Friday, October 11, 2013

ദല്ലാളിനെ വെല്ലുന്ന ദല്ലാള്‍പണി

തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ ആയിരം രൂപ അടയ്ക്കണം. അത്രയും പണം മുടക്കുന്നയാള്‍ക്ക്, പ്രധാനപ്പെട്ട എല്ലാ വാര്‍ത്താമാധ്യമങ്ങളുടെയും പ്രതിനിധികളെ മുന്നിലിരുത്തി കാര്യങ്ങള്‍ അവതരിപ്പിക്കാം എന്നാണ് നടപ്പുരീതി. അങ്ങനെയുള്ള വാര്‍ത്താസമ്മേളനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങള്‍ ഒഴിഞ്ഞുനില്‍ക്കാറില്ല. വിഷയം പത്രത്തിന്റെ നയത്തിനു വിരുദ്ധമാണെങ്കില്‍പ്പോലും ചെറിയ വാര്‍ത്ത കൊടുക്കും; അതാണ് മര്യാദ.

ബുധനാഴ്ച തലസ്ഥാനത്തെ പ്രസ്ക്ലബ്ബില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനം ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റേതായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നാണ് ജോമോന്‍ വിശേഷിപ്പിക്കപ്പെടുന്നത്. അഭയ കേസുമുതല്‍ ജനശ്രദ്ധയാകര്‍ഷിച്ച നിരവധി വ്യവഹാരങ്ങളുടെ ഒരുപക്ഷത്ത് നിന്ന ജോമോന് വിമര്‍ശകരേറെയുണ്ടെങ്കിലും അദ്ദേഹം എന്തുപറയുന്നു എന്ന് കേള്‍ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ കുറവല്ല. മുമ്പ് മലയാള മനോരമ ജോമോന്റെ പേര് വാര്‍ത്തയില്‍ പരാമര്‍ശിക്കാറുണ്ടായിരുന്നില്ല. ആ വിലക്ക് സമീപകാലത്ത് കാണാനില്ല. എന്നാല്‍, വ്യാഴാഴ്ച മലയാള മനോരമ പത്രം നോക്കിയപ്പോള്‍ ജോമോന്റെ വാര്‍ത്താസമ്മേളനത്തെക്കുറിച്ച് ഒരുവരി വാര്‍ത്തപോലും കാണാഞ്ഞത് ആശ്ചര്യകരമായി. വാര്‍ത്താസമ്മേളനം ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത് "നന്ദകുമാറിനെ സഹായിക്കുന്നത് തിരുവഞ്ചൂര്‍: ജോമോന്‍" എന്ന തലക്കെട്ടിലാണ്. "നന്ദകുമാറുമായി തിരുവഞ്ചൂരിന് അടുത്ത ബന്ധമുണ്ട്. ഇത് കാരണമാണ് ഡാറ്റാസെന്റര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം സിബിഐയ്ക്കു കൈമാറാന്‍ വിജ്ഞാപനം ഇറക്കാതിരിക്കാന്‍ ശ്രമിച്ചത്. സുപ്രീംകോടതിയിലെ ചില ജഡ്ജിമാരുമായി ബന്ധമുണ്ടെന്നും അനുകൂലവിധി മേടിച്ചുതരാമെന്നു പറഞ്ഞും തട്ടിപ്പുനടത്തിയ കേസിലെ പ്രതിയാണ് നന്ദകുമാര്‍." എന്ന് ജോമോന്‍ പറഞ്ഞതായും വാര്‍ത്തയിലുണ്ട്.

ദല്ലാള്‍ എന്നറിയപ്പെടുന്ന ദുരൂഹ കഥാപാത്രം ടി ജി നന്ദകുമാറും സംസ്ഥാനപൊലീസ് മന്ത്രിയും തമ്മിലുള്ള ബന്ധം രേഖാമൂലം തുറന്നുകാട്ടി ഒരാള്‍ വാര്‍ത്താസമ്മേളനം നടത്തുന്നത് അതീവ ഗൗരവമുള്ള സംഗതിയാണ്. നവമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെപ്പോലും കേസെടുത്തും ഭീഷണിപ്പെടുത്തിയും, സര്‍ക്കാര്‍ജീവനക്കാരെങ്കില്‍ സസ്പെന്‍ഡ് ചെയ്തും പീഡിപ്പിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന അത്തരം സാഹചര്യത്തിനു മധ്യത്തില്‍ നിന്നുകൊണ്ടാണ്, ആഭ്യന്തര മന്ത്രി ഒരു വ്യവഹാരദല്ലാളിന്റെ പ്രിയതോഴനാണെന്നും സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിക്കുന്ന ഇടപാടുകള്‍ അവര്‍ തമ്മിലുണ്ടെന്നും ഒരാള്‍ പരസ്യമായി പറയുന്നത്. ആ വാക്കുകള്‍ മനോരമ തമസ്കരിച്ചത് തിരുവഞ്ചൂരിനെതിരായ വലിയൊരു തെളിവുതന്നെ. മാധ്യമ മര്യാദയല്ല; യുഡിഎഫിന്റെ രക്ഷയാണ് മുഖ്യധര്‍മമെന്നു കരുതുന്ന ഒരു പക്ഷപാതിപ്പത്രത്തിന്റെ തമസ്കരണവിദ്യയിലും കൃത്യമായ രാഷ്ട്രീയലക്ഷ്യം കാണണമെന്നര്‍ഥം.

ദല്ലാള്‍ നന്ദകുമാര്‍ സമീപനാളുകളില്‍ ദൃശ്യമാധ്യമങ്ങളിലെ പതിവുകാരനാണ്. ആദ്യമൊക്കെ നിഷേധിച്ചു എങ്കിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെകൂടി ദല്ലാളാണ് താനെന്ന് ഇപ്പോള്‍ മടികൂടാതെ സൂചിപ്പിക്കാന്‍ അയാള്‍ തയ്യാറാകുന്നുണ്ട്. ""എന്‍എസ്എസുമായി തിരുവഞ്ചൂര്‍ സൗഹൃദത്തില്‍ പോകണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്."" എന്നാണ് നന്ദകുമാറിന്റെ ഒരഭിമുഖത്തിലുള്ളത്. അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന മിറ്റ് റോംനിക്ക് തെരഞ്ഞെടുപ്പുതന്ത്രം ഉപദേശിച്ചതുമുതല്‍ സ്വന്തമായി നടത്തുന്ന ക്ഷേത്രത്തിലേക്ക് വിവിഐപികളെ കെട്ടിയിറക്കി മാര്‍ക്കറ്റിങ് നടത്തുന്നതുവരെയുള്ള ധീരകൃത്യങ്ങള്‍ നന്ദകുമാറിന്റെ ഡേ ബുക്കിലുണ്ട്. "എനിക്കുവേണ്ടി കേസുകളില്‍ ഹാജരാകുന്ന, പട്ന ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് നാഗേന്ദ്ര റായി വേറാര്‍ക്കും വേണ്ടി ഹാജരാകാന്‍ പാടില്ലെന്ന് പറയാനാകുമോ? അവരൊക്കെ ദിവസക്കൂലിക്കാരാണ്." എന്ന് പറയാനുള്ള സങ്കോചമില്ലായ്മ. പത്താംക്ലാസ് പഠിച്ച് കെഎസ്യുക്കാര്‍ക്കും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കുമൊപ്പം എറണാകുളം നഗരത്തില്‍ പത്രം ഓഫീസുകളിലും പ്രസ് ക്ലബ്ബുകളിലും കയറിയിറങ്ങി ജീവിച്ച ഭൂതകാലം. കോടികള്‍ മറിയുന്ന ബാങ്ക് അക്കൗണ്ട്; ആഡംബരക്കാറുകള്‍; ആഡംബര വസതി; സ്വന്തം നാട്ടിലെ ക്ഷേത്ര പുനരുദ്ധാരണ സമിതിയുടെ ചെയര്‍മാന്‍സ്ഥാനം; ബിസിനസ് ക്ലാസുകളിലെ യാത്രയും അംബാനിമാരെയും ജയലളിതയെയും മൗറീഷ്യന്‍ പ്രസിഡന്റിനെയും വിളിപ്പുറത്തെത്തിക്കാനുള്ള സ്വാധീനവും- ഇതൊക്കയാണ് നന്ദകുമാറിന്റെ വര്‍ത്തമാനം.

ഡല്‍ഹിയില്‍ മന്‍മോഹന്‍ സിങ്ങിന്റെ വിലാസത്തില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയതിനെക്കുറിച്ച് നന്ദകുമാറിന്റെ വിശദീകരണം ഇങ്ങനെ (ഇന്ത്യാ ടുഡേ ഒക്ടോബര്‍ 16): "" ഐസിഐസിഐ ബാങ്കില്‍ എന്റെ അക്കൗണ്ട് തുടങ്ങിയത് മന്‍മോഹന്‍സിങ് എന്ന പഞ്ചാബിയുടെ കടയുടെ വിലാസത്തിലായിരുന്നു. അദ്ദേഹത്തിന്റെ ഷോപ്പിനടുത്തുവച്ചാണ് ഐസിഐസിഐ ബാങ്ക് എന്നെ ക്യാന്‍വാസ് ചെയ്തത്. ആ പഞ്ചാബിയായ കടക്കാരന്റെ പേര് ഞാന്‍ വിലാസമായി കൊടുത്തു."" ഇത്രയൊക്കെ "വലിയ മനുഷ്യനായ" ഈ നന്ദകുമാറിന് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുമായി എന്താണ് കാര്യം? "ജഡ്ജിമാരെവരെ സ്വാധീനിക്കാനാകുന്ന ദല്ലാള്‍ക്ക് സംസ്ഥാനത്തെ ഒരു ഊച്ചാളി മന്ത്രിയെ കൈയിലെടുക്കാന്‍ കഴിയുമെന്നതില്‍ അത്ഭുതമില്ലെന്ന്" കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ പറഞ്ഞതിന്റെ പൊരുളെന്താണ്? എല്ലാം നോക്കിക്കാണുന്ന ജനങ്ങളുടെ മനസ്സില്‍ തികട്ടിനില്‍ക്കുന്ന ചോദ്യങ്ങളാണിവ.

നാലു വിജിലന്‍സ് കേസുകളിലും സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച രണ്ടുകേസുകളിലും ക്രൈംബ്രാഞ്ച് കേസിലും ആദായനികുതിവകുപ്പ് കേസിലും പ്രതിയായ വ്യക്തിയുമായി ആഭ്യന്തരമന്ത്രിക്ക് എന്താണ് വ്യക്തിപരമായി ബന്ധം എന്ന ചോദ്യമാണ് മനോരമ തമസ്കരിച്ച വാര്‍ത്താസമ്മേളനത്തില്‍ ജോമോന്‍ ഉന്നയിച്ചത്. നന്ദകുമാറിനെതിരായ പരാതികളും അന്വേഷണങ്ങളും എങ്ങുമെത്താത്തതെന്തുകൊണ്ടാണ്? നൂറുകോടി രൂപയിലധികം വരവില്‍ കവിഞ്ഞ സമ്പാദ്യമുണ്ടാക്കിയെന്ന കേസും ജുഡീഷ്യറിയെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജപരാതി അയച്ചകേസും സിബിഐ അന്വേഷണത്തിനു വിടാനുള്ള വിജ്ഞാപനം, സ്വന്തം പാര്‍ടിയില്‍നിന്നുതന്നെ കടുത്ത വിമര്‍ശമുയരുംവിധം പൂഴ്ത്തിവച്ച് നന്ദകുമാറിനെ സഹായിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രേരണയായ ഘടകമെന്താണ്?

കോടതിയും ജഡ്ജിമാരുമാണ് നന്ദകുമാറിന്റെ ഇരകള്‍ എന്ന് ഇതിനകം വന്ന വാര്‍ത്തകളില്‍നിന്നും കേസുകളില്‍നിന്നും വ്യക്തമാകുന്നുണ്ട്. നന്ദകുമാര്‍ ഭാരവാഹിയായ സ്വകാര്യ ക്ഷേത്രത്തില്‍ സ്വകാര്യ ദര്‍ശനത്തിനെത്തുന്നവരില്‍ പ്രമുഖ ന്യായാധിപന്മാരുണ്ട്. ജഡ്ജിമാരുമായി ചങ്ങാത്തം കൂടാന്‍ മാത്രമല്ല, തനിക്കിഷ്ടപ്പെടാത്തവരെ ജഡ്ജിയാക്കാതിരിക്കാനും നന്ദകുമാര്‍ ഇടപെട്ടു എന്നാണ് ഒരു പരാതി. കേരള ഹൈക്കോടതി അഭിഭാഷകന്‍ (ഇപ്പോള്‍ ജഡ്ജി) സി കെ അബ്ദുള്‍ റഹീം ഹൈക്കോടതി ജഡ്ജിമാരുടെ പാനലില്‍ ഉള്‍പ്പെട്ട സമയത്ത്, അദ്ദേഹത്തിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നാരോപിച്ച് ഒരു കത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ചു. സ്വന്തം പേരിലല്ല, ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പേരുവച്ച് വ്യാജ ഒപ്പിട്ടാണ് ആ കൃത്യം നിര്‍വഹിച്ചത്. അതുചെയ്തത് നന്ദകുമാറാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് താന്‍ തെളിവുസഹിതം പരാതി നല്‍കിയതെന്ന് ജോമോന്‍ പറയുന്നു. ആ കേസും അവിഹിത സമ്പാദ്യക്കേസും സിബിഐ അന്വേഷണത്തിനു വിട്ട് 2012 ഫെബ്രുവരി 22ന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. അത് സിബിഐക്ക് കൈമാറാതിരിക്കാന്‍ തിരുവഞ്ചൂര്‍ കളിച്ചു. കേസുകളുടെ ബാഹുല്യംമൂലം അന്വേഷണം ഏറ്റെടുക്കാനാവില്ല എന്നുകാണിച്ച് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സിബിഐയെക്കൊണ്ട് കത്തെഴുതിക്കുന്നിടംവരെ ഇടപെടല്‍ നീണ്ടു. സ്വന്തമായി ജോലിയുണ്ടെന്നോ നേരായ വരുമാന മാര്‍ഗമുണ്ടെന്നോ പറയാന്‍ കഴിയാത്ത ഒരാളാണ്, അമ്പരപ്പിക്കുന്ന ഈ ഇടപെടലുകളൊക്കെ നടത്തിയത്. അയാള്‍ എല്ലാ ആരോപണങ്ങളില്‍നിന്നും വഴുതിമാറി രക്ഷപ്പെടുന്നു. ഒരു കേസും ഫലപ്രദമായി അന്വേഷിക്കപ്പെടുന്നില്ല. മുന്നിലിരിക്കുന്നവരെ ചോദ്യശരങ്ങള്‍ക്കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന മാധ്യമപ്രമുഖര്‍പോലും മുഖത്തുനോക്കി കള്ളംപറയാനുള്ള അയാളുടെ പ്രാവീണ്യത്തില്‍ തോറ്റുപോകുന്നു. രാവിലെ ഡല്‍ഹിയിലും ഉച്ചയ്ക്ക് മുംബൈയിലും രാത്രി ദുബായിലുമെന്ന രീതിയില്‍ ബിസിനസ് ക്ലാസില്‍ പറക്കുന്ന അയാള്‍ക്കുമുന്നില്‍ നിയമങ്ങളും നിയമസംവിധാനങ്ങളും മുട്ടുമടക്കുന്നു. അമ്പതു ലക്ഷത്തിന്റെ ലോട്ടറിയടിച്ചാണ് താന്‍ പണക്കാരനായതെന്ന് പറഞ്ഞിരുന്ന നന്ദകുമാര്‍ ആ ലോട്ടറി എവിടെനിന്ന് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്വയം വിശ്വാസ്യത തെളിയിക്കാനാവുന്നില്ല. ജുഡീഷ്യറിയോട് ഒട്ടിനില്‍ക്കുന്ന ആള്‍ എന്നു വരുത്തിത്തീര്‍ത്ത് നീതിപീഠത്തിനുനേരെയും അവിശ്വാസത്തിന്റെ ചെളിയെറിയുന്നു. നന്ദകുമാര്‍ മാത്രമല്ല, സംസ്ഥാന ആഭ്യന്തരമന്ത്രിയും സംശയിക്കപ്പെടുന്നവരുടെ മുന്‍നിരയിലാണ്.

വിളവുതിന്നുന്ന വേലിയെ സംരക്ഷിക്കുക എന്ന ദൗത്യമേറ്റെടുത്താണ് മനോരമ വാര്‍ത്താസമ്മേളനം തമസ്കരിക്കുന്നത്. തിരുവഞ്ചൂര്‍ ഭയപ്പെടുന്നുണ്ട്- ദല്ലാള്‍ ബന്ധം പൂര്‍ണതോതില്‍ പുറത്തുവന്നാല്‍ താന്‍ ജനമധ്യത്തില്‍ വിവസ്ത്രനായി ആട്ടിയോടിക്കപ്പെടുന്ന അനുഭവത്തെ. ആ ഭയമാണ് മനോരമയുടെ തമസ്കരണത്തിലും വായിക്കാനാവുന്നത്.

*
പി എം മനോജ് ദേശാഭിമാനി

No comments: