Tuesday, April 8, 2014

മാനിഫെസ്റ്റോയോ മോഡിഫെസ്റ്റോയോ

ഒടുവില്‍ ബിജെപിയും ഒരു തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇറക്കി. വോട്ടെടുപ്പ് ആരംഭിച്ചു കഴിഞ്ഞിട്ട് ഒരു രാഷ്ട്രീയ പാര്‍ടി, അതും രാജ്യത്തിന്റെ ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച് നടക്കുന്ന ഒരു രാഷ്ട്രീയ പാര്‍ടി പ്രകടനപത്രിക ഇറക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ്. "മോഡിഫെസ്റ്റോ"യേക്കാള്‍ വലിയ മാനിഫെസ്റ്റോയില്ല എന്നു കരുതുന്ന വര്‍ഗീയതയുടെ ഫാസിസ്റ്റ് ആള്‍ക്കൂട്ടമാണ് ബിജെപി. അതിന് ദേശീയ-സാര്‍വദേശീയ കാര്യങ്ങളില്‍ കൃത്യമായ നയമോ നിലപാടോ ഇല്ല. നയ നിലപാടുകളില്ലാത്ത തങ്ങള്‍ എന്തിനു മാനിഫെസ്റ്റോ ഇറക്കണമെന്നു ചിന്തിച്ചിരിക്കുകയായിരുന്നിരിക്കണം ഇത്രനാളും ബിജെപി. എന്നാല്‍, ബിജെപി നേതാക്കള്‍ പറയുന്നത് എല്ലാ നേതാക്കളും പലയിടങ്ങളിലായി തെരഞ്ഞെടുപ്പ് പ്രചാരണത്തിലായതുകൊണ്ടാണ് പ്രകടനപത്രിക വൈകിയതെന്നാണ്. പ്രചാരണം ശക്തമായിട്ട് രണ്ടാഴ്ചയിലേറെ ആയിട്ടില്ല. അതിനുമുമ്പും സമയമുണ്ടായിരുന്നല്ലോ. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍തന്നെ പ്രകടനപത്രികയിലേക്ക് വെബ്സൈറ്റിലൂടെ അഭിപ്രായങ്ങള്‍ ക്ഷണിച്ച പാര്‍ടിയാണിത് എന്നോര്‍ക്കണം. പ്രകടനപത്രിക വൈകിയതിനു കാരണം ഒന്നേയുള്ളൂ. ഒരു കാര്യത്തിലും നേതാക്കള്‍ക്കിടയില്‍ അഭിപ്രായ സമന്വയമുണ്ടാക്കാന്‍ കഴിയുന്നില്ല എന്നതുതന്നെ. ഓരോ പ്രശ്നത്തിലും പൊതുവായ അഭിപ്രായ സമന്വയമുണ്ടാക്കി യഥാസമയം ഒരു തെരഞ്ഞെടുപ്പ് പ്രകടനപത്രികയിറക്കാന്‍പോലും കഴിയാത്തവരാണ് രാജ്യം ഭരിക്കുമെന്നു വാഗ്ദാനം ചെയ്യുന്നത്!

അസമിലെയും ത്രിപുരയിലെയുമൊക്കെ ജനലക്ഷങ്ങള്‍ തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക് പോയി. ബിജെപിക്ക് എന്താണ് തങ്ങളോട് പറയാനുള്ളത് എന്ന് അറിയാന്‍പോലുമുള്ള സാഹചര്യം അവര്‍ക്കുണ്ടായില്ല. എന്തുതന്നെ പറഞ്ഞാലും പ്രവര്‍ത്തിക്കുക മറ്റു ചിലതാണ് എന്ന് നിശ്ചയമുള്ള അവരാകട്ടെ, ബിജെപിക്ക് എന്താണ് പറയാനുള്ളത് എന്നറിയാന്‍ വലിയ താല്‍പ്പര്യമൊന്നും കാട്ടിയതുമില്ല. ഏതായാലും, പോളിങ് പ്രക്രിയ ആരംഭിച്ചശേഷം വാഗ്ദാനങ്ങളുമായി മാനിഫെസ്റ്റോ വച്ചുനീട്ടുന്നത് മാതൃകാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലേ എന്ന കാര്യം തെരഞ്ഞെടുപ്പ് കമീഷന്‍ അന്വേഷിക്കുന്നത് കൊള്ളാം.

ഏറെ വൈകി തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തുവന്നപ്പോള്‍ ബിജെപിയുടെ തനിനിറം ഒന്നുകൂടി തെളിഞ്ഞു. രാജ്യമോ ജനങ്ങളോ നേരിടുന്ന പ്രശ്നങ്ങളൊന്നുമല്ല ബിജെപിക്ക് പ്രധാനം. ഈ മൂന്നാം സഹസ്രാബ്ദ ഘട്ടത്തിലും ബിജെപിക്ക് പ്രധാനം രാമക്ഷേത്ര നിര്‍മാണവും മറ്റുമാണ്. ആധുനിക പരിഷ്കൃതകാലത്തിനു ചേരാത്ത പ്രാകൃതത്വത്തിന്റെ അജന്‍ഡയുമായി നടക്കുന്ന കാലഹരണപ്പെട്ട പാര്‍ടിയെന്ന പ്രതിച്ഛായയല്ലാതെ മറ്റൊന്നും ഈ പ്രകടനപത്രിക ബിജെപിക്ക് നേടിക്കൊടുക്കുന്നില്ല. ഭരണഘടനയ്ക്ക് ഉള്ളില്‍ നിന്നുകൊണ്ട് രാമക്ഷേത്രനിര്‍മാണത്തിനായുള്ളതെല്ലാം ചെയ്യും എന്നു പറയുന്നു പ്രകടനപത്രിക.

പാര്‍ലമെന്റിന്റെ ഇരുസമിതികളും പരമോന്നത നീതിന്യായപീഠമായ സുപ്രീംകോടതിയും ദേശീയ വികസന കൗണ്‍സിലും ഒക്കെ വിലക്കിയിട്ടും ഭരണഘടനയെ അപ്പാടെ വലിച്ചെറിഞ്ഞുകൊണ്ട് ബാബറി മസ്ജിദ് പൊളിച്ചവരാണിവര്‍. ഇവരുടെ "ഭരണഘടനയ്ക്കുള്ളില്‍ നില്‍പ്പ്" എങ്ങനെയുണ്ടാവുമെന്നത് മനസിലാക്കാന്‍ ജനങ്ങള്‍ക്കു വിഷമമില്ല. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായിരുന്ന പലര്‍ക്കും ഇക്കുറിയും മത്സരിക്കാന്‍ ടിക്കറ്റ് കൊടുത്ത പാര്‍ടിയാണിത് എന്നുകൂടി ഓര്‍മിക്കണം.

പതിനാറുവര്‍ഷം മുമ്പ് അടല്‍ബിഹാരി വാജ്പേയി പറഞ്ഞത് ഞങ്ങള്‍ വിവാദാസ്പദമായ മൂന്നു കാര്യങ്ങള്‍ മാറ്റിവയ്ക്കുകയാണ് എന്നാണ്. ബാബറി മസ്ജിദ് പ്രശ്നം, കോമണ്‍ സിവില്‍ കോഡ്, ഭരണഘടനയുടെ 370-ാം വകുപ്പ് എന്നിവയാണവ. കൂടുതല്‍ ഘടകകക്ഷികളെ ആകര്‍ഷിക്കാന്‍ അന്ന് കൈക്കൊണ്ട അടവായിരുന്നു അത്. ആ അടവ് അന്ന് ഫലിച്ചു. കുറെ ഘടകകക്ഷികളെ കിട്ടി. എന്‍ഡിഎ അധികാരത്തില്‍ വരികയുംചെയ്തു. എന്നാലിന്ന്, പണ്ടു മാറ്റിവച്ച മൂന്ന് കാര്യങ്ങളും പ്രകടനപത്രികയിലൂടെ ആവര്‍ത്തിച്ചുറപ്പിച്ചാണ് നരേന്ദ്രമോഡിയുടെ വരവ്. കോമണ്‍ സിവില്‍ കോഡ് കൊണ്ടുവരുമെന്ന് മാനിഫെസ്റ്റോ പറയുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് ഇല്ലാതാക്കുമെന്ന് പറയുന്നു. അയോധ്യയില്‍ ബാബറി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രം നിര്‍മിക്കുമെന്നും പറയുന്നു. ചുരുക്കത്തില്‍ 1998നെ അപേക്ഷിച്ച് പ്രത്യക്ഷത്തില്‍തന്നെ ബിജെപി ഹിന്ദുവര്‍ഗീയതയുടെ നിലപാടുകള്‍ കര്‍ക്കശമാക്കിയിരിക്കുന്നു.

ബിജെപി ഒരുകാര്യം ഓര്‍മിക്കുന്നതു കൊള്ളാം. 2009ലെ പൊതുതെരഞ്ഞെടുപ്പില്‍ 1998നെ അപേക്ഷിച്ച് ഇതേപോലെ വര്‍ഗീയത കൂടുതല്‍ കര്‍ക്കശമാക്കി ഇതേ മുദ്രാവാക്യങ്ങളിലൂന്നി ആ പാര്‍ടി. അന്ന് ജനങ്ങള്‍ ബിജെപിയെ വലിച്ചെറിയുകയുംചെയ്തു. ബിജെപി ചരിത്രത്തില്‍നിന്ന് ഒരു പാഠവും പഠിക്കുന്നില്ല.

ഈ മൂന്ന് വിഷയങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കോണ്‍ഗ്രസ്-ബിജെപി പ്രകടനപത്രികകള്‍ തമ്മില്‍ കാര്യമായ ഒരു വൈജാത്യവുമില്ല. സ്വകാര്യവല്‍ക്കരണ-ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ നയങ്ങളില്‍ ഇരുകൂട്ടരും ഒരേപോലെ. ചില്ലറവ്യാപാരം ഒഴികെ എല്ലാ മേഖലയിലും നേരിട്ടുള്ള വിദേശനിക്ഷേപം കൊണ്ടുവരുമെന്നു ബിജെപി പറയുന്നു. ചില്ലറവ്യാപാരികള്‍ ഏറെയുണ്ട്. അവര്‍ക്കു വോട്ടുമുണ്ട്. അതുകൊണ്ടാണ് വിദേശനിക്ഷേപ കാര്യത്തില്‍ തല്‍ക്കാലം ചില്ലറവ്യാപാര മേഖലയെ ഒഴിവാക്കി നിര്‍ത്തിയത്.

രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച, വികസനം, ജനങ്ങളുടെ ക്ഷേമം എന്നിവയ്ക്കൊന്നുമല്ല ബിജെപിയുടെ പ്രകടനപത്രികയില്‍ പ്രാധാന്യം. ബാബറി മസ്ജിദ് നിന്നയിടത്തു ക്ഷേത്രം പണിയുകയാണവര്‍ക്കു മുഖ്യം. ഇങ്ങനെ കരുതുന്ന ഒരു പാര്‍ടിയെ ആധുനികകാലത്ത് വിവേകമുള്ള ഏത് ജനത അധികാരമേല്‍പ്പിക്കും? ഇത് ബിജെപിക്ക് അറിയാത്തതല്ല. അതുകൊണ്ടുതന്നെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി അധികാരം പിടിക്കാനുള്ള ബ്ലൂപ്രിന്റിന് ചില ജനപ്രിയ വാഗ്ദാനങ്ങളാല്‍ ആവരണമിടാന്‍ അവര്‍ മറന്നിട്ടുമില്ല.
*
ദേശാഭിമാനി മുഖപ്രസംഗം

No comments: