Saturday, April 19, 2014

ഉള്ളാഴങ്ങളുടെ മാന്ത്രികമായ ആഗോളവല്‍ക്കരണം

മാര്‍ക്വേസ് ഓര്‍മയാവുമ്പോള്‍ ഒട്ടേറെ നഷ്ടമാവുന്നു എന്നല്ലാതെ കൃത്യമായും എന്താണ് നഷ്ടമാകുന്നത് എന്നു പെട്ടെന്നു പറയാന്‍ പ്രയാസമാണ്. അദ്ദേഹവും പോയി എന്നൊരു തോന്നലാണ് ഈ നിമിഷത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. അതിനു തൊട്ടു പിന്നാലെ വരുന്ന തിരിച്ചറിവുകള്‍ അദ്ദേഹത്തിന്റെ കൃതികള്‍ നല്‍കിയ അനുഭൂതികളുടെ ശേഷിപ്പുകള്‍മാത്രം. ആ അനുഭൂതികളുടെ പൊതുസ്വഭാവങ്ങള്‍ മനസ്സില്‍ പെട്ടെന്നു നിറയുകയുംചെയ്യുന്നു.

ഈ നിറവിന്റെ പ്രധാനസവിശേഷത, ഞാന്‍ ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത ഒരാളാണ് ഇത് എന്ന തോന്നലേ ജനിപ്പിക്കുന്നില്ല എന്നതത്രെ. വളരെ അടുത്തറിഞ്ഞ ആരോ ആണ് എന്നതാണ് പ്രതീതി. കൃതികളിലൂടെയുള്ള പരിചയം അത്രത്തോളം മിഴിവുള്ളതായതുതന്നെ കാരണം. ഇതുതന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

എഴുത്തിലൂടെ പുറകോട്ടു നടന്ന് കണ്ടെത്തി അറിയാന്‍ കഴിയുന്നവരും അതു സാധിക്കാന്‍ ഇടം തരാത്തവരും എന്ന് എഴുത്തുകാരെ രണ്ടായി തിരിക്കാം. രണ്ടാമത്തെ തരക്കാരാണ് കൂടുതലും. കൃതിയും കര്‍ത്താവും ഒന്നുതന്നെ ആവുന്ന അവസ്ഥ അത്ര സുലഭമല്ല. ആയാലും, ആ തനിമ വായനക്കാരന് അനുഭവവേദ്യമാക്കാന്‍ കൈത്തഴക്കമുള്ളവരും ചുരുക്കം. രണ്ടും മതിയാവോളം ഒത്തുവരുന്നതോ വളരെ വിരളം.

തനിക്കു മുമ്പില്ലാതിരുന്ന എന്താണ് ഒരു കലാകാരന്‍ സൃഷ്ടിച്ചത് എന്നതാണല്ലോ ചരിത്രത്തിലെ നാഴികക്കല്ലാകാനുള്ള യോഗ്യതയ്ക്കുള്ള അര്‍ഹത. മനുഷ്യാവസ്ഥയുടെ അടിസ്ഥാനപരങ്ങളായ അങ്കലാപ്പുകളില്‍നിന്ന് രക്ഷാമാര്‍ഗങ്ങള്‍ പുതുതായി തുറന്നതാണ് മാര്‍ക്വേസിന്റെ തച്ചുപണി. ഓരോന്നും ഓരോ പുതുതുരങ്കത്തിന്റെ ഫലം ചെയ്തു. അമ്പരപ്പും ആശ്വാസവും അത്ഭുതവും പ്രതീക്ഷയും ഭയവും എല്ലാം ഒരുമിച്ചുളവാക്കുന്നവയായിരുന്നു ഈ വഴികളിലൂടെയുള്ള യാത്രകള്‍. എല്ലാം വിചിത്രങ്ങളായ സ്വപ്നങ്ങള്‍. പേക്കിനാവുകളെന്നോ സുന്ദരസ്വപ്നങ്ങളെന്നോ തീര്‍ച്ചപ്പെടുത്താനാവാത്ത സങ്കരക്കിനാവുകള്‍. അതും, ചലിക്കുന്ന ചിത്രങ്ങള്‍. എന്തോ മാന്ത്രികവിദ്യയാലെന്നപോലെ സംഭവ്യങ്ങളായി മാറുന്ന അസംഭവ്യതകള്‍. ലോകം അതിനെ മാജിക്കല്‍ റിയലിസം എന്നു വിളിച്ചു. വേദനയുടെ സുഖം എന്നു പറയുന്ന രീതിയില്‍ ഒരു ഓമനപ്പേര്. സത്യത്തില്‍ ഒരു മാജിക്കും അതിലില്ല, റിയലായ ലോകവുമില്ല. പക്ഷേ, റിയലായ ലോകത്തിന്റെ അസുഖകരങ്ങളായ സുഖങ്ങള്‍ അഥവാ സുഖകരങ്ങളായ അസുഖങ്ങള്‍ ഇവയുമായുള്ള വായനാവേഴ്ചയിലൂടെ അനുഭവിക്കാം.

അദ്ദേഹത്തിന്റെ കൃതികളിലെ യഥാര്‍ഥലോകം നമ്മുടെയൊക്കെ ഉള്ളില്‍ എന്നോ ഉള്ളതാണ്. അതെല്ലാം അവിടെ ഉണ്ടെന്ന് നാം അറിഞ്ഞേ ഇല്ലായിരുന്നെന്നുമാത്രം. അകത്തുനിന്ന് വീണ്ടും വീണ്ടും അകത്തേക്ക് കുറെ വാതിലുകള്‍ കടന്നാണ് അവയില്‍ എത്തുന്നത്. ആ എത്തിപ്പെടലിലുമുണ്ട് അന്യമായ നാടകീയത. കൃതി വായിക്കുന്നതിലൂടെ നാം നമ്മെ കൂടുതല്‍ നന്നായി അറിയുന്നു. ഉണര്‍ന്നിരിക്കുമ്പോള്‍ കാണാന്‍ കിട്ടിയ വായനാനുഭവസ്വപ്നങ്ങള്‍ നമ്മെ മാറ്റിത്തീര്‍ക്കുന്നു. ഗുണപരമാണ് ആ മാറ്റം. കാരണം, അതിന്റെ ഫലശ്രുതി പ്രത്യാശയും നിഷ്കളങ്കതയുമത്രെ. എത്ര അനായാസമാണ് മാര്‍ക്വേസ് കഥ പറയുന്നതെന്ന അത്ഭുതമാണ് ആ എഴുത്തിലേക്ക് എന്നെ ആകര്‍ഷിച്ച ആദ്യഘടകം.

വെറും രണ്ടു വാചകംകൊണ്ട് ഒരു സ്വപ്നലോകത്തിലേക്കുള്ള വാതില്‍ തുറക്കുന്നപോലെ. അവിടന്നങ്ങോട്ട്, ഒരു പ്രിയങ്കരനായ മുതിര്‍ന്ന സുഹൃത്തിന്റെ വിരലില്‍ തൂങ്ങി നടക്കുന്ന കൊച്ചുകുട്ടിയായി മാറുകയാണ് വായനക്കാരന്‍. പത്തടി പോകുന്നതോടെ, ആ വിരല്‍ത്തുമ്പ് പിടിവിട്ടുപോകുന്നു. പിന്നെ, നാം തുടര്‍ന്നും നടന്നു കാണുന്നത് നാംതന്നെ നിര്‍മിക്കുന്ന സ്വപ്നമാണ്. നിറഞ്ഞ അറിവില്‍ അഴുക്കില്ലാത്ത നര്‍മം ചാലിച്ച ഒരു ചെറുചിരി പശ്ചാത്തലത്തില്‍ ചിറ്റോളമായി നിലനില്‍ക്കുന്നതുമാത്രമാണ് നമ്മെ അവിടെ കൊണ്ടെത്തിച്ച ആ പ്രിയസുഹൃത്തിന്റെ സാന്നിധ്യത്തിനു തെളിവ്. ഈ കഥനരീതി മലയാളത്തില്‍ വളരെപണ്ടേ ഭംഗിയായി ഉപയോഗിച്ച ഒരാളുണ്ട്. വേറെ ആരുമല്ല, നമ്മുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീര്‍ എന്ന സ്വപ്നാട്ടിലെ സിംഹാസനമില്ലാസുല്‍ത്താന്‍. വായനക്കാരന്റെ അകത്തു കയറിക്കൂടി അവനെക്കൊണ്ടുതന്നെ കഥ തുടര്‍ന്നു പറയിക്കുക എന്ന ഇന്ദ്രജാലം അദ്ദേഹം തന്റെ മിക്ക രചനകളിലും കാണിച്ചുവല്ലോ. അതിനു പക്ഷേ, നൊബേല്‍ സമ്മാനമൊന്നും കിട്ടിയില്ല. സാരമില്ല, മേലങ്കിയില്ലെന്നാലും അങ്കിയെങ്കിലും ഉണ്ടല്ലോ.

മനുഷ്യനില്‍ പരിവര്‍ത്തിക്കുന്നതും പരിവര്‍ത്തിക്കാത്തതുമായ രണ്ടു വശങ്ങളുണ്ടെന്ന് മാര്‍ക്വേസിനെ വായിക്കുമ്പോള്‍ തോന്നും. ഇതും രണ്ടും തമ്മില്‍ സദാ മല്‍പ്പിടിത്തവും നടക്കുന്നു. ഒന്നു മറ്റേതിനെ തന്റെകൂടെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന്റെ ഫലമാണിത്. ഈ മല്‍പ്പിടിത്തത്തിന്റെ തുടര്‍ക്കഥയാണ് മനുഷ്യചരിത്രം. വിപ്ലവങ്ങള്‍ ഉണ്ടാകുന്നതും ജയിക്കുന്നതും തോല്‍ക്കുന്നതുമെല്ലാം ഈ പോരിന്റെ ഫലനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു. പല അവസ്ഥാന്തരങ്ങളുള്ളതാണ് ഈ പോര്. വെറും സൗഹൃദമത്സരംപോലെ ഒരു തമാശയ്ക്കാവാം, പാരമ്പര്യത്തിന്റെ കടുംപിടിത്തത്തിനെതിരെ വ്യതിയാനത്തിന്റെ പടവെട്ടായിരിക്കാം, വ്യതിയാനത്തിനെതിരെ പാരമ്പര്യം ദാക്ഷിണ്യമില്ലാതെ നടത്തുന്ന കുതിരകയറ്റമാകാം, ദുര്‍വാരമായ കാലത്തിനെതിരെ അന്തഃസത്തയുടെ നിത്യത ജീവന്‍മരണപോരാട്ടം നടത്തുന്നതുമാവാം. ഏതായാലും, മനുഷ്യജീവിതത്തിലെ സുകൃതവും പോഴത്തവും വെല്ലുവിളിയും ധന്യതയും എല്ലാം ഈ അനിവാര്യമായ അങ്കമാണ്.

എല്ലാതരം വിപ്ലവങ്ങളും ഇതിന്റെ രൂപാന്തരങ്ങളേ ആയിരിക്കുന്നുള്ളൂ. എന്നുവച്ചാല്‍, ഓരോ വ്യക്തിയും ഓരോ പ്രത്യേകവിപ്ലവമാണ് അരങ്ങേറ്റുന്നത്. വിപ്ലവത്തിന്റെ അനന്തരഫലം, അതിനാല്‍, പ്രവചനക്ഷമമല്ല, ഒരാള്‍ക്കും അത് പൂര്‍ണതൃപ്തി നല്‍കുന്നുമില്ല. ഇക്കാരണങ്ങളാല്‍, മനുഷ്യലോകത്ത് എക്കാലത്തെയും അനിവാര്യതയായിത്തീരുന്നു വിപ്ലവം.

കാലത്തെ ഇന്ദ്രജാലക്കാരന്റെ കൈയിലെ മാന്ത്രികവടിയായി മാര്‍ക്വേസ് അനായാസം ഉപയോഗിക്കുന്നു. അതിനെ ചുഴറ്റുകയും ചൂണ്ടുകയും വിറപ്പിക്കുകയും തല തിരിക്കുകയും ഒക്കെ ചെയ്യുന്നതിലൂടെ അഖിലാണ്ഡബ്രഹ്മാണ്ഡഭൂമിമലയാളം ആകെ തൂവാലയായും പ്രാവായും ബലൂണായും ശൂന്യതയായും, മറ്റെന്തു വെണമെങ്കില്‍ അതായും, രൂപാന്തരപ്പെടുന്നു. നീണ്ട തൊപ്പിയില്‍നിന്ന് ചെവി പിടിച്ചു പൊക്കിയെടുക്കുന്ന മുയല്‍ ഇത്ര നേരവും അതില്‍ എങ്ങനെ ശാന്തമായി കുടികൊണ്ടു എന്ന് വിസ്മയിക്കാതിരിക്കുന്നതെങ്ങനെ?

എഴുത്തിന്റെ ആസ്വാദ്യതയ്ക്ക് എല്ലാ ദേശാതിര്‍ത്തികളെയും ലംഘിക്കാന്‍ നിഷ്പ്രയാസം കഴിയുമെന്നും, ഭാഷ എന്ന മാധ്യമത്തിന്റെ പരിമിതിപോലും ഇതിന് ഒരു തടസ്സമാകേണ്ടതില്ല എന്നും തെളിയിച്ച് വിശ്വത്തെ മുഴുവന്‍ വിരുന്നൂട്ടിയ ആ മഹാമാന്ത്രികന് പ്രണാമം! ഇനിയുള്ള നൂറുനൂറു വര്‍ഷങ്ങളില്‍ ലോകത്തിന് ഈ വിയോഗം സ്വകാര്യമായ ഏകാന്തതയുളവാക്കും.

*
സി രാധാകൃഷ്ണന്‍

No comments: