Saturday, April 5, 2014

കമ്മിറ്റഡ് ജുഡീഷ്യറിക്കുവേണ്ടി ചാവേറാക്രമണം

ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളടങ്ങിയ വന്‍ ഭൂമിതട്ടിപ്പാണ് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജും ബന്ധുക്കളും ചേര്‍ന്ന് നടത്തിയത്. കടകംപള്ളിയിലും തൃക്കാക്കരയിലുമായി 250 കോടിയിലധികം വിലമതിക്കുന്ന ഭൂമിതട്ടിപ്പ് നടത്തി. തട്ടിപ്പിനിരയായ ഷെറീഫയും ബാലുസ്വാമിയും മറ്റും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. സലിംരാജിനെതിരെ ഡിജിപി നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി. റവന്യൂ, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ് അന്വേഷണം ഒരുവര്‍ഷത്തിലധികമായിട്ടും എവിടെയും എത്തിയില്ല. ഈ സാഹചര്യത്തിലാണ് ഇരകള്‍ സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചത്്. കേസ് പരിഗണിച്ച ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ ഉത്തരവനുസരിച്ച് വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സാക്ഷിയുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. ഒരു സാദാ പൊലീസുകാരന് ഉന്നത സ്വാധീനമില്ലാതെ ഇത്തരമൊരു തട്ടിപ്പുനടത്താനാകില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കളങ്കിത വ്യക്തികളുടെ സാന്നിധ്യമുണ്ടെന്ന വസ്തുതകളും കോടതി പരിഗണിച്ച സ്റ്റേറ്റുമെന്റുകളിലും മൊഴികളിലും പ്രതിഫലിക്കുകയും ചെയ്തിരുന്നു. സോളാര്‍തട്ടിപ്പില്‍ ഉള്‍പ്പെട്ട ടെന്നി ജോപ്പന്റെയും മറ്റും വിവരങ്ങള്‍ ഈ കേസിലും വന്നിരുന്നതാണ്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കേസ് സിബിഐ അന്വേഷണത്തിന് വിടാന്‍ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് ഉത്തരവിട്ടത്.

സിബിഐ അന്വേഷണത്തിനിടയാക്കിയ സാഹചര്യം കുറ്റവാളികളുടെ ഉന്നതബന്ധമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്വാധീനം, ഇക്കാര്യത്തില്‍ സലിംരാജിന് തുണയായി എന്നത് പകല്‍പോലെ വ്യക്തം. ഇതു ബോധ്യമായതിനാലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനല്‍ സാന്നിധ്യത്തെകുറിച്ച് ജസ്റ്റിസിന് പറയേണ്ടിവന്നത്. വിധി പുറത്തായതുമുതല്‍ മന്ത്രി കെ സി ജോസഫ്, ഒരു കോണ്‍ഗ്രസ് വക്താവ് തുടങ്ങിയവര്‍ ന്യായാധിപനെ പരസ്യമായി ആക്ഷേപിക്കാന്‍ തുടങ്ങി. അത് വ്യക്തിപരമായ ആരോപണങ്ങള്‍വരെയായി. അവര്‍ ഉന്നയിക്കുന്ന പ്രധാന വാദം മുഖ്യമന്ത്രിയെ കേട്ടില്ലെന്നാണ്. സംസ്ഥാനസര്‍ക്കാരിന് വേണ്ടിയാണ് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ഹാജരായത്. മാത്രമല്ല, ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയതും വാദിക്കുന്നതും എജിയാണ്. ആ നിലയ്ക്ക് മുഖ്യമന്ത്രിയെ കേട്ടില്ല എന്ന വാദത്തിന് പ്രസക്തിയില്ല. കോണ്‍ഗ്രസുകാര്‍മാത്രമല്ല ഈ വാദമുന്നയിച്ചത്. മലയാള മനോരമ പത്രത്തില്‍ (മാര്‍ച്ച് 30) കാളീശ്വരം രാജ് എഴുതിയ ലേഖനത്തിലും മുഖ്യമന്ത്രിക്ക് നീതി നിഷേധിച്ചതായി പറയുന്നു. ജഡ്ജ്മെന്റ് വായിക്കാതെ ജഡ്ജിയെ വിമര്‍ശിക്കുന്ന പ്രവണത ഖേദകരമാണ്. വിധിയുടെ ഉള്ളടക്കം മനസിലാക്കിയശേഷം വിമര്‍ശിക്കാം. അത് വ്യക്തിപരമാകരുത്. എന്നാല്‍, ഇവിടെ രാഷ്ട്രീയ എതിരാളികളെ ആക്ഷേപിക്കുന്ന രീതിയാണ് മന്ത്രിയും അനുയായികളും അവലംബിക്കുന്നത്. ജഡ്ജിമാരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്നതിനുള്ള ഫാസിസ്റ്റ് രീതിയാണ് ഇത്. ജസ്റ്റിസ് റഷീദിന്റെ വിധിയുടെ അന്തഃസത്ത നിലനിര്‍ത്തുന്നതാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവെന്നതും ശ്രദ്ധേയമാണ്.

അടിയന്തരാവസ്ഥയില്‍ ഉന്നയിക്കപ്പെട്ട കമ്മിറ്റഡ് ജുഡീഷ്യറിക്കുവേണ്ടിയുള്ള വാദം ഇപ്പോഴും ഉപേക്ഷിക്കപ്പെട്ടിട്ടില്ല എന്നാണ് ഈ സംഭവവും തെളിയിക്കുന്നത്. കമ്മിറ്റഡ് ജുഡീഷ്യറി എന്നാല്‍ ഭരണകൂടത്തിന് വിധേയരായ ജഡ്ജിമാര്‍ അടങ്ങുന്ന ജുഡീഷ്യല്‍ സംവിധാനം എന്നാണ്. അതായത് തങ്ങള്‍ക്ക് അനുകൂലമായിമാത്രമേ ഉത്തരവുകള്‍ നല്‍കാവൂ. അല്ലെങ്കില്‍ ജഡ്ജിയെത്തന്നെ മാറ്റിക്കളയും. ഈ വാദം തികച്ചും ജനാധിപത്യവിരുദ്ധവും ജനങ്ങള്‍ തിരിച്ചറിയേണ്ടതുമാണ്.

*
അഡ്വ. ആര്‍ പത്മകുമാര്‍ ദേശാഭിമാനി

No comments: