Wednesday, April 2, 2014

ആ സുവിശേഷം മറക്കരുത്

രാമപുരത്ത് കൊണ്ടാട്ടിയിലേക്കുള്ള ഗ്രാമപാതയിലൂടെ നടക്കുകയായിരുന്ന തൊമ്മിച്ചേട്ടന്റെയും മത്തായിച്ചന്റെയും വര്‍ത്തമാനം യാദൃച്ഛികമായാണ് ശ്രദ്ധിച്ചത്. തെരഞ്ഞെടുപ്പായിരുന്നു ചര്‍ച്ച. വര്‍ത്തമാനത്തിനിടെ തൊമ്മിച്ചേട്ടന്‍ മത്തായിച്ചനോട് പറഞ്ഞു. "ഫ്രാന്‍സീസ് മാര്‍പ്പാപ്പ പറഞ്ഞതല്ലേ ശരി. പാപ്പ ചൂണ്ടിക്കാട്ടിയ അക്കാര്യങ്ങളൊക്കെത്തന്നെയല്ലേ ഇന്ത്യയിലും നടക്കുന്നത്. ഇപ്പോഴത്തെ മൊതലാളിത്തം ആളുകളെ കൊന്നൊടുക്കുകയാണെന്നാണ് പാപ്പ പറഞ്ഞത്. എല്ലാം പണത്തെ ആശ്രയിച്ചുമാത്രം. നമ്മുടെ നാട്ടിലും അതൊക്കെത്തന്നെയല്ലേ..." അവരുടെ വര്‍ത്തമാനം അങ്ങനെ തുടര്‍ന്നു.

തൊമ്മിച്ചേട്ടന്‍ പറഞ്ഞതുപോലെ ഈ തെരഞ്ഞെടുപ്പുകാലത്ത് എല്ലാവരും കാതോര്‍ത്ത് കേള്‍ക്കേണ്ട സുവിശേഷമാണത്. കഴിഞ്ഞ നവംബര്‍ 25ന് പുറത്തിറക്കിയ "സുവിശേഷത്തിന്റെ ആനന്ദം" എന്ന പ്രബോധന രേഖയിലാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ മുതലാളിത്തത്തെ നിശിതമായി വിമര്‍ശിച്ചത്. ഈ രേഖയിലെ 52 മുതല്‍ 59 വരെയുള്ള ഖണ്ഡികകള്‍ ലോകത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് രൂക്ഷമായ വിമര്‍ശമാണ്. ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇന്നകപ്പെട്ടിരിക്കുന്ന ദുരിതങ്ങളുടെ കാരണങ്ങള്‍ ഓരോന്നായി മാര്‍പ്പാപ്പ ചൂണ്ടിക്കാണിക്കുന്നു.

മനുഷ്യവംശം അതിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നതെന്നു ചൂണ്ടിക്കാട്ടുന്ന അപ്പോസ്തലിക് പ്രഖ്യാപനത്തില്‍ അസമത്വം അപകടകരമായി പെരുകുന്ന ഇന്നത്തെ സമ്പദ്വ്യവസ്ഥ ഉപേക്ഷിക്കണമെന്ന് മാര്‍പ്പാപ്പ ആഹ്വാനംചെയ്യുന്നു. ഉപഭോഗ സംസ്കാരം ഒഴിവാക്കണം. അമിത ഉപഭോഗം മാറ്റിവയ്ക്കണം. ജീവിതസുരക്ഷയും സ്വജീവിതസുഖവും മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കണം. ദൈവം മോസസിനോട് പറഞ്ഞ പത്തുകല്‍പ്പനകളെ ഓര്‍മിപ്പിച്ചാണ് മുതലാളിത്തത്തിനും അതിന്റെ ചൂതാട്ടത്തിനുമെതിരെ പാപ്പയുടെ വിമര്‍ശം ആരംഭിക്കുന്നത്. വീടില്ലാത്ത ഒരുപാവം തെരുവില്‍കിടന്നു മരിച്ചാല്‍ വാര്‍ത്തയല്ല. ഓഹരിവിപണിയില്‍ രണ്ടു പോയന്റ് കുറഞ്ഞാല്‍ അത് വലിയ വാര്‍ത്ത. ഒഴിവാക്കപ്പെടലിന്റേതാണ് ഈ സമ്പദ്വ്യവസ്ഥ (ഇക്കോണമി ഓഫ് എക്സ്ക്ലൂഷന്‍). ഒരു ഭാഗത്ത് ഒരു നേരത്തെ ഭക്ഷണമില്ലാതെ ജനകോടികള്‍ പട്ടിണികിടക്കുമ്പോള്‍ മറുഭാഗത്ത് തിന്നുമടുത്ത് വലിച്ചെറിയുന്നു. അപകടകരമായ അസമത്വം. സമത്വം നിഷേധിക്കുന്നു. ഈ മുതലാളിത്ത സമ്പദ്വ്യവസ്ഥ ജനങ്ങളെ കൊന്നൊടുക്കുകയാണ്. അതുകൊണ്ട് പത്തു കല്‍പ്പനകളില്‍ പറഞ്ഞതുപോലെ പറയേണ്ടിയിരിക്കുന്നു- "കൊല്ലരുത്". ആഗോളവല്‍ക്കരണ സാമ്പത്തികനയത്തിന്റെ വക്താക്കള്‍ പറയുന്ന "ഇറ്റിറ്റു വീഴല്‍ സിദ്ധാന്ത"ത്തെയും മാര്‍പ്പാപ്പ ശക്തിയായി എതിര്‍ക്കുന്നു.

അനിയന്ത്രിത കമ്പോളം നയിക്കുന്ന സാമ്പത്തികവളര്‍ച്ച എല്ലാവരിലേക്കും അരിച്ചിറങ്ങിക്കൊള്ളുമെന്നാണ് ഈ സിദ്ധാന്തം. അങ്ങനെയൊന്നു സംഭവിക്കുന്നില്ലെന്നും സംഭവിക്കുന്നത് കമ്പോളത്തിന്റെ സ്വേച്ഛാധിപത്യവും ധനമൂലധനത്തിന്റെ ഊഹക്കച്ചവടവുമാണെന്ന് പ്രബോധനരേഖ വ്യക്തമാക്കുന്നു. കമ്പോളത്തിന്റെ പുതിയ സ്വേച്ഛാധിപത്യം (ന്യൂ ടിറണി) എന്നാണ് പാപ്പ പറഞ്ഞിരിക്കുന്നത്. അസമത്വത്തിന്റെ ഘടനാപരമായ കാരണങ്ങളെയും ഫ്രാന്‍സീസ് മാര്‍പ്പാപ്പ തുറന്നുകാട്ടുന്നുണ്ട്. പണ്ട് "സ്വര്‍ണക്കാളയെ" ആരാധിച്ചപോലെ ഇപ്പോള്‍ പണത്തെ വിഗ്രഹമായി ആരാധിക്കുകയാണ്. എല്ലാം പണം. ഉപഭോഗാര്‍ത്തിയും ലാഭാര്‍ത്തിയും മനുഷ്യനെ ഇല്ലാതാക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അസമത്വവും അനീതിയും നിറഞ്ഞ മുതലാളിത്തത്തിനെതിരായ ഏറ്റവും ശക്തമായ കുറ്റാരോപണമാണ് മാര്‍പ്പാപ്പയുടേത്. അതുകൊണ്ടുതന്നെ ഫ്രാന്‍സീസ് മാര്‍പ്പാപ്പയ്ക്കെതിരെ ആഗോളമുതലാളിത്തത്തിന്റെ സിരാകേന്ദമായ അമേരിക്കയില്‍ വലിയ കോലാഹലമുയര്‍ന്നു. പേരുകേട്ട അമേരിക്കന്‍ റേഡിയോ പ്രഭാഷകന്‍ റുഷ് ലിംബാഗ് പറഞ്ഞത് പോപ്പിന്റെ വായില്‍നിന്നു വന്നത് ശുദ്ധ മാര്‍ക്സിസമാണെന്നാണ്.

ലിബറലി കണ്‍സര്‍വേറ്റീവ് ഡോട്ട് കോമില്‍ വന്ന ഒരു ലേഖനത്തിന്റെ തലക്കെട്ട് പോപ്പ് പുതിയ കമ്യൂണിസ്റ്റ് മാനിഫെസസ്റ്റോ എഴുതുവെന്നായിരുന്നു. അതിന് പോപ്പ് ഒരു ഇറ്റാലിയന്‍ പത്രത്തില്‍ നല്‍കിയ മറുപടി മാര്‍ക്സിസ്റ്റുകാര്‍ക്ക് നന്മചെയ്യാന്‍ കഴിയുമെന്നാണ്. മാര്‍പ്പാപ്പ അതിനിശിതമായി വിമര്‍ശിച്ച സാമ്പത്തികനയമാണ് യുപിഎ സര്‍ക്കാര്‍ ഇന്ത്യയില്‍ ശക്തമായി നടപ്പാക്കുന്നത്. അതുകൊണ്ട് വോട്ടെടുപ്പ് തൊട്ടടുത്ത് എത്തിനില്‍ക്കെ, രാമപുരത്തെ തൊമ്മിച്ചേട്ടന്‍ പറഞ്ഞതുപോലെ എല്ലാവരും മാര്‍പ്പാപ്പയുടെ വാക്കുകള്‍ ഓര്‍ക്കുക. "സുവിശേഷത്തിന്റെ ആനന്ദം" എന്ന തലക്കെട്ടോടെ ആ പ്രബോധനം കേരളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

*
എന്‍ മധു ദേശാഭിമാനി

No comments: