Tuesday, April 8, 2014

1977ലെ തെരഞ്ഞെടുപ്പും ജയില്‍വാസവും

മുപ്പത്തേഴു വര്‍ഷംമുമ്പ്, 1977ല്‍ ലോക്സഭയിലേക്കും കേരള നിയമസഭയിലേക്കും നടന്ന പൊതുതെരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ചിടത്തോളവും വിശിഷ്യ എന്നെ സംബന്ധിച്ചിടത്തോളവും വളരെ ചരിത്രപ്രാധാന്യമുള്ളതാണ്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി 1975 ജൂണ്‍ 12ന് അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചു. പരിഭ്രാന്തിയിലായ ഇന്ദിരാഗാന്ധി 1975 ജൂണ്‍ 25ന് അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധം ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ത്യന്‍ പൗരന്റെ എല്ലാവിധ ജനാധിപത്യ അവകാശങ്ങളും നിരോധിച്ചു. ആയിരക്കണക്കിന് രാഷ്ട്രീയനേതാക്കളെയും സാമൂഹ്യപ്രവര്‍ത്തകരെയും അറസ്റ്റുചെയ്ത് ജയിലിലടച്ചു. അപരിഷ്കൃതമായ മനുഷ്യാവകാശധ്വംസനങ്ങളും ഭീകരമര്‍ദനങ്ങളും നരഹിംസകളും അരങ്ങേറി.
ഞാന്‍ അന്ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ ഗവ. ഹൈസ്കൂള്‍ അധ്യാപകനായിരുന്നു. അടിയന്തരാവസ്ഥയെ അതിശക്തമായി എതിര്‍ക്കുന്ന ""ആത്മഗാഥ"" എന്ന എന്റെ കവിത, വി എസ് അച്യുതാനന്ദന്‍ പത്രാധിപരായിരുന്ന "കര്‍ഷകത്തൊഴിലാളി" മാസികയില്‍ പ്രസിദ്ധീകരിച്ചു. കവിത വായിച്ച ഭരണാധികാരികള്‍ എന്റെ പേരില്‍ കേസെടുത്തു. 1976 നവംബര്‍ 20ന് ഒരുസംഘം പൊലീസുദ്യോഗസ്ഥര്‍ സ്കൂളിലേക്കു കടന്നുവരികയും എന്നെ ക്ലാസുമുറിയില്‍നിന്ന് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തില്‍ അറസ്റ്റുചെയ്ത് കൊണ്ടുപോകുകയുംചെയ്തു.കേന്ദ്രസര്‍ക്കാരിന് എതിരായി ജനരോഷം വളര്‍ത്തി രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷിതത്വത്തിന് ഹാനി സംഭവിക്കുന്നതിനു വേണ്ടി "ആത്മഗാഥ" എന്ന കവിതയെഴുതി സര്‍ക്കാരിനോട് പൊതുജനങ്ങള്‍ക്കുള്ള വിശ്വാസവും കൂറും നഷ്ടപ്പെടുത്തി വിദ്വേഷവും വെറുപ്പും ഉളവാക്കിയിരിക്കുന്നു എന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ പൊലീസ് ബോധിപ്പിച്ചതനുസരിച്ച് എന്നെ റിമാന്‍ഡ് ചെയ്ത് ആലപ്പുഴ സബ്ജയിലില്‍ അടച്ചു. ജയില്‍പീഡനങ്ങളുടെ കഥ ഇവിടെ വിവരിക്കുന്നില്ല.

1977 ജനുവരിയില്‍, ഇന്ദിരാഗാന്ധി പൊതുതെരഞ്ഞെടുപ്പു നടത്താന്‍ തീരുമാനിച്ചു. ജനുവരി 18ന് നിലവിലുള്ള ലോക്സഭ പിരിച്ചുവിട്ടു. ജനുവരി 20ന് അടിയന്തരാവസ്ഥയില്‍ ഇളവുവരുത്തി. പ്രതിപക്ഷ രാഷ്ട്രീയനേതാക്കളെ തടവില്‍നിന്ന് മോചിപ്പിച്ചു. പ്രസ് സെന്‍സര്‍ഷിപ്പും ലഘൂകരിച്ചു. 1977 മാര്‍ച്ച് 16ന് രാജ്യവ്യാപകമായ തെരഞ്ഞെടുപ്പുനടന്നു. ഇതേദിവസംതന്നെ കേരള നിയമസഭയിലേക്കും തെരഞ്ഞെടുപ്പുനടത്തി. പ്രായപൂര്‍ത്തി വോട്ടവകാശം ലഭിച്ചശേഷം എനിക്ക് വോട്ടുചെയ്യാന്‍ കഴിയാതിരുന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്. 1977 മാര്‍ച്ച് 19, 20 തീയതികളിലായി ഫലപ്രഖ്യാപനം വന്നു. 19ന് രാത്രി ഉറക്കം വരാതെ കിടന്ന എന്റെ സെല്ലിന്റെ വാതിലില്‍ മുട്ടി ഒരു വാര്‍ഡന്‍ പറഞ്ഞു. ""കവിസാറേ, സാറ് രക്ഷപ്പെട്ടെന്നാ തോന്നുന്നേ, അമ്മേം മോനും തോറ്റുപോയി"". ജയില്‍മുറിയുടെ നിശബ്ദതയില്‍ വികാരഭരിതനായി ഞാന്‍ ഉറങ്ങാതെ നേരം വെളുപ്പിച്ചു. അപ്പോഴാണറിഞ്ഞത് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണി വിജയിച്ചെന്നും.സന്തോഷവും നിരാശയും ഇടകലര്‍ന്ന നിമിഷം. മാര്‍ച്ച് 22ന് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിപദം രാജിവച്ചു. മാര്‍ച്ച് 25ന് ജനതാപാര്‍ടി നേതാവ് മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി അധികാരമേറ്റു. ആഭ്യന്തര അടിയന്തരാവസ്ഥ പിന്‍വലിച്ചു. ജനാധിപത്യ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു. പക്ഷേ, കേരളത്തില്‍ അധികാരമേറ്റ മുഖ്യമന്ത്രി കെ കരുണാകരന്‍ എന്നെ വിട്ടയക്കാന്‍ കൂട്ടാക്കിയില്ല. 1977 മാര്‍ച്ച് 26 മുതല്‍ ഞാന്‍ ജയിലില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. മാര്‍ച്ച് 29ന് സ. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ഇടപെടലിനെത്തുടര്‍ന്ന് പ്രധാനമന്ത്രി മൊറാര്‍ജിദേശായി എന്റെ മോചന ഉത്തരവില്‍ ഒപ്പുവയ്ക്കുകയും മാര്‍ച്ച് 30ന് ഞാന്‍ ജയില്‍മോചിതനാവുകയും ചെയ്തു.

*
എം കൃഷ്ണന്‍കുട്ടി

No comments: