Thursday, April 24, 2014

അമൃതാനന്ദമയിയുടെ ജാതി രാഷ്ട്രീയം

അമൃതാനന്ദമയിക്കും അവരുടെ മഠത്തിനുമെതിരായി ഗെയ്ല്‍ ട്രെഡ്വെല്‍ എന്ന മുന്‍ അന്തേവാസിനി നടത്തിയ വെളിപ്പെടുത്തലുകള്‍ അഭിമുഖത്തിന്റെ രൂപത്തില്‍ കൈരളിയിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടു. ദേശാഭിമാനിയോ ചിന്തയോ പോലെ സിപിഐ എമ്മിെന്‍റ ഒരു ഔദ്യോഗിക മാധ്യമമല്ല കൈരളി. എന്നിട്ടും ഈ അഭിമുഖം സംപ്രേഷണം ചെയ്തതിനെ ഹിന്ദു മതവിശ്വാസികള്‍ക്കെതിരായി കമ്യൂണിസ്റ്റുകാര്‍ നടത്തിയ ആക്രമണമായി പരിവര്‍ത്തിപ്പിക്കാന്‍ സംഘടിതമായ ശ്രമമാണ് സംഘപരിവാര്‍ ശക്തികളുടെയും ധീവരസഭയുടെയും ഭാഗത്തുനിന്നുണ്ടായത്. ""മാതാ അമൃതാനന്ദമയി ഗംഗാനദി പോലെയാണ്. കുംഭമേളക്കെത്തുന്ന 11 കോടി ജനങ്ങള്‍ തങ്ങളുടെ പാപം ഗംഗയില്‍ കഴുകി കളഞ്ഞാലും ഗംഗ മലിനമാകുന്നില്ല. അമൃതാനന്ദമയി അപമാനിക്കപ്പെട്ടപ്പോള്‍ അപമാനിതരായത് 100 കോടി ഹിന്ദുക്കളാണ്"" എന്നാണ് വിശ്വഹിന്ദുപരിഷത്ത് നേതാവ് അശോക് സിംഗാള്‍ കൊച്ചിയില്‍ നടന്ന ഹിന്ദു ധര്‍മ്മ സംരക്ഷണ സംഗമത്തില്‍ പ്രഖ്യാപിച്ചത്.

അമൃതാനന്ദമയി ഒരു ഹിന്ദു സന്യാസിനിയാണെന്നും അമൃതാനന്ദമയി മഠം ഒരു ഹിന്ദു സ്ഥാപനമാണെന്നും അതിനെതിരായി വരുന്ന ഏതാക്രമണത്തെയും നേരിടാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരുങ്ങിയിരിക്കണമെന്നും അതിന്റെ സമുന്നത നേതാവ് ആവശ്യപ്പെട്ടിരുന്നു. ലോകജനതയ്ക്കാകെ ജാതി - മത - വര്‍ഗ - വര്‍ണ - ലിംഗ വ്യത്യാസമെന്യേ സ്നേഹം പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന അമൃതാനന്ദമയിയില്‍നിന്ന് ഈ ഹിന്ദുത്വവല്‍കരണത്തിനെതിരെ യാതൊരു പ്രതികരണവുമുണ്ടായില്ല. അമൃതാനന്ദമയി ജനിച്ചത് അരയസമുദായത്തിലാണെന്നതിനാല്‍ അവരെ ധീവര മഹാസഭക്കാരിയാക്കാനുള്ള ശ്രമമാണ് ധീവരസഭാ നേതാവ് ദിനകരെന്‍റ ഭാഗത്തുനിന്നുണ്ടായത്. അവര്‍ തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ആര്‍എസ്എസ് നേതാവ് കെ പി ശശികല ടീച്ചര്‍ ഹര്‍ത്താലുകാരെ അഭിവാദ്യം ചെയ്യാന്‍ പോയി. അരയസമുദായത്തിന്റെ വോട്ടാകെ ബിജെപിക്ക് കിട്ടും എന്ന് പ്രതീക്ഷിച്ചാണ് ടീച്ചര്‍ പോയത്. പക്ഷേ ദിനകരന്‍ വോട്ട് ഐക്യ ജനാധിപത്യമുന്നണിക്ക് കൊടുക്കാനാണ് തീരുമാനിച്ചത്. ഈ ജാതിവല്‍ക്കരണ നടപടിയേയും എതിര്‍ക്കാന്‍ വിശ്വമാതാവോ മഠമോ തയ്യാറായില്ല. ഒരു ഭാഗത്ത് പരാശക്തിയുടെ ദിവ്യാവതാരമാകയും ലോക മാതാവായുമൊക്കെ വാഴ്ത്തപ്പെടുന്ന അമൃതാനന്ദമയി എന്തുകൊണ്ടാണ് ഈ ജാതിവല്‍കരണത്തിനും വര്‍ഗീയവല്‍കരണത്തിനും നിന്നുകൊടുക്കുന്നത്?

ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ടയും അമൃതാനന്ദമയിയുടെ നിലനില്‍പും പരസ്പര പൂരകമാണെന്നതാണിതിന് കാരണം. ആര്‍എസ്എസിന്റെ അടിസ്ഥാന ഗ്രന്ഥമാണ് വിചാരധാര. അതില്‍ ചാതുര്‍വര്‍ണ്യവും ജാതിവ്യവസ്ഥയുമൊക്കെ ന്യായീകരിക്കപ്പെടുകയും ശരിവെക്കപ്പെടുകയുമാണ് ചെയ്തിരിക്കുന്നത്. അതായത് ബ്രാഹ്മണ മേധാവിത്വത്തില്‍ അടിയുറച്ച ചാതുര്‍വര്‍ണ്യവ്യവസ്ഥയും ജാതിവ്യവസ്ഥയും ഒരു കോട്ടവും കൂടാതെ നിലനിര്‍ത്താനാഗ്രഹിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. അവര്‍ സ്വപ്നം കാണുന്ന ഹിന്ദുരാഷ്ട്രത്തിന്റെ അടിത്തറ ചാതുര്‍വര്‍ണ്യമാണ്. എന്നാല്‍ ആ ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് ഇന്ന് ഹിന്ദുവെന്നറിയപ്പെടുന്ന മുഴുവന്‍ ജനവിഭാഗങ്ങളുടെയും ഏകീകരണം നടക്കണം. അതിന് വിഘാതമായി നില്‍ക്കുന്നത് ജാതിവ്യവസ്ഥയും അതിലെ മേല്‍ കീഴ് ബന്ധങ്ങളുമാണ്. അതിനെ മറികടക്കാന്‍ പറ്റിയ ഏറ്റവും നല്ല പ്രതീകമാണ് പിന്നോക്കജാതിക്കാരിയും സ്ത്രീയുമായ ഒരു ആള്‍ ദൈവ പരിവേഷം. മറുഭാഗത്ത് പിന്നോക്കജാതിക്കാരിയായ തെന്‍റ ദൈവീകതയെ മേല്‍ജാതിക്കാര്‍ അംഗീകരിക്കണമെങ്കില്‍ ബ്രാഹ്മണ്യത്തിന്റെ സഹായം ആവശ്യമാണെന്ന് കണ്ട് സ്വന്തം ഔദ്യോഗിക ജീവചരിത്രത്തില്‍ തന്നെ അരയനായ തെന്‍റ പിതാവില്‍ ബ്രാഹ്മണ്യം ആരോപിച്ച വ്യക്തിയാണ് അമൃതാനന്ദമയി. ചുരുക്കിപ്പറഞ്ഞാല്‍ വിശാല ഹിന്ദുഐക്യം എന്നത് തെന്‍റ ജനപ്രിയതയ്ക്ക് ഗുണം ചെയ്യുമെന്ന ബോധ്യം അമൃതാനന്ദമയിക്കുണ്ട്. ഇത് രണ്ടും ഒന്നു ചേരുന്ന കാഴ്ചയാണിന്ന് നാം കാണുന്നത്. ഒപ്പം തന്നെ ധീവരസഭയുടെ പിന്തുണയെന്നാല്‍ ഇന്നത്തെ ഭരണകക്ഷിയുടെ പിന്തുണയാണ് എന്ന് അറിയാത്തയാളല്ല അവര്‍.

ചുരുക്കത്തില്‍ ബിജെപി - കോണ്‍ഗ്രസ് താല്‍പര്യങ്ങളെ പ്രീണിപ്പിച്ച് തന്റെ സാമ്പത്തിക സാമ്രാജ്യത്തെ സംരക്ഷിച്ചു നിര്‍ത്തുക എന്ന അടവാണ് അമൃതാനന്ദമയിയില്‍നിന്നും അവരുടെ മഠത്തില്‍നിന്നും ഉണ്ടായത്. ""ഭാരതം നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സവിശേഷ സന്ദര്‍ഭത്തില്‍ അടിത്തട്ടുകാര്‍ മുതല്‍ മേല്‍ത്തട്ടുകാര്‍ വരെയുള്ള കേരളീയ സമൂഹത്തെ ഏകോപിപ്പിച്ചു നിര്‍ത്തുന്ന പ്രമുഖമായ ഒരു ആത്മീയ കേന്ദ്രമെന്ന നിലയില്‍ അമൃതാനന്ദമയി മഠത്തിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ യാദൃച്ഛികമാകാനിടയില്ല"" എന്ന കേസരിയുടെ വിലയിരുത്തല്‍ ഈ അവിശുദ്ധ സഖ്യത്തെയാണ് തുറന്നുകാണിക്കുന്നത്. അമൃതാനന്ദമയി മഠത്തെ രാഷ്ട്രീയമായി എങ്ങനെയാണ് ആര്‍എസ്എസ് കാണുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. ആത്മീയത അത് കപടമായാലും അല്ലാത്തതായാലും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുമ്പോഴാണത് വര്‍ഗീയതയായി മാറുന്നത്. അമൃതാനന്ദമയി മഠത്തെ സംബന്ധിച്ചിടത്തോളവും അത് വ്യക്തമായിരിക്കുന്നു.

*
കെ എ വേണുഗോപാലന്‍ ചിന്ത വാരിക

No comments: