Friday, April 25, 2014

തൊഗാഡിയമാര്‍ മോഡിയുടെ കുഴലൂത്തുകാര്‍

സ്വന്തം മുഖചിത്രം ആലേഖനം ചെയ്‌ത മുഖംമൂടികൾ അണിയാൻ നരേന്ദ്രമോഡി അനുയായികളെ എന്നും പ്രോത്സാഹിപ്പിക്കാറുണ്ട്‌. ചീഫ്‌വിപ്പ്‌ പി സി ജോർജ്‌ മോഡിയുടെ ഈ ആത്മ പ്രണയത്തിന്റെ ഇരയാവുകയുണ്ടായി. മോഡി ചിത്രമുള്ള ടീഷർട്ട്‌ ധരിച്ചത്‌ യാദൃച്ഛികമാണെന്നാണ്‌ ചീഫ്‌വിപ്പ്‌ അവകാശപ്പെടുന്നത്‌. സർദാർ വല്ലഭായ്‌ പട്ടേലിനെ മഹത്വവൽക്കരിച്ച്‌ മോഡി അനുയായികൾ നടത്തിയ ചടങ്ങിലാണ്‌ സംഭവമുണ്ടായത്‌.

മുഖംമൂടിക്ക്‌ പിന്നിലെ യഥാർഥ മോഡി ഇപ്പോൾ അതീവ സൂത്രശാലിയായിട്ടുണ്ട്‌. പച്ചയായി ഹിന്ദുവർഗീയത പറയാതെ പറഞ്ഞാണ്‌ മോഡി തെരഞ്ഞെടുപ്പുരംഗത്ത്‌ നിൽക്കുന്നത്‌. എന്നാൽ മോഡിയുടെ യഥാർഥമുഖം പാർശ്വവർത്തികളിലൂടെ പുറത്തുവരുന്നുണ്ട്‌. വിശ്വഹിന്ദു പരിഷത്ത്‌ നേതാവ്‌ പ്രവീൺ തൊഹാഡിയ, ബിജെപി നേതാവ്‌ ഗിരിരാജ്‌ സിങ്‌, അമിത്‌ ഷാ തുടങ്ങിയവർ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടയിൽ നടത്തിയ വർഗീയവിഷം ചീറ്റുന്ന പ്രസംഗങ്ങൾ ഇതിനുദാഹരണങ്ങളാണ്‌.

മുസാഫിർ നഗർ കലാപത്തിൽ പകരം വീട്ടാൻ ഹിന്ദുക്കളെ ആഹ്വാനം ചെയ്‌തുകൊണ്ട്‌ ബിജെപി ഉത്തർപ്രദേശ്‌ ജനറൽ സെക്രട്ടറി അമിത്‌ ഷാ, ബിജിനൂരിൽ നടത്തിയ പ്രസംഗത്തെ തുടർന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷൻ അമിത്‌ഷായെ ശാസിക്കുകയുണ്ടായി. ഝാർഖണ്ഡിലെ മോഹൻപൂരിൽ നടന്ന തെരഞ്ഞെടുപ്പു റാലിയിൽ നരേന്ദ്രമോഡിയെ പിന്തുണയ്‌ക്കാത്തവർ പാക്കിസ്ഥാനിലേക്ക്‌ പോകട്ടെ എന്ന്‌ ഗിരിരാജ്‌സിങ്‌ പ്രസംഗിക്കുകയുണ്ടായി. ഇതേ പ്രസംഗത്തിൽ ഗോമാംസം കയറ്റുമതി ചെയ്യുന്നവർക്ക്‌ സബ്‌സിഡി നൽകുകയും പശുവിനെ സംരക്ഷിക്കുന്നവർക്ക്‌ നികുതി ഏർപ്പെടുത്തുകയും ചെയ്യുകയാണ്‌ കേന്ദ്രസർക്കാരെന്ന്‌ ഗിരിരാജ്‌ തട്ടിവിട്ടിരുന്നു. ഈ കോലാഹലങ്ങളൊക്കെ അന്തരീക്ഷത്തിൽ നിൽക്കവെയാണ്‌ മുസ്‌ലീങ്ങൾക്കെതിരെ വംശീയ വിദ്വേഷപ്രസംഗവുമായി തൊഗാഡിയ രംഗത്തുവരുന്നത്‌. ഗുജറാത്തിലെ ഭവ്‌നഗറിൽ നടന്ന യോഗത്തിൽ ഹിന്ദുമേഖലയിൽ മുസ്‌ലിങ്ങൾ സ്ഥലം വാങ്ങരുതെന്ന്‌ തൊഗാഡിയ വിലക്കി. മാത്രമല്ല മെഗാനിയിലെ മുസ്‌ലിം വ്യവസായി വാങ്ങിയ വീടിനുമുന്നിൽ തൊഗാഡിയയും സംഘവും പ്രതിഷേധയോഗം നടത്തി. 48 മണിക്കൂറിനകം സ്ഥലം വിട്ടോളണമെന്ന അന്ത്യശാസനയും നൽകി.

ഗുജറാത്ത്‌ കലാപകാലത്ത്‌ ഏറെ ചർച്ചയായ ഒരു സ്ഥലമാണ്‌ ഭവ്‌നഗർ. ഇവിടെ മതവിദ്വേഷം കുത്തിവെയ്‌ക്കാൻ ആർഎസ്‌എസ്‌ ബജറംഗദൾ പ്രവർത്തകർ നടത്തിയ ഹീനശ്രമങ്ങളെ സാധാരണ ജനങ്ങൾ ചെറുത്തു നിൽക്കുകയും അവർക്ക്‌ സഹായകരമായ നിലപാടെടുത്ത പൊലീസ്‌ ഓഫീസർ രാഹുൽശർമ്മയെ രായ്‌ക്കുരാമാനം മോഡി കെട്ടുകെട്ടിച്ചതും കേവല വസ്‌തുത മാത്രം.

സാങ്കേതികതയോട്‌ ഭ്രമമുള്ള ഐഐടി കാൺപൂർ ഉൽപ്പന്നമായ രാഹുൽ ശർമ്മ കലാപകാലത്ത്‌ ശേഖരിച്ച പല ഉന്നതരുടെയും ഫോൺവിളികളും രേഖകളും ഗുജറാത്ത്‌ കലാപത്തിലെ മോഡി പങ്ക്‌ വ്യക്തമാക്കുന്നതായിരുന്നു. അന്ന്‌ കലാപത്തിൽ എരിതീയിൽ എണ്ണയൊഴിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ നിന്ന പ്രാദേശിക പത്രങ്ങളായ ഗുജറാത്ത്‌ സമാചാറും സന്ദേശ്‌ ഗുജറാത്തിയും പ്രകോപനപരമായ പല വാർത്തകളും പ്രസിദ്ധീകരിക്കുകയുണ്ടായി. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു തലവാചകമായിരുന്നു, ഭവ്‌നഗറിലെ ആണുങ്ങൾ കൈകളിൽ വളയണിയുക, എന്നത്‌. മുസ്‌ലിങ്ങളെ കൊന്നൊടുക്കുന്നതിൽ ഭവ്‌നഗർ പുറകോട്ടുപോകുന്നതിലുള്ള വിശ്വഹിന്ദുപരിഷത്തിന്റെയും ആർഎസ്‌എസിന്റെയും ബജ്‌രംഗദള്ളിന്റെയുമൊക്കെ വെറുപ്പാണ്‌ അതിൽ അടങ്ങിയിരിക്കുന്നത്‌. താരതമ്യേന ശാന്തമാകാൻ ആഗ്രഹിക്കുന്ന ഭവ്‌നഗറിൽതന്നെ തൊഗാഡിയ ഈ പ്രസംഗം നടത്തിയത്‌ ഒന്നും കാണാതെയല്ല. തൊഗാഡിയ നടത്തിയ പ്രസ്‌താവന മോഡിയുടെ തന്നെ അഭിപ്രായമാണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഇന്നിപ്പോൾ നേതാക്കൾ നിരുത്തരവാദപരമായ പ്രസ്‌താവനകൾ നടത്തരുതെന്ന്‌ ഇതുസബന്ധിച്ച്‌ ഇരുത്തംവന്ന രാഷ്‌ട്രീയ നേതാവിനെപ്പോലെ മോഡി പറയുന്നത്‌ ഏറ്റവും വലിയ രാഷ്‌ട്രീയ തട്ടിപ്പാണ്‌. എത്ര മുഖംമൂടികൾക്കുള്ളിൽ മറഞ്ഞിരുന്നാലും മോഡിയുടെ തനിരൂപം അനാവരണം ചെയ്യപ്പെടുകയെന്നത്‌ അനിവാര്യമായ ഒന്നാണ്‌.

കാരണം തൊഗാഡിയയും ഗിരിരാജുമൊക്കെ നിയന്ത്രിക്കുന്ന ആർഎസ്‌എസ്‌ വിഎച്ച്‌പി സംഘടനകളുടെ രാഷ്‌ട്രീയ രൂപമായ ബിജെപിയുടെ പ്രകടനപത്രികയിൽ പറയുന്നത്‌ രാമക്ഷേത്രം നിർമ്മിക്കുമെന്ന്‌ തന്നെയാണ്‌. കൊച്ചിയിൽ നടന്ന ആർഎസ്‌എസ്‌ നേതൃയോഗം ബിജെപി സ്വീകരിക്കേണ്ട നയപരിപാടികളെക്കുറിച്ച്‌ അക്കമിട്ടു നൽകിയ നിർദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഇതുതന്നെയായിരുന്നു. രാമക്ഷേത്രം പണിയുക എന്ന ദൗത്യമേറ്റെടുത്ത്‌ 1984 മുതൽ വിശ്വഹിന്ദു പരിഷത്ത്‌ ആരംഭിച്ച പ്രചരണം 1992 ൽ ഒരു രാഷ്‌ട്രീയ പ്രചരണമായി ബിജെപി ഏറ്റെടുത്തിന്നോളം നടന്ന വർഗീയ സംഘട്ടനങ്ങളും കലാപങ്ങളും രാജ്യത്ത്‌ സൃഷ്‌ടിച്ച വർഗീയ ധ്രൂവീകരണം ക്രമസമാധാനനില മാത്രമല്ല ജീവിതം തന്നെ അട്ടിമറിക്കുകയുണ്ടായി.

ഇനിയും ഇതുതന്നെ ആവർത്തിക്കുമെന്ന്‌ ചെന്നായയുടെ കൗശല്യത്തോടെ കിങ്കരന്മാരെക്കൊണ്ട്‌ മോഡി പറയിപ്പിക്കുമ്പോൾ അത്‌ ഗൗരവത്തോടെ ജനങ്ങൾ കാണേണ്ടതുണ്ട്‌. രാജ്യത്തെ മതേതര ജനാധിപത്യഘടനയെ തല്ലിത്തകർക്കാൻ മോഡിയേയും കൂട്ടരേയും അനുവദിക്കാതിരിക്കാൻ രാജ്യം അതീവ ജാഗ്രത പുലർത്തണമെന്നാണ്‌ തൊഗാഡിയമാരുടെ അട്ടഹാസങ്ങൾ രാജ്യത്തോട്‌ പറയുന്നത്‌.
*
Janayugom Editorial

No comments: