Thursday, April 24, 2014

ട്രഷറി സ്തംഭനം തുടരും

കേരളം നേരിടുന്നത് ധനപ്രതിസന്ധിയല്ല, ധന വൈഷമ്യം മാത്രമാണെന്നാണ് മന്ത്രി കെ എം മാണിയുടെ നിലപാട്. "ചെലവ് കൂടി, പക്ഷേ അപ്രതീക്ഷിതമായി വരുമാനം കുറഞ്ഞു. ഇതൊരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. പുതിയ ധനകാര്യ വര്‍ഷത്തില്‍ ആവശ്യമായ വായ്പയെടുക്കുന്നതിന് തടസ്സമില്ല. ഇതോടെ ധന വൈഷമ്യം നീങ്ങും". ഇതാണ് അദ്ദേഹത്തിന്റെ ലളിത യുക്തി. മാര്‍ച്ച് മാസത്തെ ട്രഷറി സ്തംഭനം ആകസ്മികമായി ഉണ്ടായ ഒന്നല്ല. 2012-13ല്‍ ഈ അധോഗതി ആരംഭിച്ചതാണ്.

2013-14 ആരംഭിച്ചപ്പോള്‍ തന്നെ ഇത് അനിവാര്യമായ ട്രഷറി സ്തംഭനത്തില്‍ എത്തിക്കുമെന്ന് ഞാനടക്കമുള്ളവര്‍ പ്രവചിച്ചതാണ്. ഏഴു വര്‍ഷത്തിനു ശേഷം കേരള ട്രഷറി വീണ്ടും പൂട്ടി. ഒരു സംശയവും വേണ്ട, വരും മാസങ്ങളിലും ധന പ്രതിസന്ധി തുടരും. ആദ്യം 2012-13ല്‍ എന്തു സംഭവിച്ചുവെന്ന് നോക്കാം. 2013-14 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ റവന്യൂ കമ്മി മുന്‍ വര്‍ഷത്തെ 8034 കോടി രൂപയില്‍ നിന്ന് 2012-13ല്‍ 3403 കോടി രൂപയായി കുറയുമെന്നാണ് ധനമന്ത്രി മാണി അവകാശപ്പെട്ടത്. പക്ഷേ, ഏതാനും മാസങ്ങള്‍ കഴിഞ്ഞ് ഓഡിറ്റര്‍ ജനറലിന്റെ കണക്കുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ മന്ത്രിയുടെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞു. പ്രതീക്ഷിച്ച റവന്യൂ വരുമാനത്തില്‍ 4132 കോടി രൂപയുടെ കുറവുണ്ടായി.

അതേ സമയം, റവന്യൂ ചെലവ് 1813 കോടി രൂപ അധികരിച്ചു. ഇതിന്റെ ഫലമായി യഥാര്‍ഥ കമ്മി 9351 കോടി രൂപയായി ഉയര്‍ന്നു. റവന്യൂ കമ്മി സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 0.9 ശതമാനമായി കുറയേണ്ടതിനു പകരം 2.5 ശതമാനമായി ഉയര്‍ന്നു. കേരളം പ്രതിസന്ധിയിലേക്ക് വഴുതി വീഴുകയായിരുന്നെന്ന് വ്യക്തമായിരുന്നു. യഥാര്‍ഥം പറഞ്ഞാല്‍ 2013-14 ബജറ്റ് അവതരണ വേളയില്‍തന്നെ കമ്മി കൂടാന്‍ പോകുകയാണെന്ന് ധനമന്ത്രിക്ക് അറിയാമായിരുന്നു. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ വരാന്‍ പോകുന്ന വരവ് - ചെലവ് കണക്കുകളെക്കുറിച്ച് തീര്‍ച്ച പറയാനാകില്ലെങ്കിലും ഡിസംബര്‍ വരെയെുള്ള കണക്ക് അദ്ദേഹത്തിന്റെ കൈവശമുണ്ടാകും. 2012-13ലെ വരുമാനം പ്രതീക്ഷിച്ചതുപോലെ ഉയര്‍ന്നില്ലെന്നും ചിലവ് അധികരിച്ചുവെന്നും ഡിസംബര്‍ വരെയുള്ള കണക്കുകളില്‍നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ സത്യം തുറന്നു പറയുന്നതിന് പകരം വസ്തുതകള്‍ മറച്ചുവെച്ച് പ്രതിസന്ധിയൊന്നുമില്ലെന്ന് സ്ഥാപിക്കാനായിരുന്നു മന്ത്രി കെ എം മാണി ശ്രമിച്ചത്. ഇതേ അടവ് തന്നെയാണ് 2014-15ന്റെ ബജറ്റ് അവതരിപ്പിച്ചപ്പോഴും അദ്ദേഹം പയറ്റിയത്. 2013-14ലെ ഡിസംബര്‍മാസം വരെയുള്ള കണക്കുകള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. അവ പ്രകാരം റവന്യൂ വരുമാനം 22 ശതമാനം വളരുമെന്ന് പ്രതീക്ഷിച്ച സ്ഥാനത്ത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനമേ ഉയര്‍ന്നുള്ളൂ. ചെലവാണെങ്കില്‍ 20 ശതമാനം ഉയര്‍ന്നു. 12,000 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം തന്നതില്‍ സിംഹഭാഗവും വായ്പയെടുത്തിരുന്നു. എന്നാല്‍ പദ്ധതിയുടെ മൂന്നില്‍ ഒന്നുപോലും ചെലവായി കഴിഞ്ഞിരുന്നില്ല. മാര്‍ച്ച് ആകുമ്പോഴേക്കും ധനസ്ഥിതി രൂക്ഷമായ പ്രതിസന്ധിയിലാകുമെന്ന് വ്യക്തമായിരുന്നു.

പക്ഷേ, മുന്‍ വര്‍ഷത്തെപ്പോലെ തന്നെ സത്യം മറച്ച് കൈയടി നേടാനാണ് മാണി ശ്രമിച്ചത്. 2014-15ലെ ബജറ്റ് അവതരണ വേളയില്‍ തലേ വര്‍ഷത്തെ പുതുക്കിയ കണക്കുകള്‍ അവതരിപ്പിച്ചപ്പോള്‍ റവന്യൂ വരുമാനം 24 ശതമാനം ഉയരുമെന്നും ചെലവുകള്‍ 14 ശതമാനം മാത്രമേ ഉയരൂവെന്നുമാണ് മാണി വാദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2013-14ലെ റവന്യൂ കമ്മി 6,208 കോടി രൂപ അഥവാ സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 1.5 ശതമാനം മാത്രമേ വരൂ എന്നും അദ്ദേഹം അവകാശപ്പെട്ടു. ബജറ്റ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ഒരു പ്രധാന വിവാദം ഈ കണക്കുകളുടെ നിജസ്ഥിതി സംബന്ധിച്ചായിരുന്നു. 2012-13ല്‍ എന്നപോലെ ധനമന്ത്രി പൊള്ളക്കണക്ക് അവതരിപ്പിക്കുകയാണെന്നായിരുന്നു എന്റെ വിമര്‍ശനം. 2012-13ല്‍ റവന്യൂ കമ്മി 3,406 കോടി രൂപ അഥവാ സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 0.9 ശതമാനമായി കുറയുമെന്നായിരുന്നു ധനമന്ത്രി അവകാശപ്പെട്ടത്. എന്നാല്‍ ഓഡിറ്റര്‍ ജനറലിന്റെ കണക്കുവന്നപ്പോള്‍ കമ്മി 9,351 കോടി രൂപ അഥവാ സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 2.5 ശതമാനമാണെന്ന് തെളിഞ്ഞു. കണക്കുകളുടെ കസര്‍ത്തിലൂടെ യാഥാര്‍ഥ്യം അധിക നാള്‍ മറച്ചുവെക്കാനാകില്ല. മാര്‍ച്ച് 31 കഴിഞ്ഞപ്പോള്‍ 2013-14 ധനകാര്യ വര്‍ഷത്തിലെ വരവും ചെലവും ഏതാണ്ട് വ്യക്തമായിട്ടുണ്ട്.

ധനകാര്യ വര്‍ഷത്തിന്റെ ആദ്യ ആറുമാസത്തെ പ്രവണതകള്‍ പിന്നീടുള്ള മാസങ്ങളിലും തുടര്‍ന്നു. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും മൊത്തം റവന്യൂ ചെലവ് 19 ശതമാനം ഉയര്‍ന്നു. അതേസമയം റവന്യൂ വരുമാനം 12 ശതമാനമേ ഉയര്‍ന്നുള്ളൂ. വാറ്റ്/വില്പന നികുതിയില്‍ 3,718 കോടി രൂപ ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറവു വന്നു. എക്സൈസ് നികുതിയില്‍ 800 കോടി രൂപയാണ് കുറവ്. മോട്ടോര്‍ വാഹന നികുതിയില്‍ ഏതാണ്ട് 500 കോടി രൂപയും കുറഞ്ഞു. അതിന്റെ ഫലമെന്താണ്?

1. റവന്യൂ വരുമാനവും റവന്യൂ ചെലവും തമ്മിലുള്ള വിടവ് സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. റവന്യൂ കമ്മി ഏതാണ്ട് 11,000 കോടിരൂപയെങ്കിലും വരുമെന്നാണ് എന്റെ കണക്കുകൂട്ടല്‍. 2014-15ല്‍ റവന്യൂ കമ്മിയില്ലാതാക്കണമെന്ന് ധന ഉത്തരവാദിത്വ നിയമം പാസാക്കിയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. ലക്ഷ്യം പാടേ തെറ്റി.

2. ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയ സര്‍ക്കാരിന്റെ നിത്യനിദാന ചെലവുകളെയാണല്ലൊ റവന്യൂചെലവ് എന്നു വിളിക്കുന്നത്. ഈ ചെലവിനുള്ള പണം നികുതി- നികുതിയിതര റവന്യൂ വരുമാനത്തില്‍നിന്ന് കണ്ടെത്തണമെന്നാണ് ബജറ്റ് തത്ത്വം. ഇതാണ് നിയമവും. അഥവാ വായ്പാവരുമാനം റോഡ്, പാലം, കെട്ടിടം, ഫാക്ടറി, ഡാം തുടങ്ങിയ ആസ്്തികള്‍ സൃഷ്ടിക്കാന്‍ വേണ്ടി വേണം ഉപയോഗിക്കാന്‍. റവന്യൂ കമ്മി ഉയരുകയെന്ന് പറഞ്ഞാല്‍ വായ്പാവരുമാനം നിത്യനിദാന ചെലവുകള്‍ക്കായി ഉപയോഗിക്കേണ്ടിവന്നു എന്നാണര്‍ഥം. 2013-14ല്‍ ആകെ എടുത്ത 12,500 കോടി രൂപയുടെ വായ്പയില്‍ ഏതാണ്ട് 9,000 കോടി രൂപയും ഇത്തരം ചെലവുകള്‍ക്കാണ് ഉപയോഗിച്ചത്. ഇതുമൂലം കരാരുകാരുടെ ബില്ലുകള്‍ 2,500 കോടി രൂപയോളം കുടിശ്ശികയായി. മരാമത്ത് പണികള്‍ നിലച്ചു.

3. മരാമത്ത് പണികള്‍ മാത്രമല്ല, പദ്ധതി പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലായി. കാരണം, ബജറ്റില്‍ ഉള്‍പ്പെടുത്തിയ കാര്യങ്ങള്‍ക്കുവേണ്ടിയല്ല അധിക ചെലവ് നടത്തിയത്. ആഴ്ചതോറും കൂടുന്ന കാബിനറ്റ് യോഗങ്ങളില്‍ അന്നന്നത്തെ ആവശ്യപ്രകാരം എടുക്കുന്ന തീരുമാനങ്ങളനുസരിച്ച് ചെലവുകള്‍ നടത്തുക പതിവായി. ഇതിനാല്‍ അംഗീകൃത പദ്ധതികള്‍ ചെലവാക്കാനുള്ള പണം സര്‍ക്കാരിന്റെ കൈയില്‍ ഇല്ലാതായി. ഇപ്പോള്‍ മാര്‍ച്ച് 31വരെയുള്ള പദ്ധതി ചെലവുകളുടെ കണക്കുകളുണ്ട്. പദ്ധതിയുടെ 66 ശതമാനമേ നടപ്പായുള്ളൂ. ഇതില്‍ ഗണ്യമായൊരു പങ്ക് യഥാര്‍ഥത്തില്‍ ചെലവാക്കാതെ ട്രഷറിയില്‍ത്തന്നെ ഡിപ്പാര്‍ട്ടുമെന്റുകളുടെ അക്കൗണ്ടുകളിലേക്ക് വകമാറ്റി ഇട്ടതേയുള്ളൂ. ഇതുകൂടി കണക്കിലെടുക്കുകയാണെങ്കില്‍ പദ്ധതിചെലവ് 50 ശതമാനത്തില്‍ താഴെയായിരിക്കും. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ 46 ശതമാനമേ ചെലവഴിച്ചിട്ടുള്ളൂ. നിര്‍ദിഷ്ട പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍തന്നെ പണത്തില്‍ ഗണ്യമായ ഭാഗവും വകമാറ്റി ചെലവിട്ടു എന്നുവേണം കരുതാന്‍. 4. മാര്‍ച്ച് മാസത്തില്‍ ട്രഷറി സ്തംഭനത്തിലായി. പദ്ധതി ചെലവുകള്‍ക്കായി മാര്‍ച്ചില്‍ ആകെ ചെലവഴിച്ചത് കേവലം 65 കോടി രൂപമാത്രമാണെന്നാണ് ലഭ്യമായ കണക്ക്.

റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ 500 കോടി രൂപ അധിക വായ്പയെടുത്തു. എന്നിട്ടും മാര്‍ച്ച് 31 ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷം പുതിയ ബില്ലുകള്‍, ചെലാനുകള്‍, ചെക്കുകള്‍ എന്നിവ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചു. 5. ഒന്നാം തിയ്യതി ശമ്പളവും പെന്‍ഷനും മുടങ്ങി. ശമ്പളം വാങ്ങുന്നതിന് പുതിയ ബില്‍ബുക്ക് വേണം. ഇവ കിട്ടണമെങ്കില്‍ കഴിഞ്ഞ നാലു വര്‍ഷത്തെ ഓരോ ഉദ്യോഗസ്ഥന്റെയും ആദായ നികുതി കണക്ക് പരിശോധിച്ച് സ്റ്റേറ്റ്മെന്റ് ഡ്രോയിംഗ് ഓഫീസര്‍മാര്‍ നല്‍കണമെന്ന പുതിയ നിബന്ധനവെച്ചു. ഇത്തരം ഒരു പരിശോധന നടത്തി തീര്‍ക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്ന് വ്യക്തമായിരുന്നു. ബില്‍ബുക്ക് ലഭിക്കാത്തതിനാല്‍ ബില്ല് എഴുതാനായില്ല. ശമ്പളവും കൊടുക്കേണ്ട. ഇങ്ങനെ ഒരാഴ്ച കഴിച്ചുകൂട്ടി. ഏപ്രില്‍ എട്ടിന് ബില്ലുകളൊക്കെ ശരിയായപ്പോള്‍ കമ്പ്യൂട്ടറിനെകൊണ്ട് പണിമുടക്കിപ്പിച്ചു. സര്‍വറുകള്‍ തകരാറായതിനാല്‍ ശമ്പളവും പെന്‍ഷനും നല്‍കാനായില്ല. ബാങ്ക് അടച്ചപ്പോഴേ സര്‍വര്‍ ശരിയായുള്ളൂ. ഏപ്രില്‍ 9,10 തെരഞ്ഞെടുപ്പു ഡ്യൂട്ടിയായി. 11ന് ഡ്യൂട്ടി ഓഫും നല്‍കി. അംബേദ്കര്‍ ദിനവും വിഷുവും കഴിഞ്ഞ് ഈസ്റ്റര്‍ അവധിക്കുമുമ്പ് ഒരു പ്രവൃത്തി ദിനമേയുള്ളു. ഇവയൊക്കെ ശമ്പളം, പെന്‍ഷന്‍ ആര്‍ക്കൊക്കെ കിട്ടി എന്ന് ഇപ്പോഴും പറയാനായിട്ടില്ല. ഇതുപോലൊരു സാമ്പത്തിക അരാജകത്വം മുമ്പ് കേരളത്തിലുണ്ടായിട്ടില്ല.

മൂന്നു വര്‍ഷം മുമ്പുള്ള മാര്‍ച്ച് 31 ഞാന്‍ ഓര്‍ത്തുപോകുകയാണ്. മാര്‍ച്ച് 31ന് എല്ലാ ട്രഷറികള്‍ക്കുമുമ്പിലും ഇടപാടുകാര്‍ക്ക് പന്തലിട്ടുകൊടുത്തു. സര്‍ക്കാര്‍ വക ചായയും കാപ്പിയും നല്‍കി. അവസാനത്തെ ഇടപാടുകാരന്റെ പണവും നല്‍കി തീരുംവരെ ട്രഷറികള്‍ തുറന്നുവെച്ചു. ചില ട്രഷറികള്‍ പിറ്റേ ദിവസം നേരം വെളുപ്പിനാണ് അടച്ചത്. ആ മാര്‍ച്ച് മാസത്തിന്റെ അവസാനത്തെ മൂന്നു ദിവസം മാത്രം ഏതാണ്ട് 7,500 കോടി രൂപയാണ് പുറത്തേക്ക് പോയത്. എന്നിട്ടും ഏപ്രില്‍ ഒന്നിന് ട്രഷറിയില്‍ 3,880 കോടിരൂപ കാഷ് ബാലന്‍സുണ്ടായിരുന്നു. ശമ്പളത്തിനോ പെന്‍ഷനോ യാതൊരു തടസ്സവുമുണ്ടായില്ല. എന്നാല്‍ 2014 ഏപ്രില്‍ ഒന്നിന് ഖജനാവ് ഏതാണ്ട് കാലിയായിരുന്നു. ശമ്പളവും പെന്‍ഷനും മുടങ്ങി. 1980-കള്‍ മുതല്‍ കേരളത്തിന്റെ ധനകാര്യസ്ഥിതി അടിക്കടി മോശമായി വരികയായിരുന്നു.

1990കളുടെ അവസാനം അതു രൂക്ഷമായ പ്രതിസന്ധിയിലെത്തി. ട്രഷറി അടച്ചുപൂട്ടല്‍ പതിവായി. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ശക്തമായ ധനകാര്യ സുസ്ഥിരതയിലേക്ക് നാം നീങ്ങി. 2001-06 കാലത്തെ യുഡിഎഫ് സര്‍ക്കാര്‍ റവന്യൂ കമ്മി കുറയ്ക്കാന്‍ ചെലവുകള്‍ കര്‍ശനമായി ഞെരുക്കുക എന്ന നയമാണ് സ്വീകരിച്ചത്. 2006-11 കാലത്തെ എല്‍ഡിഎഫ് സര്‍ക്കാറാകട്ടെ റവന്യൂ കമ്മി ഗണ്യമായി കുറയ്ക്കാന്‍ വരുമാനം ഗണ്യമായി ഉയര്‍ത്തുക എന്ന നയമാണ് സ്വീകരിച്ചത്. റവന്യൂ വരുമാന വളര്‍ച്ച 11 ശതമാനത്തില്‍നിന്ന് 19 ശതമാനമായി ഉയര്‍ന്നു. എന്നാല്‍, ഇപ്പോള്‍ ഇതു രണ്ടും ഉപേക്ഷിച്ചിരിക്കുകയാണ്. റവന്യൂ ചെലവ് കടിഞ്ഞാണില്ലാതെ ഉയര്‍ന്നു. നികുതി നിരക്കുകള്‍ ഉയര്‍ന്നിട്ടും റവന്യൂ വരുമാനം മുരടിക്കുന്നു. ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും പൊതുവില്‍ 10 വര്‍ഷമായി കുറഞ്ഞുവന്ന റവന്യൂ കമ്മിയുടെ ഗതി ഈ സക്കാരിന്റെ കാലത്ത് വിപരീത ദിശയിലായി. റവന്യൂ കമ്മി 2011-12ല്‍ 2.55 ശതമാനവും 2012-13ല്‍ 2.57 ശതമാനവുമായിരുന്നു. 2013-14ല്‍ ഇത് വീണ്ടും ഉയരുമെന്ന് തീര്‍ച്ചയായി. സാമ്പത്തിക സുസ്ഥിരതയുടെ പാതയില്‍നിന്ന് കേരളം അകലുകയാണ്. സാധാരണ ഗതിയില്‍ ഓണക്കാലത്തേ ആദ്യ ഗഡു വായ്പയെടുക്കാറുള്ളൂ. എന്നാല്‍ പുതു ധനകാര്യവര്‍ഷം ആരംഭിച്ച വര്‍ഷംതന്നെ 2000 കോടി രൂപ വായ്പയ്ക്ക് കേരളം അപേക്ഷിച്ചു. 1000 കോടി രൂപയ്ക്ക് റിസര്‍വ് ബാങ്ക് അനുവാദം നല്‍കി. ഈ തുകയാകട്ടെ ശമ്പളത്തിനും പെന്‍ഷനും തികയില്ല. മരാമത്ത് പണിയുടെ കുടിശ്ശിക തുടരും.

ഈ വര്‍ഷം ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് അനുവദിച്ച പണത്തില്‍ ഗണ്യമായ പങ്ക് വകമാറ്റി ട്രഷറിയില്‍ത്തന്നെ സൂക്ഷിച്ചിരിക്കുകയാണെന്ന് സൂചിപ്പിച്ചുവല്ലൊ. ഇവ, ഇനിയുള്ള ദിവസങ്ങളില്‍ പിന്‍വലിക്കപ്പെടും. ട്രഷറിയിന്‍മേലുള്ള ശക്തമായ സമ്മര്‍ദം തുടരുമെന്നര്‍ഥം. നമ്മുടെ കടപ്പത്രങ്ങള്‍ക്ക് നല്‍കേണ്ടി വരുന്ന പലിശ ഉയര്‍ന്നത് കേരളത്തിന്റെ ധനസ്ഥിതി ഉയര്‍ന്നതിന്റെ തെളിവാണ്. നിശ്ചിതശതമാനം പലിശയ്ക്ക് കേന്ദ്രം വായ്പയെടുത്തുതരുന്ന പതിവ് ഇന്നില്ല. നമ്മള്‍ ഇറക്കുന്ന കടപ്പത്രം ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും ലേലത്തില്‍ വാങ്ങുകയാണ് ഇപ്പോഴത്തെ പതിവ്. നമുക്ക് 7-7.5 ശതമാനം പലിശയ്ക്ക് കടപ്പത്രങ്ങളിലൂടെ വായ്പ സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, ഏറ്റവും അവസാനം ഇറക്കിയ കടപ്പത്രത്തിന് 9 ശതമാനം പലിശ നല്‍കേണ്ടി വന്നു. കേരളത്തിന് വായ്പ നല്‍കുന്നത് അത്ര സുരക്ഷിതമായ ഇടപാടായി കമ്പോളം കരുതുന്നില്ല. ഇത്തരമൊരു സ്ഥിതിവിശേഷത്തില്‍ കാഷ് മാനേജ്മെന്റിന് നമുക്ക് ആശ്രയിക്കാവുന്ന ഒരു സംവിധാനമാണ് ട്രഷറി സേവിംഗ്സ് ബാങ്ക്. അതുകൊണ്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ട്രഷറി ശക്തിപ്പെടുത്താന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ , എന്തുകൊണ്ടോ യുഡിഎഫ് സര്‍ക്കാരിന് ഇവ ചതുര്‍ഥിയാണ്.

സര്‍ക്കാര്‍വകുപ്പുകള്‍ പോലും പണം വാണിജ്യബാങ്കുകളില്‍ നിക്ഷേപിക്കുന്നു. ശമ്പളവും പെന്‍ഷനും ട്രഷറി അക്കൗണ്ടുകള്‍ വഴി നല്‍കുന്നതിന് പകരം വാണിജ്യ ബാങ്കുകളിലേക്ക് മാറ്റി. ഇത് കൊടുംപാതകമാണ്. ഇപ്പോള്‍ 1000 കോടി രൂപകൂടി വായ്പയെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അല്ലാതെ അത്യാവശ്യ ചെലവ്പോലും നടത്തിക്കൊണ്ടുപോകാനാവില്ല. വിഷു, ഈസ്റ്റര്‍ ചന്തകള്‍പോലും വേണ്ടെന്നുവെച്ചു. ഈസ്റ്റര്‍ കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടാല്‍ അടുത്ത ശമ്പളദിനമാകും. അതിനാല്‍ ഇനിയെങ്കിലും സത്യം തുറന്നുപറയാന്‍ ധനമന്ത്രി കെ എം മാണി തയ്യാറാകണം. പണമില്ലാത്തതുകൊണ്ട് പദ്ധതികള്‍ പകുതിയും വേണ്ടെന്നു വെയ്ക്കേണ്ടി വന്നിട്ടും പ്രതിസന്ധിയില്ലെന്ന് പറയുമ്പോള്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത്? നികുതി വരുമാനം നടപ്പുവര്‍ഷം 20 ശതമാനത്തിനുമേല്‍ ഉയര്‍ന്നില്ലെങ്കില്‍ ഈ വര്‍ഷം അവസാനിക്കുംമുമ്പ് ട്രഷറി വീണ്ടും അടച്ചുപൂട്ടേണ്ടിവരും.

*
ഡോ. ടി എം തോമസ് ഐസക്

No comments: