Thursday, October 17, 2013

മധ്യയുഗത്തിലെ വേതാളങ്ങള്‍

"മുത്തശ്ശിക്ക് പരിഭ്രമിക്കാന്‍ കാരണമില്ലായ്കയില്ല. അവര്‍ പതിനാലാമത്തെ വയസ്സില്‍ അമ്മാവനെ പ്രസവിച്ചു. അമ്മയും പതിനാലാമത്തെ വയസ്സില്‍ എന്നെ പ്രസവിച്ചു. ആ പരമ്പരയിലുള്ള ഞാനും പതിനാലാമത്തെ വയസ്സില്‍ പ്രസവിക്കേണ്ടതാണ്. എന്നിട്ടും പതിനാലാമത്തെ വയസ്സ് കഴിഞ്ഞിട്ടും അവിവാഹിതയായി ഇരിക്കുന്നത് കാണുമ്പോള്‍ മുത്തശ്ശിക്ക് കണ്ണ് നിറഞ്ഞു പോകുകയാണ്!"

ഈ മുത്തശ്ശി 1930-31 കാലഘട്ടത്തിലേതാണ്. ഒരു സാധാരണ നായര്‍ കുടുംബത്തിലെ പെണ്‍കുട്ടി, നാണി പഠിച്ചു ജോലി ചെയ്യാന്‍ ആഗ്രഹിച്ചപ്പോള്‍ ഉണ്ടായ പ്രതികരണങ്ങളാണ് ചെറുകാടിന്റെ "മുത്തശ്ശി "യില്‍ നാം കാണുന്നത്. ഒരു കാലത്ത് കേരളത്തിലെ എല്ലാ മത സമുദായങ്ങളിലെയും പെണ്‍കുട്ടികള്‍ നേരിട്ടിട്ടുള്ള ഒരു അനുഭവമാണിത്.

ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തില്‍ നടന്ന സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനത്തിന്റെ മുഖ്യ മുദ്രാവാക്യങ്ങളിലൊന്നായ സ്ത്രീ വിദ്യാഭ്യാസം പ്രത്യക്ഷമായിത്തന്നെ ബാലവിവാഹമെന്ന ദുരാചാരത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. എന്നാല്‍ വിദ്യാഭ്യാസ രംഗത്ത് എല്ലാ നിലയിലും സ്ത്രീകള്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് പ്രാകൃതമായ ബാലവിവാഹത്തെ പുന:പ്രതിഷ്ഠിക്കാന്‍ ഒരു കൂട്ടം ആളുകള്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിക്കാന്‍ ചില മുസ്ലിം സംഘടന നേതാക്കള്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചെന്ന് കേട്ട് ഞെട്ടിയവരാണ് അധികവും. കാരണം മുസ്ലിം സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള, പണ്ഡിതരെന്നു സ്വയം അവകാശപ്പെടുന്നവരാണ് ഇവര്‍. കൂടാതെ സംസ്ഥാനത്തെ പ്രധാന ഭരണ കക്ഷിയായ മുസ്ലിം ലീഗിന്റെ പ്രമുഖ നേതാക്കളടക്കം പങ്കെടുത്താണ് മുസ്ലിം വ്യക്തിനിയമത്തിന്റെ സംരക്ഷണത്തിന്റെ മറവില്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കാന്‍ തയ്യാറായത്.

സുപ്രീം കോടതിയില്‍ ഇവര്‍ പോകുമോ, പോയാല്‍ സുപ്രീം കോടതി എന്ത് നിലപാടെടുക്കും എന്നൊക്കെയുള്ളത് പിന്നീടുള്ള കാര്യമാണ്. ഇപ്പോള്‍ പ്രധാനം ഇത്രയും പരസ്യമായി ഭരണഘടനാവിരുദ്ധമായ നിലപാടെടുക്കാന്‍ രാഷ്ട്രീയ, സാമൂഹ്യ, മതനേതാക്കള്‍ തയാറായത് എന്തുകൊണ്ട് എന്നതാണ്. മൂന്നു മാസം മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ ഇതുവരെ നടന്ന, പ്രായപൂര്‍ത്തിയാകാത്ത മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹങ്ങളെ സാധൂകരിക്കാന്‍ വേണ്ടി മാത്രമല്ലെന്നും ഭാവിയിലും ഇത്തരം വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതാണെന്നുമുള്ളതു വ്യക്തമാണ്. ഇതിനിടയിലാണ് കോഴിക്കോട് ഒരു യത്തീംഖാനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു അറബിക്ക് കല്യാണം കഴിച്ചു കൊടുത്തത് ചര്‍ച്ചയായതും അതിനു കൂട്ടുനിന്നവര്‍ക്കെതിരെ പൊലീസ് കേസെടുത്തതും. ആ പെണ്‍കുട്ടിയുടെ അമ്മയെ യത്തീംഖാന അധികൃതര്‍ ബോധ്യപ്പെടുത്തിയത് സര്‍ക്കാരിന്റെ ഉത്തരവ് ഉള്ളത് കൊണ്ട് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തത് പ്രശ്നമല്ലെന്നാണത്രേ. മുസ്ലീം സമുദായത്തില്‍ ദരിദ്രരായവരും ധനികരും ആയ നിരവധി പെണ്‍കുട്ടികള്‍ പതിനെട്ടു വയസ്സിനു മുന്‍പ് തന്നെ വിവാഹിതരാകുന്നുണ്ട്. ഇതിനൊക്കെ കൂട്ടു നില്ക്കുന്ന മതപുരോഹിതരെയും സമുദായ നേതാക്കളെയും സ്ഥാപന നടത്തിപ്പുകാരെയും നിയമത്തിന്റെ കുരുക്കുകളില്‍ നിന്നും രക്ഷിക്കാനും ഭാവിയിലും തടസ്സമൊന്നും കൂടാതെ ബാലവിവാഹങ്ങള്‍ നടത്തുന്നതിനുള്ള അനുവാദം നേടിയെടുക്കുന്നതിനും വേണ്ടിയാണ് ഇപ്പോള്‍ വിവാഹപ്രായം കുറയ്ക്കുന്നതിനുള്ള പോംവഴികള്‍ ഒരു കൂട്ടര്‍ തേടുന്നത്. എന്നാല്‍ ഇതിനെതിരെ മുസ്ലീം പെണ്‍കുട്ടികളില്‍ നിന്നും മുസ്ലീം ലീഗ് അനുകൂല വിദ്യാര്‍ഥി യുവജന സംഘടനകളുള്‍പ്പെടെ പല മുസ്ലീം സംഘടനകളില്‍ നിന്നും വരെ പരസ്യമായ എതിര്‍പ്പുയര്‍ന്നു എന്നത് ശ്രദ്ധേയമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട ചില മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് എല്ലാ മുസ്ലീം പെണ്‍കുട്ടികളും പറഞ്ഞത് തങ്ങള്‍ക്കും പഠിക്കണം, സ്വന്തം കാലില്‍ നില്ക്കണം, എല്ലാ അവകാശങ്ങളോടെയും ജീവിക്കണം എന്നാണ്. ഒരു പെണ്‍കുട്ടി വികാരാധീനയായി ചോദിച്ചത്, തങ്ങള്‍ക്കുമില്ലേ സ്വപ്നങ്ങളെന്നാണ്. മറ്റൊരു പെണ്‍കുട്ടി വളരെ പ്രസക്തമായ ഒരു ചോദ്യം ചോദിച്ചു; "എട്ടോളം സംഘടനകളുടെ പ്രതിനിധികളെന്നും പറഞ്ഞു പെണ്‍കുട്ടികളുടെ വിവാഹപ്രായം ചര്‍ച്ച ചെയ്യാന്‍ വട്ടംകൂടിയിരുന്നവരില്‍ ഒരു സ്ത്രീ പോലും ഇല്ലാതിരുന്നതെന്തേ?" വിചിത്രങ്ങളായ ന്യായീകരണങ്ങളാണ് മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം കുറയ്ക്കുന്നതിനു പറഞ്ഞു കേള്‍ക്കുന്നത്. മുസ്ലീംലീഗിന്റെ ഒരു നേതാവ് പറഞ്ഞത് ശുദ്ധ അസംബന്ധമാണ്; ചില പെണ്‍കുട്ടികള്‍ക്ക് നേരത്തെ ശരീര വളര്‍ച്ചയുണ്ടാകും, അങ്ങനെയുള്ള കുട്ടികള്‍ പത്തിരുപത്തിയഞ്ചു വയസാകുമ്പോഴേക്കും കിളവികളെപ്പോലാകും,അവര്‍ക്ക് വിവാഹ ജീവിതം നിഷേധിക്കാതിരിക്കാന്‍ വേണ്ടിയാണത്രേ ഈ ആവശ്യം! പ്രാകൃതവും വികൃതവുമായ ഈ മാനസികാവസ്ഥയെ തുറന്നെതിര്‍ക്കാന്‍ ഒരു ലീഗ് നേതാവും ഉണ്ടായില്ല എന്ന് മാത്രമല്ല, ലീഗുകാരനായ വിദ്യാഭ്യാസ മന്ത്രിയുടെ വിചിത്രമായ പ്രസ്താവനയും കണ്ടു; വിദ്യാഭ്യാസവും വിവാഹവും തമ്മില്‍ ബന്ധമൊന്നുമില്ല, അവയെ കൂട്ടിക്കുഴയ്ക്കേണ്ട! പിന്നൊന്നു കൂടി അദ്ദേഹം തുറന്നു പറഞ്ഞു; ഈ വിഷയത്തില്‍ ലീഗിതു വരെ നിലപാടെടുത്തിട്ടില്ല, വിവാഹപ്രായം കുറയ്ക്കുന്നതിനോട് ലീഗിന് യോജിപ്പുമില്ല, വിയോജിപ്പുമില്ല! എത്ര അപഹാസ്യമായ നിലയാണ് സംസ്ഥാനത്ത് സ്ത്രീപ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു വകുപ്പടക്കം ഭരിക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ടിയുടേത്!

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട സംസ്ഥാന വനിതാകമ്മീഷന്റെ ഒരംഗം മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന വാദത്തെ അനുകൂലിക്കാന്‍ ലേഖനം തന്നെയെഴുതി! ഈ ദുഃസ്ഥിതിക്കെതിരെ ദേശീയ വനിതാ കമ്മീഷനെ സമീപിക്കാന്‍ വയ്യാത്ത നിലയാണ്. കാരണം ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ പരസ്യ പ്രസ്താവന തന്നെ നടത്തി; പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്നത് അവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് സഹായകമാവുമത്രേ! ദരിദ്രരായ പെണ്‍കുട്ടികളെ പഠിപ്പിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടിക്കൊടുക്കാനും ഉള്ള ഭരണകൂടത്തിന്റെ കടമകളെക്കുറിച്ച് ഇവര്‍ക്ക് വേവലാതിയില്ല.ഇന്ത്യയില്‍ 2006ലെ ശൈശവ വിവാഹ നിരോധന നിയമം നിലവിലുള്ളപ്പോഴും രാജ്യത്ത് ആകെ നടക്കുന്ന വിവാഹങ്ങളുടെ 43 ശതമാനവും ബാലവിവാഹങ്ങളാണ് പല ജാതിമത സമുദായങ്ങളിലും എന്നത് ഇവ തടയാന്‍ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയത്തെയാണ് കാണിക്കുന്നത്. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് കുറച്ചു കൂടി മെച്ചപ്പെട്ട വിദ്യാഭ്യാസം കിട്ടിയാല്‍ ഇപ്പോള്‍ നടക്കുന്ന ലക്ഷക്കണക്കിന് ശിശുമരണങ്ങള്‍ ഒഴിവാക്കാനാകുമെന്നാണ് ഐക്യരാഷ്ട്ര സഭ ഇന്ത്യയെ ഉപദേശിച്ചത്! പതിനെട്ടു വയസ്സിനു മുന്‍പ് വിവാഹിതരാകുന്ന പെണ്‍കുട്ടികളില്‍ 67 ശതമാനവും ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്നു പഠനങ്ങള്‍ കാണിക്കുന്നു. ഇവര്‍ക്കിടയില്‍ പ്രസവവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങളും മരണവും കൂടുതലാണത്രേ!

ഇതൊക്കെയായിട്ടും ശൈശവ വിവാഹത്തെ അനുകൂലിക്കുന്നവരും പല ന്യായീകരണങ്ങളും പറഞ്ഞു സ്വന്തം പെണ്‍മക്കള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് ആധിയോടെ വിവാഹ ബന്ധം തേടുന്നവരും നിരവധിയുണ്ട്. ഇത്തരം ആളുകള്‍ക്ക് അവബോധം നല്‍കാനും വിദ്യാഭ്യാസം നേടാനും സ്വന്തം ജീവിതം നിര്‍ണയിക്കാനുമുള്ള പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഭരണഘടനാപരമായ ഉത്തരവാദിത്വമുള്ളവര്‍ പ്രാകൃത രീതികളുടെ വക്താക്കളായി മാറുന്ന ഗുരുതരസ്ഥിതിയാണ് ഇപ്പോഴുള്ളത്. സമുദായത്തിന്റെ സംരക്ഷകരെന്ന് സ്വയം അവകാശപ്പെടുകയും സമൂഹത്തില്‍ ആരാധ്യരായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ചിലരാകട്ടെ സമുദായത്തിലെ പാതിയോളം വരുന്ന ഒരു വിഭാഗത്തിന്റെ ജീവിതത്തിനു നേരെ പോര്‍വിളി നടത്തുന്നു!

സ്ത്രീകള്‍ക്ക് പുരുഷനൊപ്പം എല്ലാ അവകാശങ്ങളും ഉറപ്പു നല്‍കുന്ന ഒരു രാജ്യത്താണ് ഇത്തരത്തില്‍ തികച്ചും പിന്തിരിപ്പനും സ്ത്രീവിരുദ്ധവുമായ നിലപാടുകള്‍ അധികാരസ്ഥാനത്തിരിക്കുന്നവര്‍ അടക്കം സ്വീകരിക്കുന്നത് എന്നോര്‍ക്കുക! ഇത്തരം ഭരണഘടനാനിഷേധങ്ങള്‍ക്കും സ്ത്രീകളുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും മത നിയമങ്ങളുടെയും ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും മറ തീര്‍ക്കുന്നവരെ സംരക്ഷിക്കാനാണ് അധികാരത്തെ ഇന്ത്യന്‍ ഭരണവര്‍ഗം ഉപയോഗിക്കുന്നത്. ഇത്തരം അനാചാരങ്ങള്‍ മുസ്ലീം സമുദായത്തില്‍ മാത്രമല്ല, ഇന്ത്യയിലെ മിക്ക മത സമുദായങ്ങളിലും ഉണ്ട്. നിലവിലുള്ള ജാതി മത സമുദായ അധികാര ബന്ധങ്ങള്‍ക്കുള്ളിലെ തീവ്രമായ ലിംഗ വിവേചനവും ചൂഷണവും തങ്ങളുടെ സവിശേഷ സംസ്കാരത്തെയും ആചാര വിശ്വാസങ്ങളെയും സംരക്ഷിക്കാനെന്ന പേരില്‍ ന്യായീകരിക്കുകയാണ് യാഥാസ്ഥിതികര്‍ ചെയ്യുന്നത്.

ആധുനിക ജീവിതത്തിന്റെ ഭാഗമായുള്ള മാറ്റങ്ങളും സൗകര്യങ്ങളും അനുഭവിച്ചു ജീവിക്കുന്ന പല സമുദായ നേതാക്കളും മത പുരോഹിതന്മാരും സ്ത്രീജീവിതത്തില്‍ ആധുനിക കാലം വരുത്തുന്ന മാറ്റങ്ങളെ ആശങ്കയോടെ കാണുന്നവരാണ്. മത ജാതി സ്വത്വങ്ങളെ നിലനിര്‍ത്താനും പ്രദര്‍ശിപ്പിക്കാനുമുള്ള വാഹകരായിട്ടാണ് സ്ത്രീകളെ പണ്ട് മുതല്‍ ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ എല്ലാ അനാചാരങ്ങളുടെയും പിന്തിരിപ്പന്‍ വിശ്വാസങ്ങളുടെയും ഭാരം മുഴുവന്‍ ചരിത്രത്തില്‍ സ്ത്രീജീവിതത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുമാത്രമല്ല, കുടുംബത്തിനുള്ളിലെ ധര്‍മങ്ങളെന്നു സൗകര്യപൂര്‍വം പേരിട്ടു വിളിക്കുന്ന അധ്വാനവും തലമുറകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും സ്ത്രീകള്‍ ഏറ്റെടുക്കുന്ന സൗകര്യപ്രദമായ അവസ്ഥ നഷ്ടപ്പെടാതിരിക്കാനുള്ള ആണ്‍കോയ്മയുടെ എല്ലാ ശ്രമങ്ങളും സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്പ്പിക്കുന്ന വിശ്വാസ പ്രമാണങ്ങളിലും നിയന്ത്രണങ്ങളിലും കാണാം. മാറുന്ന കാലത്തോടൊപ്പം ജീവിക്കാന്‍ ആര്‍ക്കും ആവശ്യം പ്രാഥമികമായും വിദ്യാഭ്യാസമാണ്. ഓരോ സമൂഹത്തിലെയും മാറ്റങ്ങളെ വിലയിരുത്തുമ്പോള്‍ സ്ത്രീവിദ്യാഭ്യാസത്തിന്റെ കണക്കെടുപ്പ് നടത്തുന്നത് ആ മാറ്റങ്ങള്‍ സ്ത്രീകളുടെ ജീവിതത്തെ എത്ര സ്വാധീനിച്ചു എന്നറിയാനാണ്.

സ്ത്രീജീവിതത്തില്‍ ഉണ്ടാകുന്ന പുരോഗമനപരമായ മാറ്റങ്ങളാകട്ടെ സമൂഹത്തിലെ മാറ്റങ്ങളെ കൂടുതല്‍ വിപുലീകരിക്കാന്‍ ഇടയാക്കും എന്നു അനുഭവങ്ങള്‍ കാണിക്കുന്നു. എന്നാല്‍ ഇത്തരം മാറ്റങ്ങളുടെ കടയ്ക്കല്‍ തന്നെ കത്തിവെയ്ക്കാനാണ് യാഥാസ്ഥിതികഭൂതങ്ങള്‍ ഇന്ത്യയില്‍ ശ്രമിക്കുന്നത്. അവര്‍ക്ക് പല പേരുകളുണ്ടാകാം, പല ദേശങ്ങളുണ്ടാകാം.. എന്നാല്‍ ലക്ഷ്യമൊന്നാണ്, പഴയ അധികാര ബന്ധങ്ങളെ നിലനിര്‍ത്തുക, അങ്ങനെ ആരും ചോദ്യം ചെയ്യാത്ത തരത്തില്‍ തങ്ങളുടെ അധികാരപദവി സ്ഥാപിക്കുക. മതാനുശാസനങ്ങളെ അവര്‍ തങ്ങള്‍ക്കിഷ്ടമുള്ള നിലയില്‍ വ്യാഖ്യാനിക്കുമ്പോഴും അതിന്റെ മറപറ്റി ഭരണഘടനാവകാശങ്ങളെപ്പോലും നിഷേധിക്കുമ്പോഴും മതേതര ജനാധിപത്യ പരമാധികാര രാഷ്ട്രത്തിന്റെ ഭരണാധികാരികള്‍ എന്തുചെയ്യുകയാണ്? കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള പല ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികളുടെ വോട്ടു ബാങ്ക് രാഷ്ട്രീയമാണ് ഇത്തരക്കാര്‍ക്ക് രക്ഷാകവചമൊരുക്കുന്നത്.

പ്രായപൂര്‍ത്തിയായ ആണും പെണ്ണും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചാല്‍ തങ്ങള്‍ക്കിഷ്ടമല്ലാത്തത് കൊണ്ട് അവരെ കൊല്ലുമെന്ന് ജാതിപ്പഞ്ചായത്ത് ചേര്‍ന്ന് തീരുമാനിക്കുകയും അരുംകൊലകള്‍ നടപ്പില്‍ വരുത്തുകയും ചെയ്യുന്നവരാണ് ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയുമെല്ലാം പ്രമാണിമാര്‍. മൊബൈല്‍ ഫോണും കോളേജു പഠനവുമൊക്കെ പെണ്‍കുട്ടികളെ വഴിതെറ്റിക്കുമെന്നും അതിനാല്‍ അത് രണ്ടും പെണ്‍കുട്ടികള്‍ക്ക് വേണ്ടെന്നും ആജ്ഞാപിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ പാര്‍ലമെന്റിലുണ്ട്. പെണ്‍കുട്ടികളുടെ സഞ്ചാരവും വേഷവുമൊക്കെയാണ് പ്രശ്നമെന്ന് വിധിക്കുന്ന ജഡ്ജിമാരുടെയും സ്ത്രീകള്‍ക്ക് ലക്ഷ്മണരേഖ ഉപദേശിക്കുന്നവരുടെയും അവതാരങ്ങള്‍ നാം കണ്ടു. മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാന്‍ കുറുക്കു വഴികള്‍ തേടുന്നവരുടെ കൂട്ടുകാരാണിവരെല്ലാം. മധ്യയുഗത്തിന്റെ വേതാളങ്ങളുടെ ഈ നവീനാവതാരങ്ങളെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള ശക്തവും നിരന്തരവുമായ പോരാട്ടത്തിലൂടെ നിശബ്ദരാക്കുകയും പരാജയപ്പെടുത്തുകയുമാണ് വേണ്ടത്.

*
ഡോ. ടി എന്‍ സീമ ചിന്ത വാരിക

No comments: