Thursday, October 17, 2013

ലോകമാകെ പിരിച്ചുവിടല്‍ നേരിടുന്നു

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ എളുപ്പവഴി ചെലവു ചുരുക്കല്‍ ആണെന്നും അതിന് തൊഴിലാളികളെ പിരിച്ചുവിടുകയാണ് ഉചിതം എന്നും മുതലാളിമാരും തൊഴില്‍ ഉടമകളും കരുതുന്നു. ആസ്‌ട്രേലിയയില്‍ പൊതുമേഖലയിലെ 12,000 തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത്. അതില്‍ 4000 തൊഴിലാളികള്‍ ആസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയില്‍ പണിയെടുക്കുന്നവരാണ്.

ഇത്തരം നടപടികള്‍ മനുഷ്യജീവിതത്തിന്റെ സമസ്ത തലങ്ങളിലും അസ്വസ്തതകള്‍ നിറക്കുകയാണ്. ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ താറുമാറായി. സ്‌കൂളുകളില്‍ അധ്യാപകരില്ല. ചികിത്സാസൗകര്യങ്ങളും മരുന്നുകളും ലഭ്യമല്ല. പൊതുമേഖലയിലെ തൊഴിലാളികളെ പിരിച്ചുവിടുമ്പോള്‍ അവരുടെ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുന്നു.
ആസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ ഔദ്യോഗിക കണക്കനുസരിച്ച് ആഗസ്റ്റ് മാസത്തില്‍ 5.8 ശതമാനം. യുവാക്കളിലെ തൊഴിലില്ലായ്മ 17.3 ശതമാനം. ഖനന മേഖലയില്‍ 2012 മെയ് മാസത്തിനുശേഷം കഴിഞ്ഞ ജൂണ്‍ വരെ 26,000 തൊഴിലാളികള്‍ പുറത്താക്കപ്പെട്ടു. ആസ്‌ട്രേലിയ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം മാനുഫാക്ചറിംഗ് രംഗത്ത് 1,43,284 പേര്‍ക്ക് ഇതിനകം തൊഴില്‍ നഷ്ടപ്പെട്ടു.

2013 സപ്തംബര്‍ 18-ാം തീയതിയാണ് പുനസംഘടനയുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍, ട്രാന്‍സ്‌ഫോം 2015, എന്ന പദ്ധതി എയര്‍ ഫ്രാന്‍സ് പ്രഖ്യാപിച്ചത്. 2800 തൊഴിലാളികളെ ഉടനെ പിരിച്ചുവിടാനാണ് ഉദ്ദേശിക്കുന്നത്. 2012 ല്‍ പിരിച്ചുവിടലിന് വിധേയരായത് 2600 തൊഴിലാളികള്‍. ഇപ്പോഴത്തെ പദ്ധതിയില്‍ 1800 ഗ്രൗണ്ട് സ്റ്റാഫും 350 പൈലറ്റ്മാരും 700 എയര്‍ ഹോസ്റ്റസുമാരും ഉള്‍പ്പെടും. 2003 ലാണ് എയര്‍ഫ്രാന്‍സ് സ്വകാര്യവല്‍ക്കരിച്ചത്. യൂറോപ്യന്‍ വ്യോമയാന മേഖലയില്‍ വന്‍തോതില്‍ പിരിച്ചുവിടല്‍ തുടരുകയാണ്.

ലോകത്തെ വന്‍കിട കമ്പനിയാണ് ജനറല്‍ ഇലക്ട്രിക്. ന്യൂയോര്‍ക്കിലെ രണ്ട് ഫാക്ടറികളിലായി 400 തൊഴിലാളികളെ പിരിച്ചുവിടാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഹഡ്‌സണ്‍ പുഴക്ക് സമീപം ഫോര്‍ട്ട് എഡ്‌വാര്‍ഡ് പട്ടണത്തില്‍ 1947 മുതല്‍ ഇലക്ട്രിക്കല്‍ കപ്പാസിറ്റര്‍ നിര്‍മിക്കുന്ന ഫാക്ടറി പ്രവര്‍ത്തിച്ചുവരുന്നു. ആ ഫാക്ടറി അടച്ചുപൂട്ടാന്‍ തീരുമാനിച്ചുകഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒബാമക്ക് ജനറല്‍ ഇലക്ട്രിക് കമ്പനി നല്‍കിയത് 16 ബില്യന്‍ ഡോളര്‍. കമേഴ്‌സ്യല്‍ പേപ്പര്‍ എന്ന പേരില്‍ ഹ്രസ്വകാലവായ്പയായിട്ടാണ് തുക നല്‍കിയത്. ഒബാമയുടെ കമ്മിഷന്‍ ഓണ്‍ ജോബ്‌സ് ആന്റ് കോംപറ്റിറ്റീവ്‌നസിന്റെ ചെയര്‍മാന്‍ ജനറല്‍ ഇലക്ട്രികിന്റെ സി ഇ ഒ ആയ ഇമല്‍റ്റ് ആണ്. അതാണ് ഭരണകൂടവും കോര്‍പറേറ്റുകളും തമ്മിലുള്ള ചങ്ങാത്തം.

ലോകപ്രശസ്ത മരുന്ന് കമ്പനിയാണ് മെര്‍ക്ക്. 8500 തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനമായി. 7500 പേരെ അടുത്തകാലത്ത് പിരിച്ചുവിട്ടതിന് പുറമെയാണിത്. 2010 ല്‍ നിന്നും 2015 ല്‍ എത്തുമ്പോള്‍ 35 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാനാണ് തീരുമാനം. അമേരിക്ക അടച്ചുപൂട്ടി എട്ട് ലക്ഷത്തോളം ജീവനക്കാര്‍ വഴിയാധാരമായ അന്ന് തന്നെയാണ് മെര്‍ക്കിന്റെ പ്രഖ്യാപനം വന്നത്.

ലോകത്തെ വന്‍കിട വിമാനനിര്‍മ്മാണ കമ്പനിയാണ് ബോയിംഗ് കോര്‍പറേഷന്‍. ആഗസ്റ്റ് മാസത്തില്‍ വാഷിംഗ്ടണില്‍ മാത്രം 1955 തൊഴിലാളികളെ പിരിച്ചുവിട്ടു. തൊഴിലാളികളുടെ എണ്ണം ഘട്ടംഘട്ടമായി കുറക്കുവാന്‍ തന്നെയാണ് ഉടമകളുടെ നീക്കങ്ങള്‍

ജര്‍മന്‍ കമ്പനിയായ സീമെന്‍സ് ആഗോളതലത്തില്‍ 15,000 തൊഴിലാളികളെ പിരിച്ചുവിടുന്നു. കമ്പനിയിലെ ആകെ തൊഴിലാളികള്‍ 3,70,000. ഇപ്പോഴത്തെ സ്ഥിതിയില്‍ പിരിച്ചുവിടല്‍ ഇരട്ടിയാകുമെന്നാണ് സൂചന. ധനമേഖല ഉള്‍പ്പെടെ സമസ്ത മേഖലകളിലും പിരിച്ചുവിടല്‍ തുടരുകയാണ്.

നവലിബറല്‍ നയങ്ങള്‍ തുടരുമ്പോള്‍ സ്ഥിരം ജോലി ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്. മുതലാളിത്തം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ എന്ന വ്യാജേനയാണ് സ്ഥിരം തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്. വന്‍കിട കോര്‍പറേറ്റുകള്‍ പിരിച്ചുവിടുന്ന കാര്യത്തില്‍ പരസ്പരം മത്സരിക്കുകയാണ്. പിരിച്ചുവിട്ട തൊഴിലാളികളുടെ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുന്നു. ഇന്ത്യയിലും ഇത് തന്നെയാണ് സ്ഥിതി. എല്ലായിടത്തും കരാര്‍  തൊഴിലാളികളും പുറം കരാര്‍ പണിയും നിറയുകയാണ്.

*
കെ ജി സുധാകരന്‍ ജനയുഗം

No comments: