Tuesday, April 15, 2014

മലാപ്പറമ്പ് എയുപി സ്കൂള്‍ സര്‍ക്കാര്‍ നയത്തിന്റെ പ്രതീകം

നൂറ്റിനാല്‍പ്പതോളം വര്‍ഷം ഒരുപ്രദേശത്തെ നിരവധി കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്‍കിയ കോഴിക്കോട് മലാപ്പറമ്പ് എയുപി സ്കൂള്‍ പൊതുവിദ്യാഭ്യാസത്തോടുള്ള സര്‍ക്കാര്‍ സമീപനത്തിന്റെ പ്രതീകമായി മാറുകയാണ്. കേരളത്തില്‍ തെരഞ്ഞെടുപ്പുനടന്ന ഏപ്രില്‍ പത്തിന് രാത്രി ഈ വിദ്യാലയം തകര്‍ക്കപ്പെട്ടു. സ്കൂള്‍ നില്‍ക്കുന്ന സ്ഥലം കോടിക്കണക്കിന് രൂപയ്ക്ക് വിറ്റുകാശാക്കാനുള്ള മാനേജരുടെയും ഭൂമാഫിയകളുടെയും ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. ശക്തമായ ജനകീയ സമ്മര്‍ദമുണ്ടായിട്ടും സ്കൂള്‍ അടച്ചുപൂട്ടാന്‍ മാനേജര്‍ക്കു നല്‍കിയ അനുമതി റദ്ദാക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരിനെയാണ് ഒന്നാംപ്രതിസ്ഥാനത്തു നിര്‍ത്തേണ്ടത്.

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ചരിത്രത്തില്‍ ഈ വിദ്യാലയത്തിന്റെ തകര്‍ച്ച സുപ്രധാന സംഭവമാണ്. ഒട്ടേറെ പ്രശ്നങ്ങള്‍ ഇത് ഉയര്‍ത്തുന്നുണ്ട്. പന്ത്രണ്ടായിരത്തോളം സര്‍ക്കാര്‍- എയ്ഡഡ് വിദ്യാലയങ്ങള്‍ കേരളത്തിലുണ്ട്. ഇവയില്‍ മൂന്നിലൊന്ന് വിദ്യാലയങ്ങള്‍ കുട്ടികളുടെ എണ്ണക്കുറവുമൂലം പ്രതിസന്ധി നേരിടുന്നവയാണ്. ഇക്കൂട്ടത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളും- എയ്ഡഡ് വിദ്യാലയങ്ങളുമുണ്ട്. അനാദായകരമെന്ന് വിശേഷിപ്പിക്കപ്പെട്ട ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതുകൊണ്ട് ഉടമസ്ഥരായ മാനേജ്മെന്റിന് പ്രത്യേക സാമ്പത്തികനേട്ടമൊന്നും ഉണ്ടാകില്ല. അധ്യാപകനിയമനത്തിന്റെ പേരില്‍ വന്‍തുക കോഴവാങ്ങിയ മാനേജ്മെന്റുകള്‍ ഇപ്പോള്‍ അതിനുള്ള സാധ്യത നഷ്ടപ്പെട്ടപ്പോള്‍ എങ്ങനെയെങ്കിലും ബാധ്യതയൊഴിവാക്കാനുള്ള ശ്രമത്തിലാണ്. വിറ്റാല്‍ വലിയ തുക കിട്ടുന്ന പ്രദേശങ്ങളിലാണ് കുട്ടികള്‍ കുറവുള്ള മിക്ക വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നത്. സ്കൂളുകള്‍ അടച്ചുപൂട്ടിയാല്‍ സ്ഥലം വിറ്റുകാശാക്കാം എന്ന മനോഭാവത്തിലാണ് മാനേജ്മെന്റുകളില്‍ ഭൂരിഭാഗവും.

സര്‍ക്കാരിന്റെ നിലപാട് തങ്ങള്‍ക്കനുകൂലമാകുമെന്ന ചിന്തയിലാണ് പല കാരണങ്ങളും പറഞ്ഞ് സ്കൂള്‍ അടച്ചുപൂട്ടാനുള്ള അനുമതിക്കുവേണ്ടി മാനേജ്മെന്റുകള്‍ സര്‍ക്കാരിനെ സമീപിക്കുന്നത്. ആയിരത്തിലധികം അപേക്ഷകള്‍ ഇങ്ങനെ സര്‍ക്കാര്‍ അനുമതിക്കുവേണ്ടി കാത്തുകിടക്കുന്നുണ്ട്. റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി സ്കൂള്‍ കെട്ടിടം പൊളിക്കും, കുട്ടികള്‍ക്ക് പഠിക്കാന്‍ സമീപത്ത് മറ്റുവിദ്യാലയങ്ങളുണ്ട് തുടങ്ങിയ കാരണങ്ങള്‍കാണിച്ച് മലാപ്പറമ്പ് എയുപി സ്കൂള്‍ മാനേജ്മെന്റ് അപേക്ഷിക്കുകയും വളഞ്ഞ വഴികളിലൂടെ&ൃെൂൗീ; അനുമതി നേടിയെടുക്കുകയും ചെയ്തു. ഈ സ്കൂള്‍ മാനേജരുടെ മാതൃക മറ്റുമാനേജുമെന്റുകളും പിന്തുടര്‍ന്നാല്‍ കേരളത്തിലെ അവസ്ഥയെന്താകും? പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനം ഇത്തരുണത്തില്‍ പരിശോധനാവിഷയമാക്കണം.

ഇക്കാര്യത്തില്‍ എല്‍ഡിഎഫ്- യുഡിഎഫ് സര്‍ക്കാരുകളുടെ സമീപനം വ്യത്യസ്തമാണ്. കുട്ടികളുടെ എണ്ണക്കുറവിന്റെപേരില്‍ ഒരുവിദ്യാലയവും അടച്ചുപൂട്ടില്ലെന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ എല്ലാ കാലത്തും സ്വീകരിച്ചത്. മാത്രമല്ല, കുട്ടികള്‍ കുറവുള്ള വിദ്യാലയങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹായത്തോടെ വിവിധങ്ങളായ പദ്ധതികളാണ് ആവിഷ്കരിച്ചത്. എസ്എസ്എ പോലെയുള്ള കേന്ദ്രാവിഷ്കൃതപദ്ധതികളുടെ ഫണ്ട് ഫലപ്രദമായി ഉപയോഗിച്ച് വിദ്യാലയങ്ങളുടെ മുഖച്ഛായതന്നെ മാറ്റിയെടുക്കുകയും ചെയ്തു. എന്നാല്‍, യുഡിഎഫ് സര്‍ക്കാരുകളാകട്ടെ പൊതുവിദ്യാഭ്യാസമേഖലയെ അവഗണിച്ചു. സമാന്തര വിദ്യാഭ്യാസമേഖലയ്ക്ക് എല്ലാവിധ പ്രോത്സാഹനവും നല്‍കി. പൊതുവിദ്യാഭ്യാസ മേഖല ഗുണനിലവാരമില്ലാത്തതാണെന്ന പ്രചാരണം ശക്തിപ്പെടുത്തുന്ന നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അതിന്റെ ഫലമായി സമാന്തര വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തഴച്ചുവളരാനിടയായി. അവയ്ക്കെല്ലാം സര്‍ക്കാര്‍ അനുമതി നല്‍കി. എയ്ഡഡ് വിദ്യാലയങ്ങള്‍ നടത്തുന്നതിനേക്കാള്‍ ലാഭകരം അണ്‍-എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നതാണെന്ന ചിന്താഗതി ശക്തിപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ സേവനമേഖലകളില്‍നിന്ന് പിന്‍വാങ്ങുകയെന്ന നവഉദാര നയങ്ങളുടെ ഫലമായി ഈ മേഖലകളില്‍ നീക്കിവയ്ക്കുന്ന തുക സര്‍ക്കാര്‍ ഗണ്യമായി വെട്ടിക്കുറച്ചു. 2002ല്‍ അനാദായകരമെന്നു മുദ്രകുത്തി 2644 വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനെടുത്ത തീരുമാനം ശക്തമായ ജനകീയസമരത്തെത്തുടര്‍ന്ന് റദ്ദാക്കിയെങ്കിലും യുഡിഎഫ് സര്‍ക്കാരിന്റെ ഉള്ളിലിരിപ്പ് മറ്റൊന്നല്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന എല്ലാ ഘട്ടങ്ങളിലും സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ മാനേജുമെന്റുകള്‍ക്ക് അനുമതി നല്‍കിയ ചരിത്രമാണുള്ളത്. വിദ്യാലയങ്ങള്‍ അടച്ചുപൂട്ടി കോഴിഫാമും കുടില്‍ വ്യവസായകേന്ദ്രവും തുടങ്ങിയ ബഹുമതിയും യുഡിഎഫ് സര്‍ക്കാരുകള്‍ക്കുണ്ട്. അത്തരം സ്ഥലങ്ങളിലൊന്നും സര്‍ക്കാര്‍ നയത്തിനെതിരെ ജനകീയസമരങ്ങള്‍ ഉയര്‍ന്നു വന്നില്ല. എന്നാല്‍, മലാപ്പറമ്പ് ചരിത്രം സൃഷ്ടിക്കുകയാണ്.

 അടുത്ത അധ്യയനവര്‍ഷംമുതല്‍ സ്കൂള്‍ അടച്ചുപൂട്ടാന്‍ മാനേജര്‍ക്ക് അനുമതി ലഭിച്ചത് കഴിഞ്ഞ നവംബറിലാണ്. അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വലിയ പ്രക്ഷോഭമാരംഭിച്ചു. വിവിധ രാഷ്ട്രീയ- സാമൂഹ്യ സംഘടനകള്‍, പൂര്‍വവിദ്യാര്‍ഥികള്‍, അധ്യാപകസംഘടനകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവരെല്ലാം സമരത്തില്‍ അണിചേര്‍ന്നു. നിയമസഭയില്‍ സ്കൂള്‍ അടച്ചുപൂട്ടുന്ന പ്രശ്നം ഉന്നയിക്കപ്പെട്ടു. സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധനയ്ക്ക് വിധേയമാക്കാമെന്ന ഉറപ്പും വിദ്യാഭ്യാസമന്ത്രിയില്‍നിന്ന് ലഭിച്ചു. എന്നാല്‍, നേരത്തെ നല്‍കിയ ഉത്തരവ് റദ്ദാക്കാന്‍ കാലതാമസമുണ്ടായി. പുതിയ വര്‍ഷത്തെ പ്രവേശനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ട ഘട്ടത്തിലാണ് വിദ്യാലയം തകര്‍ക്കപ്പെടുന്നത്. ഒരു നാട്ടിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ ഒന്നിച്ചാവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ സന്ദര്‍ഭോചിതമായി ഇടപെടാത്തത് തീര്‍ച്ചയായും ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ ജനത തയ്യാറെടുക്കുകയാണ്. സ്കൂള്‍ ഇടിച്ചുപൊളിച്ചതറിഞ്ഞ് എത്തിച്ചേര്‍ന്ന ജനങ്ങള്‍ മാനേജരുടെ ധാര്‍ഷ്ട്യത്തിനെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തി. മാനേജരെ അയോഗ്യനാക്കണമെന്നും സ്കൂള്‍ സര്‍ക്കാരേറ്റെടുക്കണമെന്നും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. സ്കൂള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാര്‍ രൂപം നല്‍കി. നാട്ടുകാരുടെ ശ്രമം വിജയത്തിലെത്തണമെങ്കില്‍ സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും അനുകൂലമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്.

*
എ കെ ഉണ്ണിക്കൃഷ്ണന്‍ ( കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍ )

No comments: