Friday, October 18, 2013

കോണ്‍ഗ്രസിനെ ഡബിള്‍ ഡക്കറിലേറ്റുന്ന മുഖ്യധാരക്കാര്‍

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ""എബിസിഡി"" എന്ന സിനിമയില്‍ പത്ര - ദൃശ്യ മാധ്യമങ്ങള്‍ സെന്‍സേഷനുകള്‍ക്കായി നടത്തുന്ന നെട്ടോട്ടത്തെ, അതിനായി യാഥാര്‍ത്ഥ്യവുമായി വിദൂരബന്ധം പോലുമില്ലാത്ത കഥകള്‍ മെനയുന്നതിനെ ഹാസ്യാത്മകമായി ചിത്രീകരിച്ചിട്ടുണ്ട്. സിനിമയിലെ മുഖ്യ കഥാപാത്രങ്ങളായ ജോണ്‍സ്, കോര എന്നീ മറുനാടന്‍ മലയാളികളെ സംബന്ധിച്ച് ഭ്രമാത്മകമായ കഥ ചമച്ചവതരിപ്പിച്ച യുവ പത്രപ്രവര്‍ത്തകയെ വിമര്‍ശിച്ച കൂട്ടുകാരിയോട് ആ പത്രപ്രവര്‍ത്തക പറയുന്ന വാക്കുകള്‍ ആധുനിക മുഖ്യധാരാ മാധ്യമങ്ങളുടെ മുദ്രാവാക്യമായോ കൊടിയടയാളമായോ കാണാവുന്നതാണ് - ""സ്റ്റോറി സെന്‍സേഷണലാകണമെന്നേയുള്ളൂ. സര്‍ക്കുലേഷന്‍ കൂടണം. അത്രേയുള്ളൂ. അത് സത്യമാകണമെന്നൊന്നുമില്ല. ഈ പത്രങ്ങളില്‍ വരുന്നതൊക്കെ സത്യമാണെന്നാണോ, മോളേ, നീ കരുതുന്നത്?"" സ്റ്റോറി ചെയ്യാന്‍ ജോണ്‍സ് - കോരമാരെ സമീപിക്കുന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ വാക്കുകള്‍ ഇങ്ങനെയും - ""ഒന്നു നിന്നുതന്നാല്‍ മതി... സംഗതി നമ്മക്കങ്ങ് കലക്കാം"". ഇമ്മാതിരി കലക്കുകളിലും കണ്ണടച്ചിരുട്ടാക്കലുകളിലും കഥമെനയലുകളിലും കണ്ണു പൊത്തിക്കളികളിലും നമ്മുടെ മുഖ്യധാരക്കാര്‍, വിശിഷ്യാ "മലയാള മനോരമ" അല്‍പവും പിന്നിലല്ല.

ഡബിള്‍ ഡെക്കര്‍ കലക്ക്

ഒക്ടോബര്‍ 7െന്‍റ "മലയാള മനോരമ" നമുക്കൊന്ന് പരതി നോക്കാം. ഒന്നാം പേജില്‍ കിടിലന്‍ ശീര്‍ഷകം കാണാം: ""കേരളത്തിലേക്ക് ഡബിള്‍ ഡെക്കര്‍ ട്രെയിന്‍"". അന്ന് സംസ്ഥാനത്തെ സ്ഥിതിയോ? ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പദ്ധതി അടങ്കല്‍ വെട്ടിക്കുറയ്ക്കുന്നു. രാഷ്ട്രീയരംഗത്ത് ആഭ്യന്തര മന്ത്രി തിരുവഞ്ചൂരും ചീഫ് വിപ്പ് പി സി ജോര്‍ജും പരസ്പരം പുലഭ്യം പറഞ്ഞ് കൊമ്പു കോര്‍ക്കുന്നു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളിയും കെ മുരളീധരനും ജോര്‍ജിെന്‍റ അഭിപ്രായങ്ങളോട് യോജിക്കുന്നു. അങ്ങനെ യുഡിഎഫിനുള്ളിലും അതിനെ നയിക്കുന്ന കോണ്‍ഗ്രസിനുള്ളിലും തമ്മില്‍ തല്ല് മുറുകവെ ഭരണം നിശ്ചലം. ആകെ നടക്കുന്നത് കൈയിട്ടുവാരല്‍ മാത്രം. പുര കത്തുമ്പോഴല്ലേ, കണ്ടവെന്‍റ വാഴ വെട്ടാനൊക്കൂ. ഇതുംപോരെങ്കില്‍ ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ലീഗിെന്‍റ കണ്ണൂര്‍ മണ്ഡലം കണ്‍വെന്‍ഷനില്‍ പൊരിഞ്ഞ തല്ല് നടന്നു. കേന്ദ്രമന്ത്രി ഇ അഹമ്മദിെന്‍റയും പാണക്കാട് തങ്ങളുടെയും സാന്നിധ്യത്തില്‍. പ്രശ്നം ഏതോ ലീഗു ഗുണ്ടകളെ അറസ്റ്റു ചെയ്ത പൊലീസുദ്യോഗസ്ഥനെതിരെ നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധം. ഒടുവില്‍ അയാളുടെ തൊപ്പി തെറിപ്പിക്കുമെന്ന നേതാക്കളുടെ ഉറപ്പോടെ: സംഭവം ശുഭം. ഈ കാര്യമാകട്ടെ "മനോരമ" 13-ാം പേജില്‍ ""ലീഗ് കണ്ണൂര്‍ മണ്ഡലം കണ്‍വെന്‍ഷനില്‍ കയ്യാങ്കളി, സംഘര്‍ഷം. രാജി പ്രഖ്യാപനം"" എന്ന് ഒറ്റക്കോളത്തില്‍ ഒതുക്കി മൂടിയിരിക്കുന്നു.

അപ്പോള്‍ ഇതൊക്കെയാണ് സ്ഥിതിയെന്നിരിക്കെ "മനോരമ"യ്ക്ക് "നിഷ്പക്ഷ"മായി ഇത്തരം കാര്യങ്ങള്‍ പറയാനൊക്കുമോ? അത് നമ്മുടെ സ്വന്തം കുഞ്ഞൂഞ്ഞിെന്‍റ ഭരണം തെറുപ്പിക്കുന്ന കാര്യമല്ലേ! അപ്പോള്‍ പിന്നെ ഡബിള്‍ ഡെക്കറില്‍ കയറി ഡബിള്‍ ബെല്ലടിച്ചു വിടുക തന്നെ! പത്താളുടെയെങ്കിലും കണ്ണില്‍ പൊടിയിടാന്‍ പറ്റുമോന്നൊന്ന് നോക്കുക തന്നെ! അതാണ് നമ്മുടെ "മനോരമ"!. ഇനി മറ്റൊരു കാര്യം കൂടി. റെയില്‍വെ യാത്രാനിരക്ക് ഫ്ളാറ്റായിട്ട് 2 ശതമാനം കൂട്ടിയ അതേ ദിവസം തന്നെയാണ് "മനോരമ" വായനക്കാരെ ഡബിള്‍ ഡെക്കറില്‍ കയറ്റി മനപ്പായസമുണ്ണിച്ചത്. എന്നാല്‍ കുറ്റം പറയരുതല്ലോ. യാത്രാക്കൂലി വര്‍ധനയുടെ വിവരം അതിലും ഒരു ദിവസംമുന്‍പ്, മുന്‍കൂറായി തന്നെ, അകത്തെ പേജില്‍ ""റെയില്‍വെ നിരക്ക് വര്‍ധന നാളെ, റിസര്‍വ് ചെയ്തവര്‍ അധിക തുക നല്‍കണം"". എന്നൊരു കുറിപ്പ് നല്‍കി ഒതുക്കിയിട്ടുണ്ട്. എന്താ, അതുപോരെ? സര്‍ദാര്‍ജിയും മാഡവും രാഹുല്‍ജിയും ഭരിക്കുമ്പോള്‍ റെയില്‍വെ യാത്രക്കൂലി വര്‍ധനയും ചരക്ക് കടത്തുകൂലി വര്‍ധനയുമെല്ലാം വെറും നാട്ടുനടപ്പല്ലേ! പിന്നെന്തിന് അത് വാര്‍ത്തയാക്കി വായനക്കാരുടെ മനസ്സില്‍ തീകോരിയിടണം? എന്നാല്‍, മാളോരെല്ലാം കണ്ണില്‍ കാണുന്ന ഇത്തരം സംഗതികളെല്ലാം മൂടിവെയ്ക്കാന്‍ വല്ലാതെ വെപ്രാളപ്പെടുന്ന ഈ റിപ്പര്‍ പത്രം, ബദല്‍ സ്റ്റോറികളുണ്ടാക്കി വായനക്കാരെ അതില്‍ അഭിരമിപ്പിക്കാനാണ് നോക്കുന്നത്.

7-ാം തീയതി ഒന്നാം പുറത്ത് വന്‍പ്രാധാന്യത്തോടെ നല്‍കുന്ന ""വി എസ് വിളക്കില്‍പ്പെട്ട വണ്ട് എന്ന ഉപമ വിവാദത്തില്‍"". യുഡിഎഫ് കക്ഷികള്‍ തമ്മിലും ഓരോ കക്ഷിക്കുള്ളിലുള്ളവര്‍ തമ്മിലും തെരുവില്‍ തല്ലിതലക്കീറുകയും പരസ്യമായി വിഴുപ്പലക്കി അന്തരീക്ഷ മലിനീകരണമുണ്ടാക്കുകയും ചെയ്യുമ്പോള്‍, ഭരണം തന്നെ നിശ്ചലമായിരിക്കുമ്പോള്‍ അവ വായനക്കാരെ അറിയിക്കാന്‍ മെനക്കെടാത്ത "മനോരമ" സിപിഐ എം കമ്മിറ്റികളിലെ ഉള്‍പ്പാര്‍ടി ചര്‍ച്ചകളിലേക്ക് ഒളിഞ്ഞുനോക്കി ആത്മരതി അടയുകയാണ്. അതാകുമ്പോള്‍ എന്തു നുണയും വച്ചങ്ങ് കാച്ചാമല്ലോ! മറ്റൊരു മുഖ്യധാരാ പത്രമായ "മാതൃഭൂമി" സങ്കല്‍പ ലോകത്തിലേക്ക് പോയില്ലെങ്കിലും, സംസ്ഥാനത്തെ സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിച്ചുകൊണ്ട്, അവയെയെല്ലാം അപ്രസക്തമാക്കി തന്നെയാണ് വാര്‍ത്താവതരണം നടത്തിയത്, പതിവുപോലെ 7-ാം തീയതിയും! തെലങ്കാനയിലെ പ്രതിഷേധത്തീയില്‍ വെന്തുരുകാന്‍ വായനക്കാരെ വിടുന്ന പത്രം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മയത്തില്‍ പറഞ്ഞുവെയ്ക്കുന്നുണ്ടെന്നു മാത്രം!

ഗണ്‍മോന്‍ പുരാണം

ഒക്ടോബര്‍ ഒന്നിന് കേരള ഹൈക്കോടതിയില്‍നിന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണുയര്‍ന്നത്. സംഭവം മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ (മോന്‍) സലിംരാജിന്റെ ഭൂമി തട്ടിപ്പ് കേസിെന്‍റ വിചാരണ വേളയില്‍. തട്ടിപ്പിനിരയായവര്‍ സംസ്ഥാനത്തെ പൊലീസ് മേധാവിയായ ഡിജിപിക്ക് നല്‍കിയ പരാതി അദ്ദേഹം കൈയോടെ മുഖ്യമന്ത്രിക്ക് കൈമാറി. അവിടെ കിട്ടിയാല്‍ അത് കൈമാറപ്പെടുക, അതിന്മേല്‍ അനന്തര നടപടിക്കായി ഗണ്‍മോന് തന്നെ ആയിരിക്കുമല്ലോ. അതാണല്ലോ ഉമ്മന്‍ചണ്ടീടെ ഒരു സ്റ്റൈല്‍! ഇതിനുനേരെയാണ്, പൊറുതി മുട്ടിയ കോടതി ചാട്ടവാര്‍ വീശിയത്. ""സലിംരാജോ മുഖ്യമന്ത്രി?"" എന്നാണ് കോടതിയുടെ ചോദ്യം. ഇതെന്ത് ജനാധിപത്യമെന്നും ഡിജിപിക്കും സലിംരാജിനെ പേടിയോ എന്നും സംസ്ഥാനത്ത് ഒരു സാദാ പൊലീസുകാരനെ ഭയന്ന് കഴിയേണ്ട അവസ്ഥയോ എന്നും സലിംരാജിനുവേണ്ടി സര്‍ക്കാരെന്തിനു തിടുക്കപ്പെട്ട് അപ്പീല്‍ നല്‍കുന്നുവെന്നും അസ്വസ്ഥതയോടെ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് ചോദിച്ചുപോകുന്നു. സ്വാഭാവികമായും 2-ാം തീയതിയിലെ പത്രങ്ങളുടെ ലീഡ് വാര്‍ത്തയാകേണ്ട സംഗതിയല്ലേ ഇത്? എന്നാല്‍ "മനോരമ"യുടെ ഒന്നാം പുറത്തേ ഇത് കാണുന്നില്ല. അതില്‍ കാശ്മീര്‍ റിക്രൂട്ട്മെന്‍റ് കേസും യുഎസിലെ സാമ്പത്തിക അടിയന്തിരാവസ്ഥയും റഷീദ് മസൂദിെന്‍റ എംപി സ്ഥാനം പോയതുമൊക്കെയേ ഉള്ളൂ.

ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ ചാട്ടവാര്‍ പ്രയോഗം 11-ാം പേജില്‍ ഒരു പെട്ടിയിലൊതുക്കി മയപ്പെടുത്തിയിരിക്കുന്നു. ""ഡിജിപി എന്തിന് സലിംരാജിനെ പേടിക്കുന്നു?: ഹൈക്കോടതി"" എന്ന ശീര്‍ഷകത്തില്‍. "മാതൃഭൂമി"യാകട്ടെ അമേരിക്കയിലെ ഖജനാവ് പൂട്ടിയത് സംഭ്രമജനകമായി അവതരിപ്പിച്ചുകൊണ്ട്, മറ്റെല്ലാം അതില്‍ മുക്കാനാണ് അന്ന് നോക്കിയത്. എങ്കിലും ഒന്നാം പേജില്‍ അല്‍പം സ്ഥലം കോടതിയുടെ വിമര്‍ശനത്തിനും നീക്കിവെച്ചെന്നു മാത്രം - ""സലിംരാജിനെ ഡിജിപിക്കും പേടിയോ - ഹൈക്കോടതി"" എന്ന ശീര്‍ഷകത്തില്‍. ഇതാണ് നിഷ്പക്ഷവും സ്വതന്ത്രവുമായ വൃത്താന്ത പത്രപ്രവര്‍ത്തനം.

ലാവ്ലിനെ പിടിച്ചൊരു കളി നോക്കൂ

4-ാം തീയതിയിലെ "മാതൃഭൂമി"യുടെ ഒന്നാം പേജ് അണിയിച്ചൊരുക്കിയിരിക്കുന്നത്, എന്ത് നിഷ്പക്ഷമായാണെന്ന്! ലീഡ് വാര്‍ത്ത: ""ഒടുവില്‍ തെലങ്കാന"" തന്നെ. തെലങ്കാനയെ യുപിഎ സര്‍ക്കാരിന്റെ മഹാകാര്യമായി അവതരിപ്പിച്ചവര്‍ ഇപ്പോള്‍ വെള്ളം കുടിക്കുകയും കണ്ണീരൊഴുക്കുകയുമാണെന്നത് മറ്റൊരു കാര്യം.

അതുപോട്ടെ. നമുക്ക് നമ്മുടെ വിഷയത്തിലേക്ക് വരാം. തെലങ്കാനയ്ക്കു താഴെ വലതുവശത്ത് ""ലാലുവിന് 5 വര്‍ഷം തടവ്"" എന്ന് 5 കോളം റിപ്പോര്‍ട്ട്. അതിനോട് ചേര്‍ത്ത് ഇടതുവശത്ത്ഏറെക്കുറെ തുല്യപ്രാധാന്യത്തില്‍ 3 കോളത്തില്‍ ഇങ്ങനെയും ശീര്‍ഷകം: ""ലാവ്ലിന്‍: ഭാഗിക കരാര്‍ ഒപ്പിട്ടത് പിണറായിയുടെ ചേംബറില്‍"" ഹൈലൈറ്റുകള്‍കൂടി നോക്കാം: ""സര്‍ക്കാര്‍ വാദം തെറ്റ്. ഭാഗിക കരാര്‍ ചട്ടവിരുദ്ധം. പിണറായിയുടെ വാദത്തില്‍ കഴമ്പില്ല. ലാവലിന് നല്‍കിയത് ഉയര്‍ന്ന തുക"". എന്താ സംഭവമെന്നല്ലേ? തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയില്‍ ലാവ്ലിന്‍കേസ് വിചാരണ വേളയില്‍ സിബിഐയുടെ അഭിഭാഷകെന്‍റ വാദമാണ് പ്രമാദമായി ഇങ്ങനെ അവതരിപ്പിക്കുന്നത്. എന്നാല്‍, ശീര്‍ഷകം നോക്കുമ്പോള്‍ വായനക്കാരില്‍ എത്തുന്നത് "മാതൃഭൂമി"യുടെ പുതിയ കണ്ടുപിടിത്തം അവതരിപ്പിക്കുന്നതായാണ്. മാത്രമല്ല, കോടതിയിലെ സിബിഐ വാദം പര്‍വതീകരിച്ച് അവതരിപ്പിക്കുന്ന ഈ പത്രം മറുപക്ഷത്തിന്റെ വാദം കണ്ടില്ലെന്നു നടിക്കുകയുമാണ്. അതിനുംപുറമെ, അന്നുതന്നെ ആ വിചാരണ വേളയില്‍ കോടതി നടത്തിയ കമന്‍റുകളും സിബിഐയോട് ആവശ്യപ്പെട്ട വിശദീകരണങ്ങളും പ്രോസിക്യൂഷന്‍ വക്കീലിന്റെ വാദം അവതരിപ്പിക്കുന്ന ആവേശത്തള്ളിച്ചയില്‍ പത്രം കാണുന്നുമില്ല. ഇതിനെക്കാളേറെ കാവ്യമധുരമാണ് ഈ കോടതി വാര്‍ത്ത ലാലു വിന്റെ കാലിത്തീറ്റ കുംഭകോണക്കേസിലെ വിധിയോട് ചേര്‍ത്തവതരിപ്പിച്ചത്. "മാതൃഭൂമി" മുതലാളിമാരുടെ ഉള്ളിലിരിപ്പ് നന്നായി പ്രതിഫലിപ്പിക്കുന്നുണ്ട് ഈ അവതരണത്തിലൂടെ എഡിറ്റര്‍. പോരെങ്കില്‍, 5-ാം പേജിലെ ഗോപീകൃഷ്ണെന്‍റ കാര്‍ട്ടൂണും കൂടിയാകുമ്പോള്‍ സങ്കതി കലക്കന്‍! എന്തൊരു നിഷ്പക്ഷം!

ചാപിള്ളയായ ഓര്‍ഡിനന്‍സ്

മൂന്നാം തീയതി "മനോരമ"യിലെ ഒന്നാം പേജില്‍ 6 കോളത്തില്‍ അവതരിപ്പിക്കുന്ന മുഖ്യവാര്‍ത്ത : ""ഓര്‍ഡിനന്‍സിന് ശുഭമരണം"" ഹൈലൈറ്റുകള്‍: ""ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയക്കാരുടെ അയോഗ്യത ഒഴിവാക്കുന്ന ഓര്‍ഡിനന്‍സ് പിന്‍വലിച്ചു. ഫലം കണ്ടത് രാഹുല്‍ഗാന്ധിയുടെ ഇടപെടലും രാഷ്ട്രപതിയുടെ നിലപാടും"". ഇതുതന്നെയാണ് 3-ാം തീയതിയിലെ "മാതൃഭൂമി"യുടെയും മുഖ്യവിഷയം. അവതരണം ഇങ്ങനെ: ""രാജ്യസഭയിലെ ബില്ലും പിന്‍വലിക്കും. വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിച്ചു"". ""ജനഹിതം മാനിച്ചെന്ന് കോണ്‍ഗ്രസ്"" എന്നാണ് ഇതിന് നല്‍കിയിട്ടുള്ള ഹൈലൈറ്റ്. ഈ റിപ്പോര്‍ട്ടിനോട് ചേര്‍ത്തു വായിക്കേണ്ട ഒന്നാണ് സെപ്തംബര്‍ 28-ാം തീയതിയിലെ റിപ്പോര്‍ട്ട്. അതിന് നമുക്ക് "മനോരമ"യെത്തന്നെ ആശ്രയിക്കാം. സുപ്രീംകോടതിയുടെ "നിഷേധ" വിധിക്കുപിന്നാലെ, രണ്ടാം പ്രാധാന്യത്തില്‍ ഒന്നാം പേജില്‍ 5 കോളത്തില്‍ "മനോരമ" അവതരിപ്പിക്കുന്നു - ""കളങ്കിത രാഷ്ട്രീയക്കാരെ രക്ഷിക്കാനുള്ള ഓര്‍ഡിനന്‍സ് കീറിയെറിയണം. രാഹുല്‍"". ""രാഹുലിന്റെ പ്രഖ്യാപനം അപ്രതീക്ഷിതം; ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ സാധ്യത"" എന്ന് ഹൈലൈറ്റും. റിപ്പോര്‍ട്ട് ചെയ്യുന്നത് തോമസ് ഡൊമിനിക്. ""പുതിയ ശബ്ദം"" എന്ന അടിക്കുറിപ്പോടെ രാഹുലിന്റെ പത്രസമ്മേളനത്തിന്റെ - കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയുടെ പത്രസമ്മേളനത്തിനിടെ പാഞ്ഞെത്തി "വലിച്ചുകീറല്‍" പ്രഖ്യാപനം നടത്തുകയായിരുന്നു യുവരാജാവ് രാഹുല്‍ - ഫോട്ടോയും. തോമസ് ഡൊമിനിക്കിന്റേതായ ഈ വരികള്‍ കൂടി വായിക്കാം: ""രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനമിറക്കുന്നതിന് തീവ്രശ്രമം നടത്തുന്നതിനിടെയാണ് രാഹുലിന്റെ നിലപാട് ഇടിത്തീപോലെ സര്‍ക്കാരിനുമേല്‍ പതിച്ചത്. ഇതോടെ ഓര്‍ഡിനന്‍സ് പിന്‍വലിക്കുകയല്ലാതെ സര്‍ക്കാരിന് മാര്‍ഗമില്ലാതായി. അല്ലെങ്കില്‍ രാഹുലിന്റെ നിര്‍ദേശം ചര്‍ച്ച ചെയ്തു തള്ളാന്‍ മന്ത്രിസഭ ധൈര്യം കാട്ടണം"".

ഈ രാഹുല്‍ സ്തുതിവാര്‍ത്തയില്‍ പറയാതെ വിടുന്ന ഒരു വിഷയമുണ്ട്. ഈ ഓര്‍ഡിനന്‍സിലൂടെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്ന, വിഷയം ആദ്യം ബില്ലായി പാര്‍ലമെന്‍റിനുമുന്നില്‍ അവതരിപ്പിച്ചതാണ്, രാജ്യസഭ അതു പാസാക്കിയതുമാണ്. ലോക്സഭ ബഹളംമൂലം പിരിഞ്ഞതിനാല്‍ അവിടെ അവതരിപ്പിച്ച് പാസാക്കാനായില്ല. ആ വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടിനൊപ്പം, മാത്രമല്ല, സെപ്തംബര്‍ 25ന് ഓര്‍ഡിനന്‍സ് ഇറക്കിയതിനെക്കുറിച്ചുള്ള വാര്‍ത്തയിലും, മറച്ചുവച്ചിട്ടുള്ളത്. ഈ വിശദാംശങ്ങള്‍ അവതരിപ്പിക്കപ്പെട്ടാല്‍ രാഹുലിന്റെ ജാടയും കള്ളനാട്യവും പൊളിയും. അതങ്ങനെ പൊളിയാന്‍ പാടില്ലല്ലോ. നമ്മളെ സൊന്തം യുവരാജാവല്ലേ! എന്തോ പുതിയ സംഗതി കണ്ടപോലെ ആയിരുന്നല്ലോ രാഹുല്‍ജിയുടെ വെളിപാടും ഉറഞ്ഞുതുള്ളലും. രാജ്യസഭയില്‍ ബില്ലവതരിപ്പിക്കുന്നതിനുമുമ്പ് അത് ക്യാബിനറ്റില്‍ അംഗീകരിച്ചിട്ടുണ്ടാവും. അതിനും മുമ്പ് കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറി അംഗീകരിച്ചിട്ടുണ്ടാവും. ഈ ഘട്ടങ്ങളിലെല്ലാം കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റും പ്രസിഡന്‍റിന്റെ പുത്രനുമായ രാഹുല്‍ ഇതൊന്നും അറിയാതിരിക്കാനിടയില്ലെന്നു മാത്രമല്ല, രാഹുലിന്റേയും കൂടി അറിവും സമ്മതവും ഉണ്ടായിരിക്കും ഈ ബില്ലിനും പിന്നാലെ വന്ന ഓര്‍ഡിനന്‍സിനും എന്ന കാര്യം ഉറപ്പാണ്. ബില്ല് പാര്‍ലമെന്‍റില്‍ പാസാക്കാനാകാതെ വന്നപ്പോള്‍ അടുത്ത പാര്‍ലമെന്‍റ് ചേരുന്നതുവരെ കാക്കാനുള്ള ജനാധിപത്യ മര്യാദപോലും പ്രകടിപ്പിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കിയത്. അതും രാഹുലും കൂടി ആലോചിച്ചിട്ടായിരിക്കും. അല്ലെങ്കില്‍ ഓര്‍ഡിനന്‍സ് ഇറങ്ങിയപ്പോള്‍ തന്നെ എതിര്‍ക്കണമായിരുന്നു. ഓര്‍ഡിനന്‍സിനെതിരെ ആദ്യം എതിരഭിപ്രായം പ്രകടിപ്പിച്ചത് സിപിഐ എമ്മാണ്. പിന്നീട് ബിജെപിയും. അപ്പോഴൊന്നും യുവരാജാവനങ്ങിയില്ല. ഒടുവില്‍ പ്രസിഡന്‍റ് തന്നെ തടസ്സം പറഞ്ഞു. മാധ്യമങ്ങളാകെ എതിര്‍ത്തു. നാനാഭാഗത്തും എതിര്‍പ്പുയര്‍ന്നപ്പോള്‍ പ്രകടിപ്പിച്ച ഒരു നാലാംകിട തറവേലയായിരുന്നു രാഹുലിന്റേത്.

ഇനി ഒരു കാര്യം കൂടി. "മനോരമ" ലേഖകന്റെ വിശകലനം. രാഷ്ട്രപതി പ്രണബ് മുഖര്‍ജി എതിര്‍ത്താല്‍ ക്യാബിനറ്റിന് വീണ്ടും ഓര്‍ഡിനന്‍സ് അദ്ദേഹത്തിന്റെ പരിഗണനയ്ക്കയക്കാം. അപ്പോള്‍ അദ്ദേഹത്തിന് അത് അംഗീകരിച്ചേ പറ്റൂ. എന്നാല്‍ കോണ്‍ഗ്രസിെന്‍റ യുവരാജാവ് പറഞ്ഞാല്‍ ""ഓര്‍ഡിനന്‍സ് പിന്‍വലിക്കുകയല്ലാതെ ക്യാബിനറ്റിന് മറ്റു വഴിയില്ല"". അല്ലെങ്കിലോ, ""രാഹുലിന്റെ നിര്‍ദേശം ചര്‍ച്ച ചെയ്ത് തള്ളാന്‍ മന്ത്രിസഭ ധൈര്യം കാട്ടണം"". ആ ധൈര്യമില്ലാത്തതിനാല്‍ ഇപ്പോള്‍ മന്‍മോഹന്‍സിങ് ഓര്‍ഡിനന്‍സും പാര്‍ലമെന്‍റിനു മുന്നിലെ ബില്ലും പിന്‍വലിച്ച് ഒളിച്ചോടിയിരിക്കുന്നു. റഷീദ് മസൂദിനെയും ലാലുവിനെയും വഴിയില്‍ ഉപേക്ഷിച്ചുകൊണ്ട്. അപ്പോള്‍ ആരാണീ രാഹുല്‍? സൂപ്പര്‍ പ്രധാനമന്ത്രിയോ? സൂപ്പര്‍ പ്രസിഡേന്‍റാ?

ഭരണഘടനാപരമായ ഒരു സ്ഥാനവും വഹിക്കാത്ത പാര്‍ലമെന്‍റംഗത്തിന്റെ വെളിപാടുകള്‍ക്കനുസരിച്ച് രാജ്യത്തിന്റെ ഭരണസംവിധാനം ചലിക്കുന്നതിനെ വിശേഷിപ്പിക്കേണ്ടത്, ഭരണഘടനാതീതമായ അധികാര നിര്‍വഹണമെന്നാണ്. അടിയന്തരാവസ്ഥക്കാലത്ത് രാഹുലിന്റെ ചിറ്റപ്പന്‍ സഞ്ജയനും ഇതുതന്നെയാണ് ചെയ്തത്. അന്നും നമ്മുടെ മുഖ്യധാരക്കാര്‍ ഭരണക്കാരുടെ പാദസേവകരായി നിശബ്ദത പാലിച്ചു. ഇന്നും തഥൈവ.

വാല്‍ക്കഷ്ണം

""ചീഫ് വിപ്പിന് ഒരു കാര്‍ കൂടി"" 2-ാം തീയതിയിലെ വാര്‍ത്ത. മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും മാത്രമുള്ള ഈ പ്രത്യേകാനുകൂല്യം കാബിനറ്റ് അംഗമല്ലാത്ത ക്യാബിനറ്റ് പദവി നല്‍കപ്പെട്ടിട്ടുള്ള പി സി ജോര്‍ജിനും കൂടി നല്‍കുന്നതായി "മനോരമ" റിപ്പോര്‍ട്ടു ചെയ്യുന്നു. വിപ്പിെന്‍റ വായടപ്പിക്കാനുള്ള ഒരു വിപ്പ് നല്‍കലാണോ ആവോ, മുഖ്യന്റെ വഹ ഈ സമ്മാനം? എങ്കില്‍ കുഞ്ഞൂഞ്ഞിനു തെറ്റി എന്ന് ചീഫ് വിപ്പ്!

*
ഗൗരി ചിന്ത വാരിക

No comments: