Sunday, October 20, 2013

സി എച്ച്: പോരാളികളുടെ വഴികാട്ടി

സ. സി എച്ച് കണാരന്‍ അന്തരിച്ചിട്ട് 41 വര്‍ഷം പിന്നിടുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബര്‍ 20നാണ് സി എച്ച് അന്തരിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കരങ്ങളില്‍നിന്ന് നാടിനെ മോചിപ്പിക്കാന്‍ ത്യാഗനിര്‍ഭരമായ പോരാട്ടം നയിച്ച ഉജ്വല വിപ്ലവകാരിയായിരുന്നു സി എച്ച്. അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശസംരക്ഷണത്തിന് അഹോരാത്രം വിയര്‍പ്പൊഴുക്കിയ മഹാനായ ജനനേതാവ്. സാമൂഹ്യ പരിഷ്കര്‍ത്താവിന്റെ അവധാനതയോടെ അദ്ദേഹം സമൂഹത്തിലെ അനീതികള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരടിച്ചു; ബോധവല്‍ക്കരണം നടത്തി.

മാഹിക്കടുത്ത് അഴിയൂരില്‍ സാധാരണ കുടുംബത്തില്‍ ജനിച്ച സി എച്ച് സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ മികച്ച കായികതാരമായും സമര്‍ഥനായ വിദ്യാര്‍ഥിയായും പേരെടുത്തു. മെട്രിക്കുലേഷന്‍ പരീക്ഷ നല്ല മാര്‍ക്കോടെ ജയിച്ചശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ സജീവമായി. 1932ല്‍ കതിരൂരില്‍ ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ പ്രസംഗിച്ചതിന് അറസ്റ്റിലായി. തുടര്‍ന്ന് 13 മാസം ജയില്‍വാസം. 1933ല്‍ ജയില്‍മോചിതനാകുമ്പോള്‍ ബംഗാളിലെ വിപ്ലവകാരികളുമായുള്ള സമ്പര്‍ക്കം പകര്‍ന്നുനല്‍കിയ പുതിയ ജ്ഞാനമണ്ഡലമായിരുന്നു സി എച്ചിന്റെ മനസ്സില്‍. 1933-35 കാലത്ത് എലിമെന്ററി സ്കൂള്‍ അധ്യാപകനായി.കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടര്‍ന്നു. ജാതി-മത വികാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പ്രവര്‍ത്തനത്തിലായിരുന്നു ഇക്കാലത്ത് ഊന്നല്‍.

ജാതിയും മതവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാണ വ്യവസ്ഥയെ മാറ്റാന്‍ നിര്‍ഭയമായ മുന്നേറ്റമുണ്ടാകണമെന്ന് ആഗ്രഹിച്ചു; അതിനായി പ്രവര്‍ത്തിച്ചു. "കോട്ടയം താലൂക്ക് സ്വതന്ത്ര ചിന്താസമാജ"ത്തിന് രൂപംനല്‍കി. 1939ല്‍ നവംബറില്‍ തലശേരി ന്യൂ-ഡര്‍ബാര്‍ ബീഡി കമ്പനി പണിമുടക്കുമായി ബന്ധപ്പെട്ട് സി എച്ചിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഒരു വര്‍ഷം കഴിഞ്ഞ് മോചിതനായ സി എച്ച് നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിക്കാന്‍ ഒളിവിലിരുന്ന് നേതൃത്വം കൊടുത്തു. 1942ലെ ബോംബെ പ്ലീനത്തില്‍ പങ്കെടുത്തു. 1952ല്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ചു. 1957ല്‍ കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തില്‍നിന്ന് വിജയിച്ച സി എച്ച് ഭൂപരിഷ്കരണ ബില്ലിന്റെ ശില്‍പ്പികളില്‍ പ്രമുഖനാണ്. പാര്‍ടിയില്‍ പ്രത്യക്ഷപ്പെട്ട ഇടത്-വലത് വ്യതിയാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു.

സിപിഐ എം രൂപംകൊണ്ട 1964 മുതല്‍ 1972ല്‍ മരിക്കുംവരെ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു. മാഹി വിമോചനപ്രസ്ഥാനത്തിലും സജീവമായി ഇടപെട്ടു. 1955ല്‍ ഗോവ വിമോചനസമരത്തിന് മലബാറില്‍നിന്ന് രണ്ട് ഘട്ടമായി രണ്ട് സംഘങ്ങളെ അയക്കുന്നതിന് നേതൃപരമായ പങ്ക് വഹിച്ചു. എല്ലാം നഷ്ടപ്പെടുന്ന ജനതയ്ക്ക് സര്‍വതും നേടാനുള്ള ആയുധം ഉരുക്കുപോലെ അടിയുറച്ച സംഘടന മാത്രമാണെന്ന് തിരിച്ചറിഞ്ഞ സി എച്ച്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച സംഘാടകരിലൊരാളാണ്. സി എച്ചിന്റെ സംഘാടനശേഷി സംബന്ധിച്ച് എ കെ ജി പറഞ്ഞത് ശ്രദ്ധേയം: ""എന്റെ രാഷ്ട്രീയജീവിതത്തില്‍ ഇത്ര സമര്‍ഥനായ ഒരു സംഘാടകനെ ഞാനെവിടെയും കണ്ടിട്ടില്ല. ഒരു പ്രത്യേക സംഭവം ഒരു പ്രദേശത്തുണ്ടായാല്‍ എന്നെപ്പോലെയുള്ളവര്‍ പെട്ടെന്ന് ഓടിയെത്തും. സ. സി എച്ച് അവിടെ എത്തുമെന്ന് മാത്രമല്ല, എത്തിക്കേണ്ടവരെയെല്ലാം അവിടെ എത്തിക്കും.

അവിടെ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച്, അതിന്റെ പ്രസിദ്ധീകരണത്തെ സംബന്ധിച്ച് എല്ലാം പ്ലാന്‍ ചെയ്തിട്ടാകും സി എച്ച് അവിടെ എത്തുക. അവിടത്തെ പാര്‍ടിയെയാകെ കോര്‍ത്തിണക്കി രംഗത്തിറക്കാന്‍ ഓരോ സഖാവിന്റെയും കഴിവിനനുസൃതമായ ജോലി വിശദമായി സഖാവ് പ്ലാന്‍ ചെയ്യും."" (1974ല്‍ എ കെ ജി എഴുതിയ ലേഖനത്തില്‍നിന്ന്) സംഘടനാരംഗത്തെ ഈ അസാമാന്യപാടവത്തെ അക്കാലത്ത് ഏവരും അംഗീകരിച്ചിട്ടുള്ളതാണ്. സമരങ്ങളെ ജീവവായു എന്നപോല്‍ സ്വാംശീകരിച്ച എ കെ ജിയും സി എച്ചും ആ കാലഘട്ടങ്ങളില്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായകമായ ഏടാണ്. കര്‍ഷകസംഘം സെക്രട്ടറി എന്ന നിലയില്‍ സി എച്ചും അഖിലേന്ത്യാ പ്രസിഡന്റ് എന്ന നിലയില്‍ എ കെ ജിയും നേതൃത്വം നല്‍കിയ പ്രക്ഷോഭങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ നിര്‍ണായകമുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കി.

കേരളത്തിന്റെ ഭൂസമരചരിത്രത്തില്‍ ഉജ്വല അധ്യായമെഴുതിയ ആലപ്പുഴ പ്രഖ്യാപനവും തുടര്‍ന്ന് നടന്ന പോരാട്ടവും അനന്യം. സി എച്ചിന്റെ കാലത്തെ പ്രവര്‍ത്തനം വിലയിരുത്തിഇ എം എസ് പറഞ്ഞു: ""ഇക്കാലത്ത് നടന്ന ബഹുജനസമരങ്ങളുടെ ഹൈക്കമാന്‍ഡായിരുന്നു പാര്‍ടി. സി എച്ച് അതിന്റെ ചീഫ് ഓഫ് സ്റ്റാഫും."" ഇന്ന് കൂടുതല്‍ ശക്തമായ പോരാട്ടം നടത്താന്‍ സി എച്ച് സ്മരണ നമുക്ക് പ്രചോദനവും ഊര്‍ജവും പകരും. സി എച്ച് സ്മരണ ഏറ്റവും പ്രസക്തമായ കാലമാണിത്. അമേരിക്കന്‍ സാമ്രാജ്യത്വം അടിച്ചേല്‍പ്പിക്കുന്ന നയങ്ങള്‍ വികസിത മുതലാളിത്ത രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥകളെപ്പോലും ഗുരുതരപ്രതിസന്ധിയിലാക്കിയിരിക്കയാണ്. ആരോഗ്യ പരിരക്ഷാ പദ്ധതി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് അമേരിക്കയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 16 ദിവസത്തോളം അടച്ചിടുന്ന സ്ഥിതിയുണ്ടായി. ഈ അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുന്നതിന് പകരം ആഗോളവല്‍ക്കരണനയങ്ങള്‍ ശക്തമായി രാജ്യത്തിന്റെ സമസ്തമേഖലകളിലും അടിച്ചേല്‍പ്പിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍.

ഈ ജനദ്രോഹനയങ്ങള്‍ക്കെതിരായി ശക്തമായ പ്രതിരോധം രാജ്യമൊട്ടുക്ക് വളരുന്നുമുണ്ട്. ഇതിനുദാഹരണമാണ് ഇന്ത്യയിലെ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ഫെബ്രുവരിയില്‍ നടത്തിയ ദ്വിദിന അഖിലേന്ത്യാ പണിമുടക്ക്. ഇത്തരം ചെറുത്തുനില്‍പ്പുകള്‍ സാമ്രാജ്യത്വശക്തികള്‍ ആഗ്രഹിക്കുംവിധം അവരുടെ അജന്‍ഡ നടപ്പാക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷം സൃഷ്ടിക്കുന്നു. ആഗോളവല്‍ക്കരണ അജന്‍ഡ വേഗം നടപ്പാക്കപ്പെടുന്നില്ലെന്ന അമേരിക്കന്‍ പ്രഖ്യാപനം ഈ ചെറുത്തുനില്‍പ്പിന്റെ കരുത്തിന് അടിവരയിടുന്നു. അമേരിക്കന്‍ പ്രീണനം ലക്ഷ്യംവച്ച് ഈ നയങ്ങള്‍ തീവ്രമായി അടിച്ചേല്‍പ്പിക്കുകയാണ് യുപിഎ സര്‍ക്കാര്‍. ഇത് കേന്ദ്രസര്‍ക്കാരിനെ അനുദിനം ഒറ്റപ്പെടുത്തുന്നു. ജനരോഷത്തില്‍നിന്ന് രക്ഷനേടാന്‍ സംസ്ഥാനങ്ങളെ വെട്ടിമുറിക്കുന്ന നടപടി പ്രതിസന്ധികളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ആഗോളവല്‍ക്കരണനയത്തിന്റെ ഫലമായുള്ള വന്‍ വിലക്കയറ്റം ജനങ്ങളെ പൊറുതിമുട്ടിക്കുന്നു.

രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും ശക്തിപ്പെടുത്തുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്നത് കേന്ദ്രനയത്തിന്റെ മുഖമുദ്രയായി. സാമൂഹ്യസുരക്ഷാസംവിധാനങ്ങള്‍ ഓരോന്നും തകര്‍ക്കപ്പെടുന്നു. ജീവനക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) ബില്ലും പാസാക്കി. ഇതുവഴി കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് മൂലധനമൊരുക്കുകയാണ് കേന്ദ്രം. ഇതിനുപിന്നാലെയാണ് തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നടപടികള്‍. ഇതുവരെ കാണാത്ത അഴിമതിക്കാണ് രാജ്യം സാക്ഷിയാകുന്നത്. ആഗോളവല്‍ക്കരണനയത്തിന്റെ ഉല്‍പ്പന്നമെന്നോണമാണ് സമ്പദ്ഘടനയെത്തന്നെ തകര്‍ക്കുംവിധം അഴിമതി വളര്‍ന്നത്. തരംഗങ്ങള്‍, ധാതുലവണം, കല്‍ക്കരി തുടങ്ങിയ പ്രകൃതിസമ്പത്തെല്ലാം സ്വകാര്യവല്‍ക്കരിക്കുക എന്ന ആഗോളവല്‍ക്കരണനയമാണ് ഈ സ്ഥിതി സൃഷ്ടിച്ചത്.

വലതുപക്ഷ രാഷ്ട്രീയനേതൃത്വമാകട്ടെ തങ്ങള്‍ക്ക് സാമ്പത്തികനേട്ടമുണ്ടാക്കുന്നു എന്നതിനാല്‍ ഇത്തരം നയങ്ങളെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നു. വന്‍കിട മാധ്യമങ്ങളും കോര്‍പറേറ്റുകളും തമ്മിലുള്ള കൂട്ടുകെട്ടും ഇത്തരം നയങ്ങളുടെ പിന്നിലുണ്ടെന്ന് റാഡിയാ ടേപ്പിലൂടെ വെളിപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ആഗോളവല്‍ക്കരണനയത്തെ ബിജെപിയും പിന്തുണയ്ക്കുന്നു. സാമ്പത്തികനയത്തില്‍ ഇരുപാര്‍ടികള്‍ക്കും ഒരേ നിലപാടാണ്. പെന്‍ഷന്‍ ബില്ലിന്റെ കാര്യത്തില്‍ ഈ കൂട്ടുകെട്ട് വ്യക്തമായിരുന്നു. ബിജെപിയാകട്ടെ ഹിന്ദു വര്‍ഗീയ അജന്‍ഡകള്‍ നടപ്പാക്കി ഇന്ത്യയുടെ മഹത്തായ മതനിരപേക്ഷപാരമ്പര്യം നിരാകരിക്കുന്നു. ഗുജറാത്ത് വംശഹത്യയ്ക്ക് കാര്‍മികത്വം നല്‍കിയ നരേന്ദ്രമോഡിയെയാണ് ബിജെപി പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുന്നത്.

ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ബിഹാറിലും കഴിഞ്ഞ മാസങ്ങളിലുണ്ടായ വര്‍ഗീയകലാപങ്ങള്‍ രാജ്യത്തുടനീളം വര്‍ഗീയധ്രുവീകരണമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് നരേന്ദ്രമോഡിയെ ഉയര്‍ത്തിക്കാണിക്കല്‍. ബിജെപിയുടെ ഇത്തരം നയങ്ങളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന് മാത്രമല്ല അധികാരത്തിനായി ജാതി-മത ശക്തികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ ഏറ്റവും വലിയ തെളിവുകളാണ് കേരളത്തില്‍ ഉള്‍പ്പെടെ കാണുന്നത്. ബിജെപിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന മുന്നണികള്‍ ഏതെങ്കിലും അധികാരത്തില്‍ വരുമ്പോള്‍ വന്‍കിട ബൂര്‍ഷ്വാ വിഭാഗങ്ങളുടെ വര്‍ഗതാല്‍പ്പര്യങ്ങളാണ് പരിരക്ഷിക്കപ്പെടുക. അങ്ങനെ ഭരണവര്‍ഗത്തിന്റെ താല്‍പ്പര്യപ്രകാരം ഇന്ത്യന്‍രാഷ്ട്രീയത്തെ മാറ്റിത്തീര്‍ക്കാനാണ് കുത്തകമാധ്യമങ്ങള്‍ പൊതുവില്‍ പരിശ്രമിക്കുന്നത്. ഈ രാഷ്ട്രീയ സ്ഥിതിവിശേഷം രൂപപ്പെടുന്നത് ജനങ്ങളുടെ താല്‍പ്പര്യത്തിന് വിരുദ്ധമാണ്.

അതിനാല്‍ ഇത്തരം രാഷ്ട്രീയസഖ്യങ്ങള്‍ രൂപപ്പെടുന്നതും അവ ശക്തമാകുന്നതും തടയുക എന്നത് പ്രധാന രാഷ്ട്രീയ ഉത്തരവാദിത്തമാണ്. ഇതിന്റെകൂടി അടിസ്ഥാനത്തില്‍ ജനകീയതാല്‍പ്പര്യത്തിന് ഉതകുന്ന ഒരു ബദല്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ സൃഷ്ടിക്കേണ്ടത് സുപ്രധാന കടമയാണ്. പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ അത്തരം കൂട്ടായ്മ രൂപപ്പെടുത്തേണ്ടതുണ്ട്. കേന്ദ്രനയങ്ങള്‍ കേരളത്തിലും ശക്തമായി നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അതിന്റെ ഫലമായി ജനജീവിതം ദുഷ്കരമാകുന്നു. സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിക്കുള്ള ബന്ധം പകല്‍പോലെ വ്യക്തമായിട്ടും മുഖ്യമന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. ജുഡീഷ്യല്‍ അന്വേഷണത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഗൂഢതന്ത്രമാണ് സോളാര്‍ കേസിന്റെ പരിഗണനാവിഷയങ്ങളില്‍ മുഖ്യമന്ത്രി സ്വീകരിച്ചത്.

ജനങ്ങളിലും പാര്‍ടിയിലും ഒറ്റപ്പെട്ട മുഖ്യമന്ത്രി ജനസമ്പര്‍ക്കപ്രഹസനത്തിലൂടെ സോളാര്‍ കേസില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള പരിഹാസ്യമായ ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ഭരണസംവിധാനം പൂര്‍ണമായി തകര്‍ന്നതിന്റെ തെളിവുകൂടിയാണ് മുഖ്യമന്ത്രിയുടെ ധനസഹായവിതരണം. യുഡിഎഫ് ഭരണത്തില്‍ ജനജീവിതം ദുഷ്കരമായിരിക്കുന്നു. മാത്രമല്ല, വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്തുന്ന നടപടികളും സ്വീകരിക്കുന്നു. ജനങ്ങളെ യോജിപ്പിക്കുന്ന രാഷ്ട്രീയം ഇല്ലാതാക്കി ജാതിയുടെയും മതത്തിന്റെയുംപേരില്‍ അവരെ പരസ്പരം ഏറ്റുമുട്ടിച്ച് തങ്ങളുടെ ജനവിരുദ്ധനയം നടപ്പാക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷശക്തികളുടെ കുടിലതന്ത്രങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിക്കൊണ്ടേ കേരളത്തിന്റെ ഉജ്വലമായ മതനിരപേക്ഷപാരമ്പര്യം കാത്തുസൂക്ഷിക്കാനാകൂ. അതിനായി ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ അജന്‍ഡ മുഴുവനും തുറന്നുകാട്ടി മുന്നോട്ടുപോകുക എന്നത് ജനകീയപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പോരാട്ടത്തില്‍ ഏറെ പ്രധാനം. ജനകീയപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പോരാട്ടങ്ങളെ ഏറെ പ്രധാനമായിക്കണ്ട സി എച്ചിന്റെ ഓര്‍മകള്‍ ഇത്തരം സമരങ്ങള്‍ക്ക് നമുക്ക് കരുത്താകും.

*
പിണറായി വിജയന്‍

No comments: