Showing posts with label സംഘപരിവാര്‍. Show all posts
Showing posts with label സംഘപരിവാര്‍. Show all posts

Saturday, May 31, 2014

വര്‍ഗീയ-സാമ്പത്തിക ആക്രമണങ്ങള്‍

ഇരട്ടനാവോടെയാണ് ആര്‍എസ്എസും ബിജെപിയും സംസാരിക്കുന്നതെന്ന വസ്തുത തെളിയിക്കപ്പെട്ടതാണ്. ഇരട്ട അജന്‍ഡ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ "ഇരട്ട ഭാഷണം" അവര്‍ മികവോടെ തുടരുന്നത്. തീവ്രമായ തോതില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കല്‍ എന്ന ആര്‍എസ്എസിന്റെ പ്രധാന അജന്‍ഡയാണ് ഇതിലൊന്ന്. രണ്ടാമത്തേത് പൊതുജനാഭിപ്രായം അനുകൂലമാക്കാനുള്ള ശ്രമം. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് ആര്‍എസ്എസും ബിജെപിയും നടപ്പാക്കിയ ഇരട്ടഅജന്‍ഡ സുവിദിതമാണ്. 2002ലെ ഗുജറാത്ത് വംശഹത്യയുടെ "മുഖമായി" നരേന്ദ്രമോഡി തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലൂടെ അവര്‍ക്ക് വര്‍ഗീയധ്രുവീകരണം ഉറപ്പാക്കാനായി. മറുവശത്ത്, "വികസനം", "ഗുജറാത്ത് മോഡല്‍", "സദ്ഭരണം" തുടങ്ങിയ വര്‍ഗീയേതര വിഷയങ്ങള്‍ ചര്‍ച്ചചെയ്തും വോട്ടര്‍മാരുടെ പിന്തുണ തേടിയും ജനങ്ങളെ ആകര്‍ഷിച്ചു. ഈ ഇരട്ടതന്ത്രം ഫലപ്രദമായി നടപ്പാക്കിയാണ് ആര്‍എസ്എസും ബിജെപിയും തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തത്. എന്നിരുന്നാലും സത്യപ്രതിജ്ഞയുടെ തലേന്ന് നരേന്ദ്രമോഡി സര്‍ക്കാരിന്റെ യഥാര്‍ഥ അജന്‍ഡ മറനീക്കി.

ഹിന്ദുത്വസംഘടനകള്‍ ആസൂത്രണംചെയ്ത നിരവധി ഭീകരാക്രമണകേസുകളിലെ പ്രധാന പ്രതികളില്‍ ഒരാളും ആര്‍എസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഇന്ദ്രേഷ്കുമാര്‍ ആവശ്യപ്പെട്ടത്, സിബിഐയും എന്‍ഐഎയും എടിഎസും അന്വേഷിക്കുന്ന ഇത്തരം എല്ലാ കേസും പിന്‍വലിക്കണമെന്നും അറസ്റ്റിലായ ഹിന്ദുത്വസംഘടനകളുടെ എല്ലാ നേതാക്കളെയും വിട്ടയക്കണമെന്നുമാണ്. "രണ്ടാം സ്വാതന്ത്ര്യ"മാണ് തെരഞ്ഞെടുപ്പു ഫലമെന്നും ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അവകാശപ്പെട്ടു.

അധികാരമേറ്റയുടന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്രസിങ് പ്രഖ്യാപിച്ചത് ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന 370-ാം വകുപ്പ് ഭരണഘടനയുടെ ഭാഗമായി തുടരുന്ന കാര്യം പുനഃപരിശോധിക്കുമെന്നാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെയും വിഭജനത്തിന്റെയുംസമയത്ത് ഈ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി ചേര്‍ത്തതെന്ന വസ്തുത ഓര്‍ക്കണം. 370-ാം വകുപ്പ് റദ്ദാക്കാനുള്ള നടപടിയും ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ടെന്ന വ്യക്തമായ ഈ പ്രസ്താവന ജമ്മു കശ്മീരിലെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ കടുത്ത എതിര്‍പ്പിന് സ്വാഭാവികമായി വഴിയൊരുക്കിയിട്ടുണ്ട്. 370-ാം വകുപ്പ് റദ്ദാക്കല്‍ ഈ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും "യഥാര്‍ഥ അജന്‍ഡ"യുടെ ഭാഗമായിരുന്നു. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ഭൂരിപക്ഷം ഇല്ലാതിരുന്നതിനാലാണ് 370-ാം വകുപ്പ് റദ്ദാക്കാന്‍ കഴിയാതിരുന്നതെന്ന് അവര്‍ പറയുന്നു. "ഈ വകുപ്പ് റദ്ദാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന്" ബിജെപി പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. അയോധ്യയിലെ തര്‍ക്കസ്ഥലത്ത് രാമക്ഷേത്രനിര്‍മാണം, ഏകീകൃത സിവില്‍കോഡ് നടപ്പാക്കല്‍, 370-ാം വകുപ്പ് റദ്ദാക്കല്‍ എന്നിവയാണ് ഹിന്ദുത്വഅജന്‍ഡയുടെ കാതലെന്ന് ആര്‍എസ്എസും ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.

അതുപോലെ, മതന്യൂനപക്ഷങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട് മോഡിസര്‍ക്കാരിലെ മന്ത്രിമാര്‍ ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് 4.5 ശതമാനം ഉപസംവരണം എന്നതിന് ബിജെപി എതിരാണെന്നും കാരണം, മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ സംവരണം "ഭരണഘടനാവിരുദ്ധമാണെന്നും" സാമൂഹികനീതി മന്ത്രി തവര്‍ചന്ദ് ഗെലോട്ട് പറഞ്ഞു. ന്യൂനപക്ഷസംവരണം എന്നതിന് താന്‍ എതിരാണെന്നും എന്തെന്നാല്‍ സംവരണം "മത്സരത്തിനുള്ള ആവേശം" ഇല്ലാതാക്കുമെന്നുമാണ് ന്യൂനപക്ഷക്ഷേമമന്ത്രി നജ്മ ഹെപ്ത്തുള്ള പറഞ്ഞത്. മുസ്ലിങ്ങള്‍ ഇപ്പോള്‍ യഥാര്‍ഥത്തില്‍ ന്യൂനപക്ഷമല്ലെന്നും അവരുടെ എണ്ണം പെരുകിയിട്ടുണ്ടെന്നും ജനസംഖ്യ കുറഞ്ഞുവരുന്ന പാഴ്സികളാണ് ന്യൂനപക്ഷ പരിഗണന അര്‍ഹിക്കുന്നതെന്നുകൂടി പറയാന്‍ നജ്മ മുതിര്‍ന്നു. മുസ്ലിങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തില്‍ തന്റെ മന്ത്രാലയത്തിന്റെ പങ്ക് കുറച്ചുകൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് നജ്മയെന്ന ധാരണയാണ് അവര്‍ നല്‍കുന്നത്.

""മുസ്ലിങ്ങള്‍ ന്യൂനപക്ഷങ്ങളല്ല. പാഴ്സികളാണ് ന്യൂനപക്ഷം. എണ്ണം കുറയാതിരിക്കാന്‍ അവരെ സഹായിക്കുന്നതിന് എന്തുചെയ്യാന്‍ കഴിയുമെന്ന് നോക്കണം"". ഇങ്ങനെയാണ് നജ്മ മാധ്യമങ്ങളോട് പറഞ്ഞത്. (ടൈംസ് ഓഫ് ഇന്ത്യ, മെയ് 28, 2014). പല മേഖലകളിലും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളേക്കാള്‍ മോശം അവസ്ഥയിലാണ് മുസ്ലിങ്ങള്‍ കഴിയുന്നതെന്ന് ഇവരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം പഠിച്ച ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയത് ഓര്‍ക്കണം. ഈ സ്ഥിതി മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രംഗനാഥ് മിശ്രയെ യുപിഎ സര്‍ക്കാര്‍ നിയോഗിക്കുകയുംചെയ്തു. മിശ്ര കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുപിഎ സര്‍ക്കാര്‍ 2011 ഡിസംബറില്‍ ഒബിസി വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണത്തിനുള്ളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് 4.5 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തിയത്.

ജസ്റ്റിസ് രംഗനാഥ് മിശ്ര കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് പശ്ചിമബംഗാളിലെ അന്നത്തെ ഇടതുമുന്നണി സര്‍ക്കാര്‍ വിവിധ മുസ്ലിംവിഭാഗങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ഒബിസി സംവരണപരിധിക്കുള്ളില്‍ 10 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തുകയും ചെയ്തത്. അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് വളരെമുമ്പായിരുന്നു ഇത്. കേവലം എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല, മുസ്ലിങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ മാനദണ്ഡമാക്കിയാണ് അവര്‍ക്ക് പരിഗണന നല്‍കേണ്ടതെന്ന് പുതിയ ന്യൂനപക്ഷക്ഷേമമന്ത്രിയോട് പറയേണ്ടിവന്നിരിക്കുന്നു. ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങളെ പാഴ്സികളെപ്പോലുള്ള മറ്റ് ന്യൂനപക്ഷവിഭാഗങ്ങളുമായി താരതമ്യംചെയ്യുന്നത് ക്രൂരതയാണ്. ഹിന്ദുത്വഅജന്‍ഡയുടെ കാതല്‍ ഇത്തരത്തില്‍ സര്‍ക്കാര്‍നയങ്ങളില്‍ പ്രതിഫലിക്കുമ്പോള്‍, ഇതേ അജന്‍ഡയുടെ വൃത്തികെട്ട മുഖം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്തുന്ന വിധം പ്രത്യക്ഷപ്പെടുന്നുവെന്നതാണ് കൂടുതല്‍ ആശങ്കാജനകമായ കാര്യം.

നമാസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരുവില്‍ മോഡിസര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ തലേന്ന് വിവിധ ഹിന്ദുത്വസംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പുഫലം വന്നശേഷം കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം ഉയര്‍ന്നുവന്നിട്ടുണ്ട്. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് കര്‍ണാടകത്തിലെ ബിജാപ്പുരില്‍ ബിജെപി നടത്തിയ വിജയഘോഷയാത്ര നഗരഹൃദയത്തിലെ പച്ചക്കറിച്ചന്തയില്‍ പൂര്‍ണതോതിലുള്ള വര്‍ഗീയകലാപത്തിലാണ് കലാശിച്ചത്. 15 പേര്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റ് കൊള്ളയടിക്കുകയുംചെയ്തു. ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിലെ ഗോമതിപുരില്‍ സത്യപ്രതിജ്ഞയുടെ തലേന്ന് വര്‍ഗീയ ഏറ്റുമുട്ടലുകളുണ്ടായി. പരസ്പരം ഏറ്റുമുട്ടിയ ഹിന്ദു-മുസ്ലിം ഗ്രൂപ്പുകളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. രണ്ടു സമുദായത്തിലെ ചിലര്‍ തമ്മിലുള്ള ചെറിയ തര്‍ക്കമാണ് വന്‍ സംഘര്‍ഷമായി വളര്‍ന്നത്. നിരവധി കടകളും ബസും ഇരുചക്രവാഹനങ്ങളും കത്തിച്ചു.

സാമ്പത്തികരംഗത്ത് നവഉദാരനയങ്ങള്‍ കൂടുതല്‍ തീവ്രതയോടെ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. പ്രതിരോധ ഉല്‍പ്പന്നമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപ പരിധി നിലവിലുള്ള 26 ശതമാനത്തില്‍നിന്ന് ഉയര്‍ത്തുമെന്ന് പുതിയ പ്രതിരോധമന്ത്രി സൂചന നല്‍കിയിട്ടുണ്ട്. പ്രതിപക്ഷം ഉയര്‍ത്തിയ ആശങ്കകള്‍ മാനിക്കാതെ, ദേശീയസുരക്ഷ അടിയറവച്ച് പ്രതിരോധഉല്‍പ്പന്നമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ചത് വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി മുന്നണി സര്‍ക്കാരായിരുന്നു എന്നതും സ്മരണീയം.

തെരഞ്ഞെടുപ്പുകാലത്തുയര്‍ന്ന ആശങ്കകള്‍ ശരിവയ്ക്കുന്ന സൂചനകളാണ് സര്‍ക്കാരിന്റെ ആദ്യനടപടികളില്‍നിന്ന് ലഭിക്കുന്നത്; ഒരുവശത്ത് രാജ്യത്ത് വര്‍ഗീയധ്രുവീകരണം ശക്തമാക്കുക, മറുവശത്ത് ജനജീവിതം ദുസ്സഹമാക്കുന്ന രീതിയില്‍ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ നടപ്പാക്കുക- ഈ ഇരട്ടലക്ഷ്യത്തിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇത്തരമൊരു ദ്വിമുഖ ആക്രമണത്തിനുമുന്നില്‍ നാം ഇരകളായി നിന്നുകൊടുക്കേണ്ട കാര്യമില്ല, മറിച്ച് നമ്മുടെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും വരുംനാളുകളില്‍ ശക്തമായ പോരാട്ടങ്ങള്‍ നടത്താന്‍ സജ്ജമാവുകയാണ് ചെയ്യേണ്ടത്.

*
(പീപ്പിള്‍സ് ഡമോക്രസി മുഖപ്രസംഗം, മെയ് 28, 2014)

Thursday, May 29, 2014

കശ്മീരിന്റെ പ്രത്യേക പദവി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിപോലുള്ള മര്‍മപ്രധാന കാര്യങ്ങളില്‍ ആലോചനാരഹിതമായ അവിവേക പ്രഖ്യാനങ്ങള്‍ പ്രധാനമന്ത്രി കാര്യാലയത്തില്‍നിന്നുതന്നെയുണ്ടാകുന്നു എന്നത് ഉല്‍ക്കണ്ഠാജനകമാണ്. ഭരണഘടനയുടെ 370-ാം വകുപ്പ് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുണ്ടായ പ്രഖ്യാപനം ചരിത്രബോധത്തോടെയുള്ളതായില്ല എന്നുമാത്രമല്ല ദേശീയപ്രശ്നങ്ങള്‍ ഗൗരവബോധത്തോടെ കൈകാര്യംചെയ്യുന്ന തരത്തിലുള്ളതുമായില്ല. ആവര്‍ത്തിച്ചുകൂടാത്ത അബദ്ധങ്ങളിലൊന്നാണത്.

ഒരു സംസ്ഥാനത്തിനുമാത്രം എന്തിന് പ്രത്യേക പദവി എന്നുചോദിക്കുന്നവര്‍ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത ദുരന്തഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന സംസ്ഥാനമാണ് അത് എന്നത് കാണുന്നില്ല. കശ്മീരില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കലുഷാവസ്ഥ, അത് മുതലെടുത്ത് അവിടത്തെ ജനങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദി- ഭീകരസംഘടനകള്‍, അവയെ നേരിട്ടുകൊണ്ട് ദേശീയ ഐക്യത്തിനുവേണ്ടി നിലകൊള്ളുന്ന അവിടത്തെ ജനത, അവരെ എല്ലാ അര്‍ഥത്തിലും പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയൊന്നും ബിജെപി കാണുന്നില്ല. ഭരണഘടനയുടെ 370-ാം വകുപ്പും അതിന്റെ ഫലമായുള്ള പ്രത്യേക പദവിയും എടുത്തുകളയുക എന്നുപറഞ്ഞാല്‍ ഇന്നത്തെ അവസ്ഥയില്‍ രാഷ്ട്ര ഐക്യത്തിനുവേണ്ടി നിലകൊള്ളുന്ന ശക്തികളെ ക്ഷീണിപ്പിക്കലും രാജ്യവിരുദ്ധശക്തികള്‍ക്ക് സ്വാധീനം വ്യാപിപ്പിക്കാനുള്ള അരങ്ങൊരുക്കലുമാകും.

ഇന്നത്തെ ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീരും പാക് അധീനതയിലുള്ള കശ്മീര്‍ പ്രദേശവും ഉള്‍പ്പെട്ടതായിരുന്നു പഴയ കശ്മീര്‍ രാജഭരണ പ്രവിശ്യ. ജമ്മു കശ്മീരില്‍ത്തന്നെ മൂന്ന് പ്രത്യേക മേഖലകളുണ്ട്. 54 ലക്ഷം ജനസംഖ്യയുള്ള കശ്മീര്‍ താഴ്വര, 44 ലക്ഷം ജനസംഖ്യയുള്ള ജമ്മു, മൂന്നുലക്ഷം ജനസംഖ്യയുള്ള ലഡാക് എന്നിങ്ങനെ. മൂന്നിനും വേറിട്ട പ്രദേശത്തനിമകളുമുണ്ട്. പാകിസ്ഥാന്‍ ഭാഗത്താകട്ടെ, മുസഫറാബാദ് മേഖലയും ബള്‍ട്ടിസാന്‍ -ഹില്‍ജിത് -ഗുന്‍സാ എന്നിവ ഉള്‍പ്പെട്ട വടക്കന്‍മേഖലകളുമുണ്ട്. ഇതൊക്കെ ഉള്‍ച്ചേര്‍ന്ന കശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാന്‍ സന്നദ്ധനായിരുന്നില്ല ഹരിസിങ് മഹാരാജാവ്. തന്റെ രാജ്യത്തെ സ്വതന്ത്രരാഷ്ട്രമായി നിര്‍ത്തുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതുകൊണ്ടുതന്നെ 1947 ആഗസ്ത് 15നുപോലും ഇക്കാര്യങ്ങളില്‍ ഒരു വ്യക്തതയില്ലാത്ത അവസ്ഥയാണുണ്ടായിരുന്നത്.

പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍നിന്നുള്ള ആക്രമണം ഏതാണ്ട് ശ്രീനഗറില്‍വരെ എത്തിയ ഘട്ടത്തില്‍മാത്രമാണ് ഹരിസിങ് രാജാവ് ഇന്ത്യാ യൂണിയനില്‍ ചേരാന്‍ തയ്യാറായത്. ഇന്ത്യന്‍ സൈന്യം ആകാശമാര്‍ഗം ശ്രീനഗറില്‍ എത്തി ശത്രുസൈന്യത്തെ തുരത്തുകയായിരുന്നു അന്ന്. ഹരിസിങ്ങും അദ്ദേഹത്തിന്റെ ഫ്യൂഡല്‍ ഭരണത്തിനെതിരെ പൊരുതിക്കൊണ്ടിരുന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഷേഖ് അബ്ദുള്ളയും തമ്മില്‍ ധാരണയായി. കശ്മീര്‍ അധികാരികളും ഇന്ത്യന്‍ യൂണിയന്‍ പ്രതിനിധികളും തമ്മില്‍ ഡല്‍ഹി കരാറില്‍ 1952ല്‍ ഒപ്പുവച്ചു. ആ ഘട്ടത്തില്‍ ആ പ്രദേശത്തെ കഴിയുന്നത്ര ജനങ്ങളെ പാകിസ്ഥാന്‍ സ്വാധീനത്തില്‍നിന്ന് വിടുവിച്ചെടുക്കുക എന്നത് ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അഖണ്ഡത സംരക്ഷിക്കാന്‍ ആവശ്യമായിരുന്നു; പ്രത്യേകിച്ചും എതിര്‍ഭാഗത്തുനിന്നുള്ള പ്രീണന-പ്രലോഭന നടപടികള്‍ തുടര്‍ന്ന സാഹചര്യത്തില്‍. ഇത്തരമൊരു അവസ്ഥയിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി വ്യവസ്ഥചെയ്യപ്പെട്ടത്. ആ പദവി എടുത്തുകളയാന്‍ തക്കവിധം കശ്മീരിലെ സ്ഥിതി മാറിയിട്ടില്ല എന്നത് അവിടുന്നുള്ള ദൈനംദിന റിപ്പോര്‍ട്ടുകളില്‍നിന്നുതന്നെ അറിയാനുള്ളതേയുള്ളൂ.

ഷേഖ് അബ്ദുള്ള ഭൂപരിഷ്കരണം നടപ്പാക്കി സ്വാധീനമുറപ്പിക്കുന്നുവെന്ന് വന്നപ്പോഴാണ് കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സിനെ ശത്രുതയോടെ കണ്ടുതുടങ്ങിയത്. അതിന്റെ തുടര്‍ച്ചയായി 1953ലും "65ലും ഒക്കെ ഷേഖ് അബ്ദുള്ളയെ രാജ്യദ്രോഹി എന്ന് മുദ്രകുത്തി കോണ്‍ഗ്രസ് സര്‍ക്കാര്‍ അറസ്റ്റുചെയ്തത് കശ്മീരിലെ സ്ഥിതി പിന്നെയും വഷളാക്കി. അതിനിടെയാണ് ജനസംഘത്തിന്റെ മുന്‍രൂപമായിരുന്ന പ്രജാപരിഷത്ത് ഭരണഘടനയുടെ 370-ാം വകുപ്പുപ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളയണമെന്ന ആവശ്യമുന്നയിച്ചത്. കശ്മീരില്‍ വര്‍ഗീയചേരിതിരിവുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പ് നടത്തുക എന്നതായിരുന്നു പ്രജാപരിഷത്തിന്റെ പരിപാടി. അത്തരം ഒരാവശ്യം എങ്ങനെ രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധവും രാജ്യവിരുദ്ധശക്തികള്‍ക്ക് സ്വാധീനം വ്യാപിപ്പിക്കാന്‍ സഹായകവുമാകും എന്നത് അവര്‍ക്ക് പ്രശ്നമായിരുന്നില്ല. പിന്നീട് കോണ്‍ഗ്രസ് ഭരണംതന്നെ പ്രത്യേക പദവിയെ ദുര്‍ബലപ്പെടുത്തുന്ന പല നടപടികള്‍ കൈക്കൊണ്ടു. ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് മന്ത്രിസഭയെ ജനാധിപത്യവിരുദ്ധമായി പുറത്താക്കി ജി എം ഷായുടെ പാവഭരണത്തെ അവരോധിച്ചു. ജനാധിപത്യാവകാശങ്ങള്‍ ധ്വംസിച്ചു. തെരഞ്ഞെടുപ്പില്‍ കൃത്രിമംകാട്ടി. അങ്ങനെ അധാര്‍മിക പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറി. അപ്പോഴൊക്കെ സ്വതന്ത്രകശ്മീരായി നില്‍ക്കുന്നതാണ് നല്ലത് എന്ന വിഘടനവാദികളുടെ അഭിപ്രായത്തിന് സ്വീകാര്യത കിട്ടുന്ന അന്തരീക്ഷം അവിടെ പരക്കുകയായിരുന്നു. ഇന്ത്യന്‍ ഭരണസംവിധാനത്തിനെതിരെ ജനങ്ങളില്‍ രോഷം വളര്‍ത്താന്‍ ഇതിലോരോന്നും പാക് പിന്തുണയുള്ള ശക്തികള്‍ ഉപയോഗിച്ചു. ജെകെഎല്‍എഫ്, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ സായുധനീക്കങ്ങള്‍ക്കൊപ്പം ഇന്ത്യാവിരുദ്ധ പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തി. ഇന്ത്യയുടെ ഭാഗമായിനിന്നാല്‍ തടയില്ല എന്ന ആശങ്ക പടര്‍ത്തി. ജമ്മു കശ്മീരിന്റെ സ്വയംഭരണാധികാരമേഖല കേന്ദ്രാധികാരത്തിന്റെ കൈയേറ്റത്തിന് വിധേയമായ ഘട്ടങ്ങളിലൊക്കെ യഥാര്‍ഥത്തില്‍ ഈ ആശങ്ക ശക്തിപ്പെടുത്തുന്നതില്‍ തീവ്രവാദ സംഘടനകള്‍ വിജയിക്കുകയായിരുന്നു. കേന്ദ്രത്തിന്റെ തുടര്‍ച്ചയായ അധികാര കൈയേറ്റങ്ങള്‍ കശ്മീരിനെ പ്രത്യേക പദവിയുള്ള സംസ്ഥാനം എന്ന നിലയില്‍നിന്ന് സംസ്ഥാനാധികാരത്തില്‍പ്പെട്ട വിഷയങ്ങളില്‍പ്പോലും നിയമനിര്‍മാണം നടത്താന്‍ അനുവാദമില്ലാത്ത സംസ്ഥാനം എന്ന നിലയിലേക്ക് താഴ്ത്തുകയായിരുന്നു. ഭീകര- തീവ്രവാദ സംഘടനകള്‍ക്ക് സത്യത്തില്‍ അതുതന്നെയായിരുന്നു ആവശ്യവും.

ഭരണഘടനയുടെ 370-ാം വകുപ്പ് ഇപ്പോള്‍ ചര്‍ച്ചയ്ക്കെടുക്കുന്നത് അവിടെ വര്‍ഗീയചേരിതിരിവ് ശക്തിപ്പെടുത്താനും ഇന്ത്യാവിരുദ്ധ പ്രചാരണങ്ങള്‍ക്ക് ശക്തിപകരാനും അങ്ങനെ തീവ്രവാദ- ഭീകരപ്രവര്‍ത്തന സംഘടനകള്‍ക്ക് സ്വാധീനമുറപ്പിക്കാനുമുള്ള അന്തരീക്ഷമുണ്ടാക്കുകയാവും ചെയ്യുക. ഇത് മനസ്സിലാക്കാനുള്ള വിവേകം ബിജെപി ഭരണത്തിനില്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇതല്ല രാഷ്ട്രതന്ത്രജ്ഞത. 370-ാം വകുപ്പ് എടുത്തുകളയുന്നതുപോകട്ടെ, അതുപ്രകാരമുള്ള സ്വയംഭരണാവകാശത്തില്‍ നേരിയ ഇടിവുവരുത്തുന്നതുപോലും ആപത്തുണ്ടാക്കുകയേ ചെയ്യൂ. കശ്മീര്‍ ജനതയുടെ അഭിലാഷങ്ങളെ പരിരക്ഷിക്കാനുതകുംവിധം പ്രത്യേക പദവി ദുര്‍ബലപ്പെടാതെ നോക്കുകയാണ് ഇന്നുവേണ്ടത്. കശ്മീര്‍ ജനതയുടെ സ്വത്വം സംരക്ഷിക്കാമെന്ന് ഉറപ്പുനല്‍കുന്നവിധം കൂടുതല്‍ സ്വയംഭരണാധികാരം കൊടുക്കുമെന്ന് പറയേണ്ട ഘട്ടത്തിലാണ് നേര്‍വിപരീതദിശയിലുള്ള നീക്കങ്ങളുണ്ടാകുന്നത്. ബിജെപിയുടെ രാഷ്ട്രീയത്തിന് ഇത് കൊള്ളാമായിരിക്കും. എന്നാല്‍, രാഷ്ട്രതാല്‍പ്പര്യത്തിന് ഇത് ഗുണംചെയ്യില്ല. ഇതിപ്പോള്‍ ചര്‍ച്ചാവിഷയമാക്കുന്നതോ ഇതേക്കുറിച്ച് തിരിച്ചും മറിച്ചും പ്രധാനമന്ത്രിയുടെ ഓഫീസുതന്നെ പറയുന്നതോ ഒന്നും ആശാസ്യമല്ല.
*
deshabhimani editorial

Wednesday, May 28, 2014

ആര്‍എസ്എസിന്റെ അധികാരപര്‍വം

ആര്‍എസ്എസിന് സമ്പൂര്‍ണ നിയന്ത്രണമുള്ള രാഷ്ട്രീയ പാര്‍ടിയുടെ സര്‍ക്കാര്‍ നിലവില്‍ വന്നിരിക്കുന്നു. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്തത് ആര്‍എസ്എസ് നിയോഗപ്രകാരം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നയാളാണ്. ദശകങ്ങളായി ബിജെപിയെ നയിച്ച അദ്വാനിയെ കടത്തിവെട്ടി നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിലും ആര്‍എസ്എസിന്റെ വിധി തീര്‍പ്പുണ്ടായിരുന്നു. നരേന്ദ്രമോഡിയാണ് ബിജെപിയിലെ അവസാന വാക്ക് എന്ന് ധരിച്ചാല്‍ തെറ്റി. അവസാന വാക്ക് ആര്‍എസ്എസ് തന്നെയാണ്. ആര്‍എസ്എസ് മാത്രമാണ്.

1920കളില്‍ ഇറ്റലിയില്‍ മുസോളിനി അധികാരത്തിലെത്തി. ഗുജറാത്ത് മാതൃകയെന്ന പ്രചാരണംപോലെ മുസോളിനിയുടെ അപദാനങ്ങള്‍ അക്കാലത്ത് അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നു. സമയം തെറ്റിയോടിയിരുന്ന തീവണ്ടികള്‍ കൃത്യമായി ഓടാന്‍ തുടങ്ങിയതാണ് മുസോളിനിയെ വാഴ്ത്താന്‍ പറഞ്ഞിരുന്ന പല കാര്യങ്ങളില്‍ ഒന്ന്. തൊഴിലില്ലായ്മ പൂര്‍ണമായി ഇല്ലാതാക്കിയെന്നതായിരുന്നു ജര്‍മനിയില്‍ ഹിറ്റ്ലര്‍ പ്രചരിപ്പിച്ചിരുന്നത്. യുപിഎയുടെ കാലത്ത് അകലെനിന്ന് ആരോ ചരടുവലിക്കുന്ന യന്ത്രപ്പാവ പോലുള്ള പ്രധാനമന്ത്രിയായി ധരിക്കപ്പെട്ടിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ ഭരണമില്ലായ്മയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ അവതരിച്ച മിശിഹായായാണ് നരേന്ദ്രമോഡി വാഴ്ത്തപ്പെട്ടത്. 1929-30കളില്‍ ലോകത്തെ ഗ്രസിച്ച ആഗോളമാന്ദ്യകാലത്തെ അതിജീവിക്കാന്‍ മൂലധനശക്തികള്‍ സൃഷ്ടിച്ചെടുത്ത രാഷ്ട്രീയരൂപങ്ങളായിരുന്നു മുസോളിനിയും ഹിറ്റ്ലറും. 2008 മുതല്‍ ലോകത്തെ ബാധിച്ചിട്ടുള്ളതും ഇപ്പോഴും വീണ്ടെടുപ്പ് സാധ്യമായിട്ടില്ലാത്തതുമായ മാന്ദ്യത്തിന് ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ പരിഹാരശ്രമത്തിന്റെ രാഷ്ട്രീയരൂപമാണ് നരേന്ദ്രമോഡി. മന്‍മോഹന്‍ സിങ് ഒരിക്കലും ദുര്‍ബലനായ പ്രധാനമന്ത്രിയായിരുന്നില്ല. ഇന്ത്യന്‍ ജനഹിതത്തെ ഒട്ടും മാനിക്കാതെ, മൂലധനശക്തികളുടെ എന്തെല്ലാം ഇംഗിതങ്ങളാണ് മന്‍മോഹന്‍ സിങ് നടപ്പാക്കിയത്. പെട്രോള്‍-ഡീസല്‍-പഞ്ചസാര എന്നിവകളുടെ വിലനിയന്ത്രണം മൂലധനശക്തികള്‍ക്ക് കാഴ്ചവച്ചതും, ചില്ലറ വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചതും ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിയതും, പൊതുവിതരണം തകര്‍ത്തതും, പാചകവാതക വില ഉയര്‍ത്തിയതും സബ്സിഡി എടുത്തുകളഞ്ഞതും, ബാങ്ക്-പൊതുമേഖലാ വില്‍പ്പനയും സ്വകാര്യവല്‍ക്കരണവും ഉള്‍പ്പെടെ മൂലധന ശക്തികളുടെ ഏതുകാര്യം നടത്താനും ഭരണമില്ലായ്മയെന്ന പ്രശ്നം യുപിഎയുടെ കാലത്ത് ഉണ്ടായിട്ടേയില്ല. മൂലധനശക്തികള്‍ എക്കാലത്തും മന്‍മോഹന്‍ സിങ്ങിനോടും കോണ്‍ഗ്രസിനോടും കടപ്പെട്ടിരിക്കുന്നു. എന്നാല്‍, മൂലധനത്തിന് വികാരങ്ങളില്ല.

ലാഭം മൂന്നിരട്ടിയായാല്‍ യജമാനനെത്തന്നെ കഴുവേറ്റാന്‍ മൂലധനം മടികാട്ടുകയില്ല&ൃറൂൗീ;എന്ന് കാള്‍മാര്‍ക്സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണമില്ലായ്മ എന്ന മിഥ്യയെ പ്രചാരണപരമായി ഉയര്‍ത്തിക്കാട്ടി ശക്തനായ ഭരണാധികാരിയുടെ ആവശ്യകതയെ ബോധ്യപ്പെടുത്തുന്ന പ്രചാരണതന്ത്രങ്ങളാണ് കോര്‍പറേറ്റ് മാധ്യമങ്ങളിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടന്നത്. മന്‍മോഹന്‍ സിങ്ങിനെക്കൊണ്ട് മൂലധനശക്തികള്‍ ചെയ്യിച്ചുവന്ന ആഗോളവല്‍ക്കരണ നടപടികള്‍ ജനങ്ങളിലുണ്ടാക്കിയ വെറുപ്പിനെ, തീവ്ര വലതുപക്ഷത്തെ ഉപയോഗിച്ച് കൊയ്തെടുക്കുകയെന്ന മൂലധനശക്തികളുടെ അജന്‍ഡയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയം കണ്ടത്. തങ്ങളുടെ അരുമയായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നിര്‍ദയം കൈയൊഴിയാനും തങ്ങളുടെ ഇപ്പോഴത്തെ വര്‍ഗതാല്‍പ്പര്യങ്ങള്‍ക്കായി ബലികൊടുക്കാനും ഒരു മടിയുമില്ലെന്ന് ഇന്ത്യന്‍ മുതലാളിത്തം തെളിയിച്ചു. അങ്ങനെ കഴുവേറ്റപ്പെട്ട പഴയ യജമാനന്റെ പ്രതിരൂപംമാത്രമാണ് രാഹുല്‍ഗാന്ധി. പുതിയ യജമാനന്റെ അപദാനങ്ങള്‍ വാഴ്ത്തികൊണ്ട് സാര്‍ഥവാഹകസംഘം മുന്നേറുന്നതാണ് മോഡിയെ സ്തുതിക്കുന്ന മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്.

ബിജെപിയും മോഡിയും 31 ശതമാനം വോട്ടുമാത്രമാണ് നേടിയത്. അര്‍ഹതയ്ക്കപ്പുറം അനുമോദനങ്ങള്‍ ചൊരിയുമ്പോള്‍, പുതിയ ഭരണസംവിധാനത്തിലെ ആര്‍എസ്എസിന്റെ പങ്ക് വിസ്മരിക്കരുത്. ജനാധിപത്യങ്ങളിലെ ജനവിധിയെ അംഗീകരിച്ചുകൊടുക്കുകയെന്നത് രാഷ്ട്രീയമര്യാദയാണ്. അതിന്റെ പേരില്‍ ആര്‍എസ്എസിന്റെ പ്രഹരശേഷിയെ കുറച്ചുകാണുന്നതാണ് വലിയ അപകടം.

1925 സെപ്തംബറില്‍ നാഗ്പുരില്‍ ജന്മമെടുത്ത ആര്‍എസ്എസ് ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ തല്‍പ്പരരായിരുന്നില്ല. വിദേശ ഭരണാധികാരികളെയല്ല വിദേശികളെന്ന് മുദ്രകുത്തുന്ന മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിവരെയാണ് നേരിടേണ്ടതെന്ന, ഗോള്‍വാള്‍ക്കറുടെ &ഹറൂൗീ;വിചാരധാരയാണ് അക്കാലത്ത് ആര്‍എസ്എസ് നടപ്പാക്കിയത്. ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയില്‍ എത്തിയ വിദേശികളായ മുസ്ലിങ്ങള്‍ക്ക് എതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പു വേളയില്‍ നരേന്ദ്രമോഡി ആക്രോശിക്കുകയുണ്ടായി. ബംഗ്ലാദേശില്‍നിന്നു വരുന്ന ഹിന്ദുക്കള്‍ക്ക് സ്വാഗതമരുളുകയുംചെയ്തു. ഹെഗ്ഡേവാറിന്റെ പിന്‍ഗാമിയായ ഗോള്‍വാള്‍ക്കറുടെ ഹിന്ദുരാഷ്ട്രസങ്കല്‍പ്പത്തിനു ചേരുന്ന വാക്കുകളാണ് മോഡിയുടെ ഈ പ്രസംഗത്തില്‍ കാണാനാകുന്നത്.

ഗോള്‍വാള്‍ക്കറുടെ നിര്‍ദേശമനുസരിച്ച് 1951 ഒക്ടോബര്‍ 21നാണ് ശ്യാമപ്രസാദ് മുഖര്‍ജി ജനസംഘം എന്ന രാഷ്ട്രീയ പാര്‍ടി രൂപീകരിച്ചത്. 1977ല്‍ ജനതാപാര്‍ടിയില്‍ ലയിച്ച ജനസംഘം, 1980 ഏപ്രില്‍ 5നാണ് ഭാരതീയ ജനതാ പാര്‍ടിയായി പുനര്‍ജനിച്ചത്. 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റും 7.4 ശതമാനം വോട്ടും ലഭിച്ച ബിജെപി 1989ല്‍ 89 സീറ്റും 11.4 ശതമാനം വോട്ടും നേടി. 1991ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 120 സീറ്റും 20.11 ശതമാനം വോട്ടും ബിജെപിക്കു കിട്ടി. 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെത്തുടര്‍ന്ന് രാഷ്ട്രീയമായി ഏറെ ഒറ്റപ്പെട്ടുവെങ്കിലും, 1996ല്‍ 161 സീറ്റും 21.24 ശതമാനം വോട്ടും ബിജെപിക്കു കിട്ടി. 1998ല്‍ 180 സീറ്റായി നില ഉയര്‍ന്നു. 26.6 ശതമാനം വോട്ടാണ് എന്‍ഡിഎ മുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ആ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത്. 1999ല്‍ 182 സീറ്റ് ലഭിച്ചപ്പോള്‍ വോട്ടിങ് ശതമാനം 23.7 ആയി കുറഞ്ഞു. 2004ല്‍ ബിജെപി മുന്നണി സര്‍ക്കാരിനെ ഇന്ത്യയിലെ ജനങ്ങള്‍ പുറത്താക്കിയത് ബിജെപിയുടെ ഭരണമികവ്&ൃറൂൗീ;ബോധ്യപ്പെട്ടതിനാലാണ്. വാജ്പേയി-അദ്വാനി ദ്വന്ദ്വത്തിന്റെ ജനാധിപത്യപരമായ നാട്യങ്ങള്‍ കൊണ്ട് കിതച്ചുനിന്ന ബിജെപിയെ 31 ശതമാനം വോട്ടിലേക്കും അവരുടെ കാലത്തുനിന്ന് നൂറു സീറ്റുകള്‍ അധികം നേടി കേവല ഭൂരിപക്ഷത്തിലേക്കും നയിക്കാനായിയെന്നതിന് നരേന്ദ്രമോഡിക്ക് അഭിമാനിക്കാം. എന്നാല്‍, ഗുജറാത്ത് കലാപത്തിന്റെ ഫലമായി വര്‍ഗീയതയുടെ വിളവെടുപ്പിന് ചാലുകീറിയൊരുക്കപ്പെട്ട പുതിയ മണ്ണിലാണ് മോഡി ഭരണത്തെപ്പറ്റിയുള്ള കെട്ടുകഥകള്‍ക്കുമേല്‍, ശക്തനായ ഭരണാധികാരിയെന്ന ബിംബവല്‍ക്കരണം നടത്തപ്പെട്ടത്. ഹിന്ദു-മുസ്ലിം ദ്വന്ദ്വമെന്ന സാമ്പ്രദായിക രീതികള്‍ക്കു പകരം ഹിന്ദുമതത്തിലെതന്നെ ജാതിയെ അടിസ്ഥാനമാക്കി ജാട്ട് -മുസ്ലിം ഭിന്നതയെന്ന നിലയില്‍ വര്‍ഗീയ ലഹളയ്ക്ക് പുത്തനാവിഷ്കാരം നല്‍കുന്നതില്‍ മുസഫര്‍പുരില്‍ ബിജെപി വിജയിക്കുകയും ചെയ്തു. ജാതിയെ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുകയെന്ന ബൂര്‍ഷ്വാ രീതിക്ക് പുതിയ മാനം നല്‍കി, ജാതിശക്തിയെ ഏകീകരിച്ച് വര്‍ഗീയ കലാപത്തിനുപയോഗിക്കുക എന്നതിലേക്ക് ഉത്തരേന്ത്യയെ മാറ്റിയെടുത്തതാണ് ബിജെപിയുടെ വിജയത്തിന്റെ രസതന്ത്രമായി മാറിയത്. ബിജെപിക്കാരുടെ സ്തുതിഗീതങ്ങളില്‍ മോഡി ശ്രീരാമനാണെങ്കില്‍ അമിത്ഷാ ലക്ഷ്മണനാണ്. അമിത്ഷായുടെ യുപി ദൗത്യത്തില്‍ അവിടെ അവതരിപ്പിക്കപ്പെട്ടത് ഒരു ജനാധിപത്യ ബദലായിരുന്നില്ല. മുസഫര്‍ നഗര്‍ കലാപവും അതില്‍ സര്‍വസ്വവും നഷ്ടപ്പെട്ട് ഹതാശരായ മുസ്ലിം ന്യൂനപക്ഷത്തിന്റെ അരക്ഷിതാവസ്ഥയിലുമാണ്, മോഡിമാജിക് (യഥാര്‍ഥത്തില്‍ അമിത്ഷാ) യുപിയില്‍ വിജയം കണ്ടത്. മതന്യൂനപക്ഷങ്ങളുടെ പാര്‍ലമെന്റിലെ പ്രാതിനിധ്യം ഏറ്റവും കുറഞ്ഞ് അതീവ ദുര്‍ബലമാക്കപ്പെട്ട ഈ ജനവിധി, ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ ഗുണകരമായ ഉണര്‍വാണെന്ന് കടുത്ത ശുഭാപ്തിവിശ്വാസികള്‍പോലും തെറ്റിദ്ധരിക്കയില്ല. അസമിലെ 4 ജില്ലകളില്‍ നടന്ന തീവ്രമായ വര്‍ഗീയ സംഘര്‍ഷങ്ങളും ഈ ധ്രുവീകരണ പ്രക്രിയക്ക് ആക്കം കൂട്ടി. എത്രയോ മനുഷ്യരുടെ ചോരയും കണ്ണീരും വീണ വഴികളിലൂടെയാണ് ബിജെപി കേവല ഭൂരിപക്ഷം നേടിയതെന്ന് വിജയപീഠത്തിലേറുമ്പോള്‍ ഊറി വീണ മോഡിയുടെ സന്തോഷക്കണ്ണീരില്‍ നാം മറന്നുപോകരുത്.

മതനിരപേക്ഷതയും ഇടതുപക്ഷവുമൊക്കെ മോഡിതരംഗത്തില്‍ പരാജിതരായിയെന്ന് മാധ്യമങ്ങള്‍ പറയുന്നു. നേതാക്കളെ വിചാരണചെയ്യാന്‍ പ്രതിക്കൂടുകള്‍ ഒരുക്കപ്പെടുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ആഗോളവല്‍ക്കരണ നയങ്ങളാണ്, പരാജയപ്പെട്ടത് എന്നതു മാത്രം സമര്‍ഥമായി മറച്ചുവയ്ക്കപ്പെടുന്നു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ പതിറ്റാണ്ടുകളായി പോരടിക്കുന്ന ഇടതുപക്ഷത്തിന് ജനങ്ങളിലുണ്ടായ അസംതൃപ്തിയെ മുതലെടുക്കാനായിട്ടില്ല എന്നത് വാസ്തവം. അതിന്റെ രാഷ്ട്രീയവും സംഘടനാപരവുമായ കുറവുകള്‍ ആഴത്തിലുള്ള വിശകലനം അര്‍ഹിക്കുന്നതുമാണ്. തീവ്ര വലതുപക്ഷ ശക്തികള്‍ക്ക് ജനരോഷത്തിന്റെ ഗുണഫലങ്ങള്‍ റാഞ്ചാനായിയെന്നത് സത്യമാണെങ്കിലും, മന്‍മോഹനേക്കാള്‍ മെച്ചപ്പെട്ടതൊന്നും മോഡിയുടെ സാമ്പത്തിക നയങ്ങളില്‍ പ്രതീക്ഷിക്കരുത്. ജനങ്ങളെ വിഭജിക്കുന്നതിന്റെ രാഷ്ട്രീയകലയില്‍, പുതിയ അടവുകളുമായി ഫാസിസം നിലനില്‍ക്കാനോ മുന്നേറാനോ ശ്രമിക്കും. ആര്‍എസ്എസിന്റെ അധികാരപര്‍വം ആരംഭിക്കുന്നതേയുള്ളു. മോഡിയുടെ വ്യക്തിപ്രഭാവത്തേക്കാളും ഫാസിസത്തിന്റെ തന്ത്രങ്ങളെക്കാളുമെല്ലാമുപരി യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കും വിലക്കയറ്റത്തിനും മറ്റ് ദുര്‍നയങ്ങള്‍ക്കുമെതിരായ ജനരോഷത്തിലാണ് ബിജെപിയുടെ വിജയത്തിന്റെ വഴിയൊരുക്കപ്പെട്ടത്. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ മറ്റൊരു ഭരണവിരുദ്ധ വികാരത്തള്ളലില്‍ ബിജെപി ജനവിധിക്ക് കീഴ്പ്പെട്ടുകൊടുക്കുമെന്ന് ധരിക്കരുത്. ജനങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തുന്നതിലും വികാരങ്ങളുയര്‍ത്തി ഉന്മാദത്തിലേക്ക് നയിക്കുന്നതിനും ഫാസിസത്തിനുള്ള കഴിവുകള്‍ അപാരമാണ്. ഫാസിസത്തിനെതിരായ സമരത്തിലാണ് ഇനി ജനാധിപത്യത്തിന്റെ ഭാവി കുടികൊള്ളുന്നത്. തൊഴിലാളി വര്‍ഗത്തിനും ഇടതുപക്ഷത്തിനും അതില്‍ വഹിക്കാനുള്ള പങ്ക് ചരിത്രപരമായിത്തന്നെ നിര്‍ണയിക്കപ്പെട്ടതാണ്. പ്രസക്തി നഷ്ടപ്പെട്ടുവെന്ന ശകാരങ്ങള്‍ കേട്ട് അരങ്ങൊഴിയാനല്ല, സമൂഹത്തിലെ വൈരുധ്യങ്ങളെ കണ്ടറിഞ്ഞ് ജനപക്ഷ രാഷ്ട്രീയത്തെ വികസിപ്പിക്കുകയെന്നതിലാണ് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ദൗത്യം കുടികൊള്ളുന്നത്.

*
അഡ്വ. കെ അനില്‍കുമാര്‍

Sunday, May 25, 2014

ഫാസിസം പടിവാതിലില്‍

"ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മോഡിയെ എതിര്‍ക്കുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടി വരും" -ഗിരിരാജ് സിങ് നെവാഡ ബിജെപി എംപി.

"ജൂതര്‍ക്കെതിരെയുള്ള എന്റെ നടപടി ദൈവത്തിന്റെ വിധിപ്രകാരമാണ്" -ഹിറ്റ്ലര്‍.

"ദൈവം ചിലരെ വിഷമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തെരഞ്ഞെടുക്കും. ഈ പ്രവൃത്തിക്കായി ദൈവമാണ് എന്നെയും തെരഞ്ഞെടുത്തിട്ടുള്ളത്" -മോഡി.

മതനിരപേക്ഷ ഇന്ത്യക്ക് അസ്വസ്ഥതയുടെ ദിനങ്ങളാണ് വരുന്നതെന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. എട്ട് വയസ്സ് മുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തകനായി തുടങ്ങി 2002ല്‍ ഗുജറാത്തിലെ വംശഹത്യക്ക് നേതൃത്വം നല്‍കിയ നരേന്ദ്രമോഡി പ്രധാനമന്ത്രിപദത്തിലേക്ക് എത്തുമ്പോള്‍ രാജ്യം ഫാസിസത്തിന്റെ പടിവാതില്‍ക്കലിലേക്ക് നീങ്ങുകയാണോ എന്ന സംശയം ഉയരുക സ്വാഭാവികം. സ്വന്തം രാഷ്ട്രീയ അധികാരം ഉറപ്പിക്കാന്‍ സ്വേഛാധിപത്യപരമായി ഏതറ്റംവരെയും പോകാന്‍ മടിക്കാത്ത നേതാവാണ് മോഡിയെന്ന്, അദ്ദേഹത്തിന്റെ സന്തത സഹചാരികള്‍ തന്നെ പറയുന്നു. ഗുജറാത്തില്‍ ആര്‍എസ്എസിന്റെ നോമിനിയായി, സംസ്ഥാന ബിജെപിയുടെ സംഘടനാകാര്യങ്ങള്‍ നോക്കുന്ന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വേളമുതലാണ് വര്‍ഗീയ ലഹളകളിലൂടെ അധികാരം ഉറപ്പിക്കാന്‍ കഴിയുമെന്ന് മോഡി തെളിയിച്ചത്. ഹിന്ദുത്വശക്തികള്‍ക്ക് ഗുജറാത്തില്‍ ആഴത്തില്‍ വേരുകള്‍ നല്‍കിയ മൂന്ന് വര്‍ഗീയ കലാപങ്ങള്‍ നടന്നത് ഇക്കാലത്തായിരുന്നു. 208 പേര്‍ കൊല്ലപ്പെട്ട 1985 ലെയും 219 പേര്‍ കൊല്ലപ്പെട്ട 1990 ലെയും 441 പേര്‍ കൊല്ലപ്പെട്ട 1992 ലെയും വര്‍ഗീയ കലാപങ്ങള്‍. 2002 ലെ വംശഹത്യയില്‍ രണ്ടായിരം പേരാണ് കൊല്ലപ്പെട്ടത്.

മുസോളിനിയുടെയും ഹിറ്റ്ലറുടെയും വരവിനെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണ് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിലും അവതരിപ്പിക്കപ്പെട്ടത്. ബിജെപി നേതാക്കള്‍ നടത്തിയ പ്രസംഗങ്ങള്‍ ഇതിന് ഉദാഹരണം. മുസഫര്‍നഗര്‍ കലാപത്തിന് വോട്ടിലൂടെ പ്രതികാരംചെയ്യാന്‍ അമിത്ഷാ പറഞ്ഞപ്പോഴും ഗിരിരാജ് സിങ് മോഡിവിരുദ്ധരോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞപ്പോഴും ഹിന്ദുക്കള്‍ താമസിക്കുന്നിടത്ത് മുസ്ലിങ്ങള്‍ വീട് വാങ്ങുന്നത് തടയുമെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞപ്പോഴും അത് തെറ്റാണെന്ന് പറയാന്‍ തയ്യാറാകാത്ത നേതാവാണ് മോഡി. അതിനെതിരെ നടപടിയെടുക്കാത്ത പാര്‍ടിയാണ് ബിജെപി.

മോഡിയുടെ വളര്‍ച്ചയിലുടനീളം എതിര്‍ക്കുന്നവരെ വെട്ടിനിരത്തുക എന്ന ഫാസിസ്റ്റ് രീതികാണാം. തന്നേക്കാള്‍ ബിജെപിയിലും ആര്‍എസ്എസിലും മുതിര്‍ന്നവരായ ശങ്കര്‍സിങ് വഗേലയെയും കേശുഭായ് പട്ടേലിനെയും ഒതുക്കിയാണ് മോഡി ഗുജറാത്തില്‍ മുഖ്യമന്ത്രിയായാത്. ആദ്യം കേശുഭായ് പട്ടേലിനെ ഉപയോഗിച്ച് വഗേലയെ പുകച്ച് പുറത്തു ചാടിച്ചു. കേന്ദ്രനേതൃത്വത്തെ ഉപയോഗിച്ചാണ് കേശുഭായ് പട്ടേലിനെ മാറ്റി ഗുജറാത്ത് മുഖ്യമന്ത്രിക്കസേരയിലെത്തിയത്. തനിക്കെതിരെ ഗുജറാത്തില്‍ നിലകൊണ്ട ഹരേന്‍ പാണ്ഡ്യ, ഗോര്‍ധന്‍ സദാഫിയ, സഞ്ജയ്ജോഷി എന്നിവരെയും ഒതുക്കി. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ കമീഷനില്‍ മോഡിക്കെതിരെ തെളിവ് നല്‍കിയതിനാണ് ഹരേന്‍ പാണ്ഡ്യയെന്ന പ്രമുഖ ബ്രാഹ്മണ നേതാവിനെ ആദ്യം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് മോഡിക്ക് നിയമസഭയിലെത്താന്‍ എല്ലിസ്ബ്രിഡ്ജ് മണ്ഡലം നല്‍കാത്ത ഹരേന്‍ പാണ്ഡ്യക്ക് 2002 ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു. പിന്നീട് അദ്ദേഹത്തെ വധിച്ചുവെന്നും ആരോപണമുയര്‍ന്നു. പാണ്ഡ്യയുടെ പിതാവ് വിത്തല്‍ഭായിയാണ് ഈ ആരോപണമുയര്‍ത്തിയത്. ആര്‍എസ്എസിന് ഇഷ്ടപ്പെട്ട നേതാവായ പാണ്ഡ്യയെ ബിജെപി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചുകൊണ്ടുള്ള ഫാക്സ് കൈപ്പറ്റിയ ദിവസമാണ്് ഈ കൊലപാതകം നടന്നത്. ഒരു സ്ത്രീയുമായുള്ള വിവാദ സിഡി പുറത്തിറക്കിയാണ് ബിജെപി സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി സഞ്ജയ് ജോഷിയെ ഒതുക്കിയത്. ഗോവര്‍ധന്‍ സഫാദിയയെയും മന്ത്രിസഭയില്‍നിന്നും പിന്നീട് പാര്‍ടിയില്‍ നിന്നും പുറത്താക്കി.

മോഡിയുടെ ഈ വെട്ടിയൊതുക്കല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും രാജ്യം കണ്ടു. മുതിര്‍ന്ന നേതാവായ അദ്വാനിയും മുരളീമനോഹര്‍ ജോഷിയുമായിരുന്നു പുതിയ ഇരകള്‍. ഗുജറാത്ത് കലാപം നടന്നപ്പോള്‍ സിഐഐ യോഗത്തില്‍ ഗോദ്റെജും ബജാജും മോഡിയെ വിമര്‍ശിച്ചപ്പോള്‍ സിഐഐയെത്തന്നെ ഗുജറാത്തില്‍ പിളര്‍ത്തി സിഐഐ ചെയര്‍മാന്‍ അരുണ്‍ ദാസിനെക്കൊണ്ട് മാപ്പ് പറയിച്ച വ്യക്തിയാണ് മോഡി. ഇതിനായി ഗൗതം അദനി, കര്‍സന്‍ പട്ടേല്‍(നിര്‍മ) എന്നിവരെക്കൊണ്ട് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഗുജറാത്ത് ഗ്രൂപ്പ് എന്ന സമാന്തര സംഘടനപോലും മോഡി ഉണ്ടാക്കി. തന്നെ അംഗീകരിക്കാത്തവരെ ഇല്ലാതാക്കുക എന്നത് മോഡിയെന്ന നേതാവിന്റെ ഏകാധിപത്യ പ്രവണതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സെപ്തംബര്‍ 15 മുതല്‍ ആരംഭിച്ച മോഡിയുടെ പ്രചാരണത്തിന്റെ രീതി നോക്കിയാലും ഇത് വ്യക്തമാകും. പ്രചാരണത്തിന്റെ കേന്ദ്രം മോഡിയെന്ന വ്യക്തിയായിരുന്നു. പാര്‍ടിക്ക് രണ്ടാം സ്ഥാനം മാത്രമാണുണ്ടായിരുന്നത്. പ്രചാരണത്തിലെ മുദ്രാവാക്യം "മോഡി സര്‍ക്കാര്‍" എന്നാണ് "ബിജെപി സര്‍ക്കാര്‍" എന്നായിരുന്നില്ല. സ്വാതന്ത്ര്യത്തിന് ശേഷമുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുന്ന ശക്തനായ നേതാവാണ് മോഡിയെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. 1930 കളില്‍ ജര്‍മനിയില്‍ ഹിറ്റ്ലറെ രക്ഷകനായി അവതരിപ്പിച്ചതുപോലെയാണ് മോഡിയെ ഈ തെരഞ്ഞെടുപ്പില്‍ അവതരിപ്പിച്ചത്. ഇറ്റലിയില്‍ മുസോളിനിയെ "കറുത്തകുപ്പായക്കാരും" ജര്‍മനിയില്‍ ഹിറ്റ്ലറെ"തവിട്ട് കുപ്പായക്കാരും" സഹായിച്ചതുപോലെ മോഡിയെ ആര്‍എസ്എസും ബജ്രംഗ്ദളും പ്രചാരണത്തിലുടനീളം സഹായിച്ചു. "ആര്‍എസ്എസ് തത്വശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്ന ആളായതുകൊണ്ടാണ്" സംഘടന ശക്തമായി രംഗത്തിറങ്ങുന്നതെന്ന് സര്‍സംഘചാലക് മോഹന്‍ ഭാഗവത് കഴിഞ്ഞവര്‍ഷം വ്യക്തമാക്കിയിരുന്നു. "സേച്ഛാധിപത്യ രീതിയിലാണ് പ്രവര്‍ത്തനമെങ്കിലും ഒരിക്കലും ആര്‍എസ്എസിന്റെ അടിസ്ഥാന ആശയങ്ങളെ മോഡി ചോദ്യംചെയ്തിട്ടില്ലെന്നും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാസിസത്തോടും ഫാസിസ്റ്റുകളോടും സംഘപരിവാറിനുള്ള ഇഷ്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്ഗേവാറുടെ അടുത്ത അനുയായിയായ ബി എസ് മൂഞ്ചെ മുസോളിനിയുമായും അവിടത്തെ ഫാസിസ്റ്റ് സംഘടനകളുമായും അടുത്ത ബന്ധം സ്ഥാപിക്കുകയും അവിടത്തെ മാതൃകയില്‍ ആര്‍എസ്എസിനെ മാറ്റിതീര്‍ക്കുകയുംചെയ്തു. ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ പാഠപുസ്തകത്തില്‍ ഈ ഭക്തി നിറഞ്ഞുതുളമ്പുന്നുണ്ട്. "ഏറ്റവും നല്ല സര്‍ക്കാര്‍രൂപം ഫാസിസമാണ്. ഏറ്റവും നല്ല നേതാവ് ഫാസിസ്റ്റാണ്." മോഡി പ്രധാനമന്ത്രിയാകുമ്പോള്‍ ഈ ഫാസിസ്റ്റ് ആരാധന കൂടുതല്‍ പാഠപുസ്തകങ്ങളിലേക്ക് വ്യാപിക്കും. മോഡിയെന്ന നേതാവിന് കൂടുതല്‍ ശക്തി പകരാന്‍ ഈ പാഠങ്ങള്‍ ഉപകരിക്കും.

ഗുജറാത്ത് വംശഹത്യയിലൂടെ വില്ലന്റെ പരിവേഷമുള്ള മോഡിക്ക് വീരനായകന്റെ പരിവേഷം നല്‍കിയത് രാജ്യത്തെ കോര്‍പറേറ്റുകളും അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുമാണ്. വര്‍ഗീയതുടെ മൂര്‍ത്തിമദ്ഭാവമായ മോഡിയെ സാമ്പത്തിക വികസനത്തിന്റെ അപ്പോസ്തലനായി ഉയര്‍ത്തിക്കാട്ടിയത് ടാറ്റയും അദാനിയുമാണ്. അവര്‍ നല്‍കിയ 10000 കോടി രൂപയാണ് മോഡിയെ മാര്‍ക്കറ്റ് ചെയ്യാനായി ഉപയോഗിച്ചത്. ഇത് സാമ്പത്തിക നയങ്ങളിലൂടെ തിരിച്ചുകൊടുക്കാന്‍ തുടങ്ങുമ്പോഴാണ് എന്‍ഡിഎ സര്‍ക്കാരിനും യുപിഎ സര്‍ക്കാരിന്റെ അതേ ഗതിയുണ്ടാവുക. ഇത് മറികടക്കാനാണ് പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ ദരിദ്രരുടെ സര്‍ക്കാരായിരിക്കും തന്റേതെന്ന് മോഡി പറഞ്ഞത്.

ജര്‍മനിയില്‍ ഹിറ്റ്ലര്‍ അധികാരമേറിയപ്പോള്‍ അദ്ദേഹത്തിന്റെ വളര്‍ച്ചയെ വിമര്‍ശനാത്മകമായി ചിത്രീകരിക്കുന്ന രണ്ട് കൃതികള്‍ പുറത്തിറങ്ങുകയുണ്ടായി. അതിലൊന്ന് ബ്രഹ്തോള്‍ഡ് ബ്രെഹ്തിന്റെ "റെസിസ്റ്റബിള്‍ റൈസ് ഓഫ് അര്‍ടുറോ ഉയി" എന്ന നാടകമായിരുന്നു. ഹിറ്റ്ലറുടെ വരവോടെ 1941 ല്‍ ജര്‍മനിയില്‍നിന്ന് രക്ഷപ്പെട്ട് അമേരിക്കയിലേക്ക് പോകവെ ഹെല്‍സിങ്കിയില്‍വച്ച് എഴുതിയ നാടകമായിരുന്നു ഇത്. മറ്റൊന്ന് 1935ല്‍ പ്രസിദ്ധീകരിച്ച അമേരിക്കന്‍ എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ സിംഗ്ളയര്‍ ലൂയിസിന്റെ "ഇറ്റ് കാന്റ് ഹാപ്പന്‍ ഹിയര്‍" എന്ന നോവലും. ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസ്താവ്യമായ കൃതികളാണിത്. ബ്രെഹ്തിന്റെ നാടകത്തിലും സിംഗ്ളയറുടെ നോവലിലും വിവരിക്കുന്നത് ഹിറ്റ്ലര്‍ക്ക് സമാനമായ ഫാസിസ്റ്റിനെക്കുറിച്ചാണ്. ഒരു ഗുണ്ടാനേതാവായ അര്‍ടുറോ ഉയിയിലൂടെ ഹിറ്റ്ലറെത്തന്നെയാണ് ബ്രഹ്ത് ചിത്രീകരിച്ചത്. ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങള്‍പോലും ഒരു ദൈവത്തെപ്പോലെ ഗുണ്ടാനേതാവിനെ ആദരിക്കുകയെന്ന പ്രതിഭാസത്തെക്കുറിച്ച് ബ്രെഹ്ത് പറയുന്നു. സിംഗ്ലയറുടെ നോവലില്‍ സാമൂഹ്യ-സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിച്ച ബ്രെസീലിയസ് വിന്‍ഡ്രിപ് എന്ന സെനറ്റര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തികഞ്ഞ ഏകാധിപതിയായി മാറുന്നതാണ് ചിത്രീകരിക്കുന്നത്. ജനകീയ പ്രതിഷേധം കൊണ്ടുമാത്രം ഉയിയെപ്പോലുള്ളവരെ തോല്‍പ്പിക്കാനാവില്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രങ്ങളും അതില്‍ പങ്കാളികളാകണമെന്നും ഈ കൃതികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ രണ്ട് കൃതികളും നല്‍കുന്ന സന്ദേശം മതനിരപേക്ഷ ഭരണഘടനയുടെ വൈവവിധ്യമാര്‍ന്ന സംസ്കാരത്തിന് ഭീഷണി ഉയര്‍ത്തുന്ന ഭരണസംവിധാനത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയുമെന്നുതന്നെയാണ്. എന്നാല്‍, അതിനായി മതനിരപേക്ഷശക്തികളുടെ യോജിച്ച ശ്രമം വേണമെന്നുമാത്രം.

*
വി ബി പരമേശ്വരന്‍

അത്ഭുതമൊന്നും സംഭവിക്കാനില്ല

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രധാന ദൗര്‍ബല്യങ്ങളിലൊന്ന്, തെരഞ്ഞെടുപ്പുകള്‍ ജനഹിതത്തിന്റെ യഥാര്‍ഥ പ്രതിഫലനമാവുന്നില്ല എന്നതാണ്. വോട്ടുചെയ്ത അറുപത്തൊമ്പതുശതമാനവും തിരസ്കരിച്ചിട്ടും 31 ശതമാനത്തിന്റെ പിന്തുണമാത്രം ലഭിച്ച ബിജെപി 282 സീറ്റുകളുമായി അധികാരത്തിലെത്തിയതില്‍ അതുതെളിയുന്നുണ്ട്. ആനുപാതികമായി പ്രാതിനിധ്യം നിശ്ചയിച്ചിരുന്നുവെങ്കില്‍, ലോക്സഭയില്‍ ബിജെപിക്ക് 169 സീറ്റിനാണര്‍ഹത എന്ന് "ദ ഹിന്ദു" പത്രം മെയ് 20ന്റെ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗൗരവമായി ചര്‍ച്ചചെയ്യേണ്ട വിഷയമാണത്. ആ ചര്‍ച്ച ഒരു വഴിക്കു നടക്കുമ്പോള്‍തന്നെ, നിലവിലുള്ള സംവിധാനത്തില്‍ ബിജെപി അധികാരത്തിലെത്തിയിരിക്കുന്നു എന്നത് വസ്തുതയാണ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന സര്‍ക്കാരിന്റെ നയപ്രഖ്യാപനവും നടപടികളും നോക്കിയാണ് അതിനെ വിലയിരുത്തേണ്ടത് എന്നുതന്നെ ഞങ്ങള്‍ കരുതുന്നു. അക്കാര്യത്തില്‍ മുന്‍വിധികള്‍ പാടില്ല എന്ന സമീപനം അംഗീകരിക്കുകയുംചെയ്യുന്നു. ഖേദകരമെന്നു പറയട്ടെ, ഔചിത്യത്തിന്റെയും രാഷ്ട്രീയ മര്യാദയുടെയും അത്തരം പരികല്‍പ്പനകളെയൊന്നും സാധൂകരിക്കുന്ന സൂചനകള്‍ ദൗര്‍ഭാഗ്യവശാല്‍ ബിജെപി നേതൃത്വത്തില്‍നിന്ന് ലഭ്യമല്ല.

കോണ്‍ഗ്രസിന്റേതില്‍നിന്ന് വിഭിന്നമായ സാമ്പത്തിക നയങ്ങള്‍ ബിജെപി മുന്നോട്ടുവച്ചിട്ടില്ല. നരേന്ദ്രമോഡി ഇന്നലെവരെ ഭരിച്ച ഗുജറാത്തില്‍നിന്ന് "പുതിയ ഇന്ത്യ"യ്ക്കുവേണ്ടിയുള്ള എന്തെങ്കിലും അനുഭവപാഠങ്ങള്‍ ഉള്‍ക്കൊള്ളാനുമില്ല. ഇന്ത്യന്‍ ജനാധിപത്യത്തെ ഇന്ന് നയിക്കുന്നത് കോര്‍പറേറ്റ് ശക്തികളാണ്. നവലിബറല്‍ നയങ്ങളുടെ സൗകര്യത്തിലും സഹായത്തിലും ചീര്‍ത്തുവളര്‍ന്ന കോര്‍പറേറ്റുകളുടെ സന്തതിയാണ് മോഡി. ഇന്നു കാണുന്ന മോഡി പ്രഭാവം കോര്‍പറേറ്റ് പരീക്ഷണശാലകളില്‍ ജന്മംകൊണ്ട പ്രചാരണ തന്ത്രങ്ങളുടെയും ഒഴുകിയ പണത്തിന്റെയും ഉല്‍പ്പന്നമാണ്. ആ ഉപകാരസ്മരണയില്‍ കവിഞ്ഞ ഒരു സാമ്പത്തിക നയം രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെന്നപോലെ മോഡിക്കും സാധ്യമല്ല. അതുകൊണ്ടുതന്നെ, കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കൊപ്പം തീവ്രവര്‍ഗീയതയുടെ ചേരുവയുമടങ്ങുന്ന ഭരണത്തിന്റെ നാളുകളാണ് മോഡിയില്‍നിന്ന് രാജ്യത്തിന് ലഭിക്കാന്‍ പോകുന്നതെന്ന യാഥാര്‍ഥ്യം അലംഘനീയമായി മുന്നില്‍ നില്‍ക്കുന്നു. ആര്‍എസ്എസും കോര്‍പറേറ്റുകളും ഒരേസമയം പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത് നരേന്ദ്രമോഡിയെയാണ് എന്നോര്‍ക്കണം.

ഗുജറാത്ത് "മാതൃക" ഉയര്‍ത്തിക്കാട്ടിയാണ് മോഡിക്ക് "വികാസ് പുരുഷ്" മുഖംമൂടി നല്‍കിയത്. മോഡിഭരണകാലത്ത് മുസ്ലിങ്ങളെയടക്കം എല്ലാവരെയും വികസനത്തിലേക്ക് നയിച്ചു എന്നാണ് പറഞ്ഞുപരത്തിയ ഒരു വിശേഷം. 2002ലേതൊഴിച്ച്, മോഡി ഭരണത്തില്‍ ഗുജറാത്ത് വര്‍ഗീയ ആക്രമണമുക്തമായിരുന്നു എന്നത് രണ്ടാമത്തേത്. രണ്ടും കല്ലുവച്ച നുണകളായിരുന്നു. വര്‍ഗീയ കലാപങ്ങളുടെ എണ്ണത്തില്‍ 2013 ല്‍ രാജ്യത്ത് ഏറ്റവും മുകളിലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. ആ വര്‍ഷം ഗുജറാത്തില്‍നിന്ന് 66 വര്‍ഗീയ അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2012 ല്‍ ഗുജറാത്തില്‍ 57 വര്‍ഗീയ ആക്രമണങ്ങളുണ്ടായി; അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ലോക്സഭയില്‍ 2012 ല്‍ അവതരിപ്പിച്ച കണക്കനുസരിച്ച് 2009 മാര്‍ച്ചിനും 2012 മാര്‍ച്ചിനും ഇടയില്‍ ഇന്ത്യയിലാകെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ 344 പേര്‍ കൊല്ലപ്പെട്ടതില്‍ 32 ജീവന്‍ പൊലിഞ്ഞത് ഗുജറാത്തിലാണ്. ഗുജറാത്ത് മാത്രമല്ല, ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും അവസ്ഥയാണിത്.

ഒരു മാന്ത്രികവടിയും തന്റെ കൈയിലുണ്ടെന്ന് നരേന്ദമോഡി ഇന്നുവരെ തെളിയിച്ചിട്ടില്ല- വര്‍ഗീയതയുടേതും നൃശംസതയുടേതുമല്ലാതെ.

കോര്‍പറേറ്റുകള്‍ക്ക് വന്‍തോതില്‍ ഇളവുകള്‍ നല്‍കിയതാണ് ഗുജറാത്ത് മാതൃകാ വികസനം. അവിടെ വിദ്യാഭ്യാസ-ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഫണ്ടില്ല. പ്രധാനപ്പെട്ട സാമൂഹിക മേഖലാ പദ്ധതികളിലെല്ലാം പൊതുചെലവു വെട്ടിക്കുറച്ചു. 17 പ്രധാന സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസത്തിന് പണം ചെലവഴിക്കുന്ന കാര്യത്തില്‍ ഗുജറാത്തിന് 14-ാം സ്ഥാനം. മോഡിയുടെ 10 വര്‍ഷ ഭരണത്തില്‍ വിദ്യാഭ്യാസരംഗത്തെ ശരാശരി ചെലവ് മൊത്തം ചെലവിന്റെ 13.2 ശതമാനംമാത്രം. അഖിലേന്ത്യാ ശരാശരി 14.8 ശതമാനമാണ്. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് ഗുജറാത്തില്‍ 58 ശതമാനമാണ്. അഖിലേന്ത്യാ ശരാശരിയാവട്ടെ 49 ശതമാനവും. ആരോഗ്യരംഗത്തെ്, 17 വലിയ സംസ്ഥാനങ്ങളെടുത്താല്‍ ഗുജറാത്ത് 16-ാം സ്ഥാനത്താണ്. മോഡിയെ ഒരു "വികസ" നായകനായി സ്ഥാപിക്കുന്നവര്‍ വീമ്പുപറയുന്നതിലെ ഏതാനും പൊള്ളത്തരങ്ങള്‍ മാത്രമാണിത്. ഗുജറാത്തിന്റെ യഥാര്‍ഥ ചിത്രം അതിന്റെ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള സ്ത്രീ-പുരുഷന്മാരെ നിര്‍ലജ്ജമായി ചൂഷണംചെയ്യുന്ന ഒന്നാണ്. മത വിദ്വേഷത്തിന്റെയും കോര്‍പറേറ്റ് പ്രചാരണ തന്ത്രങ്ങളുടെയും മറവില്‍ ഈ വസ്തുതകളെ മറച്ചുവച്ചുള്ള കെട്ടിയാട്ടമാണ്, ഇന്ന് കാണുന്ന മോഡിപ്രഭാവം. ഗുജറാത്തിലെ മുണ്‍ട്രോ തുറമുഖത്തിനും മുണ്ട്ര പ്രത്യേക സാമ്പത്തിക മേഖലയ്ക്കുമായി 6700 ഹെക്ടര്‍ ഭൂമി അദാനി ഗ്രൂപ്പിന് നല്‍കി ഖജനാവിന് പതിനായിരം കോടി രൂപ നഷ്ടപ്പെടുത്തിയ നരേന്ദമോഡി, അഞ്ചരലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയ യുപിഎയില്‍നിന്ന് വ്യത്യസ്തമായ ഒന്നുംതന്നെ പ്രസരിപ്പിക്കുന്നില്ല- വര്‍ഗീയതയുടെ ഭീകരദൃശ്യങ്ങളൊഴിച്ച്. യുപിഎ സര്‍ക്കാരിനെതിരായ ജനരോഷത്തെ മുതലെടുത്ത് ദേശീയതലത്തില്‍ അധികാരം പിടിച്ചെടുത്ത ആര്‍എസ്എസ് നരേന്ദമോഡിയുടെ നേതൃത്വത്തില്‍ ദിവ്യാത്ഭുത പ്രകടനമൊന്നും നടത്താന്‍ പോകുന്നില്ല എന്ന് തെളിയിക്കുന്ന വസ്തുതകളാണിത്. അതുകൊണ്ടുതന്നെ, മോഡിഭരണത്തെക്കുറിച്ച് പ്രതീക്ഷയും പ്രത്യാശയുമൊന്നും വച്ചുപുലര്‍ത്താനില്ല. മതനിരപേക്ഷ ശക്തികളുടെ കരുത്ത് വര്‍ധിപ്പിക്കുക-അപകടങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുക എന്നതുമാത്രമാണ് വരുംനാളുകളിലെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇന്ത്യന്‍ ജനതയ്ക്കുമുന്നിലുള്ള മാര്‍ഗം.
*
deshabhimani

Saturday, May 17, 2014

നരമേധത്തിലൂടെ നരേന്ദ്രനായി...

ഗുജറാത്ത് വംശഹത്യയിലൂടെ ചരിത്രം കടുംകറുത്തനിറത്തില്‍ അടയാളപ്പെടുത്തിയ ഒരു പേരാണ് നരേന്ദ്ര ദാമോര്‍ദാസ് മോഡി. ഒരിക്കലും വിട്ടകലാത്ത വിവാദങ്ങളിലൂടെയും തീവ്രഹിന്ദുത്വ നിലപാടുകളിലൂടെയും കോടികള്‍ മുടക്കിയുള്ള "മുഖം മിനുക്കലുകളിലൂടെയും" കഴുകിക്കളയാനാവാത്ത ചോരക്കറയുമായാണ് മോഡി ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അമരക്കാരനാവുന്നത്. എല്‍ കെ അദ്വാനിയും രാജ്നാഥ് സിങ്ങും സുഷമ സ്വരാജും ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെ കളത്തില്‍നിന്ന് വെട്ടിമാറ്റി മോഡി പാര്‍ടിയെ കൈപ്പിടിയില്‍ ഒതുക്കി. കുത്തകമാധ്യമങ്ങളെ പാദസേവകരാക്കി. ഹൈടെക് പ്രചാരണത്തിന്റെ ആകാശസാധ്യതകള്‍ ഫലപ്രദമായി വിനിയോഗിച്ചു.

ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവാന്‍ പോവുന്നത് "മോഡി തരംഗ" മാണെന്ന പുകമറ സൃഷ്ടിക്കാന്‍ മാസങ്ങള്‍ക്കുമുമ്പേ അദ്ദേഹത്തിന് കഴിഞ്ഞു. രാഹുല്‍ ഗാന്ധിയെപ്പോലെ ദുര്‍ബലനായ ഒരു എതിരാളി കൂടിയായതോടെ തെരഞ്ഞെടുപ്പ് കുട്ടിക്കളിപോലെയാവുമെന്ന് രാഷ്ട്രീയപണ്ഡിതര്‍ വിലയിരുത്തി. വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിരപരാധികളെ കൊന്നുതള്ളിയ കേസുകളില്‍ പാടുപെട്ട് സംഘടിപ്പിച്ചെടുത്ത ക്ലീന്‍ ചിറ്റുകള്‍ തന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടാക്കി. എന്നാല്‍, ഗുജറാത്ത് വികസനമാതൃകയുടെ പൊള്ളത്തരങ്ങള്‍ ഓരോന്നായി പുറത്തുവന്നത് തിരിച്ചടിയായി. ഗുജറാത്ത് സ്വദേശിയും ആര്‍ക്കിടെക്ടുമായ യുവതിയെ ഉന്നത പൊലീസ് വൃന്ദത്തിന്റെ സഹായത്തോടെ നിരീക്ഷിച്ച സംഭവവും സര്‍വസൈന്യാധിപന്‍ അമിത്ഷായുമായുള്ള ഇടപാടുകളും വെളിപ്പെട്ടതോടെ മോഡി പ്രതിരോധത്തിലായി. ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താനുള്ള കരുനീക്കങ്ങള്‍ പാളിയതോടെ പരിഹാസ്യനുമായി.

ആകസ്മികതകളും കെട്ടുകഥകളും ഗൂഢാലോചനകളും ഗീബല്‍സിയന്‍ തന്ത്രങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്നതാണ് അറുപത്തിമൂന്നുകാരനായ മോഡിയുടെ രാഷ്ട്രീയജീവിതം. ദാമോദര്‍ ദാസ് മുല്‍ചന്ദ് മോഡിയുടെയും ഹീരാബെന്നിന്റെയും ആറുമക്കളില്‍ മൂന്നാമനായി 1950 സെപ്തംബര്‍ 17ന് ഗുജറാത്തിലെ വാധ്നഗറില്‍ ജനിച്ചു. കുട്ടിക്കാലത്ത് ചായക്കച്ചവടക്കാരനായ പിതാവിന്റെ സഹായി. വാധ്നഗര്‍ റെയില്‍വേ സ്റ്റേഷനിലും ട്രെയിനുകളിലും ചായ വിറ്റു നടന്ന കുട്ടിക്കാലത്തിന് ശേഷം സഹോദരന്റെ സഹായത്തോടെ ബസ്സ്റ്റാന്‍ഡിനടുത്ത് സ്വന്തം കട നടത്തി. സ്കൂളില്‍ ശരാശരി വിദ്യാര്‍ഥി മാത്രമായിരുന്നു മോഡിയെന്ന് അധ്യാപകര്‍ ഓര്‍ക്കുന്നു.

1971ലെ ഇന്ത്യ- പാക് യുദ്ധത്തിന് ശേഷമാണ് ആര്‍എസ്എസ് പ്രവര്‍ത്തകനാവുന്നത്. 1985ല്‍ ബിജെപിയില്‍. ഹെഡ്ഗേവാര്‍ ഭവനിലെത്തുന്ന നേതാക്കള്‍ക്ക് ചായ എത്തിച്ചുകൊടുക്കലായിരുന്നു ആദ്യചുമതല. പത്തു മുറിയുള്ള ഹെഡ്ഗേവാര്‍ ഭവനം വൃത്തിയാക്കേണ്ടതും മോഡിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് വേഷം മാറിയും മറ്റും സംഘടനാചുമതല നിറവേറ്റി മോഡി സംഘാടന പാടവം തെളിയിച്ചു.

1986ലെ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണമുള്‍പ്പെടെയുള്ള ചുമതലകള്‍ ഏറ്റെടുത്ത് മോഡി നേതാക്കള്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചുപറ്റി. തുടര്‍ന്ന് ബിജെപിയുടെ ഗുജറാത്തിലെ സംഘടനാസെക്രട്ടറിയായി. എല്‍ കെ അദ്വാനിയുടെ രഥയാത്രയിലും മുരളി മനോഹര്‍ ജോഷിയുടെ ഏകതായാത്രയിലും നിര്‍ണായകചുമതല വിജയകരമായി നിറവേറ്റി. ബിജെപി ജനറല്‍സെക്രട്ടറിയായതോടെ ഡല്‍ഹിയിലേക്ക് പ്രവര്‍ത്തനമണ്ഡലം വ്യാപിപ്പിച്ചു. ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

1996 ലോക്സഭ തെരഞ്ഞെടുപ്പ് തോറ്റതിനെത്തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ക്കിടയില്‍ ശങ്കര്‍സിങ് വഗേലയെ പുറത്താക്കിയതോടെ മോഡിയുടെ ഊഴമായി. 1998ല്‍ അദ്ദേഹം ബിജെപി ദേശീയ സെക്രട്ടറി. രാഷ്ട്രീയത്തില്‍ പുതുക്കക്കാരനായ മോഡിയുടെ പരിചയക്കുറവും മറ്റും ചൂണ്ടിക്കാണിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി ഈ നിയമനം ചോദ്യംചെയ്തു. കേശുഭായ് പട്ടേല്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയാകാന്‍ താല്‍പ്പര്യമില്ലെന്ന് പാര്‍ടി നേതൃത്വത്തെ അറിയിച്ച മോഡി ഗുജറാത്തില്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനാണ് ആഗ്രഹമെന്ന് അറിയിച്ചു. 2001 ഒക്ടോബര്‍ ഏഴിന് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റു.

2002 ഫെബ്രുവരി 27ന് ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന് തീപിടിച്ചത് മുതലെടുത്ത് ഗുജറാത്തില്‍ സംഘപരിവാര്‍ നടത്തിയ വംശഹത്യ മോഡിയുടെ കാര്‍മികത്വത്തിലായിരുന്നു. ഇതില്‍ മോഡിക്കും സര്‍ക്കാരിനുമുള്ള പങ്കാളിത്തം മനുഷ്യാവകാശസംഘടനകളുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും വിമര്‍ശങ്ങള്‍ക്കിടയാക്കി. നരേന്ദ്രമോഡിക്ക് അഡോള്‍ഫ് ഹിറ്റ്ലറിനുണ്ടായിരുന്ന ഭീകരതയുടെ പരിവേഷം ചാര്‍ത്തിക്കൊടുത്തു. 2009ല്‍ മോഡിയുടെയും കൂട്ടാളികളുടെയും പങ്കാളിത്തം അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഗുജറാത്ത് കലാപത്തിലും ഗുല്‍ബര്‍ഗ കൂട്ടക്കൊല ഉള്‍പ്പെടെയുള്ള സംഭവങ്ങളിലും അദ്ദേഹത്തിന്റെ പങ്കാളിത്തം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് 2010 ഡിസംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

സുപ്രീംകോടതി നിയമിച്ച അമിക്കസ്ക്യൂറി രാജു രാമചന്ദ്രന്‍ വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് മോഡിയെ വേണമെങ്കില്‍ പ്രോസിക്യൂട്ട് ചെയ്യാമെന്ന് അറിയിച്ചു. കലാപത്തില്‍ മോഡിയുടെ ഇടപെടല്‍ വ്യക്തമാക്കുന്ന മൊഴി നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെതിരായ ഗുജറാത്ത് സര്‍ക്കാരിന്റെ ശത്രുതാപരമായ നിലപാടുകളും അക്കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടു. നരോദപാട്യയിലെ കലാപത്തിന് നേതൃത്വം വഹിച്ചതിന് മോഡിയുടെ അടുത്ത അനുയായിയും മന്ത്രിയുമായ മായ കൊഡ്നാനിയെ കോടതി ശിക്ഷിച്ചതും തിരിച്ചടിയായി. കലാപത്തിന്റെ മുറിവുകളും മുസ്ലിം വിരുദ്ധനടപടികളും കുപ്രസിദ്ധനാക്കിയെങ്കിലും 2002ല്‍ മോഡി മുഖ്യമന്ത്രിസ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ഗുജറാത്ത് മോഡല്‍ എന്ന് വ്യാപകപ്രചാരണം ലഭിച്ച ചില പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. കോര്‍പറേറ്റ് മാധ്യമങ്ങളിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെയും വികസനായകന്‍ എന്ന പ്രതിച്ഛായ സൃഷ്ടിക്കാനായി. അതേസമയം മുസ്ലിംവിരുദ്ധ നിലപാടുകള്‍ മോഡിക്ക് വീണ്ടും തലവേദനയായി. പൗരന്മാരെ വേര്‍തിരിച്ചു കാണാന്‍ ശ്രമിക്കരുതെന്ന് അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയെക്കൊണ്ടു പോലും പറയിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ നീങ്ങി. 2007ല്‍ മോഡി വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രി. അന്നു മുതല്‍ പ്രധാനമന്ത്രി പദം അദ്ദേഹം സ്വപ്നം കാണാന്‍ തുടങ്ങിയെന്ന് എതിരാളികള്‍ പറയുന്നു. 2012ല്‍ നാലാമതും മുഖ്യമന്ത്രിയായതോടെ മോഡി ഇന്ത്യയുടെ ഭാവിപ്രധാനമന്ത്രി എന്ന തരത്തിലുള്ള പ്രചാരണത്തിന് ആക്കം കൂടി.

16-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍നിന്നും ഗാന്ധിനഗറില്‍നിന്നും ജനവിധി തേടിയ മോഡിയെ വിവാദങ്ങള്‍ വിട്ടൊഴിഞ്ഞില്ല. മോഡിയുടെ ബ്രഹ്മചര്യവ്രതമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയെന്ന് ബിജെപി പ്രവര്‍ത്തകരും അനുയായികളും പ്രചരിപ്പിക്കുന്നതിനിടെ ഗുജറാത്തിലെ ഒരു ഗ്രാമത്തിലെ യശോദ ബെന്‍, മോഡി വിവാഹം ചെയ്തെന്ന വാര്‍ത്തകള്‍ പ്രചരിച്ചു. മൗനം പാലിച്ച മോഡി നാമനിര്‍ദേശ പത്രികയില്‍ യശോദ ബെന്‍ ഭാര്യയാണെന്ന് വെളിപ്പെടുത്തി. സ്വന്തം ഭാര്യയെപ്പോലും നോക്കാന്‍ കഴിയാത്ത ആളെയാണോ ബിജെപി രാജ്യഭാരം ഏല്‍പ്പിക്കാന്‍ പോവുന്നതെന്ന് കോണ്‍ഗ്രസും മറ്റ് പാര്‍ടികളും വിമര്‍ശിച്ചു. വംശഹത്യകളുടെയും വഞ്ചനകളുടെയും വ്യാജപ്രചാരണങ്ങളുടെയും ചിറകിലേറി പറന്ന് നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായ കഥ രാഷ്ട്രീയക്കാര്‍ക്കും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു പാഠപുസ്തകമാകുമെന്ന കാര്യത്തില്‍ സംശയമില്ല...
*
ദേശാഭിമാനി

Sunday, May 4, 2014

ജനാധിപത്യത്തിന്റെ "മോഡി മോഡല്‍"

അക്രമോത്സുക ഹിന്ദുത്വത്തിന്റെയും വന്‍കിട കോര്‍പറേറ്റ് പിന്തുണയുടെയും സംയുക്ത ഉല്‍പ്പന്നമായ നരേന്ദ്രമോഡി, ഇന്ത്യയുടെ ജനാധിപത്യഭരണസംവിധാനത്തെ എങ്ങനെ കാണുന്നു എന്ന് വ്യക്തമാക്കിത്തരുന്നതാണ് ഏഴാംഘട്ടവോട്ടെടുപ്പ് നടന്ന ഏപ്രില്‍ 30ന് ഗുജറാത്ത് ഗാന്ധിനഗറിലെ പോളിങ് ബൂത്തില്‍ അദ്ദേഹം നടത്തിയ പ്രകടനം. സംഘപരിവാര്‍ ശക്തികള്‍ കൊട്ടിഘോഷിക്കുന്ന ഗുജറാത്ത് മാതൃകയുടെ മറ്റൊരുദാഹരണമാണത്. മോഡിയും ആജ്ഞാനുവര്‍ത്തികളും ചേര്‍ന്ന് പിന്‍നിരയിലേക്ക് തള്ളിനീക്കിയ എല്‍ കെ അദ്വാനി ജനവിധി തേടിയ ഗാന്ധിനഗറില്‍ വോട്ട് രേഖപ്പെടുത്തിയശേഷമായിരുന്നു ആ പ്രകടനം എന്നതും ശ്രദ്ധേയം. ജനപ്രാതിനിധ്യനിയമത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെക്കുറിച്ചുമുള്ള അജ്ഞതയല്ല മറിച്ച്, ഇതിന്റെയൊന്നും പരിധിയില്‍ നില്‍ക്കാന്‍ തന്നെ കിട്ടില്ല എന്ന "വിജ്ഞാ"മാണ് ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി പ്രഖ്യാപിച്ചത്.

വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ മോഡി 17 മിനിറ്റോളം നീണ്ട വാര്‍ത്താസമ്മേളനം നടത്തി. ഈ സമയമത്രയും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയുടെ മാതൃക ഉയര്‍ത്തിപ്പിടിച്ചു. മഷിപുരട്ടിയ വിരല്‍ ഉയര്‍ത്തി താമരയടക്കം ഉള്‍പ്പെടുത്തി മൊബൈലില്‍ സ്വന്തം ചിത്ര(സെല്‍ഫി)വുമെടുത്തു. അത് ട്വിറ്ററിലിടുകയും ചെയ്തു. ഈ പ്രകടനമെല്ലാം ദൃശ്യമാധ്യമങ്ങള്‍ ഒട്ടുംവിടാതെ പകര്‍ത്തി. 1951ലെ ജനപ്രാതിനിധ്യനിയമത്തിന്റെ 126ഒന്ന്(എ), 126 ഒന്ന്(ബി) വകുപ്പുകള്‍ മോഡി ലംഘിച്ചതായി വിലയിരുത്തിയ തെരഞ്ഞെടുപ്പ് കമീഷന്‍ ഭരണഘടനയുടെ 324-ാം അനുഛേദപ്രകാരം തെരഞ്ഞെടുപ്പ് കമീഷനുള്ള അധികാരമുപയോഗിച്ച് മോഡിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ് നല്‍കി. പരസ്യപ്രചാരണം പാടില്ലാത്ത ഘട്ടത്തില്‍ പൊതുജനങ്ങളെ അഭിമുഖീകരിച്ചതിനാണ് 126 ഒന്ന് എ പ്രകാരം കേസ്. തെരഞ്ഞെടുപ്പ് പ്രചാരണസാമഗ്രികള്‍ പ്രദര്‍ശിപ്പിച്ചതിനാണ് 126 ഒന്ന്(ബി) പ്രകാരം കേസ്. രണ്ടുവര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് മോഡിയുടേത്. മോഡിയുടെ നിയമവിരുദ്ധനടപടി സംപ്രേഷണംചെയ്യുകവഴി മറ്റുള്ളവരെ നിയമലംഘനത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് 126(3) വകുപ്പനുസരിച്ച് ചാനലുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും കമീഷന്‍ നിര്‍ദേശിച്ചു.

വോട്ട് ചെയ്ത് ഇറങ്ങുന്ന നേതാക്കളെ മാധ്യമങ്ങള്‍ സമീപിക്കുന്നത് പതിവാണ്. അവര്‍ ഒന്നോരണ്ടോ വാക്കുകളില്‍ അഭിപ്രായപ്രകടനം നടത്തുന്നതും പുതിയകാര്യമല്ല. നാട്ടില്‍ നിലനില്‍ക്കുന്ന വ്യവസ്ഥകളെ അംഗീകരിച്ചാണ് രാഷ്ട്രീയപാര്‍ടി നേതാക്കള്‍ ഈ സമീപനം സ്വീകരിക്കുന്നത്. എന്നാല്‍, മോഡിക്ക് ഇതൊന്നും ബാധകമല്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ജനപ്രാതിനിധ്യനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും മോഡി നഗ്നമായി ലംഘിച്ചു എന്ന് വ്യക്തമാക്കിയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ കേസെടുക്കാന്‍ ഉത്തരവ് നല്‍കിയത്. രണ്ട് എഫ്ഐആര്‍ മോഡിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജീവിതത്തിലെ ആദ്യ എഫ്ഐആറാണിതെന്നുപറഞ്ഞ മോഡി, ജനങ്ങള്‍ക്കുനേരെ ഒരു താമര ഉയര്‍ത്തിക്കാട്ടുകമാത്രമേ താന്‍ ചെയ്തിട്ടുള്ളൂ എന്ന ന്യായീകരണത്തിനും മുതിര്‍ന്നു. മോഡിയുടെ കുറ്റകൃത്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഇപ്പോള്‍ നടപടിയെടുത്തത് വളരെ നിസ്സാരമായ കുറ്റത്തിനാണ് എന്നതില്‍ സംശയമില്ല. മോഡിയുടെ രാഷ്ട്രീയതത്വസംഹിതയില്‍ ജനാധിപത്യത്തിന് സ്ഥാനമൊന്നുമില്ല. വര്‍ഗീയാധിപത്യത്തിന്റെയും ധനാധിപത്യത്തിന്റെയും മോഡലുകളേ തന്റെ കൈയിലുള്ളൂ എന്ന് മോഡി തെളിയിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം, മതനിരപേക്ഷത, പൗരന്മാരുടെ സംരക്ഷണം, നാടിന്റെ വികസനം എന്നിവയ്ക്കൊക്കെ ആവശ്യത്തിലേറെയുണ്ട് "മോഡിമാതൃക"കള്‍. ഗര്‍ഭിണിയുടെ വയര്‍ കുത്തിക്കീറി ഭ്രൂണം ത്രിശൂലത്തില്‍ കോര്‍ത്താണ് മോഡിയുടെ കാവിപ്പട ലോകത്തിന് മതനിരപേക്ഷതയുടെ "മാതൃക" കാണിച്ചുകൊടുത്തത്. വികസനം, സദ്ഭരണം എന്നിവയെക്കുറിച്ച് മോഡി നടത്തുന്ന പ്രഖ്യാപനങ്ങള്‍ കണ്ണില്‍പൊടിയിടല്‍ മാത്രമാണെന്ന് ഔദ്യോഗിക രേഖകള്‍തന്നെ വ്യക്തമാക്കുന്നുണ്ട്.

ഹിന്ദുത്വ സങ്കുചിതവാദവും വര്‍ഗീയസ്വഭാവവുമാണ് അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉള്ളടക്കം. തുടര്‍ച്ചയായ പ്രസ്താവനകളിലൂടെ മോഡിയുടെ അനുയായികള്‍ രാജ്യത്ത് വിദ്വേഷത്തിന്റെ തീകൊളുത്തിക്കൊണ്ടേയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമീഷന്റെ വിലക്കും നടപടിയുമൊക്കെ മുറയ്ക്കുണ്ടാകുന്നുണ്ടെങ്കിലും മോഡിസംഘത്തിന് തെല്ലും കൂസലില്ല. ബിജെപി നേതാവും ബിഹാര്‍ നവാഡയിലെ സ്ഥാനാര്‍ഥിയുമായ ഗിരിരാജ് സിങ് നരേന്ദ്രമോഡിയെ തടയാന്‍ ശ്രമിക്കുന്നവരെ "പിന്തുണയ്ക്കായി പാകിസ്ഥാനിലേക്ക് നോക്കുന്നവരായാണ"് വിശേഷിപ്പിച്ചത്. ഒരു പടികൂടി കടന്ന് അത്തരക്കാരുടെ സ്ഥാനം പാകിസ്ഥാനിലായിരിക്കുമെന്ന ഭീഷണിയും മുഴക്കി ഗിരിരാജ് സിങ്. മോഡിയുടെ വലംകൈയായ അമിത്ഷാ മുസഫര്‍നഗറില്‍ ആഹ്വാനം ചെയ്തത് മാനം രക്ഷിക്കാന്‍ മുസ്ലിങ്ങളോട് പ്രതികാരംചെയ്യണമെന്നാണ്. വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയാകട്ടെ, ഗുജറാത്തിലെ ഭാവ്നഗറില്‍ വീട് വാങ്ങിയ മുസ്ലിം ബിസിനസുകാരനോട് 48 മണിക്കൂറിനുള്ളില്‍ അതുപേക്ഷിച്ച് പോകാന്‍ അന്ത്യശാസനം നല്‍കി. ഹിന്ദുമേഖലയില്‍ മുസ്ലിങ്ങള്‍ക്ക് വീടുവയ്ക്കാന്‍ അവകാശമില്ലെന്ന് പ്രഖ്യാപിച്ച തൊഗാഡിയ മുസ്ലിങ്ങള്‍ക്ക് വീടും ഭൂമിയും നല്‍കാന്‍ പാടില്ലെന്ന് ഭീഷണിയുമുയര്‍ത്തി. മുംബൈയിലെ റാലിയില്‍ ശിവസേനാനേതാവ് രാംദാംസ് കതം, മോശമായി പെരുമാറുന്ന മുസ്ലിങ്ങളെ നരേന്ദ്രമോഡി ഒരു പാഠംപഠിപ്പിക്കുമെന്ന് പറയുമ്പോള്‍ മോഡിയും തൊട്ടടുത്തുണ്ടായിരുന്നു. മോഡിയുടെയും ബിജെപിയുടെയും രാഷ്ട്രീയത്തിന്റെ തുറന്നുകാട്ടലാണിതെല്ലാം. ഇതൊക്കെ വ്യക്തിപരമായ അഭിപ്രായപ്രകടനമായി ലഘൂകരിക്കാനും ന്യായീകരിക്കാനും ബിജെപി പാടുപെടുന്നതിനിടയിലാണ് വര്‍ഗീയവിദ്വേഷം ആളിക്കത്തിക്കാന്‍ ഇവരെ കയറൂരിവിട്ട മോഡിയും തനിനിറം പ്രകടിപ്പിക്കുന്നത്. പശ്ചിമബംഗാളിലെ സെറാംപുരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ മോഡി പ്രസംഗിച്ചത്, മെയ് 16നുശേഷം നാട്ടിലേക്ക് മടങ്ങാന്‍ ബംഗ്ലാദേശികള്‍ പെട്ടിയും കിടക്കയും എടുത്ത് ഒരുങ്ങിക്കൊള്ളണം എന്നാണ്്. മോഡിക്കും സംഘപരിവാറിനും കീഴിലായാല്‍ രാജ്യത്തിന്റെ അവസ്ഥ എന്തായിരിക്കും എന്നതിന്റെ മുന്നറിയിപ്പാണിതെല്ലാം. സ്വേഛാധിപത്യത്തിന്റെ നിഴലുകളാണ് മോഡിയും കൂട്ടരും രാജ്യത്തിനുമേല്‍ വിരിക്കുന്നത്. ജനാധിപത്യ-മതനിരപേക്ഷശക്തികളുടെ നിതാന്തജാഗ്രത എത്രമേല്‍ അനിവാര്യമാണെന്നതിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.
*
deshabhimani editorial

Tuesday, April 29, 2014

അടിച്ചമര്‍ത്തിയോ " ശാക്തീകരണം"

സ്ത്രീ ശാക്തീകരണത്തെക്കുറിച്ചാണ് നരേന്ദ്രമോഡി പറയുന്നത്. ഗുജറാത്തിലെ സ്ത്രീകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ പിന്തുണ ആര്‍ജിക്കാനുള്ള ശ്രമം ഇരുകൂട്ടരും തുടക്കംമുതല്‍ നടത്തുകയാണ്. രാജ്യത്തെ സ്ത്രീകള്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് കോണ്‍ഗ്രസിനും ബിജെപിക്കും തുല്യഉത്തരവാദിത്തമുണ്ട്. സ്ത്രീകള്‍ ചെയ്യുന്ന ജോലികള്‍ കൂടുതല്‍ അദൃശ്യവും വില കുറയ്ക്കപ്പെട്ടതുമായി മാറുന്നു. വീട്ടുജോലിക്കാര്‍, വീട്ടിലിരുന്ന് പണിയെടുക്കുന്നവര്‍, കരാര്‍ തൊഴിലാളികള്‍ എന്നീ നിലകളില്‍ അംസഘടിത മേഖലയിലേക്ക് സ്ത്രീകള്‍ തള്ളി നീക്കപ്പെടുന്നു. കുറഞ്ഞകൂലി, നിയമസംരക്ഷണമില്ലായ്മ, കടുത്ത ചൂഷണം എന്നിവയാണ് ഈ മേഖലയുടെ സവിശേഷത. ചില്ലറ വ്യാപാര മേഖലയിലേക്ക് എഫ്ഡിഐയുടെ കടന്നുവരവ് സ്വയം തൊഴില്‍ചെയ്തിരുന്ന ലക്ഷക്കണക്കിന് സ്ത്രീകളുടെ ഉപജീവന മാര്‍ഗത്തിന് ഭീഷണിയായി. ദരിദ്രസ്ത്രീകള്‍ സുരക്ഷിതമല്ലാത്തതും ചൂഷണാധിഷ്ഠിതവുമായ പ്രവാസത്തിന്റെ വഴി തെരഞ്ഞെടുക്കേണ്ടിവരുന്നു; മനുഷ്യക്കടത്തിനിരയാകാന്‍ നിര്‍ബന്ധിതരാകുന്നു.

2004-05നും 2009-10 നും ഇടയ്ക്ക് രണ്ടു കോടിയിലധികം സ്ത്രീകള്‍ തൊഴില്‍രംഗത്തുനിന്ന് പുറന്തള്ളപ്പെട്ടു. സര്‍ക്കാര്‍തന്നെയാണ് ഞെട്ടിപ്പിക്കുന്ന ഈ വസ്തുത വെളിപ്പെടുത്തിയത്. കാര്‍ഷിക പ്രതിസന്ധി ഗ്രാമീണമേഖലയില്‍ കടുത്ത ബുദ്ധിമുട്ട് സൃഷ്ടിച്ചു. കര്‍ഷക ആത്മഹത്യകളുടെ നിരക്ക് വര്‍ധിച്ചു. എന്‍സിആര്‍ബി ഡാറ്റ പ്രകാരം മൊത്തം 2,70,940 ഇന്ത്യന്‍ കര്‍ഷകരാണ് 2001നും 2011നും ഇടയ്ക്ക് ആത്മഹത്യചെയ്തത്. പ്രതിവര്‍ഷ ശരാശരി 16,743; പ്രതിദിനം 46. കുടുംബത്തിലെ മുഖ്യവരുമാന സ്രോതസ്സായിരുന്നയാള്‍ നഷ്ടപ്പെട്ടത് കുടുംബങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചതും വിധവകളുടെമേല്‍ സര്‍വബാധ്യതകളും പതിച്ചതും നവലിബറല്‍ നയങ്ങളുടെ ദുരന്ത യാഥാര്‍ഥ്യമാണ്. അതിനും പുറമെ, സ്ത്രീകള്‍, കര്‍ഷകരെന്ന നിലയില്‍ അംഗീകരിക്കപ്പെടുന്നതുമില്ല; കൃഷിക്കാരായി രജിസ്റ്റര്‍ചെയ്യപ്പെട്ടിട്ടുമില്ല. അവര്‍ വായ്പാക്ഷമതാ നിലവാരത്തിന് പുറത്താക്കപ്പെടുന്നു; കടം എഴുതിത്തള്ളല്‍ പദ്ധതികളില്‍നിന്ന് ഒഴിവാക്കപ്പെടുന്നു. സ്ത്രീകള്‍ക്കായി പ്രത്യേക നടപടികള്‍ ഉള്‍പ്പെടുത്തപ്പെട്ട സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശകള്‍ അവഗണിക്കപ്പെട്ടു.

ഗ്രാമീണ തൊഴിലില്ലായ്മയും ദുരിതങ്ങളും പരിഹരിക്കുന്നതിനുള്ള സുപ്രധാന ഉപകരണമെന്ന നിലയില്‍ 2007-08ല്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗീകരിക്കാന്‍ സിപിഐ എം സമ്മര്‍ദം ചെലുത്തിയിരുന്നു. 2006-07 ലെ 41 ശതമാനത്തില്‍നിന്ന് 2012-13 ആയപ്പോള്‍ എംഎന്‍ആര്‍ഇജിഎയിലെ സ്ത്രീ പങ്കാളിത്തം 52 ശതമാനമായി ഉയര്‍ന്നത് ദരിദ്രരായ സ്ത്രീകളില്‍നിന്നുള്ള സൃഷ്ടിപരമായ പ്രതികരണമായാണ് കരുതേണ്ടത്. പൊതുവില്‍ സ്ത്രീകള്‍ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതാ നിലവാരം പ്രകടമാക്കുമ്പോഴും അവര്‍ക്ക് മിനിമം കൂലി നിഷേധിക്കുന്നു. നിയമപ്രകാരം 100 ദിവസം തൊഴില്‍ ഉറപ്പ് നല്‍കിയിട്ടും പ്രതിവര്‍ഷം 45 ദിവസത്തോളംമാത്രമേ ലഭ്യമായിട്ടുള്ളൂ. ഇപ്പോള്‍ എന്‍ആര്‍ഇജിഎയ്ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു.

അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, ആശമാര്‍, ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ എന്നിങ്ങനെ സര്‍ക്കാരിന്റെ ഫ്ളാഗ്ഷിപ്പ് പരിപാടികളില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന് സ്ത്രീത്തൊഴിലാളികള്‍ക്ക് മിനിമം കൂലി ലഭിക്കുക എന്ന അവകാശംപോലും നിഷേധിക്കുന്നു. തൊഴിലാളികള്‍ എന്ന നിലയില്‍ അവരെ അംഗീകരിക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം.

അഞ്ച് സ്ത്രീകളില്‍ മൂന്നുപേര്‍ക്കും വിളര്‍ച്ചരോഗം, മൂന്നുവയസ്സില്‍ താഴെയുള്ള ഓരോ രണ്ടാമത്തെ കുട്ടിക്കും തൂക്കക്കുറവ്, ഓരോ മൂന്നാമത്തെ കുട്ടിക്കും മുരടിപ്പ്, ഓരോ അഞ്ചാമത്തെ കുട്ടിക്കും ബലഹീനത- ഇങ്ങനെയുള്ള രാജ്യത്ത് 2013-14 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ എല്ലാ പ്രധാനപദ്ധതികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കുമുള്ള വിഹിതത്തില്‍ 32000 കോടി രൂപയുടെ കുറവാണ് വരുത്തിയത്. സര്‍ക്കാര്‍സഹായത്തോടെ കോര്‍പറേറ്റുകള്‍ നടത്തുന്ന പ്രകൃതിവിഭവങ്ങളുടെ കൊള്ളമൂലം ഏറ്റവുമേറെ ദുരിതമനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളാണ്. കന്നുകാലിത്തീറ്റ, വിറക്, വെള്ളം, ചെറുകിട വനോല്‍പ്പന്നങ്ങള്‍ മുതലായവ ശേഖരിക്കേണ്ടതിന്റെ പ്രാഥമിക ഉത്തരവാദിത്തം അവരുടെമേലാണ്. പ്രകൃതിവിഭവങ്ങള്‍ വന്‍തോതില്‍ കൈയേറുകയും ഏറ്റെടുക്കുകയും ചെയ്യുന്നതിനാലും വന്‍കിട പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനാല്‍ വാസസ്ഥലം വിട്ട് പോകേണ്ടിവരുന്നതിനാലും ഈ വിഭവങ്ങള്‍ അനഭിഗമ്യമാവുകയും കൂടുതല്‍ ചെലവേറിയതായിത്തീരുകയും ചെയ്യുന്നു. അതേസമയംതന്നെ, സാമൂഹ്യമേഖലാ ചെലവുകളില്‍ വരുത്തുന്ന വെട്ടിക്കുറവിന്റെ ഭാഗമായി സ്ത്രീകളുടെ ഗാര്‍ഹികജോലിയുടെ ഉത്തരവാദിത്തവും പരിചരണച്ചെലവുകളും വര്‍ധിക്കുന്നു.

യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗൗരവതരമായ വീഴ്ചകള്‍ വ്യാപകമായ എതിര്‍പ്പാണുണ്ടാക്കിയത്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് എതിരായ വലതുപക്ഷ വര്‍ഗീയവാദ ശക്തികളെ പ്രതിനിധാനംചെയ്യുന്നതും കോര്‍പറേറ്റുകളാല്‍ പിന്തുണയ്ക്കപ്പെടുന്നതുമായ ബിജെപിയാണ് ഇത് ഉപയോഗപ്പെടുത്തുക. ആര്‍എസ്എസും ഹിന്ദുത്വശക്തികളും പ്രതിനിധാനംചെയ്യുന്ന വര്‍ഗീയശക്തികള്‍ സ്ത്രീകളെ പുരുഷന്റെ അനുബന്ധം മാത്രമായാണ് കാണുന്നത്. അവര്‍ പിന്തിരിപ്പന്‍ ആശയങ്ങളെയും ആചാരങ്ങളെയും പാരമ്പര്യത്തിന്റെ പേരില്‍ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന സ്ത്രീകളുടെ സ്വതന്ത്ര പൗരത്വ പദവിക്കെതിരായ വലിയ വെല്ലുവിളിയാണ് ഈ ശക്തികള്‍ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസായാലും ബിജെപിയായാലും സ്ത്രീകള്‍ക്കുവേണ്ടി ശബ്ദിക്കുന്നതില്‍ പരിപൂര്‍ണ കാപട്യമാണ് എന്ന് തെളിയിക്കുന്ന വസ്തുതകളാണിവയെല്ലാം.
*
deshabhimani editorial

Friday, April 25, 2014

തൊഗാഡിയമാര്‍ മോഡിയുടെ കുഴലൂത്തുകാര്‍

സ്വന്തം മുഖചിത്രം ആലേഖനം ചെയ്‌ത മുഖംമൂടികൾ അണിയാൻ നരേന്ദ്രമോഡി അനുയായികളെ എന്നും പ്രോത്സാഹിപ്പിക്കാറുണ്ട്‌. ചീഫ്‌വിപ്പ്‌ പി സി ജോർജ്‌ മോഡിയുടെ ഈ ആത്മ പ്രണയത്തിന്റെ ഇരയാവുകയുണ്ടായി. മോഡി ചിത്രമുള്ള ടീഷർട്ട്‌ ധരിച്ചത്‌ യാദൃച്ഛികമാണെന്നാണ്‌ ചീഫ്‌വിപ്പ്‌ അവകാശപ്പെടുന്നത്‌. സർദാർ വല്ലഭായ്‌ പട്ടേലിനെ മഹത്വവൽക്കരിച്ച്‌ മോഡി അനുയായികൾ നടത്തിയ ചടങ്ങിലാണ്‌ സംഭവമുണ്ടായത്‌.

മുഖംമൂടിക്ക്‌ പിന്നിലെ യഥാർഥ മോഡി ഇപ്പോൾ അതീവ സൂത്രശാലിയായിട്ടുണ്ട്‌. പച്ചയായി ഹിന്ദുവർഗീയത പറയാതെ പറഞ്ഞാണ്‌ മോഡി തെരഞ്ഞെടുപ്പുരംഗത്ത്‌ നിൽക്കുന്നത്‌. എന്നാൽ മോഡിയുടെ യഥാർഥമുഖം പാർശ്വവർത്തികളിലൂടെ പുറത്തുവരുന്നുണ്ട്‌. വിശ്വഹിന്ദു പരിഷത്ത്‌ നേതാവ്‌ പ്രവീൺ തൊഹാഡിയ, ബിജെപി നേതാവ്‌ ഗിരിരാജ്‌ സിങ്‌, അമിത്‌ ഷാ തുടങ്ങിയവർ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടയിൽ നടത്തിയ വർഗീയവിഷം ചീറ്റുന്ന പ്രസംഗങ്ങൾ ഇതിനുദാഹരണങ്ങളാണ്‌.

മുസാഫിർ നഗർ കലാപത്തിൽ പകരം വീട്ടാൻ ഹിന്ദുക്കളെ ആഹ്വാനം ചെയ്‌തുകൊണ്ട്‌ ബിജെപി ഉത്തർപ്രദേശ്‌ ജനറൽ സെക്രട്ടറി അമിത്‌ ഷാ, ബിജിനൂരിൽ നടത്തിയ പ്രസംഗത്തെ തുടർന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷൻ അമിത്‌ഷായെ ശാസിക്കുകയുണ്ടായി. ഝാർഖണ്ഡിലെ മോഹൻപൂരിൽ നടന്ന തെരഞ്ഞെടുപ്പു റാലിയിൽ നരേന്ദ്രമോഡിയെ പിന്തുണയ്‌ക്കാത്തവർ പാക്കിസ്ഥാനിലേക്ക്‌ പോകട്ടെ എന്ന്‌ ഗിരിരാജ്‌സിങ്‌ പ്രസംഗിക്കുകയുണ്ടായി. ഇതേ പ്രസംഗത്തിൽ ഗോമാംസം കയറ്റുമതി ചെയ്യുന്നവർക്ക്‌ സബ്‌സിഡി നൽകുകയും പശുവിനെ സംരക്ഷിക്കുന്നവർക്ക്‌ നികുതി ഏർപ്പെടുത്തുകയും ചെയ്യുകയാണ്‌ കേന്ദ്രസർക്കാരെന്ന്‌ ഗിരിരാജ്‌ തട്ടിവിട്ടിരുന്നു. ഈ കോലാഹലങ്ങളൊക്കെ അന്തരീക്ഷത്തിൽ നിൽക്കവെയാണ്‌ മുസ്‌ലീങ്ങൾക്കെതിരെ വംശീയ വിദ്വേഷപ്രസംഗവുമായി തൊഗാഡിയ രംഗത്തുവരുന്നത്‌. ഗുജറാത്തിലെ ഭവ്‌നഗറിൽ നടന്ന യോഗത്തിൽ ഹിന്ദുമേഖലയിൽ മുസ്‌ലിങ്ങൾ സ്ഥലം വാങ്ങരുതെന്ന്‌ തൊഗാഡിയ വിലക്കി. മാത്രമല്ല മെഗാനിയിലെ മുസ്‌ലിം വ്യവസായി വാങ്ങിയ വീടിനുമുന്നിൽ തൊഗാഡിയയും സംഘവും പ്രതിഷേധയോഗം നടത്തി. 48 മണിക്കൂറിനകം സ്ഥലം വിട്ടോളണമെന്ന അന്ത്യശാസനയും നൽകി.

ഗുജറാത്ത്‌ കലാപകാലത്ത്‌ ഏറെ ചർച്ചയായ ഒരു സ്ഥലമാണ്‌ ഭവ്‌നഗർ. ഇവിടെ മതവിദ്വേഷം കുത്തിവെയ്‌ക്കാൻ ആർഎസ്‌എസ്‌ ബജറംഗദൾ പ്രവർത്തകർ നടത്തിയ ഹീനശ്രമങ്ങളെ സാധാരണ ജനങ്ങൾ ചെറുത്തു നിൽക്കുകയും അവർക്ക്‌ സഹായകരമായ നിലപാടെടുത്ത പൊലീസ്‌ ഓഫീസർ രാഹുൽശർമ്മയെ രായ്‌ക്കുരാമാനം മോഡി കെട്ടുകെട്ടിച്ചതും കേവല വസ്‌തുത മാത്രം.

സാങ്കേതികതയോട്‌ ഭ്രമമുള്ള ഐഐടി കാൺപൂർ ഉൽപ്പന്നമായ രാഹുൽ ശർമ്മ കലാപകാലത്ത്‌ ശേഖരിച്ച പല ഉന്നതരുടെയും ഫോൺവിളികളും രേഖകളും ഗുജറാത്ത്‌ കലാപത്തിലെ മോഡി പങ്ക്‌ വ്യക്തമാക്കുന്നതായിരുന്നു. അന്ന്‌ കലാപത്തിൽ എരിതീയിൽ എണ്ണയൊഴിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ നിന്ന പ്രാദേശിക പത്രങ്ങളായ ഗുജറാത്ത്‌ സമാചാറും സന്ദേശ്‌ ഗുജറാത്തിയും പ്രകോപനപരമായ പല വാർത്തകളും പ്രസിദ്ധീകരിക്കുകയുണ്ടായി. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു തലവാചകമായിരുന്നു, ഭവ്‌നഗറിലെ ആണുങ്ങൾ കൈകളിൽ വളയണിയുക, എന്നത്‌. മുസ്‌ലിങ്ങളെ കൊന്നൊടുക്കുന്നതിൽ ഭവ്‌നഗർ പുറകോട്ടുപോകുന്നതിലുള്ള വിശ്വഹിന്ദുപരിഷത്തിന്റെയും ആർഎസ്‌എസിന്റെയും ബജ്‌രംഗദള്ളിന്റെയുമൊക്കെ വെറുപ്പാണ്‌ അതിൽ അടങ്ങിയിരിക്കുന്നത്‌. താരതമ്യേന ശാന്തമാകാൻ ആഗ്രഹിക്കുന്ന ഭവ്‌നഗറിൽതന്നെ തൊഗാഡിയ ഈ പ്രസംഗം നടത്തിയത്‌ ഒന്നും കാണാതെയല്ല. തൊഗാഡിയ നടത്തിയ പ്രസ്‌താവന മോഡിയുടെ തന്നെ അഭിപ്രായമാണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഇന്നിപ്പോൾ നേതാക്കൾ നിരുത്തരവാദപരമായ പ്രസ്‌താവനകൾ നടത്തരുതെന്ന്‌ ഇതുസബന്ധിച്ച്‌ ഇരുത്തംവന്ന രാഷ്‌ട്രീയ നേതാവിനെപ്പോലെ മോഡി പറയുന്നത്‌ ഏറ്റവും വലിയ രാഷ്‌ട്രീയ തട്ടിപ്പാണ്‌. എത്ര മുഖംമൂടികൾക്കുള്ളിൽ മറഞ്ഞിരുന്നാലും മോഡിയുടെ തനിരൂപം അനാവരണം ചെയ്യപ്പെടുകയെന്നത്‌ അനിവാര്യമായ ഒന്നാണ്‌.

കാരണം തൊഗാഡിയയും ഗിരിരാജുമൊക്കെ നിയന്ത്രിക്കുന്ന ആർഎസ്‌എസ്‌ വിഎച്ച്‌പി സംഘടനകളുടെ രാഷ്‌ട്രീയ രൂപമായ ബിജെപിയുടെ പ്രകടനപത്രികയിൽ പറയുന്നത്‌ രാമക്ഷേത്രം നിർമ്മിക്കുമെന്ന്‌ തന്നെയാണ്‌. കൊച്ചിയിൽ നടന്ന ആർഎസ്‌എസ്‌ നേതൃയോഗം ബിജെപി സ്വീകരിക്കേണ്ട നയപരിപാടികളെക്കുറിച്ച്‌ അക്കമിട്ടു നൽകിയ നിർദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഇതുതന്നെയായിരുന്നു. രാമക്ഷേത്രം പണിയുക എന്ന ദൗത്യമേറ്റെടുത്ത്‌ 1984 മുതൽ വിശ്വഹിന്ദു പരിഷത്ത്‌ ആരംഭിച്ച പ്രചരണം 1992 ൽ ഒരു രാഷ്‌ട്രീയ പ്രചരണമായി ബിജെപി ഏറ്റെടുത്തിന്നോളം നടന്ന വർഗീയ സംഘട്ടനങ്ങളും കലാപങ്ങളും രാജ്യത്ത്‌ സൃഷ്‌ടിച്ച വർഗീയ ധ്രൂവീകരണം ക്രമസമാധാനനില മാത്രമല്ല ജീവിതം തന്നെ അട്ടിമറിക്കുകയുണ്ടായി.

ഇനിയും ഇതുതന്നെ ആവർത്തിക്കുമെന്ന്‌ ചെന്നായയുടെ കൗശല്യത്തോടെ കിങ്കരന്മാരെക്കൊണ്ട്‌ മോഡി പറയിപ്പിക്കുമ്പോൾ അത്‌ ഗൗരവത്തോടെ ജനങ്ങൾ കാണേണ്ടതുണ്ട്‌. രാജ്യത്തെ മതേതര ജനാധിപത്യഘടനയെ തല്ലിത്തകർക്കാൻ മോഡിയേയും കൂട്ടരേയും അനുവദിക്കാതിരിക്കാൻ രാജ്യം അതീവ ജാഗ്രത പുലർത്തണമെന്നാണ്‌ തൊഗാഡിയമാരുടെ അട്ടഹാസങ്ങൾ രാജ്യത്തോട്‌ പറയുന്നത്‌.
*
Janayugom Editorial

ക്ഷേത്രങ്ങൾ പൊതുസ്വത്ത്‌ : സംഘപരിവാര കുതന്ത്രങ്ങൾ തിരിച്ചറിയണം

കേരളത്തിൽ സ്വകാര്യ-കുടുംബസ്വത്തുക്കളല്ലാത്ത എല്ലാ ക്ഷേത്രങ്ങളും നിയമസഭ പാസാക്കിയ ദേവസ്വം നിയമത്തിനുവിധേയമായി രൂപീകരിച്ച ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലാണ്‌ പ്രവർത്തിച്ചുവരുന്നത്‌. ക്ഷേത്ര നടത്തിപ്പ്‌ ജനാധിപത്യപരവും സുതാര്യവുമാക്കുന്നതിന്‌ ഈ സംവിധാനം പര്യാപ്‌തമാണ്‌. അഴിമതിയും കെടുകാര്യസ്ഥതയുമടക്കം പൊതുവായുള്ള പോരായ്‌മകളും പരിമിതികളും കണ്ടേക്കാമെങ്കിലും ജനങ്ങൾക്ക്‌ പൊതുവേ സ്വീകാര്യമായ സംവിധാനമാണ്‌ നിലവിലുള്ളതെന്നു പറയാം. എന്നാൽ, വർഗീയവിഷം ചീറ്റുന്ന സംഘപരിവാർ നേതാക്കൾ ഇതിനെതിരാണ്‌. അവർ ചോദിക്കുന്നത്‌ ഹിന്ദുക്ഷേത്രങ്ങളുടെ ഭരണവും സ്വത്തുക്കളും കയ്യടക്കുന്ന സർക്കാർ എന്തുകൊണ്ടാണ്‌ മുസ്‌ലിം – ക്രിസ്‌ത്യൻ ആരാധനാലയങ്ങളും സ്വത്തുക്കളും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരാത്തത്‌. മാത്രവുമല്ല, ഹിന്ദുക്ഷേത്രങ്ങളിലെ വരുമാനം മുഴുവൻ മുസ്‌ലിങ്ങളും ക്രിസ്‌ത്യാനികളുമടങ്ങിയ സമൂഹത്തിന്റെ പൊതു ആവശ്യങ്ങൾക്കുവേണ്ടി സർക്കാർ വകമാറ്റി ചെലവഴിക്കുന്നുവെന്നാരോപിച്ച്‌ സങ്കുചിത ഹൈന്ദവചിന്താഗതിക്കാരായ കുറെച്ചെങ്കിലും വിശ്വാസികളെ തങ്ങൾക്കനുകൂലമായി ഇളക്കിവിടാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. സംഘപരിവാർ മുന്നോട്ടുവയ്‌ക്കുന്ന ഇത്തരം ഹീനവും സങ്കുചിതവുമായ വർഗീയ പ്രചരണങ്ങളിൽ എന്തെങ്കിലും വാസ്‌തവമുണ്ടോ?

സ്വാതന്ത്ര്യത്തിനുമുമ്പുവരെ, കേരളത്തിൽ നാടുവാഴി – ജന്മി വ്യവസ്ഥയായിരുന്നുവല്ലൊ നിലനിന്നുപോന്നത്‌. സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾക്ക്‌ സ്വത്തവകാശവും യാതൊരുവിധ പൗരാവകാശങ്ങളും അക്കാലത്ത്‌ ഉണ്ടായിരുന്നില്ല. സ്വാഭാവികമായും മിക്കവാറും എല്ലാ ക്ഷേത്രങ്ങളും രാജാക്കന്മാരുടേയോ ജന്മിമാരുടേയോ സ്വകാര്യ സ്വത്തുക്കളായിരുന്നു. ക്ഷേത്രങ്ങളുടെ പേരിൽ ഭൂസ്വത്തുക്കൾ എഴുതിവയ്‌ക്കുന്നതും അക്കാലത്ത്‌ പതിവായിരുന്നു. രാജാധികാരം നാടുനീങ്ങിയതോടെ രാജാക്കന്മാരുടെ അധീനതയിലുണ്ടായിരുന്ന ക്ഷേത്രങ്ങളും പൊതുസ്വത്തുക്കളായി പരിണമിച്ചു. ജനങ്ങളുടെ നികുതിപ്പണംകൊണ്ടാണ്‌ രാജാക്കന്മാർ ക്ഷേത്രങ്ങൾ നിർമിച്ചിരുന്നത്‌. ജനായത്ത വ്യവസ്ഥ സംജാതമായതോടെ അങ്ങനെ നിർമിച്ച ക്ഷേത്രങ്ങളും അനുബന്ധ സ്വത്തുവകകളും പൊതുജനങ്ങളുടേതായി മാറി. ഇത്തരത്തിൽ കൈമാറിക്കിട്ടിയ ക്ഷേത്രങ്ങളും സ്വത്തുക്കളും പരിപാലിക്കാനും നടത്തിക്കൊണ്ടുപോകാനുമാണ്‌ ദേവസ്വം നിയമങ്ങളും ദേവസ്വം ബോർഡുകളും അതിനൊരു സർക്കാർ വകുപ്പും ഉണ്ടായത്‌.

കേരളത്തിൽ ഒരു ക്ഷേത്രം പോലും നിർബന്ധപൂർവ്വം സർക്കാർ കയ്യടക്കിയിട്ടില്ല. എല്ലാം നിലനിൽപ്പിന്റേയും നടത്തിപ്പിന്റേയും ഭാഗമായി സർക്കാർ അധീനതയിൽ വന്നു ചേർന്നതാണ്‌. രാജഭരണകാലത്ത്‌ ജനങ്ങളുടെ നികുതിപ്പണംകൊണ്ട്‌ നിലനിന്നിരുന്ന കേരളത്തിലെ മഹാക്ഷേത്രങ്ങളാണ്‌ ജനായത്ത ഭരണക്രമത്തിൽ ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിൽ വന്നത.​‍്‌ കൂടാതെ ഭൂപരിഷ്‌കരണ നിയമത്തെ തുടർന്ന്‌ അന്തിത്തിരികത്തിക്കാൻ പോലും വകയില്ലാതെ ഗതികേടിലായ ജന്മിമാരുടെ വക കുടുംബക്ഷേത്രങ്ങളും ഗ്രാമക്ഷേത്രങ്ങളും കാലക്രമത്തിൽ ദേവസ്വം ബോർഡുകളിൽ ചെന്നുചേർന്നു. വരുമാനമുള്ള മഹാക്ഷേത്രങ്ങളിലെ ധനം ഉപയോഗിച്ച്‌ തിരികത്തിക്കാൻ വകയില്ലാത്ത സാധാരണ ക്ഷേത്രങ്ങൾ പരിപാലിക്കുന്ന വലിയ ഉത്തരവാദിത്വമാണ്‌ ദേവസ്വം ബോർഡുകൾ നിർവഹിച്ചുവരുന്നത്‌. ആചാരങ്ങളും അനുഷ്ഠാനങ്ങളും കീഴ്‌വഴക്കങ്ങളും എല്ലാം പാലിച്ചുകൊണ്ട്‌, പ്രദേശവാസികളായ ഭക്തന്മാരുടെ ആഗ്രഹാഭിലാഷങ്ങൾക്കനുസരിച്ചാണ്‌ എല്ലാ ദേവസ്വം വക ക്ഷേത്രങ്ങളും ഇന്നുപ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്‌. സാമൂഹ്യവും ജനാധിപത്യപരവും നിയമപരവുമായ പൊതുനിയന്ത്രണമാണ്‌ ദേവസ്വം വക ക്ഷേത്രങ്ങൾക്കുള്ളത്‌. ജനങ്ങളുടെ നികുതിപ്പണംകൊണ്ട്‌ നിർമിച്ച ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പോലുള്ള അപൂർവം ചില മഹാക്ഷേത്രങ്ങൾ, രാജഭരണം നാടുനീങ്ങിയ ഇന്നത്തെ കാലത്തും സ്വകാര്യ കുടുംബട്രസ്റ്റ്‌ വകയായി നിലനിൽക്കുന്നു എന്നത്‌ സ്‌മരണീയമാണ്‌. ക്ഷേത്രങ്ങൾ സർക്കാർ ഉടമസ്ഥതയിലാക്കാൻ നിർബന്ധപൂർവം ശ്രമിക്കുന്നില്ലെന്നതിനും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഉദാഹരണമാണ്‌.
കേരള നിയമസഭയിൽ വർഷാവർഷം അവതരിപ്പിക്കുന്ന ബജറ്റിൽ, സർക്കാരിന്‌ ലഭിക്കുന്ന വരുമാനത്തിൽ, “ദേവസ്വം ബോർഡുകൾ വഴി ലഭിക്കുന്ന വരവ്‌” എന്ന ഒരു `ഹെഡ്ഡ്‌` നിലവിലില്ല. അതിനർഥം ദേവസ്വം ബോർഡുകളുടെ വരവു-ചെലവുകൾ പൂർണമായും കൈകാര്യം ചെയ്യുന്നത്‌ ദേവസ്വം ബോർഡുകളാണ്‌ എന്നുതന്നെയാണ്‌. അതേസമയം ദേവസ്വംവകുപ്പിലെ ജീവനക്കാരുടെ ശമ്പളവും മറ്റു ചെലവുകളും പൊതുഖജനാവിൽ നിന്നാണ്‌ എന്ന കാര്യം വിസ്‌മരിക്കാനാവില്ല. കൂടാതെ, കേരളത്തിലെ വിവിധ ക്ഷേത്രങ്ങൾക്ക്‌ സർക്കാർ ഖജനാവിൽ നിന്ന്‌ വർഷംതോറും വൻതുകകൾ ധനസഹായമായി നൽകുന്നുണ്ട്‌. ഉദാഹരണത്തിന്‌ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്‌ പ്രതിവർഷം 20 ലക്ഷം രൂപ സർക്കാർ ധനസഹായമായി നൽകിവരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ ഹിന്ദുക്കൾ ക്ഷേത്രത്തിൽ നൽകുന്ന കാണിക്കയിലൂടെ ലഭിക്കുന്ന വരുമാനം സർക്കാർ മറ്റാവശ്യങ്ങൾക്കായി ധൂർത്തടിക്കുകയാണെന്ന വാദം കല്ലുവെച്ച വലിയ നുണയാണെന്നാണ്‌. ഇക്കാര്യം വിശ്വാസികൾ തിരിച്ചറിയുകതന്നെ വേണം.

വർഗീയവാദികൾ വളരെ എളുപ്പത്തിൽ ഹിന്ദുവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു ചോദ്യമാണ്‌ `എന്തുകൊണ്ട്‌ ക്രിസ്‌ത്യൻ-മുസ്‌ലിം ദേവാലയങ്ങൾ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരുന്നില്ലാ` എന്നത്‌. നിരർഥകമായ ഒരു പ്രകോപനമാണിത്‌. കേരളത്തിൽ അധികപക്ഷവും ഭരണം നടത്തിയത്‌ ഹിന്ദു വിശ്വാസികളായ രാജാക്കന്മാരാണെന്ന്‌ ചരിത്രം പഠിച്ചവർക്കറിയാം. കണ്ണൂരിൽ ഒരു അലിരാജ ഒഴിച്ചാൽ, കേരളത്തിൽ ക്രിസ്‌ത്യൻ-മുസ്‌ലിം രാജഭരണം നിലനിന്നിട്ടില്ല. അതുകൊണ്ട്‌ രാജഭരണത്തിന്റെ ഭാഗമായി നിർമിച്ച, പൊതുഖജനാവിൽ നിന്ന്‌ പണം മുടക്കി ഉണ്ടാക്കിയ പള്ളികളോ മോസ്‌കുകളോ കേരളത്തിൽ ഉണ്ടായിരുന്നില്ല. വിശ്വാസികൾ സ്വന്തം ചെലവിലും അധ്വാനത്തിലും പണിതുയർത്തിയ പള്ളികളും മോസ്‌കുകളുമാണ്‌ കേരളത്തിലുള്ളത്‌. അവയുടെ മേൽ സർക്കാർ നിയന്ത്രണമേർപ്പെടുത്തേണ്ട കാര്യമില്ല. എന്നാൽ, രാജഭരണത്തിന്റെ ഭാഗമായിരുന്ന ക്ഷേത്രങ്ങൾ, ജനായത്ത വ്യവസ്ഥയിൽ സർക്കാരിന്റെ ഭാഗമായതോടെ, അവയെ നിലനിർത്താനും കൊണ്ടുനടക്കാനുമുള്ള സാമൂഹ്യവും നിയമപരവുമായ സംവിധാനമായി ദേവസ്വം ബോർഡുകൾ സ്വാഭാവികമായി രൂപീകരിക്കപ്പെടുകയാണുണ്ടായത്‌.

സ്വകാര്യ മുസ്‌ലിം-ക്രിസ്‌ത്യൻ ദേവാലയങ്ങൾ ഉള്ളതുപോലെ വ്യക്തികളുടേയും വിവിധ ജാതിസംഘടനകളുടേയും നിരവധി ക്ഷേത്രങ്ങൾ ഇന്നുകേരളത്തിലുണ്ട്‌. എൻ എസ്‌ എസ്‌, എസ്‌ എൻ ഡി പി പോലുള്ള ജാതിസംഘടനകളുടെ കൈവശം നൂറുകണക്കിന്‌ വൻ ആസ്‌തിവകകളുള്ള ക്ഷേത്രങ്ങൾ ഉള്ളതായി നമുക്കറിയാം. അവയെല്ലാം അതത്‌ സമുദായാംഗങ്ങൾ സ്വന്തം ചെലവിൽ പണംമുടക്കി നിർമിച്ചു പരിപാലിച്ചു പോരുന്നവയാണ്‌. അത്തരം ആരാധനാലയങ്ങളൊന്നും ദേവസ്വം ബോർഡുകളുടേയോ സർക്കാരിന്റേയോ നിയന്ത്രണങ്ങളിൽ വരുന്നില്ല എന്ന കാര്യം മറക്കരുത്‌.

സർക്കാർ വക ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട്‌ ക്ഷേത്രങ്ങൾ വിശ്വാസികളെ ഏല്‌പിക്കണമെന്നാണ്‌ സംഘപരിവാർ വർഗീയവാദികൾ ആവശ്യപ്പെടുന്നത്‌. ഇത്‌ ജനാധിപത്യവിരുദ്ധമായ ആശയമാണ്‌. കാരണം, കേരള നിയമസഭയിലെ ഹിന്ദുമതക്കാരായ അംഗങ്ങൾ വോട്ടുചെയ്‌ത്‌ ഭൂരിപക്ഷം ലഭിക്കുന്നവരാണ്‌ ദേവസ്വം അംഗങ്ങളായി നിയമിക്കപ്പെടുന്നത്‌. ദേവസ്വം അംഗങ്ങൾ നിയമവിധേയമായി പ്രവർത്തിക്കാൻ ബാധ്യതപ്പെട്ടവരാണ്‌. നിയമത്തിന്റെ യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുന്ന ക്ഷേത്രങ്ങളിലും മറ്റ്‌ ആരാധനാലയങ്ങളിലും നടക്കുന്ന വെട്ടിപ്പുകളും തട്ടിപ്പുകളും ഇന്ന്‌ അങ്ങാടിപ്പാട്ടാണ്‌. അതുപോലെ, കേരളമാകെ ക്ഷേത്രനടത്തിപ്പ്‌ കയ്യടക്കിവെച്ച സംഘപരിവാരത്തിന്‌ സർവതന്ത്രസ്വതന്ത്രമായി ക്ഷേത്രങ്ങളുടെ ഭരണം വിട്ടുനൽകി വിശ്വാസവാണിഭവും വെട്ടിപ്പും വ്യാപകമാക്കാൻ അനുവദിക്കണമെന്നാണ്‌ ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട്‌ ക്ഷേത്രങ്ങൾ വിശ്വാസികളെ ഏല്‌പിക്കണമെന്നു പറയുന്നതിലൂടെ സംഘപരിവാർ ഉദ്ദേശിക്കുന്നതെന്ന്‌ വിവേകമുള്ളവർ തിരിച്ചറിയണം.

*
ഇ എം സതീശൻ Janayugom

Thursday, April 24, 2014

ഗോള്‍വാള്‍ക്കറുടെ രഹസ്യസ്വപ്നവും കോണ്‍ഗ്രസ്സിന്റെ ഹിന്ദുത്വ നിലപാടുകളും

കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയശക്തിയും ആര്‍.എസ്.എസിന്റെ സാംസ്കാരിക ശക്തിയും ഒന്നിച്ചുചേരണമെന്നത് ഹിന്ദുരാഷ്ട്രവാദത്തിന്റെ പ്രത്യയശാസ്ത്രകാരനായ ഗോള്‍വാള്‍ക്കറുടെ രഹസ്യസ്വപ്നമായിരുന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിലൂടെ ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ്സ് നേടിയെടുത്ത സ്വാധീനത്തെ ഹിന്ദുരാഷ്ട്രനിര്‍മ്മിതിക്കായി വഴിതിരിച്ചുവിടണമെന്നായിരുന്നു സ്വാതന്ത്ര്യാനന്തരം ഗോള്‍വാള്‍ക്കര്‍ ഹിന്ദുത്വവാദികളായ കോണ്‍ഗ്രസ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നത്. ആര്‍.എസ്.എസിന്റെ സാംസ്കാരികശക്തി എന്നത് ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്കായുള്ള സംഘടനാശക്തിയായിട്ടാണ് ഗോള്‍വാള്‍ക്കര്‍ വിശദീകരിച്ചി ട്ടുള്ളത്. സോവിയറ്റ് യൂണിയന്റെ സ്വാധീനവും രണ്ടാം ലോകമഹായുദ്ധത്തിലെ ഫാസിസ്റ്റ് ശക്തികളുടെ പരാജയവും ചൈനീസ് വിപ്ലവത്തിന്റെ വിജയവും ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ ആസന്നസാധ്യതകള്‍ രൂപപ്പെടുത്തിയിരുന്നു.

ഗാന്ധിവധത്തിനുശേഷമാണ് സി.ഐ.എ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബദല്‍ ശക്തികളെ സംബന്ധിച്ച പഠനാന്വേഷണങ്ങള്‍ ആരംഭിക്കുന്നത്. ജെ.എ.കറാന്റെ നേതൃത്വത്തിലുള്ള സി.ഐ.എയുടെ വിദഗ്ധസംഘം കോണ്‍ഗ്രസ്സിന്റെ പരാജയവും തകര്‍ച്ചയും ഇന്ത്യയിലും ഒരു ചുവന്ന വിപ്ലവത്തിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് ഉല്‍കണ്ഠപ്പെടുന്നുണ്ട്. ചൈനയിലെ പോലെ ഇന്ത്യയും കമ്മ്യൂണിസ്റ്റ് സ്വാധീനത്തില്‍പ്പെട്ടാല്‍ തങ്ങളുടെ ഏഷ്യന്‍ അധിനിവേശത്തിനുള്ള നീക്കങ്ങള്‍ക്കെല്ലാം തിരിച്ചടി നേരിടുമെന്ന് അമേരിക്കന്‍ ഭരണകൂടം ഭയപ്പെട്ടിരുന്നു. കോണ്‍ഗ്രസ്സ് സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ട ഇന്ത്യയിലെ നിസ്വജനകോടികള്‍ കമ്മ്യൂണിസത്തിന്റെ സ്വാധീനത്തില്‍പ്പെട്ടുപോകാതിരിക്കാന്‍ ഹിന്ദുത്വരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നാണ് സിഐഎ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിനോട് ജെ എ കറാന്റെ പഠന റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തി ആവശ്യപ്പെട്ടത്. ഗാന്ധിവധത്തെ തുടര്‍ന്ന് നിരോധനം നേരിട്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ്സില്‍ അംഗത്വം നല്‍കാന്‍ പാടില്ലെന്ന് എഐസിസിയുടെ വര്‍ക്കിങ് കമ്മറ്റി തീരുമാനം പോലും ലജ്ജാകരമായി ലംഘിക്കപ്പെടുകയായിരുന്നു. ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലെ മതനിരപേക്ഷതാവാദിയായ ഒരു എഐസസി അദ്ധ്യക്ഷന്‍ ശക്തമായി വാദിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സിലെ ഹിന്ദുത്വവാദികള്‍ അന്ന് ഇത്തരമൊരു തീരുമാനത്തിന് വഴങ്ങിയതുതന്നെ.

ഗാന്ധിയുടെ ഘാതകസംഘടനയായ ആര്‍എസ്എസിനുനേരെ കഷ്ടിച്ച് ഒരു വര്‍ഷം മാത്രമാണ് നിരോധനം നിലനിന്നതുതന്നെ. നെഹ്റു വിദേശപര്യടനത്തിലായിരുന്ന തക്കം നോക്കി കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികള്‍ ആര്‍.എസ്.എസുകാര്‍ക്ക് അംഗത്വം കൊടുക്കേണ്ടതില്ലെന്ന തീരുമാനം എഐസിസിയെക്കൊണ്ട് മാറ്റിച്ചു. നെഹ്റുവിന്റെ അപ്രതിരോധ്യമായ ആഞ്ജാശക്തിയെപ്പോലും മറികടന്നുകൊണ്ടാണ് എഐസിസി വര്‍ക്കിങ് കമ്മറ്റി ആര്‍എസ്എസുകാര്‍ക്ക് കോണ്‍ഗ്രസ്സിലംഗത്വം കൊടുക്കാമെന്ന് തീരുമാനിച്ചത്. ഈ വിവരമറിഞ്ഞ് വിദേശപര്യടനം അവസാനിപ്പിച്ച് മടങ്ങിവന്ന നെഹ്റു 1949 നവംബര്‍ മാസത്തില്‍ വര്‍ക്കിങ് കമ്മറ്റി വിളിച്ചുകൂട്ടി ആ തീരുമാനം പിന്‍വലിപ്പിക്കുകയായിരുന്നു. ആര്‍എസ്എസിന്റെ സാംസ്കാരിക ദേശീയത സ്വന്തം പ്രത്യയശാസ്ത്രമായി മനസ്സില്‍ കൊണ്ടുനടക്കുന്നവരായിരുന്നു കോണ്‍ഗ്രസ്സിലെ ഒട്ടുമിക്ക നേതാക്കളും. സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ രാഷ്ട്രീയചരിത്രമെന്നത് കൊളോണിയല്‍ കാലത്തെന്നപോലെ ഭരണാധികാരികള്‍ വ്യത്യസ്ത വര്‍ഗ്ഗീയശക്തികളെ ഇളക്കിവിട്ടും പ്രീണിപ്പിച്ചും ഭരണാധികാരം കയ്യാളിയതിന്റെ ചരിത്രംകൂടിയാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് ഈ ലേഖനത്തില്‍ കടക്കുന്നില്ല. കോണ്‍ഗ്രസിലെ ഒരു വിഭാഗം എല്ലാക്കാലത്തും ഹിന്ദു വര്‍ഗ്ഗീയവാദികളുമായി രഹസ്യവും പരസ്യവുമായി ബന്ധം പുലര്‍ത്തിപോന്നിട്ടുണ്ട്. പലപ്പോഴും ബ്രിട്ടീഷ് ഭരണാധികാരികളെ പോലെ, സവര്‍ണ്ണ സാമൂഹ്യവിഭാഗങ്ങളുടെ അടിത്തറയുള്ള കോണ്‍ഗ്രസ്സ് നേതൃത്വം ഹിന്ദുത്വ രാഷ്ട്രീയത്തെ ഒളിഞ്ഞും തെളിഞ്ഞും തങ്ങളുടെ അതിജീവനത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

സമകാലിക ഇന്ത്യയുടെ സാമൂഹ്യ ജീവിതത്തെ വര്‍ഗീയകലുഷിതവും രക്തപങ്കിലവുമാക്കിയ ബാബ്റിമസ്ജിദ് പ്രശ്നം കോണ്‍ഗ്രസ്സിന്റെ ഹിന്ദുത്വ അനുകൂല നിലപാടുകളുടെകൂടി സൃഷ്ടിയായിരുന്നു. ആഗോള ഫൈനാന്‍സ് മൂലധനത്തിന്റെ നിര്‍ദ്ദയമായ അധിനിവേശതാല്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് സാംസ്കാരിക ദേശീയത ഉള്‍പ്പെടെയുള്ള നാനാവിധമായ സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ 1980കളില്‍ ഇന്ത്യയില്‍ പുതിയ രൂപത്തില്‍ സജീവമാകുന്നത്. ബാബ്റിമസ്ജിദ് തര്‍ക്കം ആസൂത്രിതമായ കലാപാഹ്വാനങ്ങളായി ഉയര്‍ത്തപ്പെടുന്നതും ഈ ഒരു ചരിത്ര സാഹചര്യത്തിലാണ്. 1981ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഐ.എം.എഫില്‍ നിന്ന് വായ്പയെടുത്തതും അതിന്റെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ഘടനാപരിഷ്കാര നടപടികളാരംഭിച്ചതും ഇന്ത്യയിലെ തൊഴിലാളി ബഹുജനപ്രസ്ഥാനങ്ങളുടെ വലിയ എതിര്‍പ്പിനും പ്രതിഷേധത്തിനും ഇടയാക്കി. നവലിബറല്‍ പരിഷ്കാരങ്ങളിലൂടെ ഇന്ത്യയിലെ പൊതുമേഖലയെയും ജനോപകാരപ്രദമായ ക്ഷേമരാഷ്ട്ര സംവിധാനങ്ങളെയും തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ വളര്‍ന്നുവരാനിടയുള്ള ജനമുന്നേറ്റങ്ങളെ ശിഥിലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കന്‍ ചിന്താകേന്ദ്രങ്ങളും ഫൗണ്ടേഷനുകളും മുന്‍കൈയെടുത്ത് ഹിന്ദുത്വരാഷ്ട്രീയത്തെ ഉര്‍ജ്ജസ്വലമാക്കിയത്. അതിനോടുള്ള പ്രതിപ്രവര്‍ത്തനമെന്ന നിലയില്‍ നാനാവിധ വര്‍ഗ്ഗീയ വിഘടന പ്രസ്ഥാനങ്ങളെയും വളര്‍ത്തിയെടുത്തത്.

1977ലെ തെരഞ്ഞെടുപ്പില്‍ അടിയന്തിരാവസ്ഥാ ഭരണത്തോടുള്ള ഇന്ത്യന്‍ ജനതയുടെ അദമ്യമായ രോഷമാണ് പൊട്ടിപ്പുറത്തുവന്നത്. ബാലറ്റുപേപ്പറിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് വലിയ പരാജയം സമ്മാനിക്കുകയായിരുന്നു സ്വാതന്ത്ര്യസ്നേഹികളായ ഇന്ത്യന്‍ ജനത. റായ്ബറേലിയില്‍ ഇന്ദിരാഗാന്ധി ദയനീയമായി പരാജയപ്പെട്ടു. കോണ്‍ഗ്രസ്സിന്റെ ഉന്നതരെല്ലാം മൂക്കുകുത്തി വീണു. പ്രതിപക്ഷത്തായ കോണ്‍ഗ്രസ്സും ഇന്ദിരാഗാന്ധിയും ജനതാഗവര്‍മെന്റിനെ അട്ടിമറിക്കാന്‍ ഹിന്ദുത്വകാര്‍ഡും ഖാലിസ്ഥാന്‍ വാദം പോലുള്ള മതരാഷ്ട്ര വിഘടനപ്രസ്ഥാനങ്ങളെയുമാണ് ഉപയോഗിച്ചത്. ഈ അധാര്‍മികവും അപരാധപൂര്‍ണ്ണവുമായ കോണ്‍ഗ്രസ്സിന്റെ വര്‍ഗ്ഗീയ പ്രീണന നയങ്ങളാണ് ഹിന്ദുത്വവാദത്തിന്റെ വളര്‍ച്ചയിലേക്കും അതിന്റെ ബീഭത്സരൂപമായ മോഡിയിസത്തിലേക്കും രാജ്യത്തെ തള്ളിവിട്ടത്. ഖാലിസ്ഥാന്‍ വിഘടനവാദ പ്രസ്ഥാനം സിഖ് മതരാഷ്ട്ര വാദമായിരുന്നല്ലോ. പാക്കിസ്ഥാനിലെ സിയാ സര്‍ക്കാര്‍ ഒരുക്കിക്കൊടുത്ത പരിശീലനകേമ്പുകളില്‍ ഖാലിസ്ഥാന്‍ തീവ്രവാദകള്‍ക്ക് ഇന്ത്യാവിരുദ്ധ ഓപ്പറേഷനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് അമേരിക്കയും കാനഡയും ബ്രിട്ടനും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ ഏജന്‍സികളായിരുന്നു. ഇതേകാലത്ത് ആസ്സാം വംശീയവാദത്തിന്റെ അടിസ്ഥാനത്തിലുള്ള തീവ്രവാദപ്രസ്ഥാനങ്ങള്‍ക്ക് ബ്രഹ്മപുത്ര തടത്തില്‍ മണ്ണൊരുക്കിക്കൊടുത്തത് സി.ഐ.എ തന്നെയായിരുന്നു. ഇന്ത്യയുടെ പ്രധാനപ്പെട്ട എണ്ണപ്പാടങ്ങളും ഖനികളും സ്ഥിതിചെയ്യുന്ന ബ്രഹ്മപുത്രതടം കലാപകലുഷിതമാക്കുകവഴി ജനതാഗവര്‍മെന്റിനെ അസ്ഥിരീകരിക്കുകയായിരുന്നു ലക്ഷ്യം. ബിന്ദ്രന്‍വാലയെ ഡല്‍ഹിയില്‍ ക്ഷണിച്ചുവരുത്തി സ്വീകരിച്ച ഇന്ദിരാഗാന്ധി ജനതാഗവര്‍മെന്റിലെ ഘടകക്ഷിയായ അകാലിദളിലെ സിഖ് മതവിശ്വാസികളെ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിലേക്ക് വഴിതിരിച്ചുവിടുന്ന അപകടകരമായ രാഷ്ട്രീയതന്ത്രമാണ് പരീക്ഷിച്ചത്. ആസ്സാം വംശീയവാദത്തിന്റെ കലാപക്കൊടി ഉയര്‍ത്തിയ ആസ്സാം സ്റ്റുഡന്‍സ് യൂണിയന്റെ സമ്മേളനം അക്കാലത്ത് ഗോഹട്ടിയില്‍ ഉല്‍ഘാടനം ചെയ്തത് ഇന്ദിരാഗാന്ധിയായിരുന്നു. ഖാലിസ്ഥാന്‍ തീവ്രവാദ പ്രസ്ഥാനം ഇന്ദിരാഗാന്ധിയുടെ വരെ ജീവന്‍ എടുത്തുകൊണ്ട് ഇന്ന് കെട്ടടങ്ങിപ്പോയിട്ടുണ്ട്. എന്നാല്‍ അസുവിന്റെ പ്രതിലോമകരമായ പരിണതിയാണ് ആസ്സാം താഴ്വരയെ ഇന്നും രക്തപങ്കിലമാക്കുന്ന ഉള്‍ഫയും ബോഡോതീവ്രവാദപ്രസ്ഥാനവും. കൊക്രാജന്‍ ജില്ലയില്‍ ഒന്നര ലക്ഷത്തോളം മുസ്ലീങ്ങളെ അഭയാര്‍ത്ഥികളാക്കുകയും ഇരുന്നൂറോളം പേരെ തുടര്‍ച്ചയായ വര്‍ഗ്ഗീയകലാപങ്ങളില്‍ വധിക്കുകയും ചെയ്ത ബോഡോ പ്രസ്ഥാനം കോണ്‍ഗ്രസ്സിന്റെ സങ്കുചിതമായ രാഷ്ട്രീയതാല്പര്യങ്ങളുടെ സൃഷ്ടിയാണെന്ന കാര്യം വിസ്മരിക്കാവുന്നതല്ല.

ഗാന്ധിവധത്തിനുശേഷം ഇന്ത്യയുടെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ മഹാപാതകമായിരുന്നു ബാബ്റിമസ്ജിദിന്റെ തകര്‍ച്ച. നാനൂറ് വര്‍ഷത്തിലേറെക്കാലം അയോധ്യയിലെയും പഴയ ഔധിലെയും മുസ്ലീം ജനത തലമുറകളായി നിസ്കരിച്ചുപോന്ന പള്ളിയായിരുന്നു ബാബ്റിമസ്ജിദ്. 1857ലെ രണോത്സുകമായ ഇന്ത്യന്‍ ജനതയുടെ മുന്നേറ്റങ്ങള്‍കണ്ട് ഭയപ്പെട്ട ബ്രിട്ടീഷ് സാമ്രാജ്യത്വകാരികളാണ് ബാബ്റിമസ്ജിദിനെ തര്‍ക്കഭൂമിയാക്കിയത്. 1992 ഡിസംബര്‍ 6ന് ബാബ്റിമസ്ജിദ് തകര്‍ത്തത് കര്‍സേവകരാണെങ്കിലും അതിന് പ്രത്യയശാസ്ത്ര പരിസരം ഒരുക്കിയത് ബ്രിട്ടീഷ് ഭരണവും അതിനെല്ലാവിധ ഒത്താശകളും ചെയ്തുകൊടുത്തത് 1947നുശേഷം കോണ്‍ഗ്രസ്സ് ഭരണവുമാണ്. ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഹിന്ദുമുസ്ലീം ഐക്യം കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിക്കുക, ഭരിക്കുക എന്ന സാമ്രാജ്യത്വ രാഷട്രീയ തന്ത്രം ഉപയോഗിക്കുകയായിരുന്നു. ഇന്ത്യന്‍ ജനതയുടെ വിദേശികള്‍ക്കെതിരായ ഐക്യത്തെയും സമരത്തെയും തകര്‍ക്കാനായി. ഒന്നാം സ്വാതന്ത്ര്യസമരത്തെ സംബന്ധിച്ച വി ഡി സവര്‍ക്കറുടെ പുസ്തകം തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. (ഇന്നീ പുസ്തകം ആര്‍എസ്എസുകാര്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരിക്കുകയാണ്. മലയാളത്തില്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചത് കോഴിക്കോട്ടെ കിഷോര്‍ പബ്ലിക്കേഷന്‍സാണ്). ചാള്‍സ്ബാളിനെ ഉദ്ധരിച്ചുകൊണ്ട് സവര്‍ക്കര്‍ എഴുതിയിരിക്കുന്നത്;

""ഹിന്ദുക്കളുടെയും മുഹമ്മദീയരുടെയും മതപരമായ വാസനകള്‍ ഒന്നിനൊന്നായി ഇണങ്ങി ദേശാഭിമാനപരമായി രൂപപ്പെടുന്നതുകണ്ട് ചാള്‍സ്ബാര്‍ നിരീക്ഷിക്കുന്നത് നോക്കുക - അത്ര അപ്രതിഹതവും ആശ്ചര്യജനകവും അസാമാന്യവുമായ പരിണാമം ലോകചരിത്രത്തില്‍ വിരളമാണ്"". ഹിന്ദു മുസ്ലീം ഐക്യത്തിന്റെ അപ്രതിരോധ്യതയില്‍ ബ്രിട്ടീഷ് ഭരണം തകര്‍ന്നുപോകുമെന്ന് ആശങ്കപ്പെട്ടുകൊണ്ട് ജോര്‍ജ്ജ് ഡബ്ലിയു ഫോസ്റ്റര്‍ നിരീക്ഷിച്ചത്; ""ബ്രാഹ്മണരും ശൂദ്രരും ഹിന്ദുക്കളും മുഹമ്മദീയരും ഒരുമിച്ച് വിപ്ലവമുണ്ടാക്കുന്നതില്‍ കവിഞ്ഞ് ഇന്ത്യന്‍ വിപ്ലവം (1857) നല്‍കുന്ന മറ്റൊരു മുന്നറിയിപ്പുമില്ല"". ഇന്ത്യന്‍ ജനതയുടെ ഐക്യത്തെ തടയാനുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങള്‍ കൊളോണിയല്‍ ശക്തികള്‍ നേരത്തെതന്നെ ആരംഭിച്ചതാണ്. 1843ല്‍ ഗവര്‍ണ്ണര്‍ ജനറല്‍, വൈസ്രോയിയായിരുന്ന വെല്ലിങ്ടണ്‍ പ്രഭുവിന് മുന്നറിയിപ്പു നല്‍കിയത്, ""മുഹമ്മദീയര്‍ അടിസ്ഥാനപരമായി ബ്രിട്ടീഷുകാര്‍ക്കും അവരുടെ നയങ്ങള്‍ക്കുമെതിരാണ്. അതിനാല്‍ നമ്മുടെ നയം ഹിന്ദുക്കളുമായി രമ്യതയില്‍ നില്‍ക്കുന്നതാവണം"".

ഹിന്ദുക്കളെയും മുസ്ലീങ്ങളെയും അവസരങ്ങളുടെ ആവശ്യമനുസരിച്ച് ശത്രുവായും മിത്രമായും പരിഗണിച്ച ചരിത്രമാണ് ബ്രിട്ടീഷ് ഭരണകാലത്തിന്റേത്. മതനിരപേക്ഷത വാക്കില്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴും സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ഭരണാധികാരികളും ഇതേ നയം തന്നെയാണ് പിന്തുടര്‍ന്നത്. ഗാന്ധിവധത്തിന്റെ രോഷജനകമായ അന്തരീക്ഷത്തിന്റെ ചൂടാറും മുമ്പാണ് ഹിന്ദുത്വശക്തികള്‍ ബാബ്റിമസ്ജിദിലേക്ക് രാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തുന്നത്. 1949 ഡിസംബര്‍ 22ന് അര്‍ദ്ധരാത്രി ഹിന്ദുമഹാ സഭാനേതാക്കളായ ബാബാരാഘവദാസ്, ദിഗ്വിജയനാഥ്, സാമികര്‍പ്പത്നി എന്നിവരുടെ കാര്‍മ്മികത്വത്തിലായിരുന്നു മസ്ജിദിനകത്ത് വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തി സ്ഥാപിച്ചത്. എന്നിട്ടവര്‍ പള്ളിക്കകത്ത് രാമസീത വിഗ്രഹങ്ങള്‍ സ്വയംഭൂവായെന്ന് നുണപ്രചരണം നടത്തുകയായിരുന്നു. അയോധ്യയില്‍ നടന്ന അഖണ്ഡരാമായണ യഞ്ജത്തിന് സമാപനം കുറിച്ചുകൊണ്ടായിരുന്നു പള്ളിക്കകത്ത് രാമവിഗ്രഹം സ്ഥാപിച്ചത്. ഇതിന് ഹിന്ദുമഹാസഭക്കാര്‍ക്കൊപ്പം നേതൃത്വം നല്‍കിയത് അന്നത്തെ ഫൈസാബാദ് ജില്ലാകലക്ടര്‍ കെ.കെ.നായരായിരുന്നു. ഈ നീചകൃത്യത്തിന് അന്നത്തെ യു.പി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിന്റെ അനുഗ്രഹാശിസ്സുകളുമുണ്ടായിരുന്നു. വിവരമറിഞ്ഞ നെഹ്റു പള്ളിക്കകത്ത് ഒളിച്ചുകടത്തിയ വിഗ്രഹങ്ങള്‍ സരയൂനദിയുടെ പ്രവാഹഗതിയിലേക്ക് എടുത്തെറിയാന്‍ ഗോവിന്ദ് വല്ലഭ് പന്തിനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഗോവിന്ദ് വല്ലഭ് പന്തിനെപോലെയുള്ള യു.പി.യിലെ ഹിന്ദുത്വവാദികളായ കോണ്‍ഗ്രസ്സുകാര്‍ നെഹ്റുവിനെ നിര്‍ദ്ദാക്ഷിണ്യം തള്ളിക്കൊണ്ട് സര്‍ക്കാര്‍ ചെലവില്‍ പള്ളിക്കകത്ത് സ്ഥാപിച്ച വിഗ്രഹങ്ങളില്‍ പൂജയാരംഭിക്കുകയുമാണ് ചെയ്തത്.

ഈയൊരു പ്രക്ഷുബ്ധമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഫൈസാബാദ് മണ്ഡലത്തെ പ്രതിനിധീകരിച്ച എം.പിയും കോണ്‍ഗ്രസ്സിന്റെ പ്രമുഖനേതാവുമായിരുന്ന ആചാര്യ നരേന്ദ്രദേവ് കോണ്‍ഗ്രസ്സ് വിടുന്നത്. അദ്ദേഹം എം.പി. സ്ഥാനം രാജിവെച്ചു. ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആചാര്യ നരേന്ദ്രദേവിനെ തോല്‍പ്പിക്കുവാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം കണ്ടെത്തിയ സ്ഥാനാര്‍ത്ഥി ഹിന്ദുമഹാസഭാ നേതാവായ ബാബാരാഘവദാസായിരുന്നു. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയശക്തിയും ആര്‍.എസ്.എസിന്റെ സാംസ്കാരിക ശക്തിയും ഒന്നുചേരുന്നതാണ് നാം ഇവിടെ കണ്ടത്.

ബാബ്റിമസ്ജിദ് പ്രശ്നം കോണ്‍ഗ്രസ്സിന്റെ ഹിന്ദുത്വാനുകൂല നിലപാടുകളാണ് ദുരന്ത പൂര്‍ണ്ണമാക്കിയത്. രാജ്യത്തിന്റെ നിയമവും ഭരണഘടനയുടെ മതനിരപേക്ഷതയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് സംഘപരിവാറിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ സഹായിച്ചത്. രാജ്യത്തിന്റെ ആത്മാവിന് തന്നെ തീക്കൊടുത്ത ബാബ്റിമസ്ജിദ് തകര്‍ച്ച കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വ നിലപാടുകളുടെ അനിവാര്യഫലമായിരുന്നു. ഇന്നിപ്പോള്‍ ഗുജറാത്ത് വംശഹത്യയിലൂടെ നരാധമനായി മാറിയ മോഡിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനോ അവരുടെ ദുര്‍ബലനായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിക്കോ കഴിയില്ലെന്നു പറയുന്നത് കോണ്‍ഗ്രസ്സിന്റെ ഹിന്ദുത്വബാന്ധവത്തിന്റെ ചരിത്രപരമായ അനുഭവങ്ങളുടെ വെളിച്ചത്തിലാണ്.

ഇന്ത്യയുടെ ദേശീയോദ്ഗ്രഥന സമിതിയും സുപ്രീംകോടതിയും ബാബ്റിമസ്ജിദിനെ ഒരു പോറലും ഏല്‍ക്കാതെ സംരക്ഷിക്കണമെന്ന് റാവു സര്‍ക്കാരിനോട് ആവര്‍ത്തിച്ച് അനുശാസിച്ചതാണ്. 1992 നവംബര്‍ 23ന് ചേര്‍ന്ന ദേശീയോദ്ഗ്രഥന സമിതിയോഗം സാമുദായിക സൗഹാര്‍ദ്ദവും നിയമവാഴ്ചയും ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അയോധ്യ പ്രശ്നത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയെതന്നെയാണ് ചുമതലപ്പെടുത്തിയത്. 92 നവംബര്‍ 25ന് അയോധ്യ പ്രശ്നത്തില്‍ മസ്ജിദ് സംരക്ഷിക്കാനാവശ്യമായ ഏതുനടപടിയും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു. പക്ഷേ നരസിംഹറാവു സര്‍ക്കാര്‍ ഭരണഘടനയെയും മതനിരപേക്ഷതയെയും നിയവാഴ്ചയെയും സംരക്ഷിക്കുന്നതില്‍ നിന്ന് കുറ്റകരമായ രീതിയില്‍ ഒഴിഞ്ഞുമാറുകയാണുണ്ടായത്.

ബാബ്റിമസ്ജിദിന്റെ കുംഭഗോപുരങ്ങള്‍ ഇടിച്ചുതകര്‍ക്കുന്നതിന് നേതൃത്വം കൊടുത്ത കര്‍സേവകരില്‍ ഒരാളാണ് നരേന്ദ്ര മോഡി. ഹിന്ദുത്വശക്തികള്‍ ദേശീയ അപമാനമെന്ന് കല്‍പ്പിച്ച് തകര്‍ത്ത മതേതരത്വത്തിന്റെ താഴികക്കുടങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത അവശിഷ്ടങ്ങള്‍ അഹമ്മദാബാദിലെ തന്റെ വസതിയില്‍ കൊണ്ടുവന്ന് വിജയാഹ്ലാദം നടത്തിയ മോഡിയുടെ രാഷ്ട്രീയ വാമനത്വം മതനിരപേക്ഷവാദികളെല്ലാം കണ്ടതാണ്. ബാബ്റിമസ്ജിദിന്റെ തകര്‍ച്ചക്കുശേഷം രാജ്യം വര്‍ഗ്ഗീയകലാപങ്ങളില്‍ കത്തിയമരുമ്പോള്‍ കോണ്‍ഗ്രസ്സുകാരനായ പ്രധാനമന്ത്രി നരസിംഹറാവു മൗനത്തിന്റെ വാല്മീകം പൊളിച്ച് പുറത്തുവന്നില്ല. മന്ത്രിസഭായോഗം വിളിച്ചുചേര്‍ക്കാന്‍ പോലും റാവു തയ്യാറായില്ല. സോണിയാഗാന്ധി കൗശലപൂര്‍വ്വം മൗനം പാലിച്ചു. ഇടതുപക്ഷ നേതാക്കളുടെ മുന്‍കൈയില്‍ പ്രധാനമന്ത്രിയുടെ വീടിനുമുമ്പിലടക്കം വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നതിനുശേഷം മാത്രമാണ് റാവു മൗനം ഭഞ്ജിച്ചത്. ചരിത്രപ്രസിദ്ധമായ ആരാധനാലയം തകര്‍ത്ത് ആറുദിവസം കഴിഞ്ഞ് ഡിസംബര്‍ 12നാണ് റാവു വാ തുറന്നത്. എങ്ങനെയുണ്ട് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ന്യൂനപക്ഷ സംരക്ഷണ ജാഗ്രത!! യു.പി.യിലെ കല്യാണ്‍സിംഗ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഈ മഹാ അപരാധത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനാണ് റാവു ശ്രമിച്ചത്. കല്യാണ്‍ സിംഗ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതി നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന വിലാപമായിരുന്നു റാവു നടത്തിയത്. ബി.ജെ.പിയുടെ കല്യാണ്‍സിംഗ് സര്‍ക്കാര്‍ ബാബ്റിമസ്ജിദ് പൊളിക്കുന്നതിന് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമെന്നറിഞ്ഞിട്ടും നരസിംഹറാവു ഒരു നടപടിയും സ്വീകരിച്ചില്ല. ആ കുറ്റകരമായ നിഷ്ക്രിയത്വത്തിനു പിറകില്‍ റാവുവും ചന്ദ്രസ്വാമിയും സംഘപരിവാര്‍ നേതാക്കളും തമ്മിലുള്ള അവിശുദ്ധ ബാന്ധവമായിരുന്നു.

ആഭ്യന്തരകുഴപ്പങ്ങളില്‍പ്പെട്ടുഴലുന്ന സംസ്ഥാനങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഭരണഘടനാപരമായ അധികാരമുണ്ട്. 355-ാം വകുപ്പ് യൂണിയന്‍ ലിസ്റ്റ് (2എ) പ്രകാരം കേന്ദ്ര സര്‍ക്കാരിന് പട്ടാളത്തെ പോലും നിയോഗിക്കാവുന്നതാണ്. ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് അനുവദിക്കാത്തതിനാലാണ് പട്ടാളത്തെ അയോധ്യയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ വിന്യസിക്കേണ്ടിവന്നതെന്ന വാദം എത്ര ബാലിശമാണ്.

കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ സംഘപരിവാറിന്റെ ഇംഗിതമനുസരിച്ച് എല്ലാകാലത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1975ലെ അടിയന്തിരാവസ്ഥയ്ക്കുശേഷം ഹിന്ദുകാര്‍ഡ് കളിച്ചുകൊണ്ടാണ് കോണ്‍ഗ്രസ്സ് ദേശീയ അധികാരത്തിലേക്ക് തിരിച്ചുവന്നതും അധികാരം കയ്യാളിയതും. ഖാലിസ്ഥാന്‍ വാദം ഉള്‍പ്പെടെയുള്ള വിഘടനവാദ പ്രസ്ഥാനങ്ങളെ വളവും വെള്ളവും നല്‍കി വളര്‍ത്തിയവര്‍ തന്നെ ദേശീയ ഐക്യത്തിന് എന്ന വ്യാജേന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പലതലങ്ങളില്‍ പ്രോത്സാഹിപ്പിച്ചു. വിഘടനവാദത്തിനെതിരെ അഖണ്ഡതയുടെ പ്രത്യയശാസ്ത്രമായി സവര്‍ണ്ണ ഹൈന്ദവതയെ പുനഃസ്ഥാപിക്കുവാനാണ് ഹിന്ദുത്വശക്തികളോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ശ്രമിച്ചത്. വിശ്വഹിന്ദുപരിഷത്തിന്റെ മുന്‍കൈയില്‍ 1980കളില്‍ ആരംഭിച്ച ഹിന്ദു ഏകീകരണം ലക്ഷ്യം വെച്ചുള്ള പുണ്യജലവില്പനയ്ക്കും യജ്ഞപുനരുജ്ജീവന ശ്രമങ്ങള്‍ക്കും കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു. ഇന്ദിരാഗാന്ധി ഹരിദ്വാറില്‍ വിശ്വഹിന്ദുപരിഷത്ത് സംഘടിപ്പിച്ച ഏകാത്മാ യജ്ഞത്തില്‍ പങ്കെടുത്തതുതന്നെ തന്റെ ഹിന്ദുത്വാനുകൂല നിലപാട് വെളിപ്പെടുത്താനായിരുന്നു. അത് ഇന്ദിരാഗാന്ധിക്കും കോണ്‍ഗ്രസ്സിനും അത്ഭുതകരമായ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു. ആ വര്‍ഷം നടന്ന ജമ്മുകാശ്മീര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് തങ്ങളുടെ രാഷ്ട്രീയ മുഖമായ ബിജെപിയെ തഴഞ്ഞ് കോണ്‍ഗ്രസ്സിനെ പിന്തുണച്ചു. ഹിന്ദുതാല്പര്യം സംരക്ഷിക്കാന്‍ തങ്ങളുടെ ബിജെപിയേക്കാള്‍ കഴിയുക കോണ്‍ഗ്രസ്സിനാണെന്നായിരുന്നു ആര്‍എസ്എസ് ഭാഷ്യം.

1984ല്‍ കോണ്‍ഗ്രസ്സ് ശിവസേനയുമായി മഹാരാഷ്ട്രയില്‍ സഖ്യമുണ്ടാക്കി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. 1984ലെ വിജയദശമി ദിനത്തില്‍ (ആര്‍.എസ്.എസിന്റെ രൂപീകരണദിനം) ആര്‍.എസ്.എസ് മേധാവി ദേവറസ് കോണ്‍ഗ്രസ്സിനോട് സംഘത്തിന് യാതൊരു വിരോധവുമില്ലെന്ന് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയശക്തിയും ആര്‍.എസ്.എസിന്റെ സാംസ്കാരിക ശക്തിയും ഒന്നുചേരണമെന്ന തന്റെ മുന്‍ഗാമി ഗോള്‍വാള്‍ക്കറുടെ സ്വപ്നം പൂവണിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ഈ ഒരു സാഹചര്യത്തിലാണ് സുവര്‍ണ്ണക്ഷേത്രത്തിനുനേരെ നടന്ന ബ്ലൂസ്റ്റാര്‍ ഓപ്പറേഷനുള്ള പകരം വീട്ടലെന്ന നിലയില്‍ ഇന്ദിരാഗാന്ധി സിഖ് തീവ്രവാദികളാല്‍ ദാരുണമായി കൊലചെയ്യപ്പെട്ടത്. സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടു എന്നത് അവരുടെ തന്നെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ വൈപരീത്യമായി കാണാം. ഇന്ദിരാവധം ഉയര്‍ത്തിവിട്ട സഹതാപതരംഗം ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ രാജീവ് ഗാന്ധിയെ അധികാരത്തിലെത്തിച്ചു. പോള്‍ ചെയ്ത വോട്ടിന്റെ 48 ശതമാനവും 413 സീറ്റുമാണ് കോണ്‍ഗ്രസ്സ് നേടിയത്. സംഘപരിവാറിന്റെ സമ്പൂര്‍ണ്ണമായ പിന്തുണയും അനുഗ്രഹാശിസ്സുകളും രാജീവ്ഗാന്ധിക്ക് ലഭിച്ചു. ഇതിന് പ്രത്യുപകാരമെന്നോണം സംഘപരിവാറിന്റെ രാമജന്മഭൂമി ക്യാമ്പയിനെ രാജീവ് ഗാന്ധി അകമഴിഞ്ഞ് സഹായിച്ചു. രാമരാജ്യം എന്റെ ലക്ഷ്യമാണെന്ന് രാജീവ് ഗാന്ധി പ്രഖ്യാപിച്ചു. ഇലക്ട്രോണിക്സിന്റെ ചിറകുകളില്‍ പറക്കുമ്പോഴും മദ്ധ്യകാലിക മൂല്യങ്ങളെയും അനുഷ്ഠാനങ്ങളെയും ഹിന്ദുത്വ ഏകീകരണത്തിന് സഹായകരമായ രീതിയില്‍ പുനരുജ്ജീവിപ്പിച്ചെടുക്കുവാനുള്ള പ്രത്യയശാസ്ത്ര പ്രചാരണങ്ങളും സര്‍ക്കാര്‍ തന്നെ നടത്തി. ടെലിവിഷനില്‍ രാമായണം പരമ്പര വഴി രാമബിംബത്തെ ക്ഷാത്രവീര്യമുണര്‍ത്തുന്ന ഹിന്ദുവിന്റെ ആത്മാഭിമാന നിര്‍മിതിക്കായി ആര്‍എസ്എസ് അഭിലഷിച്ച രീതിയില്‍ ജനമനസ്സുകളിലെത്തിച്ചു. സംഘപരിവാറിന്റെ രാമജന്മഭൂമി കാമ്പയിനാവശ്യമായ ആശയപരവും വൈകാരികവുമായ പരിസരമൊരുക്കിക്കൊടുത്തു രാമാനന്ദസാഗറിന്റെ ടി.വി രാമായണം പരമ്പര. ഗംഗാനദി ശുദ്ധീകരണത്തിന്റെ പേരില്‍ ഹൈന്ദവ വികാരങ്ങളെ ഉയര്‍ത്തിയെടുക്കുവാനും കോണ്‍ഗ്രസ്സിന് അനുകൂലമാക്കാനും രാജീവിന്റെ ഉപദേഷ്ടാക്കള്‍ ആസൂത്രിതമായി ശ്രമിച്ചു.

1949ല്‍ തര്‍ക്കഭൂമിയാണെന്നു പറഞ്ഞ് അടച്ചിട്ട ബാബ്റിമസ്ജിദ് ക്ഷേത്രമാണെന്നും ക്ഷേത്രകവാടം ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുക്കണമെന്നുമുള്ള ഒരു സാധാരണ മജിസ്ട്രേറ്റു കോടതിവിധിയെ നിമിത്തമാക്കി രാജീവ് ഗാന്ധി സംഘപരിവാര്‍ ശക്തികളുടെ ആവശ്യം പരിഗണിച്ച് ഹിന്ദുക്കള്‍ക്ക് മസ്ജിദ് തുറന്നുകൊടുക്കുവാന്‍ നിര്‍ദ്ദേശിച്ചു. 1986 ഫെബ്രുവരി ഒന്നിന് ആരാധനാലയം അടച്ചിടണമെന്ന ഉത്തരവ് റദ്ദാക്കി യു.പി സര്‍ക്കാര്‍ പള്ളി ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തു. രാജീവും യുപി മുഖ്യമന്ത്രിയായിരുന്ന എന്‍ ഡി തിവാരിയും ചേര്‍ന്നാണ് ഏകപക്ഷീയമായി പള്ളി ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തത്. 1989 നവംബര്‍ 9ന് കേന്ദ്രത്തിലെയും യു.പിയിലെയും കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ സഹായത്തോടെയാണ് സംഘപരിവാര്‍ ശക്തികള്‍ ശിലാന്യാസം നടത്തിയത്. അലഹബാദ് ഹൈക്കോടതി തര്‍ക്കഭൂമിയാണെന്ന് വിധിച്ച സ്ഥലത്ത് ശിലാന്യാസം നടത്താന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ അനുമതി നല്‍കുകയായിരുന്നു.

കോണ്‍ഗ്രസ്സ് എക്കാലത്തും ഹിന്ദുത്വശക്തികളെ പ്രീണിപ്പിച്ചുപോന്നിട്ടുണ്ട്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം എന്നും ഗോള്‍വാള്‍ക്കറുടെ രഹസ്യസ്വപ്നം വിചാരത്തില്‍ മാത്രമല്ല പ്രയോഗത്തിലും പങ്കിട്ടുപോന്നിട്ടുണ്ട്. അല്ലാത്തവര്‍ക്ക് കോണ്‍ഗ്രസ്സിലെ ഹിന്ദുത്വാനുകൂലികളുടെ കഠിനമായ എതിര്‍പ്പുകളെ നേരിടേണ്ടിയും വന്നിട്ടുണ്ട്. 1949ല്‍ ബാബ്റി മസ്ജിദ് കയ്യേറി വിഗ്രഹങ്ങള്‍ സ്ഥാപിച്ച ഹിന്ദുമഹാസഭയുടെയും യു.പി സര്‍ക്കാരിന്റെയും കള്ളക്കളിക്കെതിരെ ശബ്ദിച്ച അന്നത്തെ ഫൈസാബാദ് ഡി.സി.സി സെക്രട്ടറിയായിരുന്ന അക്ഷയബ്രഹ്മചാരി ക്രൂരമായി വേട്ടയാടപ്പെടുകയായിരുന്നു. സംഘപരിവാര്‍ ശക്തികളുമായി ചേര്‍ന്ന് കോണ്‍ഗ്രസ്സ് തുടങ്ങിവെച്ച ഈ കളി രജ്യത്തെ ചുടലക്കളമാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം നിരാഹാര സമരമാരംഭിച്ചു. രാഷ്ട്രീയത്തെ ഹിന്ദുവര്‍ഗ്ഗീയതക്ക് കീഴ്പ്പെടുത്തുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരെ മതനിരപേക്ഷതയ്ക്കുവേണ്ടി സത്യാഗ്രഹമിരുന്ന അക്ഷയ് ബ്രഹ്മചാരിയെ ഗോവിന്ദ് വല്ലഭ് പന്തിന്റെ നിര്‍ദ്ദേശാനുസരണം കോണ്‍ഗ്രസ്സിലെ ഹിന്ദുത്വവാദികള്‍ അടിച്ചോടിക്കുകയായിരുന്നു; അദ്ദേഹത്തിന്റെ സത്യാഗ്രഹപന്തലിനും ആശ്രമത്തിനും തീക്കൊടുക്കുകയായിരുന്നു. ഗോള്‍വാള്‍ക്കറുടെ രഹസ്യസ്വപ്നം പ്രയോഗത്തിലെത്തിച്ച ഫൈസാബാദിലെ കോണ്‍ഗ്രസ്സുകാരായ വര്‍ഗ്ഗീയവാദികളുടെ ശല്യം സഹിക്കാനാവാതെ അക്ഷയബ്രഹ്മചാരിക്ക് ലഖ്നൗവിലേക്ക് താമസം മാറ്റേണ്ടി വന്നു.

ബാബ്റിമസ്ജിദ് തകര്‍ത്തത് സംഘപരിവാറാണെങ്കിലും അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കോണ്‍ഗ്രസ്സിന് ഒരിക്കലും ഒഴിഞ്ഞുമാറാനാവില്ല. യു.പിയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ കാലത്താണ് മസ്ജിദ് വരുതിയിലാക്കാന്‍ സംഘപരിവാറിന് എല്ലാ സൗകര്യങ്ങളും ലഭിച്ചത്. 1992 ഡിസംബര്‍ 6ന് അയോധ്യയിലെ ക്രമസമാധാന ചുമതല വഹിച്ചിരുന്ന ഡി.ബി.റായ്, 1986 പള്ളി തുറന്നുകൊടുക്കാന്‍ ഉത്തരവിട്ട മജിസ്ട്രേറ്റ് കെ.എന്‍. പാണ്ഡേ, ഇതിന്‍മേലുള്ള അപ്പീല്‍ പരിഗണിച്ച അഹമ്മദാബാദ് ഹൈക്കോടതി ജഡ്ജി അഗര്‍വാള്‍ തുടങ്ങിയവര്‍ പിന്നീട് വി.എച്ച്.പിയുടെയും ബി.ജെ.പിയുടെയും നേതാക്കളായി മാറി. പലരും എം.പിമാരാവുകയും ചെയ്തു. എക്സിക്യൂട്ടീവിന്റെയും ജുഡീഷ്യറിയുടെയും ഭാഗത്തുനിന്ന് ഉണ്ടായ ഹിന്ദുത്വാനുകൂല നീക്കങ്ങളെയും ഗൂഢാലോചനകളെയും മനസ്സിലാക്കാന്‍ കേന്ദ്രസര്‍ക്കാരിനും കഴിഞ്ഞിരുന്നില്ലെന്ന് പറയാനാവില്ല. എല്ലാം മനസ്സിലാക്കിയിട്ടും കേന്ദ്രസര്‍ക്കാര്‍ ഭരണതലത്തിലെ ഗൂഢാലോചനയ്ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു.

കല്യാണ്‍സിങ് സര്‍ക്കാരിനെതിരെ ഭരണഘടനയുടെ 356-ാം വകുപ്പ് ഉപയോഗിക്കാതിരുന്നത് ഫെഡറല്‍മൂല്യങ്ങളെ മാനിക്കുന്നതുകൊണ്ടാണെന്നാണല്ലോ കോണ്‍ഗ്രസ്സ് നേതൃത്വം വാദിച്ചുകൊണ്ടിരിക്കുന്നത്. ഇത് അങ്ങേയറ്റം പരിഹാസ്യമാണ്. ഭരണഘടന നിലവില്‍ വന്നതിനുശേഷം 1992 വരെയുള്ള വര്‍ഷങ്ങളില്‍ 90 പ്രാവശ്യമെങ്കിലും കേന്ദ്രസര്‍ക്കാര്‍ 356-ാം വകുപ്പ് പ്രയോഗിച്ചിട്ടുണ്ട്. കേരളത്തില്‍ ഇ.എം.എസ് ഗവണ്‍മെന്റിനെ പിരിച്ചുവിടുന്നതുള്‍പ്പെടെ നിരവധിതവണ ഈ വകുപ്പ് ദുരുപയോഗം ചെയ്തിട്ടുണ്ട്. 1968ലും കേരളത്തില്‍ 356-ാം വകുപ്പ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഉപയോഗിച്ചതെന്തിനായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ രക്ഷിക്കാനെന്ന തൊടുന്യായം പറഞ്ഞായിരുന്നു. 1969ല്‍ ബംഗാളില്‍ പട്ടാളത്തെ നിയോഗിച്ച അനുഭവവും ഉണ്ട്. ചരിത്രപസിദ്ധമായ ബാബ്റിമസ്ജിദ് സംരക്ഷിക്കാന്‍ സുപ്രീം കോടതിയും ദേശീയോദ്ഗ്രഥന കൗണ്‍സിലും കേന്ദ്രസര്‍ക്കാരിന് എന്ത് നടപടി എടുക്കാനും അനുമതി നല്‍കിയിട്ടും എന്തുകൊണ്ട് 356-ാം വകുപ്പു പ്രയോഗിച്ചില്ല? എന്തുകൊണ്ട് 355-ാം വകുപ്പ് പ്രകാരം പട്ടാളത്തെ സംരക്ഷണച്ചുമതല ഏല്‍പ്പിച്ചില്ല?

ഈ ചോദ്യങ്ങള്‍ക്കുത്തരം തേടുമ്പോഴാണ് കോണ്‍ഗ്രസ്സ് സര്‍ക്കാരും സംഘപരിവാറും അയോധ്യാപ്രശ്നത്തില്‍ നടത്തിയ ഗൂഡാലോചനയുടെ ചിത്രം തെളിയുന്നത്. അയോധ്യയില്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ശബ്ദരായത് ഹിന്ദുത്വാനുകൂല നിലപാടുമൂലമാണെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. ഡിസംബര്‍ 12ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം ഈ കുറ്റകരമായ ഗൂഢാലോചനയെ മറച്ചുപിടിക്കാനുള്ള ശ്രമം മാത്രമായിരുന്നു. റാവുസര്‍ക്കാരിന് വസ്തുതകളെ സത്യസന്ധമായി അവതരിപ്പിക്കാന്‍ കഴിയാതെപോയത് കേന്ദ്രമന്ത്രിസഭയിലെ ഉന്നതര്‍ക്കുള്ള ബന്ധം മറച്ചുവെക്കാനുള്ള തിടുക്കംമൂലമായിരുന്നു. 1992 ഡിസംബര്‍ 27ന് വിവാദസ്ഥലങ്ങള്‍ ഏറ്റെടുക്കാനും പള്ളിയും മന്ദിറും പണിയാനുള്ള രണ്ട് ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 1993 ജനുവരി 7ന് പള്ളിയും അമ്പലവും പണിയാന്‍ രണ്ട് ട്രസ്റ്റുകള്‍ രൂപീകരിക്കാനുള്ള ഓര്‍ഡിനന്‍സും പുറപ്പെടുവിച്ചു. ഒന്നും നടന്നില്ല. സംഘപരിവാര്‍ തങ്ങളുടെ ഇംഗിതം അനുസരിച്ചുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അയോധ്യയില്‍ കോണ്‍ഗ്രസ്സിന്റെ സഹായത്തോടെ ആരംഭിക്കുകയായിരുന്നു.

2002 ഫെബ്രുവരി 27ന് ഗോധ്രയില്‍ വെച്ച് സബര്‍മതി എക്സ്പ്രസ്സിന് തീപ്പിടുത്തമുണ്ടായതിനെ തുടര്‍ന്നാണ് ഗുജറാത്തില്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നീചമായ മുസ്ലീം വേട്ട ആരംഭിച്ചത്. നുണക്കഥകള്‍ പ്രചരിപ്പിച്ച് വിദ്വേഷത്തിന്റെ ആള്‍ക്കൂട്ടങ്ങളെ മുസ്ലീം അധിവാസ മേഖലകളിലേക്ക് ഇളക്കിവിടുകയായിരുന്നു. 2000ലേറെ മനുഷ്യരാണ് കൊലചെയ്യപ്പെട്ടത്. 1,50,000ത്തിലേറെ പേര്‍ എല്ലാം നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി. 10000 കോടി രൂപയുടെ നഷ്ടമാണ് സംഘപരിവാര്‍ ശക്തികള്‍ സംഹാരതാണ്ഡവമാടിയ ഈ ദിവസങ്ങളില്‍ ഗുജറാത്തിലുണ്ടായത്. നരേന്ദ്രമോദി ഭരണസംവിധാനമുപയോഗിച്ച് വംശഹത്യക്ക് നേതൃത്വം നല്‍കുകയായിരുന്നു. ഈ വര്‍ഗ്ഗീയകലാപങ്ങളെ ഗുജറാത്തിലെ പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസ്സിന് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്നത് പോകട്ടെ ഒരു നെടുനിശ്വാസം കൊണ്ടുപോലും പ്രതിഷേധിക്കാനും കഴിഞ്ഞില്ല.

ഇസ്ഹാന്‍ജാഫ്രിയെ പോലുള്ള പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കള്‍ വംശഹത്യയുടെ ഇരകളായി. ജാഫ്രിയുടെ ഹൗസിംഗ് കോളനിയില്‍ നടന്ന അക്രമങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും നേതൃത്വം കൊടുത്തത് ബാപ്പുനഗര്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായിരുന്ന കോണ്‍ഗ്രസ്സ് നേതാവ് ജഗ്രൂപ് രജ്പുത്തായിരുന്നു. അദ്ദേഹം ഇപ്പോള്‍ ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ ആണ്. കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നും ഇല്ലെന്നാണ് ഗുജറാത്തിലെ അനുഭവങ്ങള്‍ കാണിക്കുന്നത്. ബാബ്റിമസ്ജിദിന്റെ തകര്‍ച്ചക്കുശേഷം നടന്ന മുംബൈ കലാപത്തില്‍ ശിവസേന, ആര്‍എസ്എസ് വര്‍ഗ്ഗീയവാദികള്‍ക്കൊപ്പം മുംബൈ പോലീസും മുസ്ലീങ്ങളെ വേട്ടയാടി. ഈ സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായ അക്കാലത്തെ കോണ്‍ഗ്രസ്സ് എംപിയും ചലച്ചിത്രനടനുമായ സുനില്‍ദത്ത് പ്രധാനമന്ത്രി നരസിംഹറാവുവിനെഴുതിയ കത്തില്‍ ഇത്രയും പക്ഷപാതത്തോടെ കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനത്തെ പോലീസ് സേന പെരുമാറുന്നതെന്തുകൊണ്ടാണെന്ന് ചോദിക്കുന്നുണ്ട്. മതനിരപേക്ഷതയെ സൗകര്യപൂര്‍വ്വം വ്യാഖ്യാനിച്ച് വര്‍ഗ്ഗീയതയുടെ വടുകെട്ടിയ മനസ്സുമായി കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ വിവിധ മതവിഭാഗങ്ങളെ തങ്ങളുടെ ആവശ്യാനുസരണം അടിച്ചമര്‍ത്തുകയും തലോടുകയും ചെയ്ത ചരിത്രമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടേത്. കോണ്‍ഗ്രസ്സ് എന്നും ഭൂരിപക്ഷ വര്‍ഗ്ഗീയതയോട് ആഭിമുഖ്യം പുലര്‍ത്തിപ്പോന്നിട്ടുണ്ട്. കോണ്‍ഗ്രസ്സ് നേതാക്കള്‍ പലഘട്ടങ്ങളിലും മുസ്ലീം വിരുദ്ധ - സിഖ് വിരുദ്ധ വര്‍ഗ്ഗീയ ആവേശം ക്രൂരമായ മാനങ്ങളില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ദിരാവധത്തിനുശേഷം ആര്‍എസ്എസ് സഹായത്തോടെ ഡല്‍ഹിയില്‍ സിഖ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയത് കോണ്‍ഗ്രസ്സിലെ സവര്‍ണ്ണ ഹൈന്ദവ പശ്ചാത്തലത്തില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാക്കളായിരുന്നു.

ഇന്ത്യന്‍ ഭരണാധികാരികള്‍ കാലാകാലങ്ങളില്‍ സങ്കുചിതവും താല്‍ക്കാലികവുമായ നേട്ടങ്ങള്‍ക്കായി വര്‍ഗ്ഗീയ ശക്തികളുമായി കൂട്ടുകൂടുകയും മതനിരപേക്ഷതയെ അപ്രസക്തമാക്കുകയും ചെയ്തിട്ടുണ്ട്. 1947ലെ വിഭജനകാലത്ത് ആയിരക്കണക്കിന് വര്‍ഗ്ഗീയകലാപങ്ങളാണ് ഇന്ത്യയില്‍ നടന്നത്. ഹിന്ദുമുസ്ലീം കലാപങ്ങളില്‍ ചോരവാര്‍ന്നുകിടന്ന നവഖാലിയിലെ ചതുപ്പുനിലങ്ങളിലൂടെ ശാന്തിമന്ത്രം ഉരുവിട്ട് നീങ്ങിയ മഹാത്മജിക്ക് ചെവികൊടുക്കുവാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പോലും തയ്യാറായില്ല. അന്ധമായ മുസ്ലീം വിരോധം മൂലം കോണ്‍ഗ്രസ്സിന്റെ ദേശീയ നേതാക്കളില്‍ പലരും പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും മുസ്ലീങ്ങള്‍ എന്റെ സഹോദരങ്ങളാണെന്ന് പ്രഖ്യാപിച്ച ഗാന്ധജിക്കെതിരെ മുറുമുറുക്കുകയായിരുന്നു. ഈ അസഹനീയമായ വര്‍ഗ്ഗീയ അന്ധതകണ്ട് നെഞ്ചുപൊട്ടി ഗാന്ധി ചോദിക്കുകയുണ്ടായി ""പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും മുസ്ലീങ്ങള്‍ നമ്മുടെ സഹോദരീ സഹോദരന്മാരാണെന്ന് വിശ്വസിക്കുന്ന ഈ ഗാന്ധി നിങ്ങള്‍ക്കിടയില്‍ ജീവിക്കുന്നത് ഒരു അപരാധമാണോ."" ഹിന്ദുവിന്റെ പേരില്‍ പ്രകടിപ്പിക്കുന്ന മുസ്ലീം വിരുദ്ധതയെ ചോദ്യം ചെയ്തുകൊണ്ട് ഗാന്ധി തുടര്‍ന്നു;

""യുധിഷ്ഠരന്റെ ധര്‍മ്മബോധവും പാണ്ഡവരുടെ ക്ഷമാശീലവും പുലര്‍ത്തുന്ന, മുസ്ലീങ്ങളെല്ലാം എന്റെ കൂടപ്പിറപ്പുകളാണെന്ന് വിശ്വസിക്കുന്ന ഒരു സനാതന ഹിന്ദുവാണ് ഞാന്‍."" ഇന്ത്യയിലെ വര്‍ഗ്ഗീയകലാപങ്ങളെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടുകളെല്ലാം രാജ്യത്തെ ഞെട്ടിച്ച വര്‍ഗ്ഗീയകലാപങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള പങ്കും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ആസൂത്രണത്തിലും വര്‍ഗ്ഗീയകലാപങ്ങളുടെ വ്യാപനത്തിലും കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലീസ് സേനയുടെ പങ്കും പല കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലും എടുത്തുപറഞ്ഞിട്ടുണ്ട്. ഇന്നിപ്പോള്‍ സംഘപരിവാര്‍ നരാധമനായ മോഡിയെ മുന്നില്‍ നിര്‍ത്തി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരം പിടിക്കാനുള്ള നീക്കമാണ് നടത്തുന്നത്. അതിനെ പ്രതിരോധിക്കുവാന്‍ മതനിരപേക്ഷ ജനാധിപത്യശക്തികള്‍ക്കേ കഴിയൂ. വര്‍ഗ്ഗീയതയും അതിന്റെ വര്‍ത്തമാനരൂപമായ മോഡിയിസവും ഇന്ത്യന്‍ മതനിരപേക്ഷ ഘടനയ്ക്കുനേരെ ഉയര്‍ത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കുവാന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് കഴിയില്ല. സാമ്രാജ്യത്വവും വര്‍ഗ്ഗീയതയും ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങളും ഒളിഞ്ഞും തെളിഞ്ഞും നടത്തിയ അവിഹിത വേഴ്ചകളിലൂടെ പിറന്നുവീണ ദുര്‍ഭഗസന്തതികള്‍ രാജ്യമൊട്ടാകെ രക്തപങ്കിലമാക്കുകയാണ്. ജമ്മുകാശ്മീരിലെ കിഷ്ത്താറിലും യു.പിയിലെ മുസഫര്‍നഗറിലും ബീഹാറിലും ഹിന്ദുത്വ ധ്രുവീകരണ ലക്ഷ്യം വെച്ചാണ് സംഘപരിവാര്‍ കലാപങ്ങള്‍ ആസൂത്രണം ചെയ്തത്. ഈ നിഷ്ഠൂരമായ വര്‍ഗ്ഗീയവല്‍ക്കരണ നടപടിയെ മതനിരപേക്ഷ നിലപാടുയര്‍ത്തി പ്രതിരോധിക്കുവാന്‍ തയ്യാറാകാതെ കോണ്‍ഗ്രസ്സ് ഹിന്ദുത്വ ധ്രുവീകരണത്തെ ഉപയോഗപ്പെടുത്തി വോട്ടുനേടാനാകുമോ എന്നാണ് ശ്രമിക്കുന്നത്. മുസഫര്‍നഗറില്‍ വര്‍ഗ്ഗീയാക്രമണങ്ങളുടെ ഇരകളെ ഐ.എസ്.ഐ സ്വാധീനിക്കുന്നുവെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവന ഈ ലക്ഷ്യത്തെ മറനീക്കി പുറത്തുകൊണ്ടുവന്നു.

ബി.ജെ.പിയും കോണ്‍ഗ്രസ്സും ഒരേ മൂലധന താല്‍പ്പര്യങ്ങളുടെ രണ്ട് മുഖങ്ങള്‍ മാത്രമാണ്. നവലിബറല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും അവരൊന്നിച്ചുനില്‍ക്കുന്നു. റിലയന്‍സുള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് മുതലാളിമാരുടെ പ്രതിനിധികള്‍ മാത്രമാണ് മോഡിയും രാഹുലും. ആഗോളഫൈനാന്‍സ് മൂലധനത്തിന്റെയും ഇന്ത്യന്‍ വരേണ്യവര്‍ഗ്ഗത്തിന്റെയും താല്പര്യങ്ങളെയാണ് രാജ്യത്തിന്റെ വളര്‍ച്ചയും വികസനവുമായി രണ്ടുകൂട്ടരും അവതരിപ്പിക്കുന്നത്. ജനജീവിതം ദുസ്സഹമാക്കുന്ന സാമ്പത്തിക നയങ്ങളുടെ ഭാഗമാണ് വര്‍ഗ്ഗീയകലാപങ്ങള്‍ വിതയ്ക്കുന്ന മതപ്രത്യയശാസ്ത്രങ്ങളും. ന്യൂനപക്ഷവിരുദ്ധവും ദളിത് വിരുദ്ധവുമായ സംഘപരിവാറിന്റെ സവര്‍ണ്ണ ഹൈന്ദവതയെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നവരും സംരക്ഷിക്കുന്നവരുമാണ് കോണ്‍ഗ്രസ്സ് നേതൃത്വം. ഗോള്‍വാള്‍ക്കറുടെ രഹസ്യസ്വപ്നം പങ്കിടുന്നവര്‍ക്ക് ഇന്ത്യന്‍ മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കാനാവില്ല.

*
കെ ടി കുഞ്ഞിക്കണ്ണന്‍

വിഷംചീറ്റുന്ന മോഡി അനുയായികള്‍

ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിലെ ഇരട്ടത്താപ്പ് ദിവസം കഴിയുന്തോറും വെളിപ്പെടുകയാണ്. വികസനത്തെക്കുറിച്ചും സദ്ഭരണത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും നരേന്ദ്രമോഡി നടത്തുന്ന പ്രസംഗങ്ങള്‍ വെറും പുറംപൂച്ചുകള്‍മാത്രമാണ്. ഇതിനപ്പുറം ബിഹാറിനെയും ഉത്തര്‍പ്രദേശിനെയും ലക്ഷ്യമാക്കിയുള്ള ശക്തമായ വര്‍ഗീയ പ്രചാരണമാണ് നടക്കുന്നത്.

അടുത്തിടെ ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ നടത്തുന്ന പ്രസംഗങ്ങളും ജല്‍പ്പനങ്ങളും വെളിപ്പെടുത്തുന്നത് ബിജെപിയുടെ പ്രചാരണത്തിന്റെ ഉള്ളടക്കം ഹിന്ദുത്വ സങ്കുചിതവാദവും വര്‍ഗീയ സ്വഭാവവുമാണെന്നാണ്. ബിജെപി നേതാവും ബിഹാറിലെ നവാഡയിലെ സ്ഥാനാര്‍ഥിയുമായ ഗിരിരാജ് സിങ് നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ പറഞ്ഞത് ഇങ്ങനെയാണ് - "നരേന്ദ്രമോഡിയെ തടയാന്‍ ശ്രമിക്കുന്നവര്‍ പിന്തുണയ്ക്കായി പാകിസ്ഥാനിലേക്ക് നോക്കുന്നവരാണ്. വരും ദിവസങ്ങളില്‍ ഇത്തരക്കാര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമുണ്ടാകില്ല. അത്തരക്കാരുടെ സ്ഥാനം പാകിസ്ഥാനിലായിരിക്കും". ഹിന്ദുത്വയെ വിമര്‍ശിക്കുന്നവര്‍ മുഴുവന്‍ ദേശവിരുദ്ധരും പാകിസ്ഥാന്‍ പക്ഷക്കാരുമാണെന്ന പ്രചാരണം സംഘപരിവാറിന്റെ പഴയ കൗശലമാണ്. പാകിസ്ഥാനെ പരാമര്‍ശിക്കുകവഴി മുസ്ലിം സമുദായത്തെയാണ് ലക്ഷ്യമിടുന്നത്. മുസ്ലിങ്ങളെ എപ്പോഴും പാകിസ്ഥാനെ പിന്തുണയ്ക്കുന്നവരായാണ് ഇവര്‍ ചിത്രീകരിക്കാറുള്ളത്. പ്രസംഗത്തിനെതിരെ ശക്തമായ വിമര്‍ശമുയര്‍ന്നിട്ടും ഗിരിരാജ് സിങ് തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണ്.

മോഡിയുടെ വലംകൈ അമിത്ഷാ ഒരാഴ്ച മുമ്പ് മുസഫര്‍നഗറില്‍ നടത്തിയ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് ഗിരിരാജ് സിങ്ങിന്റെ വിവാദപ്രസംഗം. അമിത് ഷായുടെ വിദ്വേഷ പ്രസംഗം ഇങ്ങനെ- "നമ്മുടെ സമുദായത്തിന് അനുഭവിക്കേണ്ടിവന്ന അപമാനത്തിന് പ്രതികാരംചെയ്യാനുള്ള സമയമാണിത്. നമ്മുടെ അമ്മമാരെയും സഹോദരിമാരെയും മോശമായി കൈകാര്യംചെയ്തവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ചുട്ടമറുപടി നല്‍കണം." അടുത്തിടെ വര്‍ഗീയകലാപമുണ്ടായിടത്തെ ജാട്ട് സഭയിലാണ് വര്‍ഗീയ വിദ്വേഷം വളര്‍ത്തുക ലക്ഷ്യമിട്ട് "മാനം രക്ഷിക്കാന്‍ പ്രതികാരം ചെയ്യണമെന്ന്" അമിത് ഷാ ആഹ്വാനംചെയ്തത്. എന്നാല്‍, വോട്ടിങ്ങിലൂടെ പ്രതികാരം ചെയ്യണമെന്നുമാത്രമാണ് അമിത് ഷാ പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ന്യായീകരിച്ച് ബിജെപി നേതാക്കള്‍ രംഗത്തുവന്നു. ന്യൂനപക്ഷ സമുദായത്തെയും ഹിന്ദുത്വ അജന്‍ഡ എതിര്‍ക്കുന്നവരെയും ലക്ഷ്യമാക്കിയുള്ള വിദ്വേഷ പ്രസംഗങ്ങള്‍ ബിജെപിയെ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുന്ന ആര്‍എസ്എസ് കേഡര്‍മാരുടെ പ്രചാരണത്തിന്റെ ഭാഗമാണ്. ആര്‍എസ്എസ് സ്ക്വാഡുകള്‍ വീടുവീടാന്തരം കയറിയിറങ്ങി നല്‍കുന്ന ലഘുലേഖയില്‍ പറയുന്നത് രാജ്യത്തെ ശത്രുവില്‍നിന്ന് രക്ഷിക്കാന്‍ ഹിന്ദുക്കള്‍ നൂറുശതമാനവും ഇറങ്ങി വോട്ട് ചെയ്യണമെന്നാണ്.

ആര്‍എസ്എസ് സഹോദര സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ നേതാവ് പ്രവീണ്‍ തൊഗാഡിയയാകട്ടെ മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷം വമിക്കുന്ന പ്രസ്താവനയാണ് നടത്തിയത്. ഗുജറാത്തിലെ ഭാവ്നഗറില്‍ ഒരു മുസ്ലിം ബിസിനസുകാരന്‍ വാങ്ങിയ വീടിനു മുമ്പില്‍ നടത്തിയ പ്രതിഷേധത്തിലാണ് 48 മണിക്കൂറിനുള്ളില്‍ ഈ വീട് ഉപേക്ഷിച്ച് പോകണമെന്നും അല്ലാത്തപക്ഷം ഹിന്ദുക്കള്‍ ബലപ്രയോഗത്തിലൂടെ വീട് കൈയടക്കുമെന്നും തൊഗാഡിയ ഭീഷണിപ്പെടുത്തിയത്. ഹിന്ദുമേഖലയില്‍ മുസ്ലിങ്ങള്‍ക്ക് വീടുവയ്ക്കാന്‍ ഒരവകാശവുമില്ലെന്നാണ് തൊഗാഡിയ പറഞ്ഞത്. തൊഗാഡിയ അങ്ങനെ പറഞ്ഞിട്ടില്ലെന്ന വാദവുമായി അദ്ദേഹത്തെ ന്യായീകരിച്ച് രംഗത്തുവന്നത് ഇവിടെയും ആഎസ്എസാണ്. തൊഗാഡിയയുടെ പ്രസംഗം വീഡിയോയില്‍ ലഭ്യമാണെന്നിരിക്കെയാണ് ഈ ന്യായീകരണം. മോഡിയുടെ ഗുജറാത്തിലെ രീതിതന്നെയാണ് തൊഗാഡിയയുടെ ഭീഷണിയിലൂടെ പുറത്തുവന്നത്. അഹമ്മദാബാദിലും വഡോദരയിലും മറ്റ് നഗരങ്ങളിലുമുള്ള ഹൗസിങ് കോംപ്ലക്സുകള്‍ മുസ്ലിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയില്ല. അവയൊക്കെ ഹിന്ദുക്കള്‍ക്കു മാത്രമാണ്. കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി പാര്‍ശ്വവല്‍ക്കരണവും ഒറ്റതിരിച്ച് പാര്‍പ്പിക്കലും നടക്കുന്നു. "സമഗ്രവികസനത്തിന്റെയും ഫലപ്രദമായ ഭരണത്തിന്റെയും" മേന്മ പറച്ചിലിന്റെ മറവില്‍ ഇത്തരം പാര്‍ശ്വവല്‍ക്കരണത്തിന് നേതൃത്വം നല്‍കുന്നത് നരേന്ദ്രമോഡി തന്നെയാണ്. വര്‍ഗീയവിഷവും ഭിന്നത സൃഷ്ടിക്കുന്ന വിദ്വേഷ പ്രകടനങ്ങളും അവര്‍ക്ക് മറച്ചുവയ്ക്കാന്‍ കഴിയില്ല.

മോഡിയുടെ സാന്നിധ്യത്തിലാണ് എപ്രില്‍ 12ന് മുംബൈയിലെ റാലിയില്‍ ശിവസേനാ നേതാവ് രാംദാംസ് കതം മോശമായി പെരുമാറുന്ന മുസ്ലിങ്ങളെ നരേന്ദ്രമോഡി ഒരു പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞത്. എതാനും വ്യക്തികളുടെമാത്രം വ്യതിയാനമായി ഇത്തരം പ്രസ്താവനകളെ കാണാന്‍ കഴിയില്ല. നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും രാഷ്ട്രീയവേദിയുടെ അവിഭാജ്യഘടകമാണത്. മോഡിയെ വാരാണസിയില്‍ മത്സരിപ്പിക്കുന്നതും ഹിന്ദുത്വ അജന്‍ഡ ഉയര്‍ത്തിക്കാട്ടാനാണ്. അയോധ്യയും കാശിയും മഥുരയും ആര്‍എസ്എസ്-വിഎച്ച്പി അജന്‍ഡയില്‍തന്നെയുണ്ടെന്ന് ജനങ്ങളെ ഇത് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു. ഉത്തര്‍പ്രദേശില്‍ സംഘര്‍ഷം ലക്ഷ്യമാക്കി ഗോവധമെന്ന പ്രശ്നവും നരേന്ദ്രമോഡി ഉയര്‍ത്തി. ഹിന്ദുത്വ വര്‍ഗീയശക്തികളുടെ പൈശാചികമായ ലക്ഷ്യങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ബിജെപിയെ പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

*
പ്രകാശ് കാരാട്ട്

Tuesday, April 22, 2014

ജനാധിപത്യത്തെ വിലയ്ക്കെടുക്കുമ്പോള്‍

ഇന്ത്യന്‍ രാഷ്ട്രീയം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധമാണ് ആര്‍എസ്എസും ബിജെപിയും അവരുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ അധികാരത്തിലേറ്റാന്‍ വന്‍തോതില്‍ പണവും മറ്റു ഭൗതിക സമ്പത്തും ഒഴുക്കുന്നത്. ഒരു ലോക്സഭാ സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ ചെലവാക്കാവുന്ന തുകയുടെ പരിധി 70 ലക്ഷമായി ഈയിടെ തെരഞ്ഞെടുപ്പ് കമീഷന്‍ വര്‍ധിപ്പിച്ചിരുന്നു. 542 മണ്ഡലങ്ങളിലായി അപ്രകാരം സ്ഥാനാര്‍ഥികള്‍ക്ക് മുടക്കാവുന്ന തുകയുടെ ഇരട്ടിപ്പണം മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി അവതരിപ്പിക്കാന്‍വേണ്ടിമാത്രം ആര്‍എസ്എസ്-ബിജെപി ചെലവഴിച്ചതായി കണക്കാക്കുന്നു. ഒരു രാഷ്ട്രീയപാര്‍ടി എന്ന നിലയ്ക്ക് ബിജെപി അവരുടെ സ്ഥാനാര്‍ഥികള്‍ക്കായി ചെലവഴിച്ച പണം കണക്കാക്കിയാല്‍ ഓരോ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ച പരിധിയുടെ രണ്ടിരട്ടിയിലേറെ തുക വരും. പണമായും വിഭവങ്ങളായും ഇപ്പോള്‍ത്തന്നെ ചെലവഴിക്കപ്പെട്ടത് അതിഭീമമായ തുകയാണ്.

ഒരുവിധ പരിശോധനയുമില്ലാതെ ഇത്ര ഭീമമായ തുക അവര്‍ ചെലവഴിക്കുന്നത് നിയമവ്യവസ്ഥയുടെ അതിഗുരുതരമായ പഴുതുപയോഗിച്ചാണ്. ഒരു രാഷ്ട്രീയ പാര്‍ടിക്ക് ഒരു തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ചെലവഴിക്കാവുന്ന തുകയ്ക്ക് ഇപ്പോള്‍ പരിധി നിശ്ചയിച്ചിട്ടില്ല. സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചതുപോലെ രാഷ്ട്രീയപാര്‍ടികള്‍ക്ക് ചെലവഴിക്കാവുന്ന പണത്തിന്റെയും പരിധി നിശ്ചയിക്കണമെന്ന് സിപിഐ എം വളരെ കാലമായി ആവശ്യപ്പെടുന്നതാണ്. എന്നാല്‍, മറ്റൊരു ദേശീയ രാഷ്ട്രീയ പാര്‍ടിയും സിപിഐ എമ്മിന്റെ നിര്‍ദേശത്തോട് യോജിച്ചില്ല എന്നത് അതിശയകരമല്ല. ചെലവഴിക്കാന്‍ പണവും മറ്റു വിഭവങ്ങളുമില്ലാത്ത, എന്നാല്‍ വന്‍തോതില്‍ ബഹുജന പിന്തുണയുള്ള രാഷ്ട്രീയപാര്‍ടികള്‍ക്ക് തെരഞ്ഞെടുപ്പു സംബന്ധമായി ഇപ്പോഴുള്ള നിയമങ്ങള്‍ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

ചുവരെഴുത്ത്, പോസ്റ്റര്‍ പ്രചാരണം തുടങ്ങിയ താരതമ്യേന ചെലവുകുറഞ്ഞ പ്രചാരണ രീതികള്‍ക്ക് കടുത്ത നിയന്ത്രണമാണ് നിലവിലുള്ളത്. അതേസമയം മാധ്യമങ്ങളിലൂടെ പരസ്യംനല്‍കല്‍, പണം നല്‍കി വാര്‍ത്തകൊടുക്കല്‍, പണം നല്‍കി അഭിപ്രായ സര്‍വേ അനുകൂലമാക്കല്‍ തുടങ്ങിയ വന്‍ തുക ചെലവഴിക്കേണ്ടിവരുന്ന പ്രചാരണങ്ങള്‍ക്കൊന്നും ഒരു നിയന്ത്രണവുമില്ല. ഹെലികോപ്റ്ററുകള്‍, സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് പാര്‍ടി നേതാക്കള്‍ നടത്തുന്ന പ്രചരണങ്ങള്‍ക്കും ഒരു നിയന്ത്രണവുമില്ല. ഇന്ത്യന്‍ ജനാധിപത്യം അതിവേഗം അധഃപതിച്ചുകൊണ്ടിരിക്കുന്നു. പണാധിപത്യ ശക്തികള്‍ക്കും പ്രത്യേകാനുകൂല്യങ്ങള്‍ അനുഭവിക്കുന്ന വിഭാഗത്തിനും ജനാധിപത്യത്തെ കീഴ്പ്പെടുത്താമെന്ന അവസ്ഥയിലെത്തുന്നു. ഇത് നമ്മുടെ ജനാധിപത്യത്തിന്റെ ഭാവിക്ക് ഒട്ടും ഗുണകരമാവില്ല.

ഈ അവസ്ഥയ്ക്കു മാറ്റംവരണമെങ്കില്‍ നിലവിലുള്ള നിയമം പൊളിച്ചെഴുതണം. അതിനുള്ള നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷനില്‍നിന്നുണ്ടാവേണ്ടത് അനിവാര്യമാണ്. എങ്കില്‍മാത്രമേ നമ്മുടെ ഭരണഘടന അനുശാസിക്കുന്നവിധം ജനാധിപത്യം സംരക്ഷിക്കാന്‍ കഴിയൂ. തെരഞ്ഞെടുപ്പില്‍ ചെലവഴിക്കപ്പെടുന്ന ഭീമമായ തുക എവിടെനിന്നു വരുന്നു? ഇത് അന്വേഷിക്കപ്പെടേണ്ട ഒന്നാണ്. ഈ പണം നമ്മുടെ പശ്ചാത്തലമേഖലയില്‍ ചെലവഴിക്കപ്പെട്ടാല്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവും. ആര്‍എസ്എസ്-ബിജെപി അച്ചുതണ്ട് തെരഞ്ഞെടുപ്പില്‍ ഭീമമായ തുക ചെലവഴിക്കുന്നത് കേന്ദ്രഭരണത്തിന്റെ കടിഞ്ഞാണ്‍ കൈക്കലാക്കാനാണ്. അതിലൂടെ നമ്മുടെ രാഷ്ട്രത്തിന്റെ മതേതര-ജനാധിപത്യ സ്വഭാവത്തെ അട്ടിമറിച്ച് അസഹിഷ്ണുതയും ഫാസിസ്റ്റ് പ്രവണതയും മുഖമുദ്രയാക്കിയ "ഹിന്ദുത്വരാഷ്ട്ര"മാക്കി മാറ്റുകയാണ് അവരുടെ ലക്ഷ്യം.

മുമ്പ് ഭരണത്തിലേറിയപ്പോള്‍ നടപ്പാക്കാന്‍ സാധിക്കാതിരുന്ന ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ അവസരംപാര്‍ത്ത് കഴിയുകയാണവര്‍. 1996ല്‍ വാജ്പേയി സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഹിന്ദുത്വ അജന്‍ഡ നടപ്പാക്കും എന്ന സമീപനം സ്വീകരിച്ചതോടെ പാര്‍ലമെന്റില്‍ മറ്റൊരു പാര്‍ടിയുടെയും പിന്തുണ ലഭിച്ചില്ല. പാര്‍ലമെന്റില്‍ പരാജയപ്പെട്ട ആ സര്‍ക്കാരിന് 13 ദിവസം പിന്നിട്ടപ്പോള്‍ രാജിവയ്ക്കേണ്ടിവന്നു. വളരെ കുറഞ്ഞ ഈ സമയത്തിനുള്ളില്‍, വിശ്വാസ പ്രമേയത്തിന്മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ചനടന്ന വേളയില്‍തന്നെ ബഹുരാഷ്ട്ര കുത്തകയായ എന്‍റോണുമായി ആ സര്‍ക്കാര്‍ വൈദ്യുതി വാങ്ങല്‍ കരാര്‍ ഒപ്പുവച്ചു. കോടിക്കണക്കിന് രൂപ ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ എന്‍റോണിന് അവസരം ഒരുക്കിയ കരാറായിരുന്നു അത്. ശിങ്കിടി മുതലാളിത്തത്തോടുള്ള അവരുടെ പ്രതിബദ്ധത അത്രമേല്‍ ഉറച്ചതും സ്ഥായിയുമാണ്.

ബിജെപി അതിന്റെ തീവ്ര ഹിന്ദുത്വ നിലപാട് മയപ്പെടുത്തിയതിനെത്തുടര്‍ന്ന് 1998ല്‍ വാജ്പേയിയുടെ നേതൃത്വത്തില്‍ വീണ്ടും മന്ത്രിസഭ രൂപീകരിക്കപ്പെട്ടു. എഐഎഡിഎംകെ പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് പതിമൂന്നുമാസം പൂര്‍ത്തിയാക്കിയ ആ മന്ത്രിസഭ നിലംപതിച്ചു. 1999ല്‍ ബിജെപി അവരുടെ തീവ്ര ഹിന്ദുത്വ അജന്‍ഡ പിന്നണിയില്‍ ഒളിപ്പിക്കാന്‍ നിര്‍ബന്ധിതമായി. അതേ തുടര്‍ന്നാണ് അവര്‍ക്ക് സഖ്യകക്ഷികളെ ലഭിച്ചതും അഞ്ചുവര്‍ഷം ഭരിക്കാന്‍ സാധിച്ചതും. 2004ല്‍ ഇന്നത്തെപ്പോലെ വലിയ പ്രചാരണം അഴിച്ചുവിട്ടിരുന്നു. "ഇന്ത്യ തിളങ്ങുന്നു" തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ പ്രചാരണം കൊഴുപ്പിച്ചു. അഭിപ്രായ സര്‍വേകള്‍ പലതും ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം പ്രവചിക്കുകയും ചെയ്തു.

എന്നാല്‍, ബിജെപിഭരണത്തെ തൂത്തെറിയുന്നതായിരുന്നു ജനവിധി. 2014ലെ തെരഞ്ഞെടുപ്പിനെ ആര്‍എസ്എസ് കാണുന്നത് അതിന്റെ ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍, കേന്ദ്രസര്‍ക്കാരിന്റെ കടിഞ്ഞാണ്‍ കൈക്കലാക്കാന്‍ പറ്റിയ അവസരം എന്ന നിലയിലാണ്. തങ്ങളുടെ മുഖ്യ അജന്‍ഡ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാന്‍ കഴിയും എന്ന് അവര്‍ കരുതുന്നു. ഈ ലക്ഷ്യം സാധിക്കുന്നതിനായി "നാസി" ഫാസിസ്റ്റ് പ്രചാരണ തന്ത്രത്തെ ഇന്ത്യന്‍ സാഹചര്യത്തിനുസൃതമായി ഉപയോഗിക്കുകയാണവര്‍. ആ പ്രചാരണതന്ത്രത്തിന് പ്രധാനമായും രണ്ടു പ്രധാന ഇനങ്ങളാണുള്ളത്. ചരിത്രത്തെ നിര്‍ദയം വളച്ചൊടിക്കുകയാണ് ആദ്യത്തെ ഇനം. "ശത്രു"വിനെ അവര്‍ പ്രതിനിധാനംചെയ്യുന്ന സ്വത്വത്തില്‍നിന്ന് സൃഷ്ടിച്ചെടുക്കുകയാണ് അടുത്ത പടി.

ആര്യന്‍ വംശത്തിന്റെ മേധാവിത്വം സ്ഥാപിച്ചെടുക്കുന്നതിനായി ജൂതന്മാരെ ശത്രുപക്ഷത്തു നിര്‍ത്തുക എന്ന ഹിറ്റ്ലറുടെ മൃഗീയവും കൊടുംക്രൂരവുമായ തന്ത്രമാണിത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ മൃഗീയമായ ശത്രുത ന്യൂനപക്ഷത്തിനെതിരെ വിശേഷിച്ച് മുസ്ലിങ്ങള്‍ക്കെതിരെ തിരിച്ചുവിട്ട് ഹിന്ദുക്കളുടെ മേധാവിത്വം സ്ഥാപിക്കുക എന്ന തന്ത്രമാണ് ആര്‍എസ്എസ് പയറ്റുന്നത്. ജാതിയടിസ്ഥാനത്തിലുള്ള സാമൂഹിക അടിച്ചമര്‍ത്തല്‍ നേരിടുന്ന വിവിധ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഹിന്ദു വിഭാഗങ്ങളെ ഏകശിലാവിഗ്രഹംപോലെ ഏകോപിപ്പിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. മറ്റു മതന്യൂനപക്ഷങ്ങള്‍ക്കെതിരെ സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഹൈന്ദവ ധ്രുവീകരണം സാധ്യമാക്കാന്‍ അവര്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്നു. പാര്‍ലമെന്റില്‍ 300 പ്രതിനിധികളെ തനിക്കു നല്‍കിയാല്‍ ലോകത്തിന് ഇന്ത്യയെ ശ്രദ്ധിക്കാതിരിക്കാനാവില്ല എന്നാണ് മോഡി പറഞ്ഞത്.

പ്രാരംഭകാലം മുതല്‍ ലോകം ഇന്ത്യയെ ശ്രദ്ധിച്ചു തുടങ്ങിയതാണ്; എല്ലായ്പ്പോഴും ശ്രദ്ധിക്കുന്നു. ലോകം ഇന്ത്യയെ ശ്രദ്ധിച്ചത് ഇന്ത്യയുടെ സായുധശേഷിയോ ഭൗതിക സമ്പത്തോ കണ്ടല്ല. ഇന്ത്യന്‍ ആശയങ്ങളുടെ കരുത്തിനെയാണ് ലോകം ശ്രദ്ധിച്ചത്. ഇന്ത്യയുടെ ബഹുസ്വരതയെയും നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിന്റെ ദൃഢതയെയുമാണ് ലോകം ബഹുമാനിക്കുന്നത്. ആര്‍എസ്എസിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം മേല്‍പ്പറഞ്ഞതിന് കടകവിരുദ്ധമാണ്; ഇന്ത്യയുടെ ഇപ്പോഴത്തെ സവിശേഷതകളെ പൂര്‍ണമായും തകര്‍ക്കുന്നതാണ്. ചരിത്രസത്യങ്ങളെ പലതിനെയും മോഡി തന്റെ ഇച്ഛയ്ക്കൊത്ത് വളച്ചൊടിക്കുന്നു. ബുദ്ധമത കേന്ദ്രമായിരുന്ന തക്ഷശില ബിഹാറിലാണ് (ശരിക്കും അത് ഇന്നത്തെ പാകിസ്ഥാനിലാണ്). അലക്സാണ്ടര്‍ ഇന്ത്യയെ ആക്രമിച്ചു.

ഗംഗയുടെ തീരത്താണ് അദ്ദേഹം മരണപ്പെട്ടത്, ഭഗത്സിങ്ങിനെ തടവിലിട്ടത് ആന്തമാനിലെ "കാലാപാനി"യിലാണ് തുടങ്ങി നുണകളുടെ ഘോഷയാത്രതന്നെ മോഡി അഴിച്ചുവിടുന്നു. അക്ബര്‍ ചക്രവര്‍ത്തിയുടെ സദസ്സിലെ ഇതിഹാസനായകനായിരുന്ന താന്‍സെന്‍ സംഗീതം പഠിച്ചത് മോഡിയുടെ ജന്മസ്ഥലത്തുനിന്നാണത്രെ! ഈ പ്രചാരണങ്ങള്‍ ഒന്നും ചരിത്രം അറിയാത്തതുകൊണ്ടല്ല. സ്മരണാര്‍ഹമായ ഏതൊന്നിന്റെയും ഉത്ഭവം ഹിന്ദു പാരമ്പര്യത്തില്‍നിന്നാണെന്ന് വരുത്താനുള്ള ആസൂത്രിതമായ തന്ത്രമാണിത്. ""രാഷ്ട്രം താമരയെയും മോഡിയെയും കാത്തിരിക്കുന്നു"" എന്ന മോഡിയുടെ പ്രസ്താവനയില്‍ തന്‍പ്രമാണിത്വത്തില്‍നിന്നുണ്ടാകുന്ന ഉന്മാദമാണ് പ്രകടമായത്.

ആര്‍എസ്എസിന്റെ ലക്ഷ്യവും അതാണ്. ഇത്ര ക്രൂരമായി ന്യൂനപക്ഷത്തെ വേട്ടയാടിയ ആളെ ആരാണ് കാത്തിരിക്കുന്നത്? ഇത്ര ദയാരഹിതമായി കോര്‍പറേറ്റ് പ്രീണനം നടത്തുന്ന ആളെ ആരാണ് കാത്തിരിക്കുന്നത്? പരമാവധി ലാഭം ഉണ്ടാക്കുക എന്ന കണ്ണില്‍ചോരയില്ലാത്ത സമീപനം സ്വീകരിക്കുന്ന കോര്‍പറേറ്റുകള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്ന മോഡിയെ ആര്‍ക്കാണ് വേണ്ടത്? വര്‍ഗീയ അജന്‍ഡ നഗ്നമായി നടപ്പാക്കുന്നതിനുള്ള മണ്ഡലമായി വാരാണസിയെ തെരഞ്ഞെടുത്തതെന്തിനാണ്? തരംഗം ഉണ്ടെങ്കില്‍പ്പിന്നെ എന്തിനാണ് ബിജെപിയുടെ മുന്‍ പ്രസിഡന്റും സമുന്നത നേതാവുമായ വ്യക്തിക്ക് ആര്‍എസ്എസ്-ബിജെപി നേതൃത്വം സിറ്റിങ് സീറ്റ് നിഷേധിച്ചത്? എന്തിനാണ് അവിടെത്തന്നെ അവരുടെ "മിശിഹ"യെ മത്സരിപ്പിക്കണമെന്ന് ശാഠ്യം പിടിച്ചത്? തരംഗം ഉണ്ടെങ്കില്‍ മോഡി എവിടെനിന്നും നിഷ്പ്രയാസം ജയിക്കേണ്ടതല്ലേ? വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മോഡിയുടെ വാരാണസിയിലെ സ്ഥാനാര്‍ഥിത്വം. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും വിലക്കയറ്റംകൊണ്ടും പട്ടിണികൊണ്ടും രോഗംകൊണ്ടും തൊഴിലില്ലായ്മമൂലവും സാമൂഹികമായ അടിച്ചമര്‍ത്തല്‍മൂലവും കൊടിയ ദുരിതങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ആര്‍എസ്എസും ബിജെപിയും മുന്നോട്ടുവയ്ക്കുന്ന സാമ്പത്തിക നയങ്ങളാകട്ടെ 1999ല്‍ എന്‍ഡിഎ സര്‍ക്കാര്‍ പിന്തുടര്‍ന്ന നയങ്ങളാണ്. അതാകട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ തന്നെയാണ്. കോര്‍പറേറ്റുകളെയും മറ്റ് സമ്പന്ന വിഭാഗങ്ങളെയും കൂടുതല്‍ കൊഴുപ്പിക്കുന്നതും പാവപ്പെട്ട ജനവിഭാഗങ്ങളുടെ ദുരിതം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നതുമായ നവലിബറല്‍ സാമ്പത്തിക നയങ്ങളാണ് കോണ്‍ഗ്രസിനും ബിജെപിക്കുമുള്ളത്. കോണ്‍ഗ്രസ്-ബിജെപി ഇതര സര്‍ക്കാര്‍ ഉണ്ടാകേണ്ടതിന്റെ പ്രസക്തി അവിടെയാണ്.

*
പീപ്പിള്‍സ് ഡെമോക്രസി മുഖപ്രസംഗത്തില്‍നിന്ന്