ചാണ് അറസ്റ്റുചെയ്യപ്പെട്ടത്. കോഴിക്കോട് കല്ലായിയിലും മറ്റും ഒളിവിലിരുന്നശേഷം പിന്നീട് ദീര്‍ഘകാലം തിരുവല്ലയിലായിരുന്നു. പതിനൊന്നരവര്‍ഷം നീണ്ടു ആ ഒളിവുകാലം. അടിയന്തരാവസ്ഥയിലെ ഒളിവുകൂടി കൂട്ടിയാല്‍ മൊത്തം 14 വര്‍ഷമാണ് പി കെ സിയുടെ ഒളിവുജീവിതം.

*
അബുരാജ് Deshabhimani

No comments: